സോഷ്യൽ മീഡിയയിലെയും ചാനലുകളിലെയും അശ്ലീലതകളിൽ മക്കൾ മുങ്ങിപ്പോകുമ്പോൾ

പുതിയ തലമുറയോടുള്ള (കുട്ടികളോടുള്ള) ഉത്തരവാദിത്തം വളരെ വലുതാണ്, അവർക്കായി ചെയ്യേണ്ട കടമകളും അത്രതന്നെ അത്യധികമാണ്. അവർ നമ്മുടെ കൈകളിലെ ഒരു വലിയ അമാനത്താണ്. താൻ സംരക്ഷിക്കുന്നവരെയും ആശ്രയിച്ചു കഴിയുന്നവരെയും കുറിച്ച് പരലോകദിനത്തിൽ ഓരോരുത്തരും ചോദ്യം ചെയ്യപ്പെടുന്നതുമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (ഖു൪ആന്‍ :66/6)

عن عبد الله بن عمر رضي الله عنهما قال: سمعت رسول الله صلى الله عليه وسلم يقول : كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ ، الْإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ ، وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ ، وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا وَمَسْئُولَةٌ عَنْ رَعِيَّتِهَا ، وَالْخَادِمُ رَاعٍ فِي مَالِ سَيِّدِهِ وَمَسْئُولٌ عَنْ رَعِيَّتِهِ ، وَالرَّجُلُ رَاعٍ فِي مَالِ أَبِيهِ وَمَسْئُولٌ عَنْ رَعِيَّتِهِ ، وَكُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ.

അബ്ദുല്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്, തങ്ങളുടെ ഭരണീയരെ സംബന്ധിച്ച് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇമാം ഭരണകര്‍ത്താവാണ്, അദ്ദേഹം തന്റെ ഭരണീയരെ സംബന്ധിച്ച് ചോദ്യം ചെയ്യപ്പെടും. പുരുഷൻ തന്റെ കുടുംബത്തിന്റെ നാഥനാണ്, അവൻ തന്റെ കുടുംബത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും. സ്ത്രീ തന്റെ ഭർത്താവിന്റെ വീടിന്റെ ചുമതലയുള്ളവളാണ്, അവൾ തന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും. വേലക്കാരൻ തന്റെ യജമാനന്റെ സ്വത്തിന്റെ കാവൽക്കാരനാണ്. അവൻ ആ സ്വത്തിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും. മകൻ തന്റെ പിതാവിന്റെ സ്വത്തിന്റെ സൂക്ഷിപ്പുകാരനാണ്, അവൻ അതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും. ചുരുക്കത്തിൽ, നിങ്ങളെല്ലാവരും ഓരോ തരത്തിൽ ഭരണകര്‍ത്താക്കളാണ് (ഉത്തരവാദിത്തമുള്ളവരാണ്); നിങ്ങളെല്ലാവരും തങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. [رواه البخاري (893) ، ومسلم (1829) .]

عن أنس رضي الله عنه : عن النبي صلى الله عليه وسلم قال :إِنَّ اللَّهَ سَائِلٌ كُلَّ رَاعٍ عَمَّا اسْتَرْعَاهُ حَفِظَ ذَلِكَ أَمْ ضَيَّعَ ؟ حَتَّى يَسْأَلَ الرَّجُلَ عَنْ أَهْلِ بَيْتِهِ.

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും അല്ലാഹു, ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട ഓരോ ഭരണകര്‍ത്താക്കളോടും താൻ സംരക്ഷിക്കേണ്ടിയിരുന്ന കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുക തന്നെ ചെയ്യും; അവൻ അത് കൃത്യമായി കാത്തുസൂക്ഷിച്ചുവോ അതോ പാഴാക്കിക്കളഞ്ഞുവോ എന്ന് (അവൻ ചോദിക്കും). ഒടുവിൽ, ഒരു പുരുഷനോട് അവന്റെ വീട്ടുകാരെക്കുറിച്ച് (ഭാര്യ മക്കളെക്കുറിച്ച്) വരെ അല്ലാഹു ചോദ്യം ചെയ്യുന്നതാണ്. [رواه النسائي في (الكبرى) (9174) ، وابن حبان في (صحيحه) (4492) ، وحسنه الألباني رحمه الله في (صحيح الجامع) (1774) ]

عن معقل بن يسار رضي الله عنه قال : سمعت رسول الله صلى الله عليه وسلم يقول : مَا مِنْ عَبْدٍ يَسْتَرْعِيهِ اللَّهُ رَعِيَّةً ، يَمُوتُ يَوْمَ يَمُوتُ وَهُوَ غَاشٌّ لِرَعِيَّتِهِ إِلَّا حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ.

മഅ്ഖൽ ബ്നു യസാർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു:അല്ലാഹു ഏതെങ്കിലും ഒരു അടിമയെ ചില ആളുകളുടെ (പ്രജകളുടെയോ ആശ്രിതരുടെയോ) ചുമതല ഏൽപ്പിക്കുകയും, അവൻ മരിക്കുന്ന ദിവസം തന്റെ കീഴിലുള്ളവരോട് വഞ്ചന കാണിച്ചവനായിക്കൊണ്ട് മരണപ്പെടുകയും ചെയ്താൽ, അല്ലാഹു അവന്റെ മേൽ സ്വർഗ്ഗം ഹറാമാക്കാതിരിക്കില്ല. [رواه البخاري (7151) ، ومسلم (142)]

തിന്മകൾ പെരുകുകയും ഫിത്‌നകൾ (കുഴപ്പങ്ങളും പരീക്ഷണങ്ങളും) കൊടുംപിരിക്കൊള്ളുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഈ കുഴപ്പങ്ങളുടെ ആധിക്യം കാരണം, പുതിയതായി ഉണ്ടാകുന്ന കുഴപ്പങ്ങൾ മുമ്പുണ്ടായവയെ നിസ്സാരമാക്കിക്കളയുന്നു. ഒന്നിനുപിറകെ ഒന്നായി വരുന്ന വലിയ കുഴപ്പങ്ങൾ കാണുമ്പോൾ തൊട്ടുമുമ്പത്തെ കുഴപ്പം എത്രയോ ചെറുതായിരുന്നു എന്ന് മനുഷ്യർക്ക് തോന്നിപ്പോകുന്നു. നബി ﷺ യുടെ വചനത്തെ അന്വർത്ഥമാക്കുന്നതാണ്  നാം കാണുന്ന ഈ അവസ്ഥ.

وَإِنَّ أُمَّتَكُمْ هَذِهِ جُعِلَ عَافِيَتُهَا فِي أَوَّلِهَا وَسَيُصِيبُ آخِرَهَا بَلاَءٌ وَأُمُورٌ تُنْكِرُونَهَا وَتَجِيءُ فِتْنَةٌ فَيُرَقِّقُ بَعْضُهَا بَعْضًا وَتَجِيءُ الْفِتْنَةُ فَيَقُولُ الْمُؤْمِنُ هَذِهِ مُهْلِكَتِي ‏.‏ ثُمَّ تَنْكَشِفُ وَتَجِيءُ الْفِتْنَةُ فَيَقُولُ الْمُؤْمِنُ هَذِهِ هَذِهِ ‏.‏ فَمَنْ أَحَبَّ أَنْ يُزَحْزَحَ عَنِ النَّارِ وَيَدْخُلَ الْجَنَّةَ فَلْتَأْتِهِ مَنِيَّتُهُ وَهُوَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ

തീർച്ചയായും നിങ്ങളുടെ ഈ സമുദായത്തിന്റെ സുരക്ഷിതത്വവും നന്മയും നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അതിന്റെ ആദ്യകാലങ്ങളിലാണ്. എന്നാൽ അതിന്റെ അവസാനകാലത്ത് കടുത്ത പരീക്ഷണങ്ങളും നിങ്ങൾ വെറുക്കുന്ന പല കാര്യങ്ങളും വന്നുഭവിക്കും. തുടർന്ന് കുഴപ്പങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരിക്കും; അവയിൽ ഒന്നിന്റെ കാഠിന്യം കാരണം മറ്റൊന്ന് നിസ്സാരമായി തോന്നും (പുതിയ കുഴപ്പം വരുമ്പോൾ പഴയത് എത്രയോ ഭേദമായിരുന്നു എന്ന് തോന്നും). അങ്ങനെ ഒരു കുഴപ്പം വരുമ്പോൾ വിശ്വാസി പറയും: ‘ഇതാ, ഇതാണ് എന്നെ നശിപ്പിക്കാൻ പോകുന്നത്!’ പിന്നീട് അത് നീങ്ങിപ്പോകും. ശേഷം മറ്റൊരു കുഴപ്പം വരുമ്പോൾ വിശ്വാസി പറയും: ‘ഇത് തന്നെ, ഇത് തന്നെയാണ് എന്റെ നാശം!’  അതിനാൽ, നരകത്തിൽ നിന്ന് അകറ്റിനിർത്തപ്പെടാനും സ്വർഗ്ഗത്തിൽ പ്രവേശിക്കാനും ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവനായിക്കൊണ്ടായിരിക്കട്ടെ അവന് മരണം  വന്നെത്തുന്നത്. (മുസ്ലിം:1844)

അല്ലാഹുവിന്റെയും അവന്റെ ദീനിന്റെയും സത്യവിശ്വാസികളായ അവന്റെ ദാസന്മാരുടെയും ശത്രുക്കളായ സത്യനിഷേധികളുടെ കുതന്ത്രങ്ങൾ ഈ കാലഘട്ടത്തിൽ വല്ലാതെ വർദ്ധിച്ചിരിക്കുകയാണ്. മുസ്‌ലിംകളുടെ നാടുകളെ ലക്ഷ്യമിട്ടുകൊണ്ട്, അവരുടെ ദീനിനെ ഇളക്കിപ്രതിഷ്ഠിക്കാനും അവരുടെ ഈമാനെ (വിശ്വാസത്തെ) തകര്‍ക്കാനും അവർ ലക്ഷ്യമിടുന്നു. മുസ്‌ലിംകളുടെ ധാർമ്മികത തകർക്കാനും അവരുടെ സ്വഭാവചര്യകളെ ദുഷിപ്പിക്കാനും, അവർക്കിടയിൽ അശ്ലീലതയും തിന്മകളും പ്രചരിപ്പിക്കാനും, അവരെ ഇസ്‌ലാമിന്റെ തണലിൽ നിന്ന് പുറത്താക്കാനുമാണ് അവർ ശ്രമിക്കുന്നത്. അവർ ആഗ്രഹിക്കുന്ന ഒരു ലക്ഷ്യത്തിലും അല്ലാഹു അവരെ എത്തിക്കാതിരിക്കട്ടെ!

തങ്ങളുടെ പക്കലുള്ള വിഷപ്പുകകൾ പരത്താനും, തങ്ങളുടെ കുഫ്റും (അവിശ്വാസം) നിരീശ്വരവാദവും അശ്ലീലതയും എടുത്തു കാട്ടാനുമായി മുൻകാലങ്ങളിൽ യുവാക്കളുടെ ചിന്തകളിലേക്കും വളർന്നുവരുന്ന തലമുറയുടെ ബുദ്ധിയിലേക്കും എത്തിച്ചേരാൻ ശത്രുക്കൾക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല; അവരുടെ ആശയങ്ങളെ ഇപ്പോൾ കാറ്റാണ് ചുമലിലേറ്റുന്നത്! അത് വെറുമൊരു കാറ്റല്ല, വിനാശകരമായ കൊടുങ്കാറ്റുകളാണ്. മൂല്യങ്ങളെയും തത്വങ്ങളെയും തച്ചുതകർക്കുന്ന, മതങ്ങളെയും ധാർമ്മികതയെയും നശിപ്പിക്കുന്ന, സദ്ഗുണങ്ങളുടെയും നന്മകളുടെയും വേരുകളെ പിഴുതെറിയുന്ന, സത്യത്തിന്റെയും ദൃഢവിശ്വാസത്തിന്റെയും അടിത്തറകളെ ഇല്ലാതാക്കുന്ന അതിശക്തമായ പ്രളയക്കാറ്റുകളാണവ.

സോഷ്യൽ മീഡിയയിലൂടെയും ചില സാറ്റലൈറ്റ് ചാനലുകളിലൂടെയും  അല്ലാഹുവിന്റെ ദീനിന്റെ ശത്രുക്കൾക്ക് മനുഷ്യരുടെ ബുദ്ധിയിലേക്കും ചിന്തകളിലേക്കും കടന്നുചെല്ലാൻ സാധിച്ചിരിക്കുന്നു. തങ്ങളുടെ ദുർഗന്ധവും വിഷവും പേറിക്കൊണ്ട് അവരിന്ന് വീടുകളിലേക്കും കിടപ്പുമുറികളിലേക്കും വരെ അതിക്രമിച്ചു കയറിയിരിക്കുകയാണ്. അവർ തങ്ങളുടെ കുഫ്റും നിരീശ്വരവാദവും അശ്ലീലതയും അതിലൂടെ അടിച്ചേൽപ്പിക്കുന്നു. വ്യാജ ദൃശ്യങ്ങളിലൂടെയും അധാർമ്മികതയുടെ പാഠശാലകളിലൂടെയും തങ്ങളുടെ മ്ലേച്ഛതകളും നീചവൃത്തികളും പാപങ്ങളും അവർ പ്രചരിപ്പിക്കുന്നു. ഇത് സ്ത്രീകളുടെയും യുവാക്കളുടെയും മനസ്സുകളിൽ വഴിവിട്ട പ്രണയത്തോടും തിന്മകളോടും മദ്യത്തോടുമുള്ള താല്പര്യം പതിപ്പിച്ചു വെക്കുന്നു.

യഥാർത്ഥത്തിൽ, ഇവ ദുർബലമായ ഹൃദയങ്ങളെയും അശ്രദ്ധരായ മനസ്സുകളെയും കുടുക്കി ഇരപിടിക്കാൻ ശത്രുക്കൾ ഒരുക്കിവെച്ചിട്ടുള്ള വലിയൊരു കെണിയും വലയുമാണ്! അത് അവരുടെ അഖീദയെ (വിശ്വാസത്തെ) ദുഷിപ്പിക്കുകയും, അവരുടെ ധാർമ്മികതയെ വഴിതിരിച്ചുവിടുകയും, അവരെ കടുത്ത പരീക്ഷണങ്ങളിൽ ചെന്ന് ചാടിക്കുകയും ചെയ്യുന്നു. ജനങ്ങളെ അവരുടെ സ്വന്തം വീടുകളുടെ ഉള്ളറകളിൽ വെച്ചുതന്നെ ആക്രമിക്കുന്ന, തിന്മയും നാശവും നിറഞ്ഞ, ഈ ഫിത്‌നയേക്കാൾ കഠിനമായി മറ്റൊന്നുമില്ല തന്നെ.

ഏറ്റവും നിർഭാഗ്യകരം എന്ന് പറയട്ടെ! ഹൃദയത്തിൽ കടുത്ത ദുഃഖവും വേദനയും നിറയ്ക്കുന്ന ഒരു കാര്യമെന്തെന്നാൽ, മുസ്‌ലിംകളുടെ മക്കളിലും പെൺമക്കളിലും പെട്ട വലിയൊരു വിഭാഗം ഈ വിനാശകരമായ സ്ക്രീനുകൾക്ക്  മുന്നിൽ നീണ്ട മണിക്കൂറുകളും വിലപ്പെട്ട സമയങ്ങളും ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ്. അവർ ഈ ആളുകൾ പറയുന്നത് അതീവ ശ്രദ്ധയോടെ കേൾക്കുകയും, അവർ പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങളിലേക്ക് കണ്ണുനട്ടിരിക്കുകയും, അവർ നൽകുന്ന വിഭവങ്ങളെ തങ്ങളുടെ ശരീരവും മനസ്സും പൂർണ്ണമായി അർപ്പിച്ചുകൊണ്ട് സ്വീകരിക്കുകയും ചെയ്യുന്നു. ദിവസങ്ങൾ കടന്നുപോകുന്നതോടെ, ആ ദുഷിച്ച ചിന്തകൾ അവരുടെ മനസ്സുകളിലേക്ക് പിച്ചവെച്ചു കയറുകയും, വിനാശകരമായ തത്വങ്ങൾ അവരിൽ ആഴത്തിൽ വേരോടുകയും, അവരുടെ ബുദ്ധിയെയും ആശയങ്ങളെയും അത് വശീകരിക്കുകയും ചെയ്യുന്നു. അങ്ങനെ, ശത്രുക്കൾ എന്താണോ ആഗ്രഹിച്ചത്, അത് ആ മുസ്‌ലിം മക്കളിലൂടെ യാഥാർത്ഥ്യമായിത്തീരുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:

فَلَا تُطِعِ ٱلْمُكَذِّبِينَ ‎﴿٨﴾‏ وَدُّوا۟ لَوْ تُدْهِنُ فَيُدْهِنُونَ ‎﴿٩﴾

അതിനാല്‍ സത്യനിഷേധികളെ നീ അനുസരിക്കരുത്‌? നീ വഴങ്ങികൊടുത്തിരുന്നെങ്കില്‍ അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു എന്നവര്‍ ആഗ്രഹിക്കുന്നു. (ഖു൪ആന്‍:68/8-9)

وَدُّوا۟ لَوْ تَكْفُرُونَ كَمَا كَفَرُوا۟ فَتَكُونُونَ سَوَآءً ۖ

അവര്‍ അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര്‍ കൊതിക്കുന്നത്‌. (ഖു൪ആന്‍:4/89)

وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَٰنِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ

നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്‌.)  (ഖു൪ആന്‍:2/109)

وَدَّت طَّآئِفَةٌ مِّنْ أَهْلِ ٱلْكِتَٰبِ لَوْ يُضِلُّونَكُمْ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ

വേദക്കാരില്‍ ഒരു വിഭാഗം, നിങ്ങളെ വഴിതെറ്റിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അവര്‍ വഴിതെറ്റിക്കുന്നത് അവരെത്തന്നെയാണ്‌. അവരത് മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:3/69)

ഇത്തരം ചാനലുകളും മീഡിയകളും സംപ്രേഷണം ചെയ്യുന്ന കാര്യങ്ങൾ കാണുന്നതിലൂടെ ഒരാൾക്ക് വന്നുഭവിക്കുന്ന ദോഷങ്ങളെയും അപകടങ്ങളെയും കുറിച്ച് ആരെങ്കിലും ചിന്തിച്ചു നോക്കുകയാണെങ്കിൽ, അവ എണ്ണിയാൽ തീരാത്തത്രയും വിവരിച്ചാൽ ഒടുങ്ങാത്തത്രയും അത്യധികമാണെന്ന് കണ്ടെത്താൻ കഴിയും. വിശ്വാസപരമായ ദോഷങ്ങൾ, സാമൂഹിക ദോഷങ്ങൾ, ധാർമ്മിക ദോഷങ്ങൾ, ചിന്താപരവും മനശാസ്ത്രപരവുമായ ദോഷങ്ങൾ എന്നിവയൊക്കെ അതിലുൾപ്പെടുന്നു. അതിൽ വിശ്വാസപരമായ ദോഷങ്ങളിൽ പെട്ടതാണ് മുസ്‌ലിംകളുടെ വിശ്വാസങ്ങളെ ഉലയ്ക്കലും അതിൽ സംശയങ്ങൾ ജനിപ്പിക്കലും; ഇതുവഴി ഒരു മുസ്‌ലിം വല്ലാത്തൊരു ആശയക്കുഴപ്പത്തിലും അസ്വസ്ഥതയിലും സംശയത്തിലും ജീവിക്കേണ്ടി വരുന്നു. കൂടാതെ, ‘അൽ-വലാഅ് വൽ-ബറാഅ്’ (അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹവും ശത്രുതയും) എന്ന വിശ്വാസത്തിന്റെ അടിത്തറയെ അത് ദുർബലപ്പെടുത്തുന്നു; ഫലമായി, അല്ലാഹുവിനെയും അവന്റെ ദീനിനെയും മുസ്‌ലിംകളെയും സ്നേഹിക്കുന്നതിൽ നിന്ന് ഒരു മുസ്‌ലിമിന്റെ മനസ്സ് മാറിപ്പോവുകയും, അതിനുപകരം ബാത്വിലിന്റെ (വ്യാജത്തിന്റെ) നേതാക്കളെയും, കുഴപ്പങ്ങളുടെ പ്രതീകങ്ങളെയും, അശ്ലീലതയുടെ പ്രചാരകരെയും സ്നേഹിക്കാൻ അവൻ പ്രേരിതനാവുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമെ, മറ്റ് അവിശ്വാസികളെയും അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും സംസ്‌കാരങ്ങളിലും ആഘോഷങ്ങളിലും മറ്റ് എല്ലാ കാര്യങ്ങളിലും അന്ധമായി അനുകരിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങളും ഇതിലൂടെ നടക്കുന്നു.

ഇത്തരം പാപപങ്കിലമായ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന സാമൂഹികവും ധാർമ്മികവുമായ ദോഷങ്ങളിൽ പെട്ടതാണ് കുറ്റകൃത്യങ്ങളിലേക്കുള്ള ആഹ്വാനം.  കൂടാതെ മോഷണം, വഞ്ചന, തുടങ്ങി പല തിൻമഖലും ഇത് പഠിപ്പിച്ചു കൊടുക്കുന്നു.അതോടൊപ്പം, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വഴിവിട്ട ഇടകലരൽ, അന്യപുരുഷന്മാർക്ക് മുന്നിൽ സൗന്ദര്യം വെളിപ്പെടുത്തൽ, നഗ്നതാപ്രദർശനം, പുരുഷന്മാർ സ്ത്രീകളെപ്പോലെയും സ്ത്രീകൾ പുരുഷന്മാരെപ്പോലെയും വേഷം കെട്ടൽ എന്നിവയിലേക്കും ഇത് വഴിതുറക്കുന്നു. അശ്ലീലതയും അധാർമ്മികതയും പരക്കുവാനായി വഴിവിട്ട ലൈംഗിക ബന്ധങ്ങൾ സ്ഥാപിക്കാനുള്ള പ്രേരണയും ഇതിലൂടെ നൽകപ്പെടുന്നു.

ഇതിനെല്ലാം പുറമെ, ക്രൂരതയും രക്തച്ചൊരിച്ചിലും വെടിയുണ്ടകളും ആയുധങ്ങളും കുറ്റകൃത്യങ്ങളും നിറഞ്ഞ സിനിമകൾ സ്ഥിരമായി കാണുന്നത് വഴി മനുഷ്യ മനസ്സുകളിൽ അക്രമവാസനയും ശത്രുതയും രൂപപ്പെടുന്നു. ഇത്തരം ദൃശ്യങ്ങൾ കാണുന്നത് വഴി ഇസ്‌ലാമിന്റെ തൂണുകളിൽ പ്രധാനപ്പെട്ടതായ അഞ്ചുനേരത്തെ നമസ്കാരം ഉൾപ്പെടെയുള്ള അനിവാര്യമായ കടമകളും ബാധ്യതകളും ആരാധനകളും പാഴാക്കിക്കളയാനും അവഗണിച്ചുകളയാനും ഇത് കാരണമാകുന്നു എന്ന കാര്യം പറയേണ്ടതില്ലല്ലോ. എണ്ണിക്കൂട്ടുവാൻ പ്രയാസമുള്ളതും വിവരിക്കാൻ ഏറെ സമയമെടുക്കുന്നതുമായ മറ്റ് അനവധി ദോഷങ്ങളിലും അപകടങ്ങളിൽ പെട്ട ചിലത് മാത്രമാണിത്.

إِنَّهُمْ يَكِيدُونَ كَيْدًا ‎﴿١٥﴾‏ وَأَكِيدُ كَيْدًا ‎﴿١٦﴾‏ فَمَهِّلِ ٱلْكَٰفِرِينَ أَمْهِلْهُمْ رُوَيْدَۢا ‎﴿١٧﴾‏

തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും. ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും. ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക. (ഖു൪ആന്‍:86/15-17)

ഇതൊക്കെയാണ് അവർ ചെയ്തുകൂട്ടുന്ന ചില കാര്യങ്ങളും അവർ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളും. എങ്കിൽ, ഇതിനെതിരെയെല്ലാം നമ്മുടെ മേലുള്ള ബാധ്യത എന്താണ്? അവരുടെ ചതിക്കുഴികൾക്ക് കാതോർക്കലും, അവരുടെ തിന്മകളിലേക്ക് ചായൽ കാണിക്കലും, അവരുടെ അസത്യങ്ങൾ ശ്രവിച്ചിരിക്കലും ഒരു മുസ്‌ലിമിന് അനുയോജ്യമാണോ? ഇക്കൂട്ടർ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ കാണാനും അവർ സംപ്രേഷണം ചെയ്യുന്നത് കേൾക്കാനുമായി തനിക്കും തന്റെ മക്കൾക്കും മുന്നിൽ വഴിതുറന്നു കൊടുക്കാൻ ഒരു മുസ്‌ലിം തൃപ്തിപ്പെടുന്നത് നീതിയാണോ? തനിക്ക് തന്നെ അധഃപതനവും, തന്റെ കുടുംബത്തിനും അപമാനവും നാണക്കേടും കടുത്ത വിപത്തും വരുത്തിവെക്കാൻ ഒരു മുസ്‌ലിം സ്വയം സമ്മതിച്ചു കൊടുക്കാമോ?

തീർച്ചയായും അല്ലാഹു തന്റെ ദാസന്മാരെ സത്യനിഷേധികളെ അനുകരിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവരുടെ തിന്മയുടെ വലിപ്പവും, അപകടത്തിന്റെ കാഠിന്യവും, അവരുടെ കുതന്ത്രങ്ങളുടെയും ചതികളുടെയും ഭീകരതയും അവൻ വ്യക്തമാക്കിയിട്ടുമുണ്ട്. അതോടൊപ്പം, തന്റെ ദാസന്മാർക്ക് അവൻ നേരായ വഴികൾ കാണിച്ചുതരികയും ചെയ്തു; ആ വഴി ആര് സ്വീകരിക്കുന്നുവോ അവൻ രക്ഷപ്പെട്ടു, അതിലൂടെ ആര് സഞ്ചരിക്കുന്നുവോ അവൻ നേർവഴിയിലായി. അല്ലാഹുവിന്റെ ദീനിലേക്ക് ആത്മാർത്ഥമായി മടങ്ങുക, അവന്റെ പാശ്വത്തെ  പൂർണ്ണമായി മുറുകെപ്പിടിക്കുക, അല്ലാഹുവിന്റെ റസൂൽ ﷺ കാണിച്ചുതന്ന മാതൃകയിലൂടെ ദൃഢമായി മുന്നോട്ട് പോവുക, മരണം വരെ ഇതിലെല്ലാം ക്ഷമയോടെ നിലകൊള്ളുക എന്നിവയാണത്.

وَإِن تَصْبِرُوا۟ وَتَتَّقُوا۟ لَا يَضُرُّكُمْ كَيْدُهُمْ شَيْـًٔا ۗ إِنَّ ٱللَّهَ بِمَا يَعْمَلُونَ مُحِيطٌ

നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു.. (ഖു൪ആന്‍:3/120)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *