الحمد لله، الحمد لله الملك القدوس السلام، فرض على المسلمين حج بيته الحرام، وجعله ركناً من أركان دين الإسلام. وأشهد أن لا إله إلا الله الملك العلام، وأشهد أن نبينا وسيدنا محمداً عبده ورسوله خير الأنام، عليه وعلى آله وصحبه وأتباعه أفضل الصلاة وأتم السلام.
സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. രാജാധിരാജനും പരിശുദ്ധനും (എല്ലാ ന്യൂനതകളിൽ നിന്നും) സുരക്ഷിതനായവനുമായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. മുസ്ലീങ്ങൾക്ക് തന്റെ പവിത്രമായ ഭവനത്തിലേക്കുള്ള ഹജ്ജ് കർമ്മം നിർബന്ധമാക്കുകയും, അതിനെ ഇസ്ലാം മതത്തിന്റെ നെടുംതൂണുകളിൽ ഒന്നാക്കുകയും ചെയ്തവനാണവൻ. (*) സർവ്വജ്ഞനും രാജാധിരാജനുമായ അല്ലാഹു അല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നമ്മുടെ പ്രവാചകനും നേതാവുമായ മുഹമ്മദ് നബി ﷺ അവന്റെ ദാസനും സൃഷ്ടികളിൽ ഏറ്റവും ഉത്തമനായ റസൂലുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുചരന്മാർക്കും അദ്ദേഹത്തെ പിന്തുടരുന്നവർക്കും ഏറ്റവും ശ്രേഷ്ഠമായ അനുഗ്രഹങ്ങളും പൂർണ്ണമായ സമാധാനവും ഉണ്ടാകട്ടെ.
(*)ഈമാനിന്റെ വർദ്ധനവിന് ഹജ്ജ് എന്ന് ആരാധന സഹായകരമാണ്. ഹജ്ജിലൂടെ ഒരാൾ തന്റെ റബ്ബിനെ മനസ്സിലാക്കുന്നു. ജീവിതലക്ഷ്യം തിരിച്ചറിയുന്നു. നബി ﷺയുടെ സുന്നത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു. സ്വന്തത്തെ വിമലീകരിക്കുന്നു. പാപം പൊറുക്കപ്പെടുന്നു.
തുടർന്ന്:
ഹേ മനുഷ്യരേ, നിങ്ങൾ അല്ലാഹുവെ തഖ്‌വ പുലർത്തുക (ഭയപ്പെടുക). അതിലാണ് പരലോകത്തിൽ ഒരു ദാസന്റെ രക്ഷയുള്ളത്.(*) അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ ۚ إِنَّ زَلْزَلَةَ ٱلسَّاعَةِ شَىْءٌ عَظِيمٌ ﴿١﴾ يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّآ أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى ٱلنَّاسَ سُكَٰرَىٰ وَمَا هُم بِسُكَٰرَىٰ وَلَٰكِنَّ عَذَابَ ٱللَّهِ شَدِيدٌ ﴿٢﴾
മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്‍റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ത്ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല. പക്ഷെ, അല്ലാഹുവിന്‍റെ ശിക്ഷ കഠിനമാകുന്നു. (ഖു൪ആന്‍ :22/1-2)
(*) അല്ലാഹുവിന്‍റെ വിധിവിലക്കുകളും, നിയമനിര്‍ദ്ദേശങ്ങളും അനുസരിക്കുകവഴി അവനോടു ഭയഭക്തി ഉണ്ടായിരിക്കുക എന്നാണ് ‘തഖ്‌വ’ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
قال طلق ابن حبيب رحمه الله: أن تعمل بطاعة الله، على نورٍ من الله، ترجو ثواب الله، وأن تترك معصية الله على، نورٍ من الله، تخاف عقاب الله
ത്വല്‍ഖു ബ്നു ഹബീബ് رحمه الله പറഞ്ഞു: അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് അല്ലാഹുവിനെ അനുസരിച്ച് ജീവിക്കലാണ് (തഖ്‌വ). അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് അല്ലാഹു വിരോധിച്ച കാര്യം വെടിയലാണ് (തഖ്‌വ). (മുസ്വന്നഫ് ഇബ്നു അബീശൈബ)
തഖ്‌വയിലാണ് പരലോകത്തിൽ ഒരു ദാസന്റെ രക്ഷയുള്ളത്. അതായത് അവന്റെ സ്വര്‍ഗ പ്രവേശനവും നരകത്തിൽ നിന്നുള്ള മോചനവും. അല്ലാഹു പറഞ്ഞതുപോലെ:
تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَنْ كَانَ تَقِيًّا
നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര് തഖ്‌വ പാലിക്കുന്നവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തി കൊടുക്കുന്ന സ്വര്‍ഗ്ഗമത്രെ അത്. (ഖു൪ആന്‍:19/63)
يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَٰنِ وَفْدًا
തഖ്‌വയുള്ളവരെ വിശിഷ്ടാതിഥികള്‍ എന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്തേക്ക് നാം വിളിച്ചുകൂട്ടുന്ന ദിവസം. (ഖു൪ആന്‍:19/85)
وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا ﴿٧١﴾ ثُمَّ نُنَجِّى ٱلَّذِينَ ٱتَّقَوا۟ وَّنَذَرُ ٱلظَّٰلِمِينَ فِيهَا جِثِيًّا ﴿٧٢﴾
അതിനടുത്ത് (നരകത്തിനടുത്ത്) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്‍റെ രക്ഷിതാവിന്‍റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്. പിന്നീട് തഖ്‌വ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട് നാം അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍:19/71-72)
പുണ്യകർമ്മങ്ങൾ പ്രവർത്തിച്ചുകൊണ്ടും പാപങ്ങളും തിന്മകളും വെടിഞ്ഞുകൊണ്ടും പരലോകദിനത്തിനായി ഒരുങ്ങുക എന്നത് അല്ലാഹുവിൽ തഖ്‌വയുള്ളതിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു:
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّهُۥ يُحْىِ ٱلْمَوْتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴿٦﴾ وَأَنَّ ٱلسَّاعَةَ ءَاتِيَةٌ لَّا رَيْبَ فِيهَا وَأَنَّ ٱللَّهَ يَبْعَثُ مَن فِى ٱلْقُبُورِ ﴿٧﴾
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്. അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും. (ഖു൪ആന്‍ :22/6)
പരലോകത്തേക്കുള്ള ഏറ്റവും വലിയ തയ്യാറെടുപ്പ് എന്നത് തൗഹീദിലൂടെയും (അല്ലാഹുവിന്റെ ഏകത്വം) അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലൂടെയും അവനല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് ഉപേക്ഷിക്കുന്നതിലൂടെയുമാണ്. തനിക്ക് ഒരു ഉപദ്രവവും ഉപകാരവും ചെയ്യാൻ കഴിയാത്തവയെ അല്ലാഹുവിന് പുറമെ ഒരാൾ എങ്ങനെയാണ് വിളിച്ചു പ്രാർത്ഥിക്കുക? അത് തന്നെയാണ് വിദൂരമായ വഴികേട്. ഉപകാരത്തേക്കാൾ ഉപദ്രവം കൂടുതൽ അടുത്തുള്ളവനെയത്രെ അവൻ വിളിച്ചു പ്രാർത്ഥിക്കുന്നത്. എത്ര മോശമായ സഹായി! എത്ര മോശമായ കൂട്ടുകാരൻ!(*) അല്ലാഹു പറയുന്നു:
وَمَن يُشْرِكْ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخْطَفُهُ ٱلطَّيْرُ أَوْ تَهْوِى بِهِ ٱلرِّيحُ فِى مَكَانٍ سَحِيقٍ
അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു. (ഖു൪ആന്‍ :22/31)
(*)അല്ലാഹു പറഞ്ഞതുപോലെ:
يَدْعُوا۟ مِن دُونِ ٱللَّهِ مَا لَا يَضُرُّهُۥ وَمَا لَا يَنفَعُهُۥ ۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلْبَعِيدُ ﴿١٢﴾ يَدْعُوا۟ لَمَن ضَرُّهُۥٓ أَقْرَبُ مِن نَّفْعِهِۦ ۚ لَبِئْسَ ٱلْمَوْلَىٰ وَلَبِئْسَ ٱلْعَشِيرُ ﴿١٣﴾
അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. അതു തന്നെയാണ് വിദൂരമായ വഴികേട്. ഏതൊരുത്തനെക്കൊണ്ടുള്ള ഉപദ്രവം അവനെക്കൊണ്ടുള്ള ഉപകാരത്തേക്കാള്‍ അടുത്ത് നില്‍ക്കുന്നുവോ അങ്ങനെയുള്ളവനെത്തന്നെ അവന്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. അവന്‍ എത്ര ചീത്ത സഹായി! എത്ര ചീത്ത കൂട്ടുകാരന്‍! (ഖു൪ആന്‍ :22/12-13)
സത്യവിശ്വാസികളുടെ അടയാളം അല്ലാഹുവിനോടുള്ള തൗഹീദ് ആകുന്നു. പരിശുദ്ധനായ അല്ലാഹു പറയുന്നു:
فَإِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَلَهُۥٓ أَسْلِمُوا۟ ۗ وَبَشِّرِ ٱلْمُخْبِتِينَ ﴿٣٤﴾ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَٱلصَّٰبِرِينَ عَلَىٰ مَآ أَصَابَهُمْ وَٱلْمُقِيمِى ٱلصَّلَوٰةِ وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ﴿٣٥﴾
നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ അവന്നു മാത്രം നിങ്ങള്‍ കീഴ്പെടുക. (നബിയേ,) വിനീതര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവ് ചെയ്യുന്നവരുമത്രെ അവര്‍. (ഖു൪ആന്‍ :22/34-35)
ഇവയാണ് ഇസ്ലാം മതത്തിന്റെ സ്തംഭങ്ങൾ: തൗഹീദ്, അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ റസൂലാണെന്നുമുള്ള സാക്ഷ്യം വഹിക്കൽ, നമസ്കാരം നിലനിർത്തൽ, സക്കാത്ത് നൽകൽ, റമദാൻ നോമ്പ് അനുഷ്ഠിക്കൽ, അല്ലാഹുവിന്റെ പവിത്രമായ ഭവനത്തിലേക്ക് (കഅബയിലേക്ക്) ഹജ്ജ് ചെയ്യൽ എന്നിവയാണവ.(*)
(*)ഹജ്ജ് തൗഹീദ് സ്ഥാപിക്കുന്ന അതി മഹത്തായ ആരാധനയാണ്
അല്ലാഹുവെ ഭയപ്പെടാനുള്ള ഉപദേശത്തോട് ചേര്‍ത്ത്, പ്രതാപശാലിയും മഹാനുമായ അവൻ പറയുന്നത് കാണുക:
وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ
തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. (ഖുര്‍ആൻ:55/46)
അല്ലാഹുവിനെ അനുസരിക്കുന്നതിലുള്ള ക്ഷമയും വേദനാജനകമായ പരീക്ഷണങ്ങളിലുള്ള ക്ഷമയും ആവശ്യമാണ്. അല്ലാഹു പറയുന്നു:
إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ
ക്ഷമാശീലര്‍ക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്. (ഖു൪ആന്‍:39/10)
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് അവനോട് നന്ദി കാണിക്കണം. പ്രതാപശാലിയും മഹാനുമായ അവൻ പറയുന്നു:
كَذَٰلِكَ سَخَّرْنَٰهَا لَكُمْ لَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു. (ഖു൪ആന്‍:22/36) (*)
(*) അല്ലാഹുവിനെ ഭയക്കൽ, ക്ഷമ, നന്ദി എന്നിവ സത്യവിശ്വാസികൾക്ക് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്.
സൃഷ്ടിപ്പിൽ അല്ലാഹുവിന് ചില പ്രപഞ്ച നിയമങ്ങളുണ്ട്; ഒരു ദാസൻ അതിൽ വിശ്വസിക്കുകയും അതിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹു പറയുന്നു:
إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:22/38)
അല്ലാഹു പറയുന്നു:
وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ
തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. (ഖു൪ആന്‍:22/40)
അതിൽ പെട്ടതാണ് അല്ലാഹുവിന്റെ ഈ വചനം:
فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَٰهَا وَهِىَ ظَالِمَةٌ فَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ
എത്രയെത്ര നാടുകള്‍ അവിടത്തുകാര്‍ അക്രമത്തില്‍ ഏര്‍പെട്ടിരിക്കെ നാം നശിപ്പിച്ചു കളഞ്ഞു! അങ്ങനെ അവയതാ മേല്‍പുരകളോടെ വീണടിഞ്ഞ് കിടക്കുന്നു. ഉപയോഗശൂന്യമായിത്തീര്‍ന്ന എത്രയെത്ര കിണറുകള്‍! പടുത്തുയര്‍ത്തിയ എത്രയെത്ര കോട്ടകള്‍! (ഖു൪ആന്‍:22/45)
وَكَأَيِّن مِّن قَرْيَةٍ أَمْلَيْتُ لَهَا وَهِىَ ظَالِمَةٌ ثُمَّ أَخَذْتُهَا وَإِلَىَّ ٱلْمَصِيرُ
എത്രയോ നാടുകള്‍ക്ക് അവിടത്തുകാര്‍ അക്രമികളായിരിക്കെതന്നെ ഞാന്‍ സമയം നീട്ടികൊടുക്കുകയും, പിന്നീട് ഞാന്‍ അവരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്‍റെ അടുത്തേക്കാകുന്നു (എല്ലാറ്റിന്‍റെയും) മടക്കം. (ഖു൪ആന്‍:22/48)
പ്രതാപശാലിയും പരമോന്നതനുമായ അല്ലാഹു തന്റെ ഖലീലായ (ഉറ്റമിത്രമായി) ഇബ്രാഹിം നബി عليه السلام യോട് ഹജ്ജിനായി വിളംബരം ചെയ്യാൻ കൽപ്പിച്ചു. അല്ലാഹു പറയുന്നു:
وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴿٢٧﴾ لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلْأَنْعَٰمِ ۖ…. ﴿٢٨﴾
(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും. അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. (ഖു൪ആന്‍:22/27-28)
അതെ, അവർക്ക് ഉപകാരപ്രദമായ രംഗങ്ങളിൽ അവർ സന്നിഹിതരാകുവാനും അല്ലാഹുവിന്റെ നാമം സ്മരിക്കുവാനും വേണ്ടി. ഹാജിമാര്‍ എത്തിക്കഴിഞ്ഞു. വിദൂരമായ എല്ലാ വഴികളിലൂടെയും ഹാജിമാര്‍ എത്തിക്കഴിഞ്ഞു; അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടും അവന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും ആരാധനാകർമ്മങ്ങൾ (ഹജ്ജ്) നിർവഹിക്കുന്നതിനായി. അവർ പുരാതനമായ ആ ഭവനത്തെയും (കഅബയെയും) പുണ്യസ്ഥലങ്ങളെയും ആദരിക്കുന്നു.
അല്ലാഹു പറയുന്നു:
…… وَٱلْمَسْجِدِ ٱلْحَرَامِ ٱلَّذِى جَعَلْنَٰهُ لِلنَّاسِ سَوَآءً ٱلْعَٰكِفُ فِيهِ وَٱلْبَادِ ۚ وَمَن يُرِدْ فِيهِ بِإِلْحَادِۭ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ
….. മനുഷ്യര്‍ക്ക് -സ്ഥിരവാസിക്കും പരദേശിക്കും – സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും (*) ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്. (ഖു൪ആന്‍:22/25)
(*) മസ്ജിദുല്‍ ഹറാമിൽ സ്വദേശവിദേശ വ്യത്യാസമില്ലാതെ, പൊതുവില്‍ എല്ലാ മനുഷ്യരും അല്ലാഹുവിന് ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്നു.
അല്ലാഹുവിനെ മാത്രം ആരാധിച്ചുകൊണ്ടും അവനിൽ പങ്കുചേർക്കുന്നത് (ശിർക്ക്) ഉപേക്ഷിച്ചുകൊണ്ടുമുള്ള തൗഹീദിന്റെ ആഹ്വാനത്തിന് ഉത്തരം നൽകിക്കൊണ്ടാണ് അവർ ഈ പുണ്യസ്ഥലങ്ങളിലേക്ക് വന്നെത്തുന്നത്. അല്ലാഹു പറയുന്നു:
وَإِذْ بَوَّأْنَا لِإِبْرَٰهِيمَ مَكَانَ ٱلْبَيْتِ أَن لَّا تُشْرِكْ بِى شَيْـًٔا وَطَهِّرْ بَيْتِىَ لِلطَّآئِفِينَ وَٱلْقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ
ഇബ്രാഹീമിന് ആ ഭവനത്തിന്‍റെ (കഅ്ബയുടെ) സ്ഥാനം നാം സൌകര്യപ്പെടുത്തികൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും, ത്വവാഫ് (പ്രദിക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്‍റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു.) (ഖു൪ആന്‍:22/26)
അങ്ങനെ, ആ ഭവനത്തിന്റെ പദവിക്ക് അനുയോജ്യമല്ലാത്ത എല്ലാ കാര്യങ്ങളിൽ നിന്നും അതിനെ (ആ ഭവനത്തെ) ശുദ്ധീകരിക്കുന്നു. ഹജ്ജിൽ ദുര്‍വൃത്തിയോ വഴക്കോ ഇല്ല, രാഷ്ട്രീയ മുദ്രാവാക്യങ്ങളോ കക്ഷിത്വപരമായ വിളികളോ ഇല്ല. മറിച്ച്, അല്ലാഹുവിനോടുള്ള പൂർണ്ണമായ കീഴടങ്ങലും അവന്റെ പ്രവാചകന്റെ പിൻപറ്റലുമാണ് അവിടെയുള്ളത്. അതോടൊപ്പം ബാഹ്യവും ആന്തരികവുമായ ശുദ്ധി വെളിപ്പെടുത്തലും, കരാറുകളും ഉടമ്പടികളും പാലിക്കലും, അവകാശങ്ങളെ മാനിക്കലുമാണുള്ളത്. അല്ലാഹു പറയുന്നു:
ذَٰلِكَ وَمَن يُعَظِّمْ حُرُمَٰتِ ٱللَّهِ فَهُوَ خَيْرٌ لَّهُۥ عِندَ رَبِّهِۦ
അത് (നിങ്ങള്‍ ഗ്രഹിക്കുക.) അല്ലാഹു പവിത്രത നല്‍കിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത് തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അവന്ന് ഗുണകരമായിരിക്കും. (ഖു൪ആന്‍:22/30)
ذَٰلِكَ وَمَن يُعَظِّمْ شَعَٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ
അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ.(ഖു൪ആന്‍:22/32)
ഭാഷകളിലും, വർണ്ണങ്ങളിലും, രാജ്യങ്ങളിലും വ്യത്യാസങ്ങളുണ്ടെങ്കിലും പരസ്പരം സ്നേഹിക്കുന്ന സഹോദരങ്ങളായി ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതിലൂടെ, മുസ്‌ലിംകൾക്കിടയിലെ പരസ്പര പരിചയപ്പെടൽ, ഇണക്കം, സഹകരണം, പരസ്പര സഹായം എന്നിവയുടെ ഉദാത്തമായ ഭാവങ്ങൾ ഹജ്ജിൽ പ്രകടമാകുന്നു. അങ്ങനെ അവർ തങ്ങൾക്ക് ഉപകാരപ്രദമായ രംഗങ്ങളിൽ സന്നിഹിതരാവുകയും, തങ്ങളുടെ ബലിമൃഗങ്ങളിൽ നിന്ന് കഷ്ടപ്പെടുന്ന ദരിദ്രർക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നു. പ്രവൃത്തികളിൽ നന്മ ചെയ്യലും വാക്കുകളിൽ സത്യസന്ധത പുലർത്തുകയെന്നത് അവരുടെ സ്വഭാവമായിരിക്കുകയും ചെയ്യുന്നു.
فَٱجْتَنِبُوا۟ ٱلرِّجْسَ مِنَ ٱلْأَوْثَٰنِ وَٱجْتَنِبُوا۟ قَوْلَ ٱلزُّورِ
ആകയാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യത്തില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക. വ്യാജവാക്കില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക. (ഖു൪ആന്‍:22/30)
അറഫാ മൈതാനിയിൽ വെച്ച് അല്ലാഹു നിങ്ങളെക്കുറിച്ച് തന്റെ മലക്കുകളോട് അഭിമാനം കൊള്ളുന്നു. അല്ലാഹു (തന്റെ മതം പൂർത്തിയാക്കിക്കൊണ്ടുള്ള വചനം) അവതരിപ്പിച്ച മഹത്തായ നിലപാടുകളുടെ (ദിനങ്ങളുടെ) രംഗമാണത്.
ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (ഖു൪ആന്‍:5/3)
അതിനാൽ നിങ്ങൾ നേർമാര്‍ഗത്തിന്റെ പ്രവാചകനെ മാതൃകയാക്കുക.; തീർച്ചയായും അദ്ദേഹം ളുഹർ, അസ്വർ നമസ്കാരങ്ങൾ (അറഫയിൽ വെച്ച്) ഒന്നിച്ച് ചേർത്തും ചുരുക്കിയും നമസ്കരിക്കുകയും ചെയ്തു (ജംഉം ഖസ്വ്റുമായി). പിന്നീട് സൂര്യൻ അസ്തമിക്കുന്നത് വരെ അവിടുന്ന് അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് (പ്രാർത്ഥനയിൽ) നിലകൊണ്ടു.
അങ്ങനെ നബി ﷺ മുസ്ദലിഫയിലേക്ക് പുറപ്പെട്ടു, അല്ലാഹു പറഞ്ഞതുപോലെ:
فَإِذَآ أَفَضْتُم مِّنْ عَرَفَٰتٍ فَٱذْكُرُوا۟ ٱللَّهَ عِندَ ٱلْمَشْعَرِ ٱلْحَرَامِ ۖ وَٱذْكُرُوهُ كَمَا هَدَىٰكُمْ وَإِن كُنتُم مِّن قَبْلِهِۦ لَمِنَ ٱلضَّآلِّينَ
അറഫാത്തില്‍ നിന്ന് നിങ്ങള്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ മശ്‌അറുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവിന്‍. അവന്‍ നിങ്ങള്‍ക്ക് വഴി കാണിച്ച പ്രകാരം നിങ്ങളവനെ ഓര്‍ക്കുവിന്‍. ഇതിനു മുമ്പ് നിങ്ങള്‍ പിഴച്ചവരില്‍ പെട്ടവരായിരുന്നാലും. (ഖു൪ആന്‍:2/198)
പിന്നീട് പെരുന്നാൾ ദിവസമായി പുലർന്നപ്പോൾ നബി ﷺ മിനായിലേക്ക് പുറപ്പെട്ടു. അല്ലാഹു പറയുന്നു:
ثُمَّ أَفِيضُوا۟ مِنْ حَيْثُ أَفَاضَ ٱلنَّاسُ وَٱسْتَغْفِرُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
ന്നിട്ട് ആളുകള്‍ (സാധാരണ തീര്‍ത്ഥാടകര്‍) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:2/199)
അങ്ങനെ നബി ﷺ ജംറതുൽ അഖബയിൽ കല്ലെറിയുകയും, തന്റെ ബലിമൃഗത്തെ അറുക്കുകയും, തല മുണ്ഡനം ചെയ്യുകയും ചെയ്തു – മുടി മുറിച്ച് ചെറുതാക്കുന്നതിനും അവിടുന്ന് അനുവാദം നൽകി. പിന്നീട് അവിടുന്ന് കഅബയെ പ്രദക്ഷിണം (ത്വവാഫ്) ചെയ്യുകയും ചെയ്തു. അല്ലാഹു പറയുന്നു:
ثُمَّ لْيَقْضُوا۟ تَفَثَهُمْ وَلْيُوفُوا۟ نُذُورَهُمْ وَلْيَطَّوَّفُوا۟ بِٱلْبَيْتِ ٱلْعَتِيقِ
പിന്നെ അവര്‍ തങ്ങളുടെ അഴുക്ക് നീക്കികളയുകയും, തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ. (ഖു൪ആന്‍:22/29)
അതോടൊപ്പം ശാന്തത നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും, പരസ്പരം തിക്കും തിരക്കും കൂട്ടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും, സംഘാടകരായ അധികാരികളുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയും വേണം. താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും, ദോഷങ്ങളും അരാജകത്വവും ഒഴിവാക്കുന്നതിനും, ജീവനുകൾ കാത്തുസൂക്ഷിക്കുന്നതിനും, ആരാധനാകർമ്മങ്ങൾ സുഗമമായി നിർവഹിക്കുന്നതിനും വേണ്ടി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും സഞ്ചാരപഥങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്. മിനായിൽ ആയിരിക്കുമ്പോൾ അല്ലാഹുവെക്കുറിച്ചുള്ള സ്മരണ വർദ്ധിപ്പിക്കൽ പുണ്യകരമായ കാര്യമാണ്. അല്ലാഹു പറയുന്നു:
فَإِذَا قَضَيْتُم مَّنَٰسِكَكُمْ فَٱذْكُرُوا۟ ٱللَّهَ كَذِكْرِكُمْ ءَابَآءَكُمْ أَوْ أَشَدَّ ذِكْرًا ۗ
അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. (ഖു൪ആന്‍:2/200)
അയ്യാമുത്തശ്രീഖിന്റെ (ദുല്‍ഹിജ്ജ 11,12,13) ദിവസങ്ങളിൽ ഹാജിമാര്‍ മൂന്ന് ജംറകളിലും കല്ലെറിയേണ്ടതുണ്ട്; ഓരോ ദിവസവും ഓരോ ജംറയിലും ഏഴ് കല്ലുകൾ വീതമാണ് എറിയേണ്ടത്. അതിൽ പതിമൂന്നാം ദിവസം വരെ (മിനായിൽ) തുടരുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ പന്ത്രണ്ടാം ദിവസം കല്ലേറ് കഴിഞ്ഞ് തിടുക്കപ്പെട്ട് പോരുന്നതിനും അനുവാദമുണ്ട്. അല്ലാഹു പറയുന്നു:
وَاذْكُرُوا اللَّهَ فِي أَيَّامٍ مَعْدُودَاتٍ فَمَنْ تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَنْ تَأَخَّرَ فَلَا إِثْمَ عَلَيْهِ لِمَنِ اتَّقَى وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ
എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. (അവയില്‍) രണ്ടു ദിവസം കൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം അവന് കുറ്റമില്ല. (ഒരു ദിവസവും കൂടി) താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് (അതാണ് ഉത്തമം). നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:2/203)
യാത്ര പുറപ്പെടുന്നതിന് മുമ്പായി ത്വവാഫുൽ വിദാഅ് (വിടവാങ്ങൽ പ്രദക്ഷിണം) ചെയ്യേണ്ടതുണ്ട്. അല്ലാഹു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു; മതകാര്യത്തിൽ യാതൊരു പ്രയാസവും അവൻ നിങ്ങളുടെ മേൽ ചുമത്തിയിട്ടുമില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹിമിന്റെ മാർഗ്ഗമത്രെ അത്. മുമ്പും ഇതിലും (ഈ വേദഗ്രന്ഥത്തിലും) അവൻ നിങ്ങൾക്ക് ‘മുസ്ലിംകൾ’ എന്ന് പേരിട്ടിരിക്കുന്നു; പ്രവാചകൻ നിങ്ങൾക്ക് സാക്ഷിയാകുവാനും, നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളാകുവാനും വേണ്ടി. അതിനാൽ നിങ്ങൾ നമസ്കാരം നിലനിർത്തുകയും, സക്കാത്ത് നൽകുകയും, അല്ലാഹുവെ മുറുകെപ്പിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷകൻ. അവൻ എത്ര നല്ല രക്ഷകൻ! എത്ര നല്ല സഹായി! (*)
(*)അല്ലാഹു പറഞ്ഞതുപോലെ:
وَجَٰهِدُوا۟ فِى ٱللَّهِ حَقَّ جِهَادِهِۦ ۚ هُوَ ٱجْتَبَىٰكُمْ وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍ ۚ مِّلَّةَ أَبِيكُمْ إِبْرَٰهِيمَ ۚ هُوَ سَمَّىٰكُمُ ٱلْمُسْلِمِينَ مِن قَبْلُ وَفِى هَٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِ ۚ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱعْتَصِمُوا۟ بِٱللَّهِ هُوَ مَوْلَىٰكُمْ ۖ فَنِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെ മാര്‍ഗമത്രെ അത്. മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി! (ഖു൪ആന്‍:22/78)
അല്ലാഹുവിനെ മുറുകെപ്പിടിക്കുന്നതിന്റെ ഭാഗമാണ്, തന്റെ റബ്ബിനോട് പ്രാർത്ഥന വർദ്ധിപ്പിക്കുക എന്നത്; പ്രത്യേകിച്ച് ഹജ്ജിന്റെ പുണ്യസ്ഥലങ്ങളിൽ. കാരണം പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഇടങ്ങളാണവ. ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു:
أفضل الدعاء دعاء عرفة، وخير ما قلته أنا والنبيون قبلي يوم عرفة:
ഏറ്റവും ഉത്തമമായ പ്രാർത്ഥന അറഫാ ദിവസത്തിലെ പ്രാർത്ഥനയാണ്. ഞാനും എനിക്ക് മുമ്പുള്ള പ്രവാചകന്മാരും അറഫാ ദിവസം പറഞ്ഞതിൽ വെച്ച് ഏറ്റവും ഉത്തമമായ കാര്യം (ഇതാണ്):
لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير.
അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. അവൻ ഏകനാണ്, അവന് യാതൊരു പങ്കുകാരനുമില്ല. സർവ്വാധിപത്യവും അവനാണ്, സർവ്വസ്തുതിയും അവനാണ്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുറ്റവനാകുന്നു.
അല്ലാഹു പറയുന്നു:
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്. (ഖു൪ആന്‍:40/60)
അല്ലാഹു പറയുന്നു:
وَمِنْهُم مَّن يَقُولُ رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ ﴿٢٠١﴾ أُو۟لَٰٓئِكَ لَهُمْ نَصِيبٌ مِّمَّا كَسَبُوا۟ ۚ وَٱللَّهُ سَرِيعُ ٱلْحِسَابِ ﴿٢٠٢﴾
മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്. അവര്‍ സമ്പാദിച്ചതിന്റെ ഫലമായി അവര്‍ക്ക് വലിയൊരു വിഹിതമുണ്ട്. അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനാകുന്നു. (ഖു൪ആന്‍:2/201-202)
www.kanzululoom.com