മൂസാ നബി عليه السلام യുടെയും ഫിർഔന്റെയും ചരിത്രം

അല്ലാഹു വിശുദ്ധ ഖുർആനിൽ ആവർത്തിച്ചു പ്രതിപാദിക്കുകയും ഏറെ പ്രാധാന്യത്തോടെ വിവരിക്കുകയും ചെയ്ത ആശ്ചര്യകരമായ ചരിത്രങ്ങളിൽ പെട്ട ഒന്നാണ് മൂസാ നബി عليه السلام ക്ക് ഫിർഔനുമായിട്ടുണ്ടായ ചരിത്രം. അത് മഹത്തായ തത്ത്വങ്ങളും, ആഴമേറിയ ഗുണപാഠങ്ങളും, സ്വാധീനമുള്ള ഉപദേശങ്ങളും ഉൾക്കൊള്ളുന്നതാണ് എന്നതിനാലാണിത്. വിശ്വാസികളെ പ്രതാപവാന്മാരാക്കി അവർക്ക് വിജയം നൽകുന്നതിനെക്കുറിച്ചും, സത്യനിഷേധികളെ നിന്ദ്യരാക്കി അവരെ കൈവിട്ടുകളയുന്നതിനെക്കുറിച്ചുമുള്ള, വിശ്വാസികളോടും അക്രമികളോടുമുള്ള അല്ലാഹുവിന്റെ വലിയൊരു സന്ദേശം ഈ ചരിത്രത്തിൽ അടങ്ങിയിരിക്കുന്നു.

طسٓمٓ ‎﴿١﴾‏ تِلْكَ ءَايَٰتُ ٱلْكِتَٰبِ ٱلْمُبِينِ ‎﴿٢﴾‏ نَتْلُوا۟ عَلَيْكَ مِن نَّبَإِ مُوسَىٰ وَفِرْعَوْنَ بِٱلْحَقِّ لِقَوْمٍ يُؤْمِنُونَ ‎﴿٣﴾‏ إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَآئِفَةً مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْىِۦ نِسَآءَهُمْ ۚ إِنَّهُۥ كَانَ مِنَ ٱلْمُفْسِدِينَ ‎﴿٤﴾‏

ത്വാ-സീന്‍-മീം. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി മൂസായുടെയും ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍ നിന്നും സത്യപ്രകാരം നിനക്ക് നാം ഓതികേള്‍പിക്കുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട് അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്‌. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു. (ഖു൪ആന്‍:28/1-4)

ഫിർഔന്റെ അക്രമത്തിൽ നിന്നും, അവന്റെ അതിക്രമങ്ങളിൽ നിന്നും, അഹങ്കാരത്തിൽ നിന്നും, ശത്രുതയിൽ നിന്നും ബനൂ ഇസ്രായീല്യരെ  രക്ഷിക്കാൻ അല്ലാഹു  ഉദ്ദേശിച്ചപ്പോൾ, ഫിർഔനോ അവന്റെ കൂട്ടാളികളോ ശത്രുക്കളോ പോലും ഒട്ടും വിചാരിക്കാത്ത വിധത്തിലുള്ള ചില കാരണങ്ങളെ അവൻ ഒരുക്കി. അതായത്, അല്ലാഹു മൂസാ عليه السلام യുടെ ഉമ്മയോട് തന്റെ കുഞ്ഞായ മൂസായെ അടച്ചുറപ്പുള്ള ഒരു പെട്ടിയിലാക്കി നദിയിലേക്ക് എറിയാൻ കൽപ്പിച്ചു. അവര്‍ക്ക് ആ കുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ച് ഉറപ്പുനൽകി ആശ്വസിപ്പിക്കുകയും, അവനെ അവരിലേക്ക് തന്നെ തിരികെ എത്തിക്കുമെന്നും, അവൻ വളർന്നു വലുതായി ഫിർഔന്റെ ആളുകളുടെ കുതന്ത്രങ്ങളിൽ നിന്ന് രക്ഷപ്പെടുമെന്നും, അവനെ തന്റെ മുർസലീങ്ങളിൽ ഒരാളാക്കി മാറ്റുമെന്നും ശുഭവാർത്ത അറിയിക്കുകയും ചെയ്തു.

وَأَوْحَيْنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِى ٱلْيَمِّ وَلَا تَخَافِى وَلَا تَحْزَنِىٓ ۖ إِنَّا رَآدُّوهُ إِلَيْكِ وَجَاعِلُوهُ مِنَ ٱلْمُرْسَلِينَ

മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്‌. (ഖു൪ആന്‍:28/7)

അങ്ങനെ തന്നോട് കൽപ്പിക്കപ്പെട്ടതുപോലെ മൂസാ عليه السلام യുടെ ഉമ്മ പ്രവർത്തിച്ചു. ആ പെട്ടിയെയും അതിനുള്ളിലുണ്ടായിരുന്ന മൂസാ عليه السلام യേയും  തിരമാലകൾ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കൊണ്ടുപോകുന്നവിധം കൊട്ടാരത്തിനടുത്ത് ഫിർഔന്റെയും അവന്റെ കൂട്ടാളികളുടെയും അടുക്കൽ എത്തിച്ചു ചേരുന്നതുവരെ അല്ലാഹു നയിച്ചുകൊണ്ടുപോയി.

فَٱلْتَقَطَهُۥٓ ءَالُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَٰمَٰنَ وَجُنُودَهُمَا كَانُوا۟ خَٰطِـِٔينَ

എന്നിട്ട് ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു. (ഖു൪ആന്‍:28/8)

ഈ ചരിത്രത്തിൽ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്; അല്ലാഹുവിന്റെ വിധിക്ക് മുമ്പിൽ മനുഷ്യൻ എടുക്കുന്ന യാതൊരുവിധ മുൻകരുതലുകളും ഫലം ചെയ്യില്ല. കാരണം, ഫിർഔൻ ഏത് കാര്യത്തെയാണോ ഭയപ്പെടുകയും, അതിനായി ബനൂ ഇസ്രായീലിലെ ആൺകുട്ടികളെ മുഴുവൻ കൊന്നൊടുക്കുകയും ചെയ്തത്, പ്രസ്തുത ഭയപ്പാടിന് കാരണമായ ആ കുട്ടി ഫിർഔന്റെ സ്വന്തം വീട്ടിൽ തന്നെ വളരാനും, അവന്റെ കൈക്കീഴിലും നോട്ടത്തിലും അവന്റെ സംരക്ഷണയിലും തന്നെ വളർന്നു വലുതാകാനും അല്ലാഹു സാഹചര്യമൊരുക്കി.

മറ്റൊരു സ്ത്രീയുടെയും മുലപ്പാൽ കുടിക്കുന്നതിൽ നിന്നും കുഞ്ഞിനെ തടഞ്ഞു എന്നത് മൂസാ عليه السلام യോടും അദ്ദേഹത്തിന്റെ ഉമ്മയോടും അല്ലാഹു കാണിച്ച വലിയൊരു കാരുണ്യമായിരുന്നു. അങ്ങനെ അവര്‍ മുലപ്പാൽ കൊടുക്കാവുന്ന വല്ല സ്ത്രീയെയും കണ്ടെത്താനായി  കുഞ്ഞിനെ അങ്ങാടിയിലേക്ക് കൊണ്ടുപോയി. ആ അവസ്ഥയിലായിരിക്കെയാണ് മൂസാ عليه السلام യുടെ സഹോദരി അങ്ങോട്ട് വരുന്നത്. അപ്പോൾ അവൾ പറഞ്ഞു:

وَحَرَّمْنَا عَلَيْهِ ٱلْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰٓ أَهْلِ بَيْتٍ يَكْفُلُونَهُۥ لَكُمْ وَهُمْ لَهُۥ نَٰصِحُونَ

അതിനു മുമ്പ് മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന് മുലകൊടുക്കുന്നതിന് നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ (സഹോദരി) പറഞ്ഞു: നിങ്ങള്‍ക്ക് വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിവ് തരട്ടെയോ? അവര്‍ ഇവന്‍റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:28/12)

അവളുടെ ഈ വാക്കുകളിൽ, ആ വീട്ടുകാരെക്കുറിച്ച് ഫിർഔന്റെ ആളുകൾക്ക് താല്പര്യം ജനിപ്പിക്കുന്ന കാര്യങ്ങളും, ആ കുഞ്ഞിനെ പൂർണ്ണമായി സംരക്ഷിക്കാനും നന്നായി വളർത്താനും അവർക്കുള്ള യോഗ്യതയുടെ വിവരണവും അടങ്ങിയിട്ടുണ്ടായിരുന്നു.

فَرَدَدْنَٰهُ إِلَىٰٓ أُمِّهِۦ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ ٱللَّهِ حَقٌّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ് കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക് തിരിച്ചേല്‍പിച്ചു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല. (ഖു൪ആന്‍:28/13)

മൂസാ عليه السلام തന്റെ പൂർണ്ണശക്തി പ്രാപിക്കുകയും പാകതയെത്തുകയും ചെയ്തപ്പോൾ, അല്ലാഹു അദ്ദേഹത്തിന് വിവേകവും വിജ്ഞാനവും നൽകി. ജനങ്ങൾക്കിടയിൽ കൃത്യമായി വിധിതീർപ്പ് കൽപ്പിക്കാനും ശരീഅത്ത് നിയമങ്ങൾ തിരിച്ചറിയാനും സഹായിക്കുന്ന വിവേകവും, ധാരാളം അറിവുമാണ് നൽകിയത്.

പിന്നീട് അവിടെ ചില സംഭവങ്ങൾ അരങ്ങേറി. അതിൽ പെട്ടതായിരുന്നു മൂസാ عليه السلام യാൽ ഒരു ഖിബ്തി (ഫിർഔന്റെ വംശക്കാരൻ) അബദ്ധത്തിൽ കൊല്ലപ്പെടുന്നത്. തുടർന്ന് മൂസായെ വധിക്കുന്നതിനായി ഫിർഔന്റെ പ്രമുഖരായ ആളുകൾ ഫിർഔനുമായി കൂടിയാലോചന നടത്തുകയും, മൂസായെ കൊന്നുകളയാൻ അവർ ഒന്നിച്ച് തീരുമാനമെടുക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞ മൂസാ عليه السلام ഈജിപ്തിൽ നിന്ന് ഓടിപ്പോയി.

فَخَرَجَ مِنْهَا خَآئِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ

അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന് പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ. (ഖു൪ആന്‍:28/21)

അല്ലാഹു  അദ്ദേഹത്തിന്റെ ആ യാത്രയിൽ ഒരു സ്വാലിഹായ സ്ത്രീയെ വിവാഹം കഴിക്കാൻ അവസരം നൽകിക്കൊണ്ട് അദ്ദേഹത്തെ ആദരിച്ചു. പിന്നീട് അല്ലാഹു ഏറ്റവും മഹത്തായ ആദരവ് നൽകി, ഏറ്റവും വലിയ അനുഗ്രഹം അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു; അതായത്, അദ്ധേഹത്തെ തന്റെ മുർസലീങ്ങളിൽ (ദൂതന്മാരിൽ) ഒരാളാക്കി മാറ്റി.

قَالَ يَٰمُوسَىٰٓ إِنِّى ٱصْطَفَيْتُكَ عَلَى ٱلنَّاسِ بِرِسَٰلَٰتِى وَبِكَلَٰمِى فَخُذْ مَآ ءَاتَيْتُكَ وَكُن مِّنَ ٱلشَّٰكِرِينَ

അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എന്‍റെ സന്ദേശങ്ങള്‍കൊണ്ടും, എന്‍റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. (ഖു൪ആന്‍:7/144)

അല്ലാഹു പ്രബലവും അത്ഭുതകരവുമായ തെളിവുകൾ കൊണ്ടും, അതിസ്പഷ്ടമായ പ്രമാണങ്ങൾ (ദൃഷ്ടാന്തങ്ങൾ) കൊണ്ടും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്തു.

ٱسْلُكْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ وَٱضْمُمْ إِلَيْكَ جَنَاحَكَ مِنَ ٱلرَّهْبِ ۖ فَذَٰنِكَ بُرْهَٰنَانِ مِن رَّبِّكَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَٰسِقِينَ

നീ നിന്‍റെ കൈ കുപ്പായമാറിലേക്ക് പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത് വരുന്നതാണ്‌. ഭയത്തില്‍ നിന്ന് മോചനത്തിനായ് നിന്‍റെ പാര്‍ശ്വഭാഗം നീ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിക്കുകയും ചെയ്യുക. അങ്ങനെ അത് രണ്ടും ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമുഖന്‍മാരുടെയും അടുത്തേക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു. (ഖു൪ആന്‍:28/32)

ഫിർഔന്റെ അടുത്തേക്ക് ചെന്ന് അവനെ സത്യമാർഗ്ഗത്തിലേക്ക് ക്ഷണിക്കാൻ (പ്രബോധനം നടത്താൻ) മൂസാ عليه السلام യോട് അല്ലാഹു കൽപ്പിച്ചു.  ഫിർഔനോട് സൗമ്യമായ വാക്ക് പറയാനാണ് അല്ലാഹു കൽപ്പിച്ചത്; അവൻ ഒരുപക്ഷേ ചിന്തിച്ചു മനസ്സിലാക്കാനോ അല്ലെങ്കിൽ അല്ലാഹുവെ ഭയപ്പെടുകയോ ചെയ്തേക്കാം. ആ സമയം, താൻ ഏൽപ്പിക്കപ്പെട്ട ഈ വലിയ ഉത്തരവാദിത്തത്തിൽ തന്നെ സഹായിക്കണമെന്നും, തന്നെ ഏൽപ്പിച്ച കാര്യങ്ങൾ കൃത്യമായി നിർവഹിക്കാൻ തനിക്ക് തൗഫീഖ് നൽകണമെന്നും മൂസാ عليه السلام അല്ലാഹുവിനോട് പ്രാർത്ഥിച്ചു.

قَالَ رَبِّ إِنِّى قَتَلْتُ مِنْهُمْ نَفْسًا فَأَخَافُ أَن يَقْتُلُونِ ‎﴿٣٣﴾‏ وَأَخِى هَٰرُونُ هُوَ أَفْصَحُ مِنِّى لِسَانًا فَأَرْسِلْهُ مَعِىَ رِدْءًا يُصَدِّقُنِىٓ ۖ إِنِّىٓ أَخَافُ أَن يُكَذِّبُونِ ‎﴿٣٤﴾‏ قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجْعَلُ لَكُمَا سُلْطَٰنًا فَلَا يَصِلُونَ إِلَيْكُمَا ۚ بِـَٔايَٰتِنَآ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلْغَٰلِبُونَ ‎﴿٣٥﴾‏

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവരുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊന്നുപോയിട്ടുണ്ട്‌. അതിനാല്‍ അവര്‍ എന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എന്‍റെ സഹോദരന്‍ ഹാറൂന്‍ എന്നെക്കാള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിവുള്ളവനാകുന്നു. അതു കൊണ്ട് എന്നോടൊപ്പം എന്‍റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായി കൊണ്ട് അവനെ നീ നിയോഗിക്കേണമേ. അവര്‍ എന്നെ നിഷേധിച്ച് കളയുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: നിന്‍റെ സഹോദരന്‍ മുഖേന നിന്‍റെ കൈക്ക് നാം ബലം നല്‍കുകയും, നിങ്ങള്‍ക്ക് ഇരുവര്‍ക്കും നാം ഒരു ആധികാരിക ശക്തി നല്‍കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവര്‍ നിങ്ങളുടെ അടുത്ത് എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികള്‍. (ഖു൪ആന്‍:28/33-35)

അപ്പോൾ അദ്ദേഹം ചോദിച്ച കാര്യങ്ങളിലെല്ലാം അല്ലാഹു അദ്ദേഹത്തിന് ഉത്തരം നൽകി.

ٱذْهَبْ أَنتَ وَأَخُوكَ بِـَٔايَٰتِى وَلَا تَنِيَا فِى ذِكْرِى ‎﴿٤٢﴾‏ ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ‎﴿٤٣﴾‏ فَقُولَا لَهُۥ قَوْلًا لَّيِّنًا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ ‎﴿٤٤﴾‏ قَالَا رَبَّنَآ إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَآ أَوْ أَن يَطْغَىٰ ‎﴿٤٥﴾‏ قَالَ لَا تَخَافَآ ۖ إِنَّنِى مَعَكُمَآ أَسْمَعُ وَأَرَىٰ ‎﴿٤٦﴾‏ فَأْتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَٰكَ بِـَٔايَةٍ مِّن رَّبِّكَ ۖ وَٱلسَّلَٰمُ عَلَىٰ مَنِ ٱتَّبَعَ ٱلْهُدَىٰٓ ‎﴿٤٧﴾‏ إِنَّا قَدْ أُوحِىَ إِلَيْنَآ أَنَّ ٱلْعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ ‎﴿٤٨﴾‏

എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്‌. നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൌമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം. അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌. അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത് ചെന്നിട്ട് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത് ഞങ്ങള്‍ വന്നിട്ടുള്ളത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം. നിഷേധിച്ച് തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:20/42-48)

അല്ലാഹുവിന്റെ സന്ദേശം എത്തിച്ചുകൊടുക്കാനും അവന്റെ കൽപ്പന നടപ്പിലാക്കാനുമായി മൂസാ عليه السلام യും അദ്ദേഹത്തിന്റെ സഹോദരൻ ഹാറൂൻ  عليه السلام യും എല്ലാ ധൈര്യത്തോടും ശക്തിയോടും ദൃഢതയോടും കൂടി മുന്നോട്ട് നീങ്ങി.

ജനങ്ങൾക്ക് മുന്നിൽ അഹങ്കരിക്കുകയും ‘ഞാനാണ് നിങ്ങളുടെ റബ്ബ് ‘ എന്ന് വാദിക്കുകയും ചെയ്ത ഫിർഔന്റെ അടുത്തേക്ക്, വ്യക്തമായ ദൃഷ്ടാന്തങ്ങളും സുപ്രധാനമായ പ്രമാണങ്ങളുമായി അല്ലാഹു മൂസാ عليه السلام യെ നിയോഗിച്ചു. അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുക്കൽ വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി ചെല്ലുകയും, ആകാശഭൂമികളുടെ രക്ഷിതാവിനെ മാത്രം ആരാധിക്കാൻ (തൗഹീദിലേക്ക്) അവനെ ക്ഷണിക്കുകയും ചെയ്തു. അപ്പോൾ ഫിർഔൻ അതിനെ നിഷേധിച്ചുകൊണ്ടും തള്ളിക്കൊണ്ടുമിങ്ങനെ പറഞ്ഞു:

قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَٰلَمِينَ

ഫിര്‍ഔന്‍ പറഞ്ഞു: എന്താണ് ഈ ലോകരക്ഷിതാവ് എന്ന് പറയുന്നത്‌? (ഖുർആൻ:26/23)

അങ്ങനെ, ആകാശഭൂമികൾ ആരുടെ കൽപ്പനയാലാണോ നിലകൊള്ളുന്നത്, സൃഷ്ടികളിലെ ഓരോ വസ്തുകളിലും ആരുടെ ദൃഷ്ടാന്തങ്ങളാണോ അടങ്ങിയിരിക്കുന്നത്, ആ മഹാനായ റബ്ബിനെ ഫിർഔൻ നിഷേധിച്ചു കളഞ്ഞു. അപ്പോൾ മൂസാ عليه السلام അവന് മറുപടി നൽകി:

قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ

അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാകുന്നു നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍. (ഖുർആൻ:26/24)

ആകാശങ്ങളിലും ഭൂമിയിലും അവയ്ക്കിടയിലുമുള്ള എല്ലാ കാര്യങ്ങളിലും, ദൃഢവിശ്വാസികൾക്ക് അല്ലാഹുവിലുള്ള ഉറച്ച വിശ്വാസം അനിവാര്യമാക്കുന്ന വലിയ ദൃഷ്ടാന്തങ്ങളുണ്ട്. എന്നാൽ ഇതെല്ലാം കേട്ടപ്പോൾ ഫിർഔൻ തന്റെ ചുറ്റുമുള്ളവരോട് മൂസായെ പരിഹസിച്ചുകൊണ്ടും നിസ്സാരനാക്കിക്കൊണ്ടും ഇങ്ങനെ പറഞ്ഞു:

قَالَ لِمَنْ حَوْلَهُۥٓ أَلَا تَسْتَمِعُونَ

അവന്‍ (ഫിര്‍ഔന്‍) തന്‍റെ ചുറ്റുമുള്ളവരോട് പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ? (ഖുർആൻ:26/25)

അപ്പോൾ മൂസാ عليه السلام അവനെ അവന്റെ ഉത്ഭവത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു; അതായത് അവൻ ഒന്നുമില്ലായ്മയിൽ (ശൂന്യതയിൽ) നിന്ന് സൃഷ്ടിക്കപ്പെട്ടവനാണെന്നും, അവന്റെ മുൻഗാമികളായ പൂർവ്വപിതാക്കൾ ഇല്ലാതായിത്തീർന്നതുപോലെ അവനും ഒടുവിൽ ഇല്ലാതായിപ്പോകുന്നവനാണെന്നും (മരണപ്പെടുന്നവനാണെന്നും). എന്നിട്ട് മൂസാ പറഞ്ഞു:

قَالَ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ ‎

അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെ രക്ഷിതാവുമത്രെ (അവന്‍) (ഖുർആൻ:26/26)

അതു കേട്ടപ്പോൾ ഫിർഔൻ പൂർണ്ണമായും അമ്പരന്നുപോയി. തുടർന്ന്, വാദങ്ങളിൽ പരാജയപ്പെട്ട് നാണംകെട്ട ഒരു ദുരഭിമാനിയെപ്പോലെ അവൻ ഒരു പുതിയ വാദവുമായി രംഗത്തുവന്നു. എന്നിട്ട് അവൻ പറഞ്ഞു:

قَالَ إِنَّ رَسُولَكُمُ ٱلَّذِىٓ أُرْسِلَ إِلَيْكُمْ لَمَجْنُونٌ

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്‌. (ഖുർആൻ:26/27)

അങ്ങനെ ഫിർഔൻ മൂസാ عليه السلام യെയും അദ്ദേഹത്തെ നിയോഗിച്ചവനെയും (അല്ലാഹുവിനെയും) ആക്ഷേപിച്ചു. എന്നാൽ മൂസാ عليه السلام അത് തള്ളിക്കളയുകയും, ആ മഹാനായ സ്രഷ്ടാവിനെ നിഷേധിക്കുന്നതാണ് യഥാർത്ഥത്തിൽ ഭ്രാന്ത് എന്ന് അവന് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു. മൂസാ പറഞ്ഞു:

قَالَ رَبُّ ٱلْمَشْرِقِ وَٱلْمَغْرِبِ وَمَا بَيْنَهُمَآ ۖ إِن كُنتُمْ تَعْقِلُونَ

അദ്ദേഹം (മൂസാ) പറഞ്ഞു: ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ (അവന്‍) നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍. (ഖുർആൻ:26/28)

അങ്ങനെ സത്യത്തെ ചെറുത്തുതോൽപ്പിക്കാൻ കഴിയാതെ ഫിർഔൻ പൂർണ്ണമായും അശക്തനായപ്പോൾ, അവൻ മൂസാ عليه السلام യെ തടവിലിടുമെന്ന് ഭീഷണിപ്പെടുത്താനും ആക്രോശിക്കാനും തുടങ്ങി. അവൻ പറഞ്ഞു:

قَالَ لَئِنِ ٱتَّخَذْتَ إِلَٰهًا غَيْرِى لَأَجْعَلَنَّكَ مِنَ ٱلْمَسْجُونِينَ

അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ ‍തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്‌. (ഖുർആൻ:26/29)

മൂസാ عليه السلام സൂര്യനെപ്പോലെ തിളങ്ങിവിളങ്ങുന്ന ദൃഷ്ടാന്തങ്ങൾ ഒന്നിനുപുറകെ ഒന്നായി കൊണ്ടുവന്നുകൊണ്ടേയിരുന്നു. എന്നാൽ ഫിർഔനാകട്ടെ, തന്റെ സർവ്വ ശക്തിയും കുപ്രചാരണങ്ങളും ഉപയോഗിച്ച് ആ ദൃഷ്ടാന്തങ്ങളെ എതിർത്തു തോൽപ്പിക്കാനും ഇല്ലാതാക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ അവൻ തന്റെ ജനങ്ങളോട് പറഞ്ഞു:

 وَنَادَىٰ فِرْعَوْنُ فِى قَوْمِهِۦ قَالَ يَٰقَوْمِ أَلَيْسَ لِى مُلْكُ مِصْرَ وَهَٰذِهِ ٱلْأَنْهَٰرُ تَجْرِى مِن تَحْتِىٓ ۖ أَفَلَا تُبْصِرُونَ ‎﴿٥١﴾‏ أَمْ أَنَا۠ خَيْرٌ مِّنْ هَٰذَا ٱلَّذِى هُوَ مَهِينٌ وَلَا يَكَادُ يُبِينُ ‎﴿٥٢﴾‏ فَلَوْلَآ أُلْقِىَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَآءَ مَعَهُ ٱلْمَلَٰٓئِكَةُ مُقْتَرِنِينَ ‎﴿٥٣﴾‏ فَٱسْتَخَفَّ قَوْمَهُۥ فَأَطَاعُوهُ ۚ إِنَّهُمْ كَانُوا۟ قَوْمًا فَٰسِقِينَ ‎﴿٥٤﴾‏ فَلَمَّآ ءَاسَفُونَا ٱنتَقَمْنَا مِنْهُمْ فَأَغْرَقْنَٰهُمْ أَجْمَعِينَ ‎﴿٥٥﴾‏ فَجَعَلْنَٰهُمْ سَلَفًا وَمَثَلًا لِّلْـَٔاخِرِينَ ‎﴿٥٦﴾‏

ഫിര്‍ഔന്‍ തന്‍റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ഈജിപ്തിന്‍റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്‍റെ കീഴിലൂടെയാണ്‌. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ?  അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാന്‍ തന്നെയാകുന്നു. അപ്പോള്‍ ഇവന്‍റെ മേല്‍ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായികൊണ്ട് മലക്കുകള്‍ വരികയോ ചെയ്യാത്തതെന്താണ്‌? അങ്ങനെ ഫിര്‍ഔന്‍ തന്‍റെ ജനങ്ങളെ വിഡ്ഢികളാക്കി. അവര്‍ അവനെ അനുസരിച്ചു. തീര്‍ച്ചയായും അവര്‍ അധര്‍മ്മകാരികളായ ഒരു ജനതയായിരുന്നു. അങ്ങനെ അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരെ ശിക്ഷിച്ചു. അവരെ നാം മുക്കി നശിപ്പിച്ചു. അങ്ങനെ അവരെ പൂര്‍വ്വമാതൃകയും പിന്നീട് വരുന്നവര്‍ക്ക് ഒരു ഉദാഹരണവും ആക്കിത്തീര്‍ത്തു. (ഖുർആൻ:41/51-56)

ഫിർഔനും കൂട്ടരും മുങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലം ഇപ്രകാരമായിരുന്നു: മൂസാ عليه السلام യോട്, തന്റെ ജനങ്ങളെയും കൂട്ടി രാത്രിയിൽ ഈജിപ്തിൽ നിന്ന് പുറപ്പെടാൻ അല്ലാഹു വഹ്‌യ് നൽകി. ഈ വിവരമറിഞ്ഞ ഫിർഔൻ അങ്ങേയറ്റം അസ്വസ്ഥനാവുകയും ഇതിനെ അതീവ ഗൗരവത്തോടെ കാണുകയും ചെയ്തു. അങ്ങനെ അവൻ ഈജിപ്തിലെ എല്ലാ പട്ടണങ്ങളിലേക്കും ജനങ്ങളെ ഒരുമിച്ചുകൂട്ടാൻ ആളുകളെ അയച്ചു; അല്ലാഹു ഉദ്ദേശിച്ച ഒരു കാര്യം നടപ്പിലാക്കാൻ വേണ്ടിയായിരുന്നു അത്. ഒടുവിൽ ഫിർഔൻ തന്റെ സൈന്യത്തെ മുഴുവൻ ശേഖരിച്ച്, മൂസാ عليه السلام യുടെയും കൂട്ടരുടെയും പിന്നാലെ ചെങ്കടലിന്റെ ദിശ ലക്ഷ്യമാക്കി പുറപ്പെട്ടു.

فَلَمَّا تَرَٰٓءَا ٱلْجَمْعَانِ قَالَ أَصْحَٰبُ مُوسَىٰٓ إِنَّا لَمُدْرَكُونَ

അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്‌. (ഖുർആൻ:26/61)

‘ഇതാ, നമ്മുടെ മുന്നിൽ കടലാണ്, നമ്മൾ ഇതിലേക്ക് ഇറങ്ങിയാൽ മുങ്ങിമരിക്കും; നമ്മുടെ തൊട്ടുപിന്നിൽ ഫിർഔനും അവന്റെ സൈന്യവുമുണ്ട്, നമ്മൾ ഇവിടെത്തന്നെ നിന്നാൽ അവർ നമ്മളെ പിടികൂടുകയും ചെയ്യും’ എന്ന് ബനൂ ഇസ്രായീലുകാർ വിളിച്ചുപറഞ്ഞു. അപ്പോൾ മൂസാ عليه السلام പ്രതികരിച്ചു:

قَالَ كـَلَّآ ۖ إِنَّ مَعِىَ رَبِّى سَيَهْدِينِ

അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട് അവന്‍ എനിക്ക് വഴി കാണിച്ചുതരും. (ഖുർആൻ:26/62)

അങ്ങനെ മൂസാ عليه السلام കടൽക്കരയിൽ എത്തിയപ്പോൾ, തന്റെ വടികൊണ്ട് കടലിൽ അടിക്കാൻ അല്ലാഹു അദ്ദേഹത്തോട് കൽപ്പിച്ചു. അദ്ദേഹം അടിച്ചപ്പോൾ കടൽ പന്ത്രണ്ട് വഴികളായി പിളർന്നു! ഈ വഴികൾക്കിടയിലെ ഒഴുകുന്ന വെള്ളം വലിയ മലകൾ പോലെ (ഇരുവശങ്ങളിലും) ഉറച്ചുനിന്നു. ഒടുവിൽ മൂസാ عليه السلام യും അദ്ദേഹത്തിന്റെ ജനങ്ങളും പൂർണ്ണമായി കടൽ കടന്ന് പുറത്തെത്തുകയും, ഫിർഔനും അവന്റെ സൈന്യവും പൂർണ്ണമായി ആ വഴികൾക്കുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തപ്പോൾ, കടലിനോട് അതിന്റെ പഴയ അവസ്ഥയിലേക്ക് മടങ്ങാൻ അല്ലാഹു കൽപ്പിച്ചു. അങ്ങനെ കടൽ ഫിർഔന്റെയും അവന്റെ സൈന്യത്തിന്റെയും മേൽ മൂടുകയും, അവരെല്ലാവരും മുങ്ങിമരിച്ചവരുടെ കൂട്ടത്തിലാവുകയും ചെയ്തു.

ഈ ചരിത്രത്തിലുള്ള ഗുണപാഠങ്ങളിലേക്കും ദൃഷ്ടാന്തങ്ങളിലേക്കും നോക്കുക. മൂസാ عليه السلام .യെ ഭയന്ന് ഫിർഔൻ ബനൂഇസ്രായീലിലെ ആൺകുട്ടികളെയെല്ലാം കൊന്നൊടുക്കുകയായിരുന്നു; എന്നിട്ടും അതേ മൂസാ വളർന്നത് ഫിർഔന്റെ സ്വന്തം കൊട്ടാരത്തിലും അവന്റെ ഭാര്യയുടെ മടിത്തട്ടിലുമായിരുന്നു! മൂസാ عليه السلام ഈ  സ്വേച്ഛാധിപതിയെ നേരിട്ടത് എങ്ങനെയെന്ന് നോക്കൂ; ‘തീർച്ചയായും നിങ്ങളുടെ റബ്ബ് പ്രപഞ്ചനാഥനായ അല്ലാഹു മാത്രമാണ്’ എന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ചുകൊണ്ട് സത്യം പരസ്യമായി വിളിച്ചുപറഞ്ഞു, അങ്ങനെ അല്ലാഹു അദ്ദേഹത്തെ അവനിൽ നിന്ന് രക്ഷിക്കുകയും ചെയ്തു! അല്ലാഹുവിന്റെ കഴിവുകൊണ്ട് ഒഴുകുന്ന വെള്ളം എങ്ങനെയാണ് പർവ്വതങ്ങളെപ്പോലെ ഉറച്ചുനിന്നതെന്നും, ആ വഴി ചെളിയോ വഴുക്കലോ ഇല്ലാത്ത ഉണങ്ങിയ പാതയായി മാറിയതെന്നും നോക്കൂ! ആ സ്വേച്ഛാധിപതിയെ, അവൻ എന്തിനെക്കുറിച്ചാണോ അഹങ്കരിച്ചിരുന്നത്, അതിലൂടെത്തന്നെ അല്ലാഹു എങ്ങനെയാണ് നശിപ്പിച്ചതെന്ന് നോക്കൂ; തന്റെ കൊട്ടാരത്തിന് താഴെക്കൂടി ഒഴുകുന്ന അരുവികളെക്കുറിച്ചായിരുന്നു അവൻ അഹങ്കരിച്ചിരുന്നത്, ഒടുവിൽ വെള്ളത്താൽ തന്നെ അവൻ നശിപ്പിക്കപ്പെടുകയും ചെയ്തു!

തീർച്ചയായും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവന്റെ സൃഷ്ടികളിൽ വെളിപ്പെടുന്നത് വലിയൊരു അനുഗ്രഹമാണ്; അതിന് അല്ലാഹുവിന് സ്തുതിയും നന്ദിയും  അർപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ആ ദൃഷ്ടാന്തങ്ങൾ അല്ലാഹുവിന്റെ വലിയ്യുകൾക്കും  അവന്റെ പക്ഷത്തുള്ളവർക്കും വിജയം നൽകുന്നതിലും, പിശാചിന്റെ മിത്രങ്ങളെയും അവന്റെ കൂട്ടാളികളെയും തകർത്തു തരിപ്പണമാക്കുന്നതിലുമാകുമ്പോൾ. അതുകൊണ്ടുതന്നെ, മുഹമ്മദ് നബി ﷺ മദീനയിൽ വന്നപ്പോൾ യഹൂദികൾ ഈ മാസത്തിലെ –  അതായത് മുഹറം മാസത്തിലെ – പത്താം ദിവസം നോമ്പെടുക്കുന്നതായി അദ്ദേഹം കണ്ടു.

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا ؟ قَالُوا : هَذَا يَوْمٌ صَالِحٌ ، هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى، قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ ”

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനംനബി ﷺ മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്തിന് (ആശൂറാഅ്) നോമ്പെടുക്കുന്നതായികണ്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇതെന്ത് ദിവസമാണ് ? അവര്‍ പറഞ്ഞു: ഇതൊരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവരുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോള്‍ നബി ﷺ പറഞ്ഞു: മൂസയെ നിങ്ങളെക്കാള്‍ അര്‍ഹിക്കുന്നത് ഞാനാണ്. അദ്ദേഹം ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോമ്പ് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു. ( ബുഖാരി: 1865)

ആശൂറാഅ് നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ നബി ﷺ പറഞ്ഞു:

وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ

ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.(മുസ്‌ലിം: 1162)

അതിനാൽ, ഒരു മുസ്ലിം മുഹറം 10 നും (ആശൂറാഅ്) 9 നും (താസൂആഅ്) നോമ്പനുഷ്ഠിക്കേണ്ടതുണ്ട്. ഈ നോമ്പിന്റെ മഹത്വം കൈവരിക്കുന്നതിനും, അതോടൊപ്പം യഹൂദന്മാരോട് വിയോജിക്കുക (അവരിൽ നിന്ന് വ്യതിരിക്തരാവുക) എന്ന നബി ﷺ കൽപ്പിച്ച കാര്യം നടപ്പിലാക്കുന്നതിനും വേണ്ടിയാണത്.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *