അനുഗ്രഹങ്ങളോടുള്ള വ്യത്യസ്ത സമീപനങ്ങൾ

പിശാചിന്റെ ഉപദ്രവവുമായി ബന്ധപ്പെട്ട് മൂന്നുതരം ഹൃദയങ്ങളെ കുറിച്ച് ഇബ്‌നുൽക്വയ്യിം വിശദീകരിക്കുന്നു:

ഹൃദയങ്ങൾ മൂന്ന് തരത്തിലാണ്:

1. അതിൽ ആദ്യത്തെത് വിശ്വാസവും നന്മയുമില്ലാത്ത ഇരുളടഞ്ഞ ഹൃദയമാണ്. അതിലേക്ക് പ്രത്യേകമായി ദുർബോധനം നടത്തേണ്ട ആവശ്യമില്ല എന്നതിനാൽ പിശാച് അതിൽ വിശ്രമം കണ്ടെത്തി. കാരണം അവൻ അതിനെ തന്റെ വീടും സ്വദേശവുമായി സ്വീകരിച്ചു. താൻ ആഗ്രഹിക്കുന്നതുപോലെ അതിനെ നിയന്ത്രിക്കുകയും അതിന്മേൽ പൂർണനിയന്ത്രണം സ്ഥാപിക്കുകയും ചെയ്തു.

2. രണ്ടാമത്തെ ഹൃദയം: വിശ്വാസത്തിന്റെ വെളിച്ചത്താൽ പ്രകാശിപ്പിക്കപ്പെട്ട ഹൃദയമാണ്; അതിന്റെയുള്ളിൽ വിളക്ക് കത്തിച്ചുവെച്ചിട്ടുണ്ട്; എന്നാൽ അതിന്മേൽ ദേഹേച്ഛകളുടെ അന്ധകാരവും തന്നിഷ്ടങ്ങളുടെ കൊടുങ്കാറ്റുകളുമുണ്ട്. പിശാചിന് അവിടെ സമീപിക്കാനും പിൻവാങ്ങാനും അവസരമുണ്ട്; പോരാട്ടങ്ങൾക്കും പ്രതീക്ഷകൾക്കും വകയുണ്ട്. അതിനാൽ നിയന്ത്രണം നേടാനുള്ള പോരാട്ടം രൂക്ഷമാവുകയും അത് തുടർന്നുകൊണ്ടേയിരിക്കുകയും ചെയ്യും. ഈ തരത്തിലുള്ള ഹൃദയം മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ്. ചില സമയങ്ങളിൽ അവൻ ശത്രുവിനെ പരാജയപ്പെടുത്തുന്നതിൽ വിജയിക്കുമ്പോൾ മറ്റു ചിലപ്പോൾ ശത്രു കൂടുതൽ നേരം അവനെ കീഴടക്കുന്നു. ചിലപ്പോൾ വിജയപരാജയങ്ങൾ തുല്യമായ നിലക്കാണ് (ഒരു യുദ്ധത്തിൽ വിജയിക്കുകയും മറ്റൊന്ന് തോൽക്കുകയും ചെയ്യുന്നു).

3. മൂന്നാമത്തെ ഹൃദയം വിശ്വാസത്താൽ നിറഞ്ഞിരിക്കുന്ന ഹൃദയമാണ്. ഈമാനിന്റെ പ്രകാശത്താൽ അത് പ്രകാശിതമാകുന്നു. അതിൽനിന്ന് ദേഹേച്ഛകളുടെ മൂടുപടങ്ങൾ നീക്കിയിരിക്കുന്നു. അതിന്റെ ഭാഗമായുള്ള ഇരുട്ടുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അവന്റെ ഹൃദയത്തിലെ പ്രകാശത്തിന് ഒരു തിളക്കമുണ്ട്, ആ തിളക്കം ഒരു ജ്വലനമാണ്. ദുർമന്ത്രണം നടത്തുന്ന പിശാച് അതിനടുത്തെത്തിയാൽ, അവൻ അവിടെ കത്തിയെരിയും. നക്ഷത്രങ്ങൾ കാവൽ നിൽക്കുന്ന ആകാശം പോലെയാണത്; അതിനെ മറികടക്കാൻ പിശാച് അതിനടുത്തെത്തിയാൽ, അവൻ ഒരു ഉൽക്കകൊണ്ട് എറിഞ്ഞ് കത്തിക്കപ്പെടും.

അല്ലാഹുവിനെ കണ്ടുമുട്ടുന്ന നിഷ്‌കളങ്കമായ ഈ ഹൃദയത്തിൽ സർവശക്തനായ അല്ലാഹുവല്ലാതെ മറ്റൊന്നും ഇല്ല. ഹൃദയങ്ങളിൽ ഏറ്റവും മികച്ച ഹൃദയമാണത്. ഹൃദയം കുറ്റമറ്റതായാൽ മാത്രമെ ശരീരം കുറ്റമറ്റതാകൂ. അതുകൊണ്ട് തന്നെയാണ് അത് ക്വുർആനിൽ പ്രത്യേകം പരാമർശിക്കപ്പെടുന്നത്:

وَإِنَّ مِن شِيعَتِهِۦ لَإِبْرَٰهِيمَ ‎﴿٨٣﴾‏ إِذْ جَآءَ رَبَّهُۥ بِقَلْبٍ سَلِيمٍ ‎﴿٨٤﴾

തീർച്ചയായും അദ്ദേഹത്തിന്റെ (നൂഹ് നബിയുടെ) കക്ഷികളിൽ പെട്ട ആൾ തന്നെയാകുന്നു ഇബ്‌റാഹീം. നിഷ്‌കളങ്കമായ ഹൃദയത്തോടുകൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കൽ വന്ന സന്ദർഭം (ശ്രദ്ധേയമാകുന്നു) (ഖുർആൻ:37/83-84)

ഒരിക്കലും വിശ്വാസിയെക്കാൾ പവിത്രമല്ല ആകാശം. അതുകൊണ്ട് തന്നെ, ആകാശത്തിന്റെ സംരക്ഷണത്തെക്കാൾ സമ്പൂർണമായിട്ടാണ് വിശ്വാസിയെ അല്ലാഹു സംരക്ഷിക്കുന്നത്. ആകാശം മലക്കുകളുടെ ആരാധനാസ്ഥലവും വഹ്‌‌യിന്റെ (ദിവ്യബോധനത്തിന്റെ) കലവറയുമാണ്. കീഴ്‌വണക്കത്തിന്റെ പ്രകാശവും അതിലുണ്ട്.

വിശ്വാസിയുടെ ഹൃദയം തൗഹീദ് (ഏകദൈവ വിശ്വാസം), സ്‌നേഹം, അറിവ്, ഈമാൻ എന്നിവയുടെ കലവറയാണ്. അതിന്റെ വെളിച്ചങ്ങൾ അതിൽ വസിക്കുന്നു. അതിനാൽ, ശത്രുവിന്റെ ആക്രമണങ്ങളിൽ നിന്ന് അതിന് കാവലേർപ്പെടുത്തുകയും അതിനെ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഏറെ അനിവാര്യമാണ്. അപ്രതീക്ഷിതമായ ഒരു അക്രമണത്തിലൂടെയോ അശ്രദ്ധയുടെ ഒരു നിമിഷത്തിലോ അല്ലാതെ അതിൽ നിന്നും ഒന്നും തട്ടിയെടുക്കാൻ ശത്രുവിന് സാധിക്കുകയില്ല.

മൂന്ന് വീടുകളുടെ ഉപമയാണ് ഇത് ചിത്രീകരിക്കാൻ ഏറ്റവും ഉത്തമം:

1. ഒരു രാജാവിന്റെ വീട്: അതിൽ അദ്ദേഹത്തിന്റെ നിധികളും സമ്പത്തും ആഭരണങ്ങളും സൂക്ഷിക്കുന്നു.

2. ഒരു അടിമയുടെ വീട്: അതിൽ ആ അടിമയുടെ നിധികളും സമ്പത്തും, ആഭരണങ്ങളും ഉണ്ട്; പക്ഷേ, രാജാവിന്റെയത്ര ആഭരണങ്ങളോ നിധികളോ ഇല്ല.

3. ഇതൊന്നുമില്ലാത്ത പൂർണമായും ശൂന്യമായ ഒരു വീട്.

ഇതിൽപ്പെട്ട ഒരു വീട്ടിൽ ഒരു കള്ളൻ മോഷ്ടിക്കാൻ വരുന്നു. അപ്പോൾ അവൻ ഏതു വീട്ടിൽ നിന്നാകും മോഷ്ടിക്കുക?

ഒഴിഞ്ഞ വീട്ടിൽ നിന്നാണെന്ന് നിങ്ങൾ പറയുകയാണെങ്കിൽ അത് അസാധ്യമാണ്. കാരണം, ഒഴിഞ്ഞ വീട്ടിൽ നിന്ന് മോഷ്ടിക്കാൻ ഒന്നുമില്ല. അതുകൊണ്ടാണ് തങ്ങളുടെ പ്രാർഥനയിൽ പിശാച് ദുർബോധനം (വസ്‌വാസ്) നടത്താറില്ലെന്ന് ജൂതന്മാർ അവകാശപ്പെടുന്നതായി ഇബ്‌നു അബ്ബാസിനോട് പറഞ്ഞപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്: ‘നശിച്ച ഹൃദയത്തിൽ പിശാച് എന്തുചെയ്യാനാണ്?’

‘അവൻ രാജാവിന്റെ കൊട്ടാരത്തിൽനിന്ന് മോഷ്ടിക്കും’ എന്ന് നിങ്ങൾ പറയുകയാണെങ്കിൽ അതും തീർത്തും അസാധ്യമായിരിക്കും. കാരണം, കള്ളന് സമീപിക്കാൻ കഴിയാത്തവിധം കാവൽക്കാരും സുരക്ഷാ സംവിധാനങ്ങളും അവിടെയുണ്ട്. രാജാവുതന്നെ സ്വയം കാവൽക്കാരനായിരിക്കുമ്പോൾ പറയേണ്ടതില്ലല്ലോ! ഇത്രയധികം കാവൽക്കാരും സൈന്യവും ചുറ്റും നിൽക്കുമ്പോൾ ഒരു കള്ളന് എങ്ങനെ അതിലേക്ക് അടുക്കാൻ സാധിക്കും?

അപ്പോൾ, കള്ളന് ബാക്കിയുള്ള ഒരേയൊരു സ്ഥലം അടിമയുടെ വീടാണ്. അവൻ ആക്രമണത്തിനു തെരഞ്ഞെടുക്കുന്നത് ആ വീടായിരിക്കും.

അതിനാൽ, ജ്ഞാനിയായ ഒരു മനുഷ്യൻ ഈ ഉദാഹരണത്തെക്കുറിച്ച് യാഥാർഥ്യബോധത്തോടെ ചിന്തിക്കട്ടെ. അവൻ ഈ ഉദാഹരണത്തെ ഹൃദയങ്ങളിലേക്ക് പ്രയോഗിക്കുകയും ചെയ്യട്ടെ. കാരണം ഈ പറഞ്ഞ മൂന്നു വീടുകളും ഹൃദയത്തിന്റെ അതേ രൂപത്തിലാണ്.

ഒരു നന്മയുമില്ലാത്ത, അവിശ്വാസിയുടെയും കപടവിശ്വാസിയുടെയും ഹൃദയം പിശാചിന്റെ ഭവനമാണ്. അവൻ അതിനെ തനിക്കായി സുരക്ഷിതമാക്കി, അതിൽ സ്ഥിരതാമസമാക്കി, തന്റെ വാസസ്ഥലവും കലവറയുമാക്കി. അവന്റെ നിധികളും, കരുതൽ ശേഖരങ്ങളും സംശയങ്ങളും ഭാവനകളും മന്ത്രിക്കലുകളും എല്ലാം അതിൽ ഉള്ളപ്പോൾ അവന് അതിൽനിന്ന് ഇനി എന്താണ് മോഷ്ടിക്കാനുള്ളത്?

അല്ലാഹുവിന്റെ മഹത്ത്വം, സ്‌നേഹം, അവബോധം, അവനിൽനിന്നുള്ള ലജ്ജ എന്നിവയാൽ നിറഞ്ഞ ഒരു ഹൃദയത്തെ ആക്രമിക്കാൻ ഏത് പിശാചാണ് ധൈര്യപ്പെടുക? അതിൽനിന്ന് എന്തെങ്കിലും മോഷ്ടിക്കാൻ അവൻ ഉദ്ദേശിച്ചാലും, അവന് എന്താണ് മോഷ്ടിക്കാൻ കഴിയുക? അവന്റെ ആത്യന്തിക ലക്ഷ്യം അടിമയുടെ അജ്ഞതയുടെയും അനിവാര്യമായ അശ്രദ്ധയുടെയും നിമിഷങ്ങളിൽ എന്തെങ്കിലും തട്ടിയെടുക്കുക എന്നതാണ്. കാരണം അവനും ഒരു മനുഷ്യനാണ്. അശ്രദ്ധ, മറവി, ആശയക്കുഴപ്പം, മനു ഷ്യപ്രകൃതിയുടെ പ്രലോഭനം തുടങ്ങിയ മനുഷ്യത്വപരമായ സ്വഭാവങ്ങൾ അവനും ബാധകമാണ്.

അല്ലാഹുവിന്റെ തൗഹീദ്, അവനെക്കുറിച്ചുള്ള അറിവ്, അവനോടുള്ള സ്‌നേഹം, അവനിലുള്ള വിശ്വാസം, അവന്റെ വാഗ്ദാനത്തിലും താക്കീതുകളിലുമുള്ള വിശ്വാസം എന്നിവ ഉൾക്കൊള്ളുന്ന ഹൃദയം. അതോടോപ്പം മനസ്സിന്റെ ഇച്ഛകളും അതിന്റെ സവിശേഷതകളും വികാരത്തിന്റെയും മനുഷ്യപ്രകൃതിയുടെയും പ്രലോഭനങ്ങളും ഈ ഹൃദയം ഉൾക്കൊള്ളുന്നുണ്ട്.

ഈ രണ്ട് വിളികൾക്കിടയിലാണ് ഈ ഹൃദയം. ചിലപ്പോൾ വിശ്വാസം, അറിവ്, അല്ലാഹുവിനോടുള്ള സ്‌നേഹം, ആത്മാർഥമായി അവനോടുള്ള ആഗ്രഹം എന്നിവയുടെ വിളി ഹൃദയത്തെ അങ്ങോട്ടേക്ക് ചായ്‌വുള്ളതാക്കുന്നു. മറ്റു ചിലപ്പോൾ, വികാരത്തിന്റെയും പിശാചിന്റെയും മനുഷ്യപ്രകൃതിയുടെയും വിളി ഇങ്ങോട്ടേക്ക് ചായ്‌വുള്ളതാക്കുന്നു.

ഈ ഹൃദയമാണ് പിശാചിന്റെ ലക്ഷ്യം. അതിൽ അവന് സ്ഥാനങ്ങളും സ്വാധീനങ്ങളുമുണ്ട്. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് വിജയം നൽകുന്നു:

وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ

(സാക്ഷാൽ) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കൽ നിന്നുമാത്രമാകുന്നു. (ഖുർആൻ:3/126)

തന്റെ കൈവശമുള്ള ആയുധങ്ങൾ കൊണ്ടല്ലാതെ പിശാചിന് ഈ ഹൃദയത്തെ നിയന്ത്രിക്കാൻ സാധ്യമല്ല. പിശാച് അതിൽ പ്രവേശിച്ച് അവിടെ തന്റെ ആയുധം കണ്ടെത്തുകയും അത് എടുക്കുകയും അതുപയോഗിച്ച് പോരാടുകയും ചെയ്യും. കാരണം, അവന്റെ ആയുധങ്ങൾ ഹൃദയത്തിലെ ഇച്ഛകൾ, ആശയക്കുഴപ്പങ്ങൾ, ഭാവനകൾ, വ്യാമോഹങ്ങൾ എന്നിവയാണ്. പിശാച് ആ ഹൃദയത്തിലേക്ക് പ്രവേശിച്ച് അവയെ കണ്ടെത്തുകയും അവയെ എടുക്കുകയും അവ ഉപയോഗിച്ച് ഹൃദയത്തെ ആക്രമിക്കുകയും ചെയ്യുന്നു. ഈ ആയുധങ്ങളെ ചെറുക്കാനും അവയെ മറികടക്കാനും ഒരു ദാസന് വിശ്വാസത്തിന്റെ ശക്തമായ പ്രതിരോധമുണ്ടെങ്കിൽ, അവന് പിശാചിനെ തടയാൻ സാധിക്കും. അല്ലാത്തപക്ഷം നിയന്ത്രണം അവന്റെ ശത്രുവിനായിരിക്കും. ഉന്നതനും മഹാനുമായ അല്ലാഹുവിനല്ലാതെ മറ്റൊരു കഴിവും ശക്തിയും ഇല്ല.

ഒരു ദാസൻ തന്റെ ശത്രുവിന് അനുവാദം നൽകുകയും തന്റെ വീടിന്റെ വാതിൽ ശത്രുവിന് തുറന്നുകൊടുക്കുകയും അവനെ അകത്തേക്ക് കടത്തിവിടുകയും യുദ്ധം ചെയ്യാൻ ആയുധങ്ങൾ നൽകുകയും ചെയ്താൽ, അവൻതന്നെയാണ് കുറ്റക്കാരൻ. ഒരുകവി പറഞ്ഞത് പോലെ:

‘അതിനാൽ നീ നിന്നെത്തന്നെ കുറ്റപ്പെടുത്തുക,
(യുദ്ധ)വാഹനത്തെ കുറ്റപ്പെടുത്തേണ്ടതില്ല.
വേദനകൾ മറച്ചുവച്ചുകൊണ്ട് മരിക്കുക,
കാരണം, നിനക്ക് യാതൊരു ഒഴികഴിവുമില്ല.’

 

(ഇമാം ഇബ്‌നുൽ ക്വയ്യിമിന്റ ‘അൽ വാബിലുസ്സയ്യിബ്’ എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ആശയ വിവർത്തനം. അതിന്റെ വിശദീകരണത്തിൽനിന്നുള്ള ചില ഭാഗങ്ങളും ചേർത്തിട്ടുണ്ട്)

വിവര്‍ത്തനം: മുഹമ്മദ് സിയാദ് കണ്ണൂർ

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *