മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണം?

ചോദ്യം: മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് കാരണം അവരുടെ മതമാണെന്നും മതം നിരസിച്ചു ജീവിച്ച പാശ്ചാത്യർ നാഗരികതയിലും സുഭിക്ഷതയിലും മുന്നിലാണെന്നും അതിനാൽ മതനിരാസമാണ് പുരോഗതിക്ക് കാരണമെന്നും പറയാമോ?

ഉത്തരം: വിശ്വാസ ദൗർബല്യവും ചരിത്രത്തെപ്പറ്റിയുമുള്ള അജ്ഞതയുമാണ് ഈ സംശയത്തിന് കാരണം. മുസ്‌ലിം സമൂഹം ആദ്യകാലത്ത് അവരുടെ മതനിഷ്ഠ പൂർണമായും പാലിച്ചു ജീവിച്ചപ്പോൾ ജീവിതത്തിന്റെ നിഖില മേഖലകളിലും അവർക്കു പ്രതാപവും ഔന്നിത്യവും ലഭിച്ചിട്ടുണ്ടായിരുന്നു. പാശ്ചാത്യർക്ക് വിജ്ഞാന വെളിച്ചം ലഭിച്ചതുതന്നെ ആദ്യകാല മുസ്‌ലിംകളിൽ നിന്നായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്.

ഈ സമുദായം പക്ഷേ, പിന്നീട് മതത്തിൽനിന്ന് പിന്നോട്ടു പോയി. മതത്തിലില്ലാത്ത പലതും വിശ്വാസത്തിലും വാക്കിലും പ്രവൃത്തിയിലും അവർ കെട്ടിച്ചമച്ചു. അത് അവരുടെ പിന്നാക്കത്തിന് ഹേതുവായിത്തീർന്നു. അല്ലാഹുവാണ് സാക്ഷി, നമുക്കുറപ്പായിട്ടും പറയാം; മുസ്‌ലിംകൾ അവരുടെ മതത്തിലേക്ക് യഥാവിധം മടങ്ങിയാൽ ആ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കഴിയും.

പ്രവാചക കാലത്ത് റോമാ സാമ്രാജ്യം ഏറ്റവും വലിയ ശക്തിയായിരുന്നു. അവരുടെ രാജാവായ ഹെറാക്ലീസ് നബിﷺയുടെ അക്കാലത്തെ കഠിന ശത്രുവായിരുന്ന അബൂസുഫ്‌യാനോട് പറഞ്ഞത് കാണുക:

‘താങ്കൾ പറഞ്ഞത് ശരിയാണെങ്കിൽ അദ്ദേഹം (മുഹമ്മദ്) പ്രവാചകൻ തന്നെയാണ്… അദ്ദേഹത്തിന്റെ അംഗീകാരം എന്റെ കാലടിവരെ (ശാം രാജ്യങ്ങൾ) എത്തുമെന്നുറപ്പാണ്.’

അബൂസുഫ്‌യാൻ പിന്നീട് പറഞ്ഞു:

‘ഇബ്‌നു അബീകയുടെ (മുഹമ്മദ് നബിﷺയെ ശത്രുക്കൾ പരിഹസിച്ചു വിളിച്ച പേര്) നിലപാട് ശക്തികൂടി വരികതന്നെയാണ്. ബനൂ അസ്വ‌്ഫറിലെ രാജാവ് (റോമൻ ചക്രവർത്തി) പോലും അവനെ പേടിക്കുന്നുണ്ട് (ബുഖാരി, മുസ്‌ലിം)

മറ്റൊന്ന്, പാശ്ചാത്യനാടുകളിലെ സമൃദ്ധിയും പുരോഗതിയും മതനിരാസം മൂലമുണ്ടായതല്ല. ഇസ്‌ലാം സമൃദ്ധിയെയും പുരോഗതിയെയും ഒരിക്കലും തടസ്സപ്പെടുത്തിയിട്ടില്ല. പക്ഷേ, നാം നമ്മുടെ ബാധ്യത യഥാവിധി നിർവഹിക്കുന്നില്ലെന്നതാണ് പ്രശ്‌നം. നാം ദീനിനെയും ദുൻയാവിനെയും നഷ്ടപ്പെടുത്തുകയാണ്. അല്ലാഹു പറയുന്നത് കാണുക:

 وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ

അവർക്കുവേണ്ടി നിങ്ങൾ കഴിയുംവിധം ശക്തി സംഭരിക്കുക …… (ഖു൪ആന്‍:8/60)

വൈജ്ഞാനിക രംഗത്തും വ്യാവസായിക രംഗത്തും തുടങ്ങിയ വിവിധ മേഖലകളിൽ ശക്തിനേടാനുള്ള കൽപനയാണിത് എന്ന് ഇമാം സഅ്ദി رحمه الله ഈ സൂക്തത്തെ വ്യാഖ്യാനിച്ചപ്പോൾ വിവരിച്ചിട്ടുണ്ട്.

هُوَ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ ذَلُولًا فَٱمْشُوا۟ فِى مَنَاكِبِهَا وَكُلُوا۟ مِن رِّزْقِهِۦ ۖ وَإِلَيْهِ ٱلنُّشُورُ

അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്‍റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്‍റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്‌. (ഖു൪ആന്‍:67/15)

هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًا

അവനാണ് നിങ്ങൾക്കുവേണ്ടി ഭുമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്. (ഖു൪ആന്‍:2/29)

وَفِى ٱلْأَرْضِ قِطَعٌ مُّتَجَٰوِرَٰتٌ

ഭൂമിയിൽ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. (ഖു൪ആന്‍:13/4)

ഇപ്രകാരമുള്ള ക്വുർആൻ വചനങ്ങൾ മനുഷ്യനോട് ഭൂമിയെ പ്രയോജനപ്പെടുത്താനും നമ്മൾ നേടാനും പ്രവർത്തിക്കാനും വ്യക്തമായി ആഹ്വാനം ചെയ്യുന്നുണ്ട്. അത് പക്ഷേ, മതത്തിന്റെ കണക്കിലല്ല എന്നു മാത്രം.

എന്നാൽ കേവല ഭൗതികതയിൽ മാത്രം ജീവിക്കുന്നവർക്ക് മതമില്ല. അവർ നേടുന്ന പുരോഗതികളും സുഭിക്ഷതയും പരീക്ഷണമാണ്. ഇസ്‌ലാമിക വീക്ഷണത്തിൽ അത്തരം സുഖസമൃദ്ധികൾ കാരുണ്യവാനായ അല്ലാഹു അവർക്കു മുൻകൂട്ടി നൽകിയതാണ്. പരലോകത്ത് ഒരോഹരിയും അവർക്ക് ബാക്കിയുണ്ടാവുകയില്ല.

നബിﷺ കിടന്നെഴുന്നേറ്റ സമയത്ത് ശരീരത്തിൽ ഓലപ്പായയുടെ പാടുകൾ കണ്ടപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ കരഞ്ഞുപോയി. അദ്ദേഹം പറഞ്ഞു: ”നബിയേ, പേർഷ്യക്കാരും റോമക്കാരും എത്രയോ വലിയ സുഖസമൃദ്ധിയിലാണ് ജീവിക്കുന്നത്. താങ്കളുടെ സ്ഥിതി ഇതാണല്ലോ!’’ നബി ﷺ പറഞ്ഞു: “നിനക്കും സംശയമാണോ ഉമർ? തങ്ങൾക്കുള്ള സുഖങ്ങളെല്ലാം ഈ ലോകത്തുതന്നെ നൽകപ്പെട്ടവരാണവർ’’ (ബുഖാരി)

അതു മാത്രമല്ല, ക്ഷാമം, മഹാമാരികൾ, ഭൂകമ്പം, സർവനാശിയായ കൊടുങ്കാറ്റുകൾ എന്നിവ അവർക്കും ബാധിക്കുന്നുണ്ട് താനും.

പിന്നീട് ചോദ്യകർത്താവിനോട് പറയാനുള്ളത് അപകർഷതാബോധം ഉപേക്ഷിക്കുക എന്നതാണ്. അനുഭവ യാഥാർഥ്യങ്ങളെപ്പറ്റിയുള്ള ധാരണക്കുറവാണ് ഈ ചോദ്യത്തിന്റെ പ്രേരണ. സ്രഷ്ടാവായ റബ്ബിന്റെ മതമെ അന്തിമമായി വിജയിക്കുകയുള്ളൂ. നാം ആ മതത്തിലേക്ക് പൂർണമായും മടങ്ങണം. മതനിരാസമുള്ളവർക്ക് ദുഃഖങ്ങളും സംഘർഷങ്ങളും കെടുതികളും ഇല്ല എന്ന ധാരണ തെറ്റാണ്. സമൃദ്ധി, സുഖം എന്നിവയൊക്കെ പരീക്ഷണങ്ങൾ മാത്രമാണ്. അല്ലാഹു സന്മാർഗത്തിൽ ജീവിക്കാൻ സാധിപ്പിച്ചു തരുമാറാകട്ടെ.

 

വിവര്‍ത്തനം : കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *