ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെ രീതിശാസ്ത്രം

പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തങ്ങളില്‍ (മുഅ്ജിസത്തുകളില്‍) വെച്ച് ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വിശുദ്ധ ക്വുര്‍ആന്‍. അതിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട് എന്നത് അതിന്റെ സവിശേഷതയാണ്. ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുവാനും ആലോചിക്കുവാനും അല്ലാഹു മാനവരാശിയോട് ക്വുര്‍ആനിലുടെ ആവശ്യപ്പെടുകയും അതിന് മുതിരാത്തവരെ താക്കീത് ചെയ്യുകയും ചെയ്യുന്നുണ്ട്. ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കണമെങ്കില്‍ എന്താണ് ക്വുര്‍ആന്‍ പറയുന്നത് എന്ന് നമുക്ക് മനസ്സിലാകണം. ഇവിടെയാണ് അതിന്റെ വിവരണത്തിന്റെ (തഫ്‌സീര്‍) അനിവാര്യത നമുക്ക് ബോധ്യമാകുന്നത്.

 

‘തഫ്‌സീര്‍’ എന്ന പദത്തിന്റെ ഭാഷാര്‍ഥം വെളിവാക്കുക, മറനീക്കുക എന്നെല്ലാമാണ്. എന്നാല്‍, സാങ്കേതികമായി അതുകൊണ്ട് ഉദ്ദേശിക്കുന്നത് ‘വിശുദ്ധ ക്വുര്‍ആനിന്റെ അര്‍ഥവും ആശയവും മനസ്സിലാക്കുവാനും അതിലെ വിധിവിലക്കുകള്‍, നിയമങ്ങള്‍, തത്ത്വങ്ങള്‍ തുടങ്ങിയവ അറിയുവാനും സഹായിക്കുന്ന വിജ്ഞാനശാഖ’ എന്നതാണ്.

 

തഫ്‌സീറിന്റെ ചരിത്രം

 

വിശുദ്ധ ക്വുര്‍ആനിനോടൊപ്പം തന്നെ അതിന്റെ തഫ്‌സീറിന്റെയും ചരിത്രം തുടങ്ങുകയാണ്. അറബികള്‍ക്ക് ക്വുര്‍ആന്‍ അവരുടെ ഭാഷയിലായതിനാല്‍ ക്വുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ അത് കേള്‍ക്കുന്ന മാത്രയില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. അതിനാല്‍ അത് അവരുടെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. ഇനി അറബികളായാലും അറബിഭാഷ പഠിച്ച അനറബികളായാലും അവര്‍ക്ക് സ്വമേധയാ മനസ്സിലാക്കാന്‍ പറ്റാത്ത അനവധി കാര്യങ്ങള്‍ ക്വുര്‍ആനിലുണ്ട്. അവിടെ തഫ്‌സീറിന്റെ സഹായം അനിവാര്യമത്രെ. അപ്പോള്‍ ആരാണ് ക്വുര്‍ആനിന്റെ തഫ്‌സീര്‍ നിര്‍വഹിക്കുക? ഒന്നാമതായി അല്ലാഹു തന്നെ എന്ന് പറയാം. പിന്നെ മുഹമ്മദ് നബി ﷺ . പിന്നെ നബി ﷺ യുടെ അനുചരന്മാര്‍ (സ്വഹാബികള്‍). സ്വഹാബികളില്‍ നിന്ന് ക്വുര്‍ആന്‍ പഠിച്ച താബിഉകളുടെ തഫ്‌സീറിനും വലിയ പ്രാധാന്യമാണുള്ളത്.

 

ക്വുര്‍ആന്‍ വ്യാഖ്യാന രീതി

 

ക്വുര്‍ആന്‍ വ്യാഖ്യാനത്തിന് ഒരു രീതിശാസ്ത്രമുണ്ട്. അത് തോന്നിയപോലെ കൈകാര്യം ചെയ്യാന്‍ പാടില്ല. അതിനെ വ്യാഖ്യാനിക്കുന്നവര്‍ക്കും (മുഫസ്സിറുകള്‍) ചില നിബന്ധനകളുണ്ട്. അതിലൊന്ന് അവരുടെ അക്വീദയുമായി(വിശ്വാസം) ബന്ധപ്പെട്ട വിഷയമാണ്. അഹ്‌ലുസ്സുന്നയുടെ അക്വീദയല്ലെങ്കില്‍ തങ്ങളുടെ നിരര്‍ത്ഥകമായ അക്വീദക്കനുസരിച്ച് അവര്‍ പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കും. അങ്ങനെ ജനങ്ങള്‍ വഴിതെറ്റാനിടയാവും.

 

രണ്ടാമത്തേത് മന്‍ഹജുമായി (മാര്‍ഗം) ബന്ധപ്പെട്ടതാണ്. തന്നിഷ്ടങ്ങള്‍ക്കും ദേഹേഛകള്‍ക്കും പ്രാധാന്യം കൊടുക്കുന്നവരാണെങ്കില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പിച്ച് പ്രമാണങ്ങളെ അവര്‍ വളച്ചൊടിക്കും. അപ്പോള്‍ അക്വീദയും മന്‍ഹജും നന്നായവരും ദേഹേഛകളില്‍ നിന്ന് അകന്നവരുമാകണം മുഫസ്സിറുകള്‍. ഇങ്ങനെ മുഫസ്സിറുകളുമായി ബന്ധപ്പെട്ട് പല നിബന്ധനകളും പണ്ഡിതന്‍മാര്‍ പറഞ്ഞത് കാണാം.

 

ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ട് വിശദീകരിക്കല്‍

 

പരിശുദ്ധ ക്വുര്‍ആനിലെ വിഷയാവതരണങ്ങള്‍ക്ക് വിവിധ ശൈലികള്‍ ഉണ്ട്; വസ്തുതകള്‍ ചുരുക്കിപ്പറയുക, വിശദമായി പറയുക, മൊത്തത്തില്‍ പറയുക, നിരുപാധികം പറയുക, സോപാധികം പറയുക എന്നിങ്ങനെ.

 

ഒരിടത്ത് ചുരുക്കിപ്പറഞ്ഞത് മറ്റൊരിടത്ത് വിശദമായി പറയും. ഒരിടത്ത് പൊതുവായി പറഞ്ഞത് മറ്റൊരിടത്ത് പ്രത്യേകമായി പറയും. ക്വുര്‍ആന്‍ പഠനം പൂര്‍ത്തിയാകണമെങ്കില്‍ അത് ആദ്യവസാനം പഠിക്കേണ്ടതുണ്ട് എന്ന് വ്യക്തം.

 

ക്വുര്‍ആനിന്റെ ക്വുര്‍ആന്‍ വിശദീകരണത്തിന് വൈവിധ്യമാര്‍ന്ന രൂപങ്ങളാണ് ഉള്ളത്:

 

1. വിശദീകരണം തൊട്ട് പിന്നാലെ വരുന്നത്: 

 

ഉദാഹരണമായി സൂറതുത്ത്വാരിക്വിലെ ‘ത്വാരിക്വ്’ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം തൊട്ടുതാഴെ പറഞ്ഞിരിക്കുന്നു. അത് ‘അന്നജ്മുസ്സാക്വിബ്’ ആണ് (തുളച്ച് കയറുന്ന നക്ഷത്രം).

 

وَٱلسَّمَآءِ وَٱلطَّارِقِ – وَمَآ أَدْرَىٰكَ مَا ٱلطَّارِقُ – ٱلنَّجْمُ ٱلثَّاقِبُ

 

ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം. രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്‌. (ഖു൪ആന്‍:86/1-3)

 

2. വിശദീകരണം തൊട്ടുതാഴെ വരാതെ വേറെ സ്ഥലങ്ങളില്‍ വരുന്നവ:

 

ഉദാഹരണം: സൂറതുല്‍ ഫാതിഹയിലെ ‘റബ്ബുല്‍ ആലമീന്‍’ എന്നതിലെ ‘ആലമീന്‍’ എന്ന പദത്തിന്റെ അര്‍ഥമെന്താണ്? അതിന്റെ വിശദീകരണം സൂറതുശ്ശുഅറാഇല്‍ നമുക്ക് കാണാം:

 

قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَٰلَمِينَ – قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ

 

ഫിര്‍ഔന്‍ പറഞ്ഞു: എന്താണ് ഈ ലോകരക്ഷിതാവ് എന്ന് പറയുന്നത്‌? അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാകുന്നു നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍. (ഖു൪ആന്‍:26/23-24)

 

അപ്പോള്‍, ‘ആലമീന്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആകാശങ്ങളും ഭൂമിയും അവയിലുള്ള സകല വസ്തുക്കളുമടങ്ങുന്ന; അല്ലാഹു അല്ലാത്ത ലോകം എന്നാണ്.

 

3. ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ട് നബി ﷺ  വവരിച്ചുതരുന്നവ:

 

ഉദാഹരണം: സൂറതുല്‍ അന്‍ആമിലെ 82ാം മത്തെ വചനം: 

 

ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَٰنَهُم بِظُلْمٍ أُو۟لَٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ

 

വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അക്രമം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖു൪ആന്‍:6/82)

 

ഇതില്‍ പറഞ്ഞ ‘അക്രമം’ എന്താണ്? നബി ﷺ  വിശദീകരിക്കുന്നത് കാണുക: 

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ لَمَّا نَزَلَتِ ‏{‏الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ‏}‏ شَقَّ ذَلِكَ عَلَى الْمُسْلِمِينَ، فَقَالُوا يَا رَسُولَ اللَّهِ، أَيُّنَا لاَ يَظْلِمُ نَفْسَهُ قَالَ ‏”‏ لَيْسَ ذَلِكَ، إِنَّمَا هُوَ الشِّرْكُ، أَلَمْ تَسْمَعُوا مَا قَالَ لُقْمَانُ لاِبْنِهِ وَهْوَ يَعِظُهُ ‏{‏يَا بُنَىَّ لاَ تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ‏}‏‏”‏‏.‏

അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അക്രമം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ …… എന്ന ആയത്ത് അവതരിച്ചപ്പോള്‍ മുസ്ലിംകള്‍ അതില്‍ സംശയത്തിലായി. സ്വഹാബികള്‍ നബി ﷺ യോട്  ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളുടെ കൂട്ടത്തില്‍ അക്രമം ചെയ്യാത്തവരായി ആരാണുള്ളത്?’ അപ്പോള്‍ നബി ﷺ  മറുപടി കൊടുത്തു: ‘നിങ്ങള്‍ വിചാരിക്കുന്ന അക്രമമല്ല അത്. അത് ശി൪ക്കിനെ ഉദ്ദേശിച്ചാകുന്നു. ലുക്വ്മാന്റെ(അ) വാക്ക് നിങ്ങള്‍ കേട്ടിട്ടില്ലേ? ‘എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കരുത്. തീര്‍ച്ചയായും ശിര്‍ക്ക് വമ്പിച്ച അക്രമമാകുന്നു.” (ബുഖാരി:3429)

 

وَإِذْ قَالَ لُقْمَٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَٰبُنَىَّ لَا تُشْرِكْ بِٱللَّهِ ۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ

 

ലുഖ്മാന്‍ തന്‍റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.(ഖു൪ആന്‍:31/13)

 

 വിശ്വാസത്തില്‍ അക്രമം കലര്‍ത്താത്തവര്‍ വചനത്തിലെ അക്രമം കൊണ്ടുദ്ദേശിക്കുന്നത് ശിര്‍ക്ക് എന്ന അക്രമമാണ് എന്ന് റസൂല്‍ ﷺ  ആയത്ത് ഓതിക്കൊണ്ട് വിശദീകരിച്ചുകൊടുത്തതാണ് നാം ഇതില്‍ കാണുന്നത്.

 

ഇതുപോലെ സ്വഹാബികളും താബിഉകളും മറ്റും ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ട് തന്നെ വ്യാഖ്യാനിച്ചതിന് ധാരാളം തെളിവുകള്‍ നമുക്ക് കാണാവുന്നതാണ്.

 

ക്വുര്‍ആനിനെ ഹദീസ് കൊണ്ട് വിശദീകരിക്കല്‍

 

വിശുദ്ധ ക്വുര്‍ആന്‍ വിവരണം നബി ﷺ യുടെ പ്രധാനപ്പെട്ട ഒരു ദൗത്യമത്രെ. അല്ലാഹു പറയുന്നു: 

 

 وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ

 

നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.(ഖു൪ആന്‍:16/44)

 

തന്റെ ഈ ദൗത്യം റസൂല്‍ ﷺ  കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്.

 

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: ”റസൂല്‍ ﷺ  പരിശുദ്ധ ക്വുര്‍ആനിന്റെ പദങ്ങളും ആശയങ്ങളും തന്റെ സ്വഹാബത്തിന് വിശദീകരിച്ചു കൊടുത്തിരിക്കുന്നു എന്ന് അറിയല്‍ നിര്‍ബന്ധമാണ്” (മുക്വദ്ദിമതുന്‍ ഫീ ഉസ്വൂലിത്തഫ്‌സീര്‍).

 

നബി ﷺ യുടെ വിവരണം പല ശൈലികളിലായി നമുക്ക് കാണാന്‍ കഴിയും. ഉദാഹരണ സഹിതം ചിലത് വിശദീകരിക്കാം:

 

1. ആദ്യം ക്വുര്‍ആന്‍ വചനം ഓതുക, പിന്നെ വിശദീകരണം പറയുക: 

 عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ قِيلَ لِبَنِي إِسْرَائِيلَ ‏{‏ادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ‏}‏ فَدَخَلُوا يَزْحَفُونَ عَلَى أَسْتَاهِهِمْ، فَبَدَّلُوا وَقَالُوا حِطَّةٌ، حَبَّةٌ فِي شَعَرَةٍ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ”ഇസ്രാഈല്യരോട് ‘നിങ്ങള്‍ കവാടത്തിലൂടെ സുജൂദ് ചെയ്തുകൊണ്ട് പ്രവേശിക്കുക. നിങ്ങള്‍ ‘ഹിത്ത്വതുന്‍’ (പശ്ചാതാപ വചനം) എന്ന് പറയുക. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തു തരും’ (അല്‍ബക്വറ:58) എന്ന് പറയപ്പെട്ടപ്പോള്‍ അവര്‍ ചന്തിയില്‍ ഇഴഞ്ഞു പ്രവേശിക്കുകയും ‘ഹിത്ത്വതുന്‍’ എന്നതിന് പകരം ‘ഹബ്ബതുന്‍ ഫീ ശഅ്‌റ’ (ഗോതമ്പുമണി) എന്ന് പറയുകയും ചെയ്തു” (ബുഖാരി:65/4479)

 

2. ചിലപ്പോള്‍ ക്വുര്‍ആന്‍ വചനത്തിന്റെ ആശയം പറയുകയും പിന്നെ വചനം ഓതുകയും ചെയ്യും. 

 عَنْ أَبِي مُوسَى ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِنَّ اللَّهَ لَيُمْلِي لِلظَّالِمِ حَتَّى إِذَا أَخَذَهُ لَمْ يُفْلِتْهُ ‏‏‏.‏ قَالَ ثُمَّ قَرَأَ ‏{‏وَكَذَلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَى وَهْىَ ظَالِمَةٌ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ‏}‏

അബൂമൂസല്‍ അശ്അരി(റ) പറയുന്നു: നബി ﷺ  പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു അക്രമിക്ക് സമയം നീട്ടിവിട്ട് കൊടുക്കും, പിന്നെ അവനെ പിടികൂടും. അവന് രക്ഷപ്പെടാന്‍ കഴിയില്ല.” പിന്നെ റസൂല്‍ ﷺ  ആയത്ത് ഓതി: അക്രമികളായ നാട്ടുകാരെ പിടികൂടുമ്പോള്‍ അപ്രകാരമാണ് നിന്റെ രക്ഷിതാവിന്റെ പിടികൂടല്‍. തീര്‍ച്ചയായും അവന്റെ പിടികൂടല്‍ കഠിനവും വേദനാജനകവുമാണ്. (ഖു൪ആന്‍:11/ 102) (ബുഖാരി:65/4686)

 

3. ക്വുര്‍ആന്‍ വചനങ്ങളെപ്പറ്റി സ്വഹാബികള്‍ സംശയം ചോദിച്ചപ്പോള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നു: 

 

أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُو نَ –   ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ – لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْءَاخِرَةِ ۚ لَا تَبْدِيلَ لِكَلِمَٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ

 

അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐഹികജീവിതത്തില്‍ സന്തോഷവാര്‍ത്തയുള്ളത്‌, പരലോകത്തും (സന്തോഷവാര്‍ത്തയുള്ളത്‌). അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം. (ഖു൪ആന്‍: 10/62-64)

 

‘ഐഹിക ജീവിതത്തിലും പരലോകത്തിലും അവര്‍ക്കാണ് സന്തോഷവാര്‍ത്തയുള്ളത്’ എന്നതിനെ കുറിച്ച് നബി ﷺ യോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അത് മുസ്‌ലിം കാണുന്ന നല്ല സ്വപ്‌നങ്ങളാണ് ‘ എന്ന് വിവരിച്ചു കൊടുത്തു.

عَنْ عَطَاءِ بْنِ يَسَارٍ، عَنْ رَجُلٍ، مِنْ أَهْلِ مِصْرَ قَالَ سَأَلْتُ أَبَا الدَّرْدَاءِ عَنْ هَذِهِ الآيَةِ ‏:‏ ‏(‏ لَهُمُ الْبُشْرَى، فِي الْحَيَاةِ الدُّنْيَا ‏)‏ قَالَ مَا سَأَلَنِي عَنْهَا أَحَدٌ مُنْذُ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْهَا فَقَالَ ‏ “‏   مَا سَأَلَنِي عَنْهَا أَحَدٌ غَيْرُكَ مُنْذُ أُنْزِلَتْ فَهِيَ الرُّؤْيَا الصَّالِحَةُ يَرَاهَا الْمُسْلِمُ أَوْ تُرَى لَهُ ‏”‏ ‏.‏

അത്വാഅ് ബ്നു യാ൪(റ) മിസ്റില്‍ നിന്നുള്ള ഒരാളില്‍ നിന്ന് ഉദ്ദരിക്കുന്നു. لَهُمُ الْبُشْرَى، فِي الْحَيَاةِ الدُّنْيَ എന്ന ആയത്തിനെ കുറിച്ച് ഞാന്‍ അബുദ്ദ൪ദ്ദാഇനോട്(റ) ചോദിച്ചു: അബുദ്ദ൪ദ്ദാഅ് (റ) പറഞ്ഞു: ഇതിനെ കുറിച്ച് ആരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല. (ഇതിനെ കുറിച്ച്) ഞാന്‍ നബിയോട്(സ്വ) ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: അത് അവതരിച്ചതിന് ശേഷം നീ അല്ലാതെ  മാറ്റാരും ഇതിനെ കുറിച്ച് ആരും എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല, അത് ഒരു മുസ്ലിം കാണുന്ന നല്ല സ്വപ്നമാണ് . (തി൪മിദി:47/ 3389)

 

4. ക്വുര്‍ആനിന്റെ കല്‍പനകളും വിരോധങ്ങളും മറ്റും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്ന തഫ്‌സീര്‍: 

 

സൂറതുശ്ശുഅറാഇലെ وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ – താങ്കളുടെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക – എന്ന വചനം ഇറങ്ങിയപ്പോള്‍ സ്വഫാ മലയില്‍ കയറി കുടുംബക്കാരെ വിളിച്ചുവരുത്തി താക്കീത് ചെയ്ത സംഭവം ഒരുദാഹരണമാണ്. സൂറതുന്നസ്വ്‌റിലെ فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا – അത് കൊണ്ട് താങ്കള്‍ താങ്കളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക – എന്ന വചനമിറങ്ങിയപ്പോള്‍ അത് വ്യാഖ്യാനിച്ച് കൊണ്ട് റസൂല്‍ ﷺ  തന്റെ റുകൂഇലും സുജൂദിലും ഇങ്ങനെ പറയാറുണ്ടായിരുന്നു : 

 

سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ، اللَّهُمَّ اغْفِرْ لِي

 

ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിനക്കു ഞാന്‍ സ്തോത്രകീര്‍ത്തനം ചെയ്യുന്നു. അല്ലാഹുവേ, എനിക്കു പൊറുത്തു തരേണമേ (ബുഖാരി: 794).

 

ഇത്‌പോലെ ക്വുര്‍ആനിലെ أَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ – അക്വീമൂസ്സ്വലാത വആതുസ്സകാത – പോലെയുള്ള കല്‍പനകള്‍ റസൂല്‍ തന്റെ ജീവിതം കൊണ്ട് വിവരിച്ചുകാണിച്ചു. വിരോധങ്ങളുടെ അവസ്ഥയും തഥൈവ. ‘നബി ﷺ യുടെ സ്വഭാവം ക്വുര്‍ആന്‍ ആയിരുന്നു’ എന്ന ആഇശ(റ)യുടെ വാക്ക് വളരെ ശ്രദ്ധേയമാണ്.

 

ക്വുര്‍ആനിലെ മുഴുവന്‍ വചനങ്ങളും റസൂല്‍ ﷺ  തഫ്‌സീര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണ്. ഉണ്ടെന്നാണ് ശൈഖുല്‍ ഇസ്‌ലാമിനെ പോലെയുള്ളവരുടെ അഭിപ്രായം. എന്നാല്‍ എതിരഭിപ്രായം പറഞ്ഞവരും ഉണ്ട്. സമൂഹത്തിന് ആവശ്യമുള്ളത് മാത്രമാണ് റസൂല്‍ ﷺ  വിശദീകരിച്ചത് എന്നാണവര്‍ പറയുന്നത്. അതില്‍പെട്ട ചിലതാണ് താഴെ പറയുന്നവ.

 

1. ക്വുര്‍ആന്‍ മൊത്തമായി പറഞ്ഞത് റസൂല്‍ ﷺ  വിശദീകരിക്കും. നമസ്‌കാരം, സകാത്ത് മുതലായവ ഉദാഹരണങ്ങളാണ്. നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് കൊടുക്കാനും ക്വുര്‍ആന്‍ പറഞ്ഞു. അതിന്റെ വിശദാംശങ്ങള്‍ കൈകാര്യം ചെയ്യുന്നത് സുന്നത്താണ്.

 

2. ആശയക്കുഴപ്പമുണ്ടാക്കുന്നവ വ്യക്തമാക്കിക്കൊടുക്കുക. ഉദാ: സൂറതുല്‍ ഹിജ്‌റിലെ 99ാം വചനം.

 

وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ

 

ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്‍റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.(ഖു൪ആന്‍:15/99)

 

ഇവിടെ പറഞ്ഞ ‘യക്വീന്‍’ തെറ്റായി മനസ്സിലാക്കാന്‍ സാധ്യതയുണ്ട്. ‘ഉറപ്പ്,’ ‘ദൃഢമായ ഉറപ്പ്’ എന്ന അര്‍ഥം അതിനുണ്ട്. ആ അര്‍ഥം പറഞ്ഞു ചിലര്‍ ഇബാദത്ത് നിര്‍ത്തിവെച്ചുവെന്ന് വരാം. എന്നാല്‍ റസൂല്‍ ﷺ  ആ യക്വീന്‍ കൊണ്ടുള്ള ഉദ്ദേശ്യം മരണമാണ് എന്ന് വിവരിച്ചുതന്നു.

 

ഇത് പോലെ സൂറഃ അല്‍ബക്വറയില്‍ നോമ്പെടുക്കന്നവരോട് അല്ലാഹു പറഞ്ഞു:

 

وَكُلُوا۟ وَٱشْرَبُوا۟ حَتَّىٰ يَتَبَيَّنَ لَكُمُ ٱلْخَيْطُ ٱلْأَبْيَضُ مِنَ ٱلْخَيْطِ ٱلْأَسْوَدِ مِنَ ٱلْفَجْرِ ۖ 

 

നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. (ഖു൪ആന്‍:2/187)

 

‘നിങ്ങള്‍ കറുത്ത നൂലില്‍ നിന്ന് വെളുത്ത നൂല്‍ വ്യക്തമാകുന്നത് വരെ ഭക്ഷിക്കുക, കുടിക്കുക.’ ഇവിടെ പറഞ്ഞ കറുത്ത നൂലും വെളുത്ത നൂലും അദിയ്യുബ്‌നു ഹാതിം എന്ന സ്വഹാബിക്ക് മനസ്സിലായില്ല. അദ്ദേഹം രാത്രി കിടക്കുമ്പോള്‍ തന്റെ ശരീരത്തില്‍ കറുത്ത നൂലും വെളുത്ത നൂലും കെട്ടുമായിരുന്നു. റസൂല്‍ ﷺ  ‘അതിന്റെ ആവശ്യമില്ല. പകലിന്റെ വെളുപ്പും രാത്രിയുടെ ഇരുട്ടുമാണ് അതിന്റെ ഉദ്ദേശ്യമെന്ന്’ വിശദീകരിച്ച് കൊടുത്തു.

 

3. നിരുപാധികമായി പറഞ്ഞതിന് ഉപാധിവെക്കുക:

 

وَٱلسَّارِقُ وَٱلسَّارِقَةُ فَٱقْطَعُوٓا۟ أَيْدِيَهُمَا جَزَآءًۢ بِمَا كَسَبَا نَكَٰلًا مِّنَ ٱللَّهِ ۗ وَٱللَّهُ عَزِيزٌ حَكِيمٌ

 

മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.(ഖു൪ആന്‍:5/38)

 

കൈ എവിടെ മുറിക്കണം എന്ന് ഇവിടെ പറഞ്ഞിട്ടില്ല. റസൂല്‍ ﷺ  അതിന് ഉപാധിവെച്ചു; അത് മുന്‍കൈ ആണ് എന്ന്.

 

സ്വഹാബികളുടെ ക്വുര്‍ആന്‍ വ്യാഖ്യാനം

 

വിശുദ്ധ ക്വുര്‍ആനിന് ക്വുര്‍ആന്‍ കൊണ്ടും സുന്നത്ത് കൊണ്ടുമുള്ള വ്യാഖ്യാനം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനപ്പെട്ടതും അവലംബനീയവുമായ വ്യാഖ്യാനമാണ് സ്വഹാബികളുടെ വ്യാഖ്യാനം. 

 

ശൈഖുല്‍ ഇസ്‌ലാം പറയുന്നു: ”ക്വുര്‍ആനിലോ സുന്നത്തിലോ തഫ്‌സീര്‍ നാം കണ്ടില്ലെങ്കില്‍ സ്വഹാബികളുടെ വാക്കുകളിലേക്ക് നാം മടങ്ങുന്നതാണ്. കാരണം അവരാണ് ഈ വിഷയത്തില്‍ ഏറ്റവും അറിവുള്ളവര്‍. അവരാണ് കൂടുതല്‍ മനസ്സിലാക്കിയവര്‍. അവരിലാണ് ശരിയായ അറിവും സല്‍കര്‍ങ്ങളുമുള്ളത്”(മുഖദ്ദിമ).

 

ഇമാം ശാത്വിബി പറയുന്നു: ”സംഭവങ്ങളില്‍ നേരിട്ട് ഇടപെട്ടതും കിതാബും സുന്നത്തുമാകുന്ന വഹ്‌യിന്റെ ഇറങ്ങലിന് സാക്ഷ്യം വഹിച്ചതും സ്വഹാബികളായതിനാല്‍ ക്വുര്‍ആന്‍ മനസ്സിലാക്കുവാനുള്ള കൂടുതല്‍ കഴിവ് അവര്‍ക്കാണുണ്ടാവുക. അവതരണ കാരണങ്ങളെപ്പറ്റി അവര്‍ക്കാണ് കൂടുതല്‍ അറിയുക. മറ്റുള്ളവര്‍ക്ക് ലഭിക്കാത്തത് അവര്‍ക്ക് ലഭിച്ചിരിക്കുന്നു. ഹാജറില്ലാത്തവന്‍ കാണുന്നതിനെക്കാള്‍ ഹാജറുള്ളവന്‍ കാണുമല്ലോ. നിരുപാധികമായി പറഞ്ഞതിന് ഉപാധിവെച്ചുകൊണ്ടും പൊതുവായി പറഞ്ഞതിനെ പ്രത്യേകമാക്കിക്കൊണ്ടുമുള്ള വിവരണങ്ങള്‍ അവരില്‍ നിന്ന് എപ്പോള്‍ വന്നുവോ അപ്പോള്‍ അതനുസരിച്ച് കര്‍മം ചെയ്യേണ്ടതാണ്. എന്നാല്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണെങ്കില്‍ ആ മസ്അല (പ്രശ്‌നം) ഇജ്തിഹാദി (ഗവേഷണാത്മകം) ആയിരിക്കും” (അല്‍മുവാഫക്വാത്ത്).

 

സ്വഹാബികളുടെ വ്യാഖ്യാനം ഇജ്തിഹാദിന് ഇടമില്ലാത്തതാണെങ്കില്‍, അതുപോലെ അവതരണ കാരണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ റസൂലിന്റെ വിശദീകരണം പോലെ പരിഗണിക്കേണ്ടതാണ് എന്ന് പണ്ഡിതന്‍മാര്‍ പ്രസ്താവിച്ചിരിക്കുന്നു.

 

സ്വഹാബികളില്‍ പ്രസിദ്ധരായ മുഫസ്സിറുകള്‍ പത്ത്‌ പേരാണ്. നാല് ഖലീഫമാര്‍, ഇബ്‌നു മസ്ഊദ്(റ),  ഇബ്‌നു അബ്ബാസ്(റ), ഉബയ്യ് ബ്‌നു കഅ്ബ്(റ), സൈദുബ്‌നു സാബിത്(റ), അബൂമൂസല്‍ അശ്അരി(റ), അബ്ദുല്ലാഹ് ഇബ്‌നു സുബൈര്‍(റ) എന്നിവരാണവര്‍. ഏറ്റവും കൂടുതല്‍ തഫ്‌സീര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ), ഉബയ്യുബ്‌നു കഅ്ബ്(റ) എന്നിവരില്‍ നിന്നാണ്.

 

താബിഉകളുടെ തഫ്‌സീര്‍

 

സ്വഹാബികള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ആധികാരിക തഫ്‌സീര്‍ താബിഉകളുടെതാണ്. അതിന് പലകാരണങ്ങളും ഉണ്ട്:

 

1. അനേകം ഇമാമുകള്‍ അവരുടെ തഫ്‌സീറിലേക്ക് മടങ്ങുന്നതിന് പ്രാധാന്യം കൊടുക്കുന്നു.

 

2. അവര്‍ അറിവ് സ്വീകരിച്ചത് വഹ്‌യിന് സാക്ഷ്യം വഹിച്ച സ്വഹാബികളില്‍ നിന്നാണ്.

 

3. അവര്‍ ഭിന്നിച്ചിരുന്നില്ല. ബിദ്അത്തുകളില്‍ നിന്നും തന്നിഷ്ടങ്ങളില്‍ നിന്നും അവര്‍ രക്ഷപ്പെട്ടിരുന്നു.

 

4. വ്യാഖ്യാനത്തിലുള്ള അഭിപ്രായ വ്യത്യാസം അവര്‍ക്കിടയില്‍ ശേഷക്കാരെ അപേക്ഷിച്ച് വളരെ കുറവായിരുന്നു.

 

5. നൂതനവാദികളായ (ബിദ്ഈ) കക്ഷികളുടെ ആധിക്യം കാരണവും അന്യതത്ത്വശാസ്ത്രങ്ങളാലും അവരുടെ ഹൃദയങ്ങള്‍ മലീമസമായിരുന്നില്ല.

 

താബിഉകളില്‍ പ്രസിദ്ധരായ അനവധി മുഫസ്സിറുകളുണ്ട്: മുജാഹിദ് ബ്‌നുജബ്ര്‍, സഈദ് ബ്‌നു ജുബൈര്‍, ഇക്‌രിമ, അത്വാഅ് ഇബ്‌നു അബീറബാഹ്, ഹസനുല്‍ ബസ്വരി, മസ്‌റൂക്വ്, സഈദുബ്‌നുല്‍ മുസ്വയ്യിബ്, അബുല്‍ ആലിയ, റബീഅ് ഇബ്‌നു അനസ്, ള്വഹ്ഹാക് ബ്‌നു മുസാഹിം… തുടങ്ങിയവര്‍ അവരില്‍ പ്രധാനപ്പെട്ടവരാണ്.

kanzululoom.com        

 

Leave a Reply

Your email address will not be published. Required fields are marked *