ഒരു മുസ്‌ലിമായ സ്ത്രീയുടെ അവകാശമാണ് അല്ലാഹുവിന്റെ കൽപ്പനയിൽ അവർ അടിയുറച്ചു കഴിഞ്ഞാൽ സ്വർഗ്ഗത്തിലുള്ള തന്റെ പ്രതിഫലത്തെയും അനുഗ്രഹത്തെയും ചോദിച്ചറിയുക എന്നുള്ളത്. അതോടൊപ്പം അവരുടെ അവകാശത്തിൽപെട്ടതു തന്നെയാണ് പുരുഷന്മാരെ പോലെതന്നെ സ്വർഗ്ഗത്തെയും അതിൽ അല്ലാഹു സച്ചരിതരായ അടിമകൾക്ക് ഒരുക്കിയിട്ടുള്ള സൗഭാഗ്യങ്ങളെയും ആഗ്രഹിക്കുക എന്നുള്ളതും. സൽകർമ്മവും ശരിയായ വിശ്വാസവും ഇല്ലാതെയുള്ള വെറുമൊരു ആഗ്രഹം അല്ലെങ്കിൽ അത് നല്ല കാര്യം തന്നെയാണ്. ഓരോ സ്ത്രീക്കും താൻ തന്റെ സ്വർഗ്ഗ പ്രവേശനവുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ തേടൽ അനിവാര്യവുമാണ്. അല്ലാഹുവിന്റെ ഈയൊരു വചനം അവർക്ക് മതിയായതാണ് :
وَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ نَقِيرًا
ആണാവട്ടെ പെണ്ണാവട്ടെ വിശ്വാസിയായിക്കൊണ്ട് ആരെങ്കിലും സൽകർമ്മങ്ങൾ ചെയ്യുകയാണെങ്കിൽ അക്കൂട്ടർ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നതാണ്. (ഖു൪ആന്‍ :4/124)
മറ്റൊരു വചനം കാണാം :
وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ ۖ وَأَنتُمْ فِيهَا خَٰلِدُونَ
മനസ്സുകള്‍ ഇച്ഛിക്കുകയും, കണ്ണുകള്‍ രസിക്കുകയും ചെയ്യുന്നതു (എല്ലാം) അതിലുണ്ടുതാനും. (ഹേ, ഭയഭക്തന്മാരേ,) അതില്‍ നിങ്ങള്‍ നിത്യവാസികളുമായിരിക്കും. (ഖു൪ആന്‍ :43/71)
അതുകൊണ്ട് ഹൂറുൻ ഈനുകളെയും ഭംഗിയുള്ള സ്ത്രീകളെയും അല്ലാഹു പുരുഷന്മാർക്ക് സ്വർഗ്ഗത്തിൽ ഒരുക്കിയതിന്റെ കാരണം എന്താണെന്ന് ചില സ്ത്രീകൾ ചോദിച്ചു കൊണ്ടിരിക്കാറുണ്ട്. അവരോട് നമുക്ക് പറയാനുള്ള കാര്യം അല്ലാഹു പറയുന്നു:
لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ
അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. (ഖുർആൻ:21/23)
ദുനിയാവിൽ സ്ത്രീകൾക്ക് ആറുതരം അവസ്ഥകളാണ്. ഈ എല്ലാ അവസ്ഥകൾക്കും പകരമായത് അവർക്ക് സ്വർഗത്തിൽ ലഭിക്കുന്നതായിരിക്കും. ആ ആറ് അവസ്ഥകൾ ഇപ്രകാരമാണ് :
(1) ഒരു സ്ത്രീ കന്യകയായി മരണപ്പെട്ടു കഴിഞ്ഞാൽ
അവർക്ക് അല്ലാഹു സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു പുരുഷനെ വിവാഹം ചെയ്തുകൊടുക്കും. പ്രവാചകൻ ﷺ പറഞ്ഞതുപോലെ : സ്വർഗ്ഗത്തിൽ ഒരു അവിവാഹിതരുമുണ്ടാവില്ല. (മുസ്ലിം)
(2) ഒരു സ്ത്രീ ത്വലാഖ് ചെയ്യപ്പെട്ടതിനു ശേഷം മറ്റൊരു വിവാഹം കഴിക്കാതെ മരണപ്പെട്ടാൽ
ഇത് ഒന്നാമത്തേത് പോലെ തന്നെയാണ്. സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു പുരുഷനെ അല്ലാഹു അവർക്ക് വിവാഹം ചെയ്തു കൊടുക്കും.
(3) കല്യാണം കഴിഞ്ഞ ഒരു സ്ത്രീ, എന്നാൽ അവരുടെ കൂടെ തന്റെ ഭർത്താവ് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നുമില്ല
ഇവരും മുമ്പേ പറഞ്ഞതുപോലെത്തന്നെയാണ്. അല്ലാഹു അവർക്കും സ്വർഗ്ഗത്തിലെ ഒരു പുരുഷനെക്കൊണ്ട് വിവാഹം ചെയ്തുകൊടുക്കും.
(4) വിവാഹം കഴിഞ്ഞ ശേഷം മരണപ്പെട്ട ഒരു സ്ത്രീ
അവർ സ്വർഗ്ഗത്തിൽ തന്റെ ദുനിയാവിലെ ഭർത്താവിന്റെ കൂടെയായിരിക്കും അല്ലാഹു പറയുന്നു :
جَنَّٰتُ عَدْنٍ يَدْخُلُونَهَا وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۖ
അതായത്, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്. (ഖു൪ആന്‍:13/23)
(5) ഒരു സ്ത്രീ തന്റെ ഭർത്താവ് മരണപ്പെടുകയും, ശേഷം മരണം വരെ ഭർത്താവില്ലാതെ ജീവിക്കുകയും ചെയ്താൽ –
അവർ സ്വർഗ്ഗത്തിൽ തന്റെ ഭർത്താവിന്റെ കൂടെയായിരിക്കും. അല്ലാഹു പറയുന്നു :
ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ
നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.(ഖു൪ആന്‍:43/70)
(6) ഒരു സ്ത്രീ തന്റെ ഭർത്താവ് മരണപ്പെടുകയും, ശേഷം മറ്റൊരാളെ വിവാഹം ചെയ്യുകയും ചെയ്താൽ
അവർ സ്വർഗ്ഗത്തിൽ തന്റെ അവസാനത്തെ ഭർത്താവിന്റെ കൂടെയായിരിക്കും. സ്വഹീഹായ ഹദീസിൽ പ്രവാചകൻ പറഞ്ഞത് പോലെ : ഒരു സ്ത്രീ തന്റെ അവസാനത്തെ ഭർത്താവിന്റെ കൂടെയാണ്. (സ്വഹീഹുൽ ജാമിഅ് അസ്സ്വഗീർ : 6691)
എന്നാൽ, അവർ നരകത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ – അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ – ഇവയൊന്നും തന്നെ ഉണ്ടാവുകയില്ല. അതിനാൽ നരകാവകാശി ആവാതിരിക്കാനും സ്വർഗ്ഗാവകാശിയാവാനും ഓരോ മുസ്‌ലിം സ്ത്രീയും കഠിനമായി പരിശ്രമിക്കേണ്ടതാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവർ സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു അവരുടെ യുവത്വവും കന്യകത്വവും തിരിച്ചു നൽകുന്നതാണ്. കാരണം, പ്രവാചകൻ ﷺ പറഞ്ഞിട്ടുണ്ട് : വാർദ്ധക്യാവസ്ഥയിൽ ഒരാളും തന്നെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതല്ല.
മാത്രവുമല്ല, ദുനിയാവിലെ സ്ത്രീകൾ സ്വർഗ്ഗത്തിലെത്തിയാൽ പതിന്മടങ്ങ് ഭംഗിയുള്ളവരായിത്തീരും എന്ന് ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. (ബുഖാരി)
അല്ലാഹു പറയുന്നു :
وَلَهُمْ فِيهَآ أَزْوَٰجٌ مُّطَهَّرَةٌ ۖ وَهُمْ فِيهَا خَٰلِدُونَ
അവര്‍ക്ക് അതില്‍ പരിശുദ്ധരാക്കപ്പെട്ട ഇണകളുണ്ടായിരിക്കും. അവര്‍ അവിടത്തില്‍ നിത്യവാസികളുമാകുന്നു. (ഖു൪ആന്‍:2/25)
അതുകൊണ്ട് സ്ത്രീകളേ! നിങ്ങൾ നിങ്ങളുടെ പ്രായത്തെ ദേഹേച്ഛകളിൽ വ്യാപൃതമാക്കരുത്. നിങ്ങളറിയണം, തീർച്ചയായും സ്വർഗ്ഗത്തിന്റെ മഹ്ർ വിശ്വാസവും, തൗഹീദും, ഉപകാരപ്രദമായ അറിവും, കർമ്മവും, മരണംവരെ ഇവയിൽ അടിയുറച്ചു നിൽക്കലുമാണ്. മുസ്‌ലിം സ്ത്രീകൾക്ക് സ്വർഗ്ഗം കൊണ്ട് വിജയിക്കുവാനും നരകത്തിൽ നിന്ന് രക്ഷപ്പെടുവാനുള്ള തൗഫീഖ് അല്ലാഹുവിനോട് ചോദിക്കുകയാണ്. ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും.
ഇബ്റാഹീം ബിൻ അബ്ദില്ല അൽ മസ്റൂഈ حفظه الله
ആശയ വിവർത്തനം :
ഫായിസ് ബിൻ മഹ്മൂദ് അൽ ഹികമി
kanzululoom.com