അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗങ്ങൾ

ഒരു അടിമക്ക് അല്ലാഹുവിന്‍റെ അടുക്കലേക്ക് കടന്നുചെല്ലാനുള്ള ഏറ്റവും അടുത്തവാതില്‍ തന്‍റെ ഇല്ലായ്മയെയും ആശ്രയത്വത്തെയും കുറിച്ചുള്ള ശരിയായ ബോധമാണ്. തനിക്ക് അവലംബിക്കുവാനും ആശ്രയിക്കുവാനും സ്വയംപര്യാപ്തത കൈവരിക്കുവാനും യാതൊരു മാര്‍ഗവും സ്വന്തമായി ഇല്ല എന്ന് അയാള്‍ തിരിച്ചറിയുന്നു. അതിനാല്‍ തനിച്ച ആശ്രയത്വത്തിന്‍റെയും ആവശ്യത്തിന്‍റെയും വാതിലിലൂടെ അല്ലാഹുവിന്‍റെ അടുക്കല്‍ ചെല്ലുന്നു; ദാരിദ്ര്യവും കഷ്ടതകളും ഹൃദയം തകര്‍ത്ത ഒരു മനുഷ്യന്‍റെ മനസ്സുമായി. ആ വിനയവും താഴ്മയും അയാളുടെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ തട്ടിയിട്ടുണ്ട്. റബ്ബിലേക്കുള്ള തന്‍റെ അനിവാര്യമായ ആശ്രയത്തെയും ആവശ്യത്തെയും അയാള്‍ കണ്ടറിഞ്ഞിട്ടുമുണ്ട്. തന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ ഏതൊരു ചെറിയ കാര്യത്തിലും പരിപൂര്‍ണമായ സഹായവും ആശ്രയവും തനിക്കു വേണമെന്നും റബ്ബിലേക്ക് പൂര്‍ണമായും ആശ്രയിക്കല്‍ തികച്ചും അനിവാര്യമാണ് എന്നും അയാള്‍ അറിഞ്ഞിട്ടുണ്ട്. കണ്ണ് ഇമ വെട്ടുന്നത്ര ഒരു ചെറിയ നേരത്തേക്കെങ്കിലും റബ്ബ് എന്നെ കയ്യൊഴിച്ചാല്‍ ഞാന്‍ ആകെ തകര്‍ന്നുപോകുമെന്നും പരിഹരിക്കാനാവാത്ത തീരാനഷ്ടത്തിലായിപ്പോകുമെന്നും പടച്ചവന്‍ വീണ്ടെടുക്കുകയും കരുണ ചൊരിയുകയുമല്ലാതെ യാതൊരു രക്ഷാമാര്‍ഗവുമില്ലെന്നും അയാള്‍ക്ക് ഉത്തമബോധ്യമുണ്ട്.

അല്ലാഹുവിലേക്ക് അടുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവനുള്ള കീഴ്‌വണക്കം തന്നെയാണ്. അതിലുള്ള ഏറ്റവും വലിയ തടസ്സം സത്യസന്ധമല്ലാത്ത അവകാശവാദങ്ങളുമാണ്. പ്രസ്തുത കീഴ്‌വണക്കത്തിന്‍റെ അടിസ്ഥാനം പ്രധാനമായും രണ്ടു കാര്യങ്ങളാണ്. അവയാണ് അതിന്‍റെ അടിത്തറ എന്ന് പറയാം. പരിപൂര്‍ണമായ സ്നേഹവും സമ്പൂര്‍ണമായ കീഴ്പെടലുമാണ് ആ രണ്ടു കാര്യങ്ങള്‍. ഈ രണ്ട് അടിത്തറകള്‍ രൂപപ്പെടേണ്ടത് മുമ്പ് പറഞ്ഞ രണ്ട് അടിസ്ഥാനങ്ങളില്‍നിന്നുമാണ്. അതായത് പടച്ചവനോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്ന, അവന്‍റെ അളവറ്റ അനുഗ്രഹങ്ങളെ തിരിച്ചറിയലും അവന്‍റെ മുന്നിലുള്ള തികഞ്ഞ കീഴ്പെടലിന് പര്യാപ്തമാക്കുന്ന, സ്വന്തത്തിന്‍റെയും കര്‍മങ്ങളുയെും കുറിച്ചുള്ള നിരന്തരമായ ബോധവും.

ഒരു ദാസന്‍ അല്ലാഹുവിലേക്കുള്ള മാര്‍ഗത്തെയും തന്‍റെ സ്വഭാവ, സമീപനങ്ങളെയും ഈ സുപ്രധാന അടിസ്ഥാനങ്ങളുടെമേല്‍ പടുത്തുയര്‍ത്തുകയാണെങ്കില്‍ അയാള്‍ക്കുണ്ടായേക്കാവുന്ന അശ്രദ്ധയുടെ സന്ദര്‍ഭത്തിലല്ലാതെ ശത്രുവിന് അയാളെ കീഴ്പെടുത്തുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അതില്‍നിന്ന് വളരെ പെട്ടെന്ന് അവനെ അല്ലാഹു ഉയര്‍ത്തിക്കൊണ്ടുവരികയും തന്‍റെ കാരുണ്യംകൊണ്ട് അവനെ വീണ്ടെടുക്കുകയും ചെയ്യും.

എന്നാല്‍ ഇക്കാര്യങ്ങള്‍ ഒരാള്‍ക്ക് ശരിയായി കിട്ടണമെങ്കില്‍ അയാളുടെ മനസ്സും ബാഹ്യാവയവങ്ങളും ചൊവ്വാകണം. മനസ്സ് ചൊവ്വാകുന്നത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ്. (ഒന്ന്) അല്ലാഹുവിനോടുള്ള സ്നേഹം അയാള്‍ക്ക് മറ്റു ഇഷ്ടങ്ങളെക്കാളെല്ലാം മികച്ചുനില്‍ക്കുന്നതാകണം. അതായത് അല്ലാഹുവിന്‍റെ ഇഷ്ടവും മറ്റുള്ളവരുടെ ഇഷ്ടവും പരസ്പരം എതിരായിവന്നാല്‍ മറ്റെന്തും തൃണവല്‍ഗണിച്ചുകൊണ്ട് അല്ലാഹുവിന്‍റെ ഇഷ്ടം മുന്നിട്ട് അതിജയിച്ച് നല്‍ക്കണം. അപ്പോള്‍ അതിന്‍റെ തേട്ടങ്ങള്‍ അനുബന്ധമായി ഉണ്ടാകും.

ഇത് പറയാനും അവകാശവാദങ്ങളുന്നയിക്കാനും വളരെ എളുപ്പമാണ്. എന്നാല്‍ പ്രയോഗവത്കരിക്കല്‍ ഏറെ പ്രയാസകരവുമാണ്. പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഒരാള്‍ ആദരിക്കപ്പെടുകയോ നിന്ദിക്കപ്പെടുകയോ ചെയ്യുന്നത്.

മനുഷ്യന്‍ കൂടുതലായും മുന്‍ഗണന നല്‍കുന്നത് തന്‍റെ ഇഷ്ടത്തിനും മനസ്സിന്‍റെ കൊതികള്‍ക്കുമാണ്. അല്ലെങ്കില്‍ തന്‍റെ നേതാവോ ഭരണാധികാരിയോ ഗുരുനാഥനോ കുടുംബമോ പോലുള്ള ആരെങ്കിലും ഇഷ്ടപ്പെടുന്നതിനാണ് അല്ലാഹുവിന്‍റെ ഇഷ്ടത്തെക്കാള്‍ മുന്‍ഗണന നല്‍കാറുളത്. ഇങ്ങനെയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം തന്‍റെ സര്‍വ ഇഷ്ടങ്ങളെക്കാള്‍ അല്ലാഹുവിന്‍റെ ഇഷ്ടത്തെ മുഖവിലക്കെടുത്തുവെന്ന് പറയാനൊക്കുകയില്ല. അല്ലാഹുവിന്‍റെ ഇഷ്ടമാണ് എല്ലാറ്റിന്‍റെയും മേലെ വിധിനിശ്ചയിച്ചത് എന്നും പറയാനാവില്ല. ഇത്തരത്തിലുള്ള ആളുകളുടെ കാര്യത്തില്‍ അല്ലാഹുവിന്‍റെ നടപടിക്രമം അവര്‍ക്ക് ഏറ്റവും പ്രിയങ്കരമായതുകൊണ്ട് തന്നെ അയാള്‍ പൊറുതിമുട്ടുകയും പ്രയാസപ്പെടുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിന്‍റെ ഇഷ്ടത്തെക്കാള്‍ തന്‍റെയോ താന്‍ ആദരിക്കുന്നവരുടെയോ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്‍ഗണന നല്‍കിയതിന്‍റെ ഫലമത്രെ അത്.

ഒരാള്‍ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടുതന്നെ അയാള്‍ കഷ്ടപ്പെടുത്തപ്പെടുമെന്നത് തട്ടിമാറ്റാനോ ഭേദഗതി വരുത്തുവാനോ സാധിക്കാത്ത, അല്ലാഹുവിന്‍റെ അചഞ്ചലമായ വിധിയാണ്. അല്ലാഹുവല്ലാത്ത മറ്റാരെയെങ്കിലുമാണ് ഒരാള്‍ ഭയക്കുന്നതെങ്കില്‍ അവരുടെമേല്‍ ആ ഭയക്കുന്നതിന് ആധിപത്യം നല്‍കും. അല്ലാഹു അല്ലാത്തവയെയുംകൊണ്ട് ആരെങ്കിലും വ്യാപൃതമായാല്‍ അത് അയാളുടെ അപലക്ഷണമായിത്തീരും. അല്ലാഹുവിനെക്കാള്‍ മറ്റു വല്ലതിനുമാണ് ഒരാള്‍ പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ അയാള്‍ക്ക് അതില്‍ യാതൊരും അഭിവൃദ്ധിയും നല്‍കപ്പെടുകയില്ല. അല്ലാഹുവിനെ വെറുപ്പിച്ചുകൊണ്ട് മറ്റാരെയെങ്കിലും തൃപ്തിപ്പെടുത്തുകയാണെങ്കില്‍ അല്ലാഹു അവനോട് അതുകൊണ്ട് തന്നെ പ്രതിക്രിയ ചെയ്യുന്നതായിരിക്കും.

മനസ്സ് ശരിയാവാനുള്ള രണ്ടാമത്തെ കാര്യം അല്ലാഹുവിന്‍റെ വിധിവിലക്കുകളോടുള്ള ആദരവാണ്. വിധിക്കുകയും വിലക്കുകയും ചെയ്യുന്ന ആ നിയമദാതാവിനോടുള്ള ആദരവില്‍നിന്നാണ് അതുണ്ടാകുന്നത്. അല്ലാഹുവിനെയും അവന്‍റെ നിയമങ്ങളെയും ആദരിക്കാത്തവരെ അല്ലാഹു ആക്ഷേപിച്ചുപറഞ്ഞിട്ടുണ്ട്.

مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا

നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. (ഖു൪ആന്‍:71/13)

പണ്ഡിതന്മാര്‍ ഇതിന്‍റെ വ്യാഖ്യാനത്തില്‍ പറഞ്ഞത് ‘എന്തുകൊണ്ടാണ് നിങ്ങള്‍ അല്ലാഹുവിനെ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യാത്തത്’ എന്നാണ്.

വിധിവിലക്കുകളോടുള്ള ആദരവിന്‍റെ കാര്യത്തില്‍ ശൈഖുല്‍ ഇസ്ലാം അബൂഇസ്മാഈല്‍ അല്‍ഹറവി رحمه الله പറഞ്ഞത് എത്ര മനോഹരമാണ്:

هو أن لا يعارضا بترخص جاف ولا يعرضا لتشديد غال ولا يحملا على علة توهن الانقياد

ദീനിലെ കല്‍പനകളും വിരോധങ്ങളും വെറുപ്പുളവാക്കുന്ന ഇളവുകളുമായോ അതിരുവിട്ട തീവ്രതയുമായോ നേരിണ്ടേതല്ല. അവയ്ക്ക് കീഴ്പെടാതിരിക്കുവാനുള്ള വല്ല കാരണം കണ്ടെത്താനും നോക്കരുത്.

അദ്ദേഹം പറഞ്ഞതിന്‍റെ താല്‍പര്യമിതാണ്; അതായത് അല്ലാഹുവിനോടുള്ള കടപ്പാടുകളോടുള്ള ആദരവിന്‍റെ ആദ്യപടി അവന്‍റെ വിധിവിലക്കുകളെ ആദരിക്കുക എന്നതാണ്. അല്ലാഹുവിന്‍റെ ദൂതരിലൂടെ സര്‍വരിലേക്കുമായി അല്ലാഹു അവതരിപ്പിച്ച സന്ദേശങ്ങള്‍ മുഖേന ഒരു സത്യവിശ്വാസി തന്‍റെ റബ്ബിനെ മനസ്സിലാക്കിയിട്ടുണ്ട്. അതിന്‍റെ താല്‍പര്യമാണ് ആ റബ്ബിന്‍റെ വിധികള്‍ക്കും വിരോധങ്ങള്‍ക്കും കീഴ്പെടുക എന്നത്. അല്ലാഹുവിന്‍റെ കല്‍പനകളെ ആദരിച്ചും അവ പിന്‍പറ്റിക്കൊണ്ടും അവന്‍റെ വിരോധങ്ങളെ ആദരിച്ചും അവയില്‍നിന്ന് വിട്ടകന്നുകൊണ്ടുമാണ് ആ കീഴ്പെടല്‍ സാധ്യമാകേണ്ടത്. അപ്പോള്‍ ഒരു സത്യവിശ്വാസി മതത്തിന്‍റെ വിധിവിലക്കുകളെ ആദരിക്കുന്നത് പടച്ചവനോടുള്ള ആദരവിന്‍റെ ഭാഗമാണെന്ന് മനസ്സിലാക്കാം. പ്രസ്തുത ആദരവിനനുസരിച്ചായിരിക്കും ഒരാള്‍ സത്യവിശ്വാസത്തിന്‍റെ സാക്ഷിയായ പുണ്യവാനായിത്തീരുന്നതും വിശ്വാസം ശരിയായി കാപട്യത്തില്‍നിന്ന് മുക്തമാകുന്നതും.

ഒരാള്‍ ചിലപ്പോള്‍ മതം കല്‍പിക്കുന്നത് ചെയ്യുന്നുണ്ടാകാം. പക്ഷേ, അത് ആളുകളെ കണ്ടുകൊണ്ടും അവരുടെ അടുക്കലുള്ള സ്ഥാനമാനങ്ങള്‍ മോഹിച്ചുകൊണ്ടുമായിരിക്കും. അപ്രകാരം മതം വിലക്കിയ കാര്യങ്ങളെ സൂക്ഷിക്കുന്ന ആളുമായിരിക്കും. അവിടെയും ആളുകള്‍ക്കിടയിലുള്ള തന്‍റെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമെന്നതോ ഇഹലോകത്തെ ശിക്ഷാനടപടികളെക്കുറിച്ചുള്ള ഭയമോ ഒക്കെയാണ് അതിന്‍റെ അടിസ്ഥാന പ്രേരകമെങ്കില്‍ അയാളുടെ ഈ ചെയ്തികളൊന്നും അല്ലാഹുവിന്‍റെ വിധിവിലക്കുകളെ ആദരിച്ചുകൊണ്ടോ ആ നിയമങ്ങള്‍ കല്‍പിക്കുകയും വിരോധിക്കുകയും ചെയ്ത പടച്ചവനോടുള്ള ആദരവുകൊണ്ടോ അല്ലെന്നത് തീര്‍ച്ച!

മതത്തിന്‍റെ കല്‍പനകളോടുള്ള ആദരവിന്‍റെ ചില അടയാളങ്ങള്‍ ഇവയാണ്: ആ കല്‍പനകളുടെ സമയവവും പരിധികളും ഗ്രഹിക്കല്‍, അവയുടെ അടിസ്ഥാനഘടകങ്ങള്‍ (റുക്നുകള്‍), നിര്‍ബന്ധകാര്യങ്ങള്‍ (വാജിബാത്ത്), അവയുടെ പൂര്‍ണതവരുത്തുന്ന കാര്യങ്ങള്‍ മുതലായവ അന്വേഷിക്കല്‍, അവ ഏറ്റവും നന്നായി ചെയ്യുവാനുള്ള അത്യൂല്‍സാഹം കാണിക്കല്‍, കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ അതിന്‍റെ ഏറ്റവും ശ്രേഷ്ഠകരമായ സമയങ്ങളില്‍തന്നെ നിര്‍വഹിക്കല്‍, അത് നിര്‍വഹിക്കാനുള്ള താല്‍പര്യവും ഉല്‍സാഹവും, അവയിലെ ഏതെങ്കിലും ഒരു ന്യായമായ സംഗതി നഷ്ടപ്പെട്ടുപോയതിന്‍റെ പേരിലുള്ള സങ്കടവും ദുഃഖവും; അതായത്, ഒരു ജമാഅത്ത് നമസ്കാരം നഷ്ടപ്പെട്ടതില്‍ സങ്കടപ്പെടുന്ന ഒരാളെ പോലെ. അയാള്‍ ചിന്തിക്കുന്നത് തന്‍റെ തനിച്ചുള്ള നമസ്കാരം റബ്ബ് സ്വീകരിച്ചാല്‍തന്നെ തന്‍റെ 27 ഇരട്ടി പ്രതിഫലം നഷ്ടപ്പെട്ടുപോയല്ലോ എന്നതായിരിക്കും.

കാര്യമായ യാതൊരു കഷ്ടപ്പാടും പ്രയാസവുമില്ലാതെ തന്‍റെ നാട്ടില്‍വെച്ചുതന്നെ ഒരൊറ്റ ഇടപാടുകൊണ്ട് നേടിയെടുക്കാമായിരുന്ന 27 ഇരട്ടി ലാഭം തനിക്ക് നഷ്ടമായി എന്ന് ഒരാള്‍ അറിഞ്ഞാല്‍ അയാള്‍ക്ക് എത്രമാത്രം സങ്കടവും നഷ്ടബോധവുമുണ്ടാകും! എങ്കില്‍ ജമാഅത്തായി നമസ്കരിക്കുന്നതിലൂടെ കിട്ടുമായിരുന്ന എത്രയോ ഇരട്ടി പ്രതിഫലം നഷ്ടപ്പെടുത്തുന്ന ഒരാളുടെ സ്ഥിതി എന്തായിരിക്കും?

ധാരാളം പണ്ഡിതന്മാര്‍ (ഇപ്രകാരം) പറഞ്ഞിട്ടുണ്ട്: “നമസ്കാരത്തിലോ അതിന്‍റെ കാര്യങ്ങളിലോ ശ്രദ്ധയില്ലാതെ എങ്ങനെയെങ്കിലുമൊക്കെ നമസ്കരിക്കുന്നവര്‍ക്ക് ആ നമസ്കാരംകൊണ്ട് യാതൊരു നേട്ടവുമുണ്ടാവുകയില്ല. കാരണം അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് അവരുടെ മനസ്സില്‍ ആദരവ് ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.”

അപ്രകാരം തന്നെ നമസ്കാരത്തിന്‍റെ ആദ്യസമയം നഷ്ടമായവനും ഒന്നാമത്തെ സ്വഫ്ഫ് നഷ്ടപ്പെടുത്തിയവനുമൊക്കെ വലിയ ലാഭമാണ് നഷ്ടപ്പെടുത്തുന്നത്. അല്ലാഹുവിന്‍റെ തൃപ്തിയും പ്രശംസയുമെല്ലാം നേടിത്തരുന്നതാണ് ഇവയൊക്കെയും. അവയുടെ മഹത്ത്വം വേണ്ടപോലെ അറിഞ്ഞിരുന്നുവെങ്കില്‍ ആ മഹത്ത്വം നേടിയെടുക്കാന്‍ വേണ്ടി പോരാടുകയും നറുക്കിടുകയും വരെ ചെയ്യുമായിരുന്നു.

അതേപോലെ വലിയ ജമാഅത്ത് നഷ്ടപ്പെടുന്നതും സൂക്ഷിക്കേണ്ടതുണ്ട്. ജമാഅത്തിന്‍റെ ആധിക്യത്തിനും എണ്ണക്കുറവിനുമനുസരിച്ചു നമസ്കാരത്തിന്‍റെ പ്രതിഫലത്തിലും ഏറ്റവ്യത്യാസമുണ്ടാകും. ആളുകളുടെ എണ്ണപ്പെരുപ്പത്തിന് അനുസരിച്ചും അതിലേക്കുള്ള കാലടികള്‍ക്കനുസരിച്ചും അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിരിക്കും ആ നമസ്കാരം. അകലം കൂടുമ്പോള്‍ ഒരു കാലടി ചെറുപാപം പൊറുക്കാനും മറ്റൊന്ന് പദവി ഉയര്‍ത്താനും ഉപകരിക്കുന്നതാണ്.

നമസ്കാരത്തിലെ ഭക്തി നഷ്ടപ്പെടല്‍ ഏറ്റവും പ്രധാനമാണ്. അല്ലാഹുവിന്‍റെ മുമ്പിലാണ് നില്‍ക്കുന്നതെന്ന ബോധം നമസ്കാരത്തിന്‍റെ ആത്മാവും അകക്കാമ്പുമാണ്. ഭയഭക്തിയും മനഃസാന്നിധ്യവുമില്ലാത്ത നമസ്കാരം ആത്മാവ് നഷ്ട്ടപ്പെട്ട മൃതശരീരം പോലെയാണ്. നമ്മെപോലെയുള്ള ഏതെങ്കിലും ഒരു വ്യക്തിയുടെ മുന്നിലേക്ക് ജീവന്‍ നഷ്ടപ്പെട്ട ഒരടിമയെ പാരിതോഷികമായി സമര്‍പ്പിക്കുന്നതില്‍ നമുക്കാര്‍ക്കാണ് ലജ്ജ തോന്നാത്തത്? അപ്പോള്‍ താന്‍ പ്രത്യേകം ആദരിച്ച് സമര്‍പ്പിക്കുന്ന രാജാവോ നേതാവോ മറ്റോ ആണെങ്കില്‍ എന്തായിരിക്കും സ്ഥിതി?

ഭക്തിയും മനഃസാന്നിധ്യവുമില്ലാതെയുള്ള നമസ്കാരം ഈ ജീവനില്ലാത്ത അടിമയെ രാജാക്കന്മാര്‍ക്കും മറ്റും പരിതോഷികമായി സമര്‍പ്പിക്കുന്നതിന് സമാനമാണ്. അതിനാല്‍ അത്തരം ആരാധനകള്‍ അല്ലാഹു അയാളില്‍നിന്ന് സ്വീകരിക്കുകയില്ല. ഇഹലോകത്ത് ഒരു പക്ഷേ, ബാധ്യത നിര്‍വഹിച്ചയാളായി കണക്കാക്കപ്പെട്ടേക്കുമെങ്കിലും അതിനുള്ള പ്രതിഫലം കിട്ടുകയില്ല. താന്‍ മനഃസാന്നിധ്യത്തോടെ ഗ്രഹിച്ചു നിര്‍വഹിച്ചതല്ലാതെ ഒരടിമക്ക് തന്‍റെ നമസ്കാരത്തില്‍നിന്ന് ഒന്നും കിട്ടുകയില്ല.

قال رسول الله صلى الله عليه وسلم‏: إن العبد ليصلي الصلاة وما كتب له إلا نصفها إلا ثلثها إلا ربعها إلا خمسها حتى بلغ عشرها

നബി ﷺ പറയുന്നു: നിശ്ചയം, ഒരാള്‍ ഒരു നമസ്കാരം നിര്‍വഹിക്കുന്നു. എന്നാല്‍ അയാള്‍ക്ക് അതിന്‍റ പ്രതിഫലത്തില്‍നിന്ന് പകുതിയോ മൂന്നിലോന്നോ നാലിലൊന്നോ അഞ്ചിലൊന്നോ, അങ്ങനെ പത്തിലൊന്നോ ഒക്കെ മാത്രമായിരിക്കും ലഭിക്കുക. (അഹ്മദ്, നസാഈ).

ഇതുപോലെതന്നെയാണ് ഏതൊരു കര്‍മത്തിന്‍റെയും കാര്യമെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഓരോ കര്‍മത്തിനും അല്ലാഹുവിന്‍റെ അടുക്കലുള്ള ഏറ്റവ്യത്യാസം മനസ്സിലുള്ള ഈമാനിന്‍റെയും ഇഖ്ലാസിന്‍റെയും അതിനോടുള്ള താല്‍പര്യത്തിന്‍റെയും മറ്റു അനുബന്ധങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും. ഇങ്ങനെയെല്ലാം പരിപൂര്‍ണതയോടെ നിര്‍വഹിക്കപ്പെടുന്ന കര്‍മങ്ങള്‍ക്കാണ് പരിപൂര്‍ണമായ പാപമോചനവും പ്രതിഫലവുമൊക്കെ ലഭിക്കുക. കുറവുകളുള്ളവയ്ക്ക് അതിനനുസരിച്ചുമായിരിക്കും.

ഈ രണ്ട് കാര്യങ്ങള്‍ മനസ്സിരുത്തിയാല്‍ ഒട്ടേറെ ആശയക്കുഴപ്പങ്ങള്‍ നീങ്ങുന്നതാണ്. അതായത് കര്‍മങ്ങളുടെ പ്രതിഫലങ്ങളിലെ ഏറ്റവ്യത്യാസങ്ങള്‍ മനസ്സിലെ ഈമാനിന്‍റെ സാക്ഷീകരണത്തിനനുസരിച്ചായിരിക്കും. അതിന്‍റെ പൂര്‍ണതയ്ക്കും കുറവിനുമനുസരിച്ചായിരിക്കും ഓരോ കര്‍മം മൂലമുള്ള ദോഷങ്ങള്‍ പൊറുക്കലും.

ഇക്കാര്യങ്ങള്‍ വേണ്ടപോലെ ഗ്രഹിക്കാത്തതുകൊണ്ട് ചിലര്‍ അറഫാ നോമ്പിന്‍റെ ഹദിസുമായി ബന്ധപ്പെട്ട് ഉന്നയിക്കാറുള്ള ആശയക്കുഴപ്പം ഇതിലൂടെ നീങ്ങുന്നതാണ്.

أن صوم يوم عرفة يكفر سنتين ويوم عاشوراء يكفر سنة

അറഫാനോമ്പ് രണ്ടു വര്‍ഷത്തെ പാപം പൊറുക്കും. ആശൂറാഅ് നോമ്പാകട്ടെ ഒരുവര്‍ഷത്തെ പാപവും പൊറുക്കും. (മുസ്ലിം).

അപ്പോള്‍ ഒരാള്‍ സ്ഥിരമായി അറഫാനോമ്പും ആശൂറാഅ് നോമ്പും അനുഷ്ഠിക്കുന്ന ആളാണെങ്കില്‍ എങ്ങനെയാണ് ഓരോ വര്‍ഷവും മൂന്ന് വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുക? ഇതാണ് അവര്‍ ഉന്നയിക്കുന്ന സംശയം.

ചില പണ്ഡിതന്മാര്‍ അതിനു നല്‍കിയ മറുപടി ‘പാപം പൊറുക്കലിനെക്കാള്‍ അധികരിച്ച നന്മകള്‍ക്ക് പദവികള്‍ ഉയര്‍ത്തപ്പെടും’ എന്നാണ്.

പടച്ചവനേ, അത്ഭുതകരമാണ്! ഒരാള്‍ ഈ പാപം പൊറുക്കാനുതകുന്ന കാര്യങ്ങളെല്ലാം തന്നെ ചെയ്ത് പാപം പൊറുക്കുന്നതിനുള്ള യോഗ്യത നേടിയിരുന്നെങ്കില്‍ എത്ര നന്ന്!

അതായത്, ഈ പാപംപൊറുക്കലിന് ചില നിബന്ധനകളുണ്ട്. അപ്രകാരംതന്നെ പ്രസ്തുത കര്‍മങ്ങള്‍ക്ക് അകത്തും പുറത്തുമായി അതിന് വിഘാതമായി നില്‍ക്കുന്ന തടസ്സങ്ങളൊന്നും ഇല്ലാതിരിക്കുകയും വേണം. ഒരാള്‍ ഇത്തരം നിബന്ധനകളെല്ലാം പൂര്‍ത്തീകരിക്കുകയും തടസ്സങ്ങളെല്ലാം ഇല്ലാതാവുകയും ചെയ്തതായി അംഗീകരിക്കുകയും ചെയ്താല്‍ അപ്പോള്‍ അയാള്‍ക്ക് പാപങ്ങള്‍ പൊറുത്തുകിട്ടും. നേരെ മറിച്ച് അശുദ്ധിയോടുകൂടെയും മർമ്മമായ ഇഖ്ലാസ് നഷ്ടപ്പെടുത്തിയും ബാധ്യത നിറവേറ്റാതെയും അര്‍ഹിക്കുന്ന പരിഗണന നല്‍കാതെയുമൊക്കെയുള്ള കര്‍മങ്ങള്‍കൊണ്ട് എന്ത് പാപമാണ് പൊറുത്തു കിട്ടുക?

ഒരാള്‍ക്ക് തന്‍റെ കര്‍മത്തെക്കുറിച്ച്, അതിന്‍റെ ബാഹ്യവും ആന്തരികവുമായ ബാധ്യതകള്‍ പൂര്‍ത്തീകരിച്ചുവെന്നും പാപം പൊറുക്കുന്നതിന് തടസ്സമായ യാതൊന്നും അതില്‍ വന്നുചേര്‍ന്നിട്ടില്ലെന്നും അവയെ നശിപ്പിക്കുന്ന ആത്മപ്രശംസയും അതിനെക്കുറിച്ച് പെരുമപറയലും നടത്തിയിട്ടില്ലെന്നും അത് നിമിത്തമായി മറ്റുള്ളവരില്‍നിന്ന് യാതൊരു ആദരവും കാംക്ഷിക്കാതെയും അതുമുഖേന തന്നെ പ്രശംസിക്കുന്നവരോട് മനസ്സുകൊണ്ട് ആഭിമുഖ്യം തോന്നുകയോ അല്ലാത്തവരോട് നീരസം തോന്നുകയോ അന്യായം പ്രവര്‍ത്തിക്കുകയോ ഒന്നും ഉണ്ടായിട്ടില്ലെന്നും ഉറപ്പുപറയാന്‍ ആര്‍ക്കാണ് കഴിയുക? എന്നിരിക്കെ എങ്ങനെയാണ് കര്‍മങ്ങള്‍ കുറ്റമറ്റതും പാപം പൊറുക്കാന്‍ മാത്രം യോഗ്യവുമാവുക?

 

ഇബ്നുല്‍ ഖയ്യിം رحمه الله രചിച്ച ‘അല്‍ വാബിലുസ്സ്വയ്യിബ്’ എന്ന ഗ്രന്ഥത്തിൽ നിന്നും

വിവർത്തനം: ശമീര്‍ മദീനി

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *