ഖുര്‍ആന്‍ വഹ്‌യും നബി ﷺ യും

ജിബ്‌രീല്‍ عليه السلام എന്ന മലക്ക് മുഖാന്തിരം ദിവ്യ വെളിപാടിലൂടെയാണ് (വഹ്‌യ്) നബി ﷺ ക്ക് അല്ലാഹുവിങ്കൽ നിന്ന് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. ജിബ്‌രീല്‍ عليه السلام ഖുര്‍ആനിന്റെ വഹ്‌യുമായി വന്ന് ഓതിക്കേള്‍പ്പിക്കുമ്പോള്‍, ഓതിത്തീരും മുമ്പുതന്നെ ധൃതിപ്പെട്ട് ഓതുവാന്‍ നബി ﷺ ശ്രമിച്ചിരുന്നു. അത് മനഃപാഠമാക്കുവാനും, മറന്നു പോകാതിരിക്കുവാനും വേണ്ടിയാണ് അവിടുന്ന് അത് ധൃതിയില്‍ നാവിളക്കി ചൊല്ലിക്കൊണ്ടിരുന്നത്. അത് വിരോധിച്ചുകൊണ്ട് അല്ലാഹു പറയുന്നത് കാണുക:

فَتَعَٰلَى ٱللَّهُ ٱلْمَلِكُ ٱلْحَقُّ ۗ وَلَا تَعْجَلْ بِٱلْقُرْءَانِ مِن قَبْلِ أَن يُقْضَىٰٓ إِلَيْكَ وَحْيُهُۥ ۖ وَقُل رَّبِّ زِدْنِى عِلْمًا

ക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ഖുര്‍ആന്‍ – അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി – പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്‌. എന്‍റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക. (ഖു൪ആന്‍ : 20/114)

സൂറ : അല്‍ഖിയാമയില്‍ അല്ലാഹു പറയുന്നു:

لَا تُحَرِّكْ بِهِۦ لِسَانَكَ لِتَعْجَلَ بِهِۦٓ

നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട. (ഖു൪ആന്‍ : 75/16)

തുടര്‍ന്ന് അതിന്റെ പാരായണവും സംരക്ഷണവും നബി ﷺ യുടെ ഹൃദയത്തില്‍ അതിനെ സമാഹരിക്കലും അനിവാര്യമാണെന്ന് അല്ലാഹു ഉറപ്പ് നല്‍കുകയും ചെയ്യുന്നു. അപ്പപ്പോള്‍ അവതരിക്കുന്ന വചനങ്ങള്‍ മറന്നുപോകാതിരിക്കത്തക്കവണ്ണം നബി ﷺ യുടെ ഹൃദയത്തില്‍ അപ്പപ്പോള്‍ തന്നെ ഉറപ്പിച്ചു പാഠമാക്കിക്കൊടുക്കുന്നു. മാത്രമല്ല, അവതരിപ്പിച്ചു തരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ക്ക് ആവശ്യമായ വിവരണവും വ്യാഖ്യാനവും നല്‍കലും അല്ലാഹുവിന്റെ ബാധ്യത തന്നെയാണെന്നു കൂടി ഉണര്‍ത്തിയിരിക്കുന്നു.

إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ ‎﴿١٧﴾‏ فَإِذَا قَرَأْنَٰهُ فَٱتَّبِعْ قُرْءَانَهُۥ ‎﴿١٨﴾‏ ثُمَّ إِنَّ عَلَيْنَا بَيَانَهُۥ ‎﴿١٩﴾‏

തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു. (ഖു൪ആന്‍ : 75/17-19)

ജിബ്‌രീല്‍ عليه السلام യുടെ പാരായണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആ പാരായണത്തെ പിന്‍തുടര്‍ന്ന്  പാരായണം ചെയ്യാൻ അല്ലാഹു കല്പിക്കുന്നു. ഈ വചനങ്ങൾ അവതരിച്ച ശേഷം നബി ﷺ യുടെ രീതി എങ്ങനെയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കാണുക:

وَكَانَ إِذَا أَتَاهُ جِبْرِيلُ أَطْرَقَ، فَإِذَا ذَهَبَ قَرَأَهُ كَمَا وَعَدَهُ اللَّهُ‏.‏

ജിബ്രീല്‍ عليه السلام വരുമ്പോള്‍ നബി ﷺ തലതാഴ്ത്തി ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും, അദ്ദേഹം പോയാല്‍ അല്ലാഹു വാഗ്ദാനം ചെയ്തു പോലെ അവിടുന്ന് അതു ഓതികേള്‍പ്പിക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി:5044)

فَامْتَثَلَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِأَدَبِ رَبِّهِ، فَكَانَ إِذَا تَلَا عَلَيْهِ جِبْرِيلُ الْقُرْآنَ بَعْدَ هَذَا، أَنْصَتَ لَهُ، فَإِذَا فَرَغَ قَرَأَهُ.

അങ്ങനെ നബി ﷺ തന്റെ രക്ഷിതാവ് പഠിപ്പിച്ച മര്യാദ പ്രയോഗവത്കരിച്ചു. ഇതിന് ശേഷം ജിബ്‌രീല്‍ അദ്ദേഹത്തിന് പാരായണം ചെയ്തുകൊടുക്കുമ്പോള്‍ നിശ്ശബ്ദത പാലിക്കുകയും കഴിഞ്ഞാലുടന്‍ പാരായണം ചെയ്യുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)

ഇതില്‍ നിന്നു രണ്ടുകാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതായുണ്ട് :

(1) ഒരാളില്‍നിന്നു വല്ലതും പഠിക്കുമ്പോള്‍, അയാള്‍ പറയുന്നതു ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും, സാവധാനത്തില്‍ പഠിക്കുകയും ചെയ്യേണ്ടതാണ്.

وَفِي هَذِهِ الْآيَةِ أَدَبٌ لِأَخْذِ الْعِلْمِ، أَنْ لَا يُبَادِرَ الْمُتَعَلِّمُ لِلْعِلْمَ قَبْلَ أَنْ يَفْرُغَ الْمُعَلِّمُ مِنَ الْمَسْأَلَةِ الَّتِي شَرَعَ فِيهَا، فَإِذَا فَرَغَ مِنْهَا سَأَلَهُ عَمَّا أَشْكَلَ عَلَيْهِ، وَكَذَلِكَ إِذَا كَانَ فِي أَوَّلِ الْكَلَامِ مَا يُوجِبُ الرَّدَّ أَوِ الِاسْتِحْسَانَ، أَنْ لَا يُبَادِرَ بِرَدِّهِ أَوْ قَبُولِهِ، قَبْلَ الْفَرَاغِ مِنْ ذَلِكَ الْكَلَامِ، لِيَتَبَيَّنَ مَا فِيهِ مِنْ حَقٍّ أَوْ بَاطِلٍ، وَلِيَفْهَمَهُ فَهْمًا يَتَمَكَّنُ فِيهِ مِنَ الْكَلَامِ فِيهِ عَلَى وَجْهِ الصَّوَابِ، وَفِيهَا: أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَمَا بَيَنَّ لِلْأُمَّةِ أَلْفَاظَ الْوَحْيِ، فَإِنَّهُ قَدْ بَيَّنَ لَهُمْ مَعَانِيَهُ.

ഈ വചനങ്ങളില്‍ വിജ്ഞാനം സ്വീകരിക്കുമ്പോഴുള്ള മര്യാദ ഉള്‍ക്കൊള്ളുന്നുണ്ട്. അധ്യാപകന്‍ ഒരു കാര്യം പറഞ്ഞ് തുടങ്ങിയാല്‍ അത് തീരുംവരെ വിദ്യാര്‍ഥി ധൃതി കാണിക്കാന്‍ പാടില്ല. അധ്യാപകന്‍ പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞാല്‍ വിദ്യാര്‍ഥിക്ക് തന്റെ സംശയങ്ങള്‍ അദ്ദേഹത്തോട് ചോദിക്കാം. ഈ സംസാരത്തിന്റെ തുടക്കത്തില്‍ തന്നെ മറുപടി പറയേണ്ടതോ തിരുത്തേണ്ടതോ ആയ കാര്യങ്ങള്‍ ഉണ്ടായാല്‍ തന്നെ സ്വീകരിക്കാനും നിരാകരിക്കാനും സംസാരം തീരുന്നതിനു മുമ്പ് ധൃതി പാടില്ല. ശരിയും തെറ്റും വ്യക്തമാകാന്‍ അത് നല്ലതാണ്, ശരിയായി വാക്കുകളെ മനസ്സിലാക്കാനും അത് ഉപകരിക്കും. നബി ﷺ വഹ്‌യിന്റെ പദങ്ങള്‍ തന്റെ സമുദായത്തിനു വിശദീകരിച്ചതും അതില്‍ പെട്ടതാണ്. (തഫ്സീറുസ്സഅ്ദി)

(2) അറിവ് മനുഷ്യനു തികയുന്ന ഒന്നല്ല. അറിയുംതോറും കൂടുതല്‍ അറിയുവാന്‍ ജിജ്ഞാസയുണ്ടായിരിക്കുകയും, കൂടുതല്‍ അറിവു ലഭിക്കുവാനായി അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയും വേണം. ജിബ്‌രീല്‍ عليه السلام ഓതിത്തീരും മുമ്പ്  ധൃതിപ്പെട്ട് ഓതേണ്ടതില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് وَقُل رَّبِّ زِدْنِى عِلْمًا (എന്‍റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ദ്ധിപ്പിച്ചു തരേണമേ എന്ന് നീ പറയുക 20/114) എന്ന് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നതായി ഹദീസില്‍ വന്നിട്ടുണ്ട്:

اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي , وَعَلِّمْنِي مَا يَنْفَعُنِي , وَزِدْنِي عِلْمًا

അല്ലാഹുവേ! നീ എനിക്കു പഠിപ്പിച്ചു തന്നിട്ടുള്ളതുകൊണ്ടു പ്രയോജനം നല്‍കേണമേ! എനിക്കു ഉപകാരമുളളതു പഠിപ്പിച്ചുതരികയും ചെയ്യേണമേ! എനിക്കു അറിവ് വര്‍ദ്ധിപ്പിച്ചു തരികയും വേണമേ! (തിര്‍മിദി:251)

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *