മനുഷ്യരും പിശാചുക്കളുമാകുന്ന രണ്ടു തരം ശത്രുക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗങ്ങളെ സംബന്ധിച്ച് ഒന്നിച്ച് ഉപദേശം നല്‍കുന്ന മൂന്ന് സ്ഥലങ്ങളാണ് ഖുര്‍ആനിലുള്ളത്. ഈ വചനങ്ങൾ പരിശോധിച്ചാൽ രണ്ട് ശത്രുക്കളോടും രണ്ട് നിലപാടുകളും രക്ഷാമാർഗങ്ങളുമാണ് അവലംബിക്കേണ്ടതെന്ന് കാണാം. പ്രസ്തുത മൂന്ന് സ്ഥലങ്ങൾ കാണുക:
خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَٰهِلِينَ ﴿١٩٩﴾ وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۚ إِنَّهُۥ سَمِيعٌ عَلِيمٌ ﴿٢٠٠﴾
നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവോട് ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (ഖു൪ആന്‍:7/199-200)
ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ ﴿٩٦﴾ وَقُل رَّبِّ أَعُوذُ بِكَ مِنْ هَمَزَٰتِ ٱلشَّيَٰطِينِ ﴿٩٧﴾ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ ﴿٩٨﴾
ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്‍മയെ തടുത്തു കൊള്ളുക. അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ പറയുക: എന്‍റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. അവര്‍ (പിശാചുക്കള്‍) എന്‍റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്‍റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു. (ഖു൪ആന്‍:23/96-98)
وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ ﴿٣٤﴾ وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ ﴿٣٥﴾ وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴿٣٦﴾
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും. (ഖു൪ആന്‍:41/34-36)
- ശത്രു മനുഷ്യവര്‍ഗത്തില്‍ പെട്ടവനാണെങ്കില്‍, മയം, നയം, വിട്ടുവീഴ്ച, ഉപകാരം മുതലായവ വഴി അവനെ സൗമ്യപ്പെടുത്തുകയും അവനുമായുള്ള ബന്ധം നന്നാക്കിത്തീര്‍ക്കുകയും ചെയ്യാം.
- ശത്രു പിശാചായിരിക്കുമ്പോള്‍, അവന്‍ അദൃശ്യ ജീവി ആയതുകൊണ്ട് അവനോട് നയത്തിനോ, മയത്തിനോ മറ്റോ മാര്‍ഗ്ഗമില്ല. അവനില്‍ നിന്ന് രക്ഷപ്പെടുവാന്‍ അല്ലാഹുവില്‍ ശരണം തേടുകയേ നിവൃത്തിയുള്ളൂ എന്ന വസ്തുത ഈ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്.
പിശാചിനെക്കുറിച്ച് നാം സദാ ബോധവാന്മാരയിരിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു:
إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَٰبِ ٱلسَّعِيرِ
തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്. (ഖു൪ആന്‍:35/6)
അപ്പോള്‍, പൊതുവില്‍ എല്ലാ സന്ദര്‍ഭങ്ങളിലും, വിശേഷിച്ച് പിശാചിന്റെ ദുഷ്പ്രേരണകള്‍ക്ക് വശംവദരാകുവാന്‍ ഇടയുള്ള സന്ദര്‍ഭങ്ങളിലും നാം പിശാചിനെപ്പറ്റി അല്ലാഹുവിനോട് രക്ഷ തേടേണ്ടതുണ്ട്.
kanzululoom.com