പ്രിന്റെടുത്ത് ലഘുലേഖയായി വിതരണം ചെയ്യുന്നതിന് സഹായകരമാകുന്ന തരത്തിലാണ് ഈ പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.

അല്ലാഹു എന്തിന് വേണ്ടിയാണ് മനുഷ്യരെ സൃഷ്ടിച്ചത്?  ധനം സമ്പാദിക്കാനാണോ … ഉന്നതമായ ജോലി സമ്പാദിക്കാനാണോ ….കൊട്ടാരങ്ങൾ നിര്‍മ്മിക്കാനാണോ ….മക്കളെ ഡോക്ടറും എഞ്ചിനീയറുമൊക്കെ ആക്കാനാണോ …. ഇണകളോടും മക്കളോടുമൊത്ത് സുഖമായി ജീവിക്കാനാണോ …. എപ്പോഴെങ്കിലും ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

എങ്കിൽ അറിയുക:മനുഷ്യരെ ഈ ദുനിയാവിലേക്ക് അല്ലാഹു സൃഷ്ടിച്ച് അയച്ചത് അവന് ഇബാദത്ത് (ആരാധന) ചെയ്യാന്‍ വേണ്ടി മാത്രമാണ്.

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)

തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)

അപ്പോൾ എന്താണ് ഇബാദത്ത്? ഇബാദത്ത് എന്നാല്‍, അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഉള്‍ക്കൊള്ളുന്ന ഒരു പദമാണ്.

അല്ലാഹുവിന് ഇഷ്ടപ്പെട്ട വാക്കുകളിൽ പെട്ടതാകുന്നു പ്രാർത്ഥന, ദിക്ർ, ഖുർആൻ പാരായണം തുടങ്ങിയവയൊക്കെ. അല്ലാഹുവിന് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ പെട്ടതാകുന്നു നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, മാതാപിതാക്കൾക്ക് പുണ്യം ചെയ്യൽ, നന്മ കൽപ്പിക്കൽ, തിന്മ വിരോധിക്കൽ, കുടുംബബന്ധം ചേർക്കൽ, റിലീഫ് പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ. ഇതെല്ലാം  ബാഹ്യമായ അഥവാ ശരീരാവയവങ്ങള്‍ കൊണ്ട് ചെയ്യുന്ന ഇബാദത്തുകൾക്ക് ഉദാഹരണങ്ങളാണ്.

ആന്തരികമായ ഇബാദത്തുകൾക്ക് ഉദാഹരണങ്ങളാണ് അല്ലാഹുവിനോടും അവന്റെ റസൂല്‍ ﷺ യോടുമുള്ള ഇഷ്ഠം, അല്ലാഹുവിനോടുള്ള ഭയം, പ്രതീക്ഷ, പശ്ചാതാപം, ക്ഷമ, നന്ദി കാണിക്കൽ, രിളാ (തൃപ്തി), തവക്കുൽ തുടങ്ങിയവയൊക്കെ. ‘ആന്തരികം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിനുള്ളിലെ പ്രവര്‍ത്തനങ്ങളാണ്.

മനുഷ്യരുടെ ക൪മ്മങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കണമെങ്കില്‍ പ്രസ്തുത ക൪മ്മങ്ങള്‍ വിശ്വാസത്തിന്റെ അടിത്തറയില്‍ (ഈമാൻ) നി൪വ്വഹിക്കുന്നതായിരിക്കും. എങ്കില്‍ മാത്രമേ അവ൪ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുകയുള്ളൂ.

ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന് വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ഖു൪ആന്‍:17/19)

ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖു൪ആന്‍:16/97)

ഈമാനിന്റെ ആദ്യത്തെ ഭാഗവും ഏറ്റവും സുപ്രധാനമായ അടിസ്ഥാനവും അല്ലാഹുവിലുള്ള വിശ്വാസമാണ്. ഈമാനിന്റെ ഏറ്റവും ഉന്നതമായ ശാഖ അല്ലാഹുവിനെ ഏകനാക്കലാണ് (തൗഹീദ്). ദീൻ എന്നത് ഒരു വൃക്ഷമാണെങ്കിൽ അതിന്റെ ഏറ്റവും ഉയരമുള്ള ശാഖ തൗഹീദാണ്.

നബി ﷺ പറഞ്ഞു: ഈമാൻ എഴുപതിൽ പരം – അല്ലെങ്കിൽ അറുപതിൽ പരം – ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായുള്ളത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കാണ്. (മുസ്‌ലിം: 58)

ഇസ്ലാമിന്റെ അടിസ്ഥാനശിലയാണ് തൗഹീദ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഇസ്ലാമിന്റെ അടിവേരാണ് തൗഹീദ്. ഇസ്ലാമിന്റെ ജീവനാണ് തൗഹീദ്. ജീവൻ നഷ്ടമായാൽ, അടിത്തറ തകർന്നാൽ, അടിവേര് പൊട്ടിയാൽ അതോടുകൂടി എല്ലാം തകർന്നു തരിപ്പണമാകും. ഒരാളിലെ തൗഹീദ് തകർന്നാൽ അവനിലെ ഇസ്ലാം തകർന്ന് തരിപ്പണമാകും.

തൗഹീദ് എന്താണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ? ഇമാം ബുഖാരി رَحِمَهُ اللهُ തന്റെ സ്വഹീഹുൽ ‘കിത്താബുത്തൗഹീദ്’ എന്ന പേരിൽ ഒരു അദ്ധ്യായം തന്നെ നൽകിയിരിക്കുന്നു. ഈ ഹെഡിംഗിനെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നുഹജർ അസ്ഖലാനി رَحِمَهُ اللهُ പറയുന്നു:

തൗഹീദ് (അല്ലാഹുവിനെ ഏകാനാക്കി) എന്നാൽ : അല്ലാഹുവിന്റെ സത്തയിൽ അവൻ ഏകനാണ്, അവന് ഘടകങ്ങളില്ല. അവന്റെ ഗുണവിശേഷണങ്ങളിൽ അവൻ ഏകനാണ്, അവന് സദൃശങ്ങളില്ല. അവന്റെ ആരാധനയിലും അധികാരത്തിലും നിയന്ത്രണത്തിലും അവന് യാതൊരു പങ്കുകാരുമില്ല. അവന് പുറമേ മറ്റൊരു രക്ഷിതാവോ സൃഷ്ടാവോ ഇല്ല. (ഫത്ഹുൽബാരി)

ചുരുക്കത്തിൽ എല്ലാ നിലക്കുമുള്ള ഇബാദത്തുകൾ അല്ലാഹുവിന് മാത്രം സമ൪പ്പിച്ചുകൊണ്ട് അവനെ ഏകനാക്കലാണ് തൌഹീദ്. അല്ലാഹു മനുഷ്യരെയും ജിന്നുകളെയുമെല്ലാം സൃഷ്ടിച്ചത് തൗഹീദ് പ്രാവർത്തികമാക്കുന്നതിന് വേണ്ടിയാണ്. ഈ തൌഹീദ് പ്രാവ൪ത്തികമാക്കുന്നതോടെ അടിമയുടെ നമസ്കാരവും പ്രാ൪ത്ഥനയും നേ൪ച്ചകളും മറ്റെല്ലാ ഇബാദത്തുകളും അല്ലാഹുവിന് മാത്രമേ നല്‍കപ്പെടാവൂ. ഈ തൗഹീദിലേക്കാണ് ലോകത്തേക്ക് അയക്കപ്പെട്ട മുഴുവൻ പ്രവാചകന്മാരും അവരുടെ സമൂഹത്തെ ക്ഷണിച്ചത്.

ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)

തൗഹീദ് സ്വർഗ്ഗം നിർബന്ധമാക്കുന്നു. തൗഹീദിന്റെ വിപരീതമായ ശിർക്ക് നരകം നിർബന്ധമാക്കുന്നു.

ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാള്‍ നബി ﷺ ക്ക് അരികില്‍വന്ന് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണ് നിര്‍ബന്ധമായ രണ്ട് കാര്യങ്ങള്‍?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവില്‍ പങ്കുചേര്‍ക്കാതെയാണ് ആരെങ്കിലും മരണമടഞ്ഞത് എങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആരെങ്കിലും അല്ലാഹുവില്‍ വല്ലതിനെയും പങ്കുചേര്‍ത്താണ് മരണമടഞ്ഞത് എങ്കില്‍ അവന്‍ നരകത്തിലും പ്രവേശിച്ചു. (മുസ്‌ലിം: 93)

അപ്പോൾ ഒരാൾ പ്രാര്‍ത്ഥന ഉൾപ്പടെയുള്ള മുഴുവൻ ഇബാദത്തുകളും അല്ലാഹുവിന് മാത്രം അര്‍പ്പിക്കുമ്പാൾ മാത്രമാണ് ഈമാൻ ഉൾക്കൊള്ളുന്നവനാകുന്നത്. അല്ലാഹുവിന്റെ ഏകത്വം അറിയുകയും പ്രാവർത്തികമാക്കുകയും, അത് ഉദ്ഘോഷിക്കുകയും, ആ മാർഗത്തിൽ തന്നെ മരണപ്പെടുകയും ചെയ്യുന്നതിന് വേണ്ടിയാണ് നമ്മെയെല്ലാം അല്ലാഹു സൃഷ്ടിച്ചത്.

ഈമാൻ ഉൾക്കൊണ്ട് ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളെ അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കുകയുള്ളൂവെന്ന് പറഞ്ഞുവല്ലോ. ഈമാൻ ഉൾക്കൊണ്ട് ചെയ്യുന്ന നി൪വ്വഹിക്കുന്ന ഏതൊരു സല്‍ക൪മ്മവും അതിൽ താഴെ പറയുന്ന രണ്ട് നിബന്ധനകൾ ഒത്താലല്ലാതെ സ്വീകരിക്കപ്പെടുകയില്ല.

(1) ഇഖ്ലാസ് : ആരാധനകളെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ അഥവാ അവന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കല്‍.

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖു൪ആന്‍:98/5)

അബൂഉമാമ അൽബാഹിലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കകളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ :3140)

ഉമര്‍ ഇബ്നു ഖതാബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബിﷺയില്‍ നിന്ന് കേട്ടതായിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപെടുക ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകുന്നു. ഏതൊരാള്‍ക്കും ഉദ്ദേശിച്ചതെ കരസ്ഥമാകുകയുള്ളൂ…… (ബുഖാരി: 1 – മുസ്ലിം:1907)

(2) ഇത്തിബാഅ് (സുന്നത്ത്): ആരാധനകളെല്ലാം അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ മാതൃകയനുസരിച്ച് ആയിരിക്കൽ.

ആരാധനാ ക൪മ്മങ്ങള്‍ അല്ലാഹുവില്‍ സ്വീകാര്യമാകണമെങ്കില്‍ ആ ക൪മ്മങ്ങളില്‍ ഇഖ്ലാസിനോടൊപ്പം ഇത്തിബാഅ് ഉണ്ടാകല്‍ നി൪ബന്ധമാണ്.

നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

ഈ രണ്ട് നിബന്ധനയില്ലാതെ പ്രവർത്തിക്കുന്ന കർമ്മങ്ങൾ, നിഷ്ഫലമായിത്തീരുന്നതാണ്.

അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും. (ഖു൪ആന്‍:25/23)

ഒരാൾ നല്ല ഇഖ്ലാസോടെയാണ് (അല്ലാഹുവിന് വേണ്ടി മാത്രം) കര്‍മ്മം ചെയ്യുന്നത്. എന്നാൽ ചെയ്യുന്ന കര്‍മ്മങ്ങളാകട്ടെ നബി ﷺ യുടെ മാതൃകയിലില്ലാത്തതാണ്. അത് സ്വീകര്യമല്ല എന്നര്‍ത്ഥം. ഇനി ഒരാൾ ചെയ്യുന്ന കര്‍മ്മം നബി ﷺ യുടെ മാതൃകയുള്ളതാണ്. എന്നാൽ ഇഖ്ലാസിൽ വീഴ്ച പറ്റി. പകരം രിയാഅ് (മറ്റുള്ളവരെ കാണിക്കൽ) കടന്നുവന്നു. അതും സ്വീകര്യമല്ല എന്നര്‍ത്ഥം.

സത്യവിശ്വാസികളെ, ശരിയായ തീതിയിൽ ഈമാൻ ഉൾക്കൊള്ളുക, കര്‍മ്മങ്ങളിൽ ഇഖ്ലാസ് കാത്തു സൂക്ഷിക്കുക, ചെയ്യുന്ന കര്‍മ്മം നബി ﷺ യുടെ മാതൃകയുള്ളതാണെന്ന് ഉറപ്പു വരുത്തുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *