അല്ലാഹുവിങ്ക‍ല്‍ ഒരു ഇരിപ്പിടം

ജീവിതത്തിന്റെ ക്ലേശങ്ങളും തിരക്കുകളും നിറഞ്ഞ ഈ ഭൌതിക ലോകത്ത് മനുഷ്യ മനസ്സ് എപ്പോഴും തേടുന്നത് ശാശ്വതമായ ഒരു സങ്കേതമാണ്. മാറ്റമില്ലാത്ത, തകരാത്ത, വ്യാജമായ പുകഴ്ത്തലുകളോ വ്യർത്ഥമായ സംസാരങ്ങളോ ഇല്ലാത്ത യഥാർത്ഥമായ ഒരു ഇടം. വിശുദ്ധ ഖുർആൻ സൂറത്തുൽ ഖമറിന്റെ ഒടുവിലത്തെ ആയത്തിലൂടെ വിശ്വാസികൾക്ക് മുന്നിൽ തുറന്നുവെക്കുന്നത് അത്തരമൊരു പരമമായ ആശ്വാസ തീരമാണ്:

إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَنَهَرٍ ‎﴿٥٤﴾‏ فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرِۭ ‎﴿٥٥﴾‏

തീര്‍ച്ചയായും സൂക്ഷ്മത (തഖ്‌വ) പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. സത്യത്തിന്‍റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാവിന്‍റെ അടുക്കല്‍. (ഖു൪ആന്‍:54/54-55)

1. ‘മഖ്അദു സിദ്ഖ്’: സത്യത്തിന്റെ ഇരിപ്പിടം

‘മഖ്അദ്’ എന്നാൽ ഇരിപ്പിടം എന്നും ‘സിദ്ഖ്’ എന്നാൽ സത്യം എന്നുമാണ് അർത്ഥം. എന്തുകൊണ്ടാണ് അല്ലാഹു സ്വർഗ്ഗീയ പദവിയെ ‘സത്യത്തിന്റെ ഇരിപ്പിടം’ എന്ന് വിശേഷിപ്പിച്ചത്?

قال [جعفر] الصادق رحمه الله: مدح الله المكان بالصدق فلا يقعد فيه إلا أهل الصدق .

ജഅ്ഫർ സ്വാദിഖ് رحمه الله പറഞ്ഞു: അല്ലാഹു ആ സ്ഥലത്തെ ‘സിദ്ഖ്’ (സത്യം) കൊണ്ട് പുകഴ്ത്തിയിരിക്കുന്നു, അതിനാൽ സത്യസന്ധരായ ആളുകൾ അല്ലാതെ അവിടെ ഇരിക്കുകയില്ല. (ബഗ്‌വി)

{في مقعد صدق} في مجلس حق لا لغو فيه ولا تأثيم.

{സത്യത്തിന്‍റെ ഇരിപ്പിടത്തില്‍} വ്യർത്ഥമായ സംസാരങ്ങളോ പാപകരമായ വാക്കുകളോ ഇല്ലാത്ത സത്യത്തിന്റെ സദസ്സിൽ. (ബഗ്‌വി)

ഇഹലോകത്ത് വാക്കും പ്രവൃത്തിയും വിചാരവും സത്യസന്ധമാക്കിയവർക്ക് മാത്രമുള്ളതാണ് ആ സദസ്സ്. അവിടെ വ്യാജമായ സന്തോഷങ്ങളോ, സങ്കടങ്ങളോ, പാപകരമായ സംസാരങ്ങളോ ഇല്ല. ആത്മീയമായ തെളിമയും ശാന്തതയും മാത്രമുള്ള ഇടമാണത്.

2. രാജാക്കന്മാരുടെ രാജാവിന്റെ സാമീപ്യം

ഒരു സാധാരണ മനുഷ്യന്റെ അരികിലിരിക്കുന്നതല്ല ആ ഇരിപ്പിടത്തിന്റെ മാഹാത്മ്യം; മറിച്ച് പ്രപഞ്ചത്തിന്റെ സർവ്വാധികാരിയായ, യാതൊന്നും അസാധ്യമാകാത്ത അല്ലാഹുവിന്റെ സാമീപ്യത്തിലാണ് അത് സ്ഥിതിചെയ്യുന്നത്.

{عند مليك مقتدر} ملك قادر لا يعجزه شيء

{ശക്തനായ രാജാവിന്‍റെ അടുക്കല്‍} യാതൊന്നും അസാധ്യമാകാത്ത,  സർവ്വശക്തനായ രാജാവിന്റെ സാന്നിധ്യത്തിൽ. (ബഗ്‌വി)

{عند مليك مقتدر} أي يقدر على ما يشاء .

{ശക്തനായ രാജാവിന്‍റെ അടുക്കല്‍} അതായത്, താൻ ഉദ്ദേശിക്കുന്ന ഏത് കാര്യത്തിനും കഴിവുള്ളവനായ അല്ലാഹുവിന്റെ അടുക്കൽ.  (ഖുര്‍ത്വുബി)

അത് അല്ലാഹുവിന്റെ അപാരമായ ആദരവും, പ്രീതിയും, ഉദാരതയും നിറഞ്ഞ ഭവനമാണ്. ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ എന്തും നൽകാൻ കഴിവുള്ള സർവ്വശക്തനായ സ്രഷ്ടാവിന്റെ സാന്നിധ്യമാണത്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الْمُقْسِطِينَ عِنْدَ اللَّهِ عَلَى مَنَابِرَ مِنْ نُورٍ عَنْ يَمِينِ الرَّحْمَنِ عَزَّ وَجَلَّ وَكِلْتَا يَدَيْهِ يَمِينٌ الَّذِينَ يَعْدِلُونَ فِي حُكْمِهِمْ وَأَهْلِيهِمْ وَمَا وَلُوا ‏

അബ്ദുല്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നീതി പാലകർ അല്ലാഹുവിന്റെ അടുക്കൽ പ്രകാശത്തിന്റെ സ്റ്റേജുകളി‍ല്‍ പരമകാരുണികനായ അല്ലാഹുവിന്റെ വലതുഭാഗത്തായിരിക്കുന്നതാണ് – അവന്റെ ഇരു കൈകളും വലതാണ് -. തങ്ങളുടെ വിധിതീർപ്പുകളിലും കുടുംബാംഗങ്ങളുടെ കാര്യങ്ങളിലും തങ്ങൾ ഏൽപ്പിക്കപ്പെട്ട ഉത്തരത്തവകളിലും നീതി പുലർത്തുന്നവരാണ് അവർ. (മുസ്ലിം: 1827)

ആസ്വാദനത്തിന്റെ ഏറ്റവും ഉയർന്ന തലമെന്നത് സ്വർഗ്ഗത്തിലെ കനികളും അരുവികളും മാത്രമല്ല, മറിച്ച് തന്റെ സ്രഷ്ടാവിന്റെ സാമീപ്യം അനുഭവിച്ചറിയുക എന്നതാണ്.

3. ഈ ഇരിപ്പിടത്തിലേക്ക് എങ്ങിനെ എത്തിയേക്കാം?

തഖ്‌വ (അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക:

قال شيخ الإسلام ابن تيمية – رحمه الله – : التقوى هي فعل ما أمر الله به، وترك ما نهى الله عنه.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله പറഞ്ഞു: ‘അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ ചെയ്യലും അവൻ വിരോധിച്ച കാര്യങ്ങൾ ഉപേക്ഷിക്കലുമാണ് തഖ്‌വ.’ [الفتاوى (10/667).]

{إِنَّ الْمُتَّقِينَ} لله، بفعل أوامره وترك نواهيه، الذين اتقوا الشرك والكبائر والصغائر.

{തീർച്ചയായും തഖ്‌വയുള്ളവർ} – അല്ലാഹുവിന്റെ കൽപ്പനകൾ പ്രാവർത്തികമാക്കിക്കൊണ്ടും അവന്റെ വിരോധങ്ങൾ വെടിഞ്ഞുകൊണ്ടും അവനെ സൂക്ഷിച്ചവർ; ശിർക്ക്, വൻപാപങ്ങൾ, ചെറുപാപങ്ങൾ എന്നിവയിൽ നിന്നെല്ലാം സൂക്ഷ്മത പാലിച്ചവർ. (തഫ്സീറുസ്സഅ്ദി)

സത്യസന്ധത: ഹൃദയം കൊണ്ടു നിർവ്വഹിക്കുന്ന തഖ്‌വയും (സൂക്ഷ്മത), വാക്കുകളിലും പ്രവൃത്തികളിലുമുള്ള സത്യസന്ധതയുമാണ് ഈ സദസ്സിൽ ഇടംപിടിക്കാനുള്ള താക്കോൽ.

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *