വിശുദ്ധ ഖു൪ആനിന്റെ അ൪ത്ഥവും ആശയവും ചിന്തിച്ച് പാരായണം ചെയ്യുക

വിശുദ്ധ ഖുര്‍ആനിന്റെ അ൪ത്ഥവും ആശയവും അറിയാതെ ഓതിയാലും പ്രതിഫലം ലഭിക്കുമെന്നാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നിലപാട്. എമെങ്കിലും അര്‍ത്ഥം ഒട്ടും ഗ്രഹിക്കാതെയും, വായിക്കുന്ന വാക്യങ്ങളില്‍ തീരെ മനസ്സിരുത്താതെയും പാരായണം ചെയ്യുന്നത് ഖുര്‍ആനിന്റെ അവതരണ ലക്ഷ്യം നിറവേറുന്നില്ല.

ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ

നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:39/29)

ഖു൪ആനിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിച്ചു നോക്കണമെങ്കില്‍ അ൪ത്ഥവും ആശയവും ചിന്തിച്ചു് പാരായണം ചെയ്യുകതന്നെ വേണം. വിശുദ്ധ ഖു൪ആനിന്റെ അ൪ത്ഥവും ആശയവും ചിന്തിച്ചുള്ള പാരായണമായിരുന്നു സ്വലഫുകളുടേത്. ഈമാന്‍ വര്‍ദ്ധിക്കുന്നതിലും ഹൃദയത്തെ സജ്ജീവമാക്കുന്നതിനും സഹായകമായതായിരുന്നു അവരുടെ പാരായണം.

ﺇِﻧَّﻤَﺎ ٱﻟْﻤُﺆْﻣِﻨُﻮﻥَ ٱﻟَّﺬِﻳﻦَ ﺇِﺫَا ﺫُﻛِﺮَ ٱﻟﻠَّﻪُ ﻭَﺟِﻠَﺖْ ﻗُﻠُﻮﺑُﻬُﻢْ ﻭَﺇِﺫَا ﺗُﻠِﻴَﺖْ ﻋَﻠَﻴْﻬِﻢْ ءَاﻳَٰﺘُﻪُۥ ﺯَاﺩَﺗْﻬُﻢْ ﺇِﻳﻤَٰﻨًﺎ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ

അല്ലാഹുവിനെകുറിച്ച് പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും, അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍.(ഖു൪ആന്‍:8/2)

ٱﻟﻠَّﻪُ ﻧَﺰَّﻝَ ﺃَﺣْﺴَﻦَ ٱﻟْﺤَﺪِﻳﺚِ ﻛِﺘَٰﺒًﺎ ﻣُّﺘَﺸَٰﺒِﻬًﺎ ﻣَّﺜَﺎﻧِﻰَ ﺗَﻘْﺸَﻌِﺮُّ ﻣِﻨْﻪُ ﺟُﻠُﻮﺩُ ٱﻟَّﺬِﻳﻦَ ﻳَﺨْﺸَﻮْﻥَ ﺭَﺑَّﻬُﻢْ ﺛُﻢَّ ﺗَﻠِﻴﻦُ ﺟُﻠُﻮﺩُﻫُﻢْ ﻭَﻗُﻠُﻮﺑُﻬُﻢْ ﺇِﻟَﻰٰ ﺫِﻛْﺮِ ٱﻟﻠَّﻪِ ۚ ﺫَٰﻟِﻚَ ﻫُﺪَﻯ ٱﻟﻠَّﻪِ ﻳَﻬْﺪِﻯ ﺑِﻪِۦ ﻣَﻦ ﻳَﺸَﺎٓءُ ۚ ﻭَﻣَﻦ ﻳُﻀْﻠِﻞِ ٱﻟﻠَّﻪُ ﻓَﻤَﺎ ﻟَﻪُۥ ﻣِﻦْ ﻫَﺎﺩ

അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല.(ഖു൪ആന്‍:39/23)

ﻭَﺇِﺫَا ﺳَﻤِﻌُﻮا۟ ﻣَﺎٓ ﺃُﻧﺰِﻝَ ﺇِﻟَﻰ ٱﻟﺮَّﺳُﻮﻝِ ﺗَﺮَﻯٰٓ ﺃَﻋْﻴُﻨَﻬُﻢْ ﺗَﻔِﻴﺾُ ﻣِﻦَ ٱﻟﺪَّﻣْﻊِ ﻣِﻤَّﺎ ﻋَﺮَﻓُﻮا۟ ﻣِﻦَ ٱﻟْﺤَﻖِّ ۖ ﻳَﻘُﻮﻟُﻮﻥَ ﺭَﺑَّﻨَﺎٓ ءَاﻣَﻨَّﺎ ﻓَﭑﻛْﺘُﺒْﻨَﺎ ﻣَﻊَ ٱﻟﺸَّٰﻬِﺪِﻳﻦَ

റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ. (ഖു൪ആന്‍: 5/83)

ശരീരവും അവയവങ്ങളും മനസ്സും ഹൃദയവും കണ്ണും കാതും പങ്കാളികളാവുന്നതാണ് സ്വലഫുകളുടെ ഖു൪ആന്‍ പാരായണം. കാരണം ഖു൪ആനിന്റെ അ൪ത്ഥവും ആശയവും ഉള്‍ക്കൊണ്ടുള്ളതായിരുന്നു അവരുടെ പാരായണം.അതേപോലെ അല്ലാഹുവിന്‍റെ രക്ഷാ ശിക്ഷകളെപ്പറ്റി വിവരിക്കുന്ന സന്ദര്‍ഭങ്ങളില്‍, ഓത്ത് നിറുത്തി കാരുണ്യത്തിനുവേണ്ടി അപേക്ഷിക്കുകയും, ശിക്ഷയില്‍ നിന്ന് രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവ൪ ചെയ്യുമായിരുന്നു.

ഖൂര്‍ആനിലെ സ്വര്‍ഗ്ഗീയ സുവിശേഷങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോള്‍ കൊതിയോടെ അല്ലാഹുവിനോട് അവയെ തേടിയും ഭീതി ജനിപ്പിക്കുന്ന പരാമര്‍ശങ്ങളുണ്ടാവുമ്പോള്‍ ഭയത്തോടെ അതില്‍ നിന്ന് അല്ലാഹുവിനോട് അഭയമിരന്നും മാത്രമായിരുന്നു നബി ﷺയുടെ ഖുര്‍ആന്‍ പാരായണം. കരച്ചിലടക്കാന്‍ കഴിയാത്തതിനാല്‍ പാരായണം തുടരാന്‍ പ്രയാസപ്പെടുന്ന അബുബക്കര്‍ رضى الله عنه  വിനെയും അന്ത്യനാളിന്റെ ഭികരാവസ്ഥ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ തളര്‍ന്നിരുന്നുപോയ ഉമര്‍ رضى الله عنه  വിനെയും പ്രവാചകാനുചരന്മാരില്‍ നമുക്ക് കാണാം.

ٱﻟَّﺬِﻳﻦَ ءَاﺗَﻴْﻨَٰﻬُﻢُ ٱﻟْﻜِﺘَٰﺐَ ﻳَﺘْﻠُﻮﻧَﻪُۥ ﺣَﻖَّ ﺗِﻼَﻭَﺗِﻪِۦٓ ﺃُﻭ۟ﻟَٰٓﺌِﻚَ ﻳُﺆْﻣِﻨُﻮﻥَ ﺑِﻪِۦ ۗ ﻭَﻣَﻦ ﻳَﻜْﻔُﺮْ ﺑِﻪِۦ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﺨَٰﺴِﺮُﻭﻥَ

നാം ഈ വേദഗ്രന്ഥം നല്‍കിയത് ആര്‍ക്കാണോ അവരത് പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.(ഖു൪ആന്‍:2/121)

മുഹമ്മദ് അമാനി മൌലവി رحمه الله എഴുതുന്നു: വേദഗ്രന്ഥത്തിന്റെ പാരായണം മുറപ്രകാരമായിരിക്കുക എന്ന്പറഞ്ഞത് വളരെ ശ്രദ്ധാര്‍ഹമാകുന്നു. ഖുര്‍ആനെ വേദഗ്രന്ഥമായി അംഗീകരിച്ച മുസ്‌ലിംകള്‍ വിശേഷിച്ചും ശ്രദ്ധിക്കേണ്ടുന്ന ഒരു സംഗതിയാണിത്. നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായത്തെ ബാധിച്ചുകൊണ്ടിരിക്കുന്നതും, കാലംചെല്ലുംതോറും അവരില്‍ വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നതുമായ എല്ലാ അധഃപതനങ്ങള്‍ക്കും കാരണം, മുസ്‌ലിംകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാത്തതല്ല, അത് അതിന്റെ മുറപ്രകാരമല്ലാത്തത് മാത്രമാണ്. ഒന്നാമതായി അര്‍ത്ഥവും ആശയവും മനസ്സിലാക്കണം. അതുകൊണ്ടായില്ല. ചിന്തിച്ചും മനസ്സിരുത്തിയുംകൊണ്ടും, അല്ലാഹുവിന്റെ വചനമാണതെന്നും, മനുഷ്യന്റെ സകല നന്‍മക്കുമുള്ള ഏക നിദാനവുമാണെതെന്നുമുള്ള ബോധത്തോടുകൂടിയും ആയിരിക്കണം. അതിന്‍റെ വിധി വിലക്കുകളും ഉപദേശനിര്‍ദ്ദേശങ്ങളും അപ്പടി സ്വീകരിക്കുവാനുള്ള പൂര്‍ണസന്നദ്ധതയും മനസ്സുറപ്പും ഉണ്ടായിരിക്കണം. അതിന്റെ നേര്‍ക്കുനേരെയുള്ള ആശയങ്ങള്‍ക്കുമുമ്പില്‍ സ്വന്തം താല്‍പര്യങ്ങളും അഭിപ്രായങ്ങളുമെല്ലാം ബലികഴിക്കുവാനുള്ള കരളുറപ്പും വേണം. അല്ലാഹുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചും ആവേശം വെച്ചുകൊണ്ടും, അവന്റെ താക്കീതുകളെ സൂക്ഷിച്ചും ഭയന്നുംകൊണ്ടുമായിരിക്കണം. ഉററാലോചനയോടും ഭയഭക്തിയോടും കൂടിയുമായിരിക്കണം ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്. (അമാനി തഫ്സീ൪ : ഖു൪ആന്‍ :2/21 ന്റെ വിശദീകരണത്തില്‍ നിന്ന്)

ഖു൪ആന്‍ പാരായണം ചെയ്യുന്നവരെയും അത് കേള്‍ക്കുന്നവരെയും സ്വാധീനിച്ച് കണ്ണില്‍നിന്ന് കണ്ണുനീര്‍ വീഴ്ത്താന്‍ കഴിയുന്നത് വിശുദ്ധ ക്വുര്‍ആനിന്റെ സവിശേഷതയാണ്. അല്ലാഹു പറയുന്നു:

لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ

ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വ്വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി.(ഖു൪ആന്‍:59/21)

ഇതാണ് നിര്‍ജീവമായ വസ്തുക്കളുടെ അവസ്ഥയെങ്കില്‍, നിര്‍ജീവമായ ഏതെങ്കിലുമൊരു വസ്തുവല്ല, കൊടുങ്കാറ്റില്‍ ഇളകാത്ത പര്‍വതങ്ങളാണ് പേടിച്ച് വിറകൊള്ളുമെന്ന് പറയുന്നത്. അപ്പോള്‍ പിന്നെ മനുഷ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ! അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുന്ന സമയത്ത് ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാത്ത നിര്‍ജീവമായ മനസ്സുകളെയാണ് അധികവും കാണുന്നത്.

عَنْ عُقَيْلٍ، عَنِ ابْنِ شِهَابٍ، قَالَ أَخْبَرَنِي عُرْوَةُ بْنُ الزُّبَيْرِ، أَنَّ عَائِشَةَ، زَوْجَ النَّبِيِّ صلى الله عليه وسلم قَالَتْ لَمْ أَعْقِلْ أَبَوَىَّ إِلاَّ وَهُمَا يَدِينَانِ الدِّينَ، وَلَمْ يَمُرَّ عَلَيْنَا يَوْمٌ إِلاَّ يَأْتِينَا فِيهِ رَسُولُ اللَّهِ صلى الله عليه وسلم طَرَفَىِ النَّهَارِ بُكْرَةً وَعَشِيَّةً، ثُمَّ بَدَا لأَبِي بَكْرٍ فَابْتَنَى مَسْجِدًا بِفِنَاءِ دَارِهِ، فَكَانَ يُصَلِّي فِيهِ وَيَقْرَأُ الْقُرْآنَ، فَيَقِفُ عَلَيْهِ نِسَاءُ الْمُشْرِكِينَ، وَأَبْنَاؤُهُمْ يَعْجَبُونَ مِنْهُ وَيَنْظُرُونَ إِلَيْهِ، وَكَانَ أَبُو بَكْرٍ رَجُلاً بَكَّاءً لاَ يَمْلِكُ عَيْنَيْهِ إِذَا قَرَأَ الْقُرْآنَ، فَأَفْزَعَ ذَلِكَ أَشْرَافَ قُرَيْشٍ مِنَ الْمُشْرِكِينَ‏.‏

ആയിശ رضى الله عنها യില്‍ നിവേദനം: എനിക്ക്‌ ബുദ്ധി ഉറച്ചത്‌ മുതല്‍ ഇസ്ലാം മതം അനുഷ്ഠിക്കുന്നവരായിട്ടല്ലാതെ എന്‍റെ മാതാപിതാക്കളെ (അബൂബക്കര്‍ , ഉമ്മുറുമ്മാന്‍ ) ഞാന്‍ കണ്ടിട്ടില്ല. എല്ലാപകലിന്‍റെയും രണ്ടറ്റമായ പ്രഭാതത്തിലും വൈകുന്നേരവും നബി ﷺ ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു അനന്തരം വീട്ടിന്‍റെ മുറ്റത്ത്‌ ഒരു പള്ളി നിര്‍മ്മിക്കാന്‍ അബൂബക്കര്‍ തീരുമാനിച്ചു. അദ്ദേഹം ഖുര്‍ആന്‍ ഉറക്കെ ഓതിക്കൊണ്ട്‌ അതില്‍ വെച്ച്‌ നമസ്കരിക്കും. അബൂബക്കറിനെ വീക്ഷിച്ചുകൊണ്ടും പാരായണം ആകര്‍ഷിച്ചുകൊണ്ടും മുശ്‌രിക്കുകളുടെ സ്ത്രീകളും കുട്ടികളും അവിടെ ഒരുമിച്ച്‌ കൂടും. ഖുര്‍ആന്‍ ഓതുമ്പോള്‍ തന്‍റെ ഇരുനേത്രങ്ങളേയും നിയന്ത്രിക്കാന്‍ സാധിക്കാതെ കൂടുതല്‍ കരയുന്ന പ്രക്റ്‍തിയായിരുന്നു അബൂബക്കറിന്‍റെത്‌. മുശ്‌രിക്കുകളായ ഖുറൈശീ നേതാക്കന്‍മാരെ ഇത്‌ പരിഭ്രമിപ്പിച്ചു. (ബുഖാരി:476)

ഈയൊരു പ്രതിഭാസം മനുഷ്യമനസ്സുകളെ വിറകൊള്ളിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അസ്ഥികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആ അസാധാരണമായ വിറ നമ്മുടെ അവയവങ്ങളെയോ മനസ്സിനെയോ മാത്രമല്ല സ്വാധീനിക്കുന്നത്. മറിച്ച്, അതിനെല്ലാം അപ്പുറമാണ് അതിന്റെ സ്വാധീനം. അത് നമ്മെ ഭൂമിയില്‍ വിനയാന്വിതരാക്കുകയും ചെയ്യുന്നു.

قُلْ ءَامِنُوا۟ بِهِۦٓ أَوْ لَا تُؤْمِنُوٓا۟ ۚ إِنَّ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ مِن قَبْلِهِۦٓ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا

(നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ഖുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (ദിവ്യ) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ച് കൊണ്ട് മുഖം കുത്തി വീഴുന്നതാണ്‌.(ഖു൪ആന്‍:17/107)

عَنْ جُبَيْرِ بْنِ مُطْعِمٍ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقْرَأُ فِي الْمَغْرِبِ بِالطُّورِ فَلَمَّا بَلَغَ هَذِهِ الآيَةَ ‏{‏أَمْ خُلِقُوا مِنْ غَيْرِ شَىْءٍ أَمْ هُمُ الْخَالِقُونَ – أَمْ خَلَقُوا السَّمَوَاتِ وَالأَرْضَ بَلْ لاَ يُوقِنُونَ- أَمْ عِنْدَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُسَيْطِرُونَ‏}‏ كَادَ قَلْبِي أَنْ يَطِيرَ‏

ജുബൈര്‍ ബിന്‍ മുത്ഇം رضى الله عنه പറയുന്നു: നബി ﷺ മഗ്‌രിബ് നമസ്‌കാരത്തില്‍ ക്വുര്‍ആനിലെ ‘ത്വൂര്‍’ എന്ന അധ്യായം ഓതുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. {അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?} എന്ന വചനങ്ങളില്‍ എത്തിയപ്പോള്‍ എന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് തോന്നി.(ബുഖാരി:65/ 4854)

അല്ലാഹുവിന്റെ പ്രവാചകന്റെ മേല്‍ അവതീര്‍ണമായ വിശുദ്ധ ക്വുര്‍ആന്‍ അന്ന് മുശ്‌രിക്കായിരുന്ന ജുബൈര്‍ ബിന്‍ മുത്ഇമിന് പോലും പ്രത്യേകമായ ഒരു അനുഭൂതി മനസ്സിലുണ്ടാക്കി. തന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്തു. ഇത് ക്വുര്‍ആനിന്റെ ദൈവികതയുടെ അടയാളമാണ്.

അല്ലാഹുവിന്റെ അത്ഭുതകഴിവുകളില്‍ പെട്ടതാകുന്നു അവന്റെ വചനമെന്നത്. അത് നമ്മുടെ ഹൃദയങ്ങള്‍ക്ക് കൈമാറിയിരിക്കുന്നു. ആ വചനങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ മനസ്സുകളെ സ്വാധീനിക്കുകയും കീഴ്‌പെടുത്തുകയും ചെയ്യുന്നു. എന്തൊന്നില്ലാത്ത സ്വസ്ഥതയും ശാന്തതയും മനുഷ്യ൪ അനുഭവിക്കുന്നു. അവരെ ഇല്ലാതാക്കുന്ന മോശമായ വിചാരങ്ങള്‍ വിട്ടുപോകുന്നു. തീര്‍ച്ചയായും, അസാധാരണ സ്വാധീനശക്തി വിശുദ്ധ ക്വുര്‍ആനിനുണ്ട്!

ശൈഖ് ഇബ്നു ഉഥൈമീന്‍ رحمه الله പറഞ്ഞു: മനുഷ്യന്‍ സാവധാനത്തിലും, ചിന്തിച്ചുകൊണ്ടും ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ സമാധാനം ഇറങ്ങും.തീര്‍ച്ചയായും സമാധാനം അത് പാരായണം ചെയ്യുന്നവന്‍റെ ഹൃദയത്തിലേക്ക് എത്തുവോളം ഇറങ്ങും. (ശറഹു രിയാളുസ്സ്വാലിഹീന്‍: 4/651)

قال الإمام ابن القيم – رحمه الله تعالى :فَتَبَارَكَ الَّذِي جعل كَلَامه حَيَاة للقلوب ، وشفاء لما فِي الصُّدُور ، وَبِالْجُمْلَةِ فَلَا شَيْء أَنْفَع للقلب من قِرَاءَة الْقُرْآن بالتدبر والتفكر-

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: തന്റെ കലാമിനെ നെഞ്ചുകളിലുള്ളതിന് ശമനവും, ഹൃദയങ്ങള്‍ക്ക് ചൈതന്യവും (ഉണര്‍വ്വും) ആക്കിയവന്‍ അനുഗഹപൂര്‍ണനായിരിക്കുന്നു. ചുരുക്കത്തില്‍, ചിന്തിച്ചും, ഉറ്റാലോചിച്ചുകൊണ്ടുമുള്ള ഖുര്‍ആന്‍ പാരായണത്തേക്കാള്‍ ഹൃദയത്തിന് ഏറ്റവും പ്രയോജനമുള്ള ഒരുകാര്യവുമില്ല. مفتاح دار السعادة ( ١٨٧/١ )

قال عبد الكريم بن عبد الله الخضير حفظه الله:قراءة القرآن على الوجه المأمور به -كما يقول شيخ الإسلام – تورث القلب الإيمان العظيم وتزيده يقينا وطمأنينة وشفاء {وننزل من القرآن ما هو شفاء ورحمة للمؤمنين} فتدبر القرآن يورث الهدى والنور الإلهي واليقين والطمأنينة يقول ابن القيم: فتدبر القرآن إن رمت الهدى فالعلم تحت تدبر القرآن

അബ്ദുൽ കരീം ബിൻ അബ്ദുല്ലാഹ് അൽ-ഖുദൈർ حفظه الله പറഞ്ഞു: ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞത് പോലെ, കൽപ്പിക്കപ്പെട്ടതനുസരിച്ചുള്ള ഖുർആൻ പാരായണം; ഹൃദയത്തിൽ മഹത്തായ വിശ്വാസവും, ദൃഢബോധവും, ആശ്വാസവും, ശമനവും പ്രദാനം ചെയ്യും. {സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുർആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. (17/82)} അതിനാൽ, ഖുർആനെ സംബന്ധിച്ചുള്ള ആലോചന സന്മാർഗ്ഗവും ദൈവിക പ്രകാശവും ദൃഢതയും സമാധാനവും സമ്മാനിക്കും.

قال الإمام ابن القيم رحمه الله: فقراءة القرآن بالتفكر هي أصل صلاح القلب

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:വിശുദ്ധ ഖുർആൻ ചിന്തിച്ചു കൊണ്ട് പാരായണം ചെയ്യൽ ഹൃദയവിശുദ്ധിയുടെ അടിസ്ഥാനമാണ്.مفتاح دار السعادة【٥٣٦】

قال الإمام ابن القيم رحمه الله: مفتاح حياة القلب تدبر القرآن والتضرع بالأسحار وترك الذنوب، ومفتاح الرزق السَّعي مع الاستغفار والتقوى.

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഖുർആൻ ഉറ്റാലോചിക്കുക, രാത്രിയുടെ അന്ത്യയാമങ്ങളിൽ താഴ്മയോടെ ആരാധന നിർവഹിക്കുക, പാപങ്ങൾ വെടിയുക; ഇവയൊക്കെയാണ് ആത്മജീവന്റെ താക്കോൽ. ഇസ്തിഗ്ഫാറിനും തഖ്‌വയ്ക്കുമൊപ്പമുള്ള പരിശ്രമമാണ് ഉപജീവനത്തിന്റെ താക്കോൽ. (ഹാദിൽ അർവാഹ് ഇലാ ബിലാദിൽ അഫ്റാഹ് : 139)

ഇബ്നു റജബ് -رحمه الله- പറഞ്ഞു: സുന്നത്തായ കാര്യങ്ങളിൽ വെച്ച് അല്ലാഹുവിൻ്റെ ഇഷ്ടം ലഭിക്കാൻ കാരണമാകുന്ന എറ്റവും വലിയ കാര്യമാണ് വിശുദ്ധ ഖുർആൻ പാരായണം ചെയ്യൽ. പ്രത്യേകിച്ച്, അതിൻ്റെ (അർത്ഥവും ആശയങ്ങളും) ഉറ്റാലോചിച്ച് കൊണ്ടുളള പാരായണം.مجموع الرسائل【٤/٨٧】

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു :നീ നേർമാർഗം ആഗ്രഹിക്കുന്നുവെങ്കിൽ ഖുർആനെപ്പറ്റി ചിന്തിക്കുക, ഖുർആനിലുള്ള ചിന്ത വിജ്ഞാനമാണ്. [احكام_وفوائد_رمضانية_للخضير]

قال الشيخ عبد الرحمن بن قاسم النجدي رحمه الله :  ‏ ” قراءة آية بتدبر وفهم، خير من قراءة ختمة بغير تدبر وفهم “

ശൈഖ് അബ്ദുറഹ്മാനുബ്നു ഖാസിം رحمه الله പറഞ്ഞു :  ഒരു ആയത്ത്‌ ഉറ്റാലോചിച്ചും മനസ്സിലാക്കിക്കൊണ്ടും പാരായണം ചെയ്യുന്നതാണ്, ഉറ്റാലോചിക്കാതെയും മനസ്സിലാക്കാതെയും ഖുർആൻ മുഴുവനായി ഓതുന്നതിനേക്കാൾ ഉത്തമമായത്‌. [حاشية ابن قاسم | أصول التفسير ص١٥٣]

ഇമാം ത്വബ്‌രി رحمه الله പറഞ്ഞു: വിശുദ്ധ ക്വുര്‍ആനിന്‍റെ വ്യാഖ്യാനം അറിയാതെ പാരായണം ചെയ്യുന്നവരുടെ വിഷയത്തില്‍ എനിക്ക് അതിശയം തോന്നുന്നു, അവര്‍ക്ക് എങ്ങനെയാണ് അതിന്‍റെ പാരായണ മാധുര്യം ആസ്വധിക്കാനാവുന്നത്. (മുഉജമല്‍ ഉദബാഅ് 18/63)

قال ابن الجوزي ـ رحمه الله  : والله لو أن مؤمناً عاقلاً قرأ سورة الحديد وآخر سورة الحشر وآية الكرسي وسورة الإخلاص بتفكر وتدبر لتصدّع قلبه من خشية الله وتحيّر من عظمة الله ربّه.

ഇമാം ഇബ്നുൽ ജൗസി رحمه الله പറഞ്ഞു: അല്ലാഹുവാണേ, ബുദ്ധിമാനായ ഒരു മുഅ°മിൻ സൂറത്തുൽ ഹദീദും സൂറത്തുൽ ഹശ്റിന്റെ അവസാന ഭാഗവും ആയത്തുൽ കുർസിയ്യും സൂറത്തുൽ ഇഖ്ലാസും ചിന്തിച്ചും ഉറ്റാലോചിച്ചും പാരായണം ചെയ്തിരുന്നുവെങ്കിൽ, അല്ലാഹുവെപറ്റിയുള്ള ഭയത്താൽ അവന്റെ ഹൃദയം പൊട്ടിപ്പിളരുകയും അല്ലാഹുവിന്റെ മഹത്വത്താൽ അവന്റെ മനസ്സ് അമ്പരന്ന്‌ പോവുകയും ചെയ്യുമായിരുന്നു. [التذكرة في الوعظ/ ص ٦٧]

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *