വിശുദ്ധ ക്വുര്‍ആന്‍ നമ്മെ സ്വാധീനിക്കുന്നുണ്ടോ?

മുസ്ലിംകളിൽ അധികമാളുകളും വര്‍ഷത്തിലൊരിക്കല്‍, റമദാന്‍ മാസത്തിൽ മാത്രം വിശുദ്ധ ക്വുര്‍ആനിനെ സമീപിക്കുന്നവരാണ്. റമളാൻ കഴിയുന്നതോടെ അവരത് അടച്ചു വെക്കുകയും ചെയ്യന്നു.   അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുകയും കേള്‍ക്കുകയും ചെയ്യുന്ന സമയത്ത് ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാത്ത നിര്‍ജീവമായ മനസ്സുകളെയാണ് നാം പലപ്പോഴും കാണുന്നത്.

അല്ലാഹുവിന്റെ അത്ഭുതകഴിവുകളില്‍ പെട്ടതാകുന്നു അവന്റെ വചനങ്ങൾ. അത് മനുഷ്യരുടെ ഹൃദയങ്ങള്‍ക്ക് കൈമാറിയിരിക്കുന്നു. ആ വചനങ്ങള്‍ പാരായണം ചെയ്യുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മനുഷ്യ മനസ്സുകളെ അത് സ്വാധീനിക്കുകയും കീഴ്‌പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, അതുവഴി മനസ്സുകൾക്ക് എന്തൊന്നില്ലാത്ത സ്വസ്ഥതയും ശാന്തതയും അനുഭവിക്കാൻ സാധിക്കും.

വിശുദ്ധ ക്വുര്‍ആന്‍ പ്രയാസമനുഭവിക്കുന്ന മനസ്സുകള്‍ക്ക് സമാധാനം നല്‍കുന്നു, ദുഃഖമനുഭവിക്കുന്നവരുടെ ദുഃഖങ്ങള്‍ നീക്കുന്നു. മനശ്ശാന്തി പ്രദാനം ചെയ്യുന്നു. പതിയെ പതിയെ മനസ്സിന്‌സ്വസ്ഥതയും സമാധാനവും പകരുന്നു. അത്രയും, അസാധാരണ സ്വാധീനശക്തി വിശുദ്ധ ക്വുര്‍ആനിനുണ്ട്! അവിശ്വാസികള്‍ക്കുവരെ അതുകൊണ്ട് മനസ്സമാധാനം ലഭിക്കുന്നുവെങ്കില്‍ വിശ്വാസികളുടെ കാര്യം പറയേണ്ടതില്ലല്ലോ. അവിശ്വാസികളായിരുന്ന ധാരാളം പേര്‍ ഇസ്‌ലാമിലേക്ക് വന്നതിന്റെ കാരണം വിശുദ്ധ ക്വുര്‍ആന്‍ തന്നെയാണ്. അറബി ഭാഷയറിയാത്തവരെ പോലും അതിന്റെ പാരായണം കേള്‍ക്കുമ്പോള്‍ വല്ലാതെ സ്വാധീനിച്ചിരുന്നു.

ക്വുര്‍ആനിനാൽ സ്വാധീനിക്കപ്പെട്ട് ജീവിതത്തില്‍ അവര്‍ണനീയമായ മാറ്റങ്ങള്‍ക്ക് വിധേയരായ അനേകം പേര്‍ ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. മക്കയിലെ മലമടക്കുകളില്‍ വീരപുരുഷനായി ഏവരെയും ഭയപ്പെടുത്തി മക്കാനിവാസികളില്‍ മേലാളനായി ജീവിച്ചിരുന്ന ഉമര്‍(റ)വിന്റെ കട്ടിയുള്ള ഹൃദയത്തെ മൃദുവാക്കിയത് പ്രവാചകന്‍ ﷺ യുടെ പ്രാര്‍ഥനക്കൊപ്പം വിശുദ്ധ ക്വുര്‍ആനിലെ സൂറഃ ത്വാഹായിലെ ഏതാനും ആയത്തുകള്‍ പ്രസരിപ്പിച്ച വെളിച്ചമാണെന്ന ചരിത്രം പ്രസിദ്ധമാണ്.

സൂറതുല്‍ ഹദീദിലെ ‘വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും അവതരിച്ചുകിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ’ എന്ന ആശയം വരുന്ന സൂക്തത്തിന്റെ സ്വാധീനം കാരണമാണ് ഫുദൈലുബ്‌നു ഇയാദ് എന്ന വ്യക്തി അന്യസ്ത്രീയുമായുള്ള അവിഹിതബന്ധത്തില്‍നിന്ന് നിന്ന് പിന്തിരിഞ്ഞത്.

പാരായണം നടത്തുകയോ കേള്‍ക്കുകയോ ചെയ്യുമ്പോഴേക്ക് നമ്മ സ്വാധീനിച്ച് കണ്ണില്‍നിന്ന് കണ്ണുനീര്‍ വീഴ്ത്താന്‍ കഴിയുന്നത് വിശുദ്ധ ക്വുര്‍ആനിന്റെ സവിശേഷതയാണ്. അല്ലാഹു പറയുന്നു:

لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ

ഈ ക്വുര്‍ആനിനെ നാം ഒരു പര്‍വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി. (ഖുർആൻ:59/21)

ഇതാണ് നിര്‍ജീവമായ വസ്തുക്കളുടെ അവസ്ഥയെങ്കില്‍, നിര്‍ജീവമായ ഏതെങ്കിലുമൊരു വസ്തുവല്ല, കൊടുങ്കാറ്റില്‍ ഇളകാത്ത പര്‍വതങ്ങളാണ് പേടിച്ച് വിറകൊള്ളുമെന്ന് പറയുന്നത്. അപ്പോള്‍ പിന്നെ മനുഷ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ!

ആയിശ(റ) പറയുന്നു:

ثُمَّ بَدَا لأَبِي بَكْرٍ فَابْتَنَى مَسْجِدًا بِفِنَاءِ دَارِهِ، فَكَانَ يُصَلِّي فِيهِ وَيَقْرَأُ الْقُرْآنَ، فَيَقِفُ عَلَيْهِ نِسَاءُ الْمُشْرِكِينَ، وَأَبْنَاؤُهُمْ يَعْجَبُونَ مِنْهُ وَيَنْظُرُونَ إِلَيْهِ، وَكَانَ أَبُو بَكْرٍ رَجُلاً بَكَّاءً لاَ يَمْلِكُ عَيْنَيْهِ إِذَا قَرَأَ الْقُرْآنَ، فَأَفْزَعَ ذَلِكَ أَشْرَافَ قُرَيْشٍ مِنَ الْمُشْرِكِينَ‏.‏

അബൂബക്കര്‍(റ) തന്റെ വീടിന്റെ മുറ്റത്ത് ഒരു മസ്ജിദ് നിര്‍മിക്കുകയും ജനങ്ങളില്‍നിന്ന് അകന്ന് അവിടെ നമസ്‌കരിക്കുകയും ക്വുര്‍ആന്‍ പാരായണം നടത്തുകയും ചെയ്യുമായിരുന്നു. ആ സമയം മുശ്‌രിക്കുകളായ സ്ത്രീകളും അവരുടെ കുട്ടികളും അവിടെ തടിച്ചുകൂടി അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കുമായിരുന്നു. അബൂബക്കര്‍(റ) ക്വുര്‍ആന്‍ പാരായണം ചെയ്താല്‍ കരയുമായിരുന്നു. പാരായണം ചെയ്യുമ്പോള്‍ തന്റെ കണ്ണില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ അദ്ദേഹത്തിന് അടക്കിനിര്‍ത്താനാകുമായിരുന്നില്ല. സത്യനിഷേധികളായ നേതാക്കന്മാരെ ഇത് ഭയപ്പെടുത്തിയിരുന്നു. (ബുഖാരി:476)

പ്രവാചകാനുചരന്മാര്‍ ക്വുര്‍ആനിന്റെ വെളിച്ചം ദര്‍ശിച്ചപ്പോള്‍ അവരുടെ നയനങ്ങള്‍ നനയുകയും തൊലികള്‍ വിറകൊള്ളുകയും ചെയ്തിരുന്നു.

അബ്ദുല്ലാഹ് ഇബ്‌നു ഉര്‍വതുബ്‌നു സുബൈര്‍(റ) പറഞ്ഞു: ‘ഞാന്‍ എന്റെ വല്യുമ്മയായ അസ്മാഅ് ബിന്‍ത് അബൂബകറിനോട് ചോദിച്ചു: ‘ക്വുര്‍ആന്‍ കേള്‍ക്കുമ്പോള്‍ സ്വഹാബികളുടെ അവസ്ഥ എങ്ങനെയായിരുന്നു?’ അവര്‍ പറഞ്ഞു: ‘അല്ലാഹു അവരെ വിശേഷിപ്പിച്ച പോലെ അവരുടെ നയനങ്ങള്‍ നനയുകയും അവരുടെ തൊലികള്‍ വിറകൊള്ളുകയും ചെയ്തിരുന്നു’ (ശുഅബുല്‍ ഈമാന്‍ 1 /347)

ഇമാം ഇബ്‌നുല്‍ ജൗസിയുടെ ‘മനാക്വിബു അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ്’ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം: ‘ഒരിക്കല്‍ സൂറതുത്ത്വൂര്‍ പാരായണം ചെയ്ത് തഹജ്ജുദ് നമസ്‌കരിക്കുന്ന ഒരാളെ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) കേള്‍ക്കുകയുണ്ടായി. അങ്ങനെ ‘തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാകുന്നു. അത് തടുക്കുവാന്‍ ആരും തന്നെയില്ല’ എന്ന ആശയം വരുന്ന ആയത്ത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘കഅ്ബയുടെ റബ്ബ് തന്നെ സത്യം!’ ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ഒരു മാസത്തോളം രോഗിയായി കിടക്കുകയും ജനങ്ങള്‍ അദ്ദേഹത്തിന്റെ രോഗവിവരമറിയാന്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു; അവര്‍ക്കറിയില്ലായിരുന്നു എന്താണ് ഉമറിനെ രോഗിയാക്കിയത് എന്ന്.’

ഉമർ رَضِيَ اللَّهُ عَنْهُ. തമീം ഗോത്രക്കാരുടെ നിവേദകസംഘം നബി ﷺ യുടെ അടുക്കൽ വന്നപ്പോൾ, അവരിൽ ആരെയാണ് അവരുടെ നേതാവായി നിശ്ചയിക്കേണ്ടതു എന്ന കാര്യത്തിൽ അബൂബകർ رضي الله عنه വും ഉമർ رضي الله عنه വും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ഇതിനെ തുടർന്നുണ്ടായ തർക്കത്തിൽ രണ്ടാളുടെയും ശബ്‌ദം കുറച്ചു ഉച്ചത്തിലായിപ്പോയി. ഈ ഖുർആൻ വചനത്തിന്റെ അവതരണം ആ സന്ദർഭത്തിലായിരുന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَٰلُكُمْ وَأَنتُمْ لَا تَشْعُرُونَ

സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്‌. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്‌. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി. (ഖുർആൻ:49/2)

പിന്നീട് ഉമർ رضي الله عنه നബി ﷺ യോട് സംസാരിക്കുമ്പോൾ, അതുകേട്ട് മനസ്സിലാക്കുവാൻ പോലും ചിലപ്പോൾ സാധിക്കാതെ വരത്തക്കവിധം അത്ര പതുക്കെയായിരുന്നു സംസാരിച്ചിരുന്നത്.

മറ്റൊരു സംഭവം കാണുക:

عَنِ ابْنَ عَبَّاسٍ ـ رضى الله عنهما ـ قَالَ قَدِمَ عُيَيْنَةُ بْنُ حِصْنِ بْنِ حُذَيْفَةَ فَنَزَلَ عَلَى ابْنِ أَخِيهِ الْحُرِّ بْنِ قَيْسٍ، وَكَانَ مِنَ النَّفَرِ الَّذِينَ يُدْنِيهِمْ عُمَرُ، وَكَانَ الْقُرَّاءُ أَصْحَابَ مَجَالِسِ عُمَرَ وَمُشَاوَرَتِهِ كُهُولاً كَانُوا أَوْ شُبَّانًا‏.‏ فَقَالَ عُيَيْنَةُ لاِبْنِ أَخِيهِ يَا ابْنَ أَخِي، لَكَ وَجْهٌ عِنْدَ هَذَا الأَمِيرِ فَاسْتَأْذِنْ لِي عَلَيْهِ‏.‏ قَالَ سَأَسْتَأْذِنُ لَكَ عَلَيْهِ‏.‏ قَالَ ابْنُ عَبَّاسٍ فَاسْتَأْذَنَ الْحُرُّ لِعُيَيْنَةَ فَأَذِنَ لَهُ عُمَرُ، فَلَمَّا دَخَلَ عَلَيْهِ قَالَ هِيْ يَا ابْنَ الْخَطَّابِ، فَوَاللَّهِ مَا تُعْطِينَا الْجَزْلَ، وَلاَ تَحْكُمُ بَيْنَنَا بِالْعَدْلِ‏.‏ فَغَضِبَ عُمَرُ حَتَّى هَمَّ بِهِ، فَقَالَ لَهُ الْحُرُّ يَا أَمِيرَ الْمُؤْمِنِينَ إِنَّ اللَّهَ تَعَالَى قَالَ لِنَبِيِّهِ صلى الله عليه وسلم ‏{‏خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ‏}‏ وَإِنَّ هَذَا مِنَ الْجَاهِلِينَ‏.‏ وَاللَّهِ مَا جَاوَزَهَا عُمَرُ حِينَ تَلاَهَا عَلَيْهِ، وَكَانَ وَقَّافًا عِنْدَ كِتَابِ اللَّهِ‏.‏

ഇബ്‌നു അബ്ബാസ്‌ رَضِيَ اللَّهُ عَنْهُما പറയുന്നു: ഉയൈനത്തു ബ്‌നു ഹിസ്വാന്‍ رَضِيَ اللهُ تَعَالَى عَنْهُ അദ്ദേഹത്തിന്റെ സഹോദര പുത്രനായ ഹുര്‍റുബ്‌നു ക്വൈസ്‌ رَضِيَ اللهُ تَعَالَى عَنْهُ വിന്റെ അടുക്കല്‍ വന്ന്‌ തനിക്കു ഖലീഫ ഉമര്‍ رَضِيَ اللهُ تَعَالَى عَنْهُ വിനോട് ഒരു സംഭാഷണത്തിന് അനുമതി വാങ്ങികൊടുക്കുവാന്‍ ആവശ്യപ്പെട്ടു. ഉമര്‍ رَضِيَ اللهُ تَعَالَى عَنْهُ വിന്റെ സദസ്സിലും, കാര്യാലോചനകളിലും അംഗങ്ങളായിരുന്നവര്‍ ഖുര്‍ആന്‍ അധികം പഠിച്ചവരായിരുന്നു. അവര്‍ യുവാക്കളോ വയസ്സു ചെന്നവരോ എന്ന വ്യത്യാസമില്ലായിരുന്നു. ആ കൂട്ടത്തില്‍ ഒരാളായിരുന്നു ഹുര്‍റും رَضِيَ اللهُ تَعَالَى عَنْهُ. അങ്ങനെ സമ്മതം ലഭിച്ചു ഉയൈനത്ത്‌ ചെന്നപ്പോള്‍ അദ്ദേഹം (ഖലീഫയോട്‌) ഇങ്ങനെ പറഞ്ഞു: “ഖത്ത്വാബിന്റെ മകനേ, അല്ലാഹുവിനെത്തെന്നയാണ! താങ്കള്‍ ഞങ്ങള്‍ക്കു അധികമൊന്നും തരാറില്ല; ഞങ്ങളില്‍ നീതിയനുസരിച്ചു വിധിക്കാറുമില്ല.” ഇതു കേട്ടപ്പോള്‍ ഉമര്‍ رَضِيَ اللهُ تَعَالَى عَنْهُ വിനു കോപം വന്നു. അദ്ദേഹത്തെ വല്ലതും ചെയ്‌വാനുള്ള ഭാവമായി. അപ്പോള്‍, ഹുര്‍റ്‌ رَضِيَ اللهُ تَعَالَى عَنْهُ പറഞ്ഞു: “അമീറുല്‍ മുഅ്‌മിനീന്‍! അല്ലാഹു നബി ﷺ യോട് ഇങ്ങിനെയാണു പറഞ്ഞിരിക്കുന്നത്‌. خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَٰهِلِينَ {‏നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. (ഖുർആൻ:7/199)} ഇയാള്‍ (ഉയയ്‌നത്ത്‌) വിഡ്‌ഢികളില്‍പെട്ടവനുമാകുന്നു”. ഇബ്‌നു അബ്ബാസ്‌ പറയുകയാണ്: “അല്ലാഹുവാണ! ഈ വചനം ഓതിക്കേട്ടപ്പോള്‍ അതിനപ്പുറം പിന്നെ ഉമര്‍ ഒന്നും ചെയ്‌തില്ല. അദ്ദേഹം ക്വുര്‍ആന്‍ കേട്ടാല്‍ നില്‍ക്കുന്ന ആളായിരുന്നു.” (ബുഖാരി:4642)

ക്വുര്‍ആനിന്റെ സ്വാധീനം എത്രത്തോളമുണ്ട് എന്നത് മേൽ സംഭവങ്ങളില്‍ നിന്ന് വ്യക്തമാണ്. സത്യനിഷേധികളായവര്‍ അത്തരം ആളുകള്‍ക്കിടിയില്‍ നിന്ന് അകന്നുനില്‍ക്കുകയും വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് കേട്ടാല്‍ ഓടിയകലുകയും ചെയ്യുന്നില്ലായിരുന്നെങ്കില്‍, അവരെല്ലാം വിശുദ്ധ ക്വുര്‍ആനിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരാകുമായിരുന്നു.

ഈയൊരു പ്രതിഭാസം മനുഷ്യമനസ്സുകളെ വിറകൊള്ളിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ അസ്ഥികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആ അസാധാരണമായ വിറ നമ്മുടെ അവയവങ്ങളെയോ മനസ്സിനെയോ മാത്രമല്ല സ്വാധീനിക്കുന്നത്. മറിച്ച്, അതിനെല്ലാം അപ്പുറമാണ് അതിന്റെ സ്വാധീനം. അത് നമ്മെ ഭൂമിയില്‍ വിനയാന്വിതരാക്കുകയും ചെയ്യുന്നു.

قُلْ ءَامِنُوا۟ بِهِۦٓ أَوْ لَا تُؤْمِنُوٓا۟ ۚ إِنَّ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ مِن قَبْلِهِۦٓ إِذَا يُتْلَىٰ عَلَيْهِمْ يَخِرُّونَ لِلْأَذْقَانِ سُجَّدًا

(നബിയേ,) പറയുക: നിങ്ങള്‍ ഇതില്‍ (ക്വുര്‍ആനില്‍) വിശ്വസിച്ച് കൊള്ളുക. അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുക. തീര്‍ച്ചയായും ഇതിന് മുമ്പ് (ദിവ്യ) ജ്ഞാനം നല്‍കപ്പെട്ടവരാരോ അവര്‍ക്ക് ഇത് വായിച്ചു കേള്‍പിക്കപ്പെട്ടാല്‍ അവര്‍ പ്രണമിച്ചുകൊണ്ട് മുഖം കുത്തി വീഴുന്നതാണ്. (ഖുർആൻ:17/107)

عَنْ  جُبَيْرِ بْنِ مُطْعِمٍ،  ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقْرَأُ فِي الْمَغْرِبِ بِالطُّورِ فَلَمَّا بَلَغَ هَذِهِ الآيَةَ ‏{‏أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَٰلِقُونَ ‎﴿٣٥﴾‏ أَمْ خَلَقُوا۟ ٱلسَّمَٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ ‎﴿٣٦﴾‏ أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ ‎﴿٣٧﴾}‏ كَادَ قَلْبِي أَنْ يَطِيرَ‏.

ജുബൈര്‍ ബിന്‍ മുത്ഇം പറയുന്നു: ”നബി ﷺ മഗ്‌രിബ് നമസ്‌കാരത്തില്‍ ക്വുര്‍ആനിലെ ‘ത്വൂര്‍’ എന്ന അധ്യായം ഓതുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. ‘അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?’ (ത്വൂർ:35-37) എന്ന വചനങ്ങളില്‍ എത്തിയപ്പോള്‍ എന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് തോന്നി.” (ബുഖാരി:4854)

അല്ലാഹുവിന്റെ പ്രവാചകന്റെ മേല്‍ അവതീര്‍ണമായ വിശുദ്ധ ക്വുര്‍ആന്‍ അന്ന് മുശ്‌രിക്കായിരുന്ന ജുബൈര്‍ ബിന്‍ മുത്ഇമിന് പോലും പ്രത്യേകമായ ഒരു അനുഭൂതി മനസ്സിലുണ്ടാക്കി. തന്റെ മനസ്സ് പാറിപ്പറക്കുകയാണോ എന്ന് അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്തു. ഇത് ക്വുര്‍ആനിന്റെ ദൈവികതയുടെ അടയാളമാണ്.

ഒരിക്കല്‍ നബി ﷺ മക്കയില്‍ വെച്ച് ക്വുര്‍ആനിലെ ഒരു സൂറത്ത് പാരായണം ചെയ്തപ്പോള്‍ അവിടെയുണ്ടായിരുന്ന ഇസ്‌ലാമിന്റെ ശത്രുക്കളടക്കം എല്ലാവരും പരിസരം പോലും മറന്ന് അതില്‍ ലയിച്ച് പോവുകയുണ്ടായി.

عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ قَرَأَ النَّبِيُّ صلى الله عليه وسلم النَّجْمَ بِمَكَّةَ فَسَجَدَ فِيهَا، وَسَجَدَ مَنْ مَعَهُ، غَيْرَ شَيْخٍ أَخَذَ كَفًّا مِنْ حَصًى أَوْ تُرَابٍ فَرَفَعَهُ إِلَى جَبْهَتِهِ وَقَالَ يَكْفِينِي هَذَا‏.‏ فَرَأَيْتُهُ بَعْدَ ذَلِكَ قُتِلَ كَافِرًا‏.‏

അബ്ദുല്ലയില്‍(റ) നിന്ന് നിവേദനം: നബി ﷺ മക്കയില്‍ വെച്ച് സൂറത്ത് നജ്മ് ഓതുകയും അതില്‍ സുജൂദ് ചെയ്യുകയും ചെയ്തു. അപ്പോള്‍ നബി ﷺ യുടെ കൂടെയുണ്ടായിരുന്നവരും സുജൂദ് ചെയ്തു. ഒരു കിഴവന്‍ ഒഴികെ. അയാള്‍ തന്റെ കയ്യില്‍ ചെറിയ കല്ലോ മണ്ണോ എടുത്ത് തന്റെ നെറ്റിക്ക് നേരെ ഉയര്‍ത്തി എനിക്ക് ഇത്രയും മതിയെന്ന് ജല്‍പിച്ചു. അയാള്‍ ഈ സംഭവത്തിനുശേഷം അവിശ്വാസിയായി വധിക്കപ്പെട്ടത് ഞാന്‍ കാണുകയുണ്ടായി. (ബുഖാരി:1067)

തുഫൈലുബ്‌നു അംറുദ്ദൗസി തന്റെ ഗോത്രത്തിന്റെ നേതാവും അറിയപ്പെട്ട ഒരു കവിയുമായിരുന്നു. മക്കയിലെത്തിയപ്പോള്‍ ക്വുറൈശികള്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ തുഫൈല്‍! താങ്കള്‍ ഒരു കവിയാണ്, ഗോത്ര നേതാവാണ്. താങ്കളെ മുഹമ്മദ് കാണുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അവന്റെ സംസാരം ആകര്‍ഷണീമായി അനുഭവപ്പെടും. എന്നാല്‍ അറിയുക; അത് സിഹ്‌റാണ്. അതില്‍ വഞ്ചിതനാകരുത്. അദ്ദേഹം മാരണക്കാരനാണ്. നിങ്ങളെയും ഗോത്രത്തെയും അദ്ദേഹം കുഴപ്പത്തിലാക്കുമോ എന്ന് ഞങ്ങള്‍ ഭയക്കുന്നു. സൂക്ഷിക്കുക! അവന്‍ കുടുംബകലഹമുണ്ടാക്കും, ഭിന്നിപ്പുണ്ടാക്കും.’

തുഫൈല്‍ പറയുന്നു: ‘നബി ﷺ യെപ്പറ്റിയും നബിയില്‍നിന്ന് ഒന്നും കേള്‍ക്കരുതെന്നും അവര്‍ എന്നോട് നിരന്തരമായി പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം അദ്ദേഹത്തില്‍നിന്ന് ഒന്നും കേള്‍ക്കുകയില്ലെന്ന് ഞാന്‍ തീരുമാനിച്ചു. മാത്രവുമല്ല അദ്ദേഹത്തെ കാണുമ്പോള്‍ ചെവി അടച്ചുവയ്ക്കാന്‍ രണ്ട് പഞ്ഞിക്കഷ്ണങ്ങളും കരുതിവച്ചു. അങ്ങനെ ഹറമില്‍ പ്രവേശിച്ചപ്പോള്‍ അവിടെ നബി തിരുമേനി ﷺ ക്വുര്‍ആന്‍ പരായണം ചെയ്യുന്നത് കണ്ടു. ഞാനെന്റെ മനസ്സില്‍ പറഞ്ഞു: ഞാനെന്തിന് കേള്‍ക്കാതിരിക്കണം? കാര്യങ്ങള്‍ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ എനിക്കും കഴിയുമല്ലോ! വേണമെങ്കില്‍ സ്വീകരിച്ചാല്‍ മതിയല്ലോ. അല്ലെങ്കില്‍ തള്ളിക്കളയാം. ഞാന്‍ ശ്രദ്ധിച്ചു കേട്ടു. സുബ്ഹാനല്ലാഹ്! ഇതിനെക്കാള്‍ നല്ലത്, ഇതിനെക്കാള്‍ മനോഹരമായത് എന്റെ ജീവിതത്തില്‍ ഞാന്‍ കേട്ടിട്ടില്ല. ഞാന്‍ നബി ﷺ യെ പിന്തുടര്‍ന്നു. ക്വുറൈശികള്‍ പറഞ്ഞതെല്ലാം അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി, ഇസ്‌ലാമില്‍ പ്രവേശിച്ചു. നാട്ടിലേക്ക് പ്രബോധകനായി മടങ്ങിപ്പോയി.’

ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഇസ്‌ലാം വ്യാപിച്ച് കൊണ്ടിരുന്നതില്‍ വിറളിപൂണ്ട ക്വുറൈശികള്‍ നബി ﷺ യോട് സംസാരിക്കാനായി അവരിലെ ബുദ്ധിയും വിവേകവും പ്രസംഗപാടവവുമുള്ള അബൂവലീദ് ഉത്ബതുബ്‌നു റബീഅയെ നിയോഗിച്ചു. അയാള്‍ നബി ﷺ യോട് കുറെ നേരം സംസാരിച്ചു. നബി ﷺ മൗനമായിരിക്കുകയും ചെയ്തു. അങ്ങനെ അയാള്‍ സംസാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ അവിടുന്ന് ചോദിച്ചു:’ അബൂവലീദ്, താങ്കള്‍ വിരമിച്ചുവോ?’ അയാള്‍ പറഞ്ഞു: ‘അതെ.’ ‘എങ്കില്‍ നിശബ്ദത പാലിക്കൂ’ എന്ന് പറഞ്ഞ് അവിടുന്ന് സൂറതുല്‍ ഫുസ്സ്വിലത്തിന്റെ പ്രാരംഭ ഭാഗം അയാള്‍ക്ക് പാരായണം ചെയ്തു കൊടുത്തു. അങ്ങനെ ‘എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നീ പറഞ്ഞേക്കുക; ആദ്, ഥമൂദ് എന്നീ സമുദായങ്ങള്‍ക്ക് നേരിട്ട ഭയങ്കരശിക്ഷ പോലെയുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു’ എന്ന ആശയം വരുന്ന 13ാം വചനം വരെ എത്തിയപ്പോള്‍ ഉത്ബ പ്രവാചകന്റെ വായ (പൊത്തി) പിടിക്കുകയും കുടുംബ ബന്ധത്തെക്കുറിച്ച് പറയുകയും ചെയ്തുകൊണ്ട് തന്റെ കുടുംബത്തിലേക്ക് മടങ്ങുകയും ഒരുപാട് ദിവസം ക്വുറൈശികളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്തു’ (അല്‍വസീത്വ് ലിത്വന്‍ത്വാവി).

ചില റിപ്പോര്‍ട്ടുകൡ ഇപ്രകാരം കാണാം: ”അബൂവലീദ് ഉത്ബതുബ്‌നു റബീഅ അവരുടെ അടുത്ത് ചെന്നപ്പോള്‍ അവരില്‍ ചിലര്‍ മറ്റു ചിലരോട് പറഞ്ഞു: ‘നാം സത്യം ചെയ്യുന്നു! അബുല്‍ വലീദ് അദ്ദേഹത്തി(പ്രവാചക)ന്റെ അടുത്ത് പോയ പോലെയല്ല നിങ്ങളുടെ അടുത്തേക്ക് തിരിച്ച് വന്നിരിക്കുന്നത്.’ അങ്ങനെ അവര്‍ അയാളുമായി സംസാരിക്കാനിരുന്നപ്പോള്‍ ചോദിച്ചു: ‘എന്താണ് താങ്കള്‍ക്ക് സംഭവിച്ചത്?’ അയാള്‍ പറഞ്ഞു: ‘നിശ്ചയം! അല്ലാഹു സത്യം! ഞാനൊരു വാക്ക് കേട്ടു, ഞാന്‍ മുമ്പൊരിക്കലും ഇങ്ങനെയുള്ള ഒരു സംസാരം കേട്ടിട്ടില്ല. അല്ലാഹു സത്യം! അത് സിഹ്‌റല്ല, കവിതയുമല്ല, ജ്യോല്‍സ്യവുമല്ല. അല്ലയോ ക്വുറൈശീ സമൂഹമേ, നിങ്ങളെന്നെ അനുസരിക്കുവിന്‍. അതെനിക്ക് നല്‍കൂ. ആ മനുഷ്യനെയും അയാള്‍ പറയുന്നതിനെയും നിങ്ങള്‍ വിട്ടേക്കൂ. അദ്ദേഹത്തെ നിങ്ങള്‍ വിട്ടേക്കൂ. അല്ലാഹു സത്യം! നിശ്ചയം അദ്ദേഹത്തില്‍ നിന്ന് ഞാന്‍ കേട്ട സംസാരത്തില്‍ വൃത്താന്തം ഉണ്ട്. അറബികള്‍ അദ്ദേഹത്തെ ഉപദ്രവിക്കുകയാണെങ്കില്‍ നിങ്ങളല്ലാത്തവര്‍ അദ്ദേഹത്തെ നിങ്ങളില്‍ നിന്ന് സംരക്ഷിക്കും. അദ്ദേഹം അവരെ അതിജയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അധികാരം നിങ്ങളുടെയും അധികാരമാവും. അദ്ദേഹത്തിന്റെ പ്രതാപം നിങ്ങളുടെ പ്രതാപമാവും. നിങ്ങള്‍ ജനങ്ങളില്‍ ഏറ്റവും സൗഭാഗ്യവാന്മാരിയിക്കും.’ അപ്പോള്‍ ക്വുറൈശികള്‍ പറഞ്ഞു: ‘അബുല്‍വലീദ്! അദ്ദേഹം നാവ്‌കൊണ്ട് താങ്കളെ മാരണം ചെയ്തിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു: ‘ഈ കാര്യത്തില്‍ എന്റെ അഭിപ്രായം ഇതാണ്. നിങ്ങള്‍ക്ക് തോന്നുന്നത് പ്രവര്‍ത്തിക്കുക” (അല്‍വസീത്വ് ലിത്വന്‍ത്വാവി)

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”വലീദുബ്‌നു മുഗീറ നബിﷺയുടെ അടുക്കലേക്ക് വന്നു. നബിﷺ അദ്ദേഹത്തിന് ക്വുര്‍ആന്‍ ഓതിക്കേള്‍പിച്ചു. അതോടെ വലീദിന്റെ മനസ്സ് ഒന്ന് ലോലമായി. ഇത് അറിഞ്ഞപാടെ അബൂജഹല്‍ വലീദിനെ കാണാന്‍ ചെന്നു. എന്നിട്ട് പറഞ്ഞു: ‘അങ്ങയുടെ ജനത അങ്ങേക്കുവേണ്ടി സമ്പത്ത് ഒരുക്കൂട്ടുകയാണ്.’ വലീദ് ചോദിച്ചു: ‘എന്തിനാണത്?’ അബൂജഹല്‍ പറഞ്ഞു: ‘താങ്കള്‍ക്ക് നല്‍കുവാന്‍ വേണ്ടി. നിങ്ങള്‍ മുഹമ്മദിന്റെ അടുക്കലേക്ക് ചെന്ന വിവരം ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘അല്ലയോ അബൂജഹല്‍, ഞാന്‍ വലിയ ഒരു സമ്പന്നനാണ് എന്ന് ക്വുറൈശികള്‍ക്ക് അറിയാമല്ലോ.’ (എനിക്കു പണത്തിന് ആവശ്യം ഇല്ല എന്നര്‍ഥം) അപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘എങ്കില്‍ മുഹമ്മദിനെ വെറുക്കുന്ന രൂപത്തില്‍ എന്തെങ്കിലും മുഹമ്മദിനെ കുറിച്ച് പറയൂ.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘ഞാന്‍ എന്തു പറയാനാണ്? അല്ലാഹുവാണ് സത്യം! നിങ്ങളുടെ കൂട്ടത്തില്‍ എന്നെക്കാള്‍ കവിത അറിയാവുന്ന ആരും തന്നെയില്ല. കവിതകളുടെ ഈണങ്ങളും താളങ്ങളും എന്നെപ്പോലെ അറിയാവുന്ന മറ്റൊരാളും ഇവിടെ ഇല്ല. ജിന്നുകളുടെ കവിതകള്‍ പോലും അറിയുന്നവനാണ് ഞാന്‍. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ടത് ഇതൊന്നുമല്ല. അല്ലാഹുവാണ് സത്യം! മുഹമ്മദില്‍ നിന്ന് ഞാന്‍ കേട്ട വാക്കുകള്‍ക്ക് ഒരു മാധുര്യമുണ്ട്. അതിലൊരു ഒഴുക്കുണ്ട്. അതിന്റെ മുകള്‍ഭാഗം ഫലം നിറഞ്ഞതാണ്. അതിന്റെ താഴ്ഭാഗം ശക്തമായ ഒഴുക്കുള്ളതാണ്. അത് ഉയര്‍ന്നുകൊണ്ടിരിക്കും. അതിന്റെ മുകളില്‍ മറ്റൊന്നും ഉയരുകയില്ല. അതിന്റെ താഴെയുള്ള എല്ലാറ്റിനെയും അത് തകര്‍ത്തുകളയും.’ ഇതെല്ലാം കേട്ടപ്പോള്‍ അബൂജഹല്‍ പറഞ്ഞു: ‘മുഹമ്മദിനെതിരെ എന്തെങ്കിലുമൊന്ന് പറയാതെ നിന്റെ ആളുകള്‍ നിന്റെ കാര്യത്തില്‍ ഒരിക്കലും തൃപ്തിപ്പെടുകയില്ല.’ അപ്പോള്‍ വലീദ് പറഞ്ഞു: ‘എങ്കില്‍ എന്നെ വിട്ടേക്കൂ. ഞാനൊന്നു ചിന്തിക്കട്ടെ.’ അല്‍പനേരം ചിന്തിച്ച ശേഷം വലീദ് പറഞ്ഞു: ‘ഇത് ഒരു സിഹ്‌റാണ്. ആരോ സിഹ്‌റ് ചെയ്ത സ്വാധീനമാണ്.’ ഈ വിഷയത്തിലാണ് വിശുദ്ധ ക്വുര്‍ആനിലെ അല്‍മുദ്ദസ്സിര്‍: 11-25 വചനങ്ങള്‍ അവതരിച്ചത്.

ജഅ്ഫറുബ്‌നു അബീത്വാലിബ്(റ) സൂറതു മറ്‌യമിലെ ആദ്യ വചനങ്ങള്‍ നജ്ജാശി രാജാവിന്റെയും അവരുടെ പണ്ഡിത പ്രഭുക്കളുടെയും മുന്നില്‍ പാരായണം ചെയ്തു. ആ സമയം അവരുടെ താടി നനയുമാറ് അവര്‍ കരയുകയുണ്ടായി. ശേഷം അവരോട് നജ്ജാശി രാജാവ് പറഞ്ഞു: ‘നിശ്ചയം, ഇത് ഈസാ കൊണ്ടുവന്ന സ്രോതസ്സില്‍ നിന്ന് തന്നെയുള്ളതാണ്’ (സീറതുന്‍ ലി ഇബ്‌നുഹിശാം).

ഇതിനെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

وَإِذَا سَمِعُوا۟ مَآ أُنزِلَ إِلَى ٱلرَّسُولِ تَرَىٰٓ أَعْيُنَهُمْ تَفِيضُ مِنَ ٱلدَّمْعِ مِمَّا عَرَفُوا۟ مِنَ ٱلْحَقِّ ۖ يَقُولُونَ رَبَّنَآ ءَامَنَّا فَٱكْتُبْنَا مَعَ ٱلشَّٰهِدِينَ

റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ. (ഖുർആൻ:5/83)

ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَٰبًا مُّتَشَٰبِهًا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ

അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല. (ഖുർആൻ:39/23)

വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യരില്‍ മാത്രമല്ല ജിന്ന് സമൂഹത്തിലും പ്രകാശം ചൊരിയുകയും അതി ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്ത കാര്യം ക്വുര്‍ആന്‍ എടുത്തുപറയുന്നുണ്ട്.

وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ ‎﴿٢٩﴾‏ قَالُوا۟ يَٰقَوْمَنَآ إِنَّا سَمِعْنَا كِتَٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ‎﴿٣٠﴾‏ يَٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ‎﴿٣١﴾‏ وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ ‎﴿٣٢﴾

ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്റെ അടുത്തേക്ക് ക്വുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്). അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി. അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടതും അതിന് മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത് വഴികാട്ടുന്നു. ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് നിങ്ങള്‍ ഉത്തരം നല്‍കുകയും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നതാണ്. അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആള്‍ക്ക് വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന് തോല്‍പിക്കാനാവില്ല. അല്ലാഹുവിന് പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു. (ഖുർആൻ:46/29-32)

ഇതാണ് വിശുദ്ധ ക്വുര്‍ആനിനെ ഇതര ഗ്രന്ഥങ്ങളില്‍ നിന്നും രചനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. അല്ലാഹുവിന്റെ ദിവ്യവചനങ്ങള്‍ മനുഷ്യരെ വിറകൊള്ളിക്കുകയും ഹൃദയങ്ങളെ ചകിതമാക്കുകയും കരയിക്കുകയും ചെയ്യുന്നു. വിശുദ്ധ ക്വുര്‍ആനിനും അതിന്റെ മഹത്ത്വത്തിനും കീഴൊതുങ്ങുന്ന, പാരായണം ചെയ്യുമ്പോഴും കേൾക്കുമ്പോഴും കണ്ണില്‍നിന്ന് കണ്ണുനീര്‍ പൊഴിക്കുന്ന ഭക്തിസാന്ദ്രമായ, വിനീതമായ മനസ്സുകള്‍ക്ക് ഉടമയാണോ നാം? അല്ലാഹുവിന്റെ ദിവ്യവചനങ്ങളെ ഉപേക്ഷിക്കുകയെന്നത് നമുക്ക് യോജിച്ചതാണോ? പ്രത്യേകിച്ച്, ക്വുര്‍ആന്‍ കാരുണ്യവും ശമനവുമാണെന്ന് നാം മനസ്സിലാക്കിയിരിക്കെ!

ചിലര്‍ തങ്ങളുടെ ദിനേനയുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും അല്ലാഹുവിന്റെ വചനങ്ങള്‍ മനഃപാഠമാക്കുന്നതില്‍ മുന്നേറുകയും അത് പാരായണം ചെയ്ത് പൂര്‍ത്തീകരിക്കുകയും അവന്റെ സൂക്തങ്ങളിലെ മുന്നറിയിപ്പുകളെ ഭയപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെതിരായി, അല്ലാഹുവിന്റെ വചനം ഒരു നിലയ്ക്കും സ്വാധീനിക്കാത്ത, നോവലുകളും ചിന്താപരമായ മറ്റു പുസ്തകങ്ങളും മാത്രം സ്വാധീനം ചെലുത്തുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഒറ്റ രാത്രികൊണ്ട് വായിച്ചുതീര്‍ത്ത പുസ്തകങ്ങളുടെ കണക്കുകളില്‍ അവര്‍ അഭിമാനം കൊള്ളുകയും അല്ലാഹുവിന്റെ വചനത്തെ ഉപേക്ഷിക്കുകയും ചെയ്യുന്നു. അവസാനമായി അവര്‍ വിശുദ്ധ ക്വുര്‍ആന്‍ തുറന്ന് നോക്കിയത് ഒന്നോ രണ്ടോ മാസം മുമ്പായിരിക്കും. അതുമല്ലെങ്കില്‍ മാസങ്ങളായിക്കാണും.  ദിനപത്രങ്ങളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും ചാനലുകളുടെയും മുമ്പിൽ സമയം ചെലവഴിച്ചും  പുസ്തകങ്ങള്‍ വായിച്ചാസ്വദിച്ചും അവര്‍ രാത്രിയില്‍ കഴിഞ്ഞുകൂടുന്നു. ഒരു നിമിഷമെങ്കിലും വിശുദ്ധ ക്വുര്‍ആന്‍ വായിച്ച് ചിന്തിക്കുന്നതിന് അവരുടെ ഹൃദയങ്ങള്‍ തുടിക്കുന്നില്ല. ഇത്തരക്കാരെ കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

أَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَٰمِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِۦ ۚ فَوَيْلٌ لِّلْقَٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ

അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?). എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ. (ഖുർആൻ:39/22)

രാത്രിയില്‍ അല്ലാഹുവിന് വിധേയപ്പെട്ട് ദിവ്യസൂക്തങ്ങള്‍ പാരായാണം ചെയ്യുന്ന ചിലയാളുകളെ കുറിച്ച് നാം കേള്‍ക്കുന്നു. അതുപോലെ, സാഹിത്യ പുസ്തകങ്ങള്‍ക്കും നവസാമൂഹ്യ മാധ്യമങ്ങള്‍ക്കും വിധേയപ്പെട്ട് രാത്രിയെ തള്ളിനീക്കുന്ന ആളുകളെ കുറിച്ചും നമ്മള്‍ കേള്‍ക്കുന്നു. എന്നാല്‍, ഇത് നമ്മെ ഒരുപാട് സങ്കടപ്പെടുത്തുന്നു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ക്വുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്യുന്നതിന്റെ മഹത്ത്വം നാം അറിഞ്ഞിരുന്നുവെങ്കില്‍!

ഉസൈദ് ബിന്‍ ഹുദൈര്‍(റ) ഒരിക്കൽ  രാത്രിയില്‍ സൂറത്തുല്‍ബക്വറ പാരായണം ചെയ്യുകയായിരുന്നു. അപ്പോള്‍  ആകാശത്തേക്ക് തല ഉയര്‍ത്തി നോക്കിയപ്പോൾ മേഘങ്ങള്‍ക്കിടയില്‍ വിളക്കില്‍നിന്നെന്ന പോലെ വെളിച്ചം അദ്ദേഹം കണ്ടു. അദ്ദേഹം  പുറത്തേക്കിറങ്ങിയപ്പോൾ അത് കാണുന്നില്ല. അതെ കുറിച്ച് അടുത്ത ദിവസം നബി ﷺ യോട് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു:

تِلْكَ الْمَلاَئِكَةُ دَنَتْ لِصَوْتِكَ وَلَوْ قَرَأْتَ لأَصْبَحَتْ يَنْظُرُ النَّاسُ إِلَيْهَا لاَ تَتَوَارَى مِنْهُمْ

അത്, മലക്കുകള്‍ നിന്റെ ശബ്ദത്തിലേക്ക് (ക്വുര്‍ആന്‍ പാരായണത്തിലേക്ക്) വന്നെത്തിയതാണ്. താങ്കള്‍ പാരായണം തുടര്‍ന്നിരുന്നുവെങ്കില്‍ അത് മാഞ്ഞുപോകുമായിരുന്നില്ല. ജനങ്ങള്‍ അത് നോക്കി നില്‍ക്കുമായിരുന്നു. (ബുഖാരി:5018)

عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي السَّائِبُ بْنُ يَزِيدَ، أَنَّ شُرَيْحًا الْحَضْرَمِيَّ، ذُكِرَ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ ذَاكَ رَجُلٌ لاَ يَتَوَسَّدُ الْقُرْآنَ ‏”‏ ‏.‏

ഒരിക്കല്‍ പ്രവാചക സദസ്സില്‍ ശുറൈഹ് ഹദറമി(റ) സ്മരിക്കപ്പെട്ടു. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ആ മനുഷ്യന്‍ ക്വുര്‍ആന്‍ തലയണയാക്കിയിരുന്നില്ല. (പാരായാണം ചെയ്യുമ്പോള്‍ ഉറങ്ങുമായിരുന്നില്ല). (നസാഇ:1783)

സത്യവിശ്വാസികളെ, അനാവശ്യ കാര്യങ്ങളിൽ ചെലവഴിച്ച്, അവയുടെ ആസ്വാദനത്തില്‍ മുഴുകുന്ന വിഭാഗമായി നാം മാറരുത്. അവയൊക്കെ  ഉറക്കത്തില്‍ നിന്ന്  തടഞ്ഞ് നിര്‍ത്തുന്നുവെങ്കില്‍, ക്വുര്‍ആന്‍ പാരായാണം ഉറക്കത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നത് കാണുക:

وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ

എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്. (ഖുർആൻ:20/124)

സത്യവിശ്വാസികളെ, വിശുദ്ധ ഖു൪ആന്‍ അല്ലാഹു അവതരിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് അവന്റെ അടിമകള്‍ അതിനെ കുറിച്ച് ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യുക എന്നുള്ളത്.

ۗ ﻭَﺃَﻧﺰَﻟْﻨَﺎٓ ﺇِﻟَﻴْﻚَ ٱﻟﺬِّﻛْﺮَ ﻟِﺘُﺒَﻴِّﻦَ ﻟِﻠﻨَّﺎﺱِ ﻣَﺎ ﻧُﺰِّﻝَ ﺇِﻟَﻴْﻬِﻢْ ﻭَﻟَﻌَﻠَّﻬُﻢْ ﻳَﺘَﻔَﻜَّﺮُﻭﻥَ

നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും. (ഖു൪ആന്‍:16/44)

ﻭَﻟَﻘَﺪْ ﺿَﺮَﺑْﻨَﺎ ﻟِﻠﻨَّﺎﺱِ ﻓِﻰ ﻫَٰﺬَا ٱﻟْﻘُﺮْءَاﻥِ ﻣِﻦ ﻛُﻞِّ ﻣَﺜَﻞٍ ﻟَّﻌَﻠَّﻬُﻢْ ﻳَﺘَﺬَﻛَّﺮُﻭﻥ

തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാ വിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്‌. അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. (ഖുർആൻ:39/27-28)

ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ

നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:38/29)

ഖു൪ആനിന്റെ സന്ദേശങ്ങള്‍ മനസ്സിലാക്കുകയും അവയെപറ്റി ചിന്തിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അല്ലാഹു പറയുന്നു. അപ്രകാരം ചെയ്യാത്തവരെ അല്ലാഹു ആക്ഷേപിക്കുന്നതായും കാണാം.

ﺃَﻓَﻼَ ﻳَﺘَﺪَﺑَّﺮُﻭﻥَ ٱﻟْﻘُﺮْءَاﻥَ ﺃَﻡْ ﻋَﻠَﻰٰ ﻗُﻠُﻮﺏٍ ﺃَﻗْﻔَﺎﻟُﻬَﺎٓ

അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ? (ഖുർആൻ:47/24)

ഖു൪ആനിന്റെ സന്ദേശങ്ങളെയും അതിലെ ദൃഷ്ടാന്തങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോള്‍ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുകയും അവനില്‍ വിശ്വാസം വ൪ദ്ധിക്കുകയും ചെയ്യും.

സത്യവിശ്വാസികളെ, അല്ലാഹുവിന് നമ്മളെയോ, നമ്മള്‍ ഇബാദത്ത് ചെയ്യേണ്ടതിന്റെയോ ആവശ്യമില്ല. മറിച്ച് നമുക്കാണ് ആവശ്യമായി വരുന്നത്. അല്ലാഹുവിലേക്ക് അടുക്കുന്നതിന് അനുസരണയോടെ ആരാധനകള്‍ ചെയ്ത് നാം മുന്നേറേണ്ടതുണ്ട്. നമ്മെ അവിവേകികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താതെ, അനുസരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ അവന്റെ അനുഗ്രഹത്തിന് നാം നന്ദി കാണിക്കേണ്ടതുമുണ്ട്. അവനോട് സഹായം ചോദിക്കുകയും അവന്‍ നല്‍കിയ അുഗ്രഹങ്ങള്‍ക്കെല്ലാം നന്ദി കാണിക്കുകയും ചെയ്യുക.

അല്ലാഹു പറയുന്നു:

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (ഖുർആൻ:1/5)

അല്ലാഹുവിനോട് സഹായം ചോദിക്കുമ്പേള്‍ വിജയത്തിന്റെയും എളുപ്പത്തിന്റെയും വാതിലുകള്‍ നമുക്ക് മുന്നില്‍ തുറക്കപ്പെടുകയാണ് ചെയ്യുന്നത്. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. (ആമീൻ)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *