വിശുദ്ധ ഖുർആനിലെ 97 ാ മത്തെ സൂറത്താണ് سورة القدر (സൂറ: ഖദ്ര്‍). 5 ആയത്തുകളാണ്  ഈ സൂറത്തിലുള്ളത്. ഒന്നാമത്തെ വചനത്തിൽ വിശുദ്ധ ഖുർആ‍‍‍ൻ അവതരിച്ച  ലൈലത്തുല്‍ ഖദ്റിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളതാണ്  ഈ പേരിനാധാരം.

വിശുദ്ധ ഖുർആനിന്റെ ഉന്നതമായ മഹത്ത്വത്തെയും ശ്രേഷ്ഠതയെയും ഒന്നാമത്തെ വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നു:

إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:97/1)

قدر (‍ഖദ്‌ര്‍) എന്ന വാക്കിന് ‘നിര്‍ണ്ണയിക്കുക, കണക്കാക്കുക’ എന്നിങ്ങനെ അര്‍ത്ഥമുള്ളത് കൊണ്ട് لَيْلَةُ الْقَدْرِ (ലൈലത്തുല്‍ ഖദ്‌ര്‍) എന്ന വാക്കിന് ‘നിര്‍ണ്ണയത്തിന്റെ രാത്രി’ എന്ന് വിവര്‍ത്തനം നല്‍കാം. അതേപോലെ ഈ വാക്കിന് നിലപാട്, ബഹുമാനം’ എന്നിങ്ങനെയും അര്‍ത്ഥമുള്ളത് കൊണ്ട് ‘ബഹുമാനത്തിന്റെ രാത്രി, ‘മേൻമയുള്ള രാത്രി’ എന്നും വിവര്‍ത്തനം നല്‍കാം.

മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു:

‏ إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ

തീര്‍ച്ചയായും നാം അതിനെ(ഖു൪ആനിനെ) ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.(ഖു൪ആന്‍:44/2)

‘ലൈലത്തുല്‍ ഖദ്൪’ എന്ന  അനുഗൃഹീത രാത്രിയിലാണ് മുഹമ്മദ് നബിﷺക്ക് വിശുദ്ധ ഖു൪ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. വ്യത്യസ്ത സന്ദർഭങ്ങളിലായി 23 വർഷം കൊണ്ടാണ് വിശുദ്ധ ഖുർആനിന്റെ അവതരണം പൂർത്തിയായത്. എന്നാൽ ഖുർആൻ നേരത്തെ തന്നെ അല്ലഹുവിന്റെ പക്കൽ ലൌഹുൽ മഹ്ഫൂളിൽ (لوح المحفوظ) രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് ലൈലത്തുല്‍ ഖദ്റില്‍ ഒന്നാം ആകാശത്തേക്ക് അല്ലാഹു അതിനെ അവതരിപ്പിക്കുകയാണുണ്ടായത്.

قاَلَ ابْنُ عَبَّاسٍ وَغَيْرُهُ: أنْزَلَ اللهُ القُرْآنَ جُمْلَةً وَاحِدَةً مِنَ اللَّوْحِ المَحْفُوظِ إلَى بَيْتِ العِزَّةِ مِنَ السَّمَاءِ الدُّنْيَا ثُمَّ نَزَلَ مُفَصَّلاً بِحَسْبِ الوَقَائِعِ في ثَلاَثٍ وَعِشْرِينَ سَنَة عَلَى رَسُولِ اللهِ صَلَّى اللهُ تَعَالَى عَلَيْهِ وَسَلَّمَ

ഇബ്നു അബ്ബാസും (رضى الله عنه) മറ്റും പറയുന്നു: അല്ലാഹു ഖുർആനിനെ മുഴുവനായും ലൌഹുൽ മഹ്ഫൂളിൽ നിന്നും ഒന്നാം ആകാശത്തെ ബൈത്തുൽ ഇസ്സയിലേക്ക് അവതരിപ്പിച്ചു. പിന്നീട് ഓരോ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ 23 വർഷങ്ങളിലായി നബിﷺക്ക് അതിനെ അവതരിപ്പിക്കുകയാണുണ്ടായത്. (തഫ്സീർ ഇബ്നു കസീര്‍ – ഖു൪ആന്‍ :97/1-5 ന്റെ വ്യാഖ്യാനത്തിൽ നിന്ന്)

وَذَلِكَ أَنَّ اللَّهَ تَعَالَى ابْتَدَأَ بِإِنْزَالِ الْقُرْآنِ فِي رَمَضَانَ فِي لَيْلَةِ الْقَدْرِ، وَرَحِمَ اللَّهُ بِهَا الْعِبَادَ رَحْمَةً عَامَّةً، لَا يَقْدِرُ الْعِبَادُ لَهَا شُكْرًا.

ക്വുര്‍ആനിന്റെ അവതരണം ആരംഭിച്ചത് റമദാനിലെ ലൈലതുല്‍ ക്വദ്‌റിലാണ്. മഹത്തായ ഈ രാത്രിയെ നിശ്ചയിച്ചു തന്നതിലൂടെ നന്ദി ചെയ്താല്‍ തീരാത്ത വിധം അല്ലാഹു തന്റെ അടിമകള്‍ക്ക് അതിവിശാലമായ അനുഗ്രഹമാണ് നല്‍കിയത്. ലൈലതുല്‍ക്വദ്ര്‍ എന്ന് ഈ രാത്രിക്ക് പേരു നല്‍കാന്‍ കാരണം അതിന് അല്ലാഹുവിന്റെ അടുക്കലുള്ള ശ്രേഷ്ഠതയും അതിന്റെ അതിമഹത്ത്വവുമാണ്. കാരണം ആ വര്‍ഷത്തില്‍ സംഭവിക്കാനിരിക്കുന്ന മനുഷ്യന്റെ അവധി, ഉപജീവനം, വിധി സംബന്ധമായ കാര്യങ്ങള്‍ എന്നിവ അന്ന് നിര്‍ണയിക്കപ്പെടുന്നു. (തഫ്സീറുസ്സഅ്ദി)

إِنَّا أَنَْزَلْنَا القُرْآنَ جُمْلَةً إِلَى السَّمَاءِ الدُّنْيَا كَمَا ابْتَدَأْنَا إِنْزَالَهُ عَلَى النَّبِيِّ صلى الله عليه وسلم فِي لَيْلَةِ القَدْرِ مِنْ شَهْرِ رَمَضَانَ.

റമദാൻ മാസത്തിലെ ലൈലതുൽ ഖദ്റിലാണ് മുഹമ്മദ് നബി ﷺ യുടെ മേൽ നാം ആദ്യമായി ഖുർആൻ അവതരിപ്പിച്ചത് എന്നതു പോലെ, ഖുർആൻ മുഴുവനായും (ഒറ്റത്തവണയായി) ഒന്നാമാകാശത്തിലേക്ക് നാം ഇറക്കിയതും ലൈലതുൽ ഖദ്റിലാണ്. (തഫ്സീർ മുഖ്തസ്വർ)

ലൈലത്തുല്‍ ഖദ്൪ റമാദാനിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി ﷺ അത് വ്യക്തമാക്കിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ

നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം (റമളാന്‍) വന്നെത്തിയിരിക്കുന്നു. …………. അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. (നസാഇ – അല്‍ബാനി: 4/129 നമ്പര്‍:2106)

മാത്രമല്ല, ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് റമളാനിലാണെന്ന കാര്യം ഖുര്‍ആനില്‍ തന്നെ വന്നിട്ടുമുണ്ട്.

ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. ……. (ഖു൪ആന്‍: 2/185)

പിന്നീട് അതിന്റെ മഹത്ത്വത്തെ ഒന്നുകൂടി ഉന്നതമാക്കിയും അതിന്റെ കാര്യം ശക്തിപ്പെടുത്തിയും അല്ലാഹു പറയുന്നു:

وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ

നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? (ഖു൪ആന്‍:97/2)

ലൈലതുൽ ഖദ്റിലുള്ള ഖൈറും ബറകത്തും എന്തെല്ലാമാണെന്ന് താങ്കൾക്കറിയുമോയെന്നാണ് മുഹമ്മദ്  നബി ﷺ യോടുള്ള ചോദ്യം. അതിന്റെ കാര്യം മഹത്ത്വമേറിയതും ഉന്നതവുമാണെന്ന ഉത്തരവും ചോദ്യത്തിൽ തന്നെ അടങ്ങിയിട്ടുണ്ട്.

لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ

നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. (ഖു൪ആന്‍:97/3)

ഈ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമായ രാത്രിയാകുന്നു. ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ) ഈ രാത്രിയിൽ നി൪വ്വഹിക്കുന്ന ഒരു കര്‍മ്മത്തിന് മറ്റു രാത്രികളില്‍ ചെയ്യുന്ന കര്‍മത്തെക്കാള്‍ ആയിരം മാസങ്ങള്‍ക്കു തുല്യമായ പ്രതിഫലമുണ്ട്. അല്ലെങ്കില്‍ ആ രാത്രി പ്രയോജനപ്പെടുത്തുന്ന വ്യക്തി ആയിരം മാസങ്ങളിലേക്കാൾ ഇബാദത്ത് ചെയ്തവനെ പോലെയാണ്.

{لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ} أَيْ: تُعَادِلُ مِنْ فَضْلِهَا أَلْفَ شَهْرٍ، فَالْعَمَلُ الَّذِي يَقَعُ فِيهَا، خَيْرٌ مِنَ الْعَمَلِ فِي أَلْفِ شَهْرٍ خَالِيَةٍ مِنْهَا ، وَهَذَا مِمَّا تَتَحَيَّرُ فِيهِ الْأَلْبَابُ، وَتَنْدَهِشُ لَهُ الْعُقُولُ، حَيْثُ مَنَّ تَبَارَكَ وَتَعَالَى عَلَى هَذِهِ الْأُمَّةِ الضَّعِيفَةِ الْقُوَّةَ وَالْقُوَى، بِلَيْلَةٍ يَكُونُ الْعَمَلُ فِيهَا يُقَابِلُ وَيَزِيدُ عَلَى أَلْفِ شَهْرٍ، عُمْرِ رَجُلٍ مُعَمِّرٍ عُمْرًا طَوِيلًا نَيْفًا وَثَمَانِينَ سَنَةً.

{ലൈലതുല്‍ ക്വദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു} അതിന് ആയിരം മാസങ്ങള്‍ക്കു സമാനമായ മഹത്ത്വമുണ്ട്. ആ രാത്രിയില്‍ സംഭവിക്കുന്ന ഒരു കര്‍മത്തിന് മറ്റു രാത്രികളില്‍ ചെയ്യുന്ന കര്‍മത്തെക്കാള്‍ ആയിരം മാസങ്ങള്‍ക്കു തുല്യമായ പ്രതിഫലമുണ്ട്. ബുദ്ധിയും ചിന്തയും പരിഭ്രമിച്ചുപോകുന്ന ഒരു വസ്തുതയാണിത്. ദുര്‍ബലമായ ഈ സമുദായത്തിന് അല്ലാഹു നല്‍കിയ മഹത്തായൊരനുഗ്രഹം. ആയിരം മാസങ്ങളെക്കാള്‍ വര്‍ധിച്ച പ്രതിഫലം നിശ്ചയിക്കുന്നതിലൂടെ ദുര്‍ബല സമുദായത്തെ അല്ലാഹു ശക്തിപ്പെടുത്തി. ദീര്‍ഘായുസ്സ്‌ലഭിക്കുന്ന ഒരു വ്യക്തിപോലും ജീവിക്കുന്നത് 80ല്‍ പരം വര്‍ഷങ്ങളാണ്. എന്നാല്‍ അതിലും കൂടുതലാണ് ഈ കാലയളവ്. (തഫ്സീറുസ്സഅ്ദി)

تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ

മലക്കുകളും റൂഹും(ആത്മാവും) അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. (ഖു൪ആന്‍:97/4)

റൂഹ്(ആത്മാവ്) എന്ന് സൂചിപ്പിച്ചിട്ടുള്ളത് ജിബ്രീല്‍  عليه السلام എന്ന മലക്കിനെയാണ്. ജിബ്‌രീല്‍ ഉള്‍പ്പടെയുള്ള മലക്കുകൾ ആ രാത്രിയില്‍ ഇറങ്ങിവരുന്നു. അതായത് ആ രാത്രിയില്‍ അവര്‍ ധാരാളമായി ഇറങ്ങുന്നു എന്നര്‍ഥം.

يكثر تنزل الملائكة في هذه الليلة لكثرة بركتها ، والملائكة يتنزلون مع تنزل البركة والرحمة ، كما يتنزلون عند تلاوة القرآن ويحيطون بحلق الذكر ، ويضعون أجنحتهم لطالب العلم بصدق تعظيما له .

ധാരാളം ബറകത്തുമായി ഈ രാത്രിയിൽ മലക്കുകൾ ധാരാളമായി ഇറങ്ങും. ഖുർആൻ പാരായണം ചെയ്യുമ്പോൾ മലക്കുകൾ ഇറങ്ങുന്നതു പോലെ ഈ രാത്രിയിൽ ബറകത്തും റഹ്മത്തുമായി മലക്കുകൾ ഇറങ്ങും ….. (ഇബ്നു കസീർ)

تَنَزَّلُ المَلَائِكَةُ وَيَنْزِلُ جِبْرِيلُ عَلَيْهِ السَّلَامُ فِيهَا بِإِذْنِ رَبِّهِمْ سُبْحَانَهُ بِكُلِّ أَمْرٍ قَضَاهُ اللَّهُ فِي تِلْكَ السَّنَةِ رِزْقًا كَانَ أَوْ مَوْتًا أَوْ وِلَادَةً أَوْ غَيْرَ ذَلِكَ مِمَّا يُقَدِّرُهُ اللَّهُ.

മലക്കുകളും ജിബ്രീൽ عَلَيْهِ السَّلَام യും അല്ലാഹുവിന്റെ അനുമതിയോടെ ആ രാത്രിയിൽ ഇറങ്ങി വരുന്നു. ആ വർഷത്തിൽ അല്ലാഹു തീരുമാനിച്ചിട്ടുള്ള എല്ലാ വിധികളുമായാണ് അവർ ഇറങ്ങി വരിക. (ഓരോ വ്യക്തിക്കും) അല്ലാഹു വിധിച്ച ഉപജീവനവും മരണവും ജനനവും മറ്റുമെല്ലാം അതിൽ ഉണ്ടായിരിക്കും. (തഫ്സീർ മുഖ്തസ്വർ)

عَنْ أَبِي هُرَيْرَةَ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَيْلَةُ الْقَدْرِ لَيْلَةُ السَّابِعَةِ ، أَوِ التَّاسِعَةِ وَعِشْرِينَ ، وَإِنَّ الْمَلائِكَةَ تِلْكَ اللَّيْلَةَ أَكْثَرُ فِي الأَرْضِ مِنْ عَدَدِ الْحَصَى

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ലൈലത്തുൽ ഖദ്ർ ഇരുപത്തി ഏഴിനോ ഇരുപത്തി ഒമ്പതിനോ ആണ്. ആ രാത്രിയിൽ ഭൂമി ലോകത്തുണ്ടാകുന്ന മലക്കുകൾ (ഭൂമിയിലെ) മണൽ തരികളേക്കാൾ അധികമായിരിക്കും. (ഇബ്നു ഖുസൈമ)

ഇവിടെ 4- ാം വചനത്തില്‍ റബ്ബിന്റെ ഉത്തരവുപ്രകാരം എല്ലാ കാര്യത്തെ സംബന്ധിച്ചും അന്ന് മലക്കുകളും ‘റൂഹും’ ഇറങ്ങിവരുമെന്നും പറഞ്ഞിരിക്കുന്നു. ആകയാല്‍, ആ രാത്രി ഭൂമിയിലെ കാര്യങ്ങള്‍ പലതും നിര്‍ണ്ണയിച്ച് വ്യവസ്ഥ ചെയ്യപ്പെടുന്ന ഒരു പ്രത്യേക ദിവസമാണെന്ന് മനസ്സിലാക്കാം. (അമാനി തഫ്സീര്‍)

സൂറ:ദുഖാനിൽ അല്ലാഹു പറയുന്നു:

فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ ‎﴿٤﴾‏ أَمْرًا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ ‎﴿٥﴾‏ رَحْمَةً مِّن رَّبِّكَ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ‎﴿٦﴾

ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.അതെ, നമ്മുടെ പക്കല്‍ നിന്നുള്ള കല്‍പന. തീര്‍ച്ചയായും നാം (ദൂതന്‍മാരെ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.(ഖു൪ആന്‍:44/4-6)

എല്ലാ കാര്യങ്ങളുടെയും മൂലരേഖയായ ലൌഹുല്‍ മഹ്ഫൂള്വില്‍ നിന്ന് അതതു കൊല്ലങ്ങളില്‍ ലോകത്ത് നടക്കുന്നതും, നടക്കേണ്ടതുമായ കാര്യങ്ങള്‍ മലക്കുകള്‍ക്ക് ആ രാത്രിയില്‍ വിവരിച്ചുകൊടുക്കുമെന്ന് മുഫസ്വിറുകള്‍ വിശദീകരിച്ചിട്ടുണ്ട്.

‎سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ

പ്രഭാതോദയം വരെ അത് സമാധാനമത്രെ. (ഖു൪ആന്‍:97/5)

{حَتَّى مَطْلَعِ الْفَجْرِ} أَيْ: مُبْتَدَاهَا مِنْ غُرُوبِ الشَّمْسِ وَمُنْتَهَاهَا طُلُوعُ الْفَجْرِ . وَقَدْ تَوَاتَرَتِ الْأَحَادِيثُ فِي فَضْلِهَا، وَأَنَّهَا فِي رَمَضَانَ، وَفِي الْعَشْرِ الْأَوَاخِرِ مِنْهُ، خُصُوصًا فِي أَوْتَارِهِ، وَهِيَ بَاقِيَةٌ فِي كُلِّ سَنَةٍ إِلَى قِيَامِ السَّاعَةِ. وَلِهَذَا كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَعْتَكِفُ، وَيُكْثِرُ مِنَ التَّعَبُّدِ فِي الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ، رَجَاءَ لَيْلَةِ الْقَدْرِ وَاللَّهُ أَعْلَمُ .

{അത് സമാധാനമത്രെ} നന്മ ധാരാളമുള്ള രാത്രിയായതിനാല്‍ അത് അപകടങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും സുരക്ഷിതമായതാണ്. {പ്രഭാതോദയം വരെ} അതിന്റെ ആരംഭം സൂര്യാസ്തമയത്തോടെയും അവസാനം പ്രഭാതോദയം വരെയും ആയിരിക്കും. ഈ രാത്രിയുടെ മഹത്ത്വത്തെ വിശദീകരിക്കുന്ന ധാരാളം നബിവചനങ്ങള്‍ വന്നിട്ടുണ്ട്. അത് റമദാനിലെ അവസാന പത്തില്‍ ഒറ്റയിട്ട രാവുകളിലാണ്. ഈ രാത്രി ലോകാവസാനം വരെ ആവര്‍ത്തിച്ച് കൊണ്ടിരിക്കും. അതുകൊണ്ടാണ് നബി ﷺ ഈ രാത്രിയെ പ്രതീക്ഷിച്ചുകൊണ്ട് റമദാനിലെ അവസാന പത്തില്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുകയും ആരാധനകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നത്. അല്ലാഹു അഅ്‌ലം. (തഫ്സീറുസ്സഅ്ദി)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *