ഇസ്‌ലാമിക പ്രമാണങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്ന പ്രത്യേക സ്ഥലങ്ങളായി മഹാൻമാരുടെ ഖബറുകൾ പരിചയപ്പെടുത്തപ്പെട്ടതായി നമുക്ക് കാണുക സാധ്യമല്ല. സുജൂദിൽ, തശഹ്ഹുദില്‍, നമസ്ക്കാര ശേഷം, രാത്രിയുടെ അവസാന യാമം, മസ്ജിദുകൾ, അറഫ, മുസ്ദലിഫ, ജംറകൾ, സ്വഫാ – മർവ തുടങ്ങി ഹജ്ജിന്‍റെ സ്ഥലങ്ങൾ, വെള്ളിയാഴ്ചയിലെ പ്രത്യേക സമയം – തുടങ്ങി സ്വഹീഹായി സ്ഥിരപ്പെട്ട ഹദീസുകളിൽ വന്ന ഇത്തരം സ്ഥലങ്ങൾ അല്ലാതെ മഹാൻമാരുടെ ഖബറിടങ്ങൾ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളാണെന്ന് നബി ﷺ വിശദീകരിക്കുന്ന ഒരൊറ്റ ഹദീസും നമുക്ക് സ്വഹീഹായ നിലക്ക് കാണുക സാധ്യമല്ല.
ദിക്റുകളുടെയും, ദുആകളുടെയും മഹത്വവും മര്യാദകളും വിശദീകരിക്കുന്ന ഒരൊറ്റ ഗ്രന്ഥങ്ങളിലും മഹാൻമാരുടെ ഖബറിടങ്ങളെ പ്രാർത്ഥനക്കു വേണ്ടി തിരഞ്ഞെടുക്കണമെന്ന് പ്രോത്സാഹിപ്പിക്കുന്ന ഹദീസുകളോ സ്വഹാബത്തിന്‍റെ വാക്കുകളോ കാണാൻ സാധിക്കുകയില്ല. പ്രതിഫലാര്‍ഹമായ കാര്യങ്ങളാകട്ടെ, പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന സന്ദർഭങ്ങളാവട്ടെ, അതെല്ലാം വഹ്‌യിലൂടെയല്ലാതെ സ്ഥിരപ്പെടുകയില്ല. അതുകൊണ്ട് തന്നെ മഹാൻമാരുടെ ഖബറിടങ്ങൾ പ്രാർത്ഥനക്കുത്തരം കിട്ടുന്ന സ്ഥലങ്ങളാണെന്ന് പറയാൻ യാതൊരു ന്യായവും കാണുന്നില്ല.
ഇനി പ്രാർത്ഥിക്കുന്ന വ്യക്തിയുടെ അവസ്ഥ നോക്കിയും, പ്രാർത്ഥനക്കുത്തരം കിട്ടുമെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. അക്രമിക്കപ്പെട്ടവന്‍റെ പ്രാർത്ഥന, നോമ്പുകാരുടെ, യാത്രക്കാരുടെ, മാതാപിതാക്കളുടെ, ഭരണാധികാരികളുടെ, അങ്ങേയറ്റം വിഷമസന്ധിയിൽ അകപ്പെട്ടവന്‍റെ, യാത്രക്കാരന്‍റെ, മഴ പെയ്യുമ്പോൾ തുടങ്ങി വ്യത്യസ്ത അവസ്ഥകൾ ഹദീസുകളിൽ കാണാൻ സാധിക്കും. എന്നാൽ അവിടങ്ങളിൽ ഒന്നും തന്നെ ‘മഹാൻമാരുടെ ഖബറിന്‍റെ അടുക്കൽ നിൽക്കുന്നവന്‍റെ’ എന്ന ഒരു പരാമർശം സ്വഹീഹായ ഹദീസുകളിൽ എവിടെയും കാണുക സാധ്യമല്ല. ‘പ്രാർത്ഥനക്ക് കൂടുതൽ ഉത്തരം ലഭിക്കാൻ ആഗ്രഹിക്കുന്നവർ മഹാൻമാരുടെ ഖബറുകൾ തേടി പോവട്ടെ’ എന്ന് നബി ﷺ സ്വഹാബത്തിന് പറഞ്ഞു കൊടുത്തിട്ടില്ല. സ്വഹാബികൾ ആരും തന്നെ താബിഈങ്ങളെ നബി ﷺ യുടെ ഖബറിനടുക്കലേക്കോ അല്ലെങ്കിൽ നബി ﷺ ക്ക് ശേഷം ഏറ്റവും ശ്രേഷ്ടത നിറഞ്ഞ വ്യക്തിത്വങ്ങളായ ഖുലഫാഉ റാഷിദീങ്ങൾ, ബദ്‌രീങ്ങൾ, ഉഹ്ദീങ്ങൾ, മുഹാജിറുകൾ, അൻസ്വാറുകൾ എന്നിവരുടെ ഖബറുകളുടെ മഹത്വം പറഞ്ഞ് അവിടങ്ങളിലേക്കോ യാത്ര ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടില്ല.
ചുരുക്കത്തിൽ, പ്രാത്ഥനക്കുത്തരം ലഭിക്കാം എന്ന ലക്ഷ്യത്തോടെ മഹാൻമാരുടെയും അമ്പിയാക്കളുടെയും ഖബറുകൾ തേടി പോവുന്നതിനോ, സിയാറത്ത് ടൂർ സംഘടിപ്പിക്കുന്നതിനോ യാതൊരു അടിസ്ഥാന പ്രമാണവുമില്ല. എന്നുമാത്രമല്ല അപ്രകാരം പ്രത്യേകം തവസ്സുൽ പ്രതീക്ഷിച്ചുകൊണ്ട് അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിനടുക്കലേക്ക് പോവരുത് എന്നാണ് പ്രമാണങ്ങളിൽ കാണാൻ സാധിക്കുന്നത്. ഒരു ഹദീസ് കാണുക:
عَنْ عَلِيِّ بْنِ الْحُسَيْنِ، أَنَّهُ رَأَى رَجُلًا يَجِيءُ إِلَى فُرْجَةٍ كَانَتْ عِنْدَ قَبْرِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَيَدْخُلُ فِيهَا فَيَدْعُو، فَدَعَاهُ فَقَالَ: أَلَا أُحَدِّثُكَ بِحَدِيثٍ سَمِعْتُهُ مِنْ أَبِي، عَنْ جَدِّي، عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَا تَتَّخِذُوا قَبْرِي عِيدًا، وَلَا بُيُوتَكُمْ قُبُورًا، وَصَلُّوا عَلَيَّ، فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ»
അലിയ്യ് ഇബ്നു ഹുസൈൻ رحمه الله നിവേദനം: നബി ﷺ യുടെ ഖബറിനടുക്കൽ ഉണ്ടായിരുന്ന ഒരു ഒഴിവ് സ്ഥലത്ത് വന്നു നിന്നുകൊണ്ട് ഒരു വ്യക്തി പ്രാർത്ഥിക്കുന്നത് അദ്ദേഹം കാണുകയുണ്ടായി. അപ്പോൾ ആ വ്യക്തിയെ വിളിച്ചുകൊണ്ട് അലിയ്യ് ബ്നു ഹുസൈൻ ബ്നു അലിയ്യ് ബ്നു അബീ ത്വാലിബ് رحمه الله പറഞ്ഞു: നബി ﷺ യിൽ നിന്നും എന്‍റെ പിതാവ് എനിക്ക് പറഞ്ഞു തന്ന ഒരു ഹദീസ് ഞാൻ താങ്കൾക്ക് പറഞ്ഞു തരട്ടെയോ? നബി ﷺ പറഞ്ഞു: എന്‍റെ ഖബറിനെ നിങ്ങൾ ഇടക്കിടെ സന്ദർശിക്കുന്ന (ആഘോഷ) സ്ഥലമാക്കരുത്. നിങ്ങളുടെ വീടുകളെ ഖബറുകളും ആക്കരുത്. നിങ്ങൾ എന്‍റെ മേൽ സ്വലാത്ത് ചൊല്ലുക. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിക്കപ്പെടും. ( മുസ്വന്നഫു ഇബ്നി അബീ ശൈബ:2/150) )
നോക്കൂ , നബി ﷺ യെക്കാൾ മഹത്വമേറിയ ആരാണ് ലോകത്തുള്ളത്? മഹത്തുക്കളുടെ ഖബറിനരികിൽ വെച്ചുള്ള പ്രാർത്ഥന കൂടുതൽ ഉത്തരം നൽകപ്പെടുന്നതായിരുന്നെങ്കിൽ മഹാനായ അലിയ്യ് ബ്നു ഹുസൈൻ رحمه الله ആ വ്യക്തിയെ തടയുമായിരുന്നില്ല. മറിച്ച് നബി ﷺ യിൽ നിന്ന് നേരെ വിപരീതമാണ് വന്നിട്ടുള്ളത് എന്നാണ് അദ്ദേഹം പഠിപ്പിച്ചു കൊടുക്കുന്നത്. ”എന്‍റെ ഖബറിനെ ആഘോഷസ്ഥലമാക്കരുത്” എന്ന പ്രവാചക വചനത്തെ സ്വഹാബികളും താബിഈങ്ങളും മനസ്സിലാക്കിയത് ദുആക്ക് ഉത്തരം പ്രതീക്ഷിച്ചു കൊണ്ടോ മറ്റ് ബറക്കത്തുകൾ പ്രതീക്ഷിച്ചു കൊണ്ടോ അങ്ങോട്ടുള്ള പോക്ക് പാടില്ല എന്ന അർത്ഥത്തിലാണ്. അങ്ങനെ അല്ലായിരുന്നെങ്കിൽ നമുക്കറിയാം നബി ﷺ യുടെ പ്രാർത്ഥനയുടെ ബറക്കത്ത് എത്രമാത്രം വലുതാണ്. മരണശേഷം പ്രവാചകന്‍റെ ഖബറിന് ചുറ്റിലും പ്രാർത്ഥനക്ക് കൂടുതൽ ഉത്തരം ലഭിക്കുക എന്ന ബറക്കത് ഉണ്ടായിരുന്നെങ്കിൽ നബി ﷺ യുടെ ഖബറിന്‍റെ പരിസരം സ്വഹാബികളെ കൊണ്ടും, താബിഈങ്ങളെ കൊണ്ടും നിറയുമായിരുന്നു. എന്നാൽ അത്തരം ഒരു സാഹചര്യം ഉണ്ടായതായി ചരിത്രത്തിൽ നമുക്ക് കാണുക സാധ്യമല്ല.
മാത്രമല്ല, തന്‍റെ മരണശയ്യയിൽ പോലും നബി ﷺ ഏറ്റവും അധികം ഭയപ്പെട്ടത് പ്രവാചകന്‍റെ ഖബറിനെ ഒരു ആരാധനാ സ്ഥലമായി കാണപ്പെടുന്നതിനെ ആയിരുന്നു. ‘യഹൂദ – ക്രൈസ്തവർക്ക് അല്ലാഹുവിന്‍റെ ശാപം. അവർ അവരുടെ അമ്പിയാക്കളുടെ ഖബറുകളെ മസ്ജിദുകളാക്കി’ എന്ന ഹദീസ് പ്രസിദ്ധമാണല്ലോ? ഈ ഹദീസിന്‍റെ ശറഹിൽ മഹാൻമാരുടെ ഖബറിനരികിൽ വെച്ച് സംഭവിക്കുന്ന രണ്ട് അവസ്ഥകളെ പണ്ഡിതൻമാർ വിശദീകരിച്ചിട്ടുണ്ട്.
(1) ഖബറിലുള്ള മഹാൻമാർക്ക് സുജൂദ് ചെയ്യുകയും അവർക്ക് നേർക്ക് നേരെ ഇബാദത്ത് ചെയ്യുകയും ചെയ്യുക.
(2) അല്ലാഹുവിനുള്ള ഇബാദത്തുകള്‍ മഹാൻമാരുടെ ഖബറുകൾക്കടുത്ത് വെച്ച് ചെയ്‌താൽ അതിന് അല്ലാഹുവിങ്കൽ കൂടുതൽ സ്വീകാര്യത ഉണ്ടാകുമെന്ന് കരുതി അതിനെ ഒരു തവസ്സുൽ ആയി സ്വീകരിക്കുക. മഹാൻമാരോട് കാണിക്കുന്ന ആദരവിലൂടെ ഇബാദത്തുകള്‍ സ്വീകരിക്കപ്പെടുമെന്ന ധാരണ തെറ്റാണ്. എന്നാല്‍ അവർ അതിനെ തവസ്സുൽ ആയി കാണുന്നു.
ഇതിൽ ആദ്യം പറഞ്ഞത് പച്ചയായ ശിർക്ക് ആണെന്നും, രണ്ടാമത്തേത് മരണപ്പെട്ട മഹാൻമാരോടുള്ള ആദരവും ഇബാദത്തിന്‍റെ സ്വീകാര്യതയും തമ്മില്‍ ബന്ധമുണ്ടെന്നുള്ള ധാരണയോട് കൂടി ആയതിനാല്‍ൽ അത് ഗോപ്യമായ ശിർക്കാണെന്നും പണ്ഡിതൻമാർ വിശദീകരിച്ചു. (ഇമാം ത്വീബി, ഇമാം തൂരിബിശ്തി എന്നിവർ ഉദാഹരണം)
ഈ രണ്ട് രീതികളും തൃപ്‌തികരമല്ലാത്തതിനാൽ ഉപേക്ഷിക്കപ്പെടേണ്ടവയാണെന്ന് ആലിമീങ്ങൾ വ്യക്തമാക്കുന്നു.
ഇപ്രകാരം മഹാൻമാരുടെയും അമ്പിയാക്കളുടെയും ഖബറുകളോട് തോന്നുന്ന പ്രത്യേക ആദരവുകൾ ആരാധനയിലേക്ക് നയിക്കും എന്നതിനാലാണ് ഖബറുകൾ കെട്ടിപ്പൊന്തിക്കരുതെന്നും, ഖബറിന്‍റെ മേൽ ഒന്നും കെട്ടിയുണ്ടാക്കരുതെന്നും, ഖബറിന്‍റെ നേരെ തിരിഞ്ഞ് നമസ്ക്കരിക്കരുതെന്നും, അവിടെ വിളക്ക് വെക്കരുതെന്നും, അതിന്‍റെ മേൽ മസ്ജിദുകള്‍ ഉണ്ടാക്കരുതെന്നും, അതിനുമേൽ ഒന്നും എഴുതി വെക്കരുതെന്നും നബി ﷺ നിർദ്ദേശിച്ചിട്ടുള്ളത്. ഉയർത്തപ്പെട്ട എല്ലാ ഖബറുകളും നിരപ്പാക്കണമെന്ന് അലി رَضِيَ اللَّهُ عَنْهُ വിന്, നബി ﷺ നിർദ്ദേശം നൽകിയതും മറ്റൊന്നുകൊണ്ടുമല്ല. അതെല്ലാം ശിർക്കിലേക്ക് നയിക്കുന്ന വസ്വീലകളാണ് എന്നതിനാലാണ് വിലക്കപ്പെട്ടത് എന്നതാണ് പണ്ഡിതൻമാരുടെ വിശദീകരണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ഇക്കാര്യം ഇമാം ശാഫി رحمه الله, തന്‍റെ ഉമ്മിൽ രേഖപ്പെടുത്തുന്നുമുണ്ട്.
ഇസ്‌ലാമിന്‍റെ ആദ്യകാലങ്ങളിൽ ഖബർ സന്ദർശനം നിരോധിക്കപ്പെട്ടതായിരുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം. അതിനുളള കാരണം എല്ലാ തരം ശിർക്കിന്‍റെയും ആരംഭം മഹാൻമാരുടെയും അമ്പിയാക്കളുടെയും ഖബറുകളെ തൊട്ടായിരുന്നു എന്നതാണ്. എന്നാൽ തൗഹീദ് അടിയുറച്ചതിന് ശേഷം ഖബർ സിയാറത്ത് നബി ﷺ അനുവദിച്ചപ്പോഴും നബി ﷺ പറഞ്ഞത് ‘അത് നിങ്ങളെ മരണത്തെയും പരലോകത്തെയും ഓർമ്മപ്പെടുത്തും എന്നാണ്.’
എന്നാൽ ഖബർ സിയാറത്തിന് ‘തവസ്സുൽ’ എന്ന ഒരു ലക്ഷ്യം കൂടി ഉണ്ടായിരുന്നെങ്കിൽ നബി ﷺ അത് പറഞ്ഞു തരാതെ പോവുമായിരുന്നില്ല. സ്വർഗ്ഗത്തിലേക്ക് നമ്മെ അടുപ്പിക്കുന്ന എല്ലാ കാര്യങ്ങളും നബി ﷺ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് എന്നിരിക്കെ അതിൽ ഇത്തരം ഒരു കാര്യം നാം കാണുന്നില്ലെങ്കിൽ അതിന്‍റെ അർത്ഥമെന്താണ്? നബി ﷺ ക്ക് വഹ്‌യായി നൽകപ്പെട്ട ഇസ്‌ലാമിക ശരീഅത്തിൽ ‘പ്രാർത്ഥനക്ക് ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് ‘മഹാൻമാരുടെ ഖബറുകൾ തേടിപ്പോവുക എന്ന കാര്യമില്ല എന്നാണ്.
ഈ വിഷയത്തിൽ ഇമാം മാലിക് رحمه الله യുടെ സാക്ഷ്യം വളരെ ശ്രദ്ധേയമാണ്. അദ്ദേഹം ചോദിക്കപ്പെട്ടു: ”യാത്ര ഉദ്ദേശിക്കുകയോ, യാത്ര കഴിഞ്ഞു മടങ്ങി വരികയോ ചെയ്യാത്തവരായ മദീനക്കാരായ ആളുകൾ നബി ﷺ യുടെ ഖബറിനരികിൽ എല്ലാ ദിവസവും ഒന്നോ അതിലധികമോ തവണ നിൽക്കുന്നു, ചിലർ വെള്ളിയാഴ്ച ദിവസം, അല്ലെങ്കിൽ ചില ദിവസങ്ങളിലായി ഒന്നിലധികം തവണ നബി ﷺ യുടെ ഖബറിനരികിൽ നിൽക്കുകയും സലാം പറയുകയും അൽപ്പനേരം ദുആ നടത്തുകയും ചെയ്യുന്നു?!”
അപ്പോൾ അദ്ദേഹം പറഞ്ഞു:
لَمْ يَبْلُغْنِي هَذَا عَنْ أَحَدٍ مِنْ أَهْلِ الْفِقْهِ بِبَلْدَتِنَا. وَلَا يُصْلِحُ آخِرَ هَذِهِ الْأُمَّةِ إلَّا مَا أَصْلَحَ أَوَّلَهَا، وَلَمْ يَبْلُغْنِي عَنْ أَوَّلِ هَذِهِ الْأُمَّةِ وَصَدْرِهَا أَنَّهُمْ كَانُوا يَفْعَلُونَ ذَلِكَ إلَّا مَنْ جَاءَ مِنْ سَفَرٍ أَوْ أَرَادَهُ.
നമ്മുടെ നാട്ടിലെ അറിവുള്ള പണ്ഡിതൻമാരി നിന്ന് ആരിൽ നിന്നും അത്തരം ഒരു പ്രവർത്തനത്തെ സംബന്ധിച്ച് നമുക്ക് അറിവ് വന്നിട്ടില്ല. അതൊഴിവാക്കലാണ് വിശാലമായത്. ഈ ഉമ്മത്തിലെ ആദ്യകാലക്കാർ (സ്വഹാബികൾ) നന്നായത് കൊണ്ടല്ലാതെ അവസാന കാലക്കാരും നന്നാവുകയില്ല. ഈ ഉമ്മത്തിലെ ആദ്യതലമുറക്കാര്‍ അഥവാ സ്വഹാബത്തും താബിഈങ്ങളും അപ്രകാരം ചെയ്തതായി നമുക്ക് അറിവ് ലഭിച്ചിട്ടില്ല. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കോ, യാത്ര കഴിഞ്ഞ് മടങ്ങി വരുന്നവർക്കോ അല്ലാതെ. ( نقله القاضى عياض فى كتابه “الشفا)
നോക്കൂ സഹോദരങ്ങളെ … നബി ﷺ യുടെയും സ്വഹാബത്തിന്‍റെയും ഖബറിനരികിൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന പുണ്യസ്ഥലമായിരുന്നെങ്കിൽ ഇമാം മാലിക് رحمه الله അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യേണ്ടത്? മറിച്ച് അദ്ദേഹം സ്വഹാബികള്‍ അപ്രകാരംചെയ്യുന്നവരായിരുന്നില്ല എന്നാണ് നമുക്ക് മനസ്സിലാക്കിത്തരുന്നത്. സ്വഹാബത്തിന്‍റെ ആ മൻഹജാണ് നാം പിൻപറ്റേണ്ടത് എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.
ഇതൊന്നും നബി ﷺ യുടെ ഖബർ സന്ദർശിക്കുന്നതിലോ, സലാം പറയുന്നതിലോ, ഖബർ സന്ദർശിക്കുമ്പോൾ ഉള്ള പ്രാർത്ഥന നിര്‍വ്വഹിക്കുന്നതിലോ പുണ്യമില്ലെന്ന് പഠിപ്പിക്കാനല്ല. അതുകൊണ്ടാണ് വിദേശികൾക്കും യാത്രക്കാർക്കും അത് സുന്നത്തുണ്ടെന്ന് പറഞ്ഞത്. എന്നാൽ അതിനപ്പുറം ഒരു തലത്തിലേക്ക് അത് പോവുന്നത് ഫിത്‍നയാണെന്ന് സ്വഹാബത്തും സലഫുകളും മനസ്സിലാക്കി.
ഇത്രയും വിവരിച്ചതിൽ നിന്നും പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന പ്രത്യേക സ്ഥലങ്ങളായി മഹാൻമാരുടെ മഖ്ബറകൾ പ്രമാണത്തിൽ പരിചയപ്പെടുത്തപ്പെട്ടിട്ടില്ല എന്ന് മനസ്സിലായി. എന്നു മാത്രമല്ല, സാധാരണക്കാരുടെ ഖബറിനേക്കാൾ കൂടുതൽ നിരുത്സാഹപ്പെടുത്തേണ്ട സ്ഥലങ്ങളാണ് യഥാർത്ഥത്തിൽ മഹത്തുക്കളുടെ ഖബറുകൾ. കാരണം, അവിടെയാണ് കൂടുതൽ ഫിത്‍നകൾക്ക് സാധ്യതയുള്ളത്. അല്ലാഹു തആല കാര്യങ്ങളെ ശരിയായ രൂപത്തില്‍ മനസ്സിലാക്കാനുള്ള കഴിവ് നമുക്കെല്ലാവര്‍ക്കും പ്രധാനം ചെയ്യട്ടെ. (ആമീൻ)
kanzululoom.com