പ്രവാചകൻമാരിലെ ഉത്തമ മാത‍ൃകകൾ

മനുഷ്യരെ മാര്‍ഗദര്‍ശനം ചെയ്യാന്‍ മനുഷ്യരില്‍ നിന്നുതന്നെ അല്ലാഹു തെരഞ്ഞെടുക്കുന്ന ദൂതാന്‍മാരാണ് പ്രവാചകന്‍മാര്‍. അവരിൽ മനുഷ്യര്‍ക്ക് ഉത്തമമായ മാത‍ൃകകളുണ്ട്. വിശുദ്ധ ഖുര്‍ആനിൽ ധാരാളം സ്ഥലത്ത് പ്രവാചകൻമാരുടെ  ഗുണങ്ങൾ പൊതുവായും പ്രത്യേകിച്ചും അല്ലാഹു പ്രശംസിച്ചിട്ടുണ്ട്. അത്തരം ഗുണങ്ങൾ ജീവിതത്തിൽ പ്രാവര്‍ത്തികമാക്കാൻ സത്യവിശ്വാസികൾ ശ്രദ്ധിക്കണം.

ഒന്നാമതായി, നിരവധി പ്രവാചകന്മാരുടെ ചരിത്രം എടുത്ത്‌ പറഞ്ഞ ശേഷം അവർക്കെല്ലാം ഉണ്ടായിരുന്ന  പൊതുഗുണമായി വിശുദ്ധ ഖുര്‍ആൻ പറയുന്നത് കാണുക :

إِنَّآ أَخْلَصْنَٰهُم بِخَالِصَةٍ ذِكْرَى ٱلدَّارِ

നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്‌. (ഖുര്‍ആൻ:38/46)

പരലോകസ്‌മരണ – അഥവാ എല്ലാ കാര്യങ്ങളും പരലോകനന്മയെ മുൻനിർത്തിയും, പരലോക വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും ആയിരിക്കുക – എന്ന ആ പരിശുദ്ധവും, പരിപാവനവുമായ മഹൽഗുണമത്രെ അല്ലാഹു അവരെ ഇത്രയും ഉൽകൃഷ്ടരാക്കുവാൻ കാരണം. പാരത്രികബോധവും ദൈവവിശ്വാസവും മനുഷ്യരിൽ ഉണ്ടാക്കിത്തീർക്കുകയാണല്ലോ പ്രവാചകന്മാരുടെ ആഗമനോദ്ദേശ്യം.

تُرِيدُونَ عَرَضَ ٱلدُّنْيَا وَٱللَّهُ يُرِيدُ ٱلْـَٔاخِرَةَ

നിങ്ങൾ ഐഹിക വിഭവത്തെ ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ പരലോകത്തെ ഉദ്ദേശിക്കുന്നു.(സൂറ: അൻഫാൽ 67) (അമാനി തഫ്സീര്‍)

{إِنَّا أَخْلَصْنَاهُمْ بِخَالِصَةٍ} عَظِيمَةٍ، وَخِصِّيصَةٍ جَسِيمَةٍ، وَهِيَ: {ذِكْرَى الدَّارِ} جَعَلْنَا ذِكْرَى الدَّارِ الْآخِرَةِ فِي قُلُوبِهِمْ، وَالْعَمَلَ لَهَا صَفْوَةَ وَقْتِهِمْ، وَالْإِخْلَاصَ وَالْمُرَاقَبَةَ لِلَّهِ وَصْفَهُمُ الدَّائِمَ، وَجَعَلْنَاهُمْ ذِكْرَى الدَّارِ يَتَذَكَّرُ بِأَحْوَالِهِمُ الْمُتَذَكِّرُ، وَيَعْتَبِرُ بِهِمُ الْمُعْتَبِرُ، وَيُذْكَرُونَ بِأَحْسَنِ الذِّكْرِ.

{നിഷ്‌ക്കളങ്കമായ ഒരു വിചാരം കൊണ്ട് നാം അവരെ ഉൽകൃഷ്ടരാക്കിയിരിക്കുന്നു} ഉന്നതവും സവിശേഷവും മഹത്തായതുമായ വിചാരം. {പരലോക സ്മരണയത്രെ അത്} അവരുടെ ഹൃദയങ്ങളിൽ പരലോകത്തെക്കുറിച്ചുള്ള സ്മരണകൾ നാം വളർത്തിയെടുത്തു. എല്ലാ സമയത്തും അതിനായി പരിശ്രമിക്കുവാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. അല്ലാഹുവിനോടുള്ള ആത്മാർഥതയും അവൻ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന ബോധവും അവർക്കുണ്ടായിരുന്നു. പരലോകത്തെക്കുറിച്ചുള്ള ഓർമ നാം അവരിലുണ്ടാക്കി. അവരിൽ നിന്നും ചിന്തിക്കുന്നർക്ക് ഉൽബോധനം ലഭിച്ചു. പാഠങ്ങൾ ഉൾക്കൊള്ളുന്നവർ പഠിച്ചു. ഏറ്റവും നല്ല രൂപത്തിൽ അവനെ അവർ ഓർത്തുകൊണ്ടിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)

മനുഷ്യന്റെ വീട് ഐഹികലോകമേയല്ല. എന്തായാലും മനുഷ്യന്‍ വിടപറഞ്ഞ് പിരിഞ്ഞുപോകേണ്ട ഒരു വഴിയമ്പലം മാത്രമാണീ ഐഹികലോകം. യഥാര്‍ഥ ഗേഹം പരലോക ഗേഹമാകുന്നു. അതിനെ അലങ്കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവനാരോ അവനാണ് ഉള്‍ക്കാഴ്ചയുള്ളവന്‍. അല്ലാഹുവിന്റെ ദൃഷ്ടിയില്‍ പ്രീതിപ്പെട്ട മനുഷ്യനായിത്തീരുന്നതും അവന്‍തന്നെ. ഏതാനും നാളുകളിലെ താമസത്തിനു മാത്രമുള്ള ഈ വഴിയമ്പലം അലങ്കരിക്കുന്നതിനുവേണ്ടി തന്റെ ശാശ്വതഭവനമായ പരലോകത്തെ പാഴാക്കുംവിധം പ്രവര്‍ത്തിക്കുന്നവന്‍ തികച്ചും ബുദ്ധിശൂന്യനാകുന്നു.

 إِنَّهُمْ كَانُوا۟ يُسَٰرِعُونَ فِى ٱلْخَيْرَٰتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا۟ لَنَا خَٰشِعِينَ

തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു. (ഖുര്‍ആൻ:21/90)

മേല്‍പറഞ്ഞ പ്രവാചകന്‍മാരെക്കുറിച്ചെല്ലാം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് 90-ാം വചനത്തില്‍ എടുത്തുപറയുന്ന സംഗതികള്‍ ഇവയാണ്:

(1) അവര്‍ സല്‍ക്കാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കാതെ ഉത്സാഹപൂര്‍വ്വം മുന്നോട്ട് വന്നു് പുണ്യം സമ്പാദിച്ചിരുന്നു.

(2) അല്ലാഹുവിന്റെ കൃപാകടാക്ഷത്തെയും മാപ്പിനെയും ആഗ്രഹിച്ചുകൊണ്ടും, അവന്റെ ശിക്ഷയെയും കോപത്തെയും പേടിച്ചുകൊണ്ടും എപ്പോഴും അവനോട്‌ പ്രാര്‍ത്ഥന നടത്തിയിരുന്നു.

(3) അവരെല്ലാം അല്ലാഹുവോട് സദാ വിനയവും, ഭക്തിയും ഉള്ളവരായിരുന്നു. പ്രവാചകന്‍മാരുടെ നില ഇതായിരുന്നുവെങ്കില്‍, കേവലം പാപങ്ങളില്‍ നിരതരായിക്കൊണ്ടിരിക്കുന്ന നാം എങ്ങിനെയിരിക്കണമെന്നു ആലോചിച്ചു നോക്കുക! (അമാനി തഫ്സീര്‍)

എല്ലാ പ്രവാചകന്മാരും മനുഷ്യരായിരുന്നു. ദിവ്യത്വത്തിന്റെ അംശംപോലും അവരിലുണ്ടായിരുന്നില്ല. അവരൊക്കെ അല്ലാഹുവിനോട് താഴ്മ കാണിക്കുന്നവരായിരുന്നു.

എല്ലാ പ്രവാചകന്മാരും തൗഹീദിന്റെ വക്താക്കളായിരുന്നു. അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഏകനായ അല്ലാഹുവിന്റെ മുമ്പിലല്ലാതെ മറ്റെവിടെയും സമര്‍പ്പിച്ചിരുന്നില്ല.

എല്ലാ പ്രവാചകന്മാരും നന്‍മകള്‍ ചെയ്യുന്ന വിഷയത്തില്‍ സാവകാശം കാണിക്കുന്നവരായിരുന്നില്ല, പ്രത്യുത അതിലേക്ക് ധൃതികൂട്ടുന്നവരായിരുന്നു.

ഒരു സത്യവിശ്വാസിയിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട രണ്ട് ഗുണങ്ങളുമാണ് ഭയവും പ്രതീക്ഷയും. ഒരു സത്യവിശ്വാസി സദാ അല്ലാഹുവിനെ ഭയക്കുകയും അവന്റെ കാര്യണ്യത്തിൽ പ്രതീക്ഷ വെക്കുകയും വേണം. അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കുകയും അവന്റെ മഗ്ഫിറത്തിനെതൊട്ട്(പാപമോചനം) പ്രതീക്ഷയും വേണം. നമ്മുടെ പ്രാർത്ഥനകളിലും ഭയവും, പ്രതീക്ഷയും ഉണ്ടായിരിക്കണം.

 

തുടരും إن شاء الله 

 

www.kanzululoom.com

 

 

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.