അല്ലാഹു പറയുന്നു:
لَوْ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَا ۚ فَسُبْحَٰنَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ
ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്‍റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു! (ഖുർആൻ:21/22)
ഈ ആയത്തിന്റെ വിശദീകരണത്തില്‍ അമാനി മൗലവി رحمه الله എഴുതുന്നു: ഒന്നിലധികം ഇലാഹുകള്‍ ഉണ്ടെന്നു നാം സങ്കല്പിക്കുക. ആ ഇലാഹുകള്‍ തമ്മില്‍ ഒന്നുകില്‍ യോജിപ്പുണ്ടായിരിക്കണം. അല്ലെങ്കില്‍ ഭിന്നിപ്പുണ്ടായിരിക്കണം. ഈ രണ്ടിലൊന്ന് അനിവാര്യമാണല്ലോ. തമ്മില്‍ ഭിന്നിപ്പാണുള്ളതെങ്കില്‍, ഒരു കാര്യം ഒരേ സമയത്ത് ഉണ്ടാവണമെന്ന് ഒരാളും, ഉണ്ടാവരുതെന്നു മറ്റേയാളും ഉദ്ദേശിക്കുന്നു. ഇപ്പോള്‍ ആ കാര്യം ഒരേ അവസരത്തില്‍തന്നെ ഉണ്ടാവുകയും ഇല്ലാതിരിക്കുകയും വേണം. ഇതു അസംഭവ്യമാണല്ലോ. ഒരു കാര്യം ഇന്ന പ്രകാരമാകണമെന്നു ഒരുവനും, വേറൊരു പ്രകാരമാകണമെന്നു മറ്റേവനും ഉദ്ദേശിച്ചാലുള്ള കഥയും ഇതു പോലെത്തന്നെ. എനി, രണ്ടാളുടെ ഉദ്ദേശങ്ങളും രണ്ടുസമയത്താണ് ഉണ്ടാകുന്നതെന്നു വെക്കുക. അപ്പോള്‍, ഓരോ ഇലാഹിനും മറ്റേവന്‍ ഉദ്ദേശിക്കാത്തസമയത്തു മാത്രമേ വല്ലതും പ്രവര്‍ത്തിക്കുന്നതിനു കഴിവുണ്ടായിരിക്കുകയുള്ളു. അഥവാ രണ്ടുപേരും പൂര്‍ണ്ണമായ കഴിവില്ലാത്തവരാണെന്നു ചുരുക്കം.
എനി, രണ്ടു ഇലാഹുകളും തമ്മില്‍ യോജിപ്പാണുള്ളതെന്നു സങ്കല്‍പിക്കുക. ഒരു കാര്യം, അല്ലെങ്കില്‍ ഒരു വസ്തു ഉണ്ടാവണമെന്നു രണ്ടുപേരും ഉദ്ദേശിക്കുന്നപക്ഷം, അവ ഓരോന്നും ഒന്നിലധികം ഉണ്ടാകേണ്ടതായി വരുന്നു. എന്തുകൊണ്ടെന്നാല്‍ : ഉദ്ദേശിച്ച കാര്യത്തിനു പൂര്‍ണ്ണമായ കഴിവുള്ളവരാണല്ലോ ഓരോ ഇലാഹും. ഇതു അസംഭവ്യമാണെന്നു വ്യക്തമാണ്. എനി, ഒരു വസ്തുവിന്റെ സൃഷ്ടിയുടെ ഒരു ഭാഗം ഒരാളും, മറ്റേഭാഗം വേറൊരാളുമാണ് നടത്തുന്നതെന്നുവെക്കുക, അല്ലെങ്കില്‍ ചിലതു ഒരാളും, മറ്റുചിലത് മറ്റേയാളും നടത്തുകയാണെന്നു വെക്കുക. ഇപ്പോഴും, ഓരോരുത്തനും സ്വന്തം നിലക്ക് മുഴുവന്‍ ശക്തിയില്ലാത്തവനാണെന്നും, ഭാഗികമായ കഴിവുമാത്രമേ ഓരോരുത്തനും ഉള്ളുവെന്നും വരുന്നു. എനി, ഒരുവന്‍ വെറുതെ ഇരിക്കുകയും, മറ്റെയാള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആണെങ്കില്‍, വെറുതെ ഇരിക്കുന്നവന്‍ പ്രവര്‍ത്തന സ്വാധീനമില്ലാത്ത ഉപയോഗശൂന്യനാണെന്നും പറയേണ്ടതില്ല. ഇത്രയും പറഞ്ഞതില്‍നിന്നു 22-ാം വചനത്തില്‍, അല്ലാഹുവല്ലാതെ ഇലാഹുണ്ടായിരിക്കുവാന്‍ പാടില്ലെന്നു പറഞ്ഞതിനെതിരായി സങ്കല്‍പിക്കുകപോലും സാദ്ധ്യമല്ലെന്ന് സ്പഷ്ടമാണല്ലോ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 21/22 ന്റെ വിശദീകരണം)
അല്ലാഹുവിനോടൊപ്പം വേറെയൊരു ഇലാഹുമില്ല, അവനല്ലാതെ മറ്റൊരു ഇലാഹ് ഉണ്ടായിരിക്കുവാന്‍ നിവൃത്തിയുമില്ല. കാരണം: അവനെക്കൂടാതെ മറ്റുവല്ല ഇലാഹും ഉണ്ടാകുന്നപക്ഷം അവര്‍ തമ്മില്‍ അധികാരവടംവലിയും, അവകാശത്തര്‍ക്കവും അനിവാര്യമാണ്. അല്ലാഹു പറഞ്ഞതുപോലെ:
مَا ٱتَّخَذَ ٱللَّهُ مِن وَلَدٍ وَمَا كَانَ مَعَهُۥ مِنْ إِلَٰهٍ ۚ إِذًا لَّذَهَبَ كُلُّ إِلَٰهِۭ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَىٰ بَعْضٍ ۚ سُبْحَٰنَ ٱللَّهِ عَمَّا يَصِفُونَ
അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍! (ഖുർആൻ:23/91)
قُل لَّوْ كَانَ مَعَهُۥٓ ءَالِهَةٌ كَمَا يَقُولُونَ إِذًا لَّٱبْتَغَوْا۟ إِلَىٰ ذِى ٱلْعَرْشِ سَبِيلًا
(നബിയേ,) പറയുക: അവര്‍ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടായിരുന്നെങ്കില്‍ സിംഹാസനാധിപന്‍റെ അടുക്കലേക്ക് അവര്‍ (ആ ദൈവങ്ങള്‍) വല്ല മാര്‍ഗവും തേടുക തന്നെ ചെയ്യുമായിരുന്നു. (ഖുർആൻ:17/42)
ആരാധ്യനായിരിക്കുവാന്‍ ഒട്ടും യോഗ്യതയില്ലാത്ത വസ്തുക്കളെയോ വ്യക്തികളെയോ ഇലാഹുകളായി സ്വീകരിക്കുന്നതിനെ ആക്ഷേപിക്കുകയും ചെയ്യുന്നതോടൊപ്പം ആകാശഭൂമികളില്‍ എവിടെയും അല്ലാഹു അല്ലാത്ത ഒരു ആരാധ്യന്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നു ബുദ്ധിപരമായി തെളിയിക്കുകയും ചെയ്തു വിശുദ്ധ ഖുർആൻ. അതോടൊപ്പം ബുദ്ധിയുടെയും, അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ യാതൊരു ന്യായീകരണവും സിദ്ധിക്കാത്ത ആ വാദത്തിന് – ബഹുദൈവവാദത്തിനു – ഏതെങ്കിലും വേദപ്രമാണം തെളിയിക്കുവാനുണ്ടെങ്കില്‍ കൊണ്ടുവരട്ടെയെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
أَمِ ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً ۖ قُلْ هَاتُوا۟ بُرْهَٰنَكُمْ ۖ هَٰذَا ذِكْرُ مَن مَّعِىَ وَذِكْرُ مَن قَبْلِى ۗ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ٱلْحَقَّ ۖ فَهُم مُّعْرِضُونَ
അതല്ല, അവന്ന് പുറമെ അവര്‍ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: എങ്കില്‍ നിങ്ങള്‍ക്കതിനുള്ള പ്രമാണം കൊണ്ട് വരിക. ഇതു തന്നെയാകുന്നു എന്‍റെ കൂടെയുള്ളവര്‍ക്കുള്ള ഉല്‍ബോധനവും എന്‍റെ മുമ്പുള്ളവര്‍ക്കുള്ള ഉല്‍ബോധനവും. പക്ഷെ, അവരില്‍ അധികപേരും സത്യം അറിയുന്നില്ല. അതിനാല്‍ അവര്‍ തിരിഞ്ഞുകളയുകയാകുന്നു. (ഖുർആൻ:21/24)
എല്ലാ വേദഗ്രന്ഥങ്ങളും – ഖുര്‍ആനും അതിനു മുമ്പുള്ളവയും – ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കെ, അതിനെതിരായി ഒരു തെളിവും ആർക്കും കൊണ്ടുവരാൻ കഴിയുകയില്ലെന്നതാണ് സത്യം.
kanzululoom.com