മണ്ണില്‍ നുരുമ്പി നശിച്ചുപോയ, കത്തിച്ചാമ്പലായ, വെള്ളത്തില്‍ ജീവികള്‍ തിന്നുതീര്‍ത്ത കോടാനുകോടി മനുഷ്യരെയൊക്കെ പരലോകത്തേക്ക് വേണ്ടി അല്ലാഹു വീണ്ടും ജീവിപ്പിക്കും. അത് വിശ്വസിക്കുന്നതിനായി അല്ലാഹു അനേകം തെളിവുകൾ വിശദീകരിച്ചിട്ടുണ്ട്. അതിൽപെട്ട ബുദ്ധിപരമായ തെളിവാണ് സൃഷ്ടി ആരംഭിച്ചവന് പിന്നീട് അത് ആവര്‍ത്തിക്കാൻ കഴിയുമെന്നത്. അതായത്, ശൂന്യതയില്‍നിന്നു് ആദ്യമായി സൃഷ്‌ടിച്ചവന് അവയുടെ നാശത്തിന് ശേഷം വീണ്ടും സൃഷ്ടിക്കാൻ കഴിയുമെന്നത്.
يَوْمَ نَطْوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُۥ ۚ وَعْدًا عَلَيْنَآ ۚ إِنَّا كُنَّا فَٰعِلِينَ
ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്. (ഖു൪ആന്‍:21/104)
എന്തിനു വേണ്ടിയാണ് ഇത്?
ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيْهِ تُرْجَعُونَ
അല്ലാഹു സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. (ഖു൪ആന്‍:30/11)
അല്ലാഹു പറയുന്നു: അവൻ സൃഷ്ടികളെ പടക്കുന്നു. പിന്നീട് അവരെ തിരിച്ചു കൊണ്ടുവരികയും ചെയ്യുന്നു. പിന്നീട് അവർ അവനിലേക്ക് മടങ്ങും; അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം വാങ്ങാൻ. അതുകൊണ്ടാണ് തിന്മയുടെ ആളുകളുടെ ശിക്ഷയും തുടർന്ന് നന്മയുടെ ആളുകളുടെ പ്രതിഫലവും പരാമർശിച്ചത്. (തഫ്സീറുസ്സഅ്ദി)
إِلَيْهِ مَرْجِعُكُمْ جَمِيعًا ۖ وَعْدَ ٱللَّهِ حَقًّا ۚ إِنَّهُۥ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ لِيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ بِٱلْقِسْطِ ۚ وَٱلَّذِينَ كَفَرُوا۟ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمُۢ بِمَا كَانُوا۟ يَكْفُرُونَ
അവങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടക്കം. അല്ലാഹുവിന്‍റെ സത്യവാഗ്ദാനമത്രെ അത്. തീര്‍ച്ചയായും അവന്‍ സൃഷ്ടി ആരംഭിക്കുന്നു. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നീതിപൂര്‍വ്വം പ്രതിഫലം നല്‍കുവാന്‍ വേണ്ടി അവന്‍ സൃഷ്ടികര്‍മ്മം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ നിഷേധിച്ചതാരോ അവര്‍ക്ക് ചുട്ടുതിളയ്ക്കുന്ന പാനീയവും വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമത്രെ അത്. (ഖു൪ആന്‍:10/4)
ഇക്കാര്യത്തിലും അല്ലാഹു ഏകനാണ്.
إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ
തീര്‍ച്ചയായും അവന്‍ (അല്ലാഹു) തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും. (ഖു൪ആന്‍:85/13)
സൃഷ്ടിപ്പിന്റെ തുടക്കവും ആവര്‍ത്തനവും നിര്‍വഹിക്കുന്നതില്‍ അവന്‍ ഏകനാണ്. ഒരു പങ്കാളിയും അതില്‍ പങ്കുചേരുന്നില്ല. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിന് ഇത് നിസ്സാരമായ കാര്യമാണ്.
وَهُوَ ٱلَّذِى يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ ٱلْمَثَلُ ٱلْأَعْلَىٰ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത് ആവര്‍ത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത് അവന്നാകുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ. (ഖു൪ആന്‍:30/27)
പരമശൂന്യതയില്‍നിന്ന് വാതകമോ ഹേതുകമോ ആയ ഒന്നുംതന്നെയില്ലാത്ത ശുദ്ധ നാസ്തിയില്‍നിന്ന് – സൃഷ്ടികളെ ആദ്യം സൃഷ്ടിച്ചുണ്ടാക്കി അസ്തിത്വം നല്‍കിയ അവന് അവ നശിച്ചശേഷം അവയെ പുനര്‍ജീവിപ്പിക്കുവാനുണ്ടോ വല്ല വിഷമവും?! അവനു തുല്യനോ സമനോ ആയി എങ്ങും ആരുമില്ല; പങ്കുകാരോ സഹായകരോ ഇല്ല; ഒന്നിനോടും അവനെ ഉപമിപ്പിക്കുവാനോ താരതമ്യപ്പെടുത്തുവാനോ ഇല്ല. എണ്ണത്തില്‍ ഒരുവന്‍. ഗുണവിശേഷങ്ങളില്‍ ഏകന്‍. ഉപമയില്‍ നിസ്തുലന്‍. ശക്തിപ്രതാപങ്ങളില്‍ തുണയില്ല, വിജ്ഞാനത്തില്‍ ഇണയുമില്ല. അവന്‍ പരിപൂര്‍ണ്ണന്‍! അവന്‍ പരിശുദ്ധന്‍! അതെ, അവന്‍മാത്രം പരിപൂര്‍ണ്ണനും പരമപരിശുദ്ധനും! (അമാനി തഫ്സീര്‍)
{അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ} അതായത് മരണശേഷം തിരിച്ചുകൊണ്ടുവരുന്നവൻ. {അത് അവന് കൂടുതൽ എളുപ്പമുള്ളതാകുന്നു} ആദ്യ സൃഷ്ടിപ്പിനെക്കാൾ. ഇത് മനുഷ്യബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതാണ്. നിങ്ങൾ അംഗീകരിക്കുന്ന ആദ്യ സൃഷ്ടിപ്പിന് അവന് കഴിയുമെങ്കിൽ തിരിച്ചുകൊണ്ടുവരിക എന്നത് അതിനെക്കാൾ എത്രയോ എളുപ്പമായതാണ്. (തഫ്സീറുസ്സഅ്ദി)
أَوَلَمْ يَرَوْا۟ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُۥٓ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും, പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് അവര്‍ ചിന്തിച്ച് നോക്കിയില്ലേ? തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതത്രെ. (ഖു൪ആന്‍:29/19)
ഇക്കാര്യത്തിലെ അല്ലാഹുവിന്റെ കഴിവിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.
قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْـَٔاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അവന്‍ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന് നോക്കൂ. പിന്നീട് അല്ലാഹു അവസാനം മറ്റൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. (ഖു൪ആന്‍:29/20)
പറയുക: സൃഷ്ടിയുടെ ഉത്ഭവത്തെക്കുറിച്ച് അവർക്ക് വല്ല സംശയവുമുണ്ടെങ്കിൽ. {നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക} ശരീരം കൊണ്ടും ഹൃദയം കൊണ്ടും. {അവൻ എപ്രകാരം സൃഷ്ടി ആരംഭിച്ചു എന്ന് നോക്കൂ} മനുഷ്യരുടെയും മൃഗങ്ങളുടെയും സമൂഹങ്ങൾ എങ്ങനെയാണ് ക്രമേണ ഉൽഭവിക്കുന്നതെന്ന് നിങ്ങൾ നോക്കൂ. കാലാകാലങ്ങളിൽ ചെടികളും മരങ്ങളും എങ്ങനെയാണ് പുതിയതായി ഉണ്ടാകുന്നത് എന്ന് നിങ്ങൾക്ക് കാണാം. മേഘങ്ങളും കാറ്റുകളും നിരന്തരം പുതിയതായിക്കൊണ്ടിരിക്കുന്നതും നിങ്ങൾക്ക് കാണാം. സൃഷ്ടികളെല്ലാം എപ്പോഴും ആരംഭിക്കുകയും ആവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവരുടെ ചെറിയ മരണസമയത്ത്, അതായത് ഉറക്കത്തിൽ അവരെ നോക്കുക. രാത്രി ഇരുട്ടുമായി അവരിൽ എത്തുമ്പോൾ അവരുടെ ചലനങ്ങൾ നിശ്ചലമാവുകയും അവരുടെ ശബ്ദം നിശ്ശബ്ദമാവുകയും ചെയ്യുന്നു. അവരുടെ താമസ്ഥലങ്ങളിലും വിരിപ്പുകളിലും അവർ മരിച്ചവരെപ്പോലെ കിടക്കുന്നു. രാത്രി മുഴുവൻ അങ്ങനെത്തന്നെ. അങ്ങനെ അവർ ഉറക്കത്തിൽനിന്ന് ഉണരുന്നു. അങ്ങനെ അവർ മരണത്തിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്നു. അപ്പോൾ അവർ പറയുന്നു:
الحَمْدُ لِلَّهِ الَّذِی أحْيَانا بَعْدَ مَا أمَاتَنَا وَ إلَيْهِ الُّشُور
മരിപ്പിച്ചശേഷം ഞങ്ങളെ ജീവിപ്പിച്ച അല്ലാഹുവിനാകുന്നു സർവസ്തുതി. അവനിലേക്ക് നാം ഉയിർത്തെഴുന്നേൽപിക്കപ്പെടും.
അതിനാൽ അല്ലാഹു പറയുന്നു: {പിന്നീട് അല്ലാഹു} ആവർത്തിച്ചതിന് ശേഷം. {അവസാനം മറ്റൊരിക്കൽ കൂടി സൃഷ്ടിക്കുന്നതാണ്} ഈ സൃഷ്ടിപ്പിൽ പിന്നീട് ഉറക്കമോ മരണമോ ഇല്ല. അവിടെ രണ്ടിലൊരു ലോകത്ത് നിത്യമായി താമസിക്കും. {അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ} അവന്റെ ശക്തിക്ക് അതീതമായി ഒന്നുമില്ല. സൃഷ്ടി ആരംഭിക്കാനുള്ള കഴിവ് അവനുണ്ടെങ്കിൽ അത് ആവർത്തിക്കാനുള്ള ശക്തിയും അവനുണ്ടെന്ന് പറയുന്നതല്ലേ ഏറ്റവും ഉചിതം? (തഫ്സീറുസ്സഅ്ദി)
മനുഷ്യര്‍ കണ്ണു തുറന്ന് വെളിയിലേക്ക് ദൃഷ്ടിപതിക്കട്ടെ! കാലെടുത്ത് ഭൂമിയിലൂടെ സഞ്ചരിച്ചുനോക്കട്ടെ! ഉന്നതമായ ആകാശം, കണക്കറ്റ നക്ഷത്രഗ്രഹങ്ങള്‍, ചലിക്കുന്നതും അല്ലാത്തതുമായ വന്‍ഗോളങ്ങള്‍, പര്‍വ്വതങ്ങള്‍, മൈതാനങ്ങള്‍, വൃക്ഷങ്ങള്‍, കായ്കനികള്‍, അരുവികള്‍, സമുദ്രങ്ങള്‍, മനുഷ്യനടക്കമുള്ള ലക്ഷോപലക്ഷം ജീവികള്‍ എന്നിങ്ങിനെ എണ്ണിപ്പറഞ്ഞവസാനിപ്പിക്കുവാന്‍ കഴിയാത്ത പലതും അവര്‍ക്കു കാണാം. അവയെല്ലാം ശുദ്ധശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ ഒരു മഹാ ശക്തിയുണ്ടല്ലോ. വ്യവസ്ഥാപിതമായ നിലയില്‍ നിലനിന്നുപോരുന്ന ഇവയെല്ലാം സ്വയമങ്ങ് അസ്തിത്വം പൂണ്ടതാണെന്നുവെച്ച് തൃപ്തിയടയുവാന്‍ മനുഷ്യബുദ്ധിക്കു സാദ്ധ്യമല്ലതന്നെ. തൃപ്തിയടയുവാന്‍ കഴിയുന്നവരുണ്ടെങ്കില്‍ അവരുടെ ബുദ്ധി മനുഷ്യബുദ്ധിയല്ലെന്നുവേണം പറയുവാന്‍ മുമ്പുണ്ടായിരുന്ന ഒരു മാതൃകയോ, ഏതെങ്കിലും ഒന്നിന്റെ സഹായമോ കൂടാതെ പുത്തനായും, ആദ്യമായും അവയെല്ലാം നിര്‍മ്മിച്ചുണ്ടാക്കിയ ആ സര്‍വ്വശക്തനായ കര്‍ത്താവുതന്നെ, അവയുടെ നാശത്തിനുശേഷം അവയ്ക്കൊരു പുതിയ ഘടനാവ്യവസ്ഥയും നല്‍കും. അവരുടെ മരണത്തിനുശേഷം അവര്‍ക്കൊരു പുതിയ ജീവിതവും നല്‍കും. ആദ്യത്തെ സൃഷ്ടിയുടെ കര്‍ത്താവായ അവന് രണ്ടാമത്തെ സൃഷ്ടിയുടെ കാര്യം കൂടുതല്‍ നിസ്സാരമായിരിക്കുമല്ലോ. (അമാനി തഫ്സീര്‍)
സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും ചെയ്യുന്നവൻ അല്ലാഹു മാത്രമായതിനാൽ അവൻ മാത്രമാണ് ആരാധനക്ക് അര്‍ഹൻ.
أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَٰنَكُمْ إِن كُنتُمْ صَٰدِقِينَ
അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും, ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ട് വരിക. (ഖു൪ആന്‍:27/64)
قُلْ هَلْ مِن شُرَكَآئِكُم مَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۚ قُلِ ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۖ فَأَنَّىٰ تُؤْفَكُونَ
(നബിയേ,) പറയുക: സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവാണ് സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നത്. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്? (ഖു൪ആന്‍:10/34)
www.kanzululoom.com