കപടവിശ്വാസികള്‍ ഖുബായില്‍ സ്ഥാപിച്ചതും مَسْجِد الضِرَار (മസ്‌ജിദു ളിറാര്‍) അഥവാ ഉപദ്രവത്തിന്‍റെ പള്ളി എന്ന പേരില്‍ അറിയപ്പെട്ടതുമായ ഒരു കുപ്രസിദ്ധ സ്ഥാപനത്തെപ്പറ്റി വിശുദ്ധ ഖുര്‍ആൻ സൂറ:തൗബ 107-110 വചനങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
മസ്‌ജിദു ളിറാറിന്റെ ചരിത്രം
മദീനായില്‍ ഖസ്‌റജ് ഗോത്രത്തില്‍പെട്ട പുരോഹതന്‍ അബൂആമിര്‍ (أبو عامر الراهب) എന്ന് പേരായ ഒരാളുണ്ടായിരുന്നു. ജാഹിലിയ്യത്തില്‍ അയാള്‍ ക്രിസ്‌തുമതം സ്വീകരിച്ചു ഒരു ക്രിസ്‌തീയ പാതിരിയായി മാറി. നബി ﷺ മദീനയില്‍ ചെന്ന ശേഷം ഇസ്‌ലാമിനുണ്ടായ നേട്ടവും പ്രചാരവും അവനെ ശുണ്‌ഠി പിടിപ്പിച്ചു. മക്കയില്‍ ചെന്ന് നബി ﷺ ക്കെതിരെ അവന്‍ മുശ്‌രിക്കുകളെ ഇളക്കിവിട്ടുകൊണ്ടിരുന്നു. ഉഹ്‌ദ് യുദ്ധത്തില്‍ അവനും മുശ്‌രിക്കുകളുടെ ഭാഗത്ത് സംബന്ധിച്ചിരുന്നു. യുദ്ധത്തില്‍ മദീനക്കാരായ ചില അന്‍സ്വാരികളെ നയത്തില്‍ പാട്ടിലാക്കുവാന്‍ ഒരു ശ്രമം നടത്തിനോക്കി. അതിന് വിപരീതഫലമാണുണ്ടായത്. യുദ്ധ അണികള്‍ക്കിടയില്‍ അവന്‍ ചില ചതിക്കുഴികളുണ്ടാക്കി മുകള്‍ഭാഗം മൂടിവെച്ചിരുന്നു. അതിലൊന്നില്‍ വീണു നബി ﷺ യുടെ തലക്കും മുഖത്തും മുറി പറ്റുകയും, അവിടുത്തെ പല്ലു പൊട്ടുകയും ഉണ്ടായി. നബി ﷺ അവനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും അവന് ക്വുര്‍ആന്‍ കേള്‍പ്പിക്കുകയും ചെയ്‌തുവെങ്കിലും അവന്‍ നിഷേധത്തില്‍ ശഠിച്ചു നില്‍ക്കുകയാണ് ചെയ്‌തത്. ഉഹ്‌ദ് സംഭവത്തിനു ശേഷവും ഇസ്‌ലാമിന് അഭിവൃദ്ധിയും ശക്തിയും വര്‍ധിക്കുന്നതായി കണ്ടപ്പോള്‍ അവന്‍ ശാമിലേക്ക് നീങ്ങി. റോമാചക്രവര്‍ത്തി ഹിറക്വ്‌ലിയൂസിനോട് നബി ﷺ ക്കെതിരില്‍ സഹായത്തിനപേക്ഷിച്ചു. രാജാവ് സഹായം വാഗ്‌ദാനം നല്‍കുകയും ചെയ്‌തിരുന്നു. അതേ അവസരത്തില്‍ മദീനയിലുള്ള തന്‍റെ പരിചയക്കാരും കപട വിശ്വാസികളുമായ പലരുമായി അവന്‍ എഴുത്തുകുത്തുകള്‍ നടത്തിക്കൊണ്ടിരിക്കുകയും നബി ﷺ ക്കെതിരില്‍ താന്‍ വമ്പിച്ച സൈന്യവുമായി വരുന്നുണ്ടെന്നും മറ്റും അറിയിച്ചു കൊണ്ടിരിക്കുകയും ചെയ്‌തു. അക്കൂട്ടത്തില്‍, താന്‍ മദീനയില്‍ വരുമ്പോള്‍, തനിക്കും സൈന്യത്തിനും ഒരു താവളവും കേന്ദ്രവും സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു.
അങ്ങനെ ഇസ്‌ലാമില്‍ ഒന്നാമതായി സ്ഥാപിതമായ ‘മസ്‌ജിദുക്വുബാ’ (ക്വുബായിലെ പള്ളി)യുടെ അടുത്തായി കപടവിശ്വാസികള്‍ ഒരു പള്ളി നിര്‍മിച്ചു. പന്ത്രണ്ടു കപടവിശ്വാസികളായിരുന്നു അതില്‍ മുന്‍കയ്യെടുത്തവര്‍. നബി ﷺ തബൂക്കിലേക്ക് പുറപ്പെട്ടു പോകുന്നതിനു മുമ്പ് അവര്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് തങ്ങള്‍ ഒരു പള്ളി നിര്‍മിച്ചിട്ടുണ്ടെന്നും, സാധുക്കളും അശരണരുമായ ആളുകള്‍ക്ക് തണുപ്പിലും, മഴയിലുമൊക്കെ തങ്ങുവാനുള്ള ഒരു കേന്ദ്രമെന്ന നിലക്കും മറ്റുമാണ് അത് നിര്‍മിച്ചിരിക്കുന്നതെന്നും അറിയിച്ചു. തിരുമേനി അതില്‍ വന്നു നമസ്‌കരിച്ചുകൊണ്ട് അതിന്‍റെ ഉദ്‌ഘാടനം കഴിച്ചുതരണമെന്ന് അപേക്ഷിക്കുകയും ചെയ്‌തു. നബി ﷺ യുടെ അംഗീകാരം ലഭിച്ചാല്‍, തങ്ങളുടെ ഉദ്ദേശ്യങ്ങള്‍ അവിടെ നിരുപാധികം നടത്തുവാന്‍ അത് സൗകര്യമായിരിക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ഞങ്ങള്‍ ഒരു യാത്രക്കുള്ള ഒരുക്കത്തിലാണെന്നും, അത് കഴിഞ്ഞു മടങ്ങിവന്നിട്ടാവാമെന്നുമായിരുന്നു നബി ﷺ യുടെ മറുപടി. നബി ﷺ തബൂക്കില്‍ നിന്നു മടങ്ങി മദീനയുടെ അടുത്തുള്ള ദീഅവാന്‍ (ذى أوان) എന്ന സ്ഥലത്തെത്തിയപ്പോഴേക്കും പള്ളിയെ സംബന്ധിച്ച വിവരങ്ങള്‍ വഹ്‌യ് മുഖേന അല്ലാഹു നബി ﷺ ക്ക് അറിയിച്ചുകൊടുത്തു. അതനുസരിച്ചു മദീനയില്‍ എത്തും മുമ്പ് തന്നെ അത് പൊളിച്ചു നീക്കി തീവെക്കുവാന്‍ നബി ﷺ ആളെ അയക്കുകയും ചെയ്‌തു. (അമാനി തഫ്സീര്‍)
അല്ലാഹു പറയുന്നു:
وَٱلَّذِينَ ٱتَّخَذُوا۟ مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقَۢا بَيْنَ ٱلْمُؤْمِنِينَ وَإِرْصَادًا لِّمَنْ حَارَبَ ٱللَّهَ وَرَسُولَهُۥ مِن قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَدْنَآ إِلَّا ٱلْحُسْنَىٰ ۖ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَٰذِبُونَ
ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്‍മാരുടെ കൂട്ടത്തിലുണ്ട്). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. (ഖു൪ആന്‍:9/107)
ആ പള്ളി നിര്‍മാണത്തില്‍ കപടവിശ്വാസികളുടെ ലക്ഷ്യങ്ങൾ എന്തായിരുന്നുവെന്ന് അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു:
(1) ഉപദ്രവമുണ്ടാക്കല്‍: സത്യവിശ്വാസികൾക്കും അവർ ഒരുമിച്ചുകൂടുന്ന അവരുടെ പള്ളിക്കും ദ്രോഹമുണ്ടാക്കാൻ വേണ്ടി.
(2) അവിശ്വാസം: അവിശ്വാസത്തില്‍ നിന്നുല്‍ഭവിച്ചതും, സത്യവിശ്വാസത്തിനെതിരില്‍ അവിശ്വാസത്തെ ശക്തിപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുവാന്‍ വേണ്ടി.
(3) സത്യവിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കല്‍: മുസ്ലിംകൾക്കിടയിൽ പിളർപ്പുകളുണ്ടാക്കാനും, അവരെ ചിതറിക്കാനും, അവരുടെയിടയിൽ അഭിപ്രായവ്യത്യാസങ്ങളും ശത്രുതയും വളർത്താനും വേണ്ടി.
(4) മുമ്പ് അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കിക്കൊടുക്കല്‍: അതായത്, അബൂആമിറിനും അവന്‍റെ ആള്‍ക്കാര്‍ക്കും ഇസ്‌ലാമിനെതിരെ യുദ്ധം മുതലായ അക്രമ പരിപാടികള്‍ നടപ്പില്‍ വരുത്തുവാനുദ്ദേശിക്കുന്ന മറ്റുള്ളവര്‍ക്കും ഒരു രഹസ്യകേന്ദ്രം തയ്യാറാക്കുകയും പള്ളി എന്ന് പേരു നല്‍കി സത്യാവസ്ഥ മറച്ചുപിടിക്കുകയും ചെയ്യുക.
ഇതൊക്കെയാണ് ആ കപടവിശ്വാസികളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍. എന്നാൽ ആ പള്ളിയിൽ നമസ്കരിക്കുകയും അതോടൊപ്പം ബലഹീനരായവർക്കും, പ്രയാസപ്പെടുന്നവർക്കും, സഹായം നൽകുകയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അവർ കള്ളസത്യം ചെയ്യുകയും ചെയ്തു. പക്ഷേ, അവരുടെ ലക്ഷ്യങ്ങൾ നടപ്പിലായില്ല. അല്ലാഹു നബി ﷺ ക്ക് വഹ്‌യ് നൽകി:
لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى ٱلتَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا۟ ۚ وَٱللَّهُ يُحِبُّ ٱلْمُطَّهِّرِينَ
(നബിയേ,) നീ ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്. ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. (ഖു൪ആന്‍:9/108)
നമസ്‌കാരം പോലെയുള്ള നല്ല കാര്യങ്ങളെ ഉദ്ദേശിച്ചു മാത്രമാണ് പള്ളി നിര്‍മിച്ചിരിക്കുന്നതെന്ന് അവര്‍ കള്ളസത്യം ചെയ്‌തുപറയുമെന്നും, അതുകൊണ്ട് ഒരു കാലത്തും നബി ﷺ അതില്‍ പോയി നമസ്‌കാരം നടത്തരുതെന്നും, തഖ്‌വയുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമായ ക്വുബായിലെ പള്ളിയില്‍ മാത്രം നബി ﷺ സംബന്ധിച്ചാല്‍ മതിയെന്നും അല്ലാഹു നബി ﷺ യോട് കല്‍പിക്കുന്നു.
നബി ﷺ മദീനയിലേക്ക് ഹിജ്‌റഃ വരുമ്പോള്‍, മദീനയില്‍ നിന്ന് രണ്ടു നാഴിക തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്വുബായില്‍ ഇറങ്ങി അല്‍പദിവസം അവിടെ താമസിക്കുകയുണ്ടായി. ആ അവസരത്തില്‍ നിര്‍മിക്കപ്പെട്ടതും, ഇസ്‌ലാമില്‍ ഒന്നാമതായി സ്ഥാപിക്കപ്പെട്ടതുമായ പള്ളിയത്രെ ക്വുബായിലെ പള്ളി. തഖ്‌വയിൽ സ്ഥാപിതമായ പള്ളി എന്ന ഈ ആയത്തിലെ വിശേഷണവും മസ്‌ജിദുഖുബായെ കുറിച്ചാണ്.
‘മസ്‌ജിദു തഖ്‌വയോടും, അതിന്‍റെ ആള്‍ക്കാരോടും താരതമ്യപ്പെടുത്തുമ്പോള്‍ ‘മസ്‌ജിദു ളിറാറി’ന്‍റെയും അതിന്‍റെ ആള്‍ക്കാരുടെയും പരസ്‌പരവിരുദ്ധമായ നിലപാട് ഉപമാലങ്കാര രൂപത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:
أَفَمَنْ أَسَّسَ بُنْيَٰنَهُۥ عَلَىٰ تَقْوَىٰ مِنَ ٱللَّهِ وَرِضْوَٰنٍ خَيْرٌ أَم مَّنْ أَسَّسَ بُنْيَٰنَهُۥ عَلَىٰ شَفَا جُرُفٍ هَارٍ فَٱنْهَارَ بِهِۦ فِى نَارِ جَهَنَّمَ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ
അല്ലാഹുവെ സംബന്ധിച്ച ഭക്തിയിന്‍മേലും അവന്‍റെ പ്രീതിയിന്‍മേലും തന്‍റെ കെട്ടിടം സ്ഥാപിച്ചവനോ അതല്ല, പൊളിഞ്ഞുവീഴാന്‍ പോകുന്ന ഒരു മണല്‍തിട്ടയുടെ വക്കത്ത് കെട്ടിടം സ്ഥാപിക്കുകയും എന്നിട്ടത് തന്നെയും കൊണ്ട് നരകാഗ്നിയില്‍ പൊളിഞ്ഞുവീഴുകയും ചെയ്തവനോ കൂടുതല്‍ ഉത്തമന്‍? അക്രമികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (ഖു൪ആന്‍:9/109)
ശക്തിമത്തായ അടിത്തറയിട്ടുകൊണ്ട് അതിന്‍മേല്‍ കെട്ടി ഉയര്‍ത്തപ്പെട്ട കെട്ടിടം പൊളിഞ്ഞുവീഴാതെയും, കേടുപാട് കൂടാതെയും ദീര്‍ഘകാലം സുരക്ഷിതമായി നിലനില്‍ക്കുമല്ലോ. അല്ലാഹുവിനെക്കുറിച്ചുള്ള ഭയഭക്തിയുടെയും, അവന്‍റെ പ്രീതി ലഭിക്കേണമെന്ന മോഹത്തിന്‍റെയും അടിസ്ഥാനത്തില്‍ മതസ്ഥാപനമാകുന്ന കെട്ടിടം സ്ഥാപിച്ചാലുള്ള സ്ഥിതിയും അതുപോലെതന്നെ. അതിന്‍റെ പരിശുദ്ധിക്കോ പവിത്രതക്കോ കോട്ടം തട്ടാതെ അതു നിലനില്‍ക്കും. വല്ല പുഴവക്കിലോ പൊട്ടക്കിണറിന്‍റെ വക്കിലോ ഏതവസരത്തിലും പൊളിഞ്ഞുവീഴാനിടയുള്ള മണ്‍തിണ്ണയുടെ ഓരത്ത് ഒരു കെട്ടിടം സ്ഥാപിച്ചാല്‍ ആ കെട്ടിടം അതിലെ ആള്‍ക്കാരടക്കം ഏതു നിമിഷവും വീണുതകരുമെന്ന് പറയേണ്ടതില്ല. അത്‌പോലെയാണ് കപടവിശ്വാസികളുടെ മതസ്ഥാപനങ്ങള്‍. ആ കെട്ടിടം പൊളിഞ്ഞുവീഴുന്നത് ആ തിണ്ണയുടെ താഴ്‌ഭാഗത്തിലുള്ള പുഴയിലേക്കോ കിണറ്റിലേക്കോ ആയിരിക്കുമെങ്കില്‍, കപടവിശ്വാസികള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളുടെ കലാശം നരകാഗ്നിയിലേക്കുമായിരിക്കും. അപ്പോള്‍, ഈ രണ്ടു സ്ഥാപനങ്ങളില്‍ ഏതാണ് നല്ലതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതാണ് ആ വചനത്തിലടങ്ങിയ ആശയം. (അമാനി തഫ്സീര്‍)
കപടവിശ്വാസികള്‍ ആ പള്ളി നിര്‍മിച്ചത് തന്നെ അവരുടെ കാപട്യം നിമിത്തമുള്ള അസ്വസ്ഥതകൊണ്ടാണ്. അത് പൊളിച്ചു നശിപ്പിച്ചപ്പോഴാകട്ടെ, ഇനി എന്തെല്ലാമാണ് സംഭവിക്കുകയെന്നുള്ള അവരുടെ ഭയപ്പാടും ആശങ്കയും അസ്വസ്ഥതയും അവരുടെ ഹൃദയങ്ങള്‍ നിലവിലുള്ള കാലത്തോളം അവരെ വിട്ടുമാറുവാന്‍ പോകുന്നില്ല. അതാണ് അല്ലാഹു പറയുന്നത്:
لَا يَزَالُ بُنْيَٰنُهُمُ ٱلَّذِى بَنَوْا۟ رِيبَةً فِى قُلُوبِهِمْ إِلَّآ أَن تَقَطَّعَ قُلُوبُهُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
അവര്‍ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ആശങ്കയായി തുടരുന്നതാണ്. അവരുടെ ഹൃദയങ്ങള്‍ കഷ്ണം കഷ്ണമായി തീര്‍ന്നെങ്കിലല്ലാതെ. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:9/110)
ഈ സംഭവം വിശദീകരിച്ച് ശൈഖ് നാസ്വി൪ അസ്സഅ്ദി رحمه الله പറഞ്ഞു: ഈ വചനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രധാന പാഠങ്ങൾ ഇവയാണ്:
1.മറ്റൊരു പള്ളിക്ക് ദോഷം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ അതിന് സമീപത്തായി പള്ളി നിർമ്മിക്കുന്നത് നിഷിദ്ധമാണ്. അത്തരം ദോഷകരമായ പള്ളി നിർമ്മിച്ചവരുടെ ഉദ്ദേശ്യം വെളിപ്പെട്ടാൽ, ആ പള്ളി പൊളിച്ചുനീക്കൽ നിർബന്ധമാണ്.
2.ഒരു പ്രവർത്തനം ഉത്തമമാണെങ്കിൽ പോലും, അതിനു പിന്നിലുള്ള നിയ്യത്ത് (ഉദ്ദേശ്യം) അതിനെ മാറ്റിമറിക്കുന്നു. അങ്ങനെ അത് വിരോധിക്കപ്പെട്ട ഒന്നായി മാറുന്നു. മസ്ജിദു ളിറാറിന്റെ ഉടമസ്ഥരുടെ നിയ്യത്ത് അവരുടെ പ്രവർത്തനത്തെ (പള്ളി നിർമ്മാണം എന്ന പുണ്യകർമ്മത്തെ) ദോഷകരമായ ഒന്നാക്കി മാറ്റിയത് പോലെ.
3.വിശ്വാസികൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്ന ഏതൊരു സാഹചര്യവും പാപങ്ങളിൽ പെട്ടതാണ്. അത്തരം കാര്യങ്ങൾ ഉപേക്ഷിക്കുകയും അവ ഇല്ലാതാക്കുകയും വേണം.
അതുപോലെതന്നെ, വിശ്വാസികളെ ഒന്നിപ്പിക്കാനും അവർക്കിടയിൽ ഐക്യമുണ്ടാക്കാനും കാരണമാകുന്ന എല്ലാ സാഹചര്യങ്ങളും പിന്തുടരുകയും കൽപ്പിക്കുകയും പ്രേരിപ്പിക്കുകയും വേണം. കാരണം, ‘മസ്ജിദു ളിറാർ’ നിർമ്മിച്ചവരെ അല്ലാഹു കുറ്റപ്പെടുത്തിയത്, ആ കർമ്മത്തെ വിലക്കുന്നതിന് കാരണമായ ഈയൊരു ദുരുദ്ദേശ്യം (ഭിന്നിപ്പിക്കുക എന്ന ലക്ഷ്യം) ഉണ്ടായിരുന്നത് കൊണ്ടാണ്. മാത്രമല്ല, അത്കുഫ്റിനും (അവിശ്വാസത്തിനും) അല്ലാഹുവെയും അവന്റെ റസൂലിനെയും നേരിടുന്നതിനും (യുദ്ധം ചെയ്യുന്നതിനും) തുല്യവുമാണ്.
4.പാപം നടക്കുന്ന സ്ഥലങ്ങളിൽ നമസ്കരിക്കുന്നതിലുള്ള വിലക്ക്; അത്തരം സ്ഥലങ്ങളിൽ നിന്നും അവയുടെ പരിസരങ്ങളിൽ നിന്നും വിട്ടുനിൽക്കണം.
5.പാപം, സ്ഥലങ്ങളിൽ സ്വാധീനം ചെലുത്തുന്നു. ‘മസ്ജിദു ളിറാറിൽ’ മുനാഫിഖുകൾ ചെയ്ത പാപം അവിടെ (പ്രവർത്തനങ്ങൾക്ക്) സ്വാധീനം ചെലുത്തിയത് പോലെ, അവിടെ വെച്ച് (നമസ്കാരത്തിന്) നിൽക്കുന്നത് വിലക്കപ്പെട്ടു. അതുപോലെ തന്നെ, ആരാധനകൾ സ്ഥലങ്ങളിലും സ്വാധീനം ചെലുത്തുന്നു; ‘മസ്ജിദു ഖുബാഇൽ’ അത് സ്വാധീനം ചെലുത്തിയത് പോലെ. അക്കാരണത്താൽ അല്ലാഹു അതിനെക്കുറിച്ച് (ഖുബാ പള്ളിയെക്കുറിച്ച്) ഇപ്രകാരം പറഞ്ഞു:{ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്}
ഇക്കാരണത്താൽ തന്നെ, മസ്ജിദു ഖുബാഇന് മറ്റുള്ളവയ്ക്കില്ലാത്ത പ്രത്യേകമായ ചില ശ്രേഷ്ഠതകളുണ്ട്. നബി ﷺ എല്ലാ ശനിയാഴ്ചയും ഖുബാ സന്ദർശിക്കുകയും അവിടെ നമസ്കരിക്കുകയും പതിവായിരുന്നു. മാത്രമല്ല, അവിടെ (ഖുബാ പള്ളിയിൽ) വെച്ച് നമസ്കരിക്കുന്നതിനെ അവിടുന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
6.ഈ വചനത്തിൽ പരാമർശിച്ചിരിക്കുന്ന വിശദീകരണങ്ങളിൽ നിന്നും പ്രധാനപ്പെട്ട നാല് തത്വങ്ങൾ നമുക്ക് ഗ്രഹിക്കാൻ സാധിക്കും. അവ ഇവയാണ്:
ഒന്ന്:ഒരു മുസ്ലിമിന് ഉപദ്രവം വരുത്തുന്നതോ, അല്ലാഹുവിനോടുള്ള അനുസരണക്കേടുള്ളതോ ആയ ഏതൊരു പ്രവർത്തനവും നിഷിദ്ധമാണ്. കാരണം, പാപങ്ങൾ കുഫ്റിന്റെ (അവിശ്വാസത്തിന്റെ) ശാഖകളിൽ പെട്ടതാണ്. അതുപോലെ വിശ്വാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതോ, അല്ലാഹുവിനോടും അവന്റെ റസൂലിനോടും ശത്രുത പുലർത്തുന്നവരെ സഹായിക്കുന്നതോ ആയ ഏതൊരു കാര്യവും നിഷിദ്ധവും വിലക്കപ്പെട്ടതുമാണ്. ഇതിന്റെ വിപരീതമായിട്ടുള്ള കാര്യങ്ങൾ (ഐക്യം, നന്മ, അല്ലാഹുവിനെ അനുസരിക്കൽ) നേരെ തിരിച്ചും (അതായത് അനുവദനീയവും പുണ്യകരവുമാണ്)
രണ്ട്:അല്ലാഹുവിനോടുള്ള അനുസരണക്കേടിന്റെ ഫലമായുണ്ടാകുന്ന പ്രവർത്തനങ്ങൾ, പാപത്തിൽ തുടരുന്നതുപോലെ അവ ചെയ്തവനെ അല്ലാഹുവിൽ നിന്ന് നിരന്തരം അകറ്റിക്കൊണ്ടിരിക്കും. ആ പാപത്തെ നീക്കം ചെയ്യുകയും, ഖേദത്താലും ദുഃഖത്താലും അവന്റെ ഹൃദയം കീറിമുറിയുന്ന തരത്തിൽ പൂർണ്ണമായ തൗബ (പശ്ചാത്താപം) ചെയ്യുകയും ചെയ്യുന്നത് വരെ ഈ അകൽച്ച തുടരുക തന്നെ ചെയ്യും.”
മൂന്ന്:മസ്ജിദു ഖുബാഅ് ‘തഖ്‌വ’ (ദൈവഭക്തി) അടിസ്ഥാനമാക്കി പണിത പള്ളിയാണെങ്കിലും, നബി ﷺ പുണ്യകരമായ സ്വന്തം കൈകൾ കൊണ്ട് പണിതതും, അവിടുന്ന് നേരിട്ട് കർമ്മങ്ങൾ നിർവഹിച്ചതും, അല്ലാഹു അദ്ദേഹത്തിനായി പ്രത്യേകം തിരഞ്ഞെടുത്തതുമായ നബിയുടെ പള്ളി (മസ്ജിദുന്നബവി) ഖുബാ പള്ളിയേക്കാൾ എത്രയോ അധികം ശ്രേഷ്ഠവും മുൻഗണനയർഹിക്കുന്നതുമാണ്.
നാല്:ഇഖ്ലാസ് (ആത്മാര്‍ത്ഥത), മുതാബഅ (നബിചര്യ പിൻപറ്റൽ) എന്നിവയിൽ അധിഷ്ഠിതമായ കർമ്മമാണ് ‘തഖ്‌വയിൽ’ അധിഷ്ഠിതമായ കർമ്മം. അത് ആ കർമ്മം ചെയ്യുന്നവനെ അനുഗ്രഹീതമായ സ്വർഗ്ഗത്തിലേക്ക് എത്തിക്കുന്നതാണ്.
ദുരുദ്ദേശ്യത്തിലും, ബിദ്അത്തുകളിലും (അനാചാരങ്ങളിലും) വഴികേടിലും കെട്ടിപ്പടുക്കപ്പെട്ട കർമ്മം, തകരാറായ ഒരു കുഴിയുടെ വക്കിൽ പണിത കെട്ടിടത്തിന് തുല്യമാണ്. അത് (ആ കെട്ടിടം) അവനെയും കൊണ്ട് നരകത്തിലേക്ക് വീണുപോകുന്നു. അക്രമികളായ ജനതയെ അല്ലാഹു നേർവഴിയിലാക്കുകയില്ല. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com