മക്കയിലെ മുശ്‌രിക്കുകളും ആധുനിക മുശ്‌രിക്കുകളും

മക്കയിലെ മുശ്‌രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നവരായിരുന്നു.  സൃഷ്ടാവും, റബ്ബും, ഭക്ഷണം തരുന്നവനും, കാര്യങ്ങൾ നിയന്ത്രിക്കുന്നവനും അല്ലാഹുവാണെന്നവര്‍ വിശ്വസിച്ചിരുന്നു. എന്നാൽ ആ വിശ്വാസം കൊണ്ട് മാത്രം അവര്‍ ഇസ്ലാമിൽ പ്രവേശിച്ചില്ല. കാരണം ആരാധനയിലുള്ള ഏകത്വത്തെ (توحيد الألوهية) അവര്‍ നിഷേധിച്ചു. അഥവാ ഇബാദത്തുകൾ (ആരാധന) അല്ലാഹുന് മാത്രമേ സമര്‍പ്പിക്കാവൂ എന്നത് അവര്‍ക്ക് അംഗീകരിക്കാനായില്ല. അവര്‍ അല്ലാഹു അല്ലാത്ത പലതിനും ഇബാദത്തുകൾ ചെയ്യുന്നവരായിരുന്നു. അതിനുപുറമേ നബിയുടെ രിസാലത്ത് അവര്‍ അംഗീകരിച്ചിരുന്നില്ല. അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആനിൽ അവര്‍ വിശ്വസിച്ചിരുന്നില്ല.

നമ്മുടെ നാടുകളിൽ മുസ്ലിംകളാണെന്ന് പറയുന്ന ചിലര്‍ ശിര്‍ക്കൻ വിശ്വാസം വെച്ചു പുലര്‍ത്തുന്നുണ്ട്. അവര്‍ ചെയ്യുന്നത് ശിര്‍ക്കാണെന്ന് അവര്‍ അംഗീകരിക്കുകയില്ല. കാരണം അവര്‍ ഇസ്ലാമിന്റെ പേരിലാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ ആളുകളെ കൊണ്ട് കൊടിയ ശിര്‍ക്ക് ചെയ്യിക്കുന്നു. എന്നിട്ടത് തൗഹീദാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. എത്രത്തോളമെന്ന് വെച്ചാൽ ഇന്ന് അവര്‍ മക്കയിലെ മുശ്‌രിക്കുകളേക്കാൾ അധപതിച്ചിരിക്കുന്നു. അതായത് മക്കയിലെ മുശ്‌രിക്കുകളേക്കാൾ കൊടിയ ശിർക്ക്‌ വെച്ച്‌ പുലർത്തുന്നവരാണവര്‍. അതിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഒന്നാമതായി, മക്കാ മുശ്‌രിക്കുകൾ അങ്ങേയറ്റത്തെ പ്രതിസന്ധി ഘട്ടങ്ങളിൽ ഉദാഹരണത്തിന് അവര്‍ കപ്പലില്‍ കയറി സമുദ്രയാത്ര ചെയ്യുമ്പോള്‍, കാറ്റിലും കോളിലും പെട്ടോ മറ്റോ വല്ല ആപത്തും പിണയുന്ന പക്ഷം, അവരുടെ ആരാധ്യന്മാരെ വിളിച്ചു പ്രാര്‍ത്ഥിക്കാതെ, ഇഖ്‌ലാസോടെ, ഭയഭക്തിയോടെ അവർ അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കും. ആധുനികരായ ശിർക്കിന്റെ വക്താക്കൾ അത്തരം സന്ദർഭങ്ങളിലാവട്ടെ, സന്തോഷാവസ്ഥയിലാവട്ടെ മരണപ്പെട്ട മഹാൻമാരോടും സ്വാലിഹീങ്ങളോടും മറ്റും സഹായമർത്ഥിക്കുന്നവരാണ്‌.

മക്കാ മുശ്‌രിക്കുകൾ അങ്ങേയറ്റത്തെ പ്രതിസന്ധി ഘട്ടങ്ങളിൽ  അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കുമെന്നുള്ളതിനുള്ള തെളിവ് കാണുക:

قُلْ أَرَءَيْتَكُمْ إِنْ أَتَىٰكُمْ عَذَابُ ٱللَّهِ أَوْ أَتَتْكُمُ ٱلسَّاعَةُ أَغَيْرَ ٱللَّهِ تَدْعُونَ إِن كُنتُمْ صَٰدِقِينَ ‎﴿٤٠﴾‏ بَلْ إِيَّاهُ تَدْعُونَ فَيَكْشِفُ مَا تَدْعُونَ إِلَيْهِ إِن شَآءَ وَتَنسَوْنَ مَا تُشْرِكُونَ ‎﴿٤١﴾‏

(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; അല്ലാഹുവിന്‍റെ ശിക്ഷ നിങ്ങള്‍ക്ക് വന്നുഭവിച്ചാല്‍, അല്ലെങ്കില്‍ അന്ത്യസമയം നിങ്ങള്‍ക്ക് വന്നെത്തിയാല്‍ അല്ലാഹുവല്ലാത്തവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുമോ ? (പറയൂ;) നിങ്ങള്‍ സത്യസന്ധരാണെങ്കില്‍. ഇല്ല, അവനെ മാത്രമേ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയുള്ളൂ. അപ്പോള്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം ഏതൊരു വിഷമത്തിന്‍റെ പേരില്‍ നിങ്ങളവനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതവന്‍ ദൂരീകരിച്ച് തരുന്നതാണ്‌. നിങ്ങള്‍ (അവനോട്‌) പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ (അപ്പോള്‍) മറന്നുകളയും. (ഖു൪ആന്‍: 6/40-41)

{أَغَيْرَ ٱللَّهِ تَدْعُونَ إِن كُنتُمْ صَٰدِقِينَ} أي : لَا تَدْعُونَ غَيْرَهُ لِعِلْمِكُمْ أَنَّهُ لَا يَقْدِرُ أَحَدٌ عَلَى دَفْعِ ذلك سواه

{അല്ലാഹുവല്ലാത്തവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുമോ? പറയൂ, നിങ്ങള്‍ സത്യസന്ധരാണെങ്കില്‍}അതായത്: അല്ലാഹുവല്ലാത്ത മറ്റാരോടും നിങ്ങൾ പ്രാര്‍ത്ഥിക്കുകയില്ല. ഈ ബുദ്ധിമുട്ടിൽ നിന്ന് അവനല്ലാതെ മറ്റാർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ലെന്നുള്ളത് നിങ്ങളുടെ അറിവിൽ പെട്ടതാണ്. (ഇബ്നു കസീര്‍)

بل تدعون هناك ربّكم الذي خلقكم، وبه تستغيثون، وإليه تفزعون، دون كل شيء غيره

ഇല്ല, നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനോട് നിങ്ങൾ അവിടെ വെച്ച് വിളിച്ച് പ്രാർത്ഥിക്കുന്നു, അവനോട് നിങ്ങൾ സഹായം തേടുന്നു, മറ്റെല്ലാം ഒഴിവാക്കിക്കൊണ്ട് നിങ്ങൾ അവനെ മാത്രം ഭയപ്പെടുന്നു. (ത്വബ്രി)

ബഹുദൈവ വിശ്വാസികളായിരുന്നാല്‍പോലും അത്യാപത്തു നേരിടുമ്പോള്‍, തങ്ങളുടെ ദൈവങ്ങളെയെല്ലാം മറന്ന് അല്ലാഹുവിനെമാത്രം വിളിച്ചു രക്ഷക്കപേക്ഷിക്കുകയായിരിക്കും ചെയ്യുക. വിഗ്രഹാരാധകന്മാരുടെ മാത്രം സ്ഥിതിയല്ല ഇത്‌. മരണപ്പെട്ടുപോയ മഹാത്മാക്കളായ ആളുകളെയും, ജീവിച്ചിരിപ്പുള്ള ദൈവവാദികളായ ആളുകളെയും വിളിച്ചാരാധിക്കുന്നവരുടെയും – എന്നുവേണ്ട, എല്ലാതരം ബഹുദൈവാരാധകന്മാരുടെയും – സ്ഥിതി ഇതു തന്നെയാണു. അത്രയുമല്ല, നിരീശ്വര വാദികള്‍പോലും അത്യാഹിതങ്ങള്‍ നേരിടുമ്പോള്‍ – അറിഞ്ഞോ അറിയാതെയോ – ‘പടച്ചവനേ, ഈശ്വരാ, ദൈവമേ’ എന്നിങ്ങിനെ യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിനെ വിളിച്ചു നിലവിളിക്കുന്നതായി കാണാം. ഈ ലോകാലോകങ്ങളുടെയെല്ലാം സൃഷ്‌ടാവും പരമാധികാരിയുമായ ഒരു മഹാശക്തിയുണ്ടെന്നുള്ള അവബോധം മനുഷ്യനില്‍ നിക്ഷിപ്‌തമായിട്ടുള്ളതാണ്‌ ഇതിനു കാരണം. ചില മഹാന്മാര്‍ പ്രസ്‌താവിക്കുന്നതുപോലെ, പ്രകൃതിവാദത്തിലും, നിരീശ്വരവാദത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹാരഥന്മാര്‍ക്കുപോലും അവരുടെ വാദത്തില്‍ പരിപൂര്‍ണ്ണ വിശ്വാസവും, പതറാത്ത മനസ്സാക്ഷിയും ഉണ്ടായിരിക്കയില്ലെന്നുള്ളതാണു പരമാര്‍ത്ഥം. (അമാനി തഫ്സീര്‍)

ഇത്തരം പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ മക്കയിലെ മുശ്രിക്കുകൾ അതുവരെ ആരാധിച്ചിരുന്ന അല്ലാഹുവല്ലാത്ത എല്ലാത്തിനേയും ഒഴിവാക്കും. മേല്‍ വചനത്തിലെ وَتَنسَوْنَ مَا تُشْرِكُونَ (നിങ്ങള്‍ അവനോട്‌ പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ അപ്പോള്‍ മറന്നുകളയും) എന്ന പരാമര്‍ശം പ്രത്യേകം ശ്രദ്ധിക്കുക. ഇതിനെ ഇമാം ഇബ്നു കസീര്‍ വിശദീകരിക്കുന്നത് കാണുക:

أي : فِي وَقْتِ الضَّرُورَةِ، لَا تَدْعُونَ أَحَدًا سِوَاهُ، وَتَذْهَبُ عَنْكُمْ أَصْنَامُكُمْ وأندادكم

നിര്‍ബന്ധിത ഘട്ടത്തിൽ  അല്ലാഹുവല്ലാത്ത മറ്റാരോടും നിങ്ങൾ പ്രാര്‍ത്ഥിക്കുകയില്ല. നിങ്ങളുടെ വിഗ്രഹങ്ങളും നിങ്ങൾ (അല്ലാഹുവിനോട്) സമൻമാരാക്കിയവരും നിങ്ങളിൽ നിന്ന് വിട്ടു പോകുന്നു. (ഇബ്നു കസീര്‍)

وَإِذَا مَسَّكُمُ ٱلضُّرُّ فِى ٱلْبَحْرِ ضَلَّ مَن تَدْعُونَ إِلَّآ إِيَّاهُ ۖ فَلَمَّا نَجَّىٰكُمْ إِلَى ٱلْبَرِّ أَعْرَضْتُمْ ۚ وَكَانَ ٱلْإِنسَٰنُ كَفُورًا

കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന്‍ ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ അവര്‍ അപ്രത്യക്ഷരാകും. എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍ ഏറെ നന്ദികെട്ടവനായിരിക്കുന്നു. (ഖു൪ആന്‍ :17/67)

{فلما نجاكم إلى البر أعرضتم} أي: نسيتم ما عرفتم من توحيده في البحر وأعرضتم عن دعائه وحده لا شريك له

{എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി} കടലിൽ വെച്ച് അല്ലാഹുവിന്റെ തൗഹീദ് നിങ്ങൾ മനസ്സിലാക്കിയത് കരയിലെത്തിയപ്പോൾ മറന്നു. ഒരു പങ്കാളിയുമില്ലാതെ അവനോട് മാത്രം പ്രാർത്ഥിക്കുന്നതിൽ നിന്ന് നിങ്ങൾ പിന്തിരിഞ്ഞു. (ഇബ്നു കസീര്‍)

എന്നാൽ ഇസ്ലാമിന്റെ കുപ്പായമണിഞ്ഞ ആധുനിക മുശ്രിക്കുകൾ ഇന്ന് പറയുന്നതോ, പ്രതിസന്ധി ഘട്ടങ്ങളിൽ ബദ്രീങ്ങളെയും മുഹ്യുദ്ദീൻ ശൈഖിനെയും സി.എം.മടവൂരിനേയുമൊക്കെ വിളിക്കണമെന്നാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ മക്കയിലെ മുശ്രിക്കുകൾ അവരുടെ ആരാധ്യരെ മറക്കുന്നുവെങ്കിൽ ആധുനിക മുശ്രിക്കുകൾ പ്രതിസന്ധി ഘട്ടങ്ങളിൽ അല്ലാഹു അല്ലാത്തവരെ ഓര്‍ക്കുന്നു. അതെ ഈ വിഷയത്തിൽ അവര്‍ മക്കയിലെ മുശ്രിക്കുകളേക്കാൾ അധപതിച്ചിരിക്കുന്നു.

മറ്റ് ചില ആയത്തുകൾ കൂടി കാണുക:

وَمَا بِكُم مِّن نِّعْمَةٍ فَمِنَ ٱللَّهِ ۖ ثُمَّ إِذَا مَسَّكُمُ ٱلضُّرُّ فَإِلَيْهِ تَجْـَٔرُونَ ‎﴿٥٣﴾‏ ثُمَّ إِذَا كَشَفَ ٱلضُّرَّ عَنكُمْ إِذَا فَرِيقٌ مِّنكُم بِرَبِّهِمْ يُشْرِكُونَ ‎﴿٥٤﴾‏

നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്‌.  പിന്നെ നിങ്ങളില്‍ നിന്ന് അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേര്‍ക്കുന്നു.  (ഖു൪ആന്‍ :16/53-54)

{ثم إذا مسكم الضر فإليه تجأرون} أي : لعلمكم أنه لا يقدر على إزالته إلا هو ، فإنكم عند الضرورات تلجئون إليه ، وتسألونه وتلحون في الرغبة مستغيثين به

{എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്‌}അതായത്: നിങ്ങളുടെ അറിവിൽ പെട്ടതാണ്, നിങ്ങളെ ബാധിച്ച കഷ്ടത മാറ്റാൻ അല്ലാഹുവിനല്ലാതെ ആർക്കും കഴിയില്ലെന്നുള്ളത്. അതിനാൽ പ്രതിസന്ധിയുടെ ഘട്ടത്തിൽ നിങ്ങൾ അല്ലാഹുവിലേക്കാണ് അഭയം തേടുന്നത്, അവനോടാണ് നിങ്ങൾ ചോദിക്കുന്നത്, സഹായം ചോദിക്കുന്നതും പ്രതീക്ഷ വെക്കുന്നതും അവനോടാണ്. (ഇബ്നു കസീര്‍)

فَإِذَا رَكِبُوا۟ فِى ٱلْفُلْكِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ إِذَا هُمْ يُشْرِكُونَ ‎﴿٦٥﴾‏ لِيَكْفُرُوا۟ بِمَآ ءَاتَيْنَٰهُمْ وَلِيَتَمَتَّعُوا۟ ۖ فَسَوْفَ يَعْلَمُونَ ‎﴿٦٦﴾

എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു. അങ്ങനെ നാം അവര്‍ക്ക് നല്‍കിയതില്‍ അവര്‍ നന്ദികേട് കാണിക്കുകയും, അവര്‍ സുഖം അനുഭവിക്കുകയും ചെയ്യുന്നവരായിത്തീര്‍ന്നു. എന്നാല്‍ വഴിയെ അവര്‍ (കാര്യം) മനസ്സിലാക്കികൊള്ളും. (ഖുർആൻ:29/65-66)

فإذا ركب هؤلاء المشركون السفينة في البحر، فخافوا الغرق والهلاك فيه ( دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ ) يقول: أخلصوا لله عند الشدّة التي نـزلت بهم التوحيد، وأفردوا له الطاعة، وأذعنوا له بالعبودة، ولم يستغيثوا بآلهتهم وأندادهم، ولكن بالله الذي خلقهم

ഈ മുശ്രിക്കുകൾ കടലിൽ കപ്പലിൽ കയറിയാൽ, അതിൽ മുങ്ങി നശിക്കുമെന്ന് ഭയപ്പെട്ടാൽ {കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും} അവർക്ക് പ്രയാസമുണ്ടാകുന്ന സന്ദർഭത്തിൽ അല്ലാഹുവിനെ അവർ ഏകനാക്കും, ഇബാദത്ത് അവന് മാത്രമാക്കും, അടിമത്തം അവന് മാത്രം അവർ അർപ്പിക്കും, (അല്ലാഹുവിനു പുറമെ അവർ വിളിച്ചു പ്രാർത്ഥിക്കുന്ന) അവരുടെ ആരാധ്യന്മാരോടും സമന്മാരോടും അവർ ഇസ്തിഗാസ ചെയ്യുകയില്ല. മറിച്ച് അവരെ സൃഷ്ടിച്ച അല്ലാഹുവിനോട് മാത്രം വിളിച്ച് സഹായം തേടും എന്നാണ് അല്ലാഹു പറയുന്നത്. (تفسير الطبري)

وَإِذَا غَشِيَهُم مَّوْجٌ كَٱلظُّلَلِ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمْ إِلَى ٱلْبَرِّ فَمِنْهُم مُّقْتَصِدٌ ۚ وَمَا يَجْحَدُ بِـَٔايَٰتِنَآ إِلَّا كُلُّ خَتَّارٍ كَفُورٍ

പര്‍വ്വതങ്ങള്‍ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാല്‍ കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനോട് അവര്‍ പ്രാര്‍ത്ഥിക്കുന്നതാണ്‌. എന്നാല്‍ അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തുമ്പോളോ അവരില്‍ ചിലര്‍ മാത്രം മര്യാദ പാലിക്കുന്നവരായിരിക്കും. പരമവഞ്ചകന്‍മാരും നന്ദികെട്ടവരും ആരെല്ലാമോ, അവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയുള്ളൂ. (ഖുർആൻ:31/32)

സമുദ്രയാത്രകൾക്കിടയിൽ കടൽക്ഷോഭമുണ്ടാകുകയും, കുന്നുകൾ കണക്കെ വമ്പിച്ച തിരമാലകളിലകപ്പെടുകയും ചെയ്യുന്ന ആപൽഘട്ടങ്ങൾ വരുമ്പോൾ മുശ്‌രിക്കുകൾ തങ്ങളുടെ ആരാധ്യവസ്തുക്കളായ എല്ലാ ദൈവങ്ങളെയും മറന്നുകളയുന്നു. അല്ലാഹുവിൽമാത്രം ഭയഭക്തി അർപ്പിച്ചുകൊണ്ടു നിഷ്കളങ്ക ഹൃദയത്തോടെ അവനെമാത്രം വിളിച്ചു അവർ രക്ഷക്കുവേണ്ടി പ്രാർത്ഥിക്കും. ആപത്തൊഴിഞ്ഞു കരയിൽ എത്തികഴിഞ്ഞാൽ അവരിൽ ചുരുക്കം ചിലർ മാത്രം ഒരു വിധം മിതമായ നിലക്കാരുണ്ടായിരിക്കും. അഥവാ ശിർക്കിന്റെ പ്രവർത്തനങ്ങൾ പാടെ ഉപേക്ഷിക്കുന്നില്ലെങ്കിലും, അതോടുകൂടി അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും നന്ദിയും കുറച്ചൊക്കെ അവരിൽ അവശേഷിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരാകട്ടെ, തങ്ങൾ ആപൽഘട്ടത്തിൽ അഭയം പ്രാപിക്കയും, തങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനെക്കുറിച്ചു ബോധമോ, ഓർമ്മയോ, നന്ദിയോ ഒന്നുംതന്നെ അവർക്കുണ്ടായിരിക്കയില്ല. ഒട്ടും നന്ദിയില്ലാത്ത തനി നിഷേധികളായ വഞ്ചകരത്രെ ഇവർ. (അമാനി തഫ്സീര്‍)

هُوَ ٱلَّذِى يُسَيِّرُكُمْ فِى ٱلْبَرِّ وَٱلْبَحْرِ ۖ حَتَّىٰٓ إِذَا كُنتُمْ فِى ٱلْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُوا۟ بِهَا جَآءَتْهَا رِيحٌ عَاصِفٌ وَجَآءَهُمُ ٱلْمَوْجُ مِن كُلِّ مَكَانٍ وَظَنُّوٓا۟ أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ لَئِنْ أَنجَيْتَنَا مِنْ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّٰكِرِينَ

അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചാരസൌകര്യം നല്‍കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ് നിമിത്തം യാത്രക്കാരെയും കൊണ്ട് അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ് അവര്‍ക്ക് വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക് വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. (ഖുർആൻ:10/22)

വിഗ്രഹാരാധകരായ ആ മുശ്‌രിക്കുകള്‍ പോലും അത്യാപത്ത്‌ വരുമ്പോള്‍, രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ അല്ലാഹുവിനോടായിരിക്കുമെന്നും, ആ സമയത്ത്‌ മറ്റാരെയും വിളിച്ചു പ്രാര്‍ത്ഥിക്കുകയില്ലെന്നുമാണല്ലോ അല്ലാഹു ഈ വചനത്തില്‍ പ്രസ്‌താവിച്ചത്‌. എന്നാല്‍, മരണപ്പെട്ടവരോ ജീവിച്ചിരിക്കുന്നവരോ ആയ ചില മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന്‌ – പ്രാര്‍ത്ഥന (دعاء) എന്നല്ലാതെ വേറൊരു പേര്‍ പറഞ്ഞുകൊണ്ട്‌- ഇസ്‌ലാമിന്‍റെ അംഗീകാരമുണ്ടെന്ന്‌ കരുതിവശായ ചില മുസ്‌ലിംകളുടെ സ്ഥിതി, ആ മുശ്‌രിക്കുകളെക്കാള്‍ വളരെ ശോചനീയമാണെന്ന്‌ അത്യധികം വ്യസനത്തോടുകൂടി പറയേണ്ടിയിരിക്കുന്നു. കാരണം, സാധാരണഗതിയില്‍ ഇവര്‍ പ്രാര്‍ത്ഥനകള്‍ ചെയ്യാറുളളത്‌ അല്ലാഹുവിനോടായിരിക്കുമെങ്കിലും ആപത്തുകള്‍ നേരിടുമ്പോള്‍, അല്ലാഹുവിനെ വിട്ടേച്ച്‌ ആ മഹാത്മാക്കളെയായിരിക്കും ഇവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുക. ഇതു സംബന്ധിച്ച്‌ അല്ലാമാ ആലൂസീ رحمه الله അദ്ദേഹത്തിന്‍റെ ‘റൂഹുല്‍ മആനീ’ എന്ന തഫ്‌സീറില്‍ പ്രസ്‌താവിച്ച ഒരു പ്രസ്‌താവന ഇവിടെ സ്‌മര്‍ത്തവ്യമത്രെ . അതിന്‍റെ ചുരുക്കം ഇങ്ങിനെ ഉദ്ധരിക്കാം: ‘…….ഏതായാലും, ആ സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകള്‍ അല്ലാഹുവിനെയല്ലാതെ വിളിച്ചു പ്രാര്‍ത്ഥിക്കുകയില്ലെന്നാണ്‌ ഈ ആയത്ത്‌ കാട്ടിത്തരുന്നത്‌. നിനക്കറിയാം: ഇന്നു മനുഷ്യര്‍, അവര്‍ക്ക്‌ കരയിലോ കടലിലോ വെച്ച്‌ വല്ല അപായവും നേരിട്ടാല്‍, ഉപകാരവും ഉപദ്രവവും ചെയ്യാത്തവരും, കാണുകയും കേള്‍ക്കുകയും ചെയ്യാത്തവരുമായ ആളുകളെയാണ്‌ വിളിക്കുകയെന്ന്‌. ചിലര്‍ ഖിദ്ര്‍ عليه السلام, ഇല്‍യാസ്‌ عليه السلام എന്നിവരെയും, ചിലര്‍ വേറെ ചിലരെയും , മറ്റുചിലര്‍ ഏതെങ്കിലും ഇമാമിനെയോ അല്ലെങ്കില്‍ ശൈഖിനെയോ ആയിരിക്കും വിളിക്കുക. അല്ലാഹുവിനോട്‌ ഭക്തി അര്‍പ്പിച്ചുകൊണ്ട്‌ പ്രാര്‍ത്ഥിക്കുന്നവരും, ആ വിചാരം മനസ്സില്‍ തോന്നുന്നവരും കുറവായിരിക്കും. അപ്പോള്‍, ഈ രണ്ടു കൂട്ടരില്‍ ആരാണ്‌ കൂടുതല്‍ നേര്‍മാര്‍ഗികളെന്ന്‌ ആലോചിച്ചുനോക്കുക! അല്ലാഹുവില്‍ ശരണം!’ ഇതേ സാരത്തിലുളള ഒരു പ്രസ്‌താവന അല്ലാമാ ശൗകാനീ رحمه الله അദ്ദേഹത്തിന്‍റെ ‘ഫത്‌ഹുല്‍ ക്വദീറി’ ലും പ്രസ്‌താവിച്ചുകാണാം. എന്നിട്ടദ്ദേഹം പറയുകയാണ്‌: ‘ഈ പൈശാചിക വിശ്വാസം അവരെ എവിടെ എത്തിച്ചുവെന്നും, അവര്‍ എവിടെ എത്തിയെന്നും, ആലോചിച്ചുനോക്കുക!’ (അമാനി തഫ്സീര്‍)

പ്രതിസന്ധിയുടെ ഘട്ടത്തിലെങ്കിലും മക്കയിലെ മുശ്‌രിക്കുകള്‍ തൗഹീദിന്റെ താല്പര്യത്തിലേക്ക് മടങ്ങിയിരുന്നു. ആധുനിക മുശ്രിക്കുകളോ പ്രതിസന്ധിയുടെ ഘട്ടത്തിൽ കൊടിയ ശിര്‍ക്കിലേക്ക് പോകുന്നു.

മക്കാ മുശ്രിക്കുകൾ പോലും പ്രയാസമുണ്ടാകുമ്പോൾ അല്ലാഹുവിനെ വിളിച്ചു തേടിയിട്ടുണ്ടെങ്കിൽ പ്രയാസ ഘട്ടത്തിലും അല്ലാഹു അല്ലാത്തവരെ വിളിക്കുന്നവരുടെ ശിർക്ക് എത്രമാത്രം ഗുരുതരമാണ്. (انظر تفسير ابن عثيمين الأنعام ٤٠،٤١)

രണ്ടാമതായി, മക്കാ മുശ്‌രിക്കുകൾ തങ്ങളുടെ ആരാധ്യന്മാരെ പരിധിവിട്ട് ബഹുമാനിച്ചിരുന്നുവെങ്കിലും പ്രപഞ്ചത്തിന്റെ കൈകാര്യ കർതൃത്വമോ, നിയന്ത്രണാവകാശമോ അവർക്ക്‌ വക വെച്ച്‌ കൊടുത്തിരുന്നില്ല. എന്നാൽ ആധുനിക മുശ്രിക്കുകളാകട്ടെ ലോകം നിയന്ത്രിക്കുന്നത്‌ ചില ഔലിയാക്കളാണെന്ന് വാദിക്കുന്നു.

സൃഷ്ടാവും, ഭക്ഷണം തരുന്നവനും, കാര്യങ്ങൾ നിയന്ത്രിക്കുന്നവനും അല്ലാഹുവാണെന്ന് മക്കാ മുശ്‌രിക്കുകൾ വിശ്വസിച്ചിരുന്നതിന്റെ തെളിവ് കാണുക:

وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്‌) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌? (ഖു൪ആന്‍ : 29/61)

وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌? (ഖു൪ആന്‍ : 43/87)

قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖു൪ആന്‍ : 10/31)

ആകാശത്തു നിന്ന്‌ മഴ തുടങ്ങിയ അനുഗ്രഹങ്ങളും, ഭൂമിയില്‍ നിന്ന്‌ വിള മുതലായ അനുഗ്രഹങ്ങളും വഴി മനുഷ്യര്‍ക്ക്‌ ആഹാരം നല്‍കുന്നവന്‍, കേള്‍വി – കാഴ്‌ച മുതലായ ശക്തികളെ സൃഷ്‌ടിച്ചു കൈകാര്യം നടത്തുന്നവന്‍, ജീവനോ ജീവസ്സോ ഇല്ലാത്ത വസ്‌തുക്കളില്‍ നിന്ന്‌ ജീവനും ജീവസ്സുമുള്ള വസ്‌തുക്കളെയും മറിച്ച്‌ ജീവനുള്ളവയില്‍ നിന്ന്‌ നിര്‍ജ്ജീവ വസ്‌തുക്കളെയും ഉല്‍പാദിപ്പിക്കുന്നവന്‍, ലോക കാര്യങ്ങള്‍ പരിപാടിയിട്ട്‌ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നവന്‍ ഇതെല്ലാം ആരാണെന്ന്‌ ചോദിച്ചാല്‍ മുശ്‌രിക്കുകള്‍ക്കും ഉത്തരം പറയുവാനുള്ളത്‌ ‘അല്ലാഹു’ എന്ന്‌ തന്നെയായിരിക്കും. അതെല്ലാം നടത്തുന്നത്‌ അല്ലാഹുവാണെന്നും, അവരുടെ ആരാധ്യന്‍മാര്‍ അതൊന്നും ചെയ്യുന്നില്ലെന്നും അവര്‍ക്കും ബോധ്യമാണ്‌. എന്നിട്ടും അല്ലാഹുവിനെ വിട്ടേച്ചു ഇതര വസ്‌തുക്കളെ ആരാധ്യരാക്കുകയെന്ന വിരോധാഭാസത്തില്‍ മുഴുകിയ അവരോട്‌ അല്ലാഹു ചോദിക്കുകയാണ്‌: ‘നിങ്ങള്‍ ഒട്ടും സൂക്ഷിക്കുന്നില്ലേ?’ എന്ന്‌. അതായത്‌, നിങ്ങള്‍ നിങ്ങളുടെ ഭാവിയെപ്പറ്റി ഗൗനിക്കുന്നില്ലേ? നിങ്ങള്‍ക്ക്‌ ഇതിന്‌ എന്ത്‌ ന്യായമാണ്‌ പറയുവാനുള്ളത്‌? നിങ്ങള്‍ ബുദ്ധി കൊടുത്തു ആലോചിക്കുന്നില്ലേ? എന്നൊക്കെ. നിങ്ങള്‍ തന്നെ സമ്മതിക്കുന്ന ആ മഹല്‍ ഗുണങ്ങളുടെ ഉടമയായ നിങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാവ്‌ അല്ലാഹു മാത്രമാണ്‌, അവനെ മാത്രമെ നിങ്ങള്‍ ആരാധിക്കാവൂ എന്നാണല്ലോ നിങ്ങളോട്‌ പറയുന്നത്‌. എന്നിട്ടും നിങ്ങളതിന്‌ കൂട്ടാക്കുന്നില്ല. അപ്പോള്‍ നിങ്ങള്‍ ദുര്‍മാര്‍ഗത്തിലാണുള്ളതെന്ന്‌ എനി പറയേണ്ടതില്ലല്ലോ. യഥാര്‍ത്ഥ സ്ഥിതി ഇത്രയും സ്‌പഷ്‌ടമായിരിക്കെ നിങ്ങള്‍ ദുര്‍മാര്‍ഗത്തിലേക്ക്‌ തെറ്റിപ്പോകുന്നത്‌ ആശ്ചര്യം തന്നെ. (അമാനി തഫ്സീര്‍)

മുദബ്ബിറുൽ ആലം (ലോക നിയന്താവ്) അല്ലാഹുവാണെന്നായിരുന്നു മക്കാ മുശ്രിക്കുകളുടെ വിശ്വാസം. وَمَن يُدَبِّرُ ٱلْأَمْرَ (കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌?) എന്ന ചോദ്യത്തിന് ‘അല്ലാഹുവാണ്’ എന്നായിരുന്നല്ലോ അരുടെ മറുപടി (10/31). എന്നാൽ ഇന്ന് ആധുനിക മുശ്രിക്കുകൾ പറയുന്നതോ, മുദബ്ബിറുൽ ആലം (ലോക നിയന്താവ്) സി.എം.മടവൂരാണെന്നാണ്. അതെ, ഈ കൂട്ടർ മക്കാ മുശ്‌രിക്കുകളേക്കാൾ അധഃപതിച്ചിരിക്കുന്നു.

മൂന്നാമതായി, മക്കാ മുശ്‌രിക്കുകൾ സ്വാലിഹീങ്ങളോടാണ് ശുപാർശ്ശക്കും അല്ലാഹുവിലേക്ക്‌ അടുക്കാനും സഹായം തേടിയിരുന്നത്‌. എന്നാൽ ആധുനിക മുശ്രിക്കുകൾ നമസ്കാരമോ നോമ്പോ ഇബാദത്തുകളോ ഒന്നും നിർവ്വഹിക്കാത്തതും, മറ്റുള്ളവരെ നോമ്പ്‌ മുറിപ്പിക്കുകയും ചെയ്തിരുന്ന സി എം മടവൂരിനെ പോലെയുള്ളവരോടോ  ഓച്ചിറക്കാരനോടോ, കടലിലൊലിച്ച്‌ വന്ന ആരാണെന്നറിയാത്ത മയ്യിത്തിനോടോ  ഒക്കെയാണ് സഹായമർത്ഥിക്കുന്നത്‌.

മക്കാ മുശ്രിക്കുകളെ കുറിച്ച് അല്ലാഹു പറയുന്നു:

ﻭَٱﻟَّﺬِﻳﻦَ ٱﺗَّﺨَﺬُﻭا۟ ﻣِﻦ ﺩُﻭﻧِﻪِۦٓ ﺃَﻭْﻟِﻴَﺎٓءَ ﻣَﺎ ﻧَﻌْﺒُﺪُﻫُﻢْ ﺇِﻻَّ ﻟِﻴُﻘَﺮِّﺑُﻮﻧَﺎٓ ﺇِﻟَﻰ ٱﻟﻠَّﻪِ ﺯُﻟْﻔَﻰٰٓ

….അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌……(ഖു൪ആന്‍:39/3)

ﻳَﻌْﺒُﺪُﻭﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ ﻭَﻳَﻘُﻮﻟُﻮﻥَ ﻫَٰٓﺆُﻻَٓءِ ﺷُﻔَﻌَٰٓﺆُﻧَﺎ ﻋِﻨﺪَ ٱﻟﻠَّﻪِ ۚ

അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു. ….(ഖു൪ആന്‍:10/18)

നാലാമതായി, മക്കാ മുശ്‌രിക്കുകളുടെ ശിർക്കിന്റെ ഏറിയ പങ്കും ആരാധന അർഹിക്കുന്നതിലുള്ള അല്ലാഹുവിന്റെ ഏകത്വത്തിലായിരുന്നു. എന്നാൽ ആധുനിക മുശ്രിക്കുകൾ അല്ലാഹുവിന്റെ ആരാധ്യതയുടെ ഏകത്വത്തിലും, നിയന്ത്രണാധികാരത്തിന്റെ ഏകത്വത്തിലും, അവന്‌ മാത്രം അവകാശപ്പെട്ട നാമ ഗുണ വിശേഷണങ്ങളുടെ ഏകത്വത്തിലും പങ്ക്‌ ചേർക്കുന്നു.

അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങളിൽ ആധുനിക മുശ്രിക്കുകൾ പങ്ക് ചേര്‍ത്തതിന്റെ ഒരു ഉദാഹരണം കാണുക:

ഇഷ്ട ദാസന്റെ കണ്ണും കാതും കൈയ്യും കാലും ഞാനാകുമെന്ന് അല്ലാഹും ഖുദ്‌സിയ്യായ ഹദീസിലൂടെ പറഞ്ഞത് നാം നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അല്ലാഹു കേള്‍ക്കുന്നതു പോലെ കേള്‍ക്കുകയും കാണുകയും പ്രവൃത്തിക്കുകയും ചെയ്യുക എന്നാണ് ഇതിന്റെ വിവക്ഷയെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. (സി.എം സ്മരണിക, പേജ്:32)

ക്വുര്‍ആനില്‍ കാണുന്ന ആക്ഷേപങ്ങള്‍, താക്കീതുകള്‍ മുതലായവയെല്ലാം, അന്നത്തെ അതിന്‍റെ എതിരാളികളായിരുന്നവര്‍ക്കു മാത്രം ബാധകമായതാണെന്ന് ആരും ധരിക്കേണ്ടതില്ല. മുശ്‌രിക്ക് (ബഹുദൈവ വിശ്വാസി), കാഫിര്‍ (അവിശ്വാസി), മുനാഫിക്വ് (കപടവിശ്വാസി) എന്നിങ്ങനെയുള്ള അതിലെ പ്രയോഗങ്ങളും, അവരെ സംബന്ധിച്ച പ്രസ്താവനകളും, അക്കാലത്തുണ്ടായിരുന്നവര്‍ക്കെന്ന പോലെ, അതിനു ശേഷം ലോകാവസാനംവരെ ഉണ്ടാകുന്നവര്‍ക്കും ബാധകമാണ്. അല്ലാഹുവിന്‍റെ അവകാശാധികാരങ്ങളിലും, അവന്‍റെ പ്രത്യേക ഗുണഗണങ്ങളിലും ഇതരവസ്തുക്കളെ പങ്കുചേര്‍ക്കുന്നവരെല്ലാം ക്വുര്‍ആന്‍റെ ദൃഷ്ടിയില്‍ മുശ്‌രിക്കുകളാകുന്നു. അങ്ങിനെ പങ്കു ചേര്‍ക്കലും, അതിലേക്കു വഴി തുറക്കലും അതിന്‍റെ ഭാഷയില്‍ ശിര്‍ക്കുമാകുന്നു. അല്ലാഹുവിലും, പരലോകത്തിലും, റസൂലിലും, ക്വുര്‍ആനിലും വിശ്വസിക്കാത്തവരെല്ലാം- അവര്‍ ആസ്തികവാദക്കാരൊ, നാസ്തികവാദക്കാരോ ആയിക്കൊള്ളട്ടെ- അതിന്‍റെ ഭാഷയില്‍ കാഫിറാകുന്നു. പ്രത്യക്ഷത്തില്‍ വിശ്വാസം പ്രകടിപ്പിക്കുന്നുവെങ്കിലും, യഥാര്‍ത്ഥത്തില്‍ അതിനെതിരായ നിലപാടുകള്‍ സ്വീകരിച്ചവര്‍ മുനാഫിക്വുകളുമാണ്. (അമാനി തഫ്സീര്‍ – ആമുഖത്തിൽ നിന്നും)

 

 

kanzululoom.com