പ്രവാചകന്മാരായി നിയോഗിക്കപ്പെടുന്നവര്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ തന്നെയാണ് എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാകാന്‍ വേണ്ടി അവരിലൂടെ അല്ലാഹു പ്രകടമാക്കുന്ന, സാധാരണഗതിയില്‍ മനുഷ്യര്‍ക്ക് പ്രകടമാക്കാന്‍ കഴിയാത്ത ദൃഷ്ടാന്തങ്ങളാണ് മുഅ്ജിസത്തുകള്‍. വ്യത്യസ്തങ്ങളായ മുഅ്ജിസത്തുകളാണ് ഓരോ പ്രവാചകനിലൂടെയും അല്ലാഹു പ്രകടമാക്കിയിട്ടുള്ളത്. മുഹമ്മദ് നബി ﷺ യിലൂടെയും അല്ലാഹു പലവിധത്തിലുള്ള അമാനുഷിക സംഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവയില്‍പെട്ട ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
മറ്റു പ്രവാചകന്മാര്‍ക്ക് ഇമാമായി നമസ്കരിച്ച ഏക പ്രവാചകന്‍
മുഹമ്മദ് നബി ﷺ ക്ക് മുമ്പ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനേകം നബിമാരെ അല്ലാഹു അയച്ചിട്ടുണ്ട്. അവര്‍ക്കാര്‍ക്കും ലഭിക്കാത്ത ഒരു പ്രത്യേകതയാണ് ഇത്. അഥവാ, എല്ലാ നബിമാരും ചേര്‍ന്നുള്ള ഒരു നമസ്കാരത്തില്‍ മുഹമ്മദ് നബി ﷺ ഇമാമായി നിന്ന സംഭവം.
നബി ﷺ യുടെ ജീവിതത്തില്‍ ഉണ്ടായ അത്ഭുതകരമായ ഒരു യാത്രയായിരുന്നു ഇസ്റാഅ്-മിഅ്റാജ്. ധാരാളം മൈലുകള്‍ താണ്ടി പോകേണ്ടുന്നിടത്തേക്ക് വളരെ കുറഞ്ഞ സമയംകൊണ്ട് യാത്ര ചെയ്ത്, അഭൂതപൂര്‍വവും അത്യത്ഭുതകരവുമായ കാര്യങ്ങള്‍ കണ്ട്, തന്‍റെ താമസ സ്ഥലത്തേക്കുതന്നെ തിരിച്ചെത്തിയ അത്ഭുത യാത്രയായിരുന്നു അത്. ഈ അത്ഭുതം മുഹമ്മദ് നബി ﷺ ക്ക് മാത്രം ഉണ്ടായിട്ടുള്ള ഒന്നാണ്.
നബി ﷺ യെ ഉത്തരം മുട്ടിക്കാന്‍ ശത്രുക്കള്‍ ശ്രമിച്ചപ്പോഴെല്ലാം അല്ലാഹുവിന്‍റെ പ്രത്യേകമായ സഹായം ലഭിച്ചിട്ടുണ്ട്. ശത്രുക്കളാല്‍ അപമാനിക്കപ്പെടുന്നതില്‍നിന്നും അല്ലാഹു റസൂലി ﷺ ന് പ്രത്യേകമായ കാവല്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇസ്റാഅ്-മിഅ്റാജ് യാത്രക്ക് ശേഷം ഉണ്ടായ സംഭവത്തെ പറ്റി നബി ﷺ തന്നെ പറയുന്നത് നമുക്ക് ഇപ്രകാരം കാണാം:
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لَقَدْ رَأَيْتُنِي فِي الْحِجْرِ وَقُرَيْشٌ تَسْأَلُنِي عَنْ مَسْرَاىَ فَسَأَلَتْنِي عَنْ أَشْيَاءَ مِنْ بَيْتِ الْمَقْدِسِ لَمْ أُثْبِتْهَا . فَكُرِبْتُ كُرْبَةً مَا كُرِبْتُ مِثْلَهُ قَطُّ قَالَ فَرَفَعَهُ اللَّهُ لِي أَنْظُرُ إِلَيْهِ مَا يَسْأَلُونِي عَنْ شَىْءٍ إِلاَّ أَنْبَأْتُهُمْ بِهِ وَقَدْ رَأَيْتُنِي فِي جَمَاعَةٍ مِنَ الأَنْبِيَاءِ فَإِذَا مُوسَى قَائِمٌ يُصَلِّي فَإِذَا رَجُلٌ ضَرْبٌ جَعْدٌ كَأَنَّهُ مِنْ رِجَالِ شَنُوءَةَ وَإِذَا عِيسَى ابْنُ مَرْيَمَ – عَلَيْهِ السَّلاَمُ – قَائِمٌ يُصَلِّي أَقْرَبُ النَّاسِ بِهِ شَبَهًا عُرْوَةُ بْنُ مَسْعُودٍ الثَّقَفِيُّ وَإِذَا إِبْرَاهِيمُ – عَلَيْهِ السَّلاَمُ – قَائِمٌ يُصَلِّي أَشْبَهُ النَّاسِ بِهِ صَاحِبُكُمْ – يَعْنِي نَفْسَهُ – فَحَانَتِ الصَّلاَةُ فَأَمَمْتُهُمْ فَلَمَّا فَرَغْتُ مِنَ الصَّلاَةِ قَالَ قَائِلٌ يَا مُحَمَّدُ هَذَا مَالِكٌ صَاحِبُ النَّارِ فَسَلِّمْ عَلَيْهِ . فَالْتَفَتُّ إِلَيْهِ فَبَدَأَنِي بِالسَّلاَمِ ” .
അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂല്‍ ﷺ പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ എന്നെ ഹിജ്റില്‍ കാണുകയുണ്ടായി. ക്വുറയ്ശികള്‍ എന്‍റെ യാത്രയെ പറ്റി എന്നോട് ചോദിക്കുന്നുമുണ്ടായിരുന്നു. അങ്ങനെ (ക്വുറയ്ശികള്‍) ബയ്ത്തുല്‍ മുക്വദ്ദസിനെ കുറിച്ചുള്ള ചില കാര്യങ്ങള്‍ എന്നോട് ചോദിച്ചു, ഞാന്‍ അതിനെ പറ്റി സ്ഥൈര്യം ഉള്ളവനായിരുന്നില്ല. അങ്ങനെ ഞാന്‍ ഏറെ വിഷമിക്കപ്പെട്ടു; അതുപോലെ തീരെ ഞാന്‍ വിഷമിക്കപ്പെട്ടിട്ടില്ലായിരുന്നു.’ നബി ﷺ പറഞ്ഞു: ‘അപ്പോള്‍ അല്ലാഹു എനിക്ക് അതിനെ (ബയ്ത്തുല്‍ മുക്വദ്ദസിനെ) ഉയര്‍ത്തി. (അങ്ങനെ) ഞാന്‍ അതിലേക്ക് നോക്കി. അവര്‍ എന്നോട് ഏതൊന്നിനെക്കുറിച്ച് ചോദിച്ചുവോ അതിനെക്കുറിച്ച് ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കാതിരുന്നില്ല. ഞാന്‍ എന്നെ നബിമാരുടെ സംഘത്തില്‍ കാണുകയുണ്ടായി. അപ്പോഴതാ മൂസാ എഴുന്നേറ്റ് നമസ്കാരം നിര്‍വഹിക്കുന്നു. അപ്പോള്‍ അദ്ദേഹം ശനൂഅക്കാരിലെ ഒരാളെ പോലെ ചുരുണ്ട മുടിയുള്ള ഒരാളായിരുന്നു. അപ്പോള്‍ ഈസാൗയും എഴുന്നേറ്റ് നമസ്കരിക്കുന്നുണ്ടായിരുന്നു. ജനങ്ങളില്‍ അദ്ദേഹത്തിന് ഏറ്റവും അടുത്ത സാദൃശ്യം ഉര്‍വതുബ്നു മസ്ഊദ് അസ്സക്വഫിയോടാകുന്നു. അപ്പോള്‍ ഇബ്റാഹീംൗയും നിന്ന് നമസ്കരിക്കുന്നുണ്ടായിരുന്നു. ജനങ്ങളില്‍ അദ്ദേഹത്തോട് സാദൃശ്യം നിങ്ങളുടെ കൂട്ടുകാരനാകുന്നു (നബി ﷺ യെ തന്നെയാണ് ഉദ്ദേശിച്ചത്). അങ്ങനെ നമസ്കാരത്തിന് സമയമായി. അപ്പോള്‍ ഞാന്‍ അവര്‍ക്ക് ഇമാമായി നില്‍ക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ നമസ്കാരത്തില്‍നിന്ന് വിരമിച്ചപ്പോള്‍ പറയുന്ന ഒരാള്‍ (ഇപ്രകാരം) പറഞ്ഞു: ‘ഓ, മുഹമ്മദ്! ഇതാകുന്നു നരകത്തിന്‍റെ ആളായ (കാവല്‍ക്കാരനായ) മാലിക് (എന്ന മലക്ക്). അതിനാല്‍ അദ്ദേഹത്തിന് താങ്കള്‍ സലാം പറയുക. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിലേക്ക് തിരിഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് സലാം കൊണ്ട് തുടങ്ങി” (മുസ്ലിം:172)
ഇസ്റാഅ്-മിഅ്റാജ് യാത്രക്കുശേഷം നബി ﷺ കഅ്ബയുടെ പരിസരത്ത് ഇരിക്കുകയായിരുന്നു. നബി ﷺ ജനങ്ങള്‍ക്ക് സംഭവം വിവരിച്ചുകൊടുക്കുന്നുമുണ്ടായിരുന്നു. യാത്രാവിവരണം കേട്ടപ്പോള്‍ ക്വുറയ്ശികള്‍ യാത്രയുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും അവിടുത്തോട് ചോദിച്ചു. നബി ﷺ ബയ്ത്തുല്‍ മുക്വദ്ദസില്‍ പോയ വിവരം അവരോട് പറഞ്ഞപ്പോള്‍ ബയ്ത്തുല്‍ മുക്വദ്ദസ് കണ്ടവര്‍ക്ക് മാത്രം ഉത്തരം പറയാന്‍ കഴിയുന്ന ചില ചോദ്യങ്ങള്‍ അവര്‍ നബി ﷺ യോട് ചോദിച്ചു. മുഹമ്മദ് കള്ളനാണ് എന്ന് വരുത്താനായിരുന്നു അവര്‍ ഇങ്ങനെയെല്ലാം ചോദിച്ചത്. ജനങ്ങള്‍ക്കിടയില്‍ അപമാനിക്കുവാനും നിന്ദിക്കുവാനുമായിരുന്നു അവരുടെ മോഹം. അതിനായി ബയ്ത്തുല്‍ മുക്വദ്ദസിന്‍റെ വാതിലുകളെ പറ്റിയും മറ്റു കാര്യങ്ങളെ പറ്റിയും അവര്‍ ചോദിച്ചു. ആ സമയത്ത് നബി ﷺ ക്ക് ഉത്തരം പറയാന്‍ വിഷമം ഉണ്ടായിരുന്നു എന്നാണ് അവിടുന്ന് തന്നെ നമുക്ക് പറഞ്ഞുതരുന്നത്. ബയ്ത്തുല്‍ മുക്വദ്ദസ് കാണാത്തതിനാലോ അവിടേക്ക് പോകാത്തതിനാലോ അല്ല നബി ﷺ ക്ക് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കല്‍ പ്രയാസകരമായത്. നാം സ്ഥിരമായി കാണുന്ന ഒരു വസ്തുവാണെങ്കില്‍ പോലും അതിന്‍റെ മുഴുവന്‍ വശങ്ങളെ കുറിച്ചും നമുക്ക് വിവരമുണ്ടായിക്കൊള്ളണമെന്നില്ലല്ലോ.
തന്നെ അപമാനിക്കുവാനും നിന്ദിക്കുവാനും ശത്രുക്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതില്‍ പ്രയാസപ്പെട്ടതിനെ തുടര്‍ന്ന് നബി ﷺ അങ്ങേയറ്റം വിഷമത്തിലായി. ആ സമയത്ത് നബി ﷺ ക്ക് അല്ലാഹു അത് ദൃശ്യമാക്കിക്കൊടുത്തു. എത്രയോ കാതങ്ങള്‍ക്കപ്പുറം സ്ഥിതിചെയ്യുന്ന ആ ഭവനം സമീപത്ത് കാണുകയാണ്. അല്ലാഹു നബി ﷺ ക്ക് പ്രകടമാക്കിയ മുഅ്ജിസത്തായിരുന്നു അത്. അതല്ലാതെ, കാഴ്ചക്ക് പരിധിയോ പരിമിതിയോ ഇല്ലാത്ത ആളായിരുന്നില്ല മുഹമ്മദ് നബി ﷺ . ആ പ്രത്യേകത സ്രഷ്ടാവായ അല്ലാഹുവിന് മാത്രമുള്ളതാണ്.
عَنْ جَابِرَ بْنَ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : لَمَّا كَذَّبَنِي قُرَيْشٌ قُمْتُ فِي الْحِجْرِ، فَجَلاَ اللَّهُ لِي بَيْتَ الْمَقْدِسِ، فَطَفِقْتُ أُخْبِرُهُمْ عَنْ آيَاتِهِ وَأَنَا أَنْظُرُ إِلَيْهِ
ജാബിർ ബ്നു അബ്ദില്ല(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ഖുറൈശികൾ എന്നെ കളവാക്കിയപ്പോൾ ഞാൻ ഹിജ്റിൽ നിന്നു. അല്ലാഹു ബൈത്തുല്‍ മുഖദ്ദസ് എനിക്ക് വെളിവാക്കി തന്നു. ഞാൻ അതിലേക്ക് നോക്കികൊണ്ട് അവിടെയുള്ള ഓരോ അടയാളങ്ങളും അവർക്ക് പറഞ്ഞു കൊടുക്കാൻ തുടങ്ങി. (ബുഖാരി: 3886)
ബയ്ത്തുല്‍ മുക്വദ്ദസ് നബി ﷺ ക്ക് അല്ലാഹു ദൃശ്യമാക്കിയപ്പോള്‍ ശത്രുക്കളുടെ അതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി അവിടുന്ന് മറുപടി നല്‍കി.
അതുപോലെ ആ യാത്രയില്‍ നബി ﷺ ഒരു സംഘം പ്രവാചകന്മാരെ കാണുകയുണ്ടായി. മൂസാ ആ സമയത്ത് നമസ്കരിക്കുന്നുണ്ടായിരുന്നു. മൂസാനബിയുടെ ശാരീരിക അവസ്ഥകള്‍ വരെ നബി ﷺ സ്വഹാബത്തിന് വിവരിച്ചുകൊടുത്തു. ചുരുണ്ട മുടിയുള്ള ശനൂഅക്കാരിലെ ഒരാളെ പോലെയാണ് മൂസാ(അ) എന്നുവരെ അവിടുന്ന് വിവരിച്ചു. ഈസാനബിയെയും ആ അവസരത്തില്‍ നബി ﷺ കാണുകയുണ്ടായി. അദ്ദേഹവും നമസ്കരിക്കുന്നതായാണ് നബി ﷺ കാണുന്നത്. അദ്ദേഹത്തിന്‍റെ രൂപസാദൃശ്യം ഉര്‍വ(റ)യോടാകുന്നു. ഇബ്റാഹീം നബിൗയെയും നബി ﷺ കണ്ടു. അദ്ദേഹവും നമസ്കാരത്തിലായിരുന്നു. അദ്ദേഹത്തിന്‍റെ സാദൃശ്യം തന്നോടാകുന്നു എന്നും അവിടുന്ന് പറഞ്ഞു.
പിന്നീട് നമസ്കാര സമയമായപ്പോൾ എല്ലാ പ്രവാചകന്മാര്‍ക്കും ഇമാമായി അപ്പോള്‍ മുഹമ്മദ് നബി ﷺ യാണ് നിന്നത്. ഇത് അവിടുത്തേക്ക് ലഭിച്ച സ്ഥാനവും മഹത്ത്വവും തന്നെയാണ്. നബി ﷺ ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തുമായിരുന്നു അത്.
ചന്ദ്രന്‍ പിളര്‍ന്ന സംഭവം
നബി ﷺ മദീനയിലേക്ക് ഹിജ്റ പോകുന്നതിനുമുമ്പ് നടന്ന അത്ഭുതകരമായ ഒരു സംഭവായിരുന്നു ഇത്. അവിടുന്ന് ശത്രുക്കളുടെ മുന്നില്‍ അപമാനിതനാകാതിരിക്കാന്‍ അല്ലാഹു പല സന്ദര്‍ഭങ്ങളിലും സഹായിച്ചിട്ടുണ്ട്. ബയ്ത്തുല്‍ മുക്വദ്ദസുമായി ബന്ധപ്പെട്ട കാര്യത്തില്‍ അല്ലാഹുവിന്‍റെ സഹായം കിട്ടിയത് നാം കണ്ടു. ഇവിടെയും അല്ലാഹുവിന്‍റെ സഹായം ഉണ്ടാകുന്നത് നമുക്ക് കാണാം.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ـ رضى الله عنه ـ قَالَ انْشَقَّ الْقَمَرُ عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم شِقَّتَيْنِ فَقَالَ النَّبِيُّ صلى الله عليه وسلم “ اشْهَدُوا ”.
അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ കാലത്ത് ചന്ദ്രന്‍ രണ്ട് കഷ്ണങ്ങളായി പിളരുകയുണ്ടായി. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ സാക്ഷികളാകുവിന്‍. (ബുഖാരി:3636)
രണ്ടായി പിളര്‍ന്ന ചന്ദ്രന്‍റെ ഒരു ഭാഗം ഒരു പര്‍വതത്തിന് മുകളിലും മറ്റൊരു ഭാഗം വേറെ ഒന്നിന്‍റെ മുകളിലും കാണുകയുണ്ടായി എന്നും വേറെ ചില നിവേദനങ്ങളില്‍ കാണാം. . മുകളിലേക്ക് നോക്കുമ്പോള്‍ ഓരോ ഭാഗവും ഓരോ പര്‍വതത്തിനു നേരെ മുകള്‍ഭാഗത്തായി കണ്ടു എന്നതാണ് ഉദ്ദേശിക്കപ്പെടുന്നത്.
ചന്ദ്രന്‍ പിളരുകയോ എന്ന് ചോദിച്ച് ഈ സംഭവത്തെ കളിയാക്കുകയും നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന പലരും ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിന് സാക്ഷ്യം വഹിച്ചവരില്‍തന്നെയും രണ്ട് കക്ഷികളുണ്ടായിരുന്നു; വിശ്വസിച്ചവരും കളിയാക്കിയവരും. നബി ﷺ യില്‍ വിശ്വസിച്ചവര്‍ക്ക് അതില്‍ യാതൊരു അവ്യക്തതയും ഉണ്ടായിരുന്നില്ല. അവര്‍ സംശയം തെല്ലുമില്ലാതെ അത് കാണുകയും വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ അതിന് സാക്ഷികളായവരിലെ സത്യനിഷേധികള്‍ അപ്പോഴും അതിനെ കളവാക്കുകയും തള്ളിക്കളയുകയുമാണ് ചെയ്തത്. ഇതിനെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:
ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ ﴿١﴾ وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ ﴿٢﴾ وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ ﴿٣﴾
ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. (1) ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും. അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു. (ഖുർആൻ:54/1-3)
വിരലുകള്‍ക്കിടയില്‍നിന്നും വെള്ളം
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّهُ قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم وَحَانَتْ صَلاَةُ الْعَصْرِ، فَالْتُمِسَ الْوَضُوءُ فَلَمْ يَجِدُوهُ فَأُتِيَ رَسُولُ اللَّهِ صلى الله عليه وسلم بِوَضُوءٍ، فَوَضَعَ رَسُولُ اللَّهِ صلى الله عليه وسلم يَدَهُ فِي ذَلِكَ الإِنَاءِ، فَأَمَرَ النَّاسَ أَنْ يَتَوَضَّئُوا مِنْهُ، فَرَأَيْتُ الْمَاءَ يَنْبُعُ مِنْ تَحْتِ أَصَابِعِهِ، فَتَوَضَّأَ النَّاسُ حَتَّى تَوَضَّئُوا مِنْ عِنْدِ آخِرِهِمْ.
അനസ്(റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അസ്വ്ര്‍ നമസ്കാര സമയമായപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ നെ കാണുകയുണ്ടായി. അപ്പോള്‍ ജനങ്ങള്‍ വുദൂഅ് ചെയ്യാനുള്ള വെള്ളം അന്വേഷിക്കുന്നുണ്ട്, അങ്ങനെ വുദൂഇനുള്ള പാത്രം റസൂലി ﷺ ന് കൊണ്ടുവരപ്പെട്ടു. അങ്ങനെ റസൂല്‍ ﷺ ആ പാത്രത്തില്‍ തന്‍റെ കൈ വെച്ചു. ജനങ്ങളോട് അതില്‍നിന്ന് വുദൂഅ് ചെയ്യാന്‍ അവിടുന്ന് കല്‍പിക്കുകയും ചെയ്തു.” അനസ്(റ) പറയുന്നു: “അങ്ങനെ അവരിലെ അവസാനത്തെ ആളും വുദൂഅ് ചെയ്യുന്നതുവരെ അവിടുത്തെ വിരലുകളുടെ താഴെനിന്നും വെള്ളം പൊടിയുന്നത് ഞാന്‍ കാണുകയുണ്ടായി. (ബുഖാരി:3573)
നബി ﷺ യും അനുചരന്മാരും ഒരു യാത്രയിലായിരുന്നു. മുന്നൂറോ അതിലധികമോ പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. നമസ്കാരത്തിന്‍റെ സമയമായി. വുദൂഅ് ചെയ്യാന്‍ വെള്ളവുമില്ല. കൈയില്‍ സൂക്ഷിച്ചിരുന്നതെല്ലാം തീരുകയും ചെയ്തു. അവര്‍ പലയിടത്തും വെള്ളം അന്വേഷിച്ചു. വെള്ളം ലഭിച്ചില്ല. ഒരു സ്വഹാബിയുടെ കൈവശം മാത്രം അല്‍പം വെള്ളമുള്ള ഒരു പാത്രമുണ്ടായിരുന്നു. ആ പാത്രം നബി ﷺ യുടെ അടുക്കല്‍ കൊണ്ടുവരപ്പെട്ടു. നബി ﷺ ആ പാത്രത്തില്‍ തന്‍റെ പവിത്രമായ കൈ വെച്ചു. അതോടെ അത്ഭുതം സംഭവിച്ചു.അവിടുത്തെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം പൊട്ടിവരികയായി. ജനങ്ങളോട് അവിടുന്ന് വുദൂഅ് ചെയ്യുവാന്‍ കല്‍പിച്ചു. അവര്‍ എല്ലാവരും ആ പാത്രത്തില്‍നിന്ന് വുദൂഅ് ചെയ്തു.
നബി ﷺ യുടെ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം വന്ന ഈ അമാനുഷിക സംഭവം മൂസാനബി(അ)ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തിനെക്കാള്‍ വമ്പിച്ചതാകുന്നു. മൂസാനബിൗയോട് അല്ലാഹു വെള്ളത്തിനായി കല്ലില്‍ അടിക്കാന്‍ കല്‍പിക്കുകയുണ്ടായി. അങ്ങനെ കല്ലില്‍നിന്ന് ഉറവ പൊട്ടുകയും ചെയ്തു. അതിനെക്കാളും വലിയ ഒരു മുഅ്ജിസത്താണ് നബി ﷺ യിലൂടെ അല്ലാഹു ഇവിടെ പ്രകടമാക്കിയത് എന്ന് ഇമാം മുസ്നി(റഹി) പറയുന്നത് ഇമാം അല്‍അയ്നി(റഹി) ഉംദത്തുല്‍ ക്വാരിയില്‍ ഉദ്ധരിക്കുന്നുണ്ട്. കല്ലില്‍നിന്ന് ഉറവ വരിക എന്നത് പരിചിതമായ കാര്യമാണല്ലോ. എന്നാല്‍ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം വരിക എന്നത് പരിചിതമല്ലാത്ത കാര്യവുമാണ് എന്ന് അദ്ദേഹം അതിന് ന്യായവും പറയുന്നുണ്ട്.
നബി ﷺ യുടെ ഉമിനീരിലും, വിയര്‍പ്പിലും, ശരീരത്തിലും ബറകത്തും ശിഫയും .
നബി ﷺ യുടെ ഉമിനീര്, വിയര്‍പ്പ്, ശരീരം തുടങ്ങിയവയിൽ അല്ലാഹു ബറകത്തും ശിഫയും നിശചയിച്ചു.
عَنْ يَزِيدُ بْنُ أَبِي عُبَيْدٍ، قَالَ رَأَيْتُ أَثَرَ ضَرْبَةٍ فِي سَاقِ سَلَمَةَ، فَقُلْتُ يَا أَبَا مُسْلِمٍ، مَا هَذِهِ الضَّرْبَةُ قَالَ هَذِهِ ضَرْبَةٌ أَصَابَتْنِي يَوْمَ خَيْبَرَ، فَقَالَ النَّاسُ أُصِيبَ سَلَمَةُ. فَأَتَيْتُ النَّبِيَّ صلى الله عليه وسلم فَنَفَثَ فِيهِ ثَلاَثَ نَفَثَاتٍ، فَمَا اشْتَكَيْتُهَا حَتَّى السَّاعَةِ.
യസീദുബ്നു അബീ ഉബൈദ്(റ) വില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: സലമയുടെ കാലിൽ വെട്ട് കൊണ്ട അടയാളം ഞാൻ കണ്ടു. ഞാൻ ചോദിച്ചു: അല്ലയോ അബൂമുസ്ലിം, എന്താണ് ഈ വെട്ട്? അദ്ദേഹം പറഞ്ഞു: ഖൈബർ യുദ്ധ ദിവസം എനിക്ക് ഏറ്റ വെട്ടാണത്. അപ്പോൾ ജനങ്ങൾ വിളിച്ച് പറഞ്ഞു: സലമക്ക് വെട്ടേറ്റിരിക്കുന്നു. അങ്ങനെ ഞാൻ നബി ﷺ യുടെ അടുക്കൽ ചെന്നു. നബി ﷺ അതിൽ മൂന്ന് തവണ ഊതി. ഈ നിമിഷം വരെ പിന്നെ എനിക്ക് പ്രയാസം ഉണ്ടായിട്ടില്ല. (ബുഖാരി:4206)
അനസ് ബ്നു മാലിക്(റ) വില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: നബി ﷺ ഉമ്മുസുലൈമിന്റെ വീട്ടിൽ ചെല്ലാറുണ്ടായിരുന്നു. അവർ അവിടെ ഇല്ലാത്ത സന്ദർഭങ്ങളിൽ നബി ﷺ അവിടെ കിടന്ന് ഉറങ്ങും. ഒരു ദിവസം അവിടെ വരികയും ഉമ്മുസുലൈമിന്റെ വിരിപ്പിൽ കിടന്ന് ഉറങ്ങുകയും ചെയ്തു. ഉമ്മുസുലൈം അവിടെ കയറി വന്നപ്പോൾ നിങ്ങളുടെ വിരിപ്പിൽ നബി ﷺ കിടന്ന് ഉറങ്ങുന്നുണ്ടെന്ന് പറഞ്ഞു. അവർ വന്ന് നോക്കിയപ്പാേൾ നബി ﷺ യുടെ ശരീരത്തിൽ നിന്ന് വിയർപ്പ് ഒഴുകുന്നുണ്ടായിരുന്നു. വിയർപ്പ് തോലിന്റെ വിരിപ്പിൽ ഒരുമിച്ച് കൂടിയതായി കണ്ടു. ഉമ്മുസുലൈം താൻ സുഗന്ധം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ചെറിയ പാത്രം കൊണ്ടുവരികയും അതിലേക്ക് വിയർപ്പ് പിഴിഞ്ഞെടുക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ നബി ﷺ ഞെട്ടിയുണർന്നു. എന്നിട്ട് ചോദിച്ചു: ഉമ്മുസുലൈം നിങ്ങളെന്താണ് ചെയ്യുന്നത്. അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ വിയർപ്പിന്റെ ബറകത്ത് ഞങ്ങളുടെ കുട്ടികൾക്ക് ഉപയോഗിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് ഉമ്മുസുലൈം മറുപടി പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു:നിങ്ങൾ പറഞ്ഞത് ശരിയാണ്. (ബുഖാരി – മുസ്ലിം)
കാറ്റ് കൊണ്ട് സഹായം
കാറ്റ് കൊണ്ട് നബി ﷺ ക്ക് സഹായം നൽകപ്പെട്ടിട്ടുണ്ട്. സ്വബാ എന്നാണ് അതിന് പറയുക.
عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ : نُصِرْتُ بِالصَّبَا، وَأُهْلِكَتْ عَادٌ بِالدَّبُورِ
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി ﷺ പറഞ്ഞു: കാറ്റ് കൊണ്ട് എനിക്ക് സഹായം നൽകപ്പെട്ടിട്ടുണ്ട് (സ്വബാ). ദബ്ബൂർ എന്ന കാറ്റ് കൊണ്ടാണ് ആദ് സമുദായം നശിപ്പിക്കപ്പെട്ടത്. (ബുഖാരി:1035)
ജവാമിഉൽ കലിം നൽകപ്പെട്ടു
അനേകം ആശയം ഉള്‍ക്കൊള്ളുന്ന, ചുരുങ്ങിയ വാക്കുകള്‍ മാത്രമുള്ള സംസാരത്തിനാണ് ‘ജവാമിഉല്‍ കലിം’ എന്ന് പറയുക.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : بُعِثْتُ بِجَوَامِعِ الْكَلِمِ،
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എനിക്ക് ജവാമിഉൽ കലിം നൽകപ്പെട്ടിരിക്കുന്നു. (ബുഖാരി:2977)
ഈത്തപ്പനമുട്ടി തേങ്ങിക്കരഞ്ഞ സംഭവം
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ كَانَ النَّبِيُّ صلى الله عليه وسلم يَخْطُبُ إِلَى جِذْعٍ فَلَمَّا اتَّخَذَ الْمِنْبَرَ تَحَوَّلَ إِلَيْهِ، فَحَنَّ الْجِذْعُ فَأَتَاهُ فَمَسَحَ يَدَهُ عَلَيْهِ.
ഇബ്നു ഉമർ(റ) വില്‍ നിന്ന് നിവേദനം: നബി ﷺ ഒരു (ഈത്തപ്പന) തടിയിലായിരുന്നു ഖുത്വുബ നടത്തിയിരുന്നത്. (അങ്ങനെ) അവിടുന്ന് (മറ്റൊരു) മിമ്പര്‍ സ്വീകരിക്കുകയും അതിലേക്ക് (ഖുത്വുബ) തിരിക്കുകയും ചെയ്തു. അങ്ങനെ (ആ) മരത്തടി തേങ്ങിക്കരയാന്‍ തുടങ്ങി. അപ്പോള്‍ നബി ﷺ അതിന്‍റെ അടുത്ത് ചെല്ലുകയും തന്‍റെ കൈകൊണ്ട് അതില്‍ തടവുകയും ചെയ്തു. (ബുഖാരി:3583)
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَقُومُ يَوْمَ الْجُمُعَةِ إِلَى شَجَرَةٍ أَوْ نَخْلَةٍ، فَقَالَتِ امْرَأَةٌ مِنَ الأَنْصَارِ ـ أَوْ رَجُلٌ ـ يَا رَسُولَ اللَّهِ أَلاَ نَجْعَلُ لَكَ مِنْبَرًا قَالَ ” إِنْ شِئْتُمْ ”. فَجَعَلُوا لَهُ مِنْبَرًا، فَلَمَّا كَانَ يَوْمُ الْجُمُعَةِ دُفِعَ إِلَى الْمِنْبَرِ، فَصَاحَتِ النَّخْلَةُ صِيَاحَ الصَّبِيِّ، ثُمَّ نَزَلَ النَّبِيُّ صلى الله عليه وسلم فَضَمَّهُ إِلَيْهِ تَئِنُّ أَنِينَ الصَّبِيِّ، الَّذِي يُسَكَّنُ، قَالَ ” كَانَتْ تَبْكِي عَلَى مَا كَانَتْ تَسْمَعُ مِنَ الذِّكْرِ عِنْدَهَا ”.
ജാബിര്‍ ഇബ്‌നു അബ്ദുല്ല (റ) പറയുന്നു: ”വെള്ളിയാഴ്ച ദിവസം നബി ﷺ ഒരു ഈത്തപ്പന മരത്തിലേക്ക് അവലംബമര്‍പ്പിച്ചുകൊണ്ടാണ് ഖുത്വുബ പറഞ്ഞിരുന്നത്. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരു സ്ത്രീ (അല്ലെങ്കില്‍ ഒരു പുരുഷന്‍) പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ; ഞങ്ങള്‍ താങ്കള്‍ക്ക് ഒരു മിമ്പര്‍ ഉണ്ടാക്കി തരട്ടെയോ?’ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഉണ്ടാക്കിക്കൊള്ളുക.’ അങ്ങനെ അവര്‍ നബി ﷺ ക്കുവേണ്ടി ഒരു മിമ്പര്‍ ഉണ്ടാക്കി. അടുത്ത വെള്ളിയാഴ്ച വന്നപ്പോള്‍ പുതിയ മിമ്പറിലേക്കാണ് നബി ﷺ നീങ്ങിയത്. അപ്പോള്‍ ആദ്യമുണ്ടായിരുന്ന ഈത്തപ്പനമരം ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ഉടനെ നബി ﷺ മിമ്പറില്‍നിന്നുമിറങ്ങി അതിനെ തന്നിലേക്ക് അണച്ചു പിടിച്ചു. ചെറിയ കുട്ടികള്‍ കരയുന്നതുപോലെ തേങ്ങിക്കരയുകയായിരുന്നു അത്. നബി ﷺ അതിനെ ശാന്തപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘അതിന്റെ അടുത്ത് നിന്നുകൊണ്ട് നിര്‍വഹിക്കുന്ന ഉല്‍ബോധനം കേട്ടുകൊണ്ട് അത് കരയുകയായിരുന്നു’ (ബുഖാരി: 3584).
നബി ﷺ ആദ്യകാലത്ത് ഒരു ഈത്തപ്പനയുടെ മുട്ടിയില്‍ കയറിനിന്നായിരുന്നു ഖുത്വുബ നടത്തിയിരുന്നത്. പിന്നീട് മൂന്ന് പടികളുള്ള ഒരു മിമ്പര്‍ നബി ﷺ ക്ക് വേണ്ടി നിര്‍മിക്കപ്പെട്ടു. അങ്ങനെ പുതിയ മിമ്പര്‍ പള്ളിയില്‍ എത്തിയപ്പോള്‍ പഴയ മിമ്പര്‍ പള്ളിയുടെ ഒരു മൂലയിലേക്ക് മാറ്റി. എന്നിട്ട് പുതിയ മിമ്പറില്‍ ഖുത്വുബ നടത്തുകയാണ് നബി ﷺ . അപ്പോഴതാ ചെറിയകുട്ടി തേങ്ങിക്കരയുന്നതുപോലെ ആ പഴയ മിമ്പര്‍ തേങ്ങിക്കരയുന്നു! ആ ശബ്ദം സ്വഹാബിമാര്‍ കേള്‍ക്കുകയുണ്ടായി എന്ന് മറ്റു റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്. നബി ﷺ ആ കരച്ചില്‍ കേട്ടു. അദ്ദേഹം മിമ്പറില്‍നിന്ന് താഴെയിറങ്ങി. എന്നിട്ട് പഴയ മിമ്പറിന്‍റെ അടുത്തേക്ക് ചെന്നു. അതിനെ തന്നിലേക്ക് അണച്ചുകൂട്ടി. കുട്ടികളെപോലെ കരഞ്ഞിരുന്ന ആ മരത്തടി അതോടെ കരച്ചില്‍ നിര്‍ത്തി.
ഒട്ടകം തേങ്ങിയ സംഭവം
عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ، قَالَ : أَرْدَفَنِي رَسُولُ اللَّهِ صلى الله عليه وسلم خَلْفَهُ ذَاتَ يَوْمٍ فَأَسَرَّ إِلَىَّ حَدِيثًا لاَ أُحَدِّثُ بِهِ أَحَدًا مِنَ النَّاسِ، وَكَانَ أَحَبُّ مَا اسْتَتَرَ بِهِ رَسُولُ اللَّهِ صلى الله عليه وسلم لِحَاجَتِهِ هَدَفًا أَوْ حَائِشَ نَخْلٍ . قَالَ : فَدَخَلَ حَائِطًا لِرَجُلٍ مِنَ الأَنْصَارِ فَإِذَا جَمَلٌ فَلَمَّا رَأَى النَّبِيَّ صلى الله عليه وسلم حَنَّ وَذَرَفَتْ عَيْنَاهُ، فَأَتَاهُ النَّبِيُّ صلى الله عليه وسلم فَمَسَحَ ذِفْرَاهُ فَسَكَتَ، فَقَالَ : ” مَنْ رَبُّ هَذَا الْجَمَلِ، لِمَنْ هَذَا الْجَمَلُ ” . فَجَاءَ فَتًى مِنَ الأَنْصَارِ فَقَالَ : لِي يَا رَسُولَ اللَّهِ . فَقَالَ : ” أَفَلاَ تَتَّقِي اللَّهَ فِي هَذِهِ الْبَهِيمَةِ الَّتِي مَلَّكَكَ اللَّهُ إِيَّاهَا، فَإِنَّهُ شَكَى إِلَىَّ أَنَّكَ تُجِيعُهُ وَتُدْئِبُهُ ” .
അബ്ദുല്ലാഹിബ്നു ജഅ്ഫറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഒരു ദിവസം അല്ലാഹുവിന്‍റെ റസൂല്‍ ﷺ എന്‍റെ പുറകില്‍ (വാഹനപ്പുറത്ത്) ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. അങ്ങനെ എനിക്ക് ഒരു സംഭവം ഏറെ കൗതുകമുള്ളതായി. അത് ഞാന്‍ ഒരാളോടും പറഞ്ഞിട്ടില്ല. നബി ﷺ ആവശ്യനിര്‍വഹണത്തിന് മറസ്വീകരിക്കുന്നതിന് ഉയര്‍ന്നസ്ഥലമോ അല്ലെങ്കില്‍ ഈത്തപ്പന തൈകളോ ഇഷ്ടപ്പെടുമായിരുന്നു.” അബ്ദുല്ലാഹ്(റ) പറയുന്നു: “അങ്ങനെ നബി ﷺ ഒരു അന്‍സ്വാരിയുടെ തോട്ടത്തില്‍ കയറി. അപ്പോഴതാ ഒരു ഒട്ടകം; അത് നബി ﷺ യെ കണ്ടപ്പോള്‍ തേങ്ങിക്കരയുന്നു. അതിന്‍റെ കണ്ണുകള്‍ ഒലിക്കുന്നുമുണ്ട്. അങ്ങനെ നബി ﷺ അതിന്‍റെ അടുത്ത് ചെന്നു. എന്നിട്ട് നബി ﷺ അതിന്‍റെ ചെവിയുടെ അടുത്ത് തടവി. അപ്പോള്‍ അത് (കരച്ചില്‍) അടക്കി. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ആരാണ് ഈ ഒട്ടകത്തിന്‍റെ യജമാനന്‍? ഈ ഒട്ടകം ആരുടെതാണ്?’ അപ്പോള്‍ അന്‍സ്വാരിയായ ഒരു ചെറുപ്പക്കാരന്‍ വന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എന്‍റെതാണ്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു നിനക്ക് ഉടമപ്പെടുത്തിത്തന്ന ഈ മൃഗത്തിന്‍റെ കാര്യത്തില്‍ നിനക്ക് അല്ലാഹുവിനെ സൂക്ഷിച്ചുകൂടേ? കാരണം, നീ അതിനെ പട്ടിണിക്കിടുന്നുണ്ടെന്നും നീ അതിനെ ഭാരിച്ച ജോലി ചെയ്യിച്ച് പ്രയാസപ്പെടുത്തുന്നുണ്ടെന്നും അത് എന്നോട് ആവലാതി ബോധിപ്പിച്ചിരിക്കുന്നു. (അബൂദാവൂദ് : 2549)
മറ്റൊരു സംഭവം കാണുക:
عن جابر بن عبدالله: أقبَلْنا مع رسولِ اللهِ صلّى اللهُ عليه وسلَّمَ من سَفرٍ، حتى إذا دفَعْنا إلى حائطٍ من حيطانِ بَني النَّجّارِ، إذا فيه جَملٌ لا يدخُلُ الحائطَ أحَدٌ إلّا شدَّ عليه، قال: فذَكروا ذلك للنَّبيِّ صلّى اللهُ عليه وسلَّمَ، فجاءَ حتى أتى الحائطَ، فدَعا البَعيرَ، فجاءَ واضعًا مِشفَرَه إلى الأرضِ، حتى برَكَ بيْنَ يدَيْه، قال: فقال النَّبيُّ صلّى اللهُ عليه وسلَّمَ: هاتوا خِطامَه، فخطَمَه، ودفَعَه إلى صاحبِه، قال: ثُم التَفَتَ إلى النّاسِ، قال: إنَّه ليس شيءٌ بيْنَ السَّماءِ والأرضِ إلّا يعلَمُ أنِّي رسولُ اللهِ، إلّا عاصيَ الجِنِّ والإنسِ.
ജാബിറുബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഒരു യാത്രക്ക് മുന്നിട്ടു. അങ്ങനെ ഞങ്ങള്‍ ബനൂനജ്ജാറുകാരുടെ ഒരു തോട്ടത്തിന്‍റെ അടുത്തെത്തുന്നതുവരെ (യാത്ര തുടര്‍ന്നു). അപ്പോഴതാ അതില്‍ ഒരു ഒട്ടകം. ആ തോട്ടത്തില്‍ (ആ ഒട്ടകം കാരണത്താല്‍) ബുദ്ധിമുട്ടിയിട്ടല്ലാതെ ഒരാളും കയറുകയില്ല.” ജാബിര്‍(റ) പറഞ്ഞു: ‘അപ്പോള്‍ അവര്‍ നബി ﷺ യോട് അതിനെപ്പറ്റി പറഞ്ഞു. അങ്ങനെ നബി ﷺ ആ തോട്ടത്തിന്‍റെ അടുത്ത് വന്നു. എന്നിട്ട് ആ ഒട്ടകത്തെ അവിടുന്ന് വിളിച്ചു. അപ്പോള്‍ അത് അതിന്‍റെ ചുണ്ട് നിലത്ത് വെക്കുന്ന അവസ്ഥയിലായി വന്നു. അങ്ങനെ അത് നബി ﷺ യുടെ മുന്നില്‍ മുട്ടുകുത്തി.” ജാബിര്‍(റ) പറയുന്നു: “അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അതിന്‍റെ കടിഞ്ഞാണ്‍ കൊണ്ടുവരൂ.’ അങ്ങനെ നബി ﷺ അതിന് കടിഞ്ഞാണിടുകയും അതിന്‍റെ ഉടമസ്ഥനിലേക്ക് അതിനെ നല്‍കുകയും ചെയ്തു.” ജാബിര്‍(റ) പറഞ്ഞു: “പിന്നീട് നബി ﷺ ജനങ്ങളിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: ‘നിശ്ചയം, ആകാശഭൂമികള്‍ക്കിടയില്‍ അനുസരണക്കേടുകാരായ ജിന്നുകളും മനുഷ്യരുമല്ലാതെ യാതൊന്നും തന്നെ ഞാന്‍ അല്ലാഹുവിന്‍റെ റസൂലാണ് എന്ന് അറിയാത്തതായില്ല” (അഹ്മദ്).
ആ തോട്ടത്തില്‍ ആര് പ്രവേശിക്കുമ്പോഴും അതിന്‍റെ ഉപദ്രവം സഹിക്കേണ്ടിവരുമായിരുന്നു. നബി ﷺ അതിനെ വിളിച്ചു. അപ്പോഴതാ അത് സ്നേഹത്തോടെ ചുണ്ട് നിലത്ത് തട്ടാവുന്ന വിധത്തില്‍ തലതാഴ്ത്തി നബി ﷺ യുടെ അടുത്തേക്ക് വരുന്നു! അങ്ങനെ മുമ്പില്‍ വന്ന് അത് മുട്ടുകുത്തി നിന്നു. നബി ﷺ അതിന് മൂക്കുകയര്‍ ഇടുകയും അതിന്‍റെ ഉടമസ്ഥനെ ഏല്‍പിക്കുകയും ചെയ്തു. ആകാശ ഭൂമികള്‍ക്കിടയില്‍ എല്ലാ വസ്തുക്കളും മുഹമ്മദ് നബി ﷺ അല്ലാഹുവിന്‍റെ പ്രവാചകനാണ് എന്ന് മനസ്സിലാക്കുന്നുണ്ടെന്നും ധിക്കാരികളും അനുസരണം കെട്ടവുമായ മനുഷ്യരും ജിന്നുകളും മാത്രമാണ് ഈ കാര്യം മനസ്സിലാക്കാത്തതെന്നും അവിടുന്ന് പറയുകയുമുണ്ടായി.
മുഹമ്മദ് നബി ﷺ ലോകത്തിന് കാരുണ്യമായിക്കൊണ്ടാണല്ലോ അയക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ മുഴുവന്‍ ജീവികളോടും കാരുണ്യം കാണിച്ച മഹാനായിരുന്നു മുഹമ്മദ് നബി ﷺ . നബി ﷺ യെ മിണ്ടാപ്രാണികള്‍ക്ക് പോലും പരിചയമായിരുന്നു. അതിന് ഈ സംഭവം തെളിവാണ്:
മരങ്ങളിലും പഴങ്ങളിലും നബി ﷺ യുടെ മുഅ്ജിസത്ത് പ്രകടമാകുന്നു
عن عبدالله بن عمر: كنّا مع النَّبيِّ صلّى اللهُ عليه وسلَّم في سَفَرٍ فأقبَل أعرابيٌّ فلمّا دنا منه قال رسولُ اللهِ صلّى اللهُ عليه وسلَّم: أين تُريدُ؟. قال: إلى أهلي قال: هل لك إلى خيرٍ؟. قال: ما هو؟ قال: تشهَدُ أنْ لا إلهَ إلّا اللهُ وحدَه لا شريكَ له وأنَّ محمَّدًا عبدُه ورسولُه. قال: هل مِن شاهدٍ على ما تقولُ؟ قال صلّى اللهُ عليه وسلَّم :هذه السَّمُرَةُ. فدعاها رسولُ اللهِ صلّى اللهُ عليه وسلَّم وهي بشاطئِ الوادي فأقبَلَتْ تخُدُّ الأرضَ خَدًّا حتّى كانت بيْنَ يدَيْهِ فاستشهَدها ثلاثًا فشهِدَتْ أنَّه كما قال ثمَّ رجَعَتْ إلى مَنْبَتِها ورجَع الأعرابيُّ إلى قومِه وقال: إنْ يتَّبِعوني أتَيْتُك بهم وإلّا رجَعْتُ إليك فكُنْتُ معك
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ കൂടെ ഒരു യാത്രയിലായിരുന്നു. അങ്ങനെ ഒരു അഅ്റാബി (ഞങ്ങളുടെ അടുത്തേക്ക്) വന്നു. അദ്ദേഹം അടുത്തെത്തിയപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ ചോദിച്ചു: ‘എവിടേക്കാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?’ അദ്ദേഹം പറഞ്ഞു: ‘എന്‍റെ കുടുംബത്തിലേക്ക്.’ നബി ﷺ ചോദിച്ചു: ‘താങ്കള്‍ക്ക് വല്ല നന്മയും വേണോ?’ അദ്ദേഹം ചോദിച്ചു: ‘അതെന്താണ്?’ നബി ﷺ പറഞ്ഞു: ‘അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും അവന്‍ ഏകനാകുന്നു എന്നും അവന് യാതൊരു പങ്കുകാരനുമില്ലെന്നും തീര്‍ച്ചയായും മുഹമ്മദ് അവന്‍റെ അടിമയും ദൂതനുമാണെന്നും നീ സാക്ഷ്യം വഹിക്കുക.’ അപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘താങ്കള്‍ പറയുന്നതിന് ആരെല്ലാം സാക്ഷ്യം വഹിക്കും.’ നബി ﷺ പറഞ്ഞു: ‘ഈ സലമ (വൃക്ഷം).’ (താഴ്വരകളില്‍ കാണുന്ന ഒരു വൃക്ഷമാണത്). അങ്ങനെ ആ താഴ്വരയിലുണ്ടായിരുന്ന ആ വൃക്ഷത്തെ അല്ലാഹുവിന്‍റെ റസൂല്‍ ﷺ വിളിച്ചു. അപ്പോള്‍ അത് ഭൂമിയിലേക്ക് ചാഞ്ഞുവന്നു. അങ്ങനെ അത് നബി ﷺ യുടെ മുന്നില്‍ വന്നുനിന്നു. അതിനോട് മൂന്നുതവണ സാക്ഷ്യം വഹിക്കാന്‍ നബി ﷺ ആവശ്യപ്പെട്ടു. നബി ﷺ പറഞ്ഞത് പോലെ അത് മൂന്നുതവണ സാക്ഷ്യം വഹിച്ചു. പിന്നീട് അത് വളരുന്ന സ്ഥലത്തേക്ക് തന്നെ മടങ്ങി. അഅ്റാബി തന്‍റെ സമൂഹത്തിലേക്കും മടങ്ങി. അദ്ദേഹം (ഇങ്ങനെ) പറയുകയും ചെയ്തു: ‘അവര്‍ എന്നെ പിന്തുടരുന്നുവെങ്കില്‍ അവരെ(എന്‍റെ സമൂഹത്തെ)യും കൊണ്ട് ഞാന്‍ താങ്കളുടെ അടുത്ത് വരുന്നതാണ്. അല്ലെങ്കില്‍ ഞാന്‍ മടങ്ങി വരികയും നിങ്ങളുടെ കൂടെ ഞാന്‍ ഉണ്ടായിരിക്കുന്നതുമാണ്” (ഇബ്നുഹിബ്ബാൻ)
മറ്റൊരു സംഭവം കാണുക:
عَنْ جَابِرٍ قَالَ : سِرْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم حَتَّى نَزَلْنَا وَادِيًا أَفْيَحَ فَذَهَبَ رَسُولُ اللَّهِ صلى الله عليه وسلم يَقْضِي حَاجَتَهُ فَاتَّبَعْتُهُ بِإِدَاوَةٍ مِنْ مَاءٍ فَنَظَرَ رَسُولُ اللَّهِ صلى الله عليه وسلم فَلَمْ يَرَ شَيْئًا يَسْتَتِرُ بِهِ فَإِذَا شَجَرَتَانِ بِشَاطِئِ الْوَادِي فَانْطَلَقَ رَسُولُ اللَّهِ صلى الله عليه وسلم إِلَى إِحْدَاهُمَا فَأَخَذَ بِغُصْنٍ مِنْ أَغْصَانِهَا فَقَالَ ” انْقَادِي عَلَىَّ بِإِذْنِ اللَّهِ ” . فَانْقَادَتْ مَعَهُ كَالْبَعِيرِ الْمَخْشُوشِ الَّذِي يُصَانِعُ قَائِدَهُ حَتَّى أَتَى الشَّجَرَةَ الأُخْرَى فَأَخَذَ بِغُصْنٍ مِنْ أَغْصَانِهَا فَقَالَ ” انْقَادِي عَلَىَّ بِإِذْنِ اللَّهِ ” . فَانْقَادَتْ مَعَهُ كَذَلِكَ حَتَّى إِذَا كَانَ بِالْمَنْصَفِ مِمَّا بَيْنَهُمَا لأَمَ بَيْنَهُمَا – يَعْنِي جَمَعَهُمَا – فَقَالَ ” الْتَئِمَا عَلَىَّ بِإِذْنِ اللَّهِ ” . فَالْتَأَمَتَا
ജാബിർ(റ) പറയുന്നു: വിശാലമായ ഒരു താഴ്വരയില്‍ ഇറങ്ങുന്നതുവരെ അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ കൂടെ ഞങ്ങള്‍ യാത്ര ചെയ്തു. അങ്ങനെ റസൂല്‍ ﷺ തന്‍റെ ആവശ്യനിര്‍വഹണത്തിനായി പോയി. അപ്പോള്‍ ഞാന്‍ വെള്ളപ്പാത്രവുമായി അവിടുത്തെ അനുഗമിച്ചു. അങ്ങനെ റസൂല്‍ ﷺ (മറ സ്വീകരിക്കാനായി മറ) നോക്കി. എന്നാല്‍ മറ സ്വീകരിക്കാന്‍ യാതൊന്നുംതന്നെ അവിടുന്ന് കണ്ടില്ല. അപ്പോഴതാ താഴ്വരയില്‍ രണ്ട് വൃക്ഷങ്ങള്‍! റസൂല്‍ ﷺ അതില്‍ ഒന്നിന്‍റെ അടുത്തേക്ക് പോയി. എന്നിട്ട് അതില്‍നിന്നും ഒരു കൊമ്പ് പിടിച്ചു; എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ അനുമതി പ്രകാരം നീ എന്‍റെകൂടെ വരിക.’ അങ്ങനെ അത് മൂക്കുകയറിട്ട ഒട്ടകത്തെ പോലെ (അതിനെ തെളിച്ച് കൊണ്ടുപോകുന്നവന്‍ തെളിച്ച് കൊണ്ടുപോകുമ്പോള്‍ പോകുന്നത് പോലെ) അദ്ദേഹത്തിന്‍റെ കൂടെ അത് അനുസരണയോടെ പോകുന്നു. (അങ്ങനെ) മറ്റൊരു മരത്തിന്‍റെ അടുത്തേക്ക് നബി ﷺ ചെന്നു. അതിന്‍റെയും ഒരു കൊമ്പ് പിടിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിന്‍റെ അനുമതി പ്രകാരം നീ എന്‍റെ കൂടെ വരിക.’ അങ്ങനെ അതും അതുപോലെ അദ്ദേഹത്തിന്‍റെ കൂടെ പോകാന്‍ തുടങ്ങി. (അങ്ങനെ അവ) രണ്ടിന്‍റെയും മധ്യത്തില്‍ ആയപ്പോള്‍ (അവയെ) അവയുടെ ഇടയില്‍ ചായ്ച്ചു -അതായത് അവ രണ്ടിനെയും ഒരുമിപ്പിച്ചു; എന്നിട്ട് നബി ﷺ പറഞ്ഞു: ‘അല്ലാഹുവിന്‍റെ അനുമതി പ്രകാരം എന്‍റെമേല്‍ നിങ്ങള്‍ ഇരുവരും ഒന്നിക്കുക. അപ്പോള്‍ അവ രണ്ടും ഒന്നിക്കുകയുണ്ടായി…” (മുസ്ലിം:3006-3014)
മറ്റൊരു സംഭവം കൂടി കാണുക:
عَنِ ابْنِ عَبَّاسٍ، قَالَ جَاءَ أَعْرَابِيٌّ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ بِمَ أَعْرِفُ أَنَّكَ نَبِيٌّ قَالَ ” إِنْ دَعَوْتُ هَذَا الْعِذْقَ مِنْ هَذِهِ النَّخْلَةِ أَتَشْهَدُ أَنِّي رَسُولُ اللَّهِ ” . فَدَعَاهُ رَسُولُ اللَّهِ صلى الله عليه وسلم فَجَعَلَ يَنْزِلُ مِنَ النَّخْلَةِ حَتَّى سَقَطَ إِلَى النَّبِيِّ صلى الله عليه وسلم ثُمَّ قَالَ ” ارْجِعْ ” . فَعَادَ فَأَسْلَمَ الأَعْرَابِيُّ .
ഇബ്നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെ അടുത്തേക്ക് ഒരു അഅ്റാബി വരികയുണ്ടായി. എന്നിട്ട് അയാള്‍ നബി ﷺ യോട് ചോദിച്ചു: ‘താങ്കള്‍ പ്രവാചകനാണെന്ന് ഞാന്‍ എന്തുകൊണ്ടാണ് മനസ്സിലാക്കുക?’ നബി ﷺ ചോദിച്ചു: ‘ഞാന്‍ ഈ ഈത്തപ്പനയില്‍നിന്ന് ഈ ഈത്തപ്പഴക്കുലയെ വിളിച്ചാല്‍ (അത് എന്നിലേക്ക് വന്നാല്‍) ഞാന്‍ അല്ലാഹുവിന്‍റെ റസൂലാണ് എന്ന് നീ സാക്ഷ്യം വഹിക്കുമോ?’ അങ്ങനെ അല്ലാഹുവിന്‍റെ റസൂല്‍ ﷺ അതിനെ വിളിച്ചു. അപ്പോള്‍ അത് ഈത്തപ്പനയില്‍നിന്ന് ഇറങ്ങുന്നതായി. (അങ്ങനെ അത്) നബി ﷺ യുടെ അടുത്തേക്ക് വീഴുന്നതുവരെ(യായി). പിന്നീട് നബി ﷺ പറഞ്ഞു: ‘നീ മടങ്ങിപ്പോകുക.’ അപ്പോള്‍ അത് അവിടേക്ക് തന്നെ മടങ്ങി. അങ്ങനെ ഗ്രാമീണന്‍ മുസ്ലിമാവുകയും ചെയ്തു”(തിര്‍മിദി:49/3988).
പര്‍വതം നബിയോട് അനുസരണം കാണിച്ച സംഭവം
عَنْ أَنَسَ بْنَ مَالِكٍ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم صَعِدَ أُحُدًا وَأَبُو بَكْرٍ وَعُمَرُ وَعُثْمَانُ فَرَجَفَ بِهِمْ فَقَالَ “ اثْبُتْ أُحُدُ فَإِنَّمَا عَلَيْكَ نَبِيٌّ وَصِدِّيقٌ وَشَهِيدَانِ ”.
അനസ് ഇബ്നു മാലികി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “നബി ﷺ ഉഹ്ദ് മലയിലേക്ക് കയറി. കൂടെ അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവര്‍ ഉണ്ടായിരുന്നു. അങ്ങനെ (അത്) അവരെയുംകൊണ്ട് ഒന്നു കുലുങ്ങി. അപ്പോള്‍ നബി ﷺ തന്‍റെ കാലുകൊണ്ട് അതിനെ ഒന്ന് ചവിട്ടി. (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഉഹ്ദ്…! അടങ്ങുക. നിനക്ക് മുകളില്‍ ഒരു പ്രവാചകനും ഒരു സ്വിദ്ദീക്വും രണ്ടു ശഹീദുകളുമല്ലാതെയില്ല”(ബുഖാരി:3675)
ഈ സംഭവത്തില്‍ അല്ലാഹുവിന്‍റെ വഹ്യിന്‍റെ അടിസ്ഥാനത്തില്‍ ഒരു പ്രവചനവും അവിടുന്ന് നടത്തി. നാലുപേരില്‍ ഒന്ന് നബിയാണ്, ഒന്ന് സ്വിദ്ദീക്വും മറ്റു രണ്ടുപേര്‍ അല്ലാവിന്‍റെ മാര്‍ഗത്തിലെ രക്തസാക്ഷികളുമാണ് എന്നായിരുന്നു അവിടുന്ന് ഉഹ്ദിനോട് പറഞ്ഞിരുന്നത്. നബിയും സ്വിദ്ദീക്വും ആരാണ് എന്നത് സ്പഷ്ടമാണല്ലോ. നബി ﷺ എന്ത് പറയുന്നതും അതേപടി വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്തതിനാല്‍ നബി ﷺ തന്നെ അബൂബക്റി(റ)ന് നല്‍കിയ സ്ഥാനപ്പേരായിരുന്നല്ലോ സ്വിദ്ദീക്വ് (സത്യസന്ധന്‍) എന്നത്. അപ്പോള്‍ രണ്ട് ശഹീദുകള്‍ എന്നു പറഞ്ഞത് ഉമറി(റ)നെയും ഉസ്മാനെ(റ)യും പറ്റിയാണ്. അതൊരു പ്രവചനമായിരുന്നു. അത് അപ്രകാരം തന്നെ പുലര്‍ന്നതായാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
പാൽ വര്‍ദ്ധിച്ച സംഭവം
أَنَّ أَبَا هُرَيْرَةَ، كَانَ يَقُولُ آللَّهِ الَّذِي لاَ إِلَهَ إِلاَّ هُوَ إِنْ كُنْتُ لأَعْتَمِدُ بِكَبِدِي عَلَى الأَرْضِ مِنَ الْجُوعِ، وَإِنْ كُنْتُ لأَشُدُّ الْحَجَرَ عَلَى بَطْنِي مِنَ الْجُوعِ، وَلَقَدْ قَعَدْتُ يَوْمًا عَلَى طَرِيقِهِمُ الَّذِي يَخْرُجُونَ مِنْهُ، فَمَرَّ أَبُو بَكْرٍ، فَسَأَلْتُهُ عَنْ آيَةٍ مِنْ كِتَابِ اللَّهِ، مَا سَأَلْتُهُ إِلاَّ لِيُشْبِعَنِي، فَمَرَّ وَلَمْ يَفْعَلْ، ثُمَّ مَرَّ بِي عُمَرُ فَسَأَلْتُهُ عَنْ آيَةٍ مِنْ كِتَابِ اللَّهِ، مَا سَأَلْتُهُ إِلاَّ لِيُشْبِعَنِي، فَمَرَّ فَلَمْ يَفْعَلْ، ثُمَّ مَرَّ بِي أَبُو الْقَاسِمِ صلى الله عليه وسلم فَتَبَسَّمَ حِينَ رَآنِي وَعَرَفَ، مَا فِي نَفْسِي وَمَا فِي وَجْهِي ثُمَّ قَالَ ” أَبَا هِرٍّ ”. قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ. قَالَ ” الْحَقْ ”. وَمَضَى فَتَبِعْتُهُ، فَدَخَلَ فَاسْتَأْذَنَ، فَأَذِنَ لِي، فَدَخَلَ فَوَجَدَ لَبَنًا فِي قَدَحٍ فَقَالَ ” مِنْ أَيْنَ هَذَا اللَّبَنُ ”. قَالُوا أَهْدَاهُ لَكَ فُلاَنٌ أَوْ فُلاَنَةُ. قَالَ ” أَبَا هِرٍّ ”. قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ. قَالَ ” الْحَقْ إِلَى أَهْلِ الصُّفَّةِ فَادْعُهُمْ لِي ”. قَالَ وَأَهْلُ الصُّفَّةِ أَضْيَافُ الإِسْلاَمِ، لاَ يَأْوُونَ إِلَى أَهْلٍ وَلاَ مَالٍ، وَلاَ عَلَى أَحَدٍ، إِذَا أَتَتْهُ صَدَقَةٌ بَعَثَ بِهَا إِلَيْهِمْ، وَلَمْ يَتَنَاوَلْ مِنْهَا شَيْئًا، وَإِذَا أَتَتْهُ هَدِيَّةٌ أَرْسَلَ إِلَيْهِمْ، وَأَصَابَ مِنْهَا وَأَشْرَكَهُمْ فِيهَا، فَسَاءَنِي ذَلِكَ فَقُلْتُ وَمَا هَذَا اللَّبَنُ فِي أَهْلِ الصُّفَّةِ كُنْتُ أَحَقُّ أَنَا أَنْ أُصِيبَ مِنْ هَذَا اللَّبَنِ شَرْبَةً أَتَقَوَّى بِهَا، فَإِذَا جَاءَ أَمَرَنِي فَكُنْتُ أَنَا أُعْطِيهِمْ، وَمَا عَسَى أَنْ يَبْلُغَنِي مِنْ هَذَا اللَّبَنِ، وَلَمْ يَكُنْ مِنْ طَاعَةِ اللَّهِ وَطَاعَةِ رَسُولِهِ صلى الله عليه وسلم بُدٌّ، فَأَتَيْتُهُمْ فَدَعَوْتُهُمْ فَأَقْبَلُوا، فَاسْتَأْذَنُوا فَأَذِنَ لَهُمْ، وَأَخَذُوا مَجَالِسَهُمْ مِنَ الْبَيْتِ قَالَ ” يَا أَبَا هِرٍّ ”. قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ. قَالَ ” خُذْ فَأَعْطِهِمْ ”. قَالَ فَأَخَذْتُ الْقَدَحَ فَجَعَلْتُ أُعْطِيهِ الرَّجُلَ فَيَشْرَبُ حَتَّى يَرْوَى، ثُمَّ يَرُدُّ عَلَىَّ الْقَدَحَ، فَأُعْطِيهِ الرَّجُلَ فَيَشْرَبُ حَتَّى يَرْوَى، ثُمَّ يَرُدُّ عَلَىَّ الْقَدَحَ فَيَشْرَبُ حَتَّى يَرْوَى، ثُمَّ يَرُدُّ عَلَىَّ الْقَدَحَ، حَتَّى انْتَهَيْتُ إِلَى النَّبِيِّ صلى الله عليه وسلم وَقَدْ رَوِيَ الْقَوْمُ كُلُّهُمْ، فَأَخَذَ الْقَدَحَ فَوَضَعَهُ عَلَى يَدِهِ فَنَظَرَ إِلَىَّ فَتَبَسَّمَ فَقَالَ ” أَبَا هِرٍّ ”. قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ. قَالَ ” بَقِيتُ أَنَا وَأَنْتَ ”. قُلْتُ صَدَقْتَ يَا رَسُولَ اللَّهِ. قَالَ ” اقْعُدْ فَاشْرَبْ ”. فَقَعَدْتُ فَشَرِبْتُ. فَقَالَ ” اشْرَبْ ”. فَشَرِبْتُ، فَمَا زَالَ يَقُولُ ” اشْرَبْ ”. حَتَّى قُلْتُ لاَ وَالَّذِي بَعَثَكَ بِالْحَقِّ، مَا أَجِدُ لَهُ مَسْلَكًا. قَالَ ” فَأَرِنِي ”. فَأَعْطَيْتُهُ الْقَدَحَ فَحَمِدَ اللَّهَ وَسَمَّى، وَشَرِبَ الْفَضْلَةَ.
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അല്ലാഹുവാണെ സത്യം, ആരാധനക്ക് അർഹൻ അവനല്ലാതെ മറ്റാരുമില്ല. വിശപ്പിന്റെ കാഠിന്യത്താൽ വയറ് നിലത്തേക്ക് ചേർത്ത് ഞാൻ കിടക്കാറുണ്ടായിരുന്നു. വിശപ്പിന്റെ കാഠിന്യത്താൽ എന്റെ വയറ്റത്ത് ഞാൻ കല്ല് വെച്ച് കെട്ടാറുണ്ടായിരുന്നു. ആളുകൾ നടന്ന് പോകുന്ന വഴിയിൽ ഒരു ദിവസം ഞാൻ ഇരുന്നു. ആ സന്ദർഭത്തിൽ അബൂബക്കർ(റ) അതിലൂടെ നടന്നുവന്നു. വിശുദ്ധ ഖുർആനിലെ ആയത്ത് അവതരിച്ചിട്ടുണ്ടോ? എന്ന് ഞാൻ ചോദിച്ചു. എനിക്ക് വിശപ്പടക്കാൻ അദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും കിട്ടാൻവേണ്ടി മാത്രമായിരുന്നു ഞാൻ അത് ചോദിച്ചത്. പക്ഷേ അദ്ദേഹം മുന്നോട്ട പോയി. ശേഷം ഉമർ(റ) അതുവഴി വന്നു. അതേ ചോദ്യം ഞാൻ ഉമറിനോടും(റ) ആവർത്തിച്ചു. എന്റെ ലക്ഷ്യം വിശപ്പ് മാറ്റൽ തന്നെയായിരുന്നു. പക്ഷേ ഉമറും ഒന്നും ചെയ്യാതെ മുന്നോട്ട് പോയി. ശേഷം എന്റെ അടുക്കലൂടെ മുഹമ്മദ് നബി ﷺ കടന്നുവന്നു. എന്നെ കണ്ടപ്പോൾ അവിടുന്ന് പുഞ്ചിരിച്ചു. അല്ലയോ അബൂഹിർറ് എന്ന് നബി എന്നെ വിളിച്ചു. ഞാൻ ആ വിളിക്ക് ഉത്തരം കൊടുത്തു. നബി ﷺ പറഞ്ഞു: എന്റെ കൂടെ പോരൂ. അങ്ങനെ ഞാൻ നബി ﷺ യുടെ കൂടെ ചെന്നു. നബി ﷺ വീട്ടിലേക്ക് പ്രവേശിച്ചു. പിറകിൽ നിന്ന് ഞാനും അനുവാദം ചോദിച്ചു. എനിക്ക് അകത്ത് കടക്കുവാനുള്ള അനുവാദം നൽകി. നബി ﷺ അവിടെ ഒരു പാലിന്റെ പാത്രം കണ്ടു. ഈ പാൽ എവിടെ നിന്നാണെന്ന് തന്റെ വീട്ടുകാരോട് ചോദിച്ചപ്പോൾ അത് ഇന്ന വ്യക്തി നമുക്ക് സമ്മാനമായി കൊണ്ടുതന്നതാണെന്ന് പറഞ്ഞു. നബി ﷺ അബൂഹുറൈറയോട് പറഞ്ഞു: അല്ലയോ അബൂഹിർറ്, നീ ചെന്ന് എല്ലാ അഹ്ലുസ്സുഫ്ഫയോടും ഇങ്ങോട്ട് വരാൻ പറയുക. ഇസ്ലാമിന്റെ അതിഥികളാണ് അഹ്ലുസ്സുഫ്ഫ. അഭയം തേടാൻ കുടുംബമോ സമ്പത്തോ അവർക്കില്ല. നബി ﷺ യുടെ അടുക്കലേക്ക് സക്കാത്തിന്റെ സമ്പത്തായി വല്ലതും വന്നാൽ അതിൽ നിന്നും ഒന്നും എടുക്കാതെ സുഫ്ഫക്കാർക്ക് അയച്ചുകൊടുക്കും. എന്നാൽ ഹദ്യയായി വല്ലതും വന്നാൽ അതിൽ നിന്ന് അൽപ്പം എടുക്കുകയും ബാക്കി അയച്ചുകൊടുക്കുകയും ചെയ്യും. (ഇപ്പോൾ അവരെ വിളിച്ചുകൊണ്ടു വരാൻ പറഞ്ഞത്) എനിക്കൽപ്പം പ്രയാസമുണ്ടാക്കി. ഈ അൽപ്പം പാൽ കൊണ്ട് എന്ത് ചെയ്യാനാണ് അവർക്കിടയിൽ എന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയല്ലാതെ മറ്റ് മാർഗമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ അവരിലേക്ക് ചെല്ലുകയും അവകെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ അവർ വന്നു. അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു. നബി ﷺ പറഞ്ഞു: അല്ലയോ അബൂഹിർറ്, നീ പാൽ പാത്രം എടുത്ത് അവർക്ക് കൊടുക്കുക. ഞാൻ പാൽപ്പാത്രം എടുത്ത് കൊടുക്കാൻ തുടങ്ങി ഒരു വ്യക്തിക്ക് കൊടുത്താൽ ആ വ്യക്തി തന്റെ വയറ് നിറയുവോളം കുടിക്കും. അദ്ദേഹം പാൽ പാത്രം മടക്കി തന്നാൽ ഞാൻ അത് അടുത്ത് ആൾക്ക് കൊടുക്കും. അങ്ങനെ ഞാൻ പാൽപാത്രവുമായി അല്ലാഹുവിന്റെ റസൂൽ ﷺ വരെയെത്തി. എല്ലാവരും പാൽ കുടിച്ച് വയറ് നിറച്ച് കഴിഞ്ഞിരുന്നു. അപ്പോൾ നബി ﷺ പാൽപാത്രം വാങ്ങുകയും അത് തന്റെ കൈകളിൽ വെക്കുകയും ചെയ്തു. എന്നിട്ട് ആകാശത്തേക്ക് നോക്കി പുഞ്ചിരിച്ചു. നബി ﷺ എന്നെ വിളിച്ചു: അല്ലയോ അബൂഹിർറ് . ഞാൻ ആ വിളിക്ക് ഉത്തരം കൊടുത്തു (ലബ്ബൈക യാ റസൂലല്ലാഹ്) . നബി ﷺ പറഞ്ഞു: ഇരിക്കൂ, പാൽ കുടിക്കൂ, അങ്ങനെ ഞാൻ ഇരിക്കുകയും പാൽ കുടിക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: കുടിച്ചോളൂ, ഞാൻ കുടിച്ച് കൊണ്ടേയിരുന്നു. നബി ﷺ എന്നോട് കുടിക്കാനും പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം ഞാൻ പറഞ്ഞു: ഇനി സ്ഥലമില്ല റസൂലേ, അപ്പോൾ നബി ﷺ പാൽപാത്രം വാങ്ങി. അല്ലാഹുവിനെ സ്തുതിച്ചു. ശേഷം ബിസ്മി ചൊല്ലുകയും നബി ﷺ പാൽകുടിക്കുകയും ചെയ്തു. (ബുഖാരി:6452)
ഭക്ഷണം വര്‍ദ്ധിച്ച സംഭവം
عَنْ جَابِرَ بْنَ عَبْدِ اللَّهِ قَالَ لَمَّا حُفِرَ الْخَنْدَقُ رَأَيْتُ بِرَسُولِ اللَّهِ صلى الله عليه وسلم خَمَصًا فَانْكَفَأْتُ إِلَى امْرَأَتِي فَقُلْتُ لَهَا هَلْ عِنْدَكِ شَىْءٌ فَإِنِّي رَأَيْتُ بِرَسُولِ اللَّهِ صلى الله عليه وسلم خَمَصًا شَدِيدًا . فَأَخْرَجَتْ لِي جِرَابًا فِيهِ صَاعٌ مِنْ شَعِيرٍ وَلَنَا بُهَيْمَةٌ دَاجِنٌ – قَالَ – فَذَبَحْتُهَا وَطَحَنَتْ فَفَرَغَتْ إِلَى فَرَاغِي فَقَطَّعْتُهَا فِي بُرْمَتِهَا ثُمَّ وَلَّيْتُ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَتْ لاَ تَفْضَحْنِي بِرَسُولِ اللَّهِ صلى الله عليه وسلم وَمَنْ مَعَهُ – قَالَ – فَجِئْتُهُ فَسَارَرْتُهُ فَقُلْتُ يَا رَسُولَ اللَّهِ إِنَّا قَدْ ذَبَحْنَا بُهَيْمَةً لَنَا وَطَحَنَتْ صَاعًا مِنْ شَعِيرٍ كَانَ عِنْدَنَا فَتَعَالَ أَنْتَ فِي نَفَرٍ مَعَكَ . فَصَاحَ رَسُولُ اللَّهِ صلى الله عليه وسلم وَقَالَ ” يَا أَهْلَ الْخَنْدَقِ إِنَّ جَابِرًا قَدْ صَنَعَ لَكُمْ سُورًا فَحَيَّهَلاَ بِكُمْ ” . وَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” لاَ تُنْزِلُنَّ بُرْمَتَكُمْ وَلاَ تَخْبِزُنَّ عَجِينَتَكُمْ حَتَّى أَجِيءَ ” . فَجِئْتُ وَجَاءَ رَسُولُ اللَّهِ صلى الله عليه وسلم يَقْدُمُ النَّاسَ حَتَّى جِئْتُ امْرَأَتِي فَقَالَتْ بِكَ وَبِكَ . فَقُلْتُ قَدْ فَعَلْتُ الَّذِي قُلْتِ لِي . فَأَخْرَجْتُ لَهُ عَجِينَتَنَا فَبَصَقَ فِيهَا وَبَارَكَ ثُمَّ عَمَدَ إِلَى بُرْمَتِنَا فَبَصَقَ فِيهَا وَبَارَكَ ثُمَّ قَالَ ” ادْعِي خَابِزَةً فَلْتَخْبِزْ مَعَكِ وَاقْدَحِي مِنْ بُرْمَتِكُمْ وَلاَ تُنْزِلُوهَا ” . وَهُمْ أَلْفٌ فَأُقْسِمُ بِاللَّهِ لأَكَلُوا حَتَّى تَرَكُوهُ وَانْحَرَفُوا وَإِنَّ بُرْمَتَنَا لَتَغِطُّ كَمَا هِيَ وَإِنَّ عَجِينَتَنَا – أَوْ كَمَا قَالَ الضَّحَّاكُ – لَتُخْبَزُ كَمَا هُوَ .
ജാബിര്‍ ഇബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “കിടങ്ങ് (ഖന്തക്വ്) കുഴിക്കപ്പെട്ടപ്പോള്‍ ഞാന്‍ അല്ലാഹുവിന്‍റെ പ്രവാചകനെ (വിശപ്പിനാല്‍) വയറ് ഒട്ടിയനിലയില്‍ കാണുകയുണ്ടായി. അപ്പോള്‍ ഞാന്‍ എന്‍റെ ഭാര്യയുടെ അടുത്തേക്ക് തിരിച്ചുപോയി. എന്നിട്ട് ഞാന്‍ അവളോട് ചോദിച്ചു: ‘നിന്‍റെ അടുക്കല്‍ വല്ലതും ഉണ്ടോ? കാരണം ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ നെ അങ്ങേയറ്റം വയറ് ഒട്ടിയ രൂപത്തില്‍ കാണുകയുണ്ടായി.’ അപ്പോള്‍ അവള്‍ എനിക്കുവേണ്ടി ഒരു തോല്‍പാത്രം പുറത്തെടുത്തു. അതില്‍ ഒരു സ്വാഅ് ബാര്‍ലി ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് മേഘനിറമുള്ള ഒരു ചെറിയ മൃഗം (ആട്ടിന്‍ കുട്ടി) ഉണ്ടായിരുന്നു.” അദ്ദേഹം (ജാബിര്‍) പറയുന്നു: “അങ്ങനെ ഞാന്‍ അതിനെ അറുക്കുകയും അവള്‍ (ബാര്‍ലി) പൊടിക്കുകയും (അത് തയ്യാറാക്കുകയും) ചെയ്തു. എന്നിട്ട് അവള്‍ എന്നിലേക്ക് ഒഴിവായി. അങ്ങനെ ഞാന്‍ അത് ഒരു കല്‍ചട്ടിയില്‍ കൊത്തിമുറിച്ചു (പാചകം ചെയ്തു). പിന്നീട് ഞാന്‍ അല്ലാഹുവിന്‍റെ റസൂലി ﷺ ലേക്ക് ഞാന്‍ (അതുമായി) തിരിഞ്ഞു. അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലി ﷺ ന്‍റെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരുടെയും അടുത്ത് എന്നെ നിങ്ങള്‍ വഷളാക്കരുതേ.’ (കുറച്ച് ഭക്ഷണവും കുറെ പേരുമുണ്ടല്ലോ). അദ്ദേഹം പറയുന്നു: “അങ്ങനെ ഞാന്‍ നബി ﷺ യുടെ അടുത്ത് ചെന്നു, ഇക്കാര്യം ഞാന്‍ അദ്ദേഹത്തോട് സ്വകാര്യമാക്കി. എന്നിട്ട് ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന ഒരു ചെറിയമൃഗത്തെ ഞങ്ങള്‍ അറുക്കുകയും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ഒരു സ്വാഅ് ബാര്‍ലി പൊടിച്ച് മാവ് കൂട്ടിവെക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അങ്ങും കൂടെയുള്ളവരിലെ കുറച്ചുപേരും വന്നാലും.’ അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ ഉറക്കെ വിളിച്ചു (പറഞ്ഞു): ‘ഓ കിടങ്ങിന്‍റെ ആളുകളേ, ജാബിര്‍ നിങ്ങള്‍ക്കായി ഒരു ഭക്ഷണം ഉണ്ടാക്കിയിരിക്കുന്നു. അതിനാല്‍ വരുവിന്‍.’ അല്ലാഹുവിന്‍റെ റസൂല്‍ ﷺ (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഞാന്‍ വരുന്നതുവരെ കലം അടുപ്പത്തുനിന്ന് ഇറക്കിവെക്കുകയോ നിങ്ങളുടെ കുഴച്ചമാവ് എടുക്കുകയോ ചെയ്യരുത്.’ അങ്ങനെ ഞാന്‍ (വീട്ടില്‍) വന്നു. അല്ലാഹുവിന്‍റെ റസൂല്‍ ﷺ ജനങ്ങളുമായി മുന്നോട്ടുവന്നു. ഞാന്‍ എന്‍റെ ഭാര്യയുടെ അടുത്ത് ചെന്നു. അപ്പോള്‍ അവള്‍ പറഞ്ഞു: ‘നിങ്ങള്‍!’ (ഇങ്ങനെയെല്ലാം ചെയ്തല്ലോ). അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘നീ പറഞ്ഞതുപ്രകാരം തന്നെയാണ് ചെയ്തത്.’ അങ്ങനെ ഞാന്‍ ആ മാവ് അവിടുത്തേക്ക് വേണ്ടി എടുത്തു. അങ്ങനെ നബി ﷺ അതില്‍ അല്‍പം ഉമിനീര്‍ പുരട്ടുകയും ബറകതിന് വേണ്ടി അവിടുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നീട് ഇറച്ചിയുടെ കലത്തിന്‍റെ അടുത്തേക്ക് അവിടുന്ന് വന്നു. അങ്ങനെ അതിലും അവിടുന്ന് അല്‍പം ഉമിനീര്‍ പുരട്ടുകയും ബറകതിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നീട് അവിടുന്ന് (ജാബിറി(റ)ന്‍റെ ഭാര്യയോട്) പറഞ്ഞു: ‘റൊട്ടിയുണ്ടാക്കുന്ന ഒരു പെണ്ണിനെ കൂടി വിളിക്കുക. അവളും നിങ്ങളുടെ കൂടെ റൊട്ടിയുണ്ടാക്കട്ടെ. നിങ്ങള്‍ നിങ്ങളുടെ കല്‍ചട്ടിയില്‍നിന്ന് കറി വിളമ്പുകയും ചെയ്യുക. ആ കലം (അടുപ്പത്തുനിന്ന്) ഇറക്കാതിരിക്കുകയും ചെയ്യുക.’ അവര്‍ ആയിരം പേരുണ്ടായിരുന്നു. ഞാന്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യംചെയ്ത് പറയുകയാണ്; അവര്‍ എല്ലാവരും ഭക്ഷിച്ചു. അങ്ങനെ അവര്‍ അത് ബാക്കിയാക്കി. (ശേഷം) അവര്‍ (അതില്‍ നിന്ന്) പിന്മാറുകയും ചെയ്തു. അപ്പോഴും ഞങ്ങളുടെ കലം, അത് എങ്ങനെയായിരുന്നോ അതുപോലെ തിളച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ മാവ് എങ്ങനെയായിരുന്നോ അതുപോലെ റൊട്ടിയുണ്ടാക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.” (മുസ്ലിം:2039).
ഖന്തക്വ് യുദ്ധത്തിനുമുമ്പ് നബി ﷺ യും സ്വഹാബിമാരും കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കുകയായിരുന് നു. ജാബിര്‍(റ) വിശപ്പിന്‍റെ കാഠിന്യത്താല്‍ ഒട്ടിപ്പിടിച്ച വയറുമായി നബി ﷺ യെ കാണുകയുണ്ടായി. ഇത് കണ്ടപ്പോള്‍ അദ്ദേഹം വിഷമിച്ചു. നേരെ വീട്ടിലേക്ക് പോയി. ഭാര്യയോട് കാര്യം പറയുന്നു. വീട്ടില്‍ വല്ലതുമു ണ്ടോ എന്ന് ചോദിക്കുന്നു. അവിടെ ഉണ്ടായിരുന്ന അല്‍പം ബാര്‍ലി അവര്‍ കാണിച്ചുകൊടുത്തു. അത് പൊടിച്ച് മാവുണ്ടാക്കാനായി ജാബിര്‍(റ) ഭാര്യയോട് കല്‍പിച്ചു. അദ്ദേഹം അവര്‍ക്കുണ്ടായിരുന്ന ഒരു ചെറിയ ആട്ടിന്‍കുട്ടിയെ അറുത്തു. അതെല്ലാം വെട്ടിമുറിച്ച് അടുപ്പത്തുവെച്ചു. അങ്ങനെ അദ്ദേഹം നബി ﷺ യെ വിളിക്കാനായി തിരിയുമ്പോള്‍ ഭാര്യ പറയുന്നു: ‘കുറച്ച് ഭക്ഷണയേമുള്ളൂ. എല്ലാവരെയും വിളിച്ചാല്‍ തികയാതെ വരും. നമ്മള്‍ വഷളാകും. അതിനാല്‍ ശ്രദ്ധിക്കണം.’ ജാബിര്‍(റ) നബി ﷺ യുടെ അടുത്ത് ചെന്നു. വളരെ സ്വകാര്യമായി ഭാര്യ പറഞ്ഞതുപ്രകാരം ചെയ്തു. നബിയോടും കുറച്ച് പേരോടും അവിടേക്ക് ചെല്ലാന്‍ പറഞ്ഞു. നബി ﷺ വിവരം അറിഞ്ഞപ്പോള്‍ സന്തോഷവാനായി. ഉറക്കെ എല്ലാവരെയും വിളിച്ച് കാര്യം പറഞ്ഞു. പിന്നെ നടന്നതെന്തെന്ന് നാം മുകളില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാക്കി. ആയിരം പേരടങ്ങുന്ന ആ സംഘത്തിലെ എല്ലാവരും വിശപ്പുമാറുംവരെ ആഹരിച്ചു. എന്നിട്ടും ബാക്കിയായി. മാവ് എത്ര റൊട്ടിയുണ്ടാക്കിയിട്ടും അളവില്‍ കുറയാതെ കിടക്കുന്നു!
കാരക്ക വര്‍ദ്ധിച്ച സംഭവം
عَنْ جَابِرٍ، قَالَ تُوُفِّيَ عَبْدُ اللَّهِ بْنُ عَمْرِو بْنِ حَرَامٍ – قَالَ – وَتَرَكَ دَيْنًا فَاسْتَشْفَعْتُ بِرَسُولِ اللَّهِ صلى الله عليه وسلم عَلَى غُرَمَائِهِ أَنْ يَضَعُوا مِنْ دَيْنِهِ شَيْئًا فَطَلَبَ إِلَيْهِمْ فَأَبَوْا فَقَالَ لِي النَّبِيُّ صلى الله عليه وسلم ” اذْهَبْ فَصَنِّفْ تَمْرَكَ أَصْنَافًا الْعَجْوَةَ عَلَى حِدَةٍ وَعَذْقَ ابْنِ زَيْدٍ عَلَى حِدَةٍ وَأَصْنَافَهُ ثُمَّ ابْعَثْ إِلَىَّ ”. قَالَ فَفَعَلْتُ فَجَاءَ رَسُولُ اللَّهِ صلى الله عليه وسلم فَجَلَسَ فِي أَعْلاَهُ أَوْ فِي أَوْسَطِهِ ثُمَّ قَالَ ” كِلْ لِلْقَوْمِ ”. قَالَ فَكِلْتُ لَهُمْ حَتَّى أَوْفَيْتُهُمْ ثُمَّ بَقِيَ تَمْرِي كَأَنْ لَمْ يَنْقُصْ مِنْهُ شَىْءٌ.
ജാബിര്‍ ഇബ്നു അബ്ദില്ലാഹി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “അബ്ദുല്ലാഹിബ്നു അംറുബ്നു ഹറാമ്(റ) അദ്ദേഹത്തിന് കടബാധ്യതയുണ്ടായിരിക്കെ മരണപ്പെട്ടു. അദ്ദേഹത്തെ കടത്തില്‍നിന്ന് ഒഴിവാക്കാന്‍, കടംനല്‍കിയവരോട് അതില്‍നിന്ന് ഇളവ് നല്‍കാന്‍ വേണ്ടി ഞാന്‍ നബി ﷺ നോട് സഹായം ആവശ്യപ്പെട്ടു. അങ്ങനെ നബി ﷺ അവരോട് അന്വേഷിച്ചു. അവര്‍ അത് ചെയ്തില്ല. അങ്ങനെ എന്നോട് നബി ﷺ പറഞ്ഞു: ‘നീ പോകുക. എന്നിട്ട് നിന്‍റെ ഈത്തപ്പഴമെല്ലാം തരംതിരിക്കുകയും ചെയ്യുക. അജ്വ വേറെ, അദ്ക്വ സയ്ദ് വേറെ വെക്കുക. പിന്നീട് അത് എന്‍റെ അടുത്തേക്ക് കൊണ്ടുവരണം.’ അങ്ങനെ ഞാന്‍ അപ്രകാരം ചെയ്തു. പിന്നീട് ഞാന്‍ അത് നബി ﷺ യിലേക്ക് അയച്ചു. അങ്ങനെ അവിടുന്ന് വന്നു. എന്നിട്ട് അവിടുന്ന് അതിന് മുകളില്‍ ഇരുന്നു, അല്ലെങ്കില്‍ അതിന്‍റെ മധ്യത്തില്‍. പിന്നീട് പറഞ്ഞു: ‘എല്ലാവര്‍ക്കും അളന്നുകൊടുക്കുക.’ അങ്ങനെ ഞാന്‍ അവര്‍ക്ക് അളന്നുനല്‍കി. അവര്‍ക്കുള്ളത് എല്ലാം പൂര്‍ണമായി(നല്‍കുന്നത്)വരെ (ഞാന്‍ അത് നല്‍കി). അപ്പോഴും എന്‍റെ ഈത്തപ്പഴം ബാക്കിയായിരുന്നു. അതില്‍നിന്ന് യാതൊന്നും കുറവുവരാത്തത് പോല” (നസാഇ: 3638)
നബി ﷺ ക്കെതിരില്‍ ആക്ഷേപങ്ങളും കളവുകളും കെട്ടിയുണ്ടാക്കി അദ്ദേഹത്തെ അപഹസിക്കാന്‍ ശ്രമിച്ചവന് അല്ലാഹു നല്‍കിയ നിന്ദ്യത ചരിത്രപ്രസിദ്ധമാണ്. അവന്‍ മരണപ്പെട്ടപ്പോള്‍ ഭൂമി പോലും അവനെ പുറംതള്ളുന്ന സാഹചര്യമാണ് ഉണ്ടായത് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
عَنْ أَنَسٍ ـ رضى الله عنه ـ قَالَ كَانَ رَجُلٌ نَصْرَانِيًّا فَأَسْلَمَ وَقَرَأَ الْبَقَرَةَ وَآلَ عِمْرَانَ، فَكَانَ يَكْتُبُ لِلنَّبِيِّ صلى الله عليه وسلم، فَعَادَ نَصْرَانِيًّا فَكَانَ يَقُولُ مَا يَدْرِي مُحَمَّدٌ إِلاَّ مَا كَتَبْتُ لَهُ، فَأَمَاتَهُ اللَّهُ فَدَفَنُوهُ، فَأَصْبَحَ وَقَدْ لَفَظَتْهُ الأَرْضُ فَقَالُوا هَذَا فِعْلُ مُحَمَّدٍ وَأَصْحَابِهِ، لَمَّا هَرَبَ مِنْهُمْ نَبَشُوا عَنْ صَاحِبِنَا. فَأَلْقُوهُ فَحَفَرُوا لَهُ فَأَعْمَقُوا، فَأَصْبَحَ وَقَدْ لَفَظَتْهُ الأَرْضُ، فَقَالُوا هَذَا فِعْلُ مُحَمَّدٍ وَأَصْحَابِهِ نَبَشُوا عَنْ صَاحِبِنَا لَمَّا هَرَبَ مِنْهُمْ. فَأَلْقَوْهُ فَحَفَرُوا لَهُ، وَأَعْمَقُوا لَهُ فِي الأَرْضِ مَا اسْتَطَاعُوا، فَأَصْبَحَ قَدْ لَفَظَتْهُ الأَرْضُ، فَعَلِمُوا أَنَّهُ لَيْسَ مِنَ النَّاسِ فَأَلْقَوْهُ.
അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “ഒരു ക്രിസ്ത്യാനിയായ മനുഷ്യന്‍ ഉണ്ടായിരുന്നു. അയാള്‍ ഇസ്ലാം സ്വീകരിച്ചു. അയാള്‍ അല്‍ബക്വറയും ആലുഇംറാനും (ക്വുര്‍ആനിലെ രണ്ട് അധ്യായങ്ങള്‍) പാരായണം ചെയ്തിരുന്നു. അങ്ങനെ അയാള്‍ നബി ﷺ യുടെ (വഹ്യ്) എഴുത്തുകാരനായി. എന്നാല്‍ അയാള്‍ (വീണ്ടും) ക്രിസ്ത്യാനിയായി മടങ്ങി. അങ്ങനെ അയാള്‍ പറയുകയും ചെയ്തു: ‘മുഹമ്മദിന്, ഞാന്‍ അദ്ദേഹത്തിനു വേണ്ടി എഴുതിയതല്ലാതെ അറിയുകയില്ല.’ അങ്ങനെ അല്ലാഹു അവനെ മരിപ്പിച്ചു. അവനെ അവര്‍ മറമാടുകയും ചെയ്തു. എന്നാല്‍ ഭൂമി അവനെ (പുറത്തേക്ക്) തുപ്പി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഇവന്‍ അവരെ പരാജയപ്പെടുത്തിയതിനാല്‍ ഇത് മുഹമ്മദിന്‍റെയും അവന്‍റെ അനുചരന്മാരുടെയും ചെയ്തിയാണ്. അവര്‍ നമ്മുടെ കൂട്ടുകാരനെ കുഴിച്ച് മാന്തി പുറത്തെടുക്കുകയാണ് ചെയ്തത്.’ അങ്ങനെ അവര്‍ അവനുവേണ്ടി ആഴത്തിലൊരു കുഴിയുണ്ടാക്കി. (പിന്നെയും) ഭൂമി അവനെ (പുറത്തേക്ക്) തുപ്പി. അപ്പോഴും അവര്‍ പറഞ്ഞു: ‘ഇത് മുഹമ്മദിന്‍റെയും അവന്‍റെ അനുചരന്മാരുടെയും ചെയ്തിയാണ്. അവരെ പരാജയപ്പെടുത്തിയതിനാല്‍ നമ്മുടെ സഹോദരനെ അവര്‍ കുഴിച്ച് പുറത്തെടുത്തിട്ടിരിക്കുന്നു.’ അങ്ങനെ അവര്‍ അവനുവേണ്ടി അവര്‍ക്ക് കഴിയുംവിധം ഭൂമിയില്‍ ആഴത്തില്‍ ഒരു കുഴിയെടുത്തു. എന്നിട്ടും ഭൂമി അവനെ പുറത്തേക്ക് തുപ്പി. അങ്ങനെ അവര്‍ മനസ്സിലാക്കി: തീര്‍ച്ചയായും (ഇത് ചെയ്തത്) മനുഷ്യരല്ല. അങ്ങനെ അവര്‍ അവനെ (അവിടെ ഉപേക്ഷിച്ചു) ഇട്ടുകളഞ്ഞു” (ബുഖാരി:3617)
പ്രവാചകന്മാരിലൂടെ അല്ലാഹു പ്രകടമാക്കുന്ന ദൃഷ്ടാന്തങ്ങള്‍ പ്രവാചകന്മാരുടെ കഴിവല്ല. അത് പ്രകടമാക്കാന്‍ അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ എന്തെങ്കിലും മാനുഷികമായ പ്രവൃത്തി ചെയ്യാന്‍ കല്‍പിക്കും. നബിമാര്‍ അതുപ്രകാരം ചെയ്യും. ശേഷം ആ പ്രവാചകന്മാരിലൂടെ പ്രകടമാകുന്നതെല്ലാം അല്ലാഹുവാണ് ചെയ്യുന്നത്. അത് ഒരു നബിയുടെയും കഴിവില്‍ പെട്ടതല്ല.
അത്ഭുതകരമായ ഈ സംഭവങ്ങളൊക്കെ അല്ലാഹു നബി ﷺ യിലൂടെ പ്രകടമാക്കിയ മുഅ്ജിസതുകളായിരുന്നു. ഇതെല്ലാം നബി ﷺ ക്ക് ഇഷ്ടാനുസരണം ചെയ്യാന്‍ കഴിയുന്നതായിരുന്നില്ല. ഭക്ഷണം വര്‍ദ്ധിച്ച സംഭവം വിശദീകരിച്ചുവല്ലോ. താന്‍ ഇച്ഛിക്കുമ്പോഴെല്ലാം ഭക്ഷണം വര്‍ധിപ്പിക്കാനുള്ള കഴിവ് നബി ﷺ ക്ക് ഇല്ല. ഉണ്ടായിരുന്നെങ്കില്‍ നബി ﷺ ക്കും കുടുംബത്തിനും മാസങ്ങളോളും പച്ചവെള്ളവും കാരക്കയും തിന്ന് ജീവിക്കേണ്ടിവരില്ലായിരുന്നു. അവിടുത്തെ കാലശേഷവും അനുയായികള്‍ക്ക് ദാരിദ്ര്യം ഉണ്ടായിരുന്നു. അവരാരും വഫാത്തായ റസൂലി ﷺ നോട് ചോദിച്ചതുമില്ല. അത് നബി ﷺ യിലൂടെ പ്രകടമാക്കിയ അല്ലാഹുവിനോടാണ് അവര്‍ തേടിയിരുന്നത്. ഇതെല്ലാം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ പ്രവാചകനിലൂടെ പ്രകടമാക്കുന്ന അമാനുഷികമായ സംഭവങ്ങളാണ് എന്നതാണ് നാം മനസ്സിലാക്കേണ്ടത്.
ഈ സത്യം മനസ്സിലാക്കാത്ത ചിലര്‍ പ്രവാചകനോട് സങ്കടം പറയുകയും അവിടുത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് കാണാം.സ്വഹാബിമാര്‍ വിശ്വസിച്ചത് പോലെ നബിയെക്കുറിച്ച് വിശ്വസിച്ചെങ്കിലേ നമ്മുടെ വിശ്വാസം ശരിയാവുകയുള്ളൂ. ക്വുര്‍ആന്‍ കാര്യം നമ്മെ ഉണര്‍ത്തിയത് കാണുക:
ﻓَﺈِﻥْ ءَاﻣَﻨُﻮا۟ ﺑِﻤِﺜْﻞِ ﻣَﺎٓ ءَاﻣَﻨﺘُﻢ ﺑِﻪِۦ ﻓَﻘَﺪِ ٱﻫْﺘَﺪَﻭا۟ ۖ
നിങ്ങള്‍ (സ്വഹാബികള്‍) ഈ വിശ്വസിച്ചത് പോലെ അവരും (വേദക്കാ൪) വിശ്വസിച്ചാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. (ഖു൪ആന്‍:2/137)
kanzululoom.com