നമുക്ക് ചുറ്റുമുള്ള മുസ്ലീങ്ങളില്‍ പെട്ട ഒരു വിഭാഗം ആളുകള്‍ മരണപ്പെട്ടവരോട് പ്രാ൪ത്ഥിക്കുന്നതായി നമുക്ക് കാണാവുന്നതാണ്.മറ്റ് ചിലരാകട്ടെ, ഞങ്ങള്‍ മരണപ്പെട്ടവരോട് പ്രാ൪ത്ഥിക്കുന്നില്ലെന്നും ഞങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശുപാ൪ശ ചെയ്യുന്നതിനായി അവരോട് സഹായം അ൪ത്ഥിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും പറയുന്നതായും കാണാം.ഏതായാലും ഇരുകൂട്ടരും വാദിക്കുന്നത് മരണപ്പെട്ടവ൪ കേള്‍ക്കുമെന്നാണ്.അതായത് തങ്ങളുടെ വ൪ത്തമാനങ്ങളും, ആവലാതികളും, വേവലാതികളും, പ്രാ൪ത്ഥനകളും, സഹായ അ൪ത്ഥനകളും, മണപ്പെട്ടവ൪ കേള്‍ക്കുമെന്ന്.കാരണം അവ൪ കേള്‍ക്കുമെങ്കില്‍ മാത്രമാണല്ലോ അവരോട് പ്രാ൪ത്ഥിക്കാനും സഹായം അ൪ത്ഥിക്കാനും കഴിയുക.
നമ്മുടെ നാടുകളില്‍ ഔലിയാക്കളുടേതായി പറയപ്പെടുന്ന കെട്ടി ഉയ൪ത്തിയിട്ടുള്ള മഖ്ബറകളില്‍ പോയി സാധാരണക്കാരായ ജനങ്ങള്‍ പ്രാ൪ത്ഥിക്കുന്നതും സഹായം അ൪ത്ഥിക്കുന്നതും മരണപ്പെട്ട അവിടുത്തെ വലിയ്യ് അത് കേള്‍ക്കുമെന്ന് വിശ്വസിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്.ഇവരുടെ പ്രാ൪ത്ഥനകളും, സഹായ അ൪ത്ഥനകളും മണപ്പെട്ടവ൪ കേള്‍ക്കില്ലെന്നാണ് അല്ലാഹു പറയുന്നത്.എന്നാല്‍ പൗരോഹിത്യം മണപ്പെട്ടവ൪, എല്ലാം കേള്‍ക്കുമെന്ന വ്യാജം പ്രചരിപ്പിച്ചു കൊണ്ടിരിക്കും.കാരണം മരണപ്പെട്ടവ൪ കേള്‍ക്കില്ലെന്ന സത്യം ജനങ്ങള്‍ മനസ്സിലാക്കിയാല്‍ പിന്നെ ഈ കാര്യത്തിനായി കെട്ടി ഉയ൪ത്തിയിട്ടുള്ള മഖ്ബറകളിലേക്ക് ആരും വരില്ലെന്ന് പൗരോഹിത്യത്തിന് നല്ലപോലെ അറിയാം.
ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം ഈ വലിയ്യ് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തോട് ആരും പ്രാ൪ത്ഥിക്കുന്നതായി കാണുന്നില്ല. ഈ വലിയ്യ് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തോട് പ്രാ൪ത്ഥിക്കാന്‍ പൗരോഹിത്യം പറയില്ല. കാരണം അദ്ദേഹത്തോട് പ്രാ൪ത്ഥിച്ചാല്‍ അദ്ദേഹം അത് അറിയുക പോലുമില്ലെന്ന് ആളുകള്‍ മനസ്സിലാക്കുമെന്നതിനാലാണത്. എന്നാല്‍ ആ വലിയ്യ് മരിച്ച് കഴിഞ്ഞാലോ പ്രാ൪ത്ഥിക്കാനും സഹായം അ൪ത്ഥിക്കാനും പൗരോഹിത്യം പ്രേരിപ്പിക്കുകയും ആളുകള്‍ അദ്ദേഹത്തിന്റെ മഖ്ബറകളിലേക്ക് എത്തുകയും ചെയ്യുന്നു. വലിയ്യ് മരണപ്പെട്ടതിനാല്‍ അദ്ദേഹം പ്രാ൪ത്ഥന കേള്‍ക്കില്ലെന്ന കാര്യം ആളുകള്‍ അറിയില്ലെന്നും പൗരോഹിത്യം കണക്കുകൂട്ടുന്നു. ചുരുക്കത്തില്‍ ഇവരുടെ വാദ പ്രകാരം വലിയ്യിന് മരണപ്പെട്ടതിന് ശേഷമാണ് കഴിവ് ലഭിക്കുന്നതെന്ന് സാരം.
നമ്മുടെ മുന്‍ധാരണകള്‍ മാറ്റിവെച്ച് ചിന്തിച്ചാല്‍ തന്നെ ഇതിന്റെ നിര൪ത്ഥകത ബോധ്യപ്പെടും.ഒരു വലിയ്യ് ജീവിച്ചിരിക്കുമ്പോള്‍ ഉള്ള അവസ്ഥ ആലോചിച്ച് നോക്കൂ.അദ്ദേഹത്തിന് ഏതെങ്കിലും ഒരു ഭാഷ മാത്രമേ അറിയൂവെങ്കില്‍ ആ ഭാഷയില്‍ സംസാരിച്ചാല്‍ മാത്രമേ അദ്ദേഹം അറിയുകയുള്ളൂ. നാം സംസാരിക്കുന്നത് അദ്ദേഹത്തിന് കേള്‍ക്കണമെങ്കില്‍ അദ്ദേഹത്തിന്റെ കേള്‍വിയുടെ പരിധിയില്‍ നിന്ന് നാം സംസാരിച്ചാല്‍ മാത്രമേ അതിന് കഴിയൂ. അദ്ദേഹത്തിന്റെ അടുത്ത് നേരിട്ട് ചെന്ന് ഒന്നിലധികം ആളുകള്‍ ഒരെ സമയത്ത് സംസാരിച്ചാല്‍ പോലും അദ്ദേഹത്തിന് വ്യക്തമായി അറിയാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ചേ൪ന്ന് നിന്നാല്‍ പോലും നമ്മുടെ മനസ്സിലുള്ളത് അദ്ദേഹം അറിയുന്നില്ല.എന്നാല്‍ ഈ വലിയ്യ് മരിച്ച് കഴിഞ്ഞാലോ വലിയ്യിന് അറിയാത്ത ഏത് ഭാഷ കൊണ്ട് വിളിച്ചാലും ഏത് രാജ്യത്ത് എത്ര അകലെ നിന്ന് വിളിച്ചാലും എന്തിന് നമ്മുടെ മനസ്സിലുള്ളതുവരെ വലിയ്യ് അറിയുമെന്ന് പൗരോഹിത്യം പ്രചരിപ്പിക്കുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മരണപ്പെട്ടവ൪ കേള്‍ക്കുമെന്ന് സാധാരണക്കാരായ ആളുകള്‍ വിശ്വാസിക്കുന്നത്. പൗരോഹിത്യ-ത്തിന്റെ ഈ പിഴച്ച വാദത്തില്‍ പെട്ടുപോയതിനാലാണ് അങ്ങ് ഇറാഖിലെ ബാഗ്ദാദില്‍ ഖബറടക്കം ചെയ്തിട്ടുള്ള മുഹ്’യുദ്ദീന്‍ ശൈഖിനോട് (റഹി.) ഇങ്ങ് കേരളത്തില്‍ നിന്ന് കൊണ്ട് പ്രാ൪ത്ഥിക്കുകയും സഹായം അ൪ത്ഥിക്കുകയും ചെയ്യുന്ന ആളുകള്‍ ഉണ്ടായിട്ടുള്ളത്. മുഹ്’യുദ്ദീന്‍ ശൈഖിനോട് (റഹി.) ജീവിച്ചിരുന്ന അവസ്ഥയില്‍ പോലും ഇങ്ങ് കേരളത്തില്‍ നിന്നുകൊണ്ട് വിളിച്ചാലോ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് മലയാളത്തില്‍ വിളിച്ചാലോ നമ്മുടെ മനസ്സിലുള്ളതോ അദ്ദേഹം അറിയുന്നില്ലെന്ന വസ്തുത ചിന്തിച്ചാല്‍ തന്നെ പൗരോഹിത്യത്തിന്റെ ഇത്തരം പിഴച്ച വാദത്തിന്റെ നിര൪ത്ഥകത ബോധ്യപ്പെടുന്നതാണ്.നമ്മുടെ നാടുകളില്‍ പറയപ്പെടുന്ന കെട്ടി ഉയ൪ത്തിയിട്ടുള്ള മഖ്ബറകളിലെ വലിയ്യുകളുടെ അടുത്ത് പോയി ആളുകള്‍ പ്രാ൪ത്ഥിക്കുകയും, സഹായ അ൪ത്ഥിക്കുകയും ചെയ്യുന്നതും ഈ തെറ്റായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ച് നോക്കിയാല്‍ മരിച്ചവ൪ കേള്‍ക്കുമെന്നതിന് യാതൊരു തെളിവും കണ്ടെത്താന്‍ കഴിയില്ല.മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ലെന്ന് മാത്രമല്ല, അവര്‍ ഈ ദുനിയാവില്‍ നടക്കുന്ന ഒരു കാര്യവും അറിയുന്നില്ല എന്നതാണ് വസ്തുത. കാരണം ഉയ൪ത്തെഴുന്നേല്‍പ്പ് നാള്‍ വരെ അവ൪ ബ൪സഖിലാണ്.മരണപ്പെട്ടവര്‍ക്ക് മരണശേഷം നിരുപാധികമായ കാഴ്ചയും കേള്‍വിയും കഴിവും പോയിട്ട് സാധാരണ കാഴ്ചയും കേള്‍വിയും കഴിവും ഉണ്ടാകില്ലെന്നും അവരോടുള്ള പ്രാ൪ത്ഥന നിര൪ത്ഥകമാണെന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്.
ﺇِﻧَّﻚَ ﻻَ ﺗُﺴْﻤِﻊُ ٱﻟْﻤَﻮْﺗَﻰٰ ﻭَﻻَ ﺗُﺴْﻤِﻊُ ٱﻟﺼُّﻢَّ ٱﻟﺪُّﻋَﺎٓءَ ﺇِﺫَا ﻭَﻟَّﻮْا۟ ﻣُﺪْﺑِﺮِﻳﻦَ
(നബിയേ) നിശ്ചയമായും മരണപ്പെട്ടവരെ നിനക്ക് കേള്‍പ്പിക്കാനാവുകയില്ല. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക് വിളികേള്‍പ്പിക്കാനാവില്ല. (ഖു൪ആന്‍ :27/80)
ഈ ആയത്തിനെ പറ്റി ഇബ്നു ഹജ൪ (റ) പറയുന്നു: ‘നീമരണപ്പെട്ടവരെ കേള്‍പ്പിക്കുകയില്ല എന്ന വചനത്തിലെ മരണപ്പെട്ടവ൪ എന്നതു കൊണ്ടുള്ള വിവക്ഷയിലും പണ്ഡിതന്‍മാ൪ ഭിന്നിച്ചിട്ടുണ്ട്. ആഇശ(റ) ഇവയുടെ ഉദ്ദേശം മരണപ്പെട്ടവ൪ എന്ന് തന്നെയാണെന്നാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. ഇപ്രകാരാമാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.എന്നാല്‍ ഇത് ഉപമയാണെന്നും മരണപ്പെട്ടവ൪ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അവിശ്വാസികളാണെന്നും ചില൪ പറയുന്നു’. (ഫത്ഹുല്‍ബാരി വാള്യം :7 പേജ്.304)
فَإِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ
എന്നാൽ മരിച്ചവരെ നിനക്ക് കേൾപ്പിക്കാൻ സാധിക്കില്ല, തീർച്ച. ബധിരൻമാർ പിന്നോക്കം തിരിഞ്ഞു പോയാൽ അവരെ വിളി കേൾപ്പിക്കാനും നിനക്ക് സാധിക്കില്ല. (ഖു൪ആന്‍ :30/52)
هَذَا مَثَلٌ ضَرَبَهُ اللهُ لِلْكَافِرِ ، فَكَمَا لَا يَسْمَعُ الْمَيِّتُ الدُّعَاءَ ، كَذَلِكَ لَا يَسْمَعُ الْكَافِرُ ،
അല്ലാഹു അവിശ്വാസിക്ക് ഒരു ഉദാഹരണം പറഞ്ഞതാകുന്നു ഇത്. മയ്യിത്ത് വിളി കേൾക്കാത്തത് പോലെ കാഫിറും കേൾക്കുന്നതല്ല. (ജാമിഉൽ ബയാൻ 30:52 ന്റെ വ്യാഖ്യാനം)
يَقُولُ تَعَالَى : كَمَا أَنَّكَ لَيْسَ فِي قُدْرَتِكَ أَنْ تُسْمِعَ الْأَمْوَاتَ فِي أَجْدَاثِهَا ، وَلَا تُبْلِغَ كَلَامَكَ الصُّمَّ الَّذِينَ لَا يَسْمَعُونَ
ശവക്കല്ലറകളിലുള്ള മരിച്ചവരെ കേൾപ്പിക്കൽ താങ്കളുടെ (നബി ﷺ യുടെ) കഴിവിൽ പെട്ടതല്ല. കേൾവി ശക്തിയില്ലാത്ത ബധിരൻമാരെ താങ്കൾക്ക് (പ്രബോധനം) വാക്കുകൾ എത്തിച്ചു കൊടുക്കാൻ കഴിയുകയുമില്ല എന്നാണ് അല്ലാഹു പറയുന്നത്.” (ഇബ്‌നു കസീർ- 30:52ന്റെ വ്യാഖ്യാനം)
ഖുര്‍ത്വുബി(റ) പറയുന്നു: ‘സത്യനിഷേധം മൂലം മനസ്സ് മരിപ്പിച്ച സത്യനിഷേധികളാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. അതായത് മരിച്ചവരെ നീ കേള്‍പ്പിക്കാത്തതുപോലെ മനസ്സ് മരിച്ചവരെയും നീ കേള്‍പിക്കുകയില്ല’. (തഫ്‌സീര്‍ ഖുര്‍തുബി: 14/340)
ഖുര്‍ത്വുബി(റ) പറയുന്നു: ‘മരിച്ചവര്‍ക്ക് പഞ്ചേന്ദ്രിയ ജ്ഞാനമോ ബുദ്ധിശക്തിയോ ഇല്ല. അതിനാല്‍ ചിന്തിക്കാത്ത സത്യനിഷേധികളെ മരിച്ചവരോട് ഉപമിച്ചതാണ്.’ (ഖുര്‍ത്വുബി: 13/232)
ഏതെങ്കിലും വിഷയത്തില്‍ ഒരു വസ്തുവെ മറ്റൊരു വസ്തുവോട് സദൃശ്യപ്പെടുത്തി പറയുമ്പോള്‍, സാദൃശ്യത്തിന് നിദാനമാക്കപ്പെടുന്ന കാര്യംഅവ രണ്ടിലും ഉണ്ടായിരിക്കണം. ഏതിനോടാണോ സാദൃശ്യപ്പെടുത്തുന്നെതെങ്കില്‍ അതില്‍ അക്കാര്യം കൂടുതല്‍ വ്യക്തമായും പരിപൂര്‍ണ്ണമായും ഉണ്ടായിരിക്കണമെന്നും സ്പഷ്ടമത്രെ. അറബി സാഹിത്യശാസ്ത്ര ( علم البلاغة )ത്തില്‍ ഇതൊരു അംഗീകൃത തത്വമാകുന്നു. അപ്പോള്‍, മേല്പറഞ്ഞ വാക്യങ്ങളില്‍, മരണപ്പെട്ടുപോയവര്‍ക്കും, ബധിരന്മാര്‍ക്കും കേള്‍പ്പിക്കുവാന്‍ കഴിവില്ലെന്നും, അന്ധന്മാര്‍ക്ക് വഴികാണിക്കുവാന്‍ സാധ്യമല്ലെന്നും അല്ലാഹു നബി ﷺയോട് പറഞ്ഞത്, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഉപമാലങ്കാര രൂപത്തില്‍ പറഞ്ഞതാണെങ്കില്‍ തന്നെയും യഥാര്‍ത്ഥത്തില്‍ മരണമോ, അന്ധതയോ, ബധിരതയോ ബാധിച്ചിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം അത് അലങ്കാരാര്‍ത്ഥ-ത്തിലല്ല, സാക്ഷാല്‍ അര്‍ത്ഥത്തില്‍തന്നെയാണ് ഉള്ളത്. മരണപ്പെട്ടവര്‍ക്കും കാതുകേള്‍ക്കാത്തവര്‍ക്കും കേള്‍പ്പിക്കുവാനും, അന്ധന്മാര്‍ക്ക് വഴി കാണിച്ച് കൊടുക്കുവാനും നബി ﷺ തിരുമേനിക്കോ മറ്റോ കഴിയുമായിരുന്നുവെങ്കില്‍, ഈ ഉപമക്ക് വിശേഷിച്ച അര്‍ത്ഥമൊന്നും ഉണ്ടാകുകയില്ലല്ലോ.ചുരുക്കത്തില്‍ മരണപ്പെട്ടവ൪ യാതൊന്നും കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നില്ലെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.
ﻭَﻣَﺎ ﻳَﺴْﺘَﻮِﻯ ٱﻷَْﺣْﻴَﺎٓءُ ﻭَﻻَ ٱﻷَْﻣْﻮَٰﺕُ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻳُﺴْﻤِﻊُ ﻣَﻦ ﻳَﺸَﺎٓءُ ۖ ﻭَﻣَﺎٓ ﺃَﻧﺖَ ﺑِﻤُﺴْﻤِﻊٍ ﻣَّﻦ ﻓِﻰ ٱﻟْﻘُﺒُﻮﺭِ
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.(ഖു൪ആന്‍ :35/22)
ﻭَٱﻟَّﺬِﻳﻦَ ﻳَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻻَ ﻳَﺨْﻠُﻘُﻮﻥَ ﺷَﻴْـًٔﺎ ﻭَﻫُﻢْ ﻳُﺨْﻠَﻘُﻮﻥَ ﺃَﻣْﻮَٰﺕٌ ﻏَﻴْﺮُ ﺃَﺣْﻴَﺎٓءٍ ۖ ﻭَﻣَﺎ ﻳَﺸْﻌُﺮُﻭﻥَ ﺃَﻳَّﺎﻥَ ﻳُﺒْﻌَﺜُﻮﻥَ
അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. അവര്‍ (പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക എന്ന് പോലും അവര്‍ അറിയുന്നുമില്ല.(ഖു൪ആന്‍ :16/20-21)
മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ലെന്നും ഖബറുകളില്‍നിന്നു എന്നാണ് ഉയ൪ത്തെഴുന്നേല്‍പ്പിക്കപ്പെടുകയെന്ന വിവരം പോലും അവര്‍ക്കറിയില്ലെന്നും അതുകൊണ്ട് തന്നെ അവരോടുള്ള പ്രാ൪ത്ഥന നിര൪ത്ഥകമാണെന്നുമാണ് അല്ലാഹു പറയുന്നത്.
إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ
നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലാകട്ടെ നിങ്ങളുടെ ഈ ശി൪ക്കിനെ (നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല. (ഖു൪ആന്‍ :35/14)
യാതൊരു വ്യാഖ്യാനവും കൂടാതെത്തന്നെ ഈ വചനങ്ങളുടെ ആശയങ്ങള്‍ വ്യക്തമാണ്. ഇവിടെ ‘നിങ്ങളുടെ ശി൪ക്ക് ‘ (شِرْكِكُمْ) എന്നു പറഞ്ഞതു അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ ഉദ്ദേശിച്ചാണ്. ഈ ആയത്തില്‍ പറയുന്ന പ്രാര്‍ത്ഥിക്കപ്പെടുന്നവരില്‍ വിഗ്രഹങ്ങള്‍, മനുഷ്യന്‍മാ൪, മലക്കുകള്‍, ജിന്നുകള്‍, പ്രവാചകന്മാര്‍, പിശാചുക്കള്‍ എന്നിവരെല്ലാം ഉള്‍പ്പെടും.
ഈ വചനത്തെ ഇമാം ഖുർത്വുബി വിശദീകരിക്കുന്നു:
إِنْ تَسْتَغِيثُوا بِهِمْ فِي النَّوَائِبِ لَا يَسْمَعُوا دُعَاءَكُمْ
ആപൽ ഘട്ടങ്ങളിൽ നിങ്ങളവരോട് ഇസ്തിഗാസ ചെയ്താൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല.” (ഖുർത്വുബി വാള്യം:14)
ഇവിടെ പ്രാർത്ഥന എന്നതിന് ഇസ്തിഗാസ എന്നാണ് അദ്ദേഹം വിശദീകരണമായി നൽകിയത് എന്നത് ശ്രദ്ധേയമാണ്.
ثُمَّ يَجُوزُ أَنْ يَرْجِعَ هَذَا إِلَى الْمَعْبُودِينَ مِمَّا يَعْقِلُ ; كَالْمَلَائِكَةِ وَالْجِنِّ وَالْأَنْبِيَاءِ وَالشَّيَاطِينِ
പിശാചുക്കൾ, പ്രവാചകൻമാർ, ജിന്ന്, മലക്കുകൾ പോലെ ബുദ്ധിയുള്ള ആരാധ്യൻമാരിലേക്കും ഈ ആയത്ത് മടങ്ങാവുന്നതാണ്.” (ഖുർത്വുബി:14/336)
ഇതേ വചനത്തെ തഫ്‌സീർ റൂഹുൽ ബയാനിൽ വിശദീകരിക്കുന്നു.
وَيـَجُوزُ أن يُريدَ كُل مَعبُودٌ مِنْ دُونِ اللهِ مِن الجِن وَالاِنْسِ والأَصْنَامِ
“അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ജിന്ന്, മനുഷ്യർ വിഗ്രഹങ്ങൾ എന്നിവയെല്ലാം ഇവിടെ ഉദ്ദേശിക്കപ്പെടുന്നതാണ്” (റൂഹുൽ ബയാൻ 7/259)
ഫഖ്‌റുദ്ധീൻ റാസിയുടെ വരികൾ കാണുക:
وَأَيْضًا يَجُوزُ أَنْ يُرِيدَ كُلَّ مَعْبُودٍ مِنْ دُونِ اللهِ مِنَ الْمَلَائِكَةِ وَعِيسَى وَعُزَيْرٍ وَالْأَصْنَامِ
അല്ലാഹുവിന്ന് പുറമെ ആരാധിക്കപ്പെടുന്ന മലക്കുകൾ ഈസാ, ഉസൈർ, വിഗ്രഹങ്ങൾ എന്നിവയെല്ലാം ഉദ്ദേശിക്കപ്പെടാം. (റാസി 28/6)
(നിങ്ങൾ അവരോട് പ്രാർഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല) കാരണം അവർ ജീവനില്ലാത്തവരോ മരിച്ചവരോ ആല്ലെങ്കിൽ തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കുന്നതിൽ വ്യാപൃതരായ മലക്കുകളോ ആണ്. (അവർ കേട്ടാലും) കേൾക്കുമെന്ന് സങ്കൽപിച്ചാൽ തന്നെയും (നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല). കാരണം അവർ ഒന്നും ഉടമപ്പെടുത്തുന്നില്ല. (തഫ്സീറുസ്സഅ്ദി)
മേൽ വരികളിൽ നിന്ന് “നിങ്ങൾ അവരെ വിളിച്ചാൽ അവർ കേൾക്കുകയില്ല’ എന്ന ഖുർആനിക പ്രയോഗങ്ങളുടെ അർത്ഥം ആർക്കും വിശദീകരണമില്ലാതെ തന്നെ ഗ്രഹിക്കാൻ കഴിയുന്നു.
മരണപ്പെട്ട മഹാത്മാക്കളോട് പ്രാ൪ത്ഥിക്കുകയും, സഹായ അ൪ത്ഥിക്കുകയും ചെയ്യുന്നത് അവ൪ കേള്‍ക്കുകയില്ലെന്ന് മാത്രമല്ല, നാളെ പരലോകത്ത് വെച്ച് തങ്ങളെ വിളിച്ച് പ്രാ൪ത്ഥിച്ചവരെ തള്ളിക്കളയുകയും ചെയ്യും.
ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦ ﻳَﺪْﻋُﻮا۟ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ﻣَﻦ ﻻَّ ﻳَﺴْﺘَﺠِﻴﺐُ ﻟَﻪُۥٓ ﺇِﻟَﻰٰ ﻳَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻭَﻫُﻢْ ﻋَﻦ ﺩُﻋَﺎٓﺋِﻬِﻢْ ﻏَٰﻔِﻠُﻮﻥَ ﻭَﺇِﺫَا ﺣُﺸِﺮَ ٱﻟﻨَّﺎﺱُ ﻛَﺎﻧُﻮا۟ ﻟَﻬُﻢْ ﺃَﻋْﺪَآءً ﻭَﻛَﺎﻧُﻮا۟ ﺑِﻌِﺒَﺎﺩَﺗِﻬِﻢْ ﻛَٰﻔِﺮِﻳﻦَ
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ച് കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും. (ഖു൪ആന്‍ :46/5-6)
മേൽ വചനം വിശദീകരിച്ചു ഇബ്‌നു ജരീർؓ തന്റെ തഫ്‌സീറു ജാമിഉൽ ബയാനിലും ദുആ എന്നതിന് നൽകിയ വിശദീകരണം ഇസ്തിഗാസ എന്നുതന്നെയാകുന്നു. അദ്ദേഹം പറയുന്നു.
وَإِنَّمَا هَذَا تَوْبِيخٌ مِنَ اللهِ لِهَؤُلَاءِ الْمُشْرِكِينَ لِسُوءِ رَأْيِهِمْ ، وَقُبْحِ اخْتِيَارِهِمْ فِي عِبَادَتِهِمْ مَنْ لَا يَعْقِلُ شَيْئًا وَلَا يَفْهَمُ ، وَتَرْكِهِمْ عِبَادَةَ مَا بِهِمْ مِنْ نِعْمَتِهِ ، وَمَنْ بِهِ اسْتِغَاثَتُهُمْ عِنْدَ مَا يَنْزِلُ بِهِمْ مِنَ الْحَوَائِجِ وَالْمَصَائِبِ . -تفسير الطبري
അവർക്ക് വിപത്തുകളും ആവശ്യങ്ങളും വരുമ്പോൾ ആരോടാണോ അവർ ഇസ്തിഗാഥ ചെയ്യേണ്ടത് അവനെ കയ്യൊഴിഞ്ഞ് ബുദ്ധിയും വിവേചനവുമില്ലാത്തിനെ ആരാധ്യനായി തെരഞ്ഞെടുത്തതിന്റെ പേരിൽ അല്ലാഹു അവരെ വിമർശിക്കുകയാകുന്നു ഇവിടെ- (ത്വബരി-വാള്യം:21/116)
മണ്‍മറഞ്ഞു പോയവരേയും മറ്റും വിളിച്ച് പ്രാ൪ത്ഥിക്കുന്നവരാണ് ഭുമിയില്‍ ഏറ്റവും വഴിപിഴച്ചവരെന്ന് അല്ലാഹു അറിയിക്കുന്നു.കാരണം അവ൪ മരിച്ച് പോയിരിക്കുകയാണ്.ഇനി അന്ത്യദിനത്തിലേ അല്ലാഹു അവരെ വീണ്ടും ജനിപ്പിക്കുകയുള്ളൂ.അതുകൊണ്ട് അന്ത്യദിനം വരെ ഇവരുടെ പ്രാ൪ത്ഥന അവ൪ കേള്‍ക്കുകയില്ല.അതിന് ഉത്തരം നല്‍കുകയുമില്ല.അന്ത്യദിനത്തിലാകട്ടെ, അല്ലാഹുവിനോട് ചോദിക്കേണ്ട കാര്യങ്ങള്‍ ഇവ൪ തങ്ങളോട് ചോദിച്ചു എന്നതുകൊണ്ട് അവ൪ ഇവരുടെ ശത്രുക്കളായി മാറും.ഇവ൪ തങ്ങളെ വിളിച്ച് പ്രാ൪ത്ഥിക്കുക വഴി തങ്ങളെ ആരാധിച്ചിരുന്ന വിവരം തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് അവ൪ നിഷേധിച്ചു പറയുകയും ചെയ്യും.അതേ, ഇന്ന് നാം മുഹ്’യിദ്ദീന്‍ ശൈഖിനേയും മറ്റ് ഔലിയാക്കളേയും വിളിച്ച് പ്രാ൪ത്ഥിച്ചാല്‍ അവ൪ നാളെ പരലോകത്ത് വെച്ച് നമുക്കെതിരാകും. നാം അവരെ വിളിച്ച് പ്രാ൪ത്ഥിച്ചതിനെതിരെ അല്ലാഹുവിന്റെ മുമ്പില്‍ തങ്ങളുടെ നിരപരാധിത്വം ബോധിപ്പിക്കും.
ﻗُﻞِ ٱﺩْﻋُﻮا۟ ٱﻟَّﺬِﻳﻦَ ﺯَﻋَﻤْﺘُﻢ ﻣِّﻦ ﺩُﻭﻧِﻪِۦ ﻓَﻼَ ﻳَﻤْﻠِﻜُﻮﻥَ ﻛَﺸْﻒَ ٱﻟﻀُّﺮِّ ﻋَﻨﻜُﻢْ ﻭَﻻَ ﺗَﺤْﻮِﻳﻼً ﺃُﻭ۟ﻟَٰٓﺌِﻚَ ٱﻟَّﺬِﻳﻦَ ﻳَﺪْﻋُﻮﻥَ ﻳَﺒْﺘَﻐُﻮﻥَ ﺇِﻟَﻰٰ ﺭَﺑِّﻬِﻢُ ٱﻟْﻮَﺳِﻴﻠَﺔَ ﺃَﻳُّﻬُﻢْ ﺃَﻗْﺮَﺏُ ﻭَﻳَﺮْﺟُﻮﻥَ ﺭَﺣْﻤَﺘَﻪُۥ ﻭَﻳَﺨَﺎﻓُﻮﻥَ ﻋَﺬَاﺑَﻪُۥٓ ۚ ﺇِﻥَّ ﻋَﺬَاﺏَ ﺭَﺑِّﻚَ ﻛَﺎﻥَ ﻣَﺤْﺬُﻭﺭًا
(നബിയേ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു. (ഖു൪ആന്‍ :17/56-57)
ഈ വചനം ഈസാ നബി(അ), മറിയം(അ), ഉസൈ൪ നബി(അ), മലക്കുകള്‍, ഔലിയാക്കള്‍ എന്നിവരെ വിളിച്ച് സഹായം അ൪ത്ഥിക്കുന്നവരെ സംബന്ധിച്ച് അവതരിപ്പിച്ചതാണ്.അല്ലാഹുവിന്റെ മുഖ൪റബായ മലക്കുകളോടോ മഉസൂമായ പ്രവാചകന്‍മാരോടോ സഹായം അ൪ത്ഥിച്ചാല്‍ അ൪ത്ഥിച്ചവന്റെ ദുരിതമകറ്റാനോ അതിനെന്തെങ്കിലും മാറ്റം വരുത്താനെങ്കിലുമോ അവ൪ക്ക് കഴിയുകയില്ലെന്ന് പറയുമ്പോള്‍ അവരേക്കാള്‍ താഴെ പദവിയുള്ള മണ്‍മറഞ്ഞവ൪ക്ക് കഴിയുകയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.മാത്രമല്ല, അവര്‍ തന്നെ അല്ലാഹുവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയും അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുകയാണ്.
ചുരുക്കത്തില്‍ മരണപ്പെട്ടവ൪ ബ൪സഖിലാണെന്നും അവര്‍ ഈ ദുനിയാവില്‍ നടക്കുന്ന ഒരു കാര്യവും അറിയുന്നില്ലെന്നും മരണപ്പെട്ടവര്‍ക്ക് മരണശേഷം നിരുപാധികമായ കാഴ്ചയും കേള്‍വിയും കഴിവും പോയിട്ട് സാധാരണ കാഴ്ചയും കേള്‍വിയും കഴിവും ഉണ്ടാകില്ലെന്നും ഏതു സമയത്താണ് ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുകയെന്ന് പോലും അവ൪ക്ക് അറിയില്ലെന്നും അതുകൊണ്ട് തന്നെ നമ്മുടെ പ്രാ൪ത്ഥന അവ൪ കേള്‍ക്കില്ലെന്നും അവരോടുള്ള പ്രാ൪ത്ഥന നിര൪ത്ഥകമാണെന്നും വലിയ ശി൪ക്കാണെന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലാകട്ടെ തങ്ങളെ വിളിച്ച് പ്രാ൪ത്ഥിച്ചവരെ അവ൪ തള്ളിക്കളയുകയും ആളുകളുടെ ഈ ശി൪ക്കിനെ അവര്‍ നിഷേധിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ തങ്ങളുടെ നിരപരാധിത്വം അവ൪ ബോധിപ്പിക്കുകയും ചെയ്യുന്നതുമാണെന്നും നാം കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
അറിവില്ലാത്ത സാധാരണക്കാരെ മഖ്ബറകളിലേക്ക് അടുപ്പിക്കാനായി നമ്മുടെ സംസാരം മരണപ്പെട്ടവ൪ കേള്‍ക്കുമെന്ന് പറഞ്ഞ് പൌരോഹിത്യം നിരന്തരം പച്ചക്കള്ളം എഴുതിവിട്ടുകൊണ്ടിരിക്കുകയാണ്. ഒരു ഉദാഹരണം മാത്രം താഴെ ചേ൪ക്കുന്നു.
മരണപ്പെട്ടവര്‍ കേള്‍ക്കുമെന്നും ക്വബ്‌റടക്കപ്പെട്ടവര്‍ പുറത്തുകൂടെ നടക്കുന്നവരുടെ കാലിന്റെ ശബ്ദം പോലും കേള്‍ക്കുമെന്നുമെല്ലാം സ്വഹീഹുല്‍ ബുഖാരിയിലടക്കം സ്ഥിരപ്പെട്ട ഹദീഥുകള്‍ കാണാം. ബദ്‌റില്‍ കൊല്ലപ്പെട്ട ക്വുറൈശി പ്രമുഖരെ പേരെടുത്ത് വിളിച്ച് നബി ﷺ അവരോട് സംസാരിച്ചപ്പോള്‍ ആത്മാവില്ലാത്ത അവര്‍ ഇത് കേള്‍ക്കുമോ എന്ന് ഉമര്‍(റ) സംശയമുന്നയിച്ചപ്പോള്‍ അവര്‍ നിങ്ങളെക്കാള്‍ കേള്‍ക്കുമെന്ന തരത്തില്‍ നബി ﷺ മറുപടി കൊടുത്തതും ബുഖാരിയിലുണ്ട്.'(സുന്നത്ത് മാസിക : ആഗസ്റ്റ് 2017പേജ്: 23)
പച്ചയായ ദുര്‍വ്യാഖ്യാനം മാത്രമല്ല ശുദ്ധമായ കളവുമാണിത്. ഇവിടെ രണ്ട് സംഭവങ്ങളാണ് ഒരുമിച്ച് ദുര്‍വ്യാഖ്യാനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രസ്തുത രണ്ട് സംഭവങ്ങളും വെവ്വേറെ മനസ്സിലാക്കേണ്ടതുണ്ട്.
ഖബ്റിന് പുറത്തുള്ളവരുടെ ചെരിപ്പടിശബ്ദം മയ്യിത്ത് കേൾക്കുമോ?
عَنْ أَنَسُ بْنُ مَالِكٍ، قَالَ قَالَ نَبِيُّ اللَّهِ صلى الله عليه وسلم ” إِنَّ الْعَبْدَ إِذَا وُضِعَ فِي قَبْرِهِ وَتَوَلَّى عَنْهُ أَصْحَابُهُ إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ ” . قَالَ ” يَأْتِيهِ مَلَكَانِ فَيُقْعِدَانِهِ فَيَقُولاَنِ لَهُ مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ ” . قَالَ ” فَأَمَّا الْمُؤْمِنُ فَيَقُولُ أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ ” . قَالَ ” فَيُقَالُ لَهُ انْظُرْ إِلَى مَقْعَدِكَ مِنَ النَّارِ قَدْ أَبْدَلَكَ اللَّهُ بِهِ مَقْعَدًا مِنَ الْجَنَّةِ ” . قَالَ نَبِيُّ اللَّهِ صلى الله عليه وسلم ” فَيَرَاهُمَا جَمِيعًا ” . قَالَ قَتَادَةُ وَذُكِرَ لَنَا أَنَّهُ يُفْسَحُ لَهُ فِي قَبْرِهِ سَبْعُونَ ذِرَاعًا وَيُمْلأُ عَلَيْهِ خَضِرًا إِلَى يَوْمِ يُبْعَثُونَ
അനസ് ബ്നു മാലികിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “നിശ്ചയം അടിമയെ ഖബ്റിൽ വെക്കപ്പെടുകയും അവന്റെ ആളുകള് പിന്തിരിയുകയും ചെയ്യുമ്പോൾ അവരുടെ ചെരിപ്പടിശബ്ദം അവൻ കേൾക്കും”. നബി ﷺ പറയുന്നു: “രണ്ട് മലക്കുകൾ അവനെ സമീപിച്ച് അവനെ ഇരുത്തി അവർ ചോദിക്കും: ‘ഈ പുരുഷനെ കുറിച്ച് എന്തായിരുന്നു നീ പറഞ്ഞിരുന്നത്?’. നബി ﷺ പറയുന്നു: “അപ്പോൾ വിശ്വാസി പറയും: ‘ഇത് അല്ലാഹുവിന്റെ അടിമയും അവന്റെ റസൂലുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു’. നബി ﷺ പറയുന്നു: “അപ്പോൾ അവനോട് പറയ്യപ്പെടും: “നരകത്തിൽ നിന്നുള്ള നിന്റെ ഇരിപ്പിടം നീ നോക്കിക്കാണുക, അതിനു പകരം സ്വർഗ്ഗത്തിൽ നിന്നുള്ള ഒരിരിപ്പിടം അല്ലാഹു നിനക്ക് നൽകിയിരിക്കുന്നു. നബി ﷺ പറയുന്നു: “അപ്പോൾ രണ്ടും അവൻ നോക്കിക്കാണും”. ഖതാദ(റ) പറയുന്നു: “അവന്റെ ഖബ്റിൽ 70 മുഴം വിശാലമാക്കപ്പെടുകയും അനുഗ്രഹങ്ങൾ നിറയ്ക്കപ്പെടുകയും ചെയ്യുമെന്ന് ഞങ്ങളോട് പറയപ്പെട്ടു’. (മുസ്ലിം: 2870)
ഖബ്‌റടക്കപ്പെട്ടവര്‍ ഖബ്റിന് പുറത്തുള്ളവരുടെ ചെരിപ്പടിശബ്ദം കേള്‍ക്കുമെന്ന ഹദീസുകള്‍ വ്യക്തമാക്കുന്നത് മറമാടിയതിന് ശേഷം മുന്‍കര്‍, നകീര്‍ മലക്കുകള്‍ വരുന്നതിന് മുമ്പുള്ള അവസ്ഥയാണ്. അത് റബ്ബിന്റെ തീരുമാന പ്രകാരമാണ് നടക്കുന്നത്. മരണപ്പെട്ടവരോട് സഹായം തേടിയാല്‍ അവര്‍ കേള്‍ക്കുമെന്നല്ല അതില്‍ പറയുന്നത്. എല്ലായ്പ്പോഴും ഖബ്റിന് പുറത്തുള്ളവരുടെ ചെരിപ്പടിശബ്ദം ഖബ്റിനുള്ളിലുള്ളവ൪ കേള്‍ക്കുമെന്ന് ഹസീദില്ലെന്നുള്ളതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഖലീബ് സംഭവം മരിച്ചവ൪ കേള്‍ക്കും എന്നതിന് തെളിവോ?
മരിച്ചവ൪ കേള്‍ക്കും എന്നതിന് തെളിവായി പുരോഹിതന്‍മാ൪ സാധാരണ ഉദ്ദരിക്കാറുള്ള ഒരു സംഭവമാണ് ഖലീബ്. ബദ൪ ദിവസം കൊല്ലപ്പെട്ട ഏതാനും ഖുറൈശീ പ്രമുഖന്‍മാരുടെ മൃതശരീരങ്ങള്‍ കുഴിച്ചു മൂടപ്പെട്ട പൊട്ടക്കിണറിന് സമീപം നബി ﷺ ചെല്ലുകയും അവരുടെ പേരെടുത്ത് വിളിക്കുകയും അവരെ അഭിസംബോധനം ചെയ്ത സംസാരിക്കുകയും ചെയ്തു. ഇതാണ് ഖലീബ് സംഭവം കൊണ്ട് ഉദ്ദേശിക്കുന്നത്. യഥാ൪ത്ഥത്തില്‍ മരിച്ചവ൪ കേള്‍ക്കുകയില്ല എന്നതിന് തെളിവായിട്ടാണ് അഹ്ലുസുന്നയുടെ പണ്ഢിതന്‍മാ൪ ഈ സംഭവം ചൂണ്ടിക്കാണിക്കുന്നതെന്ന കാര്യം പുരോഹിതന്‍മാ൪ മറച്ചു പിടിക്കുകയും ചെയ്യുന്നു. ഈ സംഭവം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കൃത്യമായി സത്യവിശ്വാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്.
عَنْ أَبِي طَلْحَةَ، أَنَّ نَبِيَّ اللَّهِ صلى الله عليه وسلم أَمَرَ يَوْمَ بَدْرٍ بِأَرْبَعَةٍ وَعِشْرِينَ رَجُلاً مِنْ صَنَادِيدِ قُرَيْشٍ فَقُذِفُوا فِي طَوِيٍّ مِنْ أَطْوَاءِ بَدْرٍ خَبِيثٍ مُخْبِثٍ، وَكَانَ إِذَا ظَهَرَ عَلَى قَوْمٍ أَقَامَ بِالْعَرْصَةِ ثَلاَثَ لَيَالٍ، فَلَمَّا كَانَ بِبَدْرٍ الْيَوْمَ الثَّالِثَ، أَمَرَ بِرَاحِلَتِهِ فَشُدَّ عَلَيْهَا رَحْلُهَا، ثُمَّ مَشَى وَاتَّبَعَهُ أَصْحَابُهُ وَقَالُوا مَا نُرَى يَنْطَلِقُ إِلاَّ لِبَعْضِ حَاجَتِهِ، حَتَّى قَامَ عَلَى شَفَةِ الرَّكِيِّ، فَجَعَلَ يُنَادِيهِمْ بِأَسْمَائِهِمْ وَأَسْمَاءِ آبَائِهِمْ ” يَا فُلاَنُ بْنَ فُلاَنٍ، وَيَا فُلاَنُ بْنَ فُلاَنٍ، أَيَسُرُّكُمْ أَنَّكُمْ أَطَعْتُمُ اللَّهَ وَرَسُولَهُ فَإِنَّا قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا، فَهَلْ وَجَدْتُمْ مَا وَعَدَ رَبُّكُمْ حَقًّا ”. قَالَ فَقَالَ عُمَرُ يَا رَسُولَ اللَّهِ، مَا تُكَلِّمُ مِنْ أَجْسَادٍ لاَ أَرْوَاحَ لَهَا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، مَا أَنْتُمْ بِأَسْمَعَ لِمَا أَقُولُ مِنْهُمْ ”. قَالَ قَتَادَةُ أَحْيَاهُمُ اللَّهُ حَتَّى أَسْمَعَهُمْ قَوْلَهُ تَوْبِيخًا وَتَصْغِيرًا وَنَقِيمَةً وَحَسْرَةً وَنَدَمًا
അബൂത്വല്‍ഹയില്‍(റ) നിന്ന് നിവേദനം: ബദ൪ ദിവസം ഖുറൈശീ പ്രധാനികളില്‍ ഇരുപത്തി നാല് പേരുടെ മൃതശരീരങ്ങള്‍ അവിടെയുള്ള ഏറ്റവും വൃത്തികെട്ടതും ചീത്തയുമായ ഒരു പൊട്ടക്കിണറ്റിലിട്ട് മൂടുവാന്‍ നബി ﷺ കല്‍പ്പിച്ചു. ഏതെങ്കിലും ഒരു ജനവിഭാഗവുമായുള്ള യുദ്ധത്തില്‍ വിജയിച്ചാല്‍ അതിന് തൊട്ടടുത്തുള്ള ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് മൂന്ന് ദിവസം കഴിച്ചുകൂട്ടുക നബി ﷺ യുടെ പതിവായിരുന്നു. അതനുസരിച്ച് ബദ൪ യുദ്ധം കഴിഞ്ഞു മൂന്നാം ദിവസമായപ്പോള്‍ തന്റെ വാഹനം ഒരുക്കാന്‍ നബി ﷺ കല്‍പ്പിക്കുകയും തുട൪ന്ന് വാഹനത്തില്‍ യാത്ര ആരംഭിക്കുകയും സ്വഹാബത്ത് നബി ﷺ യെ പിന്തുടരുകയും ചെയ്തു. ഏതൊ കാര്യത്തിനാണ് ഈ യാത്രയെന്ന് സ്വഹാബത്ത് തമ്മില്‍ അഭിപ്രായപ്പെട്ടു. അങ്ങനെ നബി ﷺ ശവം മൂടിയ കിണറ്റുവക്കില്‍ വന്ന് നില്‍ക്കുകയും അവരെ പിതാക്കളുടെ പേര് കൂട്ടിച്ചേ൪ത്ത് വിളിക്കുകയും ചെയ്തു. എന്നിട്ട് തിരുമേനി തുട൪ന്നു: അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്കത് സന്തോഷകരമാകുമായിരുന്നില്ലേ? എന്നാല്‍ ഞങ്ങളുടെ രക്ഷിതാവ് (അല്ലാഹു) ഞങ്ങളോട് വാഗ്ദത്തം ചെയ്തത് ഞങ്ങള്‍ക്ക് സത്യമായി പുല൪ന്നിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദത്തം ചെയ്തത് നിങ്ങള്‍ക്കും സത്യമായി പുല൪ന്നോ? ഇതുകേട്ട് ഉമ൪(റ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ജീവനില്ലാത്ത ശവശരീരങ്ങളോടാണല്ലോ അങ്ങ് സംസാരിക്കുന്നത് ? നബി ﷺ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണ് സത്യം, ഞാന്‍ പറയുന്നത് അവരേക്കാള്‍ നിങ്ങളല്ല കേള്‍ക്കുന്നത്. (റിപ്പോ൪ട്ടറായ) ഖത്താദ(റ) പറയുന്നു:നബി ﷺ യുടെ സംസാരം ഭീഷണിയും നിസ്സാരപ്പെടുത്തലും ശിക്ഷയും ഖേദവുമൊക്കെയായി അനുഭവിക്കാന്‍ വേണ്ടി അവരെ അല്ലാഹു അപ്പോള്‍ ജീവിപ്പിച്ചു. (ബുഖാരി:3976)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ وَقَفَ النَّبِيُّ صلى الله عليه وسلم عَلَى قَلِيبِ بَدْرٍ فَقَالَ هَلْ وَجَدتُّم مَّا وَعَدَ رَبُّكُمْ حَقًّا ثُمَّ قَالَ إِنَّهُمُ الآنَ يَسْمَعُونَ مَا أَقُولُ فَذُكِرَ لِعَائِشَةَ فَقَالَتْ إِنَّمَا قَالَ النَّبِيُّ صلى الله عليه وسلم ” إِنَّهُمُ الآنَ لَيَعْلَمُونَ أَنَّ الَّذِي كُنْتُ أَقُولُ لَهُمْ هُوَ الْحَقُّ ”. ثُمَّ قَرَأَتْ ﺇِﻧَّﻚَ ﻻَ ﺗُﺴْﻤِﻊُ ٱﻟْﻤَﻮْﺗَﻰٰ حَتَّى قَرَأَتِ الآيَةَ.
ഇബ്നു ഉമറില്‍(റ)നിന്ന് നിവേദനം: നബി ﷺ ബദ്റിലെ ഖരീബിന്റെ കരയില്‍ നിന്നുകൊണ്ട് പറഞ്ഞു: ‘നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് ചെയ്ത വാഗ്ദത്തം നിങ്ങള്‍ക്ക് സത്യമായി നിങ്ങള്‍ക്ക് അനുഭവപ്പെട്ടുവോ?’ ശേഷം തിരുമേനി പറഞ്ഞു: ‘ഞാന്‍ ഈ പറയുന്നത് ഇപ്പോള്‍ അവ൪ കേള്‍ക്കുന്നു’. ഈ സംഭവം ആയിശയോട്(റ) പറഞ്ഞപ്പോള്‍ അവ൪ ഇങ്ങനെ പറഞ്ഞു: ‘എന്നുവെച്ചാല്‍ ഞാന്‍ അവരോട് പറഞ്ഞുകൊണ്ടിരുന്നത് സത്യമായിരുന്നുവെന്ന് ഇപ്പോള്‍ അവ൪ അറിയുന്നുവെന്നാണ് (അവ൪ കേള്‍ക്കുന്നുവെന്ന്) തിരുമേനി പറഞ്ഞതിന്റെ ഉദ്ദേശ്യം’. അതിന് തെളിവായി ആയിശ(റ) (നബിയേ) നിശ്ചയമായും മരണപ്പെട്ടവരെ നിനക്ക് കേള്‍പ്പിക്കാനാവുകയില്ല എന്നുതുടങ്ങുന്ന വചനം ഓതിക്കേള്‍പ്പിച്ചു. (ബുഖാരി: 3980, 3981)
عن ابن مسعود رضي الله عنه قالوا : يا رسول الله ، وهل يسمعون ؟ قال : يسمعون كما تسمعون ، ولكنهم اليوم لا يجيبون
ഇബ്നു മസ്ഊദില്‍(റ) നിന്നും നിവേദനം: സ്വഹാബികള്‍ നബി ﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, (അങ്ങ് പറയുന്നത്) അവ൪ കേള്‍ക്കുമോ? നബി ﷺ പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതുപോലെ അവരും കേള്‍ക്കുന്നു, പക്ഷേ അവരിപ്പോള്‍ മറുപടി പറയുകയില്ല. (ത്വബ്റാനി – ഫത്ഹുല്‍ ബാരി:7/354)
عن أنس رضي الله عنهـ قال: . . . . فسمع عمر صوته فقال: يا رسول الله أتناديهم بعد ثلاث؟ وهل يسمعون؟ يقول الله عز وجل: {إنك لا تسمع الموتى} فقال: والذي نفسي بيده ما أنتم بأسمع [لما أقول] منهم ولكنهم لا يستطيعون أن يجيبوا
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ അവരെ വിളിച്ച് സംസാരിക്കുന്ന ശബ്ദം കേട്ട് ഉമ൪(റ) ഇങ്ങനെ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, മരണം കഴിഞ്ഞ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അവരെ താങ്കള്‍ വിളിക്കുകയാണോ? നിശ്ചയമായും മരണപ്പെട്ടവരെ നിനക്ക് കേള്‍പ്പിക്കാനാവുകയില്ല എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. എങ്കില്‍പിന്നെ അവരെങ്ങനെ കേള്‍ക്കും. നബി ﷺ പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, ഞാന്‍ ഈ പറയുന്നത് അവരേക്കാള്‍ അധികം കേള്‍ക്കുന്നവരല്ല നിങ്ങള്‍. പക്ഷേ അവ൪ക്ക് മറുപടി പറയാന്‍ സാധിക്കുകയില്ല. (അഹ്മദ്)
ഖലീബ് (ബദ്റിലെ പൊട്ടക്കിണ൪) സംഭവുമായി ബന്ധപ്പെട്ട് മേല്‍ കൊടുത്തിട്ടുള്ള നാല് ഹദീസുകളില്‍ നിന്നും നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം. നബി ﷺ യുടെ കൂടെയുണ്ടായിരുന്ന ഉമ൪ ഉള്‍പ്പടെയുള്ള സ്വഹാബികള്‍ മരിച്ചവ൪ കേള്‍ക്കുകയില്ലെന്ന് വിശ്വസിക്കുന്നവരായിരുന്നു. ആ കാര്യം അവ൪ നബി ﷺ യുടെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അത് തെറ്റാണെന്ന് പറഞ്ഞ് നബി ﷺ അവരെ തിരുത്തുകയോ ഇപ്പോള്‍ അവ൪ കേള്‍ക്കുമെന്ന് പറയുകല്ലാതെ മരിച്ചവ൪ കേള്‍ക്കുമെന്ന് പൊതുവായി പറയുകയോ ചെയ്തിട്ടില്ല. ഇമാം ബുഖാരിയുടെ റിപ്പോ൪ട്ടില്‍ ഇപ്പോള്‍ അവ൪ കേള്‍ക്കും എന്ന് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്. അപ്പോള്‍ ഈ പ്രത്യേകം സന്ദ൪ഭത്തിലും പ്രശ്നത്തിലും ഒഴികെ മരിച്ചവ൪ കേള്‍ക്കുകയില്ലെന്ന് തന്നെയാണ് നബി ﷺ അംഗീകരിച്ച അഭിപ്രായമെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. റൂഹുല്‍ മആനിയില്‍ ആലൂസി(റഹി) ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്(6/400). ഇതുകൊണ്ട് മരിച്ചവ൪ കേള്‍ക്കുകയില്ലെന്ന അടിസ്ഥാന തത്വമാണ് വെളിപ്പെടുന്നത്.സ്വഹാബികള്‍ മരിച്ചവ൪ കേള്‍ക്കുകയില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ നബി ﷺ അത് തിരുത്താതെ ആ വശത്തെകുറിച്ച് മൌനം വീക്ഷിച്ചതില്‍ നിന്ന് അത് മനസ്സിലാക്കാം. നബി ﷺ യുടെ വിളി കേള്‍ക്കുവാനായി അല്ലാഹു അവരെ താല്‍ക്കാലികമായി ജീവിപ്പിക്കുകയും നബി ﷺ യുടെ വചനങ്ങള്‍ കേള്‍പ്പിക്കുകയുമാണ് ചെയ്തതെന്ന താബിഉകളില്‍ പ്രമുഖനായ ഖതാദയുടെ(റ) അഭിപ്രായം ആദ്യം കൊടുത്തിട്ടുള്ള ഇമാം ബുഖാരിയുടെ റിപ്പോ൪ട്ടില്‍ വന്നതുമാണ്. മാത്രമല്ല, അതൊരു ശിക്ഷയെന്ന നിലക്കും ഖേദിപ്പിക്കാന്‍ വേണ്ടിയും മറ്റുമാണെന്നും ആ റിപ്പോ൪ട്ടില്‍തന്നെ വിവരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഖതാദയുടെ(റ) അഭിപ്രായം ഈ ഹദീസിനോട് ചേ൪ത്ത് ഇമാം ബുഖാരി ഉദ്ദരിച്ചതില്‍ നിന്നും അത് നബി ﷺ യുടെ മുഅ്ജിസത്താണെന്നും കാണിക്കുന്നു. ഖു൪ത്തിബിയില്‍ ഈ സംഭവം നബിയുടെ മുഅ്ജിസത്തായി വിവരിക്കപ്പെട്ടിരിക്കുന്നു. മിശ്കാത്തിലും മുഅ്ജിസത്തിന്റെ അദ്ധ്യായത്തിലാണ് ഈ സംഭവം വിവരിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍ ഒരു പ്രത്യേക സന്ദ൪ഭത്തിലും ഒരു പ്രത്യേക പ്രശ്നത്തിലും അല്ലാഹു തന്റെ പ്രവാചകന്‍ മുഖേനെ വെളിപ്പെടുത്തിയ ഒരു അമാനുഷിക സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗം മുശ്രിക്കുകള്‍ നബി ﷺ യുടെ വിളികേട്ടു എന്നതുകൊണ്ട് എല്ലാ മരിച്ചവരും എല്ലാവിളികളും കേള്‍ക്കുമെന്ന് വാദിക്കുന്നത് എത്രമാത്രം അല്‍ഭുതകരമാണ്. മാത്രമല്ല, ഇവിടെ മുശ്രിക്കുകളെയാണ് നബി ﷺ വിളിച്ചതും കേള്‍പ്പിച്ചതുമെന്ന തെളിവിന്‍മേല്‍ മുസ്ലിം പുണ്യാളന്‍മാരെ മാത്രമല്ല അമുസ്ലിം പുണ്യാളന്‍മാരെയും അവരുടെ മരണശേഷവും വിളി കള്‍പ്പിക്കാനും സഹായം ചോദിക്കാനും കഴിയുമെന്നാണ് പുരോഹിതന്‍മാ൪ പറയാതെ പറയുന്നത്.
ഫത്ഹുല്‍ ബാരിയിലും ഈ സംഭവം നബി ﷺ യുടെ മുഅ്ജിസത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇമാം സുഹൈലിയില്‍ നിന്നും ഇപ്രകാരം ഉദ്ദരിക്കുന്നു.
وقال السهيلى : ان في نفس الخبر مايدل على خرق العادة بذلك النبي صلى الله عليه وسلم لقول السحابة له أخاطب أقواما قد جفوا
ഇമാം സുഹൈലി പറയുന്നു: ചീഞ്ഞളിഞ്ഞ മൃദദേഹങ്ങളോടാണോ അവിടുന്ന് സംസാരിക്കുന്നതെന്ന സ്വഹാബത്തിന്റെ ചോദ്യത്തില്‍ നിന്നുതന്നെ ഈ സംഭവം മുഅ്ജിസത്താണെന്ന് തെളിയുന്നുണ്ട്.
ഖലീബിലെ ശവശരീരങ്ങളെ നബി ﷺ വിളിക്കുകയും അവ൪ നബി ﷺ യുടെ വിളി കേള്‍ക്കുകയും ചെയ്തത് നബി ﷺ യുടെ ഒരു മുഅ്ജിസത്താകുന്നുവെന്ന് മനസ്സിലാക്കാം. മുഅ്ജിസത്ത് മറ്റ് സൃഷ്ടികള്‍ക്ക് ലഭിക്കുകയില്ല എന്നതും പ്രവാചകന്‍മാ൪ക്കുതന്നെ തോന്നുമ്പോഴെല്ലാം വെളിപ്പെടുത്താല്‍ കഴിയുന്ന കാര്യമല്ല അത് എന്നതും ഇസ്ലാമിന്റെ ബാലപാഠമാണ്.
മരിച്ചവ൪ കേള്‍ക്കുകയില്ലെന്നുള്ളതിന് തെളിവായി നബി ﷺ യുടെ സന്നിധിയില്‍ വെച്ചുതന്നെ ഉമ൪(റ) (നബിയേ) നിശ്ചയമായും മരണപ്പെട്ടവരെ നിനക്ക് കേള്‍പ്പിക്കാനാവുകയില്ല….. എന്ന ഖു൪ആന്‍ വചനം ഉദ്ദരിക്കുകയുണ്ടായി. പ്രസ്തുത ആയത്തിന്റെ അ൪ത്ഥവും ആശയവും മനസ്സിലാക്കിയതില്‍ ഉമറിന് തെറ്റ് പറ്റിയിരുന്നെങ്കില്‍ തിരുമേനി അപ്പോള്‍തന്നെ അത് തിരുത്തേണ്ടതായിരുന്നു. പക്ഷേ തിരുമേനി അത് അംഗീകരിക്കുകയും ഇപ്പോള്‍ അവ൪ കേള്‍ക്കുമെന്ന് പറഞ്ഞുകൊണ്ട് ഖലീബ് സംഭവംമാത്രം അതില്‍ നിന്നൊഴിച്ചു നി൪ത്തുകയുമാണ് ചെയ്തത്. അപ്പോള്‍ ഉമറും(റ) സ്വഹാബത്തും മനസ്സിലാക്കിയതുപോലെതന്നെ മരിച്ചവ൪ കേള്‍ക്കുകയില്ലെന്നാണ് ഈ ആയത്തിന്റെ ആശയമെന്നും തെളിയുന്നു.
ഈ സംഭവം ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവ൪ കേള്‍ക്കുന്നു എന്നത് അവ൪ അറിയുന്നു എന്ന് വ്യാഖ്യാനിക്കാന്‍ ആയിശയെ(റ) പ്രേരിപ്പിച്ചതും ഈ യാഥാ൪ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മാത്രമല്ല ഉമ൪ ഉദ്ദരിച്ച അതേ ആയത്തുതന്നെ (ഖു൪ആന്‍ :27/80) ആയിശയും(റ) തെളിവായി ഉദ്ദരിക്കുന്നു. മരിച്ചവ൪ കേള്‍ക്കുകയില്ല എന്ന് പൊതു തത്വത്തില്‍ നബി ﷺ ക്കും സ്വഹാബത്തിനും ഇടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മനസ്സിലാക്കാനും കഴിയുന്നു. മരിച്ച അവിശ്വാസികള്‍ പരലോകശിക്ഷ അനുഭവിച്ചു തുടങ്ങിയതുകൊണ്ട് തിരുമേനി അവരെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ യഥാ൪ത്ഥത്തില്‍ അവ൪ കേള്‍ക്കുകയല്ല അനുഭവിച്ചറിയുകയാണ് ചെയ്യുന്നതെന്ന നിലക്കാണ് ആയിശ(റ) അത് വ്യാഖ്യാനിക്കുന്നത്. ഈ വ്യാഖ്യാനം സംഭവത്തിന്റെ പൊരുള്‍ കൂടുതല്‍ വ്യക്തമാക്കുന്നു.
ചുരുക്കത്തില്‍ മരിച്ചവ൪ കേള്‍ക്കുകയില്ല എന്നതിന് തെളിവായി ഉമ൪(റ) ഉദ്ദരിച്ച അതേ ആയത്ത് തന്നെയാണ് ആയിശയും (റ) ഉദ്ദരിക്കുന്നത്. നബി ﷺ അത് അംഗീകരിക്കുകയും ചെയ്യുന്നു. പിന്നെ ഇപ്പോള്‍ അവ൪ കേള്‍ക്കുമെന്ന നബി ﷺ യുടെ പ്രസ്താവന ഇപ്പോള്‍ അവ൪ അറിയുന്നു എന്ന നിലക്കും അത് നബി ﷺ യുടെ മുഅ്ജിസത്താണെന്ന നിലക്കുമാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്. രണ്ടും മരിച്ചവ൪ കേള്‍ക്കുകയില്ല എന്ന സത്യം അങ്ങനെതന്നെ നിലനി൪ത്തുന്നു. എങ്കില്‍ ഖലീബ് സംഭവം ഉദ്ദരിച്ച് മരിച്ചവ൪ കേള്‍ക്കുമെന്ന പുരോഹിതന്‍മാരുടെ പ്രചരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് മനസ്സിലാക്കുക. മാത്രമല്ല, മരിച്ചവ൪ കേള്‍ക്കുകയില്ല എന്നതിന് ഏറ്റവും നല്ല തെളിവുമാണ് ഈ സംഭവം. ഇനി കേള്‍ക്കുമെന്ന് സങ്കല്‍പ്പിച്ചാല്‍തന്നെയും വിളിക്ക് ഉത്തരം ചെയ്യാനോ പ്രാ൪ത്ഥിക്കുന്നവ൪ക്ക് സഹായം നല്‍കുവാനോ അവ൪ക്ക് കഴിയുകയില്ല. നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല (ഖു൪ആന്‍ :35/14) എന്ന വചനം ഇക്കാര്യം നന്നായി വ്യക്തമാക്കുന്നു.
ഈ രണ്ടു ഹദീഥുകളെയും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ പൗരാണികരും ആധുനികരുമായ പണ്ഡിതന്മാരില്‍ ആരും തന്നെ ഇക്കൂട്ടരെപോലെ മരണപ്പെട്ടവരോട് പ്രാര്‍ത്ഥിക്കുവാന്‍ തെളിവാക്കിയിട്ടില്ല.
ഔലിയാക്കള്‍ ബ൪സഖിലാണെങ്കിലും എല്ലാ കാര്യങ്ങളും അറിയുന്നുണ്ടെന്ന തെറ്റായ പ്രചാരണം പൗരോഹിത്യം എല്ലാ കാലത്തും നടത്താറുണ്ട്.എന്നാല്‍ ഇതിന് ഇസ്ലാമിക പ്രമാണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല ഖു൪ആനിലും സുന്നത്തിലും അവ൪ യാതൊന്നും അറിയുന്നില്ലെന്നാണ് വന്നിട്ടുള്ളത്.
ഔലിയാക്കള്‍ ജീവിച്ചിരിക്കെ അവ൪ ഉറങ്ങുന്ന സന്ദ൪ഭങ്ങളില്‍ കൂടി ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ കുളിച്ച് അവ൪ അറിയുന്നില്ല.വിശുദ്ധ ഖു൪ആനില്‍ സൂറത്തുല്‍ കഹ്ഫില്‍ 9 മുതല്‍ 26 വരെയുള്ള ആയത്തുകളില്‍ ഏതാനും ഔലിയാക്കളുടെ ചരിത്രം വിവരിക്കുന്നുണ്ട്.തൗഹീദില്‍ അടിയുറച്ച ആ യുവാക്കള്‍ അക്രമിയായ രാജാവില്‍ നിന്നും രക്ഷ തേടി ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. അല്ലാഹു 309 വ൪ഷം അവരെ ഗുഹയില്‍ ഉറക്കി കിടത്തി.അതിന് ശേഷം അവ൪ ഉണ൪ന്നപ്പോള്‍ അവരില്‍ പെട്ട ഒരാള്‍ ‘നാം എത്ര കാലം ഗുഹയില്‍ കഴിച്ചുകൂട്ടി’ എന്ന് ചോദിച്ചപ്പോള്‍ മറ്റുള്ളവരുടെ മറുപടി ‘ഒരു ദിവസമോ ഒരു ദിവസത്തിന്റെ അല്പ ഭാഗമോ കഴിച്ചുകൂട്ടിയിരിക്കും’ എന്നായിരുന്നു. ഈ 309 വ൪ഷത്തിനടയില്‍ പല കാര്യങ്ങളും സംഭവിച്ചു.അക്രമിയായ രാജാവിന് പകരം നല്ലവനായ രാജാവ് ഭരണത്തിലെത്തി.പക്ഷേ ഇതൊന്നും ഉറങ്ങി കിടന്ന ആ ഔലിയാക്കള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.ഈ ഗുഹാ വാസികളുടെ സംഭവത്തില്‍ ചിന്തിക്കുന്ന മനുഷ്യ൪ക്ക് ഈ വിഷയത്തിലെ സത്യം ഗ്രഹിക്കാന്‍ സാധിക്കും.അവരെ കുറച്ച് കാലത്തേക്ക് അല്ലാഹു ഉറക്കി കിടത്തിയപ്പോള്‍ പോലും അവ൪ക്ക് ചുറ്റും നടന്നതെന്തെന്ന് അറിയാന്‍ കഴിഞ്ഞില്ല.എങ്കില്‍ പിന്നെ ഔലിയാക്കള്‍ മരിച്ച് കഴിഞ്ഞാല്‍ അവ൪ ഖബ്റില്‍ കിടന്നുകൊണ്ട് എല്ലാം അറിയുമെന്ന പൗരോഹിത്യത്തിന്റെ പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മനസ്സിലാക്കാം.
അതുപോലെ സൂറത്തുല്‍ ബഖറയിലെ 259ആയത്തില്‍ ഒരു വലിയ്യിനെ (ഉസൈ൪ നബി(അ) ആണെന്നും അഭിപ്രായം ഉണ്ട്) അല്ലാഹു നൂറ് വ൪ഷം മരിപ്പിച്ച് കിടത്തിയ കാര്യം പറയുന്നുണ്ട്.അതിന് ശേഷം അല്ലാഹു അദ്ദേഹത്തെ ഉയ൪ത്തെഴുന്നേല്പിച്ചപ്പോള്‍ ‘നീ എത്ര കാലം (നി൪ജ്ജീവാവസ്ഥയില്‍) കഴിച്ചുകൂട്ടി’ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ‘ഒരു ദിവസമോ ഒരു ദിവസത്തിന്റെ അല്പ ഭാഗമോ കഴിച്ചുകൂട്ടിയെന്നായിരുന്നു.
നൂറ് വര്‍ഷം അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു.ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം ഇത് യഥാര്‍ഥ മരണം തന്നെയാണെന്ന് വ്യാഖ്യാനിക്കുന്നു. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ ജീവിപ്പിച്ചു. ലോകത്ത് പല സംഭവങ്ങള്‍ നടന്നു. ബാബിലോണിയക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബാബിലോണിയക്കാര്‍ പരാജയപ്പെട്ടു. അതിനെ തുടര്‍ന്ന് ഇസ്‌റാഈലുകള്‍ വിമോചിതരായി. അവര്‍ ബൈതുല്‍ മുഖദ്ദസില്‍ തിരിച്ചുവന്നു. പട്ടണം മനോഹരമായി പുതുക്കിപ്പണിതു. ഈ സംഗതിയൊന്നും അവിടെ മരിച്ചുകിടക്കുന്ന ഉസൈര്‍ നബി അറിഞ്ഞില്ല. തന്റെ അടുത്തു ബന്ധിപ്പിക്കപ്പെട്ട കഴുത ചത്ത് അസ്ഥിയായതും അറിഞ്ഞില്ല. ഈ നൂറ് വര്‍ഷത്തിന്റെ ഇടയില്‍ ജീവിച്ചിരുന്ന ഒരു ആരെങ്കിലും ആ പ്രവാചകനെ വിളിച്ച് സഹായം തേടിയിരുന്നുവെങ്കില്‍ അദ്ദേഹം അത് അറിയുകയോ കേള്‍ക്കുകയോ കാണുകയോ ചെയ്യുമായിരുന്നില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.ഔലിയാക്കള്‍ മരിച്ച് കഴിഞ്ഞാല്‍ അവ൪ ഖബ്റില്‍ കിടന്നുകൊണ്ട് എല്ലാം അറിയുമെന്ന് പറയുന്നതിന്റെ അ൪ത്ഥ ശൂന്യത ഇതില്‍ നിന്ന് മനസ്സിലാക്കാം.
ഏറ്റവും വലിയ ഔലിയാക്കന്‍മാരാണല്ലോ പ്രവാചകന്‍മാ൪.ആ പ്രവാചകന്‍മാ൪ വരെ തങ്ങളുടെ ബ൪സഖിയായ ജീവിതത്തില്‍ യാതൊന്നും അറിയുന്നില്ല.അവരെ അല്ലാഹു വിചാരണ ചെയ്യുന്ന രംഗം വിശുദ്ധ ഖു൪ആനില്‍ വിവരിക്കുന്നുണ്ട്.പ്രവാചകന്‍മാ൪ ജനങ്ങളെ ദീനിലേക്ക് ദഅവത്ത് നടത്തിയതില്‍ അവരില്‍ നിന്നുള്ള മറുപടി എന്തായിരുന്നുവെന്ന് അല്ലാഹു ചോദിക്കുമ്പോള്‍, തങ്ങളുടെ കാലശേഷമുള്ള ജനങ്ങളുടെ അവസ്ഥ എന്തെന്ന് തങ്ങള്‍ക്കറില്ലെന്നാണ് അവ൪ മറുപടി പറയുന്നത്.
ﻳَﻮْﻡَ ﻳَﺠْﻤَﻊُ ٱﻟﻠَّﻪُ ٱﻟﺮُّﺳُﻞَ ﻓَﻴَﻘُﻮﻝُ ﻣَﺎﺫَآ ﺃُﺟِﺒْﺘُﻢْ ۖ ﻗَﺎﻟُﻮا۟ ﻻَ ﻋِﻠْﻢَ ﻟَﻨَﺎٓ ۖ ﺇِﻧَّﻚَ ﺃَﻧﺖَ ﻋَﻠَّٰﻢُ ٱﻟْﻐُﻴُﻮﺏِ
അല്ലാഹു ദൂതന്‍മാരെ ഒരുമിച്ച് കൂട്ടുകയും, നിങ്ങള്‍ക്ക് എന്ത് മറുപടിയാണ് കിട്ടിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം അവര്‍ പറയും: ‘ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്‍’. (ഖു൪ആന്‍ :5/109)
പ്രവാചകന്‍മാ൪ വരെ ബ൪സഖിയായ ജീവിതത്തില്‍ യാതൊന്നും അറിയുന്നില്ലെന്നും അല്ലാഹു മാത്രമാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നതെന്നും ഈ ആയത്തില്‍ നിന്നും വ്യക്തമാണ്.എങ്കില്‍ പിന്നെ പ്രവാചകന്‍മാ൪ക്ക് താഴെ പദവിയുള്ള മറ്റ് ഔലിയാക്കളുടെ അവസ്ഥയും ഇത് തന്നെയാമെന്ന് വ്യക്തമാണ്.
മഹാനായ ഈസാ(അ) നബിയെ അല്ലാഹു വിചാരണ ചെയ്യുന്ന സന്ദ൪ഭത്തില്‍, ഈസാ നബിയുടെ പിന്‍ഗാമികളെന്ന് പറയുന്നവ൪ അല്ലാഹുവിന് പുറമേ ഈസാ(അ) നബിയേയും മാതാവ് മറിയമിനേയും (അ) ആളുകള്‍ ആരാധ്യന്‍മാരാക്കിയത് നീ പറഞ്ഞിട്ടാണോയെന്ന് അല്ലാഹു ചോദിക്കുന്നുണ്ട്. അതിന് ഈസാ(അ) നബി നല്‍കുന്ന മറുപടി തനിക്ക് അദൃശ്യകാര്യങ്ങള്‍ അറിയില്ലെന്നും അത് അല്ലാഹുവിന് മാത്രമാണ് അറിയുന്നതെന്നുമാണ്.
ﻭَﺇِﺫْ ﻗَﺎﻝَ ٱﻟﻠَّﻪُ ﻳَٰﻌِﻴﺴَﻰ ٱﺑْﻦَ ﻣَﺮْﻳَﻢَ ءَﺃَﻧﺖَ ﻗُﻠْﺖَ ﻟِﻠﻨَّﺎﺱِ ٱﺗَّﺨِﺬُﻭﻧِﻰ ﻭَﺃُﻣِّﻰَ ﺇِﻟَٰﻬَﻴْﻦِ ﻣِﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ۖ ﻗَﺎﻝَ ﺳُﺒْﺤَٰﻨَﻚَ ﻣَﺎ ﻳَﻜُﻮﻥُ ﻟِﻰٓ ﺃَﻥْ ﺃَﻗُﻮﻝَ ﻣَﺎ ﻟَﻴْﺲَ ﻟِﻰ ﺑِﺤَﻖٍّ ۚ ﺇِﻥ ﻛُﻨﺖُ ﻗُﻠْﺘُﻪُۥ ﻓَﻘَﺪْ ﻋَﻠِﻤْﺘَﻪُۥ ۚ ﺗَﻌْﻠَﻢُ ﻣَﺎ ﻓِﻰ ﻧَﻔْﺴِﻰ ﻭَﻻَٓ ﺃَﻋْﻠَﻢُ ﻣَﺎ ﻓِﻰ ﻧَﻔْﺴِﻚَ ۚ ﺇِﻧَّﻚَ ﺃَﻧﺖَ ﻋَﻠَّٰﻢُ ٱﻟْﻐُﻴُﻮﺏِ ﻣَﺎ ﻗُﻠْﺖُ ﻟَﻬُﻢْ ﺇِﻻَّ ﻣَﺎٓ ﺃَﻣَﺮْﺗَﻨِﻰ ﺑِﻪِۦٓ ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﺭَﺑِّﻰ ﻭَﺭَﺑَّﻜُﻢْ ۚ ﻭَﻛُﻨﺖُ ﻋَﻠَﻴْﻬِﻢْ ﺷَﻬِﻴﺪًا ﻣَّﺎ ﺩُﻣْﺖُ ﻓِﻴﻬِﻢْ ۖ ﻓَﻠَﻤَّﺎ ﺗَﻮَﻓَّﻴْﺘَﻨِﻰ ﻛُﻨﺖَ ﺃَﻧﺖَ ٱﻟﺮَّﻗِﻴﺐَ ﻋَﻠَﻴْﻬِﻢْ ۚ ﻭَﺃَﻧﺖَ ﻋَﻠَﻰٰ ﻛُﻞِّ ﺷَﻰْءٍ ﺷَﻬِﻴﺪٌ
അല്ലാഹു പറയുന്ന സന്ദര്‍ഭം (ശ്രദ്ധിക്കുക). ‘മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കി കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത് ?’ അദ്ദേഹം പറയും: ‘നീയെത്ര പരിശുദ്ധന്‍, എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ (അതിന് ശേഷം) നീ തന്നെയായിരുന്നു അവരെ നിരീ-ക്ഷിച്ചിരുന്നവന്‍.നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.(ഖു൪ആന്‍:5/116-117)
ഔലിയാക്കന്‍മാരുടെ നേതാവായ മഹാനായ മുഹമ്മദ് നബി ﷺ വരെ തന്റെ മരണശേഷം സംഭവിക്കുന്ന കാര്യത്തെ കുറിച്ച് അറിയുന്നില്ല.
عَنْ جُبَيْرِ بْنِ مُطْعِمٍ، قَالَ أَتَتِ امْرَأَةٌ النَّبِيَّ صلى الله عليه وسلم فَأَمَرَهَا أَنْ تَرْجِعَ إِلَيْهِ. قَالَتْ أَرَأَيْتَ إِنْ جِئْتُ وَلَمْ أَجِدْكَ كَأَنَّهَا تَقُولُ الْمَوْتَ. قَالَ عَلَيْهِ السَّلاَمُ “ إِنْ لَمْ تَجِدِينِي فَأْتِي أَبَا بَكْرٍ ”.
ജുബൈറുബ്നു മുത്ഇം(റ) പറയുന്നു: നബി ﷺ യുടെ അടുക്കൽ വന്ന ഒരു സ്ത്രീയോട് ഒരിക്കൽ കൂടി മടങ്ങിവരാൻ അവിടുന്ന് ആവശ്യപ്പെട്ടു. അപ്പോൾ ആ സ്ത്രീ ചോദിച്ചു: ‘ഞാൻ തിരിച്ച് വന്നിട്ട് താങ്കളെ കണ്ടില്ലെങ്കിലോ? നബി ﷺ അതിനു മുമ്പ് മരണപ്പെട്ടാലോ എന്നുദ്ദേശിച്ചത് പോലെയായിരുന്നു അവരുടെ ചോദ്യം. നബി ﷺ പറഞ്ഞു: എന്നെ കണ്ടില്ലെങ്കിൽ നിങ്ങൾ അബൂബക്കറിൻ്റെ അടുക്കൽ ചെല്ലുക. (ബുഖാരി:3659)
‘എന്നെ കണ്ടില്ലെങ്കിൽ എൻ്റെ ഖബറിൻ്റെ അടുക്കൽ വന്നാൽ മതി’ എന്ന് എന്തു കൊണ്ട് നബി ﷺ പറഞ്ഞില്ല. ഞാൻ മരിച്ചാലും ഖബ്റിൽ കിടന്നുകൊണ്ട് എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നതാണെന്ന് നബി ﷺ പോലും മനസ്സിലാക്കിയിട്ടില്ല.
ഹൗളുല്‍കൗസറിന്റെ ഹദീസില്‍ നിന്നും ഇത് വ്യക്തമാണ്. പരലോകത്ത് ദാഹാർത്ഥനായി എത്തുമ്പോള്‍ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി നബി ﷺ യുടെ കൈയ്യില്‍ നിന്ന് ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാല്‍ ബിദ്അത്ത് ചെയ്യുന്നവ൪ക്ക് അതില്‍ നിന്ന് കുടിക്കാന്‍ കഴിയില്ല. അവരുടെയും നബി ﷺ യുടേയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്.
فَأَقُولُ إِنَّهُمْ مِنِّي. فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ. فَأَقُولُ سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي
അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരെപ്പോകൂ ദൂരെപ്പോകൂ.( ബുഖാരി:6584)
നബി ﷺ യുടെ മരണശേഷം നബി ﷺ യുടെ അനുയായികളില്‍ പെട്ട ചില൪ മതത്തില്‍ (ബിദ്അത്ത്) പുതുതായി ഉണ്ടാക്കിയതിനെ കുറിച്ച് നബി ﷺ അറിഞ്ഞിരുന്നില്ലെന്ന കാര്യം ഈ ഹദീസില്‍ നിന്ന് വ്യക്തമായി.എന്നാല്‍ പൗരോഹിത്യം പറയുന്നതോ നബി ﷺ ഖബറില്‍ കിടന്നുകൊണ്ട് എല്ലാം കണ്ടുകൊണ്ടിരിക്കുന്നുവെന്നാണ്. നബി ﷺ യുടെ അവസ്ഥ ഇതാണെങ്കില്‍ താഴെയുള്ള ഔലിയാക്കന്‍മാരുടെ അവസ്ഥയും ഇതു തന്നെയായിരിക്കുമല്ലോ.
നബി ﷺ യെ ചാണിന് ചാണിനായി പിന്‍പറ്റിയവരാണ് സ്വഹാബികള്‍. നബി ﷺ യുടെ മരണശേഷം സ്വഹാബികളാരും നബി ﷺ യുടെ ഖബ്റിന്റെ സമീപത്ത് പോയി നബിയോട് സഹായം ചോദിച്ചിട്ടില്ല.കാരണം നബി ﷺ ഖബറില്‍ കിടന്നുകൊണ്ട് എല്ലാം കണ്ടുകൊണ്ടിരിക്കുന്നുവെന്ന വിശ്വാസം അവ൪ക്കാ൪ക്കും ഇല്ലായിരുന്നു. നബി ﷺ മരണപ്പെട്ട സന്ദ൪ഭത്തില്‍ അബൂബക്ക൪ സിദ്ദീഖ്(റ) പറഞ്ഞ വാക്യം പ്രസിദ്ധമാണ്. അദ്ദേഹം പറഞ്ഞു:
أَلاَ مَنْ كَانَ يَعْبُدُ مُحَمَّدًا صلى الله عليه وسلم فَإِنَّ مُحَمَّدًا قَدْ مَاتَ، وَمَنْ كَانَ يَعْبُدُ اللَّهَ فَإِنَّ اللَّهَ حَىٌّ لاَ يَمُوتُ. وَقَالَ {إِنَّكَ مَيِّتٌ وَإِنَّهُمْ مَيِّتُونَ} وَقَالَ {وَمَا مُحَمَّدٌ إِلاَّ رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ أَفَإِنْ مَاتَ أَوْ قُتِلَ انْقَلَبْتُمْ عَلَى أَعْقَابِكُمْ وَمَنْ يَنْقَلِبْ عَلَى عَقِبَيْهِ فَلَنْ يَضُرَّ اللَّهَ شَيْئًا وَسَيَجْزِي اللَّهُ الشَّاكِرِينَ}
‘അറിയുക, ആരെങ്കിലും മുഹമ്മദ് നബിﷺയെ ആരാധിക്കുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ്ﷺ വഫാതായിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ നിശ്ചയം അവന്‍ ഒരിക്കലും മരിക്കുകയില്ല.’ ശേഷം അദ്ദേഹം (ഈ ക്വുര്‍ആന്‍ വചനങ്ങള്‍) പാരായണം ചെയ്തു: ‘തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു’ (സുമര്‍: 30).”മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്” (ആലു ഇംറാന്‍: 144)” (ബുഖാരി : 3668)
നബി ﷺ യുടെ ജീവിതകാലത്ത് ജലക്ഷാമം ഉണ്ടായപ്പോള്‍ സ്വഹാബികള്‍ നബിﷺയെ കൊണ്ട് മഴക്കുവേണ്ടി പ്രാര്‍ത്ഥിപ്പിച്ചിരുന്നു. എന്നാല്‍ നബി ﷺ യുടെ മരണശേഷം ജലക്ഷാമം ഉണ്ടായപ്പോള്‍ സ്വഹാബികള്‍ ആരും നബി ﷺ യുടെ ഖബ്റിന്റെ സമീപത്ത് പോയി പ്രാ൪ത്ഥിക്കാന്‍ ആവശ്യപ്പെട്ടില്ല. നബി ﷺ യുടെ പിതൃവ്യനായ ജീവിച്ചിരിക്കുന്ന അബ്ബാസിനെ (റ) കൊണ്ട് പ്രാര്‍ത്ഥിപ്പിക്കുകയായിരുന്നു.
عَنْ أَنَسٍ، أَنَّ عُمَرَ بْنَ الْخَطَّابِ ـ رضى الله عنه ـ كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَقَالَ اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا. قَالَ فَيُسْقَوْنَ.
അനസ് (റ) നിവേദനം: നിശ്ചയം ഉമറൂബ്നുല്‍ ഖത്താബിന്റെ കാലത്തു അദ്ദേഹം മഴക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നത് അബ്ബാസി(റ)നെ കൊണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം പറയും: അല്ലാഹുവേ (നബി ﷺ യുടെ ജീവിതകാലത്ത്) ഞങ്ങളുടെ നബി ﷺ യെ കൊണ്ട് നിന്നോട് ഞങ്ങള്‍ മഴക്കുവേണ്ടി പ്രാര്‍ത്ഥിപ്പിക്കുകയും അപ്പോള്‍ നീഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചു തരികയും ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ നബി ﷺ യുടെ പിതൃവ്യനെക്കൊണ്ട് ഞങ്ങളിതാ നിന്നോട് മഴക്കു വേണ്ടി പ്രാര്‍ത്ഥിപ്പിക്കുന്നു. നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചു തരേണമേ. റാവി പറയുന്നു: അന്നേരം അവര്‍ക്കു മഴ ലഭിക്കാറുണ്ട്. (ബുഖാരി:1010)
നമ്മുടെ പ്രാ൪ത്ഥനകളും , സഹായ അ൪ത്ഥനകളും മരണപ്പെട്ടവ൪ കേള്‍ക്കുമെന്ന് പറയുമ്പോള്‍ സംഭവിക്കുന്ന ഗുരുതരമായ അബദ്ധത്തെ കുറിച്ച് ആളുകള്‍ ചിന്തിക്കാറില്ല. ഇതെല്ലാം മഹാത്മാവ് കേള്‍ക്കും, അറിയും എന്ന് പറയുമ്പോള്‍ അത് അല്ലാഹുവിന്റെ കഴിവാണ് മഹാത്മാവിന് വകവെച്ച് കൊടുക്കുന്നത്.കാരണം എവിടെ വെച്ച് വിളിച്ചാലും ആര് വിളിച്ചാലും ഏത് ഭാഷയില്‍ വിളിച്ചാലും എത്രപേ൪ ഒന്നിച്ച് നിന്ന് വിളിച്ചാലും അത് അറിയുന്നത് അല്ലാഹു മാത്രമാണ്.ഇവിടെ അല്ലാഹുവിന്റെ കഴിവ് മഹാത്മാവിന് വകവെച്ച് കൊടുക്കുന്നത് വഴി ശി൪ക്ക് സംഭവിക്കുന്നു.
ഇത് പറയുമ്പോള്‍ ഖബ്റ് സിയാറത്ത് തെറ്റാണെന്നോ വിരോധിക്കപ്പെട്ടതാണെന്നോ ആരും ധരിക്കേണ്ടതില്ല. ഖബ്റ് സിയാറത്ത് സുന്നത്തായ കാര്യമാണ്.അതിന് വേണ്ടി കെട്ടി ഉയ൪ത്തിയ മഖ്ബറകള്‍ വേണമെന്നില്ല.നമ്മുടെ നാട്ടിലുള്ള പള്ളികളിലെ നമ്മുടെ ബന്ധുക്കളേയും മറ്റുള്ളവരേയും അടക്കം ചെയ്തിട്ടുള്ള പൊതു ഖബ൪സ്ഥാന്‍ മതി. നബി ﷺ ഖബ്റ് സിയാറത്ത് സുന്നത്താക്കിയത് രണ്ട് കാര്യത്തിനാണ്.1)മരണചിന്ത ഉണ്ടാകുന്നതിന്. 2)മരണപ്പെട്ടവ൪ക്ക് വേണ്ടി ദുആ ചെയ്യുന്നതിന്.ഇത് രണ്ടിനും നല്ലത് നമ്മുടെ പള്ളികളിലെ പൊതു ഖബ൪സ്ഥാനാണ് . കാരണം ഇന്നലെ വരെ നമ്മോടൊപ്പം ഉണ്ടായിരുന്നവ൪ ഇന്ന് ഖബറിലാണ്, നാമും എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് എത്താവുന്നതാണ് എന്ന് ഓ൪മ്മ വരുമ്പോള്‍ മരണചിന്ത ഉണ്ടാകുന്നു. അതുപോലെ അവിടെ അടക്കം ചെയ്തിട്ടുള്ള സാധാരണക്കാ൪ക്ക് നമ്മുടെ ദുആ കൊണ്ട് പ്രയോജനവും കിട്ടും.എന്നാല്‍ കെട്ടി ഉയ൪ത്തിയ മഖ്ബറകളില്‍ പോകുന്നവ൪ക്ക് മരണചിന്ത ഉണ്ടാകന്നില്ലെന്ന് മാത്രമല്ല പോകുന്നവ൪ തന്നെ ദുനിയാവിന്റെ ആവശ്യങ്ങള്‍ക്കാണ് പോകുന്നത്. ഖബറില്‍ കിടക്കുന്ന വ്യക്തിക്ക് വേണ്ടി പ്രാ൪ത്ഥിക്കുന്നില്ലെന്ന് മാത്രമല്ല ഖബറാളിയോട് പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു.
നമ്മുടെ പ്രാ൪ത്ഥനകളും സഹായ അ൪ത്ഥനകളും മനസ്സിലെ ആവലാതികളും മരണപ്പെട്ടവ൪ കേള്‍ക്കുകയില്ലെങ്കില്‍ പിന്നെ ഇതൊക്കെ ആരോടാണ് പറയേണ്ടത്.അതേ, നമ്മെ സൃഷ്ടിച്ച് പരിപാലിച്ച് നമുക്ക് വേണ്ടതെല്ലാം തന്ന് നമ്മെ സ്നേഹിക്കുന്ന നമ്മുടെ രക്ഷിതാവായ അല്ലാഹുവിനോടാണ് നാം പറയേണ്ടത്.നമ്മുടെ മാതാവിന്റെ ഗ൪ഭാശയത്തില്‍ നമ്മെ സൃഷ്ടിച്ച് പരിപാലിച്ചത് അല്ലാഹുവാണെങ്കില്‍ ഇതില്‍ അല്ലാഹുവല്ലാത്ത മറ്റാ൪ക്കും യാതൊരു പങ്കും ഇല്ലെങ്കില്‍ , ഈ ഭീമിയിലെ നമ്മുടെ ജീവിതത്തില്‍ നമ്മെ വള൪ത്തി കൊണ്ട് വന്ന് നമുക്ക് ജീവിത സൗകര്യങ്ങളേയും ഇണകളേയും മക്കളേയും തന്നത് അല്ലാഹുവാണെങ്കില്‍ ഇതില്‍ അല്ലാഹുവല്ലാത്ത മറ്റാ൪ക്കും യാതൊരു പങ്കും ഇല്ലെങ്കില്‍ നമ്മുടെ ഈ ജിവിതത്തിലെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ആ അല്ലാഹുവിനെ മാത്രം ഇടപെടീപ്പിക്കുകയാണ് ഒരു സത്യവിശ്വാസി ചെയ്യേണ്ടത്.
വിശാലമായ ഈ ഭൂമിയുടെ അനന്തവിദൂരമായ പ്രദേശങ്ങളില്‍ നിന്ന് പരകോടി വ്യക്തികള്‍ ഒരേസമയം പരസഹസ്രം ഭാഷകളില്‍ ഉയ൪ത്തുന്ന പ്രാ൪ത്ഥനകളും സഹായ൪ത്ഥനകളും യഥാസമയങ്ങളില്‍ കേള്‍ക്കാനും ഓരോരുത്തരുടേയും ആവശ്യങ്ങളെ വെവ്വേറെ മനസ്സിലാക്കാനും അതിനെല്ലാം ഉത്തരം ചെയ്യാനും കഴിയുന്നത് അല്ലാഹുവിന് മാത്രമാണ്.ഹജ്ജിന്റെ കാര്യം മാത്രം ചിന്തിച്ചാല്‍ മതി.അറഫാ മൈതാനിയില്‍ വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്ത ഭാഷ സംസാരിക്കുന്ന 30 ലക്ഷത്തിന് മേലെ വരുന്ന ജനങ്ങള്‍ ഒരേ സമയത്ത് അല്ലാഹുവിനോട് വിവിധങ്ങളായ കാര്യങ്ങള്‍ ചോദിക്കുന്നു. ഓരോരുത്തരുടേയും ആവശ്യങ്ങളെ വെവ്വേറെ മനസ്സിലാക്കാനും അതിനെല്ലാം ഉത്തരം ചെയ്യാനും കഴിയുന്നത് അല്ലാഹുവിന് മാത്രമാണ്. അല്ലാഹു അല്ലാത്ത ഒരു ശക്തിക്കും ഇതിന് യാതൊരു കഴിവുമില്ല. ഇക്കാര്യം അല്ലാഹു നമ്മോട് ആവ൪ത്തിച്ച് പറഞ്ഞിട്ടുള്ള കാര്യമാണ്.
ﻗُﻞ ﻻَّ ﻳَﻌْﻠَﻢُ ﻣَﻦ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽِ ٱﻟْﻐَﻴْﺐَ ﺇِﻻَّ ٱﻟﻠَّﻪُ ۚ ﻭَﻣَﺎ ﻳَﺸْﻌُﺮُﻭﻥَ ﺃَﻳَّﺎﻥَ ﻳُﺒْﻌَﺜُﻮﻥَ
(നബിയേ) പറയുക:അല്ലാഹുവല്ലാതെ, ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല . (മരിച്ച് മണ്‍മറഞ്ഞ ഖബറാളികളാകട്ടെ) തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല.(ഖു൪ആന്‍ :27/65)
മേൽ വചനം ഇമാം റാസി വിശദീകരിക്കുന്നു:
اعْلَمْ أَنَّهُ تَعَالَى لَمَّا بَيَّنَ أَنَّهُ الْمُخْتَصُّ بِالْقُدْرَةِ ، فَكَذَلِكَ بَيَّنَ أَنَّهُ هُوَ الْمُخْتَصُّ بِعِلْمِ الْغَيْبِ ، وَإِذَا ثَبَتَ ذَلِكَ ثَبَتَ أَنَّهُ هُوَ الْإِلَهُ الْمَعْبُودُ
കഴിവുകളുടെ ഉടമ അല്ലാഹു മാത്രമാണെന്ന് വ്യക്തമാക്കിയതുപോലെ അദൃശ്യ ജ്ഞാനവും അവനുമാത്രമുള്ളതാണെന്ന് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. അത് സ്ഥിരപ്പെട്ടു കഴിഞ്ഞാൽ അവൻ മാത്രമാണ് ആരാധനക്ക് അർഹൻ എന്ന് സ്ഥിരപ്പെട്ടു. (തഫ്‌സീറുൽ കബീർ 24/181)
ഇമാം ഇബ്‌നു കഥീറിന്റെ വരികൾ കാണുക:
يَقُولُ تَعَالَى آمِرًا رَسُولَهُ – صَلَّى اللهُ عَلَيْهِ وَسَلَّمَ – أَنْ يَقُولَ مُعَلِّمًا لِجَمِيعِ الْخَلْقِ : أَنَّهُ لَا يَعْلَمُ أَحَدٌ مِنْ أَهْلِ السَّمَوَاتِ وَالْأَرْضِ الْغَيْبَ . وَقَوْلُهُ : (إِلَّا اللهُ ) اسْتِثْنَاءٌ مُنْقَطِعٌ ، أَيْ : لَا يَعْلَمُ أَحَدٌ ذَلِكَ إِلَّا اللهُ عَزَّ وَجَلَّ ، فَإِنَّهُ الْمُنْفَرِدُ بِذَلِكَ وَحْدَهُ ، لَا شَرِيكَ لَهُ
മുഴുവൻ സൃഷ്ടികളെയും പഠിപ്പിക്കുവാനായി ഇപ്രകാരം പറയുവാൻ അല്ലാഹു നബി ﷺ യോട് നിർദ്ദേശിക്കുന്നു. നിശ്ചയം ആകാശ ഭൂമികളിലുള്ള ആരും തന്നെ അദൃശ്യം അറിയുകയില്ല. അല്ലാഹു അല്ലാതെ. അഥവാ അല്ലാഹു അല്ലാതെ ആരും തന്നെ അത്(അദൃശ്യം) അറിയുകയില്ല. അത് അവനു മാത്രമുള്ളതാകുന്നു. അവനൊരു പങ്കുകാരുമില്ല. (ഇബ്‌നു കസീർ: 6/207)
അതേ, ആകാശങ്ങളിലും ഭൂമിയിലും ഉള്ള അദൃശ്യകാര്യം അറിയുന്നത് അല്ലാഹു മാത്രമാണെന്നതിനാല്‍ നമ്മുടെ പ്രാ൪ത്ഥനകള്‍ അല്ലാഹുവിനോട് മാത്രമാകട്ടേ.
…ٱﻟﻠَّﻪُ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ٱﻟْﺤَﻰُّ ٱﻟْﻘَﻴُّﻮﻡُ ۚ ﻻَ ﺗَﺄْﺧُﺬُﻩُۥ ﺳِﻨَﺔٌ ﻭَﻻَ ﻧَﻮْﻡٌ ۚ
അല്ലാഹു – അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല…….(ഖു൪ആന്‍:2/255)
…… ﻭَﺗَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟْﺤَﻰِّ ٱﻟَّﺬِﻯ ﻻَ ﻳَﻤُﻮﺕُ
ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക……(ഖു൪ആന്‍:25/58)
ﻫُﻮَ ٱﻟْﺤَﻰُّ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّ ﻫُﻮَ ﻓَﭑﺩْﻋُﻮﻩُ ﻣُﺨْﻠِﺼِﻴﻦَ ﻟَﻪُ ٱﻟﺪِّﻳﻦَ ۗ ٱﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﺭَﺏِّ ٱﻟْﻌَٰﻠَﻤِﻴﻦَ
അവനാകുന്നു എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കി കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് സ്തുതി.(ഖു൪ആന്‍:40/65)
ഔലിയാക്കന്‍മാ൪ ജീവിച്ചിരുന്നപ്പോള്‍ ഉറങ്ങുന്നവരായിരുന്നു.ഉറങ്ങിയ സന്ദ൪ഭത്തില്‍ പോലും തങ്ങള്‍ക്ക് ചുറ്റും സംഭവിച്ചത് അവ൪ അറിഞ്ഞിരുന്നില്ല. മരണശേഷവും അങ്ങനെ തന്നെ.എന്നാല്‍ അല്ലാഹുവിന് മയക്കമോ ഉറക്കമോ ബാധിക്കുകയില്ല.അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവനും ഒരിക്കലും മരിക്കാത്തവനുമാണ്.അതുകൊണ്ട് നമ്മുടെ സകല കാര്യങ്ങളും അല്ലാഹുവില്‍ മാത്രം ഭരമേല്‍പ്പിക്കേണ്ടതാണ്.
ﻭَﻟَﻘَﺪْ ﺧَﻠَﻘْﻨَﺎ ٱﻹِْﻧﺴَٰﻦَ ﻭَﻧَﻌْﻠَﻢُ ﻣَﺎ ﺗُﻮَﺳْﻮِﺱُ ﺑِﻪِۦ ﻧَﻔْﺴُﻪُۥ ۖ ﻭَﻧَﺤْﻦُ ﺃَﻗْﺮَﺏُ ﺇِﻟَﻴْﻪِ ﻣِﻦْ ﺣَﺒْﻞِ ٱﻟْﻮَﺭِﻳﺪِ
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡി യെക്കാള്‍ അവനോട് അടുത്തവനും ആകുന്നു.(ഖു൪ആന്‍ :50/16)
നമ്മുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് പൊലും അല്ലാഹു അറിയുന്നെങ്കില്‍ അല്ല അവന്‍ മാത്രമാണ് അറിയുന്നതെങ്കില്‍ നമ്മുടെ പ്രാ൪ത്ഥനകള്‍ അല്ലാഹുവിനോട് മാത്രമാകട്ടേ.
ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ
നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (ഖു൪ആന്‍ :2/186)
അല്ലാഹു നമ്മുടെ സമീപസ്ഥനാണെന്നും അല്ലാഹുവിനോട് വിളിച്ച് പ്രാ൪ഥിച്ചാല്‍ അവന്‍ ഉത്തരം നല്‍കുമെന്നും പറഞ്ഞിട്ടുള്ളതിനാല്‍ നമ്മുടെ പ്രാ൪ത്ഥനകള്‍ അല്ലാഹുവിനോട് മാത്രമാകട്ടേ.
അതേ, ആകാശങ്ങളിലും ഭൂമിയിലുമുള്ള അദൃശ്യകാര്യം അല്ലാഹു മാത്രമാണ് അറിയുന്നതെങ്കില്‍ മനുഷ്യന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് അല്ലാഹു മാത്രമാണ് അറിയുന്നതെങ്കില്‍ അല്ലാഹു നമ്മുടെ സമീപസ്ഥനാണെങ്കില്‍ മരണപ്പെട്ടവ൪ യാതൊന്നും കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നില്ലെങ്കില്‍ നമ്മുടെ പ്രാ൪ത്ഥനകള്‍ അല്ലാഹുവിനോട് മാത്രമാകട്ടെ.
kanzululoom.com