എന്തുകൊണ്ട് പ്രവാചകനായി മലക്ക് അയക്കപ്പെട്ടില്ല?

إِذْ جَآءَتْهُمُ ٱلرُّسُلُ مِنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۖ قَالُوا۟ لَوْ شَآءَ رَبُّنَا لَأَنزَلَ مَلَٰٓئِكَةً فَإِنَّا بِمَآ أُرْسِلْتُم بِهِۦ كَٰفِرُونَ‍

അവരുടെ മുന്നിലൂടെയും, പിന്നിലൂടെയും ചെന്ന്‌, അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവരുടെ അടുത്ത് ദൈവദൂതന്‍മാര്‍ ചെന്ന സമയത്ത് അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസമില്ലാത്തവരാകുന്നു. (ഖു൪ആന്‍:41/14)

فَقَالَ ٱلْمَلَؤُا۟ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦ مَا هَٰذَآ إِلَّا بَشَرٌ مِّثْلُكُمْ يُرِيدُ أَن يَتَفَضَّلَ عَلَيْكُمْ وَلَوْ شَآءَ ٱللَّهُ لَأَنزَلَ مَلَٰٓئِكَةً مَّا سَمِعْنَا بِهَٰذَا فِىٓ ءَابَآئِنَا ٱلْأَوَّلِينَ

അപ്പോള്‍ അദ്ദേഹത്തിന്‍റെ (നൂഹ് നബി عليه السلام യുടെ) ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളേക്കാളുപരിയായി അവന്‍ മഹത്വം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ (ദൂതന്‍മാരായി) മലക്കുകളെ തന്നെ ഇറക്കുമായിരുന്നു. ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്കിടയില്‍ ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടില്ല. (ഖു൪ആന്‍:23/24)

وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰٓ إِلَّآ أَن قَالُوٓا۟ أَبَعَثَ ٱللَّهُ بَشَرًا رَّسُولًا

ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു. (ഖു൪ആന്‍:17/94)

അല്ലാഹു അയക്കുന്ന റസൂലുകള്‍ മലക്കുകളായിരിക്കേണ്ടതല്ലേ? എന്തുകൊണ്ട് മനുഷ്യനെ റസൂലായി അയക്കുന്നു? ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ ഞങ്ങള്‍ എങ്ങിനെ പിന്‍പറ്റും? എന്നൊക്കെ പൂര്‍വ്വകാലം മുതല്‍ക്കേ അവിശ്വാസികള്‍ വാദിച്ചുവന്നിരുന്നു. അതുപോലെ മക്കാ മുശ്രിക്കുകളും പറഞ്ഞുവന്നു. റസൂല്‍ ﷺ  തിരുമേനിയില്‍ വിശ്വസിക്കാത്തതിന് അതവര്‍ ഒരു ന്യായമായി എടുത്തുകാണിക്കുകയും ചെയ്തു. (അമാനി തഫ്സീര്‍)

ഈ വാദത്തിനുള്ള അല്ലാഹുവിന്റെ മറുപടി:

قُل لَّوْ كَانَ فِى ٱلْأَرْضِ مَلَٰٓئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكًا رَّسُولًا

(നബിയേ,) പറയുക: ഭൂമിയിലുള്ളത് ശാന്തരായി നടന്ന് പോകുന്ന മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് ആകാശത്ത് നിന്ന് ഒരു മലക്കിനെ നാം ദൂതനായി ഇറക്കുമായിരുന്നു. (ഖു൪ആന്‍:17/95)

ഭൂമിയില്‍ സമാധാനപൂര്‍വ്വം അടങ്ങി ഒതുങ്ങിക്കഴിയുകയും മനുഷ്യരെപ്പോലെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന കുറെ മലക്കുകള്‍ ഉണ്ടായിരുന്നുവെങ്കില്‍, ആകാശത്തുനിന്ന് ഒരു മലക്കിനെ അവര്‍ക്ക് റസൂലായി അയക്കുമായിരുന്നു. പക്ഷേ, ഭൂമിയില്‍ അങ്ങിനെയുള്ള മലക്കുകള്‍ ഇല്ലല്ലോ. ഒരു കൂട്ടരിലേക്ക് റസൂലായി നിയോഗിക്കപ്പെടുന്ന ആള്‍ അവരുമായി ഇടപഴകുവാന്‍ പറ്റിയവരായിരിക്കേണ്ടതുണ്ട്. എന്നിരിക്കെ, ആത്മീയ ജീവികളും മനുഷ്യപ്രകൃതിയില്‍ നിന്നു വ്യത്യസ്തരുമായ മലക്കുകളെ മനുഷ്യരിലേക്ക് റസൂലായി അയച്ചിട്ട് എന്തുകാര്യം? (അമാനി തഫ്സീര്‍)

മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെങ്കില്‍ മുഹമ്മദിന് ഒരു സഹായകനും, സാക്ഷിയുമെന്ന നിലക്ക് എന്തുകൊണ്ട് ഒരു മലക്കിനെ തന്‍റെ ഒപ്പം ഇറക്കിക്കൊടുക്കപ്പെടുന്നില്ല എന്ന് മുശ്‌രിക്കുകള്‍ പറയാറുണ്ടായിരുന്നു.

وَقَالُوا۟ مَالِ هَٰذَا ٱلرَّسُولِ يَأْكُلُ ٱلطَّعَامَ وَيَمْشِى فِى ٱلْأَسْوَاقِ ۙ لَوْلَآ أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُۥ نَذِيرًا ‎

അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല? (ഖു൪ആന്‍:25/7)

നബി ﷺ യോടൊപ്പം ഒരു മലക്കിനെ അയച്ച് അദ്ദേഹം പറയുന്നത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൂടാ എന്ന വിമര്‍ശനത്തിനുള്ള അല്ലാഹുവിന്റെ മറുപടി:

وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ مَلَكٌ ۖ وَلَوْ أَنزَلْنَا مَلَكًا لَّقُضِىَ ٱلْأَمْرُ ثُمَّ لَا يُنظَرُونَ

ഇയാളുടെ (നബി (സ) യുടെ) മേല്‍ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്താണ് എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല. (ഖു൪ആന്‍:6/8)

മലക്കിനെ ഇറക്കുന്ന പക്ഷം അതോടെ കാര്യവും അവസാനിക്കുന്നതാണ്‌. പ്രവാചകന്മാരും തെളിവുകളും മുഖാന്തരം സത്യാസത്യങ്ങള്‍ വിവേചിച്ചു സ്വീകരിക്കുന്ന സമ്പ്രദായം മലക്കുകളുടെ വരവോടെ അവസാനിക്കും. മലക്കുകള്‍ വന്നു കഴിഞ്ഞാല്‍ പിന്നെയുണ്ടാകുന്നതു ഈ മുശ്‌രിക്കുകളുടെ നാശമായിരിക്കും. (അമാനി തഫ്സീര്‍)

لَّوْ مَا تَأْتِينَا بِٱلْمَلَٰٓئِكَةِ إِن كُنتَ مِنَ ٱلصَّٰدِقِينَ ‎﴿٧﴾‏ مَا نُنَزِّلُ ٱلْمَلَٰٓئِكَةَ إِلَّا بِٱلْحَقِّ وَمَا كَانُوٓا۟ إِذًا مُّنظَرِينَ ‎﴿٨﴾

നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ നീ ഞങ്ങളുടെ അടുക്കല്‍ മലക്കുകളെ കൊണ്ട് വരാത്തതെന്ത്‌? എന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്‌) സാവകാശം നല്‍കപ്പെടുന്നതുമല്ല. (ഖു൪ആന്‍:15/7-8)

ഇനി ഒരു മലക്കിനെതന്നെ റസൂലായി അയച്ചാലോ?

وَلَوْ جَعَلْنَٰهُ مَلَكًا لَّجَعَلْنَٰهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ

ഇനി നാം ഒരു മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍ തന്നെ ആ മലക്കിനെയും നാം പുരുഷരൂപത്തിലാക്കുമായിരുന്നു. അങ്ങനെ (ഇന്ന്‌) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്‌. (ഖു൪ആന്‍:6/9)

എനി, ഒരു മലക്കിനെത്തന്നെ നിയോഗിച്ചയച്ചുവെന്നു വെക്കുക. അപ്പോഴും സംശയം ബാക്കിയാകുക തന്നെ ചെയ്യും. കാരണം, ആ മലക്കു മലക്കിന്റെ സ്വഭാവ പ്രകൃതിയോടു കൂടിയായിരിക്കുന്നപക്ഷം ഇവര്‍ക്കു മലക്കുമായി ബന്ധപ്പെടുവാനും സമ്പര്‍ക്കം പുലര്‍ത്തുവാനും സാധ്യമല്ല. മലക്കുകള്‍ ആത്മീയ ജീവികളാണല്ലോ. അതുകൊണ്ടു മലക്കിനെ അയച്ചാലും അദ്ദേഹത്തെ മനുഷ്യപ്രകൃതിയിലും മനുഷ്യസ്വഭാവത്തിലുമാക്കിക്കൊണ്ടു തന്നെ അയക്കേണ്ടി വരും. അപ്പോഴും എന്തുകൊണ്ടു മലക്കിനെ അയക്കുന്നില്ലെന്നു ചോദിക്കാമല്ലോ. (അമാനി തഫ്സീര്‍)

وَقَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا لَوْلَآ أُنزِلَ عَلَيْنَا ٱلْمَلَٰٓئِكَةُ أَوْ نَرَىٰ رَبَّنَا ۗ لَقَدِ ٱسْتَكْبَرُوا۟ فِىٓ أَنفُسِهِمْ وَعَتَوْ عُتُوًّا كَبِيرًا ‎﴿٢١﴾‏ يَوْمَ يَرَوْنَ ٱلْمَلَٰٓئِكَةَ لَا بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًا مَّحْجُورًا ‎﴿٢٢﴾

നമ്മെ കണ്ടുമുട്ടാന്‍ ആശിക്കാത്തവര്‍ പറഞ്ഞു: നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടുകയോ, നമ്മുടെ രക്ഷിതാവിനെ നാം (നേരില്‍) കാണുകയോ ചെയ്യാത്തതെന്താണ്‌? തീര്‍ച്ചയായും അവര്‍ സ്വയം ഗര്‍വ്വ് നടിക്കുകയും, വലിയ ധിക്കാരം കാണിക്കുകയും ചെയ്തിരിക്കുന്നു. മലക്കുകളെ അവര്‍ കാണുന്ന ദിവസം(ശ്രദ്ധേയമാകുന്നു.) അന്നേ ദിവസം കുറ്റവാളികള്‍ക്ക് യാതൊരു സന്തോഷവാര്‍ത്തയുമില്ല. കര്‍ക്കശമായ വിലക്ക് കല്‍പിക്കപ്പെട്ടിരിക്കുകയാണ് എന്നായിരിക്കും അവര്‍ (മലക്കുകള്‍) പറയുക.(ഖു൪ആന്‍:25/21-22)

മലക്കുകളെ അവര്‍ ശരിക്ക് കാണുന്ന ഒരു ദിവസമുണ്ട്. അത് വന്നു കഴിഞ്ഞാല്‍ ഇവരുടെ ഈ ധിക്കാരവും, പരിഹാസവുമെല്ലാം അപ്രത്യക്ഷമാകും. ശാപകോപങ്ങളുടെ വാര്‍ത്തകളും, ശിക്ഷാവകുപ്പുകളുടെ അനുഭവങ്ങളുമല്ലാതെ – സന്തോഷത്തിന്റെയും അനുമോദനത്തിന്റെയും കണികപോലും – അവര്‍ക്ക് മലക്കുകളില്‍ നിന്നോ മറ്റോ ലഭിക്കുവാനുണ്ടായിരിക്കയില്ല. ഇതവര്‍ ഓര്‍ത്തിരിക്കട്ടെ. (അമാനി തഫ്സീര്‍)

هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَٰٓئِكَةُ أَوْ يَأْتِىَ رَبُّكَ أَوْ يَأْتِىَ بَعْضُ ءَايَٰتِ رَبِّكَ ۗ يَوْمَ يَأْتِى بَعْضُ ءَايَٰتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَٰنُهَا لَمْ تَكُنْ ءَامَنَتْ مِن قَبْلُ أَوْ كَسَبَتْ فِىٓ إِيمَٰنِهَا خَيْرًا ۗ قُلِ ٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ

തങ്ങളുടെ അടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്‍റെ രക്ഷിതാവ് തന്നെ വരുന്നതോ, നിന്‍റെ രക്ഷിതാവിന്‍റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്നതോ അല്ലാതെ മറ്റെന്താണവര്‍ കാത്തിരിക്കുന്നത്‌? നിന്‍റെ രക്ഷിതാവിന്‍റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നന്‍മയും ചെയ്ത് വെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്‍റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല.പറയുക: നിങ്ങള്‍ കാത്തിരിക്കൂ; ഞങ്ങളും കാത്തിരിക്കുകയാണ്‌. (ഖു൪ആന്‍:6/158)

وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلَٰٓئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَىْءٍ قُبُلًا مَّا كَانُوا۟ لِيُؤْمِنُوٓا۟ إِلَّآ أَن يَشَآءَ ٱللَّهُ وَلَٰكِنَّ أَكْثَرَهُمْ يَجْهَلُونَ

നാം അവരിലേക്ക് മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട് സംസാരിക്കുകയും, സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട് പറയുകയാകുന്നു. (ഖു൪ആന്‍:6/111)

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *