മനുഷ്യജീവിതത്തിന്റെ അനിവാര്യമായ അവസാന ഘട്ടമാണ് മരണം; അതോടൊപ്പം, ശാശ്വതമായ മറ്റൊരു ലോകത്തിലേക്കുള്ള പ്രവേശനവുമാണത്. ഇഹലോകത്തെ താൽക്കാലികമായ സൗകര്യങ്ങൾക്കും ആസക്തികൾക്കും അപ്പുറം, തന്റെ സ്രഷ്ടാവുമായുള്ള കണ്ടുമുട്ടലിലേക്ക് മനുഷ്യൻ നീങ്ങുന്ന നിർണ്ണായക ഘട്ടത്തെ ഇസ്ലാം കൃത്യവും വ്യക്തവുമായ അധ്യാപനങ്ങളിലൂടെ വരച്ചുകാട്ടുന്നുണ്ട്.
عَنْ عُبَادَةَ بْنِ الصَّامِتِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” مَنْ أَحَبَّ لِقَاءَ اللَّهِ أَحَبَّ اللَّهُ لِقَاءَهُ، وَمَنْ كَرِهَ لِقَاءَ اللَّهِ كَرِهَ اللَّهُ لِقَاءَهُ ”. قَالَتْ عَائِشَةُ أَوْ بَعْضُ أَزْوَاجِهِ إِنَّا لَنَكْرَهُ الْمَوْتَ. قَالَ ” لَيْسَ ذَاكَ، وَلَكِنَّ الْمُؤْمِنَ إِذَا حَضَرَهُ الْمَوْتُ بُشِّرَ بِرِضْوَانِ اللَّهِ وَكَرَامَتِهِ، فَلَيْسَ شَىْءٌ أَحَبَّ إِلَيْهِ مِمَّا أَمَامَهُ، فَأَحَبَّ لِقَاءَ اللَّهِ وَأَحَبَّ اللَّهُ لِقَاءَهُ، وَإِنَّ الْكَافِرَ إِذَا حُضِرَ بُشِّرَ بِعَذَابِ اللَّهِ وَعُقُوبَتِهِ، فَلَيْسَ شَىْءٌ أَكْرَهَ إِلَيْهِ مِمَّا أَمَامَهُ، كَرِهَ لِقَاءَ اللَّهِ وَكَرِهَ اللَّهُ لِقَاءَهُ ” .
ഉബാദത്ത് ബ്നു സ്വാമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനെ ഇഷ്ടപ്പെടുന്നുവെങ്കിൽ, അല്ലാഹുവും അവനുമായുള്ള കണ്ടുമുട്ടലിനെ ഇഷ്ടപ്പെടുന്നു. ആരെങ്കിലും അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനെ വെറുക്കുന്നുവെങ്കിൽ, അല്ലാഹുവും അവനുമായുള്ള കണ്ടുമുട്ടലിനെ വെറുക്കുന്നു.’
അപ്പോൾ ആയിശ رضي الله عنها – അല്ലെങ്കിൽ അവിടുത്തെ ഭാര്യമാരിൽ ചിലർ – ചോദിച്ചു: ‘നമ്മളെല്ലാവരും മരണത്തെ വെറുക്കുന്നവരല്ലേ?’ അവിടുന്ന് പറഞ്ഞു: ‘അതല്ല (ഞാൻ ഉദ്ദേശിച്ചത്). മറിച്ച്, ഒരു സത്യവിശ്വാസിക്ക് മരണം ആസന്നമാകുമ്പോൾ അല്ലാഹുവിന്റെ തൃപ്തിയെക്കുറിച്ചും ആദരവിനെക്കുറിച്ചും അവന് സന്തോഷവാർത്ത നൽകപ്പെടും. അപ്പോൾ തന്റെ മുമ്പിലുള്ളതിനേക്കാൾ പ്രിയപ്പെട്ടതായ മറ്റൊന്നും അവനുണ്ടായിരിക്കുകയില്ല; അങ്ങനെ അവൻ അല്ലാഹുവെ കണ്ടുമുട്ടാൻ ഇഷ്ടപ്പെടുന്നു, അല്ലാഹുവും അവനെ കണ്ടുമുട്ടാൻ ഇഷ്ടപ്പെടുന്നു. എന്നാൽ, ഒരു സത്യനിഷേധിക്ക് മരണം ആസന്നമാകുമ്പോൾ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചും കഠിനമായ പിടികൂടലിനെക്കുറിച്ചുമുള്ള അറിയിപ്പാണ് അവന് ലഭിക്കുക. അപ്പോൾ തന്റെ മുമ്പിലുള്ളതിനേക്കാൾ വെറുക്കപ്പെട്ടതായ മറ്റൊന്നും അവനുണ്ടായിരിക്കുകയില്ല; അങ്ങനെ അവൻ അല്ലാഹുവെ കണ്ടുമുട്ടാൻ വെറുക്കുന്നു, അല്ലാഹുവും അവനെ കണ്ടുമുട്ടാൻ വെറുക്കുന്നു.’ (ബുഖാരി:6507)
عَنْ شُرَيْحِ، بْنِ هَانِئٍ عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ أَحَبَّ لِقَاءَ اللَّهِ أَحَبَّ اللَّهُ لِقَاءَهُ وَمَنْ كَرِهَ لِقَاءَ اللَّهِ كَرِهَ اللَّهُ لِقَاءَهُ ” . قَالَ فَأَتَيْتُ عَائِشَةَ فَقُلْتُ يَا أُمَّ الْمُؤْمِنِينَ سَمِعْتُ أَبَا هُرَيْرَةَ يَذْكُرُ عَنْ رَسُولِ اللَّهِ صلى الله عليه وسلم حَدِيثًا إِنْ كَانَ كَذَلِكَ فَقَدْ هَلَكْنَا . فَقَالَتْ إِنَّ الْهَالِكَ مَنْ هَلَكَ بِقَوْلِ رَسُولِ اللَّهِ صلى الله عليه وسلم وَمَا ذَاكَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ أَحَبَّ لِقَاءَ اللَّهِ أَحَبَّ اللَّهُ لِقَاءَهُ وَمَنْ كَرِهَ لِقَاءَ اللَّهِ كَرِهَ اللَّهُ لِقَاءَهُ ” . وَلَيْسَ مِنَّا أَحَدٌ إِلاَّ وَهُوَ يَكْرَهُ الْمَوْتَ . فَقَالَتْ قَدْ قَالَهُ رَسُولُ اللَّهِ صلى الله عليه وسلم وَلَيْسَ بِالَّذِي تَذْهَبُ إِلَيْهِ وَلَكِنْ إِذَا شَخَصَ الْبَصَرُ وَحَشْرَجَ الصَّدْرُ وَاقْشَعَرَّ الْجِلْدُ وَتَشَنَّجَتِ الأَصَابِعُ فَعِنْدَ ذَلِكَ مَنْ أَحَبَّ لِقَاءَ اللَّهِ أَحَبَّ اللَّهُ لِقَاءَهُ وَمَنْ كَرِهَ لِقَاءَ اللَّهِ كَرِهَ اللَّهُ لِقَاءَهُ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആര് അല്ലാഹുവിനെ കണ്ടുമുട്ടാൻ ഇഷ്ടപ്പെടുന്നുവോ, അവനെ കണ്ടുമുട്ടാൻ അല്ലാഹുവും ഇഷ്ടപ്പെടും. ആര് അല്ലാഹുവിനെ കണ്ടുമുട്ടാൻ വെറുക്കുന്നുവോ, അവനെ കണ്ടുമുട്ടാൻ അല്ലാഹുവും വെറുക്കും.
(നിവേദകനായ ശുറൈഹ് ബിൻ ഹാനിഅ് പറയുന്നു): അങ്ങനെ ഞാൻ ആഇശ رضي الله عنها യുടെ അടുക്കൽ ചെന്ന് ചോദിച്ചു: “സത്യവിശ്വാസികളുടെ മാതാവേ, അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞതായി ഒരു ഹദീസ് അബൂഹുറൈറ ഉദ്ധരിക്കുന്നത് ഞാൻ കേട്ടു; അത് അങ്ങനെയാണെങ്കിൽ നമ്മൾ നശിച്ചുപോയി!”
അപ്പോൾ അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ യുടെ വചനത്താൽ നശിക്കുന്നവനാണ് യഥാർത്ഥത്തിൽ നശിക്കുന്നവൻ. എന്താണത്?”
ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: ‘ആര് അല്ലാഹുവിനെ കണ്ടുമുട്ടാൻ ഇഷ്ടപ്പെടുന്നുവോ, അവനെ കണ്ടുമുട്ടാൻ അല്ലാഹുവും ഇഷ്ടപ്പെടും. ആര് അല്ലാഹുവിനെ കണ്ടുമുട്ടാൻ വെറുക്കുന്നുവോ, അവനെ കണ്ടുമുട്ടാൻ അല്ലാഹുവും വെറുക്കും.’ നമ്മളിൽ ആരും തന്നെ മരണത്തെ വെറുക്കാത്തവരായില്ലല്ലോ.”
അപ്പോൾ അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂൽ ﷺ അത് പറഞ്ഞിട്ടുണ്ട്; പക്ഷേ, നിങ്ങൾ ഉദ്ദേശിക്കുന്ന അർത്ഥത്തിലല്ല അത്. മറിച്ച്, കണ്ണുകൾ മുകളിലേക്ക് തുറിച്ചുനിൽക്കുകയും, നെഞ്ചിൽ നിന്ന് ശ്വാസം തടസ്സപ്പെടുന്ന ശബ്ദമുണ്ടാവുകയും, ശരീരചർമ്മം രോമാഞ്ചമണിയുകയും, വിരലുകൾ കോച്ചിപ്പിടിക്കുകയും ചെയ്യുന്ന ആ ഘട്ടത്തിൽ, അപ്പോഴാണ്, ആര് അല്ലാഹുവിനെ കണ്ടുമുട്ടാൻ ഇഷ്ടപ്പെടുന്നുവോ അവനെ കണ്ടുമുട്ടാൻ അല്ലാഹുവും ഇഷ്ടപ്പെടുന്നതും, ആര് അല്ലാഹുവിനെ കണ്ടുമുട്ടാൻ വെറുക്കുന്നുവോ അവനെ കണ്ടുമുട്ടാൻ അല്ലാഹുവും വെറുക്കുന്നതും. (മുസ്ലിം:2685)
‘കണ്ടുമുട്ടൽ’ (اللقاء) എന്ന പദത്തിന്റെ ഭാഷാപരവും ആശയപരവുമായ വ്യാപ്തിയെ ഖത്വാബി رحمه الله കൃത്യമായി വേർതിരിച്ചു കാണിക്കുന്നുണ്ട്. സന്ദർഭത്തിനനുസരിച്ച് വിവിധ അർത്ഥങ്ങളിൽ ഈ പദം പ്രയോഗിക്കപ്പെടാം:
قال الخطابي رحمه الله: اللقاء يقع على أوجه : منها المعاينة ومنها البعث كقوله تعالى (ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ) ومنها الموت كقوله ( مَن كَانَ يَرْجُوا۟ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَـَٔاتٍ ) وقوله (قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَٰقِيكُمْ).
ഖത്വാബി رحمه الله പറയുന്നു: ‘കണ്ടുമുട്ടൽ’ വിവിധ അർത്ഥങ്ങളിൽ പ്രയോഗിക്കപ്പെടാം. അവയിൽ പെട്ടതാണ്: നേരിട്ടുള്ള ദർശനം (المعاينة); അവയിൽ പെട്ടതാണ്: പുനരുത്ഥാനം (البعث) അല്ലാഹുവിന്റെ വചനത്തിലുള്ളതുപോലെ: {അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനെ നിഷേധിച്ചവർ .. (6/31)}; അവയിൽ പെട്ടതാണ്: മരണം, അല്ലാഹുവിന്റെ വചനത്തിലുള്ളതുപോലെ: {വല്ലവനും അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിശ്ചയിച്ച അവധി വരിക തന്നെ ചെയ്യും. (29/5)}, കൂടാതെ അവന്റെ മറ്റൊരു വചനവും: {(നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ് 62/8}
മരണമെന്നത് അല്ലാഹുവുമായുള്ള കണ്ടുമുട്ടലിലേക്കുള്ള മാധ്യമവും കവാടവുമാണ്.
قال الإمام أبو عبيد القاسم بن سلام رحمه الله: ليس ( أي المقصود بالحديث ) كراهة الموت وشدته لأن هذا لا يكاد يخلو عنه أحد ولكن المذموم من ذلك إيثار الدنيا والركون إليها وكراهية أن يصير إلى الله والدار الآخرة . قال : ومما يبين ذلك أن الله تعالى عاب قوما بحب الحياة فقال {إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّوا۟ بِهَا}
ഇമാം അബൂ ഉബൈദ് അൽ ഖാസിം ബ്നു സലാം رحمه الله പറയുന്നു: മരണത്തെയും അതിന്റെ കാഠിന്യത്തെയും വെറുക്കുക എന്നതല്ല (ഈ ഹദീസുകൊണ്ട് ഉദ്ദേശിക്കുന്നത്). കാരണം, അതിൽ നിന്ന് ആരും തന്നെ മുക്തരല്ല. മറിച്ച്, ഇതിൽ ആക്ഷേപാർഹമായത് ഇഹലോകത്തിന് മുൻഗണന നൽകുകയും അതിൽ ലയിച്ചു ചേരുകയും, അല്ലാഹുവിലേക്കും പരലോക ഭവനത്തിലേക്കും മടങ്ങുന്നതിനെ വെറുക്കുകയും ചെയ്യുക എന്നതാണ്. അദ്ദേഹം തുടരുന്നു: ജീവിതത്തോടുള്ള അമിതമായ പ്രേമത്തിന്റെ പേരിൽ അല്ലാഹു ഒരു വിഭാഗത്തെ ആക്ഷേപിച്ചിട്ടുണ്ട് എന്നത് ഇതിനെ വ്യക്തമാക്കുന്നു; അല്ലാഹു പറഞ്ഞു: {നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്തവരും (10/7)}
قال النووي رحمه الله: معنى الحديث أن المحبة والكراهة التي تعتبر شرعا هي التي تقع عند النزع في الحالة التي لا تقبل فيها التوبة حيث يكشف الحال للمحتضر ويظهر له ما هو صائر إليه .
ഇമാം നവവി رحمه الله പറയുന്നു: “പശ്ചാത്താപം സ്വീകരിക്കപ്പെടാത്ത അവസ്ഥയിലുള്ള, മരണവെപ്രാളത്തിന്റെ സമയത്തുണ്ടാകുന്ന ഇഷ്ടത്തെയും വെറുപ്പിനെയുമാണ് മതപരമായി ഈ ഹദീസിൽ പരിഗണിക്കുന്നത്. ആ സമയത്ത് മരണാസന്നനായ വ്യക്തിക്ക് യാഥാർത്ഥ്യം വെളിപ്പെടുകയും താൻ ചെന്നുചേരാൻ പോകുന്ന അവസ്ഥ അവന് വ്യക്തമാവുകയും ചെയ്യും.”
ആരോഗ്യമുള്ള അവസ്ഥയിൽ മരണത്തെ വെറുക്കുന്നതിൽ ചില വിശദാംശങ്ങളുണ്ട്; മരണാനന്തരമുള്ള പരലോക സുഖങ്ങളേക്കാൾ ഇഹലോക ജീവിതത്തിന് മുൻഗണന നൽകിക്കൊണ്ട് ആരെങ്കിലും മരണത്തെ വെറുക്കുന്നുവെങ്കിൽ അത് ആക്ഷേപാർഹമാണ്. എന്നാൽ, താൻ ചെയ്തുപോയ വീഴ്ചകൾ കാരണം ശിക്ഷിക്കപ്പെടുമോ എന്ന ഭയത്താലാണ് ഒരാൾ മരണത്തെ വെറുക്കുന്നതെങ്കിൽ – അതായത്, ബാധ്യതകളിൽ നിന്ന് മുക്തനാവുകയും അല്ലാഹുവിന്റെ കൽപ്പനകൾ യഥാവിധി നിർവഹിക്കുകയും ചെയ്തുകൊണ്ട് മരണത്തിനായി തയ്യാറെടുക്കാൻ കഴിയാത്തവിധം കർമ്മങ്ങളിൽ വീഴ്ച വരുത്തിയവനായതുകൊണ്ടാണെങ്കിൽ – അവൻ ഒഴിവുകഴിവുള്ളവനാണ്. എങ്കിലും, അത്തരമൊരു അവസ്ഥയുള്ളവർ എത്രയും വേഗം അതിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്; അങ്ങനെ മരണം ആസന്നമാകുമ്പോൾ അതിനെ വെറുക്കുന്നതിന് പകരം, അതിന് ശേഷം അല്ലാഹുവെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ മരണത്തെ ഇഷ്ടപ്പെടാൻ അവർക്ക് സാധിക്കും.
അവസാനമായി, മരണം എന്നത് കേവലം ഒരു അന്ത്യമല്ല; മറിച്ച്, സ്രഷ്ടാവുമായുള്ള കണ്ടുമുട്ടലിലേക്കുള്ള കവാടമാണ്. മരണവേദനയോടുള്ള സ്വാഭാവികമായ ഭയവും, ഇഹലോക മോഹത്താൽ പരലോകത്തെ വിസ്മരിക്കുന്നതും രണ്ടും രണ്ടാണെന്ന് പ്രമാണങ്ങളും പണ്ഡിതന്മാരും വ്യക്തമാക്കുന്നു. അന്ത്യനിമിഷങ്ങളിൽ സത്യവിശ്വാസിക്ക് ലഭിക്കുന്ന സന്തോഷവാർത്തകളും, അവിശ്വാസിക്കുണ്ടാകുന്ന നടുക്കവും മനുഷ്യനെ ഇഹലോകത്ത് തന്നെ ചിന്തിപ്പിക്കാനും കർമ്മങ്ങൾ നന്നാക്കാനും പ്രേരിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ, ചെയ്തുപോയ വീഴ്ചകളെ ഓർത്ത് മരണത്തെ ഭയപ്പെടുന്ന അവസ്ഥയിൽ നിന്ന് മാറി, അല്ലാഹുവിന്റെ തൃപ്തിയും പ്രതീക്ഷയും കൈമുതലാക്കി ആ കണ്ടുമുട്ടലിനെ സന്തോഷത്തോടെ വരവേൽക്കാൻ പാകത്തിൽ ഓരോ വിശ്വാസിയും തന്റെ ജീവിതത്തെയും കർമ്മങ്ങളെയും ക്രമീകരിക്കേണ്ടതുണ്ട്.
www.kanzululoom.com