ഗുണപാഠങ്ങൾ

عِبْرَة എന്ന പദം വിശുദ്ധ ഖുര്‍ആനിൽ 6 തവണ പരാമര്‍ശിച്ചിട്ടുണ്ട്. പാഠം, ഗുണപാഠം, ചിന്താവിഷയം എന്നൊക്കെയാണ് ഇതിന്റെ അര്‍ത്ഥം. ഈ ആയത്തുകളിലൊക്കെ സത്യവിശ്വാസികൾക്ക് പാഠമുണ്ട്.

അല്ലാഹുവിന്റെ സഹായം

قَدْ كَانَ لَكُمْ ءَايَةٌ فِى فِئَتَيْنِ ٱلْتَقَتَا ۖ فِئَةٌ تُقَٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌ يَرَوْنَهُم مِّثْلَيْهِمْ رَأْىَ ٱلْعَيْنِ ۚ وَٱللَّهُ يُؤَيِّدُ بِنَصْرِهِۦ مَن يَشَآءُ ۗ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَٰرِ

(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്‌) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്‌. (ഖു൪ആന്‍:3/13)

യാതൊരു മുന്നൊരുക്കവും കൂടാതെ, അക്കാലത്ത് അറബികള്‍ പതിവായി ഉപയോഗിക്കാറുണ്ടായിരുന്ന വാളുകള്‍ മാത്രം ധരിച്ച മുന്നൂറ്റിപ്പത്തില്‍പരം സത്യവിശ്വാസികളും, കഴിയുന്നത്ര യുദ്ധ സന്നാഹങ്ങളോടും കൂടി തയ്യാറെടുത്ത് വന്നിരുന്ന ആയിരത്തോളം മുശ്‌രിക്കുകളും തമ്മില്‍ നടന്ന ചരിത്ര പ്രസിദ്ധമായ യുദ്ധമത്രെ ബദ്ര്‍ യുദ്ധം. അതില്‍ സത്യവിശ്വാസികള്‍ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ വിജയത്തിലടങ്ങിയ മഹത്തായ ദൃഷ്ടാന്തമാണ് അല്ലാഹു ഓര്‍മിപ്പിക്കുന്നത്. സത്യവിശ്വാസത്താല്‍ പ്രചോദിതരായിക്കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിനിറങ്ങേണ്ടി വന്ന ആ ചെറു സംഘത്തിന് അവിശ്വാസ ലഹരിയില്‍ ഉന്മത്തരായിക്കൊണ്ട് അവരോടേറ്റുമുട്ടിയ ആ വലിയ സംഘത്തെ അമ്പേ പരാജയപ്പെടുത്തുവാന്‍ കഴിഞ്ഞത് അല്ലാഹുവിന്‍റെ സഹായം കൊണ്ടുമാത്രമാണല്ലോ. (അമാനി തഫ്സീര്‍)

മുസ്‌ലിംകള്‍ സംഖ്യാബലം തീരെ കുറഞ്ഞവരും യുദ്ധസാമഗ്രികള്‍ കൈവശമില്ലാത്തവരുമായിരുന്നിട്ടും തങ്ങളേക്കാള്‍ എത്രയോ ഇരട്ടി സംഖ്യാബലമുള്ള, മെച്ചമായ യുദ്ധസാമഗ്രികള്‍ കൈവശമുള്ള ഒരു മഹാസൈന്യത്തെ പരാജയപ്പെടുത്തി, പൂര്‍ണവിജയം വരിച്ചത് അല്ലാഹുവിന്റെ സഹായവും പിന്തുണയും മുസ്‌ലിംകള്‍ക്ക് ലഭിച്ചതുകൊണ്ട് മാത്രമാണ്. അന്നത്തെ മുസ്ലിംകളുടെ യോഗ്യത ഇന്നത്തെ മുസ്ലിംകൾക്കുണ്ടെങ്കിൽ അവര്‍ക്കും അല്ലാഹുവിന്റെ സഹായം ലഭിക്കും.

അല്ലാഹു ജനങ്ങളിലേക്ക് പ്രവാചകൻമാരെ നിയോഗിച്ചപ്പോൾ ജനങ്ങള്‍ അവരെ തള്ളിക്കളഞ്ഞതുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആൻ പരാമര്‍ശിക്കുന്നു:

حَتَّىٰٓ إِذَا ٱسْتَيْـَٔسَ ٱلرُّسُلُ وَظَنُّوٓا۟ أَنَّهُمْ قَدْ كُذِبُوا۟ جَآءَهُمْ نَصْرُنَا فَنُجِّىَ مَن نَّشَآءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ ٱلْقَوْمِ ٱلْمُجْرِمِينَ ‎﴿١١٠﴾‏ لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌ لِّأُو۟لِى ٱلْأَلْبَٰبِ ۗ مَا كَانَ حَدِيثًا يُفْتَرَىٰ وَلَٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَىْءٍ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ ‎﴿١١١﴾‏

അങ്ങനെ ദൈവദൂതന്‍മാര്‍ നിരാശപ്പെടുകയും (അവര്‍) തങ്ങളോട് പറഞ്ഞത് കളവാണെന്ന് ജനങ്ങള്‍ വിചാരിക്കുകയും ചെയ്തപ്പോള്‍ നമ്മുടെ സഹായം അവര്‍ക്ക് (ദൂതന്‍മാര്‍ക്ക്‌) വന്നെത്തി. അങ്ങനെ നാം ഉദ്ദേശിച്ചിരുന്നവര്‍ക്ക് രക്ഷനല്‍കപ്പെട്ടു. കുറ്റവാളികളായ ജനങ്ങളില്‍ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല.  തീര്‍ച്ചയായും അവരുടെ ചരിത്രത്തില്‍ ബുദ്ധിമാന്‍മാര്‍ക്ക് പാഠമുണ്ട്‌. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വര്‍ത്തമാനമല്ല. പ്രത്യുത; അതിന്‍റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെക്കുന്നതും, എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു അത്‌. (ഖു൪ആന്‍:12/110-111)

റസൂലുകള്‍ നിരാശയടഞ്ഞു (اسْتَيْأَسَ الرُّسُلُ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം ജനങ്ങള്‍ നിഷേധത്തില്‍ ശഠിച്ചുനിന്നതുകൊണ്ട് അവര്‍ വിശ്വസിക്കുമെന്ന പ്രതീക്ഷ അവര്‍ക്കു ഇല്ലാതായിത്തീര്‍ന്നു എന്നാകുന്നു. (അമാനി തഫ്സീര്‍)

ഈ ആയത്തിലും അല്ലാഹുവിന്റെ സഹായമാണ് വിഷയം. അല്ലാഹുവിന്റെ സഹായമില്ലെങ്കിൽ നമുക്ക് എന്തുണ്ടെങ്കിലും കാര്യമില്ല. അതാണ് ഗുണപാഠം.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ കന്നുകാലികളിലൂടെ ലഭിക്കുന്നു

وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهِۦ مِنۢ بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَآئِغًا لِّلشَّٰرِبِينَ ‎﴿٦٦﴾‏ وَمِن ثَمَرَٰتِ ٱلنَّخِيلِ وَٱلْأَعْنَٰبِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْقِلُونَ ‎﴿٦٧﴾

കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്‌. അവയുടെ ഉദരങ്ങളില്‍ നിന്ന്‌ – കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു. ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും (നിങ്ങള്‍ക്കു നാം പാനീയം നല്‍കുന്നു.) അതില്‍ നിന്ന് ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌. (ഖു൪ആന്‍:16/66-67)

നിങ്ങള്‍ സദാ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലികളില്‍തന്നെ നിങ്ങള്‍ക്കു വമ്പിച്ച ചിന്താപാഠങ്ങള്‍ ഉള്‍കൊള്ളുന്നുണ്ടെന്ന മുഖവുരയോടു കൂടി, അവയില്‍നിന്നു ലഭിക്കുന്ന പാലിന്റെ ഉത്ഭവത്തെപ്പറ്റിയാണ്‌ ഈ വചനത്തില്‍ ഓര്‍മ്മിപ്പിക്കുന്നത്. ഹൃദ്യവും രുചികരവുമായ ഒരു പാനീയവും, പോഷക പ്രധാനമായ ഒരു അഹാരവുമാണു പാല്‍. എന്നാല്‍ അതിന്റെ ഉത്ഭവസ്ഥാനമോ? കാലികള്‍ മേഞ്ഞുതിന്നുന്ന സസ്യഭക്ഷണങ്ങള്‍ അവയുടെ ദഹനേന്ദ്രിയങ്ങളില്‍ ചെന്നു ദഹിക്കുന്നതോടെ, അവ സത്തും ചണ്ടിയുമായി വേര്‍തിരിയുന്നു. സത്തില്‍നിന്നു രക്തവും പാലും ഉണ്ടാകുന്നു. ചണ്ടിയില്‍നിന്നു ചാണകവും മൂത്രവും ഉരുത്തിരിയുന്നു. രക്തത്തിന്റെയോ, ചാണക മൂത്രാദികളുടെയോ കലര്‍പ്പൊന്നും കലരാതെ, തനി ശുദ്ധമായ പാല്‍ അവക്കിടയില്‍നിന്നു അവയുടെ അകിടുകളിലൂടെ പുറത്തു വരുന്നു. അത്ഭുതകരമായ ഈ പ്രക്രിയയുടെ പിന്നില്‍ അതിവിദഗ്ധമായ ഒരു ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്നു സല്‍ബുദ്ധിയുള്ള ഏവര്‍ക്കും മനസ്സിലാക്കാമല്ലോ. (അമാനി തഫ്സീര്‍)

وَإِنَّ لَكُمْ فِى ٱلْأَنْعَٰمِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِى بُطُونِهَا وَلَكُمْ فِيهَا مَنَٰفِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ ‎﴿٢١﴾‏ وَعَلَيْهَا وَعَلَى ٱلْفُلْكِ تُحْمَلُونَ ‎﴿٢٢﴾

തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്‌. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്‌. അവയില്‍ നിന്ന് (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.  അവയുടെ പുറത്തും കപ്പലുകളിലും നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു. (ഖു൪ആന്‍:23/21-22)

وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمْ سَكَنًا وَجَعَلَ لَكُم مِّن جُلُودِ ٱلْأَنْعَٰمِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ ۙ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَآ أَثَٰثًا وَمَتَٰعًا إِلَىٰ حِينٍ

അല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ തോലുകളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങള്‍ നല്‍കിയിരിക്കുന്നു. നിങ്ങള്‍ യാത്ര ചെയ്യുന്ന ദിവസവും നിങ്ങള്‍ താവളമടിക്കുന്ന ദിവസവും നിങ്ങള്‍ അവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍ നിന്ന് ഒരു അവധി വരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും ഉപഭോഗസാധനങ്ങളും (അവന്‍ നല്‍കിയിരിക്കുന്നു.) (ഖു൪ആന്‍:16/80)

وَمِنَ ٱلْأَنْعَٰمِ حَمُولَةً وَفَرْشًا ۚ

കാലികളില്‍ നിന്ന് ഭാരം ചുമക്കുന്നവയും, അറുത്ത് ഭക്ഷിക്കാനുള്ളവയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) (ഖു൪ആന്‍:6/142)

وَٱلْأَنْعَٰمَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌ وَمَنَٰفِعُ وَمِنْهَا تَأْكُلُونَ

കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്‌. അവയില്‍ നിന്നു തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:16/5)

ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, വീട്, വീട്ടുപകരണങ്ങൾ എന്നിവയൊക്കെ കന്നുകാലികളിലൂടെ കിട്ടുന്നു. അതാണ് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്‌ എന്ന് പറഞ്ഞത്.

രാവിന്റെയും പകലിന്റെയും മാറ്റം

يُقَلِّبُ ٱللَّهُ ٱلَّيْلَ وَٱلنَّهَارَ ۚ إِنَّ فِى ذَٰلِكَ لَعِبْرَةً لِّأُو۟لِى ٱلْأَبْصَٰرِ

അല്ലാഹു രാവും പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഒരു ചിന്താവിഷയമുണ്ട്‌. (ഖു൪ആന്‍:24/44)

രാവിന്റെയും പകലിന്റെയും മാറ്റത്തെ കുറിച്ച് പറഞ്ഞപ്പോൾ അഞ്ചിടത്ത് വിശുദ്ധ ഖുര്‍ആൻ ٱخْتِلَٰف എന്ന പദമാണ് പ്രയോഗിച്ചിട്ടുള്ളത്. എന്നാൽ രാവിന്റെയും പകലിന്റെയും മാറ്റത്തിൽ ചിന്താവിഷയമുണ്ട്‌ എന്ന് പറഞ്ഞ ഈ ആയത്തിൽ يُقَلِّبُ എന്ന പദമാണ് വന്നിട്ടുള്ളത്. രാവിന്റെയും പകലിന്റെയും മാറ്റത്തോടൊപ്പം മനുഷ്യന്റെ അവസ്ഥകളിലും മാറ്റം വരാവുന്നതാണെന്നുമുള്ള സൂചനയും ഇതിലുണ്ട്.

സത്യം തിരസ്കരിക്കുന്നവര്‍ക്ക് ശിക്ഷ

هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ ‎﴿١٥﴾ ‏إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى ‎﴿١٦﴾‏ ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ‎﴿١٧﴾‏ فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ ‎﴿١٨﴾‏ وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ ‎﴿١٩﴾‏ فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ ‎﴿٢٠﴾‏ فَكَذَّبَ وَعَصَىٰ ‎﴿٢١﴾‏ ثُمَّ أَدْبَرَ يَسْعَىٰ ‎﴿٢٢﴾‏ فَحَشَرَ فَنَادَىٰ ‎﴿٢٣﴾‏ فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ ‎﴿٢٤﴾‏ فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ ‎﴿٢٥﴾‏ إِنَّ فِى ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰٓ ‎﴿٢٦﴾

മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ? ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു. എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ? നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?) അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു. അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു. പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി. അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു. ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു. അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി. തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്‌. (ഖു൪ആന്‍:79/15-26)

നൈല്‍ നദിയില്‍ വെച്ച് അവന്‍ വെള്ളത്തില്‍ മുക്കികൊല്ലപ്പെട്ടു. ഇതു ഇഹത്തില്‍ വെച്ചു ലഭിച്ച ശിക്ഷയാണ്. തുടര്‍ന്നു പരലോകത്തു നരകത്തില്‍ അഗ്നി ശിക്ഷയും! ഒരു മഹാസാമ്രാജ്യത്തിന്റെ സര്‍വ്വാധിപതിയായിരുന്ന ഫിര്‍ഔന്റെ അതിദാരുണമായ പര്യവസാനത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്ന ആര്‍ക്കും വമ്പിച്ച പാഠമുണ്ടെന്നു തീര്‍ച്ച തന്നെ. (അമാനി തഫ്സീര്‍)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *