സൂറ : ഇന്‍ഫിത്വാര്‍

വിശുദ്ധ ഖുർആനിലെ 82 ാ മത്തെ സൂറത്താണ് سورة الإنفطار (സൂറ: ഇന്‍ഫിത്വാര്‍). 19 ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. ഒന്നാമത്തെ ആയത്തിൽ ‘ഇൻഫത്വറത്’ (انْفَطَرَتْ) എന്ന പദം പരാമർശിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ക്രിയാനാമമാണ് തക്‌വീർ. അന്ത്യനാളിൽ ആകാശം പൊട്ടിക്കീറുന്നതിനെ കുറിച്ചാണ് അവിടെ വിവരിക്കപ്പെടുന്നത്.

സൂറ:ഇന്‍ഫിത്വാറിന്റെ ശ്രേഷ്ടതകൾ

عَنِ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ سَرَّهُ أَنْ يَنْظُرَ إِلَى يَوْمِ القِيَامَةِ كَأَنَّهُ رَأْيُ عَيْنٍ فَلْيَقْرَأْ: إِذَا الشَّمْسُ كُوِّرَتْ، وَإِذَا السَّمَاءُ انْفَطَرَتْ، وَإِذَا السَّمَاءُ انْشَقَّتْ.

ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ആർക്കെങ്കിലും പരലോകദിനം കണ്ണിൽ കാണുന്നത് പോലെ വീക്ഷിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ അവൻ സൂറ: തക്‌വീർ, സൂറ: ഇൻഫിത്വാർ, സൂറ: ഇൻശിഖാഖ് എന്നിവ പാരായണം ചെയ്യട്ടെ. (തിർമിദി: 3333)

സൂറ: ഇന്‍ഫിത്വാറിലെ പ്രതിപാദ്യ വിഷയം

സൂറ: ഇൻഫിത്വാറിൽ ആഖിറത്ത് (പരലോകം) ആണ് പ്രതിപാദ്യ വിഷയം. സൂറ: ഇന്‍ഫിത്വാറിന്റെയും 81 ാ മത്തെ സൂറത്തായ സൂറ: തക്‌വീറിന്റെയും ഉള്ളടക്കങ്ങള്‍ തമ്മില്‍ വളരെ സാദൃശ്യമുണ്ട്. സൂറ: തക്‌വീറിൽ ഖിയാമത്തു നാളിലെ കഠിനകഠോരങ്ങളായ ചില സംഭവ വികാസങ്ങളാണ് 1-13 ആയത്തുകളിൽ സൂചിപ്പിക്കുന്നത്. ഇതെല്ലാം സംഭവിച്ചാൽ ഓരോ വ്യക്തിയും താൻ അന്നേ ദിവസത്തിനായി ചെയ്തു വെച്ച പ്രവർത്തനങ്ങൾ എന്താണെന്ന് അറിയുന്നതാണ്. താന്‍ ഏതെല്ലാം കര്‍മങ്ങളാണ് മുന്‍ജീവിതത്തില്‍വെച്ച് തയ്യാറാക്കിക്കൊണ്ടു വന്നിരിക്കുന്നത്, അവയില്‍ സല്‍കര്‍മം ഏതൊക്കെയാണ്, ദുഷ്കര്‍മം ഏതെല്ലാമാണ് എന്നൊക്കെ. ഇക്കാര്യം 14 ാമത്തെ ആയത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ഇതേ ശൈലിയിലാണ് സൂറ: ഇന്‍ഫിത്വാറിന്റെയും ആരംഭം. ഖിയാമത്തു നാളിലെ കഠിനകഠോരങ്ങളായ ചില സംഭവ വികാസങ്ങളാണ് 1-4 ആയത്തുകളിൽ സൂചിപ്പിക്കുന്നു. ശേഷം ഇതെല്ലാം സംഭവിച്ചാൽ ഓരോ വ്യക്തിയും താൻ മുൻപ് ചെയ്തു വെച്ച പ്രവർത്തനങ്ങളും, ചെയ്യാതെ പിന്തിച്ച പ്രവർത്തനങ്ങളും അറിയുന്നതാണെന്ന് 5 ാമത്തെ ആയത്തിൽ എടുത്തു പറയുന്നു.

സൂറ: ഇന്‍ഫിത്വാറിന്റെ ആശയം

അന്ത്യനാളിന്റെ ഭയാനകത വിവരിക്കുന്ന സൂറത്താണ് സൂറ: ഇന്‍ഫിത്വാര്‍. ഖിയാമത്തു നാളിലെ കഠിനകഠോരങ്ങളായ ചില സംഭവ വികാസങ്ങളാണ് 1-4 ആയത്തുകളിൽ സൂചിപ്പിക്കുന്നത്.

അന്ന് ആകാശം പൊട്ടിപ്പിളരും.

إِذَا ٱلسَّمَآءُ ٱنفَطَرَتْ

ആകാശം പൊട്ടി പിളരുമ്പോള്‍. (ഖുർആൻ:82/1)

അന്ന് നക്ഷത്രങ്ങൾ ചിന്നിച്ചിതറിയ നിലയിൽ ഉതിർന്നു വീഴും.

‎وَإِذَا ٱلْكَوَاكِبُ ٱنتَثَرَتْ

നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍. (ഖുർആൻ:82/2)

അന്ന് കടലുകള്‍ പൊട്ടിയൊഴുകി ഒരു കടലായിത്തീരും.

‎وَإِذَا ٱلْبِحَارُ فُجِّرَتْ

സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍. (ഖുർആൻ:82/3)

അന്ന് ക്വബ്‌റുകള്‍ ഇളക്കി മറിക്കപ്പെട്ട് അതിനുള്ളിലുള്ള മരണപ്പെട്ടവര്‍ പുറംതള്ളപ്പെടുകയും ചെയ്യും.

‎وَإِذَا ٱلْقُبُورُ بُعْثِرَتْ

ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍. (ഖുർആൻ:82/4)

ഇതെല്ലാം സംഭവിച്ചാൽ ഓരോ വ്യക്തിയും താൻ മുൻപ് ചെയ്തു വെച്ച പ്രവർത്തനങ്ങളും, ചെയ്യാതെ പിന്തിച്ച പ്രവർത്തനങ്ങളും അറിയുന്നതാണ്. അതാണ് അല്ലാഹു തുടര്‍ന്ന് പറയുന്നത്:

عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ

ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മാറ്റിവെച്ചതും എന്താണെന്ന് അറിയുന്നതാണ്‌. (ഖുർആൻ:82/5)

കഴിഞ്ഞ സൂറത്തിലെ 14-ാം വചനത്തിലെ അതേ ആശയം തന്നെയാണ് 5-ാം വചനത്തിലും അടങ്ങിയിരിക്കുന്നത്. ഇഹത്തില്‍ വെച്ച് ചെയ്തിട്ടുള്ള കര്‍മങ്ങളാണ് مَّا قَدَّمَتْ (മുന്‍ചെയ്തു വെച്ചതു) എന്നതുകൊണ്ടു വിവക്ഷ. مَا أَخَّرْتُ (പിന്നോട്ടു വെച്ചതു) എന്നു പറഞ്ഞതു പ്രവര്‍ത്തിക്കാതെ വിട്ടുകളഞ്ഞ കാര്യങ്ങളുമാകുന്നു. അഥവാ ഓരോരുത്തനും താന്‍ ചെയ്തതും ചെയ്തുതീര്‍ക്കാതെ വിട്ടുകളഞ്ഞതുമായ എല്ലാ കര്‍മങ്ങളും അന്നു അറിയുമെന്നു സാരം. (അമാനി തഫ്സീര്‍)

وَحُشِرُوا لِلْمَوْقِفِ بَيْنَ يَدَيِ اللَّهِ لِلْجَزَاءِ عَلَى الْأَعْمَالِ. فَحِينَئِذٍ يَنْكَشِفُ الْغِطَاءُ، وَيَزُولُ مَا كَانَ خَفِيًّا، وَتَعْلَمُ كُلُّ نَفْسٍ مَا مَعَهَا مِنَ الْأَرْبَاحِ وَالْخُسْرَانِ، هُنَالِكَ يَعَضُّ الظَّالِمُ عَلَى يَدَيْهِ إِذَا رَأَى مَا قَدَّمَتْ يَدَاهُ، وَأَيْقَنَ بِالشَّقَاءِ الْأَبَدِيِّ وَالْعَذَابِ السَّرْمَدِيِّ . وَهُنَالِكَ يَفُوزُ الْمُتَّقُونَ الْمُقَدِّمُونَ لِصَالِحِ الْأَعْمَالِ بِالْفَوْزِ الْعَظِيمِ، وَالنَّعِيمِ الْمُقِيمِ وَالسَّلَامَةِ مِنْ عَذَابِ الْجَحِيمِ.

പ്രവര്‍ത്തനങ്ങളുടെ പ്രതിഫലത്തിനായി അല്ലാഹുവിന്റെ മുമ്പില്‍ അവര്‍ ഒരുമിച്ചുകൂട്ടപ്പെടും. അന്നേരം മൂടികള്‍ വെളിവാകും. രഹസ്യങ്ങള്‍ നീങ്ങും. ഓരോരുത്തരും തങ്ങളുടെ ലാഭനഷ്ടങ്ങളറിയും. പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാണെന്ന് കാണുമ്പോള്‍, തുലാസ് കനം കുറഞ്ഞതാണെന്ന് അറിയുമ്പോള്‍ അക്രമി അവിടെ വെച്ച് വിരല്‍ കടിക്കും. അവന്റെ അക്രമങ്ങള്‍ അവനെ തേടിവരും. തിന്മകള്‍ അവരുടെ മുന്നില്‍ ഹാജരാകും. തുടര്‍ന്നുകൊണ്ടിരിക്കുന്ന ശിക്ഷയും നിത്യദൗര്‍ഭാഗ്യവും അവന് ഉറപ്പാകും. നന്മകള്‍ ചെയ്തുവെച്ച സദ്‌വൃത്തര്‍ നരകമോചനത്താലും നിത്യസുഖങ്ങളാലും മഹത്തായ വിജയം വരിക്കും. (തഫ്സീറുസ്സഅ്ദി)

തുടര്‍ന്ന് തന്റെ റബ്ബ് കോപിക്കുന്ന കാര്യങ്ങള്‍ക്ക് ധൈര്യപ്പെടുകയും അവനോടുള്ള കടമകളില്‍ കുറവ് വരുത്തുകയും ചെയ്യുന്ന മനുഷ്യനെ ആക്ഷേപിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلْإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلْكَرِيمِ ‎﴿٦﴾‏ ٱلَّذِى خَلَقَكَ فَسَوَّىٰكَ فَعَدَلَكَ ‎﴿٧﴾‏ فِىٓ أَىِّ صُورَةٍ مَّا شَآءَ رَكَّبَكَ ‎﴿٨﴾

ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌? നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍.  താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍. (ഖുർആൻ:82/6-8)

ശൂന്യതയിൽ നിന്ന് നിന്നെ സൃഷ്ടിക്കുകയും, എല്ലാ അവയവങ്ങളും സന്തുലിതവും കൃത്യവുമായ നിലയിൽ നിന്നെ സംവിധാനിക്കുകയും ഏറ്റവും നല്ല രൂപം നൽകുകയും ചെയ്ത നിന്റെ റബ്ബിന്റെ കൽപ്പനകളോട് എതിരാകാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്?

{يَا أَيُّهَا الإِنْسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ} أَتَهَاوُنًّا مِنْكَ فِي حُقُوقِهِ؟ أَمِ احْتِقَارًا مِنْكَ لِعَذَابِهِ؟ أَمْ عَدَمُ إِيمَانٍ مِنْكَ بِجَزَائِهِ؟ أَلَيْسَ هُوَ {الَّذِي خَلَقَكَ فَسَوَّاكَ} فِي أَحْسَنِ تَقْوِيمٍ؟ {فَعَدَلَكَ} وَرَكَّبَكَ تَرْكِيبًا قَوِيمًا مُعْتَدِلًا فِي أَحْسَنِ الْأَشْكَالِ، وَأَجْمَلِ الْهَيْئَاتِ، فَهَلْ يَلِيقُ بِكَ أَنْ تَكْفُرَ نِعْمَةَ الْمُنْعِمِ، أَوْ تَجْحَدَ إِحْسَانَ الْمُحْسِنِ؟ إِنَّ هَذَا إِلَّا مِنْ جَهْلِكَ وَظُلْمِكَ وَعِنَادِكَ وَغُشْمِكَ،

{ഹേ മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ച് കളഞ്ഞതെന്താണ്?} അവനോടുള്ള കടമകളെ നിസ്സാരമാക്കി, അവന്റെ ശിക്ഷയെ വില വെക്കാതെ, അവന്റെ പ്രതിഫലത്തില്‍ വിശ്വസിക്കാതെ. അവനല്ലയോ {നിന്നെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്തവന്‍} ഏറ്റവും നല്ല ഘടനയില്‍ {ശരിയായ അവസ്ഥയില്‍ ആക്കുകയും ചെയ്തു} മനോഹരമായി, ഏറ്റവും നല്ല രൂപത്തില്‍, ശരിയായ അവസ്ഥയില്‍ അവന്‍ നിന്നെ ഘടിപ്പിച്ചുണ്ടാക്കി. ഈ അനുഗ്രഹങ്ങള്‍ നല്‍കിയവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിക്കല്‍ നിനക്ക് യോജിച്ചതാണോ? നിനക്ക് ഉപകാരം ചെയ്തവന്റെ ഉപകാരങ്ങളെ നിഷേധിക്കല്‍ നിനക്ക് പറ്റിയതാണോ? ഇതെല്ലാം നിന്റെ അറിവില്ലായ്മയും അക്രമവും ധിക്കാരവും മാത്രമാണ്. (തഫ്സീറുസ്സഅ്ദി)

മനുഷ്യാ, നീ നിന്നെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കൂ! അല്ലാഹു നിന്നെ ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കി; നിനക്കാവശ്യമായ അവയവങ്ങളും അംഗങ്ങളുമെല്ലാം നല്‍കി ശരിപ്പെടുത്തി; ഓരോന്നും അതതിന്റെ തോതും യോജിപ്പുമനുസരിച്ചു യഥാക്രമം പാകപ്പെടുത്തി: നീയോ മറ്റാരെങ്കിലുമോ ഉദ്ദേശിച്ചിട്ടില്ലാത്ത – അതെ, അവന്‍ മാത്രം ഉദ്ദേശിച്ച – ഒരു രൂപത്തില്‍ നിനക്ക് അവന്‍ രൂപം നല്‍കുകയും ചെയ്തു. ഇങ്ങനെ നിനക്കു സൃഷ്ടിയും രൂപവും നല്‍കി നിന്നെ സംരക്ഷിച്ചുവരുന്ന അത്യുദാരനും അതി മാന്യനുമായ നിന്റെ റബ്ബിന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദികാണിക്കാതെയും, അവന്റെ ശാപകോപങ്ങളെക്കുറിച്ചു ഭയപ്പെടാതെയും നീ കഴിഞ്ഞുകൂടുന്നതു വളരെ ആശ്ചര്യം തന്നെ! അവന്റെ കാര്യത്തില്‍ നീ ഇത്രയും വഞ്ചിതനായിപ്പോയല്ലോ! എന്തൊരത്ഭുതമാണിത്?! എന്നിങ്ങനെ അല്ലാഹു അവിശ്വാസികളെ അഭിമുഖീകരിച്ചു പറയുകയാണ്‌. (അമാനി തഫ്സീര്‍)

നിങ്ങൾ ധരിച്ചത് പോലെയല്ല കാര്യമെന്നും നിങ്ങൾ പ്രതിഫല നാളിനെ നിഷേധിക്കുകയും, അതിന് വേണ്ടി പ്രവർത്തിക്കാതിരിക്കുകയുമാണെന്നും അല്ലാഹു അറിയിക്കുന്നു. അതോടൊപ്പം നിങ്ങളുടെ മേൽനോട്ടക്കാരായി മലക്കുകളെ നിശ്ചയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നു.

كَلَّا بَلْ تُكَذِّبُونَ بِٱلدِّينِ ‎﴿٩﴾‏ وَإِنَّ عَلَيْكُمْ لَحَٰفِظِينَ ‎﴿١٠﴾‏ كِرَامًا كَٰتِبِينَ ‎﴿١١﴾‏ يَعْلَمُونَ مَا تَفْعَلُونَ ‎﴿١٢﴾‏

അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.  തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്‌.  രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു. (ഖുർആൻ:82/9-12)

{كَلا بَلْ تُكَذِّبُونَ بِالدِّينِ} أَيْ: مَعَ هَذَا الْوَعْظِ وَالتَّذْكِيرِ، لَا تَزَالُونَ مُسْتَمِرِّينَ عَلَى التَّكْذِيبِ بِالْجَزَاءِ. وَأَنْتُمْ لَا بُدَّ أَنْ تُحَاسَبُوا عَلَى مَا عَمِلْتُمْ، وَقَدْ أَقَامَ اللَّهُ عَلَيْكُمْ مَلَائِكَةً كِرَامًا يَكْتُبُونَ أَقْوَالَكُمْ وَأَفْعَالَكُمْ وَيَعْلَمُونَهَا، وَدَخَلَ فِي هَذَا أَفْعَالُ الْقُلُوبِ، وَأَفْعَالُ الْجَوَارِحِ، فَاللَّائِقُ بِكُمْ أَنْ تُكْرِمُوهُمْ وَتُجِلُّوهُمْ وَتَحْتَرِمُوهُمْ.

{അല്ല പക്ഷേ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചുതള്ളുന്നു). ഈ ഉല്‍ബോധനങ്ങളും ഉപദേശങ്ങളുമൊക്കെ ഉണ്ടായിട്ടും പ്രതിഫലത്തെ കളവാക്കുന്നത് നിങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരിശോധിക്കണം. നിങ്ങളുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും രേഖപ്പെടുത്താന്‍ അല്ലാഹു നിങ്ങളുടെ മേല്‍ മാന്യന്മാരായ മലക്കുകളെ നിശ്ചയിച്ചിട്ടുണ്ട്. അവര്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു. ഇതില്‍ ഹൃദയങ്ങളുടെയും അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടും. നിങ്ങള്‍ക്ക് നല്ലത് അവനെ ആദരിക്കലും മഹത്ത്വപ്പെടുത്തലും ബഹുമാനിക്കലുമാണ്. (തഫ്സീറുസ്സഅ്ദി)

നിങ്ങളുടെ സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിനെക്കുറിച്ചു നിങ്ങള്‍ വഞ്ചിതരായിരിക്കുകയാണ്. അത്രയുമല്ല, നിങ്ങളുടെ ചെയ്തികളെപ്പറ്റി നിങ്ങളെ വിചാരണ ചെയ്തു നടപടി എടുക്കുന്നതിനെപ്പോലും നിങ്ങള്‍ വ്യാജമാക്കി നിഷേധിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളോര്‍ക്കണം, നിങ്ങള്‍ ചെയ്യുന്നതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് അവ മുഴുവനും എഴുതിരേഖപ്പെടുത്തുവാന്‍ അല്ലാഹു മാന്യരായ ചില ആളുകളെ – മലക്കുകളെ – നിശ്ചയിച്ചിട്ടുണ്ടെന്നും, നിങ്ങള്‍ ചെയ്യുന്നതെന്തും അവര്‍ അറിയാതെ പോകുന്നതല്ലെന്നും. ആ രേഖയനുസരിച്ചു നിങ്ങളുടെ മേല്‍ ശരിക്കും നടപടി എടുത്തു പ്രതിഫലം നല്‍കാതെ നിങ്ങളെ വിട്ടേക്കുന്നതല്ല എന്നു സാരം. (അമാനി തഫ്സീര്‍)

സൽകർമ്മങ്ങകാരിതൾ അന്ത്യനാളിൽ എന്നെന്നും നിലനിൽക്കുന്ന അനുഗ്രഹങ്ങളിൽ തന്നെയായിരിക്കും.

إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ

തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. (ഖുർആൻ:82/13)

الْمُرَادُ بِالْأَبْرَارِ، الْقَائِمُونَ بِحُقُوقِ اللَّهِ وَحُقُوقِ عِبَادِهِ، الْمُلَازِمُونَ لِلْبِرِّ، فِي أَعْمَالِ الْقُلُوبِ وَأَعْمَالِ الْجَوَارِحِ، فَهَؤُلَاءِ جَزَاؤُهُمُ النَّعِيمُ فِي الْقَلْبِ وَالرُّوحِ وَالْبَدَنِ، فِي دَارِ الدُّنْيَا وَفِي دَارِ الْبَرْزَخِ وَفي دَارِ الْقَرَارِ.

പുണ്യവാന്മാരെക്കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിനോടും അവന്റെ അടിമകളോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നവരും ഹൃദയത്തിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനത്തില്‍ പുണ്യകരമായതില്‍ ഉറച്ചുനില്‍ക്കുന്നവരുമാണ്. ഇവര്‍ക്കാകട്ടെ ഈ ലോകത്തും ക്വബ്‌റിലും പരലോകത്തും ശരീരത്തിനും ആത്മാവിനും ഹൃദയത്തിനും സുഖ ജീവിതമാണ് പ്രതിഫലമായിട്ടുള്ളത്. (തഫ്സീറുസ്സഅ്ദി)

തിന്മകൾ പ്രവർത്തിക്കുന്നവർ കത്തിജ്വലിക്കുന്ന നരകാഗ്നിയിൽ തന്നെയായിരിക്കും. പ്രതിഫലനാളിൽ അവരതിൽ പ്രവേശിക്കുകയും, അതിന്റെ ചൂടിൽ വെന്തുനീറുകയും ചെയ്യുന്നതാണ്.

وَإِنَّ ٱلْفُجَّارَ لَفِى جَحِيمٍ ‎﴿١٤﴾‏ يَصْلَوْنَهَا يَوْمَ ٱلدِّينِ ‎﴿١٥﴾‏ وَمَا هُمْ عَنْهَا بِغَآئِبِينَ ‎﴿١٦﴾

തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്‌. അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. (ഖുർആൻ:82/14-16)

{وَإِنَّ الْفُجَّارَ} الَّذِينَ قَصَّرُوا فِي حُقُوقِ اللَّهِ وَحُقُوقِ عِبَادِهِ، الَّذِينَ فَجَرَتْ قُلُوبُهُمْ فَفَجَرَتْ أَعْمَالُهُمْ {لَفِي جَحِيمٍ} أَيْ: عَذَابٌ أَلِيمٌ، فِي دَارِ الدُّنْيَا وَ دَارِ الْبَرْزَخِ وَفِي دَارِ الْقَرَارِ. {يَصْلَوْنَهَا} وَيُعَذَّبُونَ بِهَا أَشَدَّ الْعَذَابِ {يَوْمَ الدِّينِ} أَيْ: يَوْمَ الْجَزَاءِ عَلَى الْأَعْمَالِ. {وَمَا هُمْ عَنْهَا بِغَائِبِينَ} أَيْ: بَلْ هُمْ مُلَازِمُونَ لَهَا، لَا يَخْرُجُونَ مِنْهَا.

{തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍}അല്ലാഹുവോടും അവന്റെ അടിമകളോടുമുള്ള കടമകളില്‍ വീഴ്ച വരുത്തുന്നവരും ഹൃദയത്തിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ തിന്മയിലാവുകയും ചെയ്തവര്‍ {ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും} സ്ഥിരതാമസത്തിന്റെ പരലോക ഭവനത്തിലും ക്വബ്‌റിലും ഇഹലോകത്തും വേദനിക്കുന്ന ശിക്ഷ. {അവരതില്‍ കടന്നെരിയുന്നതാണ്} കഠിനമായ ശിക്ഷ അതില്‍ ശിക്ഷിക്കപ്പെടും. {പ്രതിഫലത്തിന്റെ നാളില്‍} അതായത് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന ദിനത്തില്‍. {അവര്‍ക്ക് അതില്‍ നിന്ന് മാറിനില്‍ക്കാനാവില്ല} അവരതില്‍ തന്നെ പുറത്തുപോകാതെ കഴിഞ്ഞുകൂടുന്നവരാണ്. (തഫ്സീറുസ്സഅ്ദി)

പ്രസ്തുത ദിനത്തിന്റെ ഗൗരവത്തിലേക്കും ഭയങ്കരതയിലേക്കും അല്ലാഹു ശ്രദ്ധ ക്ഷണിക്കുന്നത് കാണുക:

وَمَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ ‎﴿١٧﴾‏ ثُمَّ مَآ أَدْرَىٰكَ مَا يَوْمُ ٱلدِّينِ ‎﴿١٨﴾

പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?  വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? (ഖുർആൻ:82/17-18)

{وَمَا أَدْرَاكَ مَا يَوْمُ الدِّينِ ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ} فِي هَذَا تَهْوِيلٌ لِذَلِكَ الْيَوْمِ الشَّدِيدِ الَّذِي يُحَيِّرُ الْأَذْهَانَ.

ബുദ്ധികള്‍ പരിഭ്രമിച്ച് പോകുന്ന കഠിനമായ ഒരു ദിനത്തിന്റെ ഭീകരാവസ്ഥ ഇതില്‍ വ്യക്തമാണ്. (തഫ്സീറുസ്സഅ്ദി)

പ്രസ്തുത ദിനത്തിന്റെ ഗൗരവം വിളിച്ചറിയിച്ചുകൊണ്ട് അല്ലാഹു സൂറത്ത് അവസാനിപ്പിക്കുന്നു.

يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۖ وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ

ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും. (ഖുർആൻ:82/19)

يَوْمَ لَا يَسْتَطِيعُ أَحَدٌ أَنْ يَنْفَعَ أَحَدًا، وَالأَمْرُ كُلُّهُ فِي ذَلِكَ اليَوْمِ لِلَّهِ وَحْدَهُ، يَتَصَرَّفُ بِمَا يَشَاءُ، لَا لِأَحَدٍ غَيْرِهِ.

ഒരാൾക്കും മറ്റൊരാളെ സഹായിക്കാൻ കഴിയാത്ത ദിവസം. എല്ലാ കാര്യങ്ങളുടെയും അധികാരം അന്ന് അല്ലാഹുവിന് മാത്രമായിരിക്കും; അവന് പുറമെ ഒരാൾക്കും അന്ന് അധികാരമുണ്ടായിരിക്കില്ല. അല്ലാഹു അവൻ്റെ ഉദ്ദേശം പോലെ അന്ന് കാര്യങ്ങൾ നടപ്പിൽ വരുത്തും. (തഫ്സീർ മുഖ്തസ്വർ)

{يَوْمَ لا تَمْلِكُ نَفْسٌ لِنَفْسٍ شَيْئًا} وَلَوْ كَانَتْ قَرِيبَةً أَوْ حَبِيبَةً مُصَافِيَةً، فَكُلٌّ مُشْتَغِلٌ بِنَفْسِهِ لَا يَطْلُبُ الْفِكَاكَ لِغَيْرِهَا. {وَالأَمْرُ يَوْمَئِذٍ لِلَّهِ} فَهُوَ الَّذِي يَفْصِلُ بَيْنَ الْعِبَادِ، وَيَأْخُذُ لِلْمَظْلُومِ حَقَّهُ مِنْ ظَالِمِهِ وَاللَّهُ أَعْلَمُ

{ഒരാള്‍ക്ക് മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം}  ഏറ്റവും അടുത്ത ബന്ധുവായിരുന്നാലും മറ്റുള്ളവരുടെ രക്ഷക്ക് താല്‍പര്യപ്പെടാത്ത വിധം സ്വന്തം കാര്യത്തില്‍ അവര്‍ നിരതരായിരിക്കും. {അന്നേ ദിവസം കൈകാര്യ കര്‍തൃത്വം അല്ലാഹുവിന്നായിരിക്കും} അവന്‍ അടിമകള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കും. അക്രമിയില്‍ നിന്നും അക്രമിക്കപ്പെട്ടവന്‍ തന്റെ അവകാശങ്ങള്‍ എടുക്കും. അല്ലാഹു അഅ്‌ലം. (തഫ്സീറുസ്സഅ്ദി)

എല്ലാ കാര്യങ്ങളുടെയും നിയന്ത്രണവും, കല്‍പനാധികാരവും എക്കാലത്തും അല്ലാഹുവിനു തന്നെ. എങ്കിലും ഐഹിക ജീവിതത്തില്‍ വെച്ചു മനുഷ്യനു കുറെയെല്ലാം ഇച്ഛാസ്വാതന്ത്ര്യവും, കഴിവും അല്ലാഹു നല്‍കിയിട്ടുണ്ട്. അന്നത്തെ ദിവസത്തില്‍ അതെല്ലാം മനുഷ്യനു നിശ്ശേഷം നഷ്ടപ്പെട്ടിരിക്കും. സ്വന്തം കാര്യത്തിലാകട്ടെ, മറ്റൊരാളുടെ കാര്യത്തിലാകട്ടെ എന്തെങ്കിലും പ്രവര്‍ത്തിക്കുവാന്‍ ഒരാള്‍ക്കും സാധ്യമല്ല. എല്ലാ കാര്യവും, എല്ലാ അധികാരവും, എല്ലാ കല്‍പനയും അന്നു അല്ലാഹുവിനു മാത്രമായിരിക്കും. അതില്‍ ആര്‍ക്കും യാതൊരുവിധ പങ്കും ഉണ്ടായിരിക്കയില്ല. (അമാനി തഫ്സീര്‍)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *