വിശുദ്ധ ഖുർആനിന്റെ സവിശേഷത അതിൽ അനേകം വിഷയങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതാണ്. അതിൽ ചരിത്രകഥനങ്ങളുണ്ട്. ഉദ്‌ബോധനങ്ങളും ഉപദേശങ്ങളുമുണ്ട്. താക്കീതുകളും സന്തോഷവാർത്തകളുമുണ്ട്. സ്വർഗ-നരക വിവരണങ്ങളുണ്ട്. ശാസ്ത്രസൂചനകളുണ്ട്. വ്യത്യസ്ത വിഷയങ്ങൾ ഇടകലർന്ന് വരുന്നുണ്ടെങ്കിലും അവതരണകാലവും സ്ഥലവും വ്യത്യസ്തമാണെങ്കിലും വൈരുദ്ധ്യം ഖുർആനിൽ കാണപ്പെടുന്നില്ല എന്നത് അതിന്റെ ദൈവികത വ്യക്തമാക്കുന്നു.
ഒരു ആയത്തിന്റെ ആശയം മറ്റൊരു ആയത്തിന് തികച്ചും എതിരാകുന്നതിനാണ് تعارض (വൈരുദ്ധ്യം) എന്ന് പറയുന്നത്. വിശുദ്ധ ഖുർആനിൽ വൈരുദ്ധ്യങ്ങളായ രണ്ട് ആയത്തുകൾ ഉണ്ടാകൽ അസംഭവ്യമാണ്. അങ്ങനെ സംഭവിച്ചാൽ ഒന്ന് കളവാണ്. അല്ലാഹുവിന്റെ കലാമിൽ അങ്ങിനെ സംഭവിക്കുകയില്ല.
وَمَنْ أَصْدَقُ مِنَ ٱللَّهِ حَدِيثًا
അല്ലാഹുവെക്കാള്‍ സത്യസന്ധമായി വിവരം നല്‍കുന്നവന്‍ ആരുണ്ട്? (ഖു൪ആന്‍: 4/87)
مَنْ أَصْدَقُ مِنَ ٱللَّهِ قِيلًا
അല്ലാഹുവേക്കാള്‍ സത്യസന്ധമായി സംസാരിക്കുന്നവന്‍ ആരുണ്ട്? (ഖു൪ആന്‍: 4/122)
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَٰفًا كَثِيرًا
അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.(ഖുർആൻ :4/82)
فلما كان من عند الله لم يكن فيه اختلاف أصلاً.
അത് അല്ലാഹുവിൽ നിന്നുള്ളതായതിനാൽ, അതിൽ ഒരു വൈരുദ്ധ്യം ഉണ്ടായില്ല. (തഫ്സീറുസ്സഅ്ദി)
വിമർശകർ ഖുർആനിൽ വൈരുധ്യങ്ങളുണ്ടെന്ന് സ്ഥാപിക്കാൻ കിണഞ്ഞ് ശ്രമിക്കാൻ തുടങ്ങിയിട്ട് കാലമേെറയായെങ്കിലും അതിൽ വിജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. വൈരുദ്ധ്യം തെളിയിക്കാനായി അവർ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ അവ ഒന്നുകിൽ വൈവിധ്യങ്ങളെ വൈരുദ്ധ്യങ്ങളായി തെറ്റിദ്ധരിപ്പിക്കലാണ്. അല്ലെങ്കിൽ വ്യത്യസ്ത സംഭവങ്ങളെ ഒരേ സംഭവങ്ങളായി തെറ്റിദ്ധരിപ്പിക്കലാണ്. അതുമല്ലെങ്കിൽ വിവരണങ്ങളെ കൃത്യമായി മനസ്സിലാക്കാതെയുള്ളതോ പദപ്രയോഗത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ളതോ ആയ വിമർശനം മാത്രമാണ്.
രണ്ടു ആയത്തുകളുടെ ഹുക്‌മിലും (മതവിധി) വൈരുദ്ധ്യം ഉണ്ടാവുകയില്ല. കാരണം അവസാനം ഇറങ്ങിയ ആയത്ത് നാസിഖും (നിയമം മാറ്റിയ വചനം) ആദ്യം ഇറങ്ങിയത് മൻസൂഖും (നിയമം എടുത്തുകളയപ്പെട്ടത്) ആയിരിക്കും.
مَا نَنسَخْ مِنْ ءَايَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَآ أَوْ مِثْلِهَآ ۗ أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്? (ഖു൪ആന്‍: 2/106)
ഇനി പ്രത്യക്ഷത്തിൽ വൈരുദ്ധ്യമായി തോന്നിയാൽതന്നെയും അവയെ ‘ജംഅ്’ (ഒന്നിപ്പിക്കാൻ) ആക്കാനുള്ളതായിരിക്കും.
ഇത്തരം ചില ഉദാഹരണങ്ങൾ പണ്ഡിതന്മാർ ഖുർആനിൽ നിന്നും എടുത്ത് കാണിക്കുന്നുണ്ട്. ശൈഖ് മുഹമ്മദ് അമീൻ ശൻഖീതി ഈ വിഷയത്തിൽ دفع إيهام الاضطراب عن آيات الكتاب എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെ എഴുതിയിട്ടുണ്ട്.
ഉദാഹരണമായി: ഖുർആനിനെക്കുറിച്ച് അല്ലാഹു പറയുന്നു:
الٓمٓ ﴿١﴾ ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ
അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. (ഖു൪ആന്‍: 2/1-2)
شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَٰتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. (ഖു൪ആന്‍: 2/185)
ഒന്നമത്തേതിൽ മുത്തഖികൾക്കുള്ള മാർഗ്ഗദർശന ഗ്രന്ഥമാണെന്ന് പ്രത്യേകമാക്കിപ്പറയുകയും രണ്ടാമത്തേതിൽ ജനങ്ങൾക്കുള്ളതാണെന്ന് പൊതുവാക്കിപ്പറയുകയും ചെയ്യുന്നു.
മറുപടി: ഒന്നാമത്തെ ആയത്തിലുള്ള هُدًى കൊണ്ടുദ്ദേശിക്കുന്നത് هداية التوفيق ആണ്. അതായത് തഖ്‌വയുള്ളവർക്കേ അതിനുള്ള അല്ലാഹുവിന്റെ തൗഫീഖ് ലഭിക്കുകയുള്ളൂ. ഖുർആനിനെ ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ.
രണ്ടാമത്തെ ആയത്തിലുള്ള هُدًى കൊണ്ടുദ്ദേശിക്കുന്നത് هداية التبيان والارشاد ആണ്. അതായത് വഴി കാണിക്കുകയും വ്യക്തമാക്കുകയും ചെയ്യുക. ആ നിലക്ക് ഖുർആൻ എല്ലാവർക്കും മാർഗ്ഗദർശന ഗ്രന്ഥമാണ്.
ഇതുപോലെ തന്നെയാണ് താഴെ വരുന്ന രണ്ട് ആയത്തുകളും.
إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു. (ഖു൪ആന്‍: 28/56)
وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ
തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്. (ഖു൪ആന്‍: 42/52)
ഇവിടെ ഒന്നാമത്തെ ആയത്തിൽ അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന തൗഫീഖും രണ്ടാമത്തെ ആയത്തിൽ നബി ﷺ വിശദീകരിച്ചു കൊടുക്കുന്ന ഹിദായത്തിന്റെ മാർഗ്ഗങ്ങളുമാണ്.
ഉദാഹരണം: 2
شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلْمَلَٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمَۢا بِٱلْقِسْطِ ۚ لَآ إِلَٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ
താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍. (ഖു൪ആന്‍: 3/18)
وَمَا مِنْ إِلَٰهٍ إِلَّا ٱللَّهُ ۚ
അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല തന്നെ. (ഖു൪ആന്‍: 3/62)
ഈ രണ്ടു ആയത്തുകളിൽ പറയുന്നത് അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നാണ്. എന്നാൽ മറ്റു ചില ആയത്തുകളിൽ വേറെയും ഇലാഹുകളെകുറിച്ച് പറയുകയും ചെയ്യുന്നു.
فَلَا تَدْعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَتَكُونَ مِنَ ٱلْمُعَذَّبِينَ
ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തേയും നീ വിളിച്ചു പ്രാര്‍ത്ഥിക്കരുത് എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും. (ഖു൪ആന്‍: 26/213)
وَمَا ظَلَمْنَٰهُمْ وَلَٰكِن ظَلَمُوٓا۟ أَنفُسَهُمْ ۖ فَمَآ أَغْنَتْ عَنْهُمْ ءَالِهَتُهُمُ ٱلَّتِى يَدْعُونَ مِن دُونِ ٱللَّهِ مِن شَىْءٍ لَّمَّا جَآءَ أَمْرُ رَبِّكَ ۖ وَمَا زَادُوهُمْ غَيْرَ تَتْبِيبٍ
നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണുണ്ടായത്. എന്നാല്‍ നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്ന സമയത്ത് അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന അവരുടെ ദൈവങ്ങള്‍ അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്തില്ല. അവര്‍ (ദൈവങ്ങള്‍) അവര്‍ക്ക് നാശം വര്‍ദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്. (ഖു൪ആന്‍: 11/101)
ഈ രണ്ടിനേയും പണ്ഡിതന്മാർ ജംഅ് ചെയ്തു. അതായത് അല്ലാഹുവിനെക്കുറിച്ചു പറഞ്ഞ ഉലൂഹിയ്യത് ഹഖും യാഥാർത്ഥ്യവുമാണ്. എന്നാൽ മറ്റുള്ളവയെക്കുറിച്ച് പറഞ്ഞത് ബാത്വിലും വ്യാജവുമാണ്. അല്ലാഹു പറയുന്നു.
ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِۦ هُوَ ٱلْبَٰطِلُ وَأَنَّ ٱللَّهَ هُوَ ٱلْعَلِىُّ ٱلْكَبِيرُ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍. (ഖു൪ആന്‍: 22/62)
കൂടുതൽ അറിയാൻ ശൈഖ് മുഹമ്മദ് അമീൻ ശൻഖീതിയുടെ കിതാബ് കാണുക.
ക്വുര്‍ആന്‍റെ സ്പഷ്ടമായ ഒരു പ്രസ്താവന മറ്റൊരു സ്പഷ്ടമായ പ്രസ്താവനക്ക് ഒരിക്കലും എതിരാകുകയോ വിരുദ്ധമാകുകയോ ചെയ്യുന്നതായി ആരാലും ചൂണ്ടിക്കാട്ടപ്പെടുക സാധ്യമല്ല. ഒരു പ്രസ്താവന സ്പഷ്ടമായിരിക്കുകയും മറ്റൊന്ന് അത്ര സ്പഷ്ടമല്ലാതിരിക്കുകയും ചെയ്യുക, ഒന്ന് വിശദരൂപത്തിലും മറ്റേത് സാമാന്യ രൂപത്തിലുമായിരിക്കുക പോലെയുള്ള ചില സന്ദര്‍ഭങ്ങളിലായിരിക്കും പ്രത്യക്ഷത്തില്‍ വല്ല പരസ്പര വ്യത്യാസവും ഉള്ളതായി ആര്‍ക്കെങ്കിലും തോന്നുവാന്‍ ഇടയാകുന്നത്. വ്യക്തത കുറവുള്ള ഭാഗത്തെ കൂടുതല്‍ വ്യക്തമായ ഭാഗം കൊണ്ട് വ്യാഖ്യാനിക്കുക എന്നതാണ് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കരണീയവും നിര്‍ബ്ബന്ധവും. നേരെ മറിച്ചു വ്യക്തത കുറഞ്ഞ ഭാഗത്തെ അടിസ്ഥാനമാക്കുകയും, അതിന് അവരവര്‍ കാണുന്ന – അല്ലെങ്കില്‍ ഇഷ്ടപ്പെടുന്ന – വ്യാഖ്യാനം നിര്‍ണയിക്കുകയും ചെയ്തശേഷം, കൂടുതല്‍ വ്യക്തമായ പ്രസ്താവനകളെ അതിനൊപ്പിച്ചു വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ യഥാര്‍ഥത്തില്‍ ആ വൈരുദ്ധ്യം അനുഭവപ്പെടുകയുള്ളൂ. എന്തെങ്കിലും ഒരു ആദര്‍ശമോ താല്‍പര്യമോ മുന്‍കൂട്ടി മനസ്സില്‍വെച്ചുകൊണ്ട് ക്വുര്‍ആനെ സമീപിക്കുന്നവര്‍ക്കാണ് ഈ അനുഭവം ഉണ്ടാവാറുള്ളത്. ഇത് ക്വുര്‍ആന്‍റെ ദോഷമല്ലെന്ന് സ്പഷ്ടമാണല്ലോ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/82 ന്റെ വിശദീകരണം)
www.kanzululoom.com