ആരാധനയാകുന്നത് എപ്പോൾ?

അഭൗതിക മാർഗത്തിൽ അഥവാ കാര്യകാരണ ബന്ധങ്ങൾക്കതീതമായ മാർഗത്തിൽ ഗുണം ആശിച്ച് കൊണ്ടോ ദോഷം ഭയപ്പെട്ട് കൊണ്ടോ നിർവഹിക്കപ്പെടുന്ന വിധേയത്വം, ആദരവ്, സ്നേഹം, ഭയം എന്നിവയെല്ലാം ഇബാദത്തിന്റെ വകുപ്പിൽപ്പെടുന്നു. ഇത്തരം ആശയോ ഭയമോ ഇല്ലാത്ത പ്രവർത്തനങ്ങളെ ആരാധന എന്ന് പറയാവുന്നതല്ല.

ഇബാദത്തിന്റെ വിവിധ ഇനങ്ങൾ

സഹായതേട്ടം (استعانة), അഭയം ചോദിക്കൽ (استعاذة), ഭയം (الخوف), പ്രതീക്ഷ (الرجاء), സ്നേഹം (المحبة), ഭാരമേൽപ്പിക്കൽ (التوكل) ഇവയെല്ലാം കാര്യകാരണ ബന്ധങ്ങൾക്കതീതമാവുമ്പോഴാണ് ഇബാദത്താകുന്നത്. കാര്യകാരണ ബന്ധത്തിനധീനമായിട്ടാണെങ്കിൽ ഇബാദത്തല്ല.

“ഭൗതികമായ മാർഗത്തിൽ ഗുണമാശിച്ചുക്കൊണ്ടും ദോഷം ഭയപ്പെട്ടുക്കൊണ്ടും ഒരു വ്യക്തിയോടു നാം എന്തു തന്നെ താഴ്മയും ബഹുമാനവും പ്രകടിപ്പിച്ചാലും അത് അങ്ങേയറ്റത്തെ താഴ്ചയും ബഹുമാനവുമാകുന്നില്ല എന്നതാണ് പരമാർത്ഥം. ഭൗതികമായ കാരണങ്ങളാലുള്ള വിധേയത്വം, ആദരവ്, സ്നേഹം, ഭയം മുതലായവരുടെ അവസ്ഥയും അപ്രകാരം തന്നെ. അത്കൊണ്ട് അതൊന്നും ആരാധനയാകുന്ന പ്രശ്നമില്ല.” (ഇസ്‌ലാമിന്റെ അടിത്തറ തൗഹീദ്,കുഞ്ഞീതു മദനി, പേജ് 22)

“അഭൗതികമായ മാർഗത്തിൽ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ഒരു വ്യക്തിക്കോ, ശക്തിക്കോ, വസ്തുവിനോ, ഉണ്ടെന്നു വിശ്വസിച്ചു കൊണ്ട് ആ വ്യക്തിയുടെയോ, ശക്തിയുടെയോ, വസ്തുവിന്റെയോ നേരെ വെച്ചു പുലർത്തുന്ന താഴ്ച, വിധേയത്വം, ആദരവ്, സ്നേഹം, ബഹുമാനം, ഭയം, അവയവങ്ങളുടെ ചലനം എന്നിവയെല്ലാം ആരാധനയാണ്.” (ഇസ്‌ലാമിന്റെ അടിത്തറ തൗഹീദ്, കുഞ്ഞീതു മദനി, പേജ്‌ 23)

സഹായതേട്ടം (استعانة)

രോഗം മാറുന്നതിനു വേണ്ടി ഡോക്ടറോട് സഹായം തേടുന്നതും മാതാപിതാക്കളോട് സഹായം തേടുന്നതും മനുഷ്യര്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സഹായതേട്ടങ്ങള്‍ നടത്തുന്നതും ഇബാദത്തല്ല. കാരണം അത് ഭൗതികമായ മാര്‍ഗത്തിലാണ്. അഥവാ അവര്‍ക്ക് സഹായിക്കാന്‍ സാധിക്കുന്ന കാര്യങ്ങളിലും സഹായം തേടപ്പെടുന്നവര്‍ ജീവിച്ചിരിക്കുന്നവരായിരിക്കുകയും അവര്‍ സഹായ തേട്ടം കേള്‍ക്കാന്‍ സാധിക്കുന്ന പരിധിയിലായിരിക്കുകയുമാണ്. എന്നാൽ ഇന്ന് കേരളത്തിൽ നിന്നും ഒരാൾ മുഹ്‌യുദ്ദീൻ ശൈഖിനോട് സഹായം ചോദിച്ചാൽ അത് ശിര്‍ക്കാണ്. കാരണം ആ തേട്ടം ഭൗതികമായ മാര്‍ഗത്തിലാണ്. അത്  ഇബാദത്താണ്.

സ്നേഹം (المحبة),

ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരാൾക്ക് ഉമ്മയോടുള്ളതിനേക്കാൾ സ്നേഹം ഭാര്യയോടുണ്ട്. എന്നാൽ ഉമ്മയോടും ഭാര്യയോടുമുള്ള സ്നേഹത്തെ അപേക്ഷിച്ച് അല്ലാഹുവോടുള്ള സ്നേഹം നന്നേ കുറവും. സ്നേഹത്തെ ഭാഗിച്ചാൽ ഉമ്മയോട് 35% ഭാര്യയോട് 50% അല്ലാഹുവോട് 15% എന്നിങ്ങനെയാണെന്ന് വെക്കുക. എങ്കിൽ ഉമ്മയോടും, ഭാര്യയോടുമുള്ളത് അവർക്കുള്ള ഇബാദത്തല്ല. എന്നാൽ അല്ലാഹുവിനോടുള്ളത് അവനുള്ള ഇബാദത്താണ്. സ്നേഹത്തിന്റെ അളവല്ല പരിഗണനീയം. ഏത് മാനദണ്ഡത്തിൽ സ്നേഹിക്കുന്നു എന്നതാണ് എപ്പോൾ ഇബാത്താകുന്നു എന്ന് തീരുമാനിക്കാനുള്ള അടിസ്ഥാനം.

അല്ലാഹുവിനെ സ്നേഹിക്കുക എന്നത് അവനുള്ള ഇബാദതാണ്. ഒരാൾ അല്ലാഹുവിനെ സ്നേഹിക്കുന്നത് പോലെ മറ്റൊരാളെ സ്നേഹിച്ചാൽ അവൻ ആരാധനയിൽ പങ്കുചേർത്തിരിക്കുന്നു.

ഭയം (الخوف)

സിംഹത്തെ ഭയന്നാൽ, കൊത്താൻ വരുന്ന പാമ്പിനെ ഭയന്നാൽ അത് അവക്കുള്ള ഇബാദത്തല്ല. എന്നാൽ ‘നാഗ ദേവത’യെ പൂജിക്കുന്ന ഭക്തൻ അതിനോട് കാണിക്കുന്ന ഭയം ഇബാദത്താണ്. അല്ലാഹുവിനെ ഭയപ്പെടുന്നത് അവനുള്ള ഇബാദത്താണല്ലോ.

പ്രതീക്ഷ (الرجاء)

ഏതെങ്കിലും ഒരു വ്യക്തിക്ക് തന്നെ സാമ്പത്തികമായോ ശാരീരകമായോ സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് ആ വ്യക്തിക്കുള്ള ഇബാദത്തല്ല.

ദീർഘയാത്രയിൽ കൂടെ കൂട്ടുകാരനുണ്ടായാൽ യാത്രാക്ളേശങ്ങളിൽ തന്നെ സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷ അവനുള്ള ഇബാദത്തല്ല. താൻ സന്ദർശിക്കാറുള്ള തങ്ങളോട് / ജാറത്തിലെ മഹാനോട് തന്റെ യാത്ര തുടങ്ങും മുമ്പ് അനുവാദം വാങ്ങിയാൽ യാത്രാ ക്ളേശത്തിൽ നിന്നും രക്ഷപ്പെടുമെന്ന പ്രതീക്ഷ ഇബാദത്താണ്. അതിനാൽ ശിർക്കുമാണ്.

(നേർച്ച കുറ്റിയിൽ പണമെറിയുന്നവന്റെയും ചുരത്തിന് താഴെയുള്ള ജാറത്തിങ്കൽ പണമെറിയുന്നവന്റെയും പ്രതീക്ഷയും ഭയവും ഇബാദത്ത് തന്നെ.)

തന്നെ അക്രമിക്കാൻ വരുന്നവരിൽ നിന്ന് ഓടി കരുത്തനായ ഒരുത്തന്റെ വീട്ടിൽ അഭയം പ്രാപിച്ച ഒരാൾ അക്രമികളെ തടഞ്ഞ് തനിക്ക് അഭയം നൽകാൻ ആ കരുത്തന് കഴിയും എന്ന വിശ്വാസത്തോടെ അവനോട് അഭയം ചോദിച്ചാൽ അവിടെ യാതൊരു അഭൗതികതയുമില്ല. ഇതിനെ ആരും ശിർക്കെന്ന് പറയാറില്ല.

കാര്യകാരണ ബന്ധം, ഭൗതികം, അഭൗതികം തുടങ്ങിയ സാങ്കേതിക ശബ്ദങ്ങളെ യഥാവിധി മനസ്സിലാക്കാത്തതാണ് പലരും യഥാർത്ഥ തൗഹീദിൽ നിന്ന് വ്യതിചലിക്കാൻ കാരണം.

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *