നല്ല വാക്കുകൾ

ഇസ്‌ലാം എന്നാൽ നല്ല വാക്ക്

عن عمرو بن عبسة رضي الله عنه قال: أتيت رسول الله صلى الله عليه وسلم فقلت: ما الإسلام؟ قال: طيب الكلام، وإطعام الطعام.

അംറ് ബ്നു അബസ رَضِيَ اللَّهُ عَنْهُ പറയുന്നു:  ഞാൻ നബി ﷺ യുടെ അടുക്കൽ വന്നു. എന്നിട്ട് ചോദിച്ചു: ‘ഇസ്‌ലാം എന്ന് പറഞ്ഞാൽ എന്താണ്?’. അപ്പോൾ നബി ﷺ പറഞ്ഞു: നല്ല വാക്കുകൾ പറയലും വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കലുമാണ് (ഇസ്‌ലാം) (അഹ്മദ്)

ഇസ്‌ലാം എന്ന മതം കൊണ്ട്  അല്ലാഹു ഉദ്ദേശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ഒരു മനുഷ്യന്റെ നാവിനെ സംസ്‌കരിച്ചെടുക്കുക എന്നതാണ്. ഒരു വ്യക്തിയുടെ വാക്കുകൾ നന്നാകുമ്പോൾ അവന്റെ ജീവിതം തന്നെ പ്രകാശപൂരിതമാകുന്നു. അവന്റെ ഇസ്‌ലാം പൂർണ്ണതയോടടുക്കുന്നു.

ലോകത്ത് ഏറ്റവും ശ്രേഷ്ഠമായ വാക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന തൗഹീദിന്റെ വചനമാണ്. അല്ലാഹു അതിനെ വിശേഷിപ്പിച്ചത് ‘കലിമതൻ ത്വയ്യിബ’ (നല്ല വാക്ക്) എന്നാണ്. ആ നല്ല വാക്ക് ഉച്ചരിച്ചുകൊണ്ടാണ് ഒരാൾ ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ, ഇസ്‌ലാമിൽ പ്രവേശിച്ച ശേഷമുള്ള അവന്റെ ജീവിതത്തിലെ ഓരോ വാക്കുകളും ആ പരിശുദ്ധ വചനത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളുന്നതായിരിക്കണം; അവയെല്ലാം നല്ലതും സത്യസന്ധവുമായിരിക്കണം.

നരകമോചനത്തിന് ഒരു നല്ല വാക്ക്

നരകാഗ്നിയിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കുന്ന സുപ്രധാന വിഷയങ്ങളിൽ ഒന്നാണ് നല്ല വാക്കുകൾ പറയുക എന്നത്. നിസ്സാരമെന്ന് നാം കരുതുന്ന ഒരു നല്ല വാക്കിന് അല്ലാഹുവിന്റെ അടുക്കൽ വലിയ വിലയുണ്ട്. അത് നരകത്തിൽ നിന്ന് നമ്മെ കാക്കുന്ന പരിചയായി വർത്തിച്ചേക്കാം.

عَنْ عَدِيِّ بْنِ حَاتِمٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ ذَكَرَ النَّارَ فَتَعَوَّذَ مِنْهَا وَأَشَاحَ بِوَجْهِهِ ثَلاَثَ مِرَارٍ ثُمَّ قَالَ ‏ “‏ اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ فَإِنْ لَمْ تَجِدُوا فَبِكَلِمَةٍ طَيِّبَةٍ ‏”‏ ‏.‏

അദിയ്യ് ഇബ്നു ഹാത്തിം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ നരകത്തെ സംബന്ധിച്ച് സംസാരിച്ചു. അവിടുന്ന് മുഖം തിരിച്ചുകൊണ്ട് അതിൽ നിന്ന് അഭയം തേടി. ഇങ്ങനെ മൂന്നു തവണ ചെയ്ത ശേഷം അവിടുന്ന് പറഞ്ഞു:”ഒരു കാരക്കയുടെ ചീള് കൊണ്ടെങ്കിലും നിങ്ങൾ നരകത്തിൽ നിന്ന് രക്ഷപ്പെട്ടുകൊള്ളുക. ഇനി അതും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു നല്ല വാക്ക് കൊണ്ടെങ്കിലും (നരകത്തെ സൂക്ഷിക്കുക). (മുസ്ലിം: 1016)

ഒരൊറ്റ നല്ല വാക്ക് ഒരുപക്ഷേ നരകം വിധിക്കപ്പെട്ട ഒരു വ്യക്തിക്ക് അതിൽ നിന്ന് മോചനം നേടാൻ കാരണമായേക്കാം. അല്ലാഹുവിന്റെ കോപത്തിന് കാരണമാകുന്ന വല്ല വിഷയത്തിലും അകപ്പെട്ടുപോയ ഒരടിമക്ക്, അവൻ പറയുന്ന ഒരു നല്ല വാക്ക് പ്രായശ്ചിത്തമായി ഭവിച്ചേക്കാം. അത്രയേറെ ശക്തിയുണ്ട് നല്ല വാക്കുകൾക്ക്. നരകാഗ്നിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഉണങ്ങിയ കാരക്കയുടെ കഷ്ണം പോലും കൈവശമില്ലാത്തവനോട്, ഒരു നല്ല വാക്ക് പറഞ്ഞ് രക്ഷ നേടാനാണ് കാരുണ്യവാനായ പ്രവാചകൻ ﷺ നമ്മെ പഠിപ്പിക്കുന്നത്.

സ്വർഗ്ഗത്തിലേക്കുള്ള വാതിലുകൾ

നരകത്തിൽ നിന്ന് നമ്മെ അകറ്റുന്നതുപോലെ, സ്വർഗത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതിലും നല്ല വാക്കുകൾക്ക് നിർണായകമായ പങ്കുണ്ട്. സ്വർഗ്ഗപ്രവേശനത്തിനും അതിലെ ഉന്നതമായ പദവികൾ കരസ്ഥമാക്കുന്നതിനും നല്ല സംസാരം ഒരു പ്രധാന കാരണമാണ്.

عَنْ عَبْدُ اللَّهِ بْنُ سَلاَمٍ، قَالَ لَمَّا قَدِمَ النَّبِيُّ ـ صلى الله عليه وسلم ـ الْمَدِينَةَ انْجَفَلَ النَّاسُ قِبَلَهُ وَقِيلَ قَدْ قَدِمَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ قَدْ قَدِمَ رَسُولُ اللَّهِ قَدْ قَدِمَ رَسُولُ اللَّهِ ‏.‏ ثَلاَثًا فَجِئْتُ فِي النَّاسِ لأَنْظُرَ فَلَمَّا تَبَيَّنْتُ وَجْهَهُ عَرَفْتُ أَنَّ وَجْهَهُ لَيْسَ بِوَجْهِ كَذَّابٍ فَكَانَ أَوَّلَ شَىْءٍ سَمِعْتُهُ تَكَلَّمَ بِهِ أَنْ قَالَ ‏ “‏ يَا أَيُّهَا النَّاسُ أَفْشُوا السَّلاَمَ وَأَطْعِمُوا الطَّعَامَ وَصِلُوا الأَرْحَامَ وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلاَمٍ ‏”‏ ‏.‏

അബ്ദുല്ലാഹിബ്നു സലാം رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ മദിനയിലേക്ക് വന്നപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് ധൃതിപ്പെട്ട് പോയി.അല്ലാഹുവിന്റെ റസൂൽ, വന്നിരിക്കുന്നു, അല്ലാഹുവിന്റെ റസൂൽ വന്നിരിക്കുന്നു, അല്ലാഹുവിന്റെ റസൂൽ വന്നിരിക്കുന്നു എന്ന് മൂന്ന് തവണ പറയപ്പെടുകയുണ്ടായി. ജനങ്ങളോടോപ്പം ഞാനും അദ്ദേഹത്തെ കാണാൻ വന്നു . അദ്ദേഹത്തിന്റെ മുഖം ഞാന്‍ വ്യക്തമായി കണ്ടപ്പോള്‍, അതൊരു കളവ് പറയുന്നവന്റെ മുഖമല്ലെന്ന് എനിക്ക് മനസ്സിലായി. അവിടുന്ന് പറയുന്നതായി ഞാന്‍ ആദ്യം കേട്ടത് ഇതായിരുന്നു: നിങ്ങള്‍ സലാം പ്രചരിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടംബബന്ധം ചേ൪ക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ (രാത്രിയില്‍ എഴുന്നേറ്റ്) നമസ്‌കരിക്കുക. സമാധാനത്തോടെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം’. (തി൪മിദി:29/3374)

ഈ ഹദീസിൽ നേരിട്ട് നല്ല വാക്കിനെക്കുറിച്ച് പരാമർശമില്ലെങ്കിലും, ‘സലാം വ്യാപിപ്പിക്കുക’ എന്നത് നല്ല വാക്കുകളുടെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ്. മറ്റൊരിക്കൽ നബി ﷺ സ്വർഗം ഉറപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ ‘നല്ലത് മാത്രം പറയുക’ എന്ന് വ്യക്തമായി എണ്ണിയിട്ടുണ്ട്.

സ്വർഗ്ഗത്തിലെ പദവികൾ വർദ്ധിപ്പിക്കുന്നതിലും നല്ല വാക്കുകൾക്ക് വലിയ സ്വാധീനമുണ്ട്.

عَنْ عَلِيٍّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ إِنَّ فِي الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا مِنْ ظُهُورِهَا ‏”‏ ‏.‏ فَقَامَ أَعْرَابِيٌّ فَقَالَ لِمَنْ هِيَ يَا رَسُولَ اللَّهِ قَالَ ‏”‏ لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَأَدَامَ الصِّيَامَ وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاسُ نِيَامٌ ‏”‏ ‏.

അലി رضي اللهُ عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ചില മുറികളുണ്ട്. അവയുടെ പുറം ഭാഗം അകത്തിരുന്നും അകത്തളങ്ങള്‍ പുറമെ നിന്നും കാണാം. അല്ലാഹുവിന്റെ ദൂതരെ, അത് ആര്‍ക്കുള്ളതാണെന്നു ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞു: ‘നല്ലത് സംസാരിച്ചവര്‍ക്കും, മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കിയവ൪ക്കും, സ്ഥിരമായി നോമ്പ്‌ നോല്‍ക്കുന്നവ൪ക്കും, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രി എണീറ്റ്‌ നമസ്കരിക്കുകയും ചെയ്തവര്‍ക്കുമാണത് ലഭിക്കുക.(തിര്‍മിദി:1984)

ഈമാനിന്റെ നേർസാക്ഷ്യം

ഒരു സത്യവിശ്വാസിയുടെ ജീവിതത്തിൽ ഈമാനിന് (വിശ്വാസം) കേന്ദ്ര സ്ഥാനമാണുള്ളത്. അവന്റെ എല്ലാ പ്രവർത്തനങ്ങളും ചിന്തകളും ഈമാനിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഈമാനിന്റെ പൂർണ്ണത വെളിവാകുന്ന പ്രധാനപ്പെട്ട ഒരു മേഖലയാണ് അവന്റെ സംസാരം.

عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ « مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ – البخاري، مسلم

അബൂഹുറൈറ رضي اللهُ عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മൗനം പാലിക്കട്ടെ. (ബുഖാരി: 6475 – മുസ്‌ലിം: 47)

ഈ ഹദീസ് ഈമാനും സംസാരവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് വരച്ചുകാണിക്കുന്നത്. യഥാർത്ഥ ഈമാനുള്ള ഒരു വ്യക്തിക്ക് തന്റെ നാവിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടുവിക്കാൻ കഴിയില്ല. കാരണം, താൻ ഉച്ചരിക്കുന്ന ഓരോ വാക്കും രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും അതിന് പരലോകത്ത് വിചാരണ നേരിടേണ്ടി വരുമെന്നും അവനറിയാം. അതുകൊണ്ട് അവന്റെ മുന്നിൽ രണ്ടേ രണ്ട് വഴികളേയുള്ളൂ: ഒന്നുകിൽ നല്ലത് മാത്രം സംസാരിക്കുക, അല്ലെങ്കിൽ മൗനം അവലംബിക്കുക.
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം മൗനം പോലും ഒരു ആരാധനയാണ്. തിന്മയിൽ നിന്ന് നാവിനെ പിടിച്ചുവെക്കുന്നതിലൂടെ അവൻ അല്ലാഹുവിന്റെ പ്രതിഫലത്തിന് അർഹനാകുന്നു.

ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ വിശദീകരിക്കുന്നു: ഒരു മുഅ്മിനിന്റെ പ്രത്യേകത എന്താണ്? അവൻ നല്ല വാക്ക് പറയും. നരകത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? നല്ല വാക്കിലൂടെ. സ്വർഗത്തിൽ എങ്ങനെ പ്രവേശിക്കും? നല്ല വാക്കിലൂടെ. ഈമാൻ പൂർണ്ണമാകുന്നത് എപ്പോൾ? അവന്റെ വാക്കുകൾ നന്നാകുമ്പോൾ. ചുരുക്കത്തിൽ, ഒരു മനുഷ്യന്റെ വിജയത്തിന്റെ താക്കോൽ അവന്റെ നാവിലാണ്. അത് നന്മക്കായി ഉപയോഗിച്ചവൻ വിജയിച്ചു, തിന്മക്കായി ഉപയോഗിച്ചവൻ പരാജയപ്പെടുകയും ചെയ്തു.

ഖുർആനിന്റെ കൽപന

നല്ല വാക്കുകൾ പറയേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ ഖുർആൻ നിരവധി സ്ഥലങ്ങളിൽ ഊന്നിപ്പറയുന്നുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ഭാഗമാണ് സൂറത്തുൽ അഹ്സാബിലെ 70, 71 വചനങ്ങൾ. സത്യവിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു നൽകുന്ന ഗൗരവമേറിയ ഒരു ഉപദേശമാണിത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَقُولُوا۟ قَوْلًا سَدِيدًا

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. (ഖു൪ആന്‍:33/70)

എന്താണ് ‘ഖൗലുൻ സദീദ്’? പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ ഇതിന് പല അർത്ഥങ്ങളും നൽകിയിട്ടുണ്ട്. അവയുടെയെല്ലാം രത്നച്ചുരുക്കം ഇതാണ്:

• നേർക്കുനേരെയുള്ള, വക്രതയില്ലാത്ത സംസാരം.
• സത്യസന്ധവും നീതിയുക്തവുമായ വാക്കുകൾ.
• ദുരുദ്ദേശ്യങ്ങളോ, കുത്തുവാക്കുകളോ, പരിഹാസമോ ഇല്ലാത്ത സംസാരം.
• നന്മയും പുണ്യവും ഉൾക്കൊള്ളുന്ന സംസാരം.

ഇമാം ഇബ്നു ജരീർ അത്ത്വബരി رَحِمَهُ الله അദ്ദേഹത്തിന്റെ തഫ്സീറിൽ ഉദ്ധരിക്കുന്നു:

عن مجاهد {وَقُولُوا قَوْلا سَدِيدًا} يقول: سدادًا.

മുജാഹിദ് رَحِمَهُ الله പറഞ്ഞു: നേർക്കുനേരെയുള്ള വാക്കുകളാണ് ‘ഖൗലുൻ സദീദ്.’

عن عكرمة في قول الله {وَقُولُوا قَوْلا سَدِيدًا} قولوا: لا إله إلا الله.

ഇക്രിമ رَحِمَهُ الله പറഞ്ഞു: അത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വചനമാണ്. (ത്വബ്രി)

ശരിയായ വാക്ക് പറയാനും ഉപദേശിക്കുന്നു. അതായത് ക്വുർആൻ പാരായണം ചെയ്യുക, ദിക്ർ ചൊല്ലുക, നന്മ കൽപിക്കുക, തിന്മ വിരോധിക്കുക, പഠിക്കുക, പഠിപ്പിക്കുക, മതവിധികൾ പറയുമ്പോൾ പരമാവധി ശരിയാവാൻ ശ്രദ്ധിക്കുക, അറിവ് നേടാനുള്ള എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ആളുകളെ അഭിസംബോധന ചെയ്യുമ്പോൾ ദയയോടെയും സൗമ്യതയോടെയും സംസാരിക്കുക, ആത്മാർഥത പുലർത്തുക, കൂടുതൽ ഉചിതവും ശരിയായതും ചെയ്യാൻ ആളുകളെ ഉപദേശിക്കുക എന്നിവയെല്ലാം ഉചിതമായത് പറയുന്നതിന്റെ ഭാഗമാണ്. (തഫ്സീറുസ്സഅ്ദി)

ഒരു വിശ്വാസി അവന്റെ സംസാരത്തിൽ പാലിക്കേണ്ട എല്ലാ മര്യാദകളും ഈ ഒരൊറ്റ പദത്തിൽ അടങ്ങിയിരിക്കുന്നു. അവൻ സംസാരിക്കുമ്പോൾ കളവ് പറയാനോ, പരദൂഷണം പറയാനോ, ഏഷണി പറയാനോ, മറ്റുള്ളവരെ പരിഹസിക്കാനോ പാടില്ല. അവന്റെ വാക്കുകൾ സ്പഷ്ടവും സത്യസന്ധവുമായിരിക്കണം. ഉള്ളിലൊന്ന് വെച്ച് പുറത്ത് മറ്റൊന്ന് പറയുന്ന കാപട്യത്തിന്റെ സ്വഭാവം ഒരു സത്യവിശ്വാസിക്ക് ചേർന്നതല്ല. അവന്റെ അകവും പുറവും ഒരുപോലെയായിരിക്കണം. ഈ കൽപന പാലിക്കുന്നവർക്ക് അല്ലാഹു വാഗ്ദാനം ചെയ്യുന്ന പ്രതിഫലങ്ങൾ വളരെ വലുതാണ്.

നേരായ വാക്കിന്റെ ഫലങ്ങൾ

സൂറത്തുൽ അഹ്സാബിലെ ആയത്തിൽ, തഖ്‌വയും ശരിയായ വാക്ക് പറയലും കൊണ്ടുണ്ടാകുന്ന ഫലങ്ങൾ അല്ലാഹു തുടർന്ന് പറയുന്നു:

يُصْلِحْ لَكُمْ أَعْمَٰلَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ فَقَدْ فَازَ فَوْزًا عَظِيمًا

എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു. (ഖു൪ആന്‍:33/71)

ഈ ആയത്തിൽ അല്ലാഹു രണ്ട് മഹത്തായ വാഗ്ദാനങ്ങൾ നൽകുന്നു:

1. കർമ്മങ്ങൾ നന്നാക്കും

ഇതിന്റെ അർത്ഥം വളരെ വിശാലമാണ്.

يوفقهم للأعمال الصالحة

അല്ലാഹു അവർക്ക് സൽകർമ്മങ്ങൾ ചെയ്യാനുള്ള തൗഫീഖ് (അവസരം) നൽകും. (ഇബ്നു കഥീർ)

വാക്ക് നന്നായാൽ പ്രവൃത്തിയും നന്നാകുമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഒരു മനുഷ്യൻ ഉപയോഗിക്കുന്ന വാക്കുകൾ അവന്റെ ഹൃദയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയത്തിൽ നിന്ന് വരുന്ന ചിന്തകളാണ് വാക്കുകളായി പുറത്തുവരുന്നത്. നബി ﷺ പറയുന്നു:

لَا يَسْتَقِيمُ إِيمَانُ عَبْدٍ حَتَّى يَسْتَقِيمَ قَلْبُهُ، وَلَا يَسْتَقِيمُ قَلْبُهُ حَتَّى يَسْتَقِيمَ لِسَانُهُ

ഒരടിമയുടെ ഹൃദയം നേരെയാകുന്നതുവരെ അവന്റെ ഈമാൻ നേരെയാവുകയില്ല. അവന്റെ നാവ് നേരെയാകുന്നതുവരെ അവന്റെ ഹൃദയവും നേരെയാവുകയില്ല. (മുസ്നദ് അഹ്മദ്)

ഈമാനിന്റെ ഭദ്രത ഹൃദയത്തിന്റെ ഭദ്രതയെയും, ഹൃദയത്തിന്റെ ഭദ്രത നാവിന്റെ ഭദ്രതയെയും ആശ്രയിച്ചിരിക്കുന്നു. ആത്മാർത്ഥതയില്ലാതെ, വളഞ്ഞ വഴികളിലൂടെ സംസാരിക്കുന്ന ഒരാളുടെ ഹൃദയത്തെ അല്ലാഹു ഇളക്കിമറിച്ചുകൊണ്ടിരിക്കും. ഇത് അവന്റെ ഈമാനിനെ ദുർബലമാക്കും. എന്നാൽ, നേരായ വാക്കുകൾ പറയുന്ന ഒരാൾക്ക് സൽകർമ്മങ്ങൾ ചെയ്യാനുള്ള തൗഫീഖ് അല്ലാഹു നൽകും. അവൻ ചെയ്യുന്ന കർമ്മങ്ങളെ അല്ലാഹു സംരക്ഷിക്കുകയും അതിനെ ഫസാദാക്കുന്ന (നശിപ്പിക്കുന്ന) കാര്യങ്ങളിൽ നിന്ന് അവനെ തടയുകയും ചെയ്യും.

2. പാപങ്ങൾ പൊറുക്കും

നല്ല വാക്കിന്റെ മറ്റൊരു മഹത്തായ പ്രതിഫലമാണിത്. നേരായ വാക്കുകൾ സംസാരിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ മുൻകാല പാപങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കും. മാത്രമല്ല, ഭാവിയിൽ വല്ല തെറ്റുകളും സംഭവിച്ചാൽ അതിൽ നിന്ന് പശ്ചാത്തപിക്കാനുള്ള (തൗബ) തൗഫീഖും അല്ലാഹു അവന് നൽകും.

ഈ രണ്ട് അനുഗ്രഹങ്ങളും ലഭിക്കുന്നതിലൂടെ ഒരു സത്യവിശ്വാസി ഐഹികവും പാരത്രികവുമായ വിജയം കരസ്ഥമാക്കുന്നു. അതുകൊണ്ടാണ് ആയത്തിന്റെ അവസാനം അല്ലാഹു പറഞ്ഞത്: {അല്ലാഹുവെയും അവന്റെ ദൂതനെയും ആർ അനുസരിക്കുന്നുവോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നു} നാവിനെ നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ വിജയി.

പിശാചിന്റെ പ്രവേശന കവാടം

മനുഷ്യർക്കിടയിൽ ഭിന്നതയും ശത്രുതയും ഉണ്ടാക്കുക എന്നത് പിശാചിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഈ ലക്ഷ്യം നേടുന്നതിനായി അവൻ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ഒരു മാധ്യമമാണ് മനുഷ്യന്റെ നാവ്. ഈ അപകടത്തെക്കുറിച്ച് അല്ലാഹു നമുക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്.

وَقُل لِّعِبَادِى يَقُولُوا۟ ٱلَّتِى هِىَ أَحْسَنُ ۚ إِنَّ ٱلشَّيْطَٰنَ يَنزَغُ بَيْنَهُمْ ۚ إِنَّ ٱلشَّيْطَٰنَ كَانَ لِلْإِنسَٰنِ عَدُوًّا مُّبِينًا

നീ എന്‍റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീര്‍ച്ചയായും പിശാച് അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും പിശാച് മനുഷ്യന് പ്രത്യക്ഷ ശത്രുവാകുന്നു. (ഖു൪ആന്‍:17/53)

ഈ ആയത്തിൽ “ഏറ്റവും നല്ലത് അവർ പറയട്ടെ” എന്ന പ്രയോഗം വളരെ ശ്രദ്ധേയമാണ്. നല്ലത് പറഞ്ഞാൽ മാത്രം പോരാ, ഏറ്റവും നല്ലത് തന്നെ തിരഞ്ഞെടുത്ത് സംസാരിക്കണം എന്നാണ് അല്ലാഹുവിന്റെ കൽപന. എന്തുകൊണ്ട്? അല്ലാഹു തന്നെ അതിന്റെ കാരണം വ്യക്തമാക്കുന്നു: {തീർച്ചയായും പിശാച് അവർക്കിടയിൽ ഭിന്നതയുണ്ടാക്കും}. ഒരു വാക്കിന്റെ ചെറിയൊരു പിഴവ് പോലും പിശാച് മുതലെടുക്കും. അതിനെ ഊതിവീർപ്പിച്ച് ആളുകളുടെ മനസ്സിൽ പരസ്പരം വെറുപ്പും വിദ്വേഷവും വളർത്താൻ അവൻ ശ്രമിക്കും. ഭാര്യയും ഭർത്താവും തമ്മിൽ, മാതാപിതാക്കളും മക്കളും തമ്മിൽ, അയൽവാസികൾ തമ്മിൽ, സുഹൃത്തുക്കൾ തമ്മിൽ, എന്തിന് ഒരേ ആദർശത്തിൽ വിശ്വസിക്കുന്നവർക്കിടയിൽ പോലും നാവിന്റെ പിഴവുകൾ കാരണം വലിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് നാം കാണാറുണ്ട്. എല്ലാ ഫിത്‌നകളുടെയും (കുഴപ്പങ്ങൾ) അടിസ്ഥാന കാരണങ്ങളിലൊന്ന് നാവിനെ സൂക്ഷിക്കാത്തതാണ്.

പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണെന്ന് അല്ലാഹു ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നു. ആ ശത്രുവിന് കടന്നുവരാനുള്ള വാതിലുകൾ നാം തന്നെ തുറന്നുകൊടുക്കരുത്. സംസാരത്തിൽ അങ്ങേയറ്റം സൂക്ഷ്മത പാലിക്കുക എന്നതാണ് ആ വാതിലുകൾ അടക്കാനുള്ള ഏറ്റവും നല്ല മാർഗം. സൗമ്യമായി, വിനയത്തോടെ, സ്നേഹത്തോടെ സംസാരിക്കുക. ഒരാളെക്കുറിച്ച് ഒരു മോശം വാക്ക് പറയാൻ അവസരം ലഭിക്കുമ്പോൾ, അത് പിശാചിന്റെ കെണിയാണെന്ന് തിരിച്ചറിഞ്ഞ് അതിൽ നിന്ന് മാറിനിൽക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് വ്യക്തിബന്ധങ്ങൾ സംരക്ഷിക്കാനും പിശാചിന്റെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താനും സാധിക്കും.

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *