സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അദ്ധ്യക്ഷനായ ജിഫ്രി മുത്തുകോയ തങ്ങൾ അദ്ധേഹത്തിന്റെ ഒരു സംസാരത്തിൽ “നബി ﷺ യുടെ മുൻപിൽ വെച്ച് പെൺകുട്ടികൾ നാളത്തെ കാര്യങ്ങൾ അറിയുന്ന ഒരു നബി ഞങ്ങൾക്കുണ്ട് എന്ന് പാട്ട് പാടിയപ്പോൾ നബി ﷺ അത് തിരുത്തിയില്ല, കാരണം അംബിയാക്കൾക്കും ഔലിയാക്കൾക്കും അദൃശ്യം അറിയാം” എന്ന രീതിയിലുള്ള ഒരു പരാമർശം നടത്തിയായി ശ്രദ്ധയിൽപെട്ടു. അദ്ധേഹത്തിന്റെ ഈ പരാമർശം വിശുദ്ധ ഖുർആനിനും തിരുസുന്നത്തിനും എതിരായതും സത്യത്തെ വളച്ചൊടിക്കുന്നതുമാണ്. ഏതൊങ്കിലും ഒരു വ്യക്തിയെന്നതിനുപരി കേരളത്തിലെ പ്രബലമായ ഒരു മതസംഘടനയുടെ അദ്ധ്യക്ഷനന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഈ വിഷയത്തിൽ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.
ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് വിശുദ്ധ ഖുർആൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്.
قُلْ إِنَّمَا ٱلْغَيْبُ لِلَّهِ
(നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമാകുന്നു. (ഖു൪ആന്‍: 10/20)
وَلِلَّهِ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَإِلَيْهِ يُرْجَعُ ٱلْأَمْرُ كُلُّهُۥ فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعْمَلُونَ
ആകാശ ഭൂമികളിലെ അദൃശ്യ യാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അറിവ് അല്ലാഹുവിനുള്ളതാണ്. അവങ്കലേക്ക് തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല. (ഖു൪ആന്‍:11/123)
إِنَّ ٱللَّهَ يَعْلَمُ غَيْبَ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ بَصِيرُۢ بِمَا تَعْمَلُونَ
തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനുമാകുന്നു അല്ലാഹു. (ഖു൪ആന്‍: 49/18)
{തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യകാര്യം അറിയുന്നു} അവ രണ്ടിലും അവ്യക്തമായ കാര്യങ്ങള്‍, സൃഷ്ടികള്‍ക്ക് വ്യക്തതയില്ലാത്തത്. കടലിലെ തിരമാലകള്‍, വിജനമായ വിശാല സ്ഥലങ്ങള്‍, രാത്രി മറയ്ക്കുന്നത്, പകലില്‍ മൂടിക്കളയുന്നത്, മഴത്തുള്ളികളുടെ എണ്ണം, മണല്‍ത്തരികള്‍, ഹൃദയങ്ങള്‍ മറച്ചുവെക്കുന്നത്, നിഗൂഢകാര്യങ്ങള്‍. (തഫ്സീറുസ്സഅ്ദി)
സൃഷ്ടികളില്‍ ഒരാള്‍ക്കും ഗൈബ് (മറഞ്ഞ കാര്യങ്ങള്‍) അറിയില്ലെന്നുള്ളതും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.
وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ
അവന്റെ (അല്ലാഹുവിന്റെ) പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ താക്കോലുകൾ. അവനല്ലാതെ അവ അറിയുകയില്ല. (ഖു൪ആന്‍: 6/59)
قُل لَّا يَعْلَمُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല. (ഖു൪ആന്‍: 27/65)
എന്നാല്‍ പ്രവാചകന്മാര്‍ ചിലപ്പോള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയാറുണ്ട്. അതും അവര്‍ സ്വന്തം അറിയുന്നതല്ല, അല്ലാഹു വഹ്‌യിലൂടെ അറിയിക്കുന്നതാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക:
عَٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا ﴿٢٦﴾ إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ …. ﴿٢٧﴾
അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. ….(ഖു൪ആന്‍:72/26-27)
നൂഹ് നബി عليه السلام യുടെ ചരിത്രം വിശദീകരിച്ച ശേഷം വിശുദ്ധ ഖുർആനിൽ മുഹമ്മദ് നബി ﷺ യോടായി അല്ലാഹു പറയുന്നു:
تِلْكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهَآ إِلَيْكَ ۖ مَا كُنتَ تَعْلَمُهَآ أَنتَ وَلَا قَوْمُكَ مِن قَبْلِ هَٰذَا ۖ فَٱصْبِرْ ۖ إِنَّ ٱلْعَٰقِبَةَ لِلْمُتَّقِينَ
(നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിനക്ക് നാം അത് വഹ്‌യായി നല്‍കുന്നു. നീയോ, നിന്‍റെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും. (ഖു൪ആന്‍:11/49)
ഈ വചനങ്ങൾ അറിയിക്കുന്നത് ഗൈബ് അല്ലാഹുവിനു മാത്രമെ അറിയൂ, പ്രവാചകന്മാര്‍ക്ക് പോലും അല്ലാഹു അറിയിച്ചുകൊടുത്താലല്ലാതെ അത് അറിയുകയില്ല. ഇബ്‌റാഹീം നബി عليه السلام യുടെ അടുക്കല്‍ മലക്കുകള്‍ വന്നപ്പോള്‍ അദ്ദേഹം അറിയാതെ പോയത്, മൂസാ നബി عليه السلام യുടെ കൈയിലുള്ള വടി പാമ്പാകുന്നതിന് തൊട്ടുമുമ്പുവരെ എന്ത് സംഭവിക്കുമെന്ന് അദ്ദേത്തിനറിയാതെ പോയത് തുടങ്ങിയവ ഉദാഹരണം.
അല്ലാഹു തന്റെ സൃഷ്ടികളില്‍ ചിലര്‍ക്കുമാത്രം അറിയിച്ചുകൊടുക്കുകയും മറ്റുള്ളവര്‍ അറിയാതിരിക്കുകയും ചെയ്യുന്ന അത്തരം ഗൈബുകളെ ‘ആപേക്ഷിക അദൃശ്യം’ എന്നാണ് പറയുന്നത്. എന്നാല്‍ നിരുപാധിക ഗൈബ് അല്ലാഹു മാത്രമെ അറിയുകയുള്ളൂ.
അതിനാല്‍ പ്രവാചകന്മാര്‍ ജനങ്ങളോട് പറഞ്ഞത് ഞങ്ങള്‍ക്ക് ഗൈബ് അറിയില്ലെന്നാണ്. നൂഹ് عليه السلام പറഞ്ഞത് കാണുക:
وَلَآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ إِنِّى مَلَكٌ
അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല. (ഖു൪ആന്‍:11/31)
മുഹമ്മദ് നബി ﷺ യുടെ അവസ്ഥയും ഇതിൽ നിന്ന് വിഭിന്നമല്ല.മുഹമ്മദ് നബി ﷺ ക്കും ഗൈബ് അറിയുകയില്ലെന്ന് തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. നബി ﷺ യോട് അല്ലാഹു പറയുവാനായി കല്‍പ്പിക്കുന്നത് കാണുക:
قُل لَّآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ لَكُمْ إِنِّى مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ
പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്? (ഖു൪ആന്‍:6/50)
ﻗُﻞ ﻻَّٓ ﺃَﻣْﻠِﻚُ ﻟِﻨَﻔْﺴِﻰ ﻧَﻔْﻌًﺎ ﻭَﻻَ ﺿَﺮًّا ﺇِﻻَّ ﻣَﺎ ﺷَﺎٓءَ ٱﻟﻠَّﻪُ ۚ ﻭَﻟَﻮْ ﻛُﻨﺖُ ﺃَﻋْﻠَﻢُ ٱﻟْﻐَﻴْﺐَ ﻟَﭑﺳْﺘَﻜْﺜَﺮْﺕُ ﻣِﻦَ ٱﻟْﺨَﻴْﺮِ ﻭَﻣَﺎ ﻣَﺴَّﻨِﻰَ ٱﻟﺴُّﻮٓءُ ۚ ﺇِﻥْ ﺃَﻧَﺎ۠ ﺇِﻻَّ ﻧَﺬِﻳﺮٌ ﻭَﺑَﺸِﻴﺮٌ ﻟِّﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ
(നബിയേ) പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കുതന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാ൪ത്ത അറിയിക്കുന്നവനും.(ഖു൪ആന്‍: 7/188 )
മുഹമ്മദ് നബി ﷺ ക്ക് ഗൈബ് അറിയില്ലെന്നതിലേക്ക് വെളിച്ചം നല്‍കുന്ന ചില നബിവചനങ്ങൾ കാണുക:
عَنِ الرُّبَيِّعِ بِنْتِ مُعَوِّذٍ، قَالَتْ دَخَلَ عَلَىَّ النَّبِيُّ صلى الله عليه وسلم غَدَاةَ بُنِيَ عَلَىَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، وَجُوَيْرِيَاتٌ يَضْرِبْنَ بِالدُّفِّ، يَنْدُبْنَ مَنْ قُتِلَ مِنْ آبَائِهِنَّ يَوْمَ بَدْرٍ حَتَّى قَالَتْ جَارِيَةٌ وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ. فَقَالَ النَّبِيُّ صلى الله عليه وسلم “ لاَ تَقُولِي هَكَذَا، وَقُولِي مَا كُنْتِ تَقُولِينَ ”.
റുബയ്യഅ് ബിൻത് മുഅവ്വിദ് رضي الله عنها പറയുന്നു: എന്റെ വിവാഹം കഴിഞ്ഞ ദിവസം നബി ﷺ എന്റെ വീട്ടിലേക്ക് കടന്നു വന്നു വിരിപ്പിലിരുന്നു. ചെറിയ പെൺകുട്ടികൾ ദഫ് മുട്ടി ബദ്റിൽ കൊല്ലപ്പെട്ടവരെ കുറിച്ച് പുകഴ്ത്തി പാടിക്കൊണ്ടിരുന്നു. നബി ﷺ യെ കണ്ടതും ഒരു പെൺകുട്ടി ഇങ്ങനെ പാടി: “നാളത്തെ കാര്യങ്ങൾ അറിയുന്ന ഒരു നബി ഞങ്ങൾക്കുണ്ട്.“ ഇത് കേട്ടതും നബി ﷺ പറഞ്ഞു : ഇങ്ങനെ പറയരുത് അതിനു മുൻപ് എന്താണോ പാടിയിരുന്നത് അത് പാടിക്കോളൂ. (ബുഖാരി:4001)
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:
أَمَّا هَذَا فَلاَ تَقُولُوهُ مَا يَعْلَمُ مَا فِي غَدٍ إِلاَّ اللَّهُ
ഇങ്ങനെ (നിങ്ങൾ) പറയരുത്, നാളെ എന്ത് സംഭവിക്കുമെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. (ഇബ്നുമാജ:1897)
നബി ﷺ ക്ക് ഗൈബ് അറിയില്ലെന്ന റിപ്പോർട്ട് തന്നെ വളച്ചൊടിച്ച് നബി ﷺ ക്ക് ഗൈബ് അറിയുമെന്ന് സ്ഥാപിക്കുന്നത് എത്ര വിരോധാഭാസം.
عَنْ أُمِّ سَلَمَةَ ـ رضى الله عنها ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ إِنَّمَا أَنَا بَشَرٌ، وَإِنَّكُمْ تَخْتَصِمُونَ إِلَىَّ، وَلَعَلَّ بَعْضَكُمْ أَنْ يَكُونَ أَلْحَنَ بِحُجَّتِهِ مِنْ بَعْضٍ فَأَقْضِي نَحْوَ مَا أَسْمَعُ، فَمَنْ قَضَيْتُ لَهُ بِحَقِّ أَخِيهِ شَيْئًا فَلاَ يَأْخُذْهُ، فَإِنَّمَا أَقْطَعُ لَهُ قِطْعَةً مِنَ النَّارِ ”.
ഉമ്മുസലമ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിശ്ചയം ഞാനൊരു മനുഷ്യനാണ്. നിങ്ങള്‍ എന്നെ ന്യായവാദങ്ങളുമായി സമീപിക്കുന്നു. നിങ്ങളില്‍ ചിലര്‍ മറ്റുള്ളവരെക്കാള്‍ ന്യായവാദങ്ങള്‍ സ്ഥാപിക്കുന്നതില്‍ സമര്‍ഥനായിരിക്കും. അങ്ങനെ ഞാന്‍ കേള്‍ക്കുന്നതനുസരിച്ച് അയാള്‍ക്കനുകൂലമായി വിധിക്കും. ഇപ്രകാരം ഞാന്‍ (ശരിക്കും മനസ്സിലാക്കാന്‍ കഴിയാതെ) ഒരാള്‍ക്ക് തന്റെ സഹോദരന്റെ അവകാശം വിധിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ ഞാന്‍ അവന് നരകത്തിന്റെ ഒരു വിഹിതമാണ് വീതിച്ചു നല്‍കിയത്. (ബുഖാരി :7169)
നബി ﷺ ക്ക് ഗൈബ് അറിയും എന്ന് പറയുന്നവന്‍ കളവാണ് പറയുന്നതെന്നാണ് ആയിശാ رضي الله عنها പറയുന്നത്.
قَالَتْ عَائِشَة رضى الله عنها: وَمَنْ حَدَّثَكَ أَنَّهُ يَعْلَمُ مَا فِي غَدٍ فَقَدْ كَذَبَ ثُمَّ قَرَأَتْ {وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا}
ആഇശ رضي الله عنها വില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: ആരെങ്കിലും നിന്നോട് നബി ﷺ നാളത്തെ കാര്യങ്ങളറിയും എന്ന് പറഞ്ഞാല്‍ (നീ മനസ്സിലാക്കണം) തീര്‍ച്ചയായും അവന്‍ കളവാണ് പറഞ്ഞത്. അല്ലാഹു പറയുന്നു: നബിയേ പറയുക ആകാശ ഭൂമികളില്‍ അദൃശ്യമറിയുന്നവന്‍ അല്ലാഹുവല്ലാതെ ഒരാളുമില്ല. ( ബുഖാരി:4855)
قَالَتْ عَائِشَة رضى الله عنها: وَمَنْ حَدَّثَكَ أَنَّهُ يَعْلَمُ الْغَيْبَ فَقَدْ كَذَبَ، وَهْوَ يَقُولُ لاَ يَعْلَمُ الْغَيْبَ إِلاَّ اللَّهُ.
ആയിശാ رضي الله عنها വില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: ആരെങ്കിലും നിന്നോട് നബി ﷺ ഗൈബ് അറിയുമെന്ന് പറഞ്ഞാല്‍ (നീ മനസ്സിലാക്കണം) തീര്‍ച്ചയായും അവന്‍ കളവാണ് പറഞ്ഞത്. കാരണം (അല്ലാഹു) പറഞ്ഞിട്ടുള്ളത് അല്ലാഹുവിനല്ലാതെ മറ്റാർക്കും അദൃശ്യജ്ഞാനമില്ലെന്നാണ്. (ബുഖാരി:7380)
قَالَتْ عَائِشَة رضى الله عنها: وَمَنْ زَعَمَ أَنَّهُ يُخْبِرُ بِمَا يَكُونُ فِي غَدٍ فَقَدْ أَعْظَمَ عَلَى اللَّهِ الْفِرْيَةَ وَاللَّهُ يَقُولُ { قُلْ لاَ يَعْلَمُ مَنْ فِي السَّمَوَاتِ وَالأَرْضِ الْغَيْبَ إِلاَّ اللَّهُ} .
ആയിശാ رضي الله عنها വില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: നാളെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നബി ﷺ അറിയുമെന്ന് കരുതുന്നവൻ അല്ലാഹുവിനെതിരെ ഏറ്റവും വലിയ കള്ളം കെട്ടിച്ചമയ്ക്കുന്നു. കാരണം അല്ലാഹു പറയുന്നു: പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. (മുസ്ലിം:177)
മുഹമ്മദ് നബി ﷺ ക്ക് ഗൈബ് അറിയില്ലെന്നുള്ളതിന് അവിടുത്തെ ജീവിതത്തിൽ നിന്ന് നിരവധി സംഭവങ്ങളുണ്ടെന്ന് കാണാൻ കഴിയും. അതിൽ ചിലത് മാത്രം സൂചിപ്പിക്കട്ടെ.
ബിഅ്‌റു മഊന സംഭവം
ഏതാനും ശത്രുക്കള്‍ വിശ്വാസികളായി ചമഞ്ഞ് നബി ﷺ യുടെ അടുക്കൽ ഹാജരായിട്ട് ”നബിയേ, ഞങ്ങളുടെ നാട്ടിലേക്ക് നല്ല കുറച്ച് പണ്ഡിതന്മാരെ അയച്ചുതരണം. അവരുടെ പ്രബോധനം നിമിത്തം ധാരാളം പേര്‍ ഇസ്‌ലാമിലേക്ക് വരാന്‍ സാധ്യത ഞങ്ങള്‍ കാണുന്നുണ്ട്” എന്നുപറയുകയും അങ്ങനെ ഏതാനും അനുചരന്മാരെ നബിﷺ അവരോടൊപ്പം അയക്കുകയും അവരെ വഴിയില്‍വെച്ച് ശത്രുക്കള്‍ കൊലപ്പെടുത്തുകയും ചെയ്ത സംഭവമാണ് ബിഅ്‌റു മഊന സംഭവം.
عَنْ أَنَسِ بْنِ مَالِكٍ، قَالَ جَاءَ نَاسٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالُوا أَنِ ابْعَثْ مَعَنَا رِجَالاً يُعَلِّمُونَا الْقُرْآنَ وَالسُّنَّةَ . فَبَعَثَ إِلَيْهِمْ سَبْعِينَ رَجُلاً مِنَ الأَنْصَارِ يُقَالُ لَهُمُ الْقُرَّاءُ فِيهِمْ خَالِي حَرَامٌ يَقْرَءُونَ الْقُرْآنَ وَيَتَدَارَسُونَ بِاللَّيْلِ يَتَعَلَّمُونَ وَكَانُوا بِالنَّهَارِ يَجِيئُونَ بِالْمَاءِ فَيَضَعُونَهُ فِي الْمَسْجِدِ وَيَحْتَطِبُونَ فَيَبِيعُونَهُ وَيَشْتَرُونَ بِهِ الطَّعَامَ لأَهْلِ الصُّفَّةِ وَلِلْفُقَرَاءِ فَبَعَثَهُمُ النَّبِيُّ صلى الله عليه وسلم إِلَيْهِمْ فَعَرَضُوا لَهُمْ فَقَتَلُوهُمْ قَبْلَ أَنْ يَبْلُغُوا الْمَكَانَ . فَقَالُوا اللَّهُمَّ بَلِّغْ عَنَّا نَبِيَّنَا أَنَّا قَدْ لَقِينَاكَ فَرَضِينَا عَنْكَ وَرَضِيتَ عَنَّا – قَالَ – وَأَتَى رَجُلٌ حَرَامًا خَالَ أَنَسٍ مِنْ خَلْفِهِ فَطَعَنَهُ بِرُمْحٍ حَتَّى أَنْفَذَهُ . فَقَالَ حَرَامٌ فُزْتُ وَرَبِّ الْكَعْبَةِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم لأَصْحَابِهِ “ إِنَّ إِخْوَانَكُمْ قَدْ قُتِلُوا وَإِنَّهُمْ قَالُوا اللَّهُمَّ بَلِّغْ عَنَّا نَبِيَّنَا أَنَّا قَدْ لَقِينَاكَ فَرَضِينَا عَنْكَ وَرَضِيتَ عَنَّا ” .
അനസ് رضى الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ”കുറച്ചുപേര്‍ നബിﷺ യുടെ അടുത്ത് വന്നു. എന്നിട്ട് അവര്‍ പറഞ്ഞു: ‘ഞങ്ങളെ ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നതിനായി ഞങ്ങളുടെ കൂടെ കുറച്ചുപേരെ അയച്ചുതന്നാലും.’ അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട എഴുപത് പേരെ അവരിലേക്ക് നബിﷺ നിയോഗിച്ചു. അവര്‍ക്ക് ‘ക്വുര്‍റാഅ്’ എന്ന് വിളിക്കപ്പെടാറുണ്ടായിരുന്നു. അവരില്‍ എന്റെ അമ്മാവന്‍ ഹറാം ഉണ്ട്. അവര്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവരും രാത്രിയില്‍ അത് പഠിക്കുകയും പഠിപ്പിക്കുകയും പകലില്‍ വെള്ളം കൊണ്ടുവരികയും എന്നിട്ട് പള്ളിയില്‍ വെക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ വിറക് വെട്ടുകയും അത് വില്‍ക്കുകയും ചെയ്യും. അതുകൊണ്ട് അഹ്‌ലുസ്സ്വുഫ്ഫക്കും മറ്റു ദരിദ്രര്‍ക്കും ഭക്ഷണം വാങ്ങുകയും ചെയ്യുമായിരുന്നു. അങ്ങനെ നബി ﷺ അവരെ (ആ സ്വഹാബിമാരെ) അവരിലേക്ക് നിയോഗിച്ചു. അങ്ങനെ അവര്‍ (അവരെ) അവര്‍ക്ക് (ശത്രുക്കള്‍ക്ക്) കാണിച്ചുകൊടുത്തു. അവരെ (അവരുടെ) സ്ഥലത്തേക്ക് എത്തിക്കുന്നതിന് മുമ്പായി അവര്‍ വധിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവേ, ഞങ്ങളുടെ നബിക്ക് ഞങ്ങളെപ്പറ്റി നീ (വിവരം) എത്തിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നെ കണ്ടുമുട്ടിയിരിക്കുന്നു എന്നും ഞങ്ങള്‍ നിന്നെ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും നീ ഞങ്ങളെ തൃപ്തിപ്പെട്ടിരിക്കുന്നു (എന്നും നീ വിവരമറിയിക്കേണമേ).’ നിവേദകന്‍ പറയുന്നു: ”ഒരാള്‍ അനസിന്റെ അമ്മാവന്‍ ഹറാമിനെ പിന്നിലൂടെ സമീപിച്ചു. എന്നിട്ട് അദ്ദേഹത്തെ അവന്‍ കുന്തം കൊണ്ട് കുത്തി. അത് അദ്ദേഹത്തില്‍ തുളച്ചുകയറുംവരെ (കുത്തിയിറക്കി). അപ്പോള്‍ ഹറാം പറഞ്ഞു: ‘കഅ്ബയുടെ രക്ഷിതാവ് തന്നെയാണ സത്യം, ഞാന്‍ വിജയിച്ചിരിക്കുന്നു.’ അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ അനുയായികളോട് പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങളുടെ സഹോദരങ്ങള്‍ കൊല്ലപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പറഞ്ഞിട്ടുണ്ട്; അല്ലാഹുവേ, ഞങ്ങളുടെ നബിക്ക് ഞങ്ങളെപ്പറ്റി നീ (വിവരം) എത്തിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നെ കണ്ടുമുട്ടിയിരിക്കുന്നു, ഞങ്ങള്‍ നിന്നെ തൃപ്തിപ്പെട്ടിരിക്കുന്നു, നീ ഞങ്ങളെ തൃപ്തിപ്പെട്ടിരിക്കുന്നു” (മുസ്‌ലിം:677)
നബി ﷺ ഏറെ സന്തോഷത്തോടെ പറഞ്ഞയച്ച ഈ മഹാന്മാരെ ശത്രുക്കള്‍ വഴിയില്‍വെച്ച് വളഞ്ഞു കൊലപ്പെടുത്തി. മുഹമ്മദ് നബി ﷺ ക്ക് ഗൈബ് അറിയാമായിരുന്നുവെങ്കിൽ അവരെ അവിടുന്ന് പറഞ്ഞയക്കുകയില്ലായിരുന്നല്ലോ.
ആയിശ رضي الله عنها യുടെ പേരിലുണ്ടായ അപവാദ പ്രചരണം
കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബ്ബയ്യിന്റെ നേതൃത്വത്തിൽ മുനാഫിഖുകൾ നടത്തിയ ആയിശ رضي الله عنها യുടെ പേരിലുണ്ടായ അപവാദ പ്രചരണം ഇസ്ലാമിക ചരിത്രത്തിൽ പ്രസിദ്ധമാണ്. സ്വന്തം ഭാര്യയായ ആയിശ رضي الله عنها യുടെ മേൽ മുനാഫിഖുകൾ “വ്യഭിചാരാരോപണം” പ്രചരിപ്പിച്ചപ്പോൾ അതിന്റെ വസ്തുത എന്തെന്ന് അറിയാൻ നബി ﷺ ക്ക് സാധിച്ചില്ല. അവിടുന്ന് ഏറെ പ്രയാസപ്പെട്ടു. “താന്‍ വല്ല പാപത്തിലും അകപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അല്ലാഹുവിനോടു പാപമോചനം തേടുകയും, അവനോട് പശ്ചാത്തപിക്കുകയും ചെയ്തുകൊള്ളുക” എന്നുവരെ നബി ﷺ ആയിശ رضي الله عنها യോട് പറഞ്ഞു. അവസാനം അവരുടെ നിരപരാധിത്വം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു വിശുദ്ധ ഖുർആനിൽ ആയത്തുകൾ അവതരിച്ചു. (സൂറ: അന്നൂറിലെ 11 മുതൽ 20 വരെയുള്ള ആയത്തുകള്‍ കാണുക) അപ്പോൾ മാത്രമാണ് നബി ﷺ വാസ്തവം അറിയാൻ കഴിഞ്ഞത്. മുഹമ്മദ് നബി ﷺ ക്ക് ഗൈബ് അറിയാമായിരുന്നുവെങ്കിൽ ഇങ്ങനെ പ്രയാസപ്പെടുകയോ ആയിശ رضي الله عنها യോട് അപ്രകരാം പറയുകയോ വേണ്ടിയിരുന്നില്ലല്ലോ.
ജൂതനെതിരെ വിധി പറഞ്ഞത്
ബനൂ ദ്വഫര്‍ എന്ന അന്‍സ്വാരി ഗോത്രത്തിലെ ത്വഅ്മത്ബ്‌നു ഉബൈരിക്വ് എന്ന് പേരുള്ള ഒരു മുസ്‌ലിം തന്റെ അയല്‍ക്കാരനായ ഖതാദബിന്‍ നുഅ്മാന്‍ എന്ന മറ്റൊരു മുസ്‌ലിമിന്റെ വീട്ടില്‍ നിന്നും ഒരു അങ്കി മോഷ്ടിച്ചു. ഈ അങ്കി സൂക്ഷിച്ചിരുന്നത് ഗോതമ്പ് പൊടിയുള്ള ഒരു വലിയ തോല്‍സഞ്ചിയില്‍ ആയിരുന്നു. അങ്കി കൊണ്ടുപോയപ്പോള്‍ അതിന്റെ കൂടെ തോല്‍സഞ്ചി പൊട്ടിയ ഭാഗത്തുകൂടി പൊടിയും ചിതറി. ഇത് അയാളുടെ വീടുവരെ എത്തി. തുടര്‍ന്ന് ഇയാള്‍ ഈ അങ്കി ഒരു ജൂതന്റെ അടുക്കല്‍ ഒളിപ്പിച്ചുവെച്ചു. ഇദ്ദേഹത്തിന്റെ പേര് സൈദ്ബ്‌നു സമീന്‍ എന്നായിരുന്നു. അങ്ങനെ, അങ്കിയെ കുറിച്ച അന്വേഷണം ത്വഅ്മയുടെ അടുക്കല്‍ എത്തി. അദ്ദേഹം അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട് അത് നിഷേധിച്ചു. എന്നാല്‍ അങ്കിയുടെ ആളുകള്‍ പറഞ്ഞു: ‘ഗോതമ്പ് പൊടിയുടെ അടയാളങ്ങള്‍ അയാളുടെ വീട്ടില്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്.’
അയാള്‍ വീണ്ടും സത്യം ചെയ്തു പറഞ്ഞതോടെ അയാളെ വിട്ടയച്ചു. പിന്നീടവര്‍ പൊടിയുടെ അടയാളം നോക്കി ജൂതന്റെ വീട്ടിലെത്തി. അങ്കി അവിടെ കണ്ടെത്തുകയും ചെയ്തു. ജൂതന്‍ പറഞ്ഞു: ‘അത് ഇവിടെ ത്വഅ്മ കൊണ്ടുവച്ചതാണ്.’ ത്വഅ്മയുടെ ഗോത്രക്കാരായ ബനൂ ദ്വഫര്‍കാര്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് അദ്ദേഹത്തിനുവേണ്ടി വാദിക്കാന്‍ അനുമതി ചോദിച്ചു. നബി ﷺ യാകട്ടെ ജൂതനെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. കളവുമുതല്‍ അവന്റെ പക്കല്‍ നിന്ന് കണ്ടുകിട്ടിയതിനെയും അവനെതിരില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകളെയും അടിസ്ഥാനമാക്കി യഹൂദന്റെ വാദം നബി ﷺ തള്ളിക്കളയുകയും ഉബൈരിക്വിന്റെ മകന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ഉണ്ടായി.
മുകളില്‍ സൂചിപ്പിച്ച സംഭവത്തിന്റെ സന്ദര്‍ഭത്തില്‍ അവതരിച്ച ക്വുര്‍ആന്‍ സൂക്തങ്ങളാണ് നാലാം അധ്യായം 105 മുതല്‍ 112 വരെയുള്ളത്.
إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ لِتَحْكُمَ بَيْنَ ٱلنَّاسِ بِمَآ أَرَىٰكَ ٱللَّهُ ۚ وَلَا تَكُن لِّلْخَآئِنِينَ خَصِيمًا ﴿١٠٥﴾ وَٱسْتَغْفِرِ ٱللَّهَ ۖ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا ﴿١٠٦﴾ وَلَا تُجَٰدِلْ عَنِ ٱلَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا ﴿١٠٧﴾ يَسْتَخْفُونَ مِنَ ٱلنَّاسِ وَلَا يَسْتَخْفُونَ مِنَ ٱللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ ٱلْقَوْلِ ۚ وَكَانَ ٱللَّهُ بِمَا يَعْمَلُونَ مُحِيطًا ﴿١٠٨﴾ هَٰٓأَنتُمْ هَٰٓؤُلَآءِ جَٰدَلْتُمْ عَنْهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا فَمَن يُجَٰدِلُ ٱللَّهَ عَنْهُمْ يَوْمَ ٱلْقِيَٰمَةِ أَم مَّن يَكُونُ عَلَيْهِمْ وَكِيلًا ﴿١٠٩﴾ وَمَن يَعْمَلْ سُوٓءًا أَوْ يَظْلِمْ نَفْسَهُۥ ثُمَّ يَسْتَغْفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورًا رَّحِيمًا ﴿١١٠﴾ وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُۥ عَلَىٰ نَفْسِهِۦ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ﴿١١١﴾ وَمَن يَكْسِبْ خَطِيٓـَٔةً أَوْ إِثْمًا ثُمَّ يَرْمِ بِهِۦ بَرِيٓـًٔا فَقَدِ ٱحْتَمَلَ بُهْتَٰنًا وَإِثْمًا مُّبِينًا ﴿١١٢﴾
നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്. അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി നീ തര്‍ക്കിക്കരുത്. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല. അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെത്തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു. ഹേ! കൂട്ടരേ, ഐഹികജീവിതത്തില്‍ നിങ്ങളവര്‍ക്ക് വേണ്ടി തര്‍ക്കിച്ചു. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുള്ളത്? അല്ലെങ്കില്‍ അവരുടെ കാര്യം ഏറ്റെടുക്കാന്‍ ആരാണുണ്ടായിരിക്കുക? ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവന്‍റെ തന്നെ ദോഷത്തിനായിട്ടാണ് അവനത് സമ്പാദിച്ച് വെക്കുന്നത്. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും, എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്. (ഖു൪ആന്‍ :4/105-112)
ജൂതന്‍ നിരപരാധിയാണ് എന്ന് അല്ലാഹു അതിലൂടെ നബി ﷺ യെ അറിയിക്കുകയായിരുന്നു. അക്കാര്യം നബി ﷺ ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ജൂതന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു.
യഥാര്‍ഥ മോഷ്ടാവായ ഉബൈരിക്വിന്റെ മകനെ നിരപരാധിയായി നബി ﷺ പ്രഖ്യാപിച്ചതും അവന്റെ കക്ഷിയുടെ വാദത്തെ ന്യായീകരിച്ചതും ബാഹ്യമായ തെളിവുകള്‍ക്കനുസരിച്ചാണ്. മുഹമ്മദ് നബി ﷺ ക്ക് ഗൈബ് അറിയാമായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലല്ലോ.
മുഹമ്മദ് നബി ﷺ ക്ക് ഗൈബ് അറിയില്ലെന്നുള്ളതിന് അവിടുത്തെ ജീവിതത്തിൽ നിന്ന് ഇനിയും ധാരാളം സംഭവങ്ങളുണ്ടെന്ന് കാണാൻ കഴിയും. ദീർഘിച്ചു പോകുമെന്നതിനാൽ ഇനി ഉദ്ധരിക്കുന്നില്ല. പ്രവാചകൻമാരിൽ ശ്രേഷ്ടനായ മുഹമ്മദ് നബി ﷺ യുടെ അവസ്ഥയിതാണെങ്കിൽ എല്ലാ പ്രവാചകൻമാർക്കും താഴെ പദവിയുള്ള ഔലിയാക്കളുടെ കാര്യം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
നബി ﷺ ജീവിച്ചിരിക്കെ ഗൈബ് അറിയില്ലെന്നിരിക്കെ, അവിടുന്ന് മരണപ്പെട്ടതിന് ശേഷം അവിടുന്ന് ഗൈബ് അറിയുന്നുവെന്ന് ചിലർ പറയുന്നതെത്ര ഗൗരവതരമാണ്.
ശൈഖ് അബ്ദുർറസാക്വ് ബ്നു അബ്ദുൽ മുഹ്സിൻ അബ്ബാദ് അൽ ബദ്ർ (ഹഫിള്വഹുല്ലാഹ്) പറയുന്നു: നബിﷺ ഗ്വൈബ് (അദൃശ്യം) അറിയുമെന്ന് ആരെങ്കിലും വാദിച്ചാൽ, അവൻ ക്വുർആനിനെ കളവാക്കിയവനാണ്. കാരണം, {ആകാശങ്ങളിലും ഭൂമിയിലുമുള്ളവർ ആരും അദൃശ്യകാര്യം അറിയുകയില്ല, അല്ലാഹു അല്ലാതെ; തങ്ങൾ എന്നാണ് ഉയർത്തെഴുന്നേൽപ്പിക്കപ്പെടുക എന്നും അവർക്ക് അറിയുകയില്ല} എന്നാണ് അല്ലാഹു പറഞ്ഞത്.
(ക്വുർആൻ- 27:65) അതുപോലെത്തന്നെ, ചില ആളുകളെ പറ്റി പരലോകത്ത് വെച്ച് നബിﷺയോട് അല്ലാഹു പറയും:
لاَ تَدْرِي مَا أَحْدَثُوا بَعْدَكَ
നിങ്ങൾക്ക് ശേഷം അവർ ദീനിൽ പുതിയതായി ഉണ്ടാക്കിയത് എന്താന്നെന്ന് താങ്കൾക്ക് അറിയുകയില്ല. (ബുഖാരി: 4625)
ഇങ്ങനെ, നബി ﷺക്ക് ഗ്വൈബ് അറിയുകയില്ല എന്ന ആശയം വരുന്ന വേറെയും ഹദീഥുകൾ വന്നിട്ടുണ്ട്. (https://youtu.be/wHRY99ZW8yY)
kanzululoom.com