ഒരു നൂറ്റാണ്ടു കാലമായി കേരള ജനതയെ തൗഹീദ് പഠിപ്പിക്കാനായി പണ്ഢിതൻമാര്‍ ചില നിർവചനങ്ങൾ ഉപയോഗിച്ചു വരുന്നു. ഈ നിർവചനങ്ങളെ വിമർശിച്ചവർക്കെല്ലാം അതിന്റെ കൃത്യത തിരിച്ചറിഞ്ഞ് അതിന് മുമ്പിൽ കീഴടങ്ങേണ്ടി വന്നിട്ടുണ്ട്. ഏതാനും നിർവ്വചനങ്ങൾ നോക്കുക.
1) വക്കം മൗലവി
അല്ലാഹുതആലായെ അല്ലാതെ മറ്റാരെയും ഒന്നിനെയും ഇബാദത്തിന്റെ നിലയിൽ വണങ്ങരുതെന്ന് അവൻ നമ്മളോട് ശാസിച്ചിരിക്കുന്നു. എന്തെന്നാൽ അസ്ബാബുകളുടെ (കാരണങ്ങളുടെ) അപ്പുറത്തുള്ള അദൃശ്യമായ അല്ലെങ്കിൽ ദിവ്യമായ അധികാരശക്തി അവന് മാത്രമേ ഉള്ളൂ. അതിൽ മറ്റാർക്കും പങ്കില്ല. അതിനാൽ ഇബാദത്തിൻ്റെ നിലയിലുള്ള വണക്കത്തെ മറ്റാരും അർഹിക്കുന്നില്ല. അപ്രകാരം തന്നെ അല്ലാഹുതആലയോട് മാത്രമല്ലാതെ മറ്റുയാതൊരുത്തരൊടും യാതൊന്നിനോടും സഹായത്തെ അപേക്ഷിക്കാതിരിക്കുവാനും അവൻ നമ്മോട് കൽപിച്ചിരിക്കുന്നു. എന്നാൽ {സദ്വിഷയത്തിലും തഖ്‌വായിലും നിങ്ങൾ പരസ്പരം സഹായിക്കുവിൻ} എന്നിപ്രകാരം പല ആയത്തുകളിലും പരസ്പര സഹായത്തെ അല്ലാഹുതആലാ നമ്മോട് ഉപദേശിച്ചിരിക്കേ അവനോട് മാത്രമല്ലാതെ സഹായത്തിനപേക്ഷിക്കരുതെന്ന് കല്പിച്ചിരിക്കുന്നതിൻ്റെ അർത്ഥമെന്ത്? ഈ വിഷയത്തിൽ ഒരു വിവരണം ആവശ്യമായിരിക്കുന്നു.
നാം പ്രവർത്തിക്കുന്ന ഏതൊരു കാര്യത്തിനും സാഫല്യവും വിജയവും സിദ്ധിക്കുന്നത് ഇലാഹിയായ ഹിക്‌മത്ത് പ്രകാരം അതിനുള്ള സാധകങ്ങളായ കാരണങ്ങൾ (അസ്ബാബുകൾ) ഉണ്ടാവുകയും തടസ്സങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. അല്ലാഹുതആലാ മനുഷ്യന് നൽകിയിരിക്കുന്ന അറിവും ശക്തിയും കൊണ്ട് ഈ വക കാര്യങ്ങളിൽ ചിലതിനെ സാധിക്കുന്നതിനും പ്രതിബന്ധങ്ങളിൽ ചിലതിനെ തടുക്കുന്നതിനും അവന് സൗകര്യപ്പെടുത്തിക്കൊടുത്തിരിക്കുന്നു. അവയിൽ ചിലതിനെ അവൻ്റെ ശക്തിക്കപ്പുറമാക്കി വെയ്ക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നമ്മുടെ ശക്തിയിലടങ്ങിയതൊക്കെ നാം പ്രവർത്തിക്കുകയും നമ്മുടെ പ്രവർത്തികൾ ശരിപ്പെടുന്നതിനും ഫലവത്താകുന്നതിനും നമ്മളാൽ കഴിയുന്നിടത്തോളം പരിശ്രമിക്കുകയും അന്യോന്യം സഹായിക്കുകയും നമ്മുടെ ശക്തിക്കപ്പുറമുള്ളതിൽ സർവ്വശക്തനായ അല്ലാഹുത്തആലായെ ആശ്രയിക്കുകയും ചെയ്യേണ്ടതാകുന്നു. ആ വിഷയത്തിൽ അവനോട് മാത്രം സഹായത്തെ അപേക്ഷിക്കുകയല്ലാതെ മറ്റാരോടും അപേക്ഷിക്കരുത്. എന്തുകൊണ്ടെന്നാൽ അസ്ബാബുകൾക്കപ്പുറമുള്ളതിന് മുസബ്ബിബുൽ അസ്ബാബായ അല്ലാഹുതആലക്കല്ലാതെ മറ്റാർക്കും ശക്തിയില്ല. അതിനാൽ ‘ഇയ്യാക്ക നസ്തഈൻ’ (നിന്നോട് മാത്രം ഞങ്ങൾ സഹായത്തെ അപേക്ഷിക്കുന്നു) എന്നത് ‘ഇയ്യാക്ക നഅ്ബുദു’ (നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു) എന്ന വാക്യത്തിൻ്റെ അർത്ഥത്തെ പൂർത്തിയാക്കുന്നു. എന്തുകൊണ്ടന്നാൽ മേൽ പറഞ്ഞ അർത്ഥ പ്രകാരം സഹായത്തെ അപേക്ഷിക്കുക എന്നാൽ മനസ്സ് അല്ലാഹുതആലായെ ആശ്രയിക്കുകയും അവനിൽ ബന്ധിക്കുകയുമാകുന്നു. അല്ലാഹുതആലാ ഒഴികെയുള്ളവരോട് ഈ വിധം അപേക്ഷിക്കുന്നതും ഒരു തരം വിഗ്രഹാരാധനയാകുന്നു. ഈ സംഗതിയെക്കുറിച്ച് പ്രത്യേകമായി പറഞ്ഞത്, അറിവില്ലാത്ത ജനങ്ങൾ അല്ലാഹുതആലായെ കൂടാതെ തങ്ങളുടെ നാഥൻമാരാക്കി വെച്ചിട്ടുള്ളവരോട് അസ്ബാബുകൾക്കപ്പുറമുള്ള കാര്യങ്ങളിൽ സഹായത്തെ അപേക്ഷിക്കുന്നത്, പൊതുവായി അസ്ബാബുകളിൽ സഹായത്തെ അപേക്ഷിക്കുന്നത് പോലെയാണെന്ന് അവർ വിചാരിക്കാതിരിക്കുന്നതിന് വേണ്ടി ആകുന്നു. (വക്കം മൗലവിയുടെ തിരഞ്ഞെടുത്ത കൃതികൾ- പേജ്:50,51)
2) കെ. എം മൗലവി
സാധാരണയായി സൃഷ്ടികളുടെ കയ്യാൽ നടന്നുവരാറുള്ള കാര്യങ്ങളെക്കൊണ്ട് സഹായിച്ചു രക്ഷപ്പെടുത്തുവാൻ, എന്നു വെച്ചാൽ സാധാരണയായ കാര്യകാരണ ബന്ധം അനുസരിച്ച് പടപ്പുകൾക്ക് കഴിവുള്ള വഴികളാൽ സഹായിച്ച് രക്ഷപ്പെടുത്തുവാൻ അപേക്ഷിക്കുക. ഈ വിധത്തിൽ സൃഷ്ടികളോട് ഇസ്തിഗാസ ചെയ്യൽ ജാഇസാണെന്ന് എല്ലാവരും സമ്മതിക്കുന്ന വാസ്തവമാകുന്നു. ഈ വിധം ഇസ്തിഗാസയാണ് സൂറ:ഖസ്വസിലെ “അപ്പോൾ അദ്ദേഹത്തോട് (മൂസാ(അ)മിനോട്) തൻ്റെ ശത്രുക്കളിൽ പെട്ടവനോട് എതിർത്ത് രക്ഷപ്പെടുത്തുവാൻ അദ്ദേഹത്തിന്റെ കക്ഷിയിൽ പെട്ടവൻ അപേക്ഷിച്ചു” [فَٱسْتَغَٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ] എന്നാണ്. 28:15 എന്ന ആയത്തിൽ പറഞ്ഞിട്ടുള്ളത്. ഇങ്ങനെ സൃഷ്ടികളോട് അപേക്ഷിക്കുന്നത്, ഇവ്വിധം ഇസ്തിഗാസ ചെയ്യുന്നത്, ശറഇൽ ജാഇസല്ലെന്ന് ശറഅ് അറിയുന്ന ആരും പറയുകയില്ല.
ഇവ്വിധം കാര്യങ്ങൾക്ക് പുറമെയുള്ള വിഷയങ്ങളിൽ പാപങ്ങൾ പൊറുക്കുക, ചൊവ്വായ വഴിയിലേക്ക് ചേർത്ത് തരിക (ഹിദായത്ത് തരുക), മഴയെ ഇറക്കുക, ദീനങ്ങൾ ശിഫയാക്കുക, ആപത്തുകളെയും ബലാഉകളെയും തട്ടിക്കളയുക, അവയെ നീക്കി രക്ഷപ്പെടുത്തുക, ശത്രുക്കളിൽ നിന്ന് രക്ഷിച്ചു സഹായിക്കുക, ആദിയായി അല്ലാഹുവിന്ന് മാത്രം ശക്തിയുള്ള അവൻ്റെ ഖജാനകളിൽ മാത്രമുള്ള വിഷയങ്ങളിൽ സാധാരണയിൽ സൃഷ്ടികളുടെ കയ്യാൽ നടന്നു വരാറില്ലാത്ത വഴികളാൽ, എന്നുവെച്ചാൽ ഗയ്ബിയായ (മറഞ്ഞ) മാർഗ്ഗങ്ങളിൽ കൂടി സഹായിച്ച് രക്ഷപ്പെടുത്തുവാൻ അപേക്ഷിക്കുക, ഇവ്വിധം ഇസ്തിഗാസ അല്ലാഹുവോടല്ലാതെ ചെയ്യുവാൻ പാടില്ല എന്നും എല്ലാവരും സമ്മതിക്കും. (കെ.എം മൗലവി. ഫത്‌വകൾ: 130)
3) പി. അബ്ദുൽ ഖാദിർ മൗലവി, കണ്ണൂർ
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യത്തിൻ്റെ അർത്ഥം “യഥാർത്ഥത്തിൽ അല്ലാഹു അല്ലാതെ പ്രപഞ്ചത്തിൽ ആരാധ്യനായി മറ്റാരും തന്നെയില്ല” എന്നാകുന്നു. മനുഷ്യശക്തിക്ക് അധീനമല്ലാത്തതും കാര്യകാരണ ബന്ധങ്ങൾക്ക് അതീതവുമായ കാര്യങ്ങൾക്കായി സർവതിന്റെയും പ്രഥമ കാരണമായ അല്ലാഹുവിനെ മാത്രമെ ആശ്രയിക്കാവു എന്നും, കാര്യകാരണബന്ധത്തിൻ്റെ പരിധിക്കപ്പുറമായി സ്ഥിതി ചെയ്യുന്ന കാര്യങ്ങൾക്ക് വേണ്ടി ആശ്രയിക്കുവാൻ അർഹതയുള്ളവൻ സാക്ഷാൽ ദൈവമായ അല്ലാഹുവല്ലാതെ മറ്റു യാതൊന്നും തന്നെയില്ല എന്നുമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പരിശുദ്ധ വാക്യം നമ്മെ പഠിപ്പിക്കുന്നത്. (അത്തൗഹീദ്:പേ 24)
അന്ത്യനാളിൽ ആദം, നൂഹ്, മൂസാ, ഈസാ – ഈ നബിമാരോട് ജനങ്ങൾ സഹായത്തിനപേക്ഷിക്കുകയും അവരെല്ലാം ഒഴിവുകഴിവുകൾ പറഞ്ഞു മാറുകയും ചെയ്യുമ്പോൾ ഒടുവിൽ നബിയെ അവർ അഭയം പ്രാപിക്കുമെന്ന് പറഞ്ഞിരിക്കുന്നതിൽ നിന്ന് അല്ലാഹുവിന്ന് പുറമെ മറ്റുള്ളവരോട് സഹായത്തിന്നപേക്ഷിക്കാമെന്നും അത് ശിർക്കല്ലെന്നുള്ളതിന്ന് തെളിവാണെന്നും ഇക്കൂട്ടർ ജൽപിക്കുന്നു. എന്നാൽ സൃഷ്ടികളോട് അവർക്ക് കഴിവുള്ള സംഗതികളിൽ സഹായത്തിനപേക്ഷിക്കാമെന്നതിനെ ആരും തന്നെ നിഷേധിക്കുന്നില്ല. (അത്തൗഹീദ്: പേ 88)
4) സൈദ് മൗലവി രണ്ടത്താണി
അങ്ങേയറ്റമായ താഴ്ചയും വിധേയത്വവുമാണ് ഇബാദത്ത് (ബൈസാവി, വാ-1, പേ-3). അതായത് ഒരു മനുഷ്യ മനസ്സിലുണ്ടാകാവുന്ന അങ്ങേഅറ്റത്തെ വിനയവും വിധേയത്വവും കാണിക്കുക, എന്നതാണ് ഇബാദത്ത്. ഹൃദയത്തിൽ ഒരു വസ്തുവിൻ്റെ നേരെ ഈ ഒരവസ്ഥ ജനിക്കണമെങ്കിൽ ആ വസ്തുവിന് മറഞ്ഞ വഴിക്കു തന്നെ എന്തു ചെയ്യാനും, ഉപകാരമോ ഉപദ്രവമോ എന്തായാലും കഴിയും എന്ന ബോധമുണ്ടാകണം. ഉദാഹരണം മുഹിയുദ്ദീൻ ശൈഖിനെക്കുറിച്ചു മാലയിലുള്ളപോലെ എവിടെ നിന്നു വിളിച്ചാലും ഉടനെ ഉത്തരം ചെയ്യാനും താനുദ്ദേശിക്കുന്നവർക്ക് എന്താപത്തും വരുത്താനുമുള്ള കഴിവ്, അതാണ് മറഞ്ഞ വഴിക്കുള്ള കഴിവ്. ഈ കാര്യവും ഇബാദത്തിൻ്റെ നിർവചനത്തിൽ വ്യക്തമാക്കുക. മറ്റൊരു തഫ്സീർ കാണുക.
ഒരു ബുദ്ധിക്കും യാഥാർത്ഥ്യം കണ്ടെത്താൻ കഴിയാത്ത അദൃശ്യമായ ഒരധികാരശക്തി ഒരു വസ്തുവിന്നുണ്ടെന്നു വിശ്വസിക്കുന്നതിനാൽ അതിൻ്റെ മഹത്വം മനസ്സിലാകുമ്പോൾ അയാൾക്കതിനോടുണ്ടാകുന്ന വിധേയത്വമാണ് ഇബാദത്ത് (മറാഗീ, വാ-1, പേ-13) (തൗഹീദിനു വേണ്ടി ഒരു ധന്യജീവിതം-മർഹൂം പി. സെയ്‌ദു മൗലവി പേ:127)
5) അമാനി മൗലവി
എന്നാൽ സൃഷ്ടികളുടെ കഴിവിൽ പെടാത്തതും അദൃശ്യമാർഗ്ഗത്തിലൂടെ അല്ലാഹുവിൽ നിന്ന് മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളിൽ അവനോട് മാത്രമേ സഹായം തേടാവൂ എന്നതിൽ സംശയം ഇല്ല, അത്തരം കാര്യങ്ങളിൽ അല്ലാഹു അല്ലാത്ത ആരോടും സഹായം അർത്ഥിക്കുന്നത് കേവലം നിരർത്ഥകമാണെന്ന് മാത്രമല്ല, അത് ശിർക്കും സൃഷ്ടികൾക്ക് ദിവ്യത്വം കൽപ്പിക്കലുമാകുന്നു. (വിശുദ്ധഖുർആൻ വിവരണം 1/113)
6) പി.കെ മൂസാ മൗലവി
മനുഷ്യ ബുദ്ധിയാൽ രൂപപ്പെടാത്ത അമേയമായ അധികാര ശക്തിക്ക് സ്വയം കീഴ്പ്പെട്ടു കൊണ്ട് ചെയ്യുന്ന കീഴ്‌വണക്കമായ ആരാധന അല്ലാഹുവിന് മാത്രമെ അർപ്പിക്കയുള്ളുവെന്ന് വിശ്വസിച്ചിട്ടുള്ള ഒരു വ്യക്തിക്ക് മറ്റു യാതൊരു ശക്തിയേയും ദൈവമെന്ന നിലയിൽ ആശ്രയിക്കാനോ അവലംബിക്കാനോ നിർവാഹമില്ല തന്നെ. അപ്പോൾ അഭൗതികമായ മാർഗ്ഗത്തിലൂടെ സൃഷ്ടികൾക്ക് ഗുണമോ ദോഷമോ വരുത്തി തീർക്കുവാൻ ആർക്കെങ്കിലും ഏതെങ്കിലും വിധേന സാധിക്കുമെന്നു വിചാരിച്ചു കഴിഞ്ഞാൽ ആ വിചാരവും ആ വിശ്വാസവും പ്രവർത്തികളും തൗഹീദിന്നെതിരായി ഭവിക്കുന്നു. അല്ലെങ്കിൽ ശിർക്കായി ത്തീരുന്നു. ശിർക്കാണെങ്കിൽ മഹാപാപവും. (കെ.കെ മുഹമ്മദ് അബ്ദുൽ കരീം എഴുതിയ ‘കെ.എം മൗലവി ജീവ ചരിത്രം’ എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിന്ന്)
7) കെ. ഉമർ മൗലവി
ഇങ്ങനെ അഭൗതികവും അദൃശ്യവുമായ ശക്തിയിൽ വിശ്വസിച്ചുകൊണ്ട് അദൃശ്യവും അഭൗതികവുമായ വിഷയത്തിൽ ഗുണം ആശിക്കുകയോ ദോഷം ഭയപ്പെടുകയോ ചെയ്‌തുകൊണ്ടും ഒരു വസ്തുവിനെ ഭക്തിപൂർവ്വം വന്ദിക്കലാണ് ആരാധന (ഫാത്തിഹയുടെ തീരത്ത്: പേജ് 47)
അദൃശ്യമായ കഴിവിലും അറിവിലും വിശ്വസിച്ചുകൊണ്ടുള്ള മാനസിക താഴ്മയാണ് ആരാധനയുടെ കാതൽ, ഇത് ഏറ്റവും പ്രത്യക്ഷമായത് പ്രാർത്ഥനയിലാണ്. കാര്യകാരണ ബന്ധങ്ങൾക്ക് പുറമെയുള്ള മാർഗ്ഗത്തിൽ ആവശ്യം നിറവേറ്റിക്കിട്ടുവാൻ വേണ്ടി അദൃശ്യമായ അറിവും കഴിവുമുണ്ടെന്ന് വിശ്വസിക്കുന്നവരോട് അപേക്ഷിക്കലാണ് പ്രാർത്ഥന (ഫാത്തിഹയുടെ തീരത്ത്: പേജ് 48)
8) കെ. കുഞ്ഞീതു മദനി
അഭൗതികമായ മാർഗ്ഗത്തിൽ ഒരു ഗുണലബ്ധിയോ ദുരിതമോചനമോ നേടാനുള്ള അർത്ഥന മാത്രമേ പ്രാർത്ഥനയാകുകയുള്ളൂ. കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തിൽ സഹായിക്കാനുള്ള അർത്ഥനയൊന്നും പ്രാർത്ഥനയല്ല. (ഇസ്‌ലാമിന്റെ ജീവൻ. കുഞ്ഞീതു മദനി: പേജ് 13)
അഭൗതികമായ മാർഗ്ഗത്തിൽ, അഥവാ കാര്യകാരണബന്ധത്തിന് അതീതമായി ഗുണവും ദോഷവും വരു ത്താൻ ഒരു വ്യക്തിക്ക് കഴിവുണ്ടെന്ന വിശ്വാസമാണ് ഇബാദത്തിന്റെ ഉറവിടം. ആ വിധത്തിലുള്ള കഴിവ് ഒരു വ്യക്തിക്കോ ശക്തിക്കോ ഉണ്ടെന്ന് വിശ്വസിച്ചുകൊണ്ട് അവന്റെ അല്ലെങ്കിൽ അതിന്റെ മുമ്പിൽ അർപ്പിക്കപ്പെടുന്ന താഴ്ച, വിനയം, വിധേയത്വം, സ്നേഹം, ഭയം, ഭരമേൽ പനം, ധനവ്യയം, അന്നപാനീയങ്ങളുപേക്ഷിക്കൽ, അവയവങ്ങളുടെ ചലനം, നേർച്ച വഴിപാട് തുടങ്ങിയ സർവ്വ കാര്യങ്ങളും ആരാധനയുടെ വകുപ്പിലുൾപ്പെടുന്നു. ഗുരുവായൂരപ്പൻ്റെ മുമ്പിൽ കൈ കൂപ്പി നിൽക്കുന്നവനെ നോക്കുക, അവൻ്റെ അവയവങ്ങളും ശരീരവും ഇബാദത്തിൽ മുഴുകിയിരിക്കുകയാണ്. അവിടെ നമസ്കാരവും നോമ്പുമൊന്നുമില്ലല്ലോ? എന്നാൽ അഭൗതികമായ മാർഗ്ഗത്തിൽ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന് മാത്രമേയുള്ളൂ, അവന്റെ പടപ്പുകളിലൊരാൾക്കും ആ കഴിവില്ല. അതുകൊണ്ട് ഇബാദത്തിനർഹൻ അവൻ മാത്രമാണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ. (ഇസ്‌ലാമിൻ്റെ ജീവൻ: 12,13)
അപ്പോൾ ജിന്ന് മലക്ക് അടക്കമുള്ള സൃഷ്ടികൾക്ക് ഒന്നും തന്നെ അഭൗതികമായ കഴിവില്ലെന്നും എന്നാൽ ഏതൊരു സൃഷ്ടിക്കും അഭൗതികത കൽപ്പിച്ചുകൊണ്ട് നടത്തുന്ന സഹായാർത്ഥന മാത്രമാണ് പ്രാർത്ഥനയെന്നും ഇതിൽ നിന്നും മനസ്സിലാക്കാം.
9) എ.പി.അബ്ദുൽ ഖാദിർ മൗലവി:
അഭൗതികമായ മാർഗ്ഗത്തിൽ ഒരു നന്മ ലഭിക്കുന്നതിന്ന് വേണ്ടിയോ ഒരു തിന്മ തടയുന്നതിന്ന് വേണ്ടിയോ ഉള്ള മനസ്സിന്റെ തേട്ടമാണത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഉപകാരലബ്ധിക്കോ ദുരിതമോചനത്തിനോ വേണ്ടി കാര്യകാരണ ബന്ധങ്ങൾക്കതീതമായ നിലക്കുള്ള കഴിവുണ്ടെന്ന് താൻ വിശ്വസിക്കുന്നവരോട് തദടിസ്ഥാനത്തിൽ സഹായിക്കാനായി ഒരാൾ നടത്തുന്ന അപേക്ഷയാണത്. (ദൈവവിശ്വാസം ഖുർആനിൽ: 30)
ഇപ്പോൾ കാര്യകാരണ ബന്ധത്തിന് അതീതമായ സഹായാർത്ഥനയാണ് പ്രാർത്ഥനയെന്നും അതിന് അർഹതപ്പെട്ടവൻ അല്ലാഹു മാത്രമാണെന്നും ബോധ്യമായി. സൃഷ്ടികൾ എല്ലാം തന്നെ കാര്യകാരണ ബന്ധത്തിൻ്റെ ഉള്ളിലാണെന്നും അതിനാൽ അവർ പ്രാർത്ഥനക്ക് അർഹരല്ലെന്നും, എന്നാൽ അഭൗതികത കൽപ്പിക്കുമ്പോഴാണ് അവരോടുള്ള സഹായാർത്ഥന പ്രാർത്ഥനയാകുന്നതെന്നും വളരെ വ്യക്തമാണ്.
മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളന ദഅ് വാ വിഭാഗം പുറത്തിറക്കിയ ‘നവോത്ഥാനത്തിൻ്റെ ഒരു നൂറ്റാണ്ട് എന്ന ലഘുപുസ്തക ൽ എഴുതിയത് കാണുക: “കാര്യകാരണ ബന്ധങ്ങൾക്കതീതമായ രീതിയിൽ മനുഷ്യ ജീവിതത്തിലിടപെടാൻ സാധിക്കുന്ന ഒരേയൊരു ശക്തി പ്രപഞ്ചാതീതനായ ജഗന്നിയന്താവ് മാത്രമാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. കാര്യകാരണങ്ങൾക്കപ്പുറമുള്ള ഉപകാരങ്ങൾ തേടിയും ഉപദ്രവങ്ങൾ തടയാനാവശ്യപ്പെട്ടും മനുഷ്യർ നടത്തുന്ന സഹായാർത്ഥ നകൾക്കാണല്ലോ പ്രാർത്ഥന എന്നു പറയുന്നത് (പേജ്: 5)
ഇതിൽ നിന്നും ചില കാര്യങ്ങൾ വ്യക്തമാണ്:
▪️ജിന്ന് – മലക്ക് അടക്കമുള്ള സൃഷ്ടികൾക്ക് ഒന്നും തന്നെ അഭൗതികമായ കഴിവില്ല.
▪️ഏതൊരു സൃഷ്ടിക്കും അഭൗതികത കൽപ്പിച്ചുകൊണ്ട് നടത്തുന്ന സഹായാർത്ഥന മാത്രമാണ് പ്രാർത്ഥന
▪️മനുഷ്യരെ സംബന്ധിച്ചിടത്തോളം അദൃശ്യരായ ജിന്നുകളുടെ പ്രവർത്തനങ്ങൾ അഭൗതികമല്ല.
ബിൽഖീസിന്റെ സിംഹാസനം ആര് കൊണ്ടുവരുമെന്ന ചോദ്യത്തിന് ജിന്നിൽപെട്ട ഇഫ്‌രീത് (മല്ലൻ) നൽകിയ മറുപടിയെക്കുറിച്ച് വിശദീകരിക്കവെ എ.പി. അബ്ദുൽ ഖാദിർ മൗലവി പറയുന്നു: “ഈ മറുപടിയിൽ ജിന്നിനനുസൃതമായ ശക്തിയാണ് പ്രവൃത്തിക്കാധാരമായി പറഞ്ഞിട്ടുള്ളത്. അഭൗതികതയുടെ പ്രശ്‌നമില്ല’’ (ചോദ്യങ്ങൾ മറുപടികൾ 1/8).
“…എന്തുണ്ടിതിൽ ശിർക്ക്? പ്രാർഥന അല്ലാഹു അല്ലാത്തവരോട് ആകുമ്പോഴാണല്ലോ ശിർക്കാകുക. അഭൗതികമായ മാർഗത്തിൽ കാര്യം സാധിച്ചുതരാനുള്ള ആവശ്യപ്പെടലാണ് പ്രാർഥന. അത് അല്ലാഹുവിനോട് മാത്രമെ ഇവിടെ ഉണ്ടായിട്ടുള്ളു’’ (ചോദ്യങ്ങൾ മറുപടികൾ 1/9)
www.kanzululoom.com