ആരാധനയുടെ അടിസ്ഥാന സ്തംഭങ്ങള്‍

ഒരു മുസ്‌ലിം വിവിധങ്ങളായ ആരാധനകള്‍ ചെയ്യുവാന്‍ കല്‍പിക്കപ്പെട്ടവനാണ്. ആരാധനകള്‍ ഇഹലോകത്ത് സമാധാനവും പരലോകത്ത് സ്വര്‍ഗവും നേടിത്തരുന്നതാണ്. ആരാധനകള്‍ ആസ്വാദ്യകരമാകുവാനും പ്രതിഫലാര്‍ഹമാകുവാനും ഇസ്‌ലാം നിഷ്‌കര്‍ഷിച്ച അടിസ്ഥാന കാര്യങ്ങള്‍ അവയില്‍ ഉള്‍കൊള്ളേണ്ടതുണ്ട്.

നബി ﷺ ക്ക് വല്ല മനോവിഷമവും നേരിട്ടാല്‍ നമസ്‌കാരത്തിലേക്ക് ധൃതിപ്പെടുകയായിരുന്നു പതിവ്. പ്രവാചകാനുചരന്‍മാരിലും ഈ ഗുണങ്ങള്‍ കാണാം. അല്ലാഹുവിനെ ആരാധിക്കുന്നതില്‍ പരമാനന്ദം കണ്ടെത്തുവാന്‍ ഒരു വിശ്വാസിക്ക് സാധ്യമാകണം. സച്ചരിതരായ നമ്മുടെ മുന്‍ഗാമികള്‍ക്ക് ഇത് സാധ്യമായത് എങ്ങനെയെന്ന് അന്വേഷിക്കുമ്പോള്‍ ആരാധനയുടെ ആത്മാവിനെ അവര്‍ ഉള്‍ക്കൊണ്ടു എന്ന മറുപടിയാണ് ചരിത്രം നമുക്ക് നല്‍കുന്നത്.

അല്ലാഹുവിനോടുള്ള സ്‌നേഹവും നബി ﷺ യെ പിന്‍പറ്റലും

ആരാധനയുടെ അടിസ്ഥാനങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സ്രഷ്ടാവിനോടുള്ള സ്‌നേഹം. കാരുണ്യവാനായ അല്ലാഹുവിനെ ഇഷ്ടപ്പെടല്‍ വിശ്വാസിയുടെ കടമയാണ്. അല്ലാഹു എന്തെല്ലാം ഇഷ്ടപ്പെടുന്നുവോ അതിനെയൊക്കെയും നാം ഇഷ്ടപ്പെടുകയും അവന്‍ എന്തിനെയെല്ലാം വെറുക്കുന്നുവോ അവയെയെല്ലാം നാം വെറുക്കുകയും വേണം.

അല്ലാഹുവിനോടുള്ള സ്‌നേഹത്തെക്കാള്‍ മറ്റെന്തിനെയെങ്കിലും മുന്തിച്ചാല്‍ അവന്‍ റബ്ബിന്റെ ശിക്ഷയെ ഭയപ്പെടണമെന്ന താക്കീത് ക്വുര്‍ആന്‍ നല്‍കുന്നുണ്ട്:

قُلْ إِن كَانَ ءَابَآؤُكُمْ وَأَبْنَآؤُكُمْ وَإِخْوَٰنُكُمْ وَأَزْوَٰجُكُمْ وَعَشِيرَتُكُمْ وَأَمْوَٰلٌ ٱقْتَرَفْتُمُوهَا وَتِجَٰرَةٌ تَخْشَوْنَ كَسَادَهَا وَمَسَٰكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُم مِّنَ ٱللَّهِ وَرَسُولِهِۦ وَجِهَادٍ فِى سَبِيلِهِۦ فَتَرَبَّصُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ

(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല. (ഖുർആൻ:9/24)

ഒരാളുടെ സ്‌നേഹം സത്യസന്ധമാകുന്നത് അപ്പോള്‍ മാത്രമാണ്. അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കണമെങ്കില്‍ അവന്റെ റസൂലിന്റെ ജീവിത മാതൃക പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:

قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ

(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:3/31)

റബ്ബിനോടുള്ള സ്‌നേഹം ആരുടെ ഹൃദയത്തിലാണോ സുദൃഢമാകുന്നത് അവന്‍ ആരാധനകളില്‍ അമാന്തം കാണിക്കുകയില്ല. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ അവന്റെ മനസ്സിനെ ശാന്തമാക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞു:

ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ ‎

അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക: അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌. (ഖുർആൻ:13/28)

പാപങ്ങളുടെ തോതനുസരിച്ച് റബ്ബിനോടുള്ള സ്‌നേഹം ദുര്‍ബലപ്പെടുകയും ആരാധനയുടെ ആസ്വാദനം നഷ്ടപ്പെടുകയും അത് ഭാരമായി അനുഭവപ്പെടുകയും ചെയ്യുന്നതാണ്. ഒരാള്‍ റബ്ബിനോടുള്ള സ്‌നേഹത്തില്‍ നിന്ന് അകന്നാല്‍ പിശാച് അവനില്‍ ആധിപത്യം ചെലുത്തുകയും ഹൃദയത്തില്‍ കുടുസ്സത അനുഭവപ്പെടുന്ന ദുരവസ്ഥയിലേക്ക് അവന്‍ എത്തിച്ചേരുന്നതുമാണ്.

وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ

എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്. (ഖുർആൻ:20/124)

റബ്ബിനെ ഭയപ്പെടുക

റബ്ബിനോടുള്ള സ്‌നേഹത്തോടൊപ്പം അവന്റെ ശിക്ഷയെ ഭയന്നും അതില്‍നിന്ന് രക്ഷനേടാനുള്ള കര്‍മമാണെന്ന വിചാരേത്താടും കൂടിയായിരിക്കണം ആരാധനകള്‍ നിര്‍വഹിക്കേണ്ടത്. അല്ലാഹുവിനെ ഭയപ്പെടുന്നത് പേലെ ഒരു സൃഷ്ടിയെയും ഭയപ്പെട്ടു കൂടാ. അല്ലാഹു പറയുന്നു:

فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ

അതിനാല്‍ നിങ്ങളവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.(ഖു൪ആന്‍:3/175)

فَلَا تَخْشَوُا۟ ٱلنَّاسَ وَٱخْشَوْنِ

അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക.  (ഖു൪ആന്‍:5/44)

റബ്ബിനോടുള്ള ബാധ്യതകള്‍ താന്‍ നിര്‍വഹിക്കാതിരുന്നാല്‍ വിചാരണ നാളില്‍ തന്റെ അവസ്ഥ എന്തായിരിക്കുമെന്ന ഭീതി വിശ്വാസിയുടെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കേണ്ടതാണ്. ആരാണോ അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ അറിയുന്നത് അവനായിരിക്കും റബ്ബിനെ കൂടുതല്‍ ഭയപ്പെടുക. അങ്ങനെയുള്ളവന്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച പാപങ്ങളെ എപ്പോഴും വേദനയോടെ ഓര്‍ക്കുകയും പശ്ചാതാപം സ്വീകരിക്കപ്പെടാതെ മരണപ്പെടുന്നതിനെ ഭീതിയോടെ കാണുകയും ചെയ്യുന്നതാണ്.

പ്രതീക്ഷ

അല്ലാഹുവില്‍ നിന്ന് പ്രതിഫലം കാംക്ഷിക്കുകയും അവന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുകയും പാപമോചനത്തെ ആഗ്രഹിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാഹു പറയുന്നു:

وَٱدْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ ٱللَّهِ قَرِيبٌ مِّنَ ٱلْمُحْسِنِينَ

…ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മകാരികള്‍ക്ക് സമീപസ്ഥമാകുന്നു. (ഖു൪ആന്‍:7/56)

രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിനെ ഭയപ്പെട്ടും പ്രതിഫലം ആഗ്രഹിച്ചും ആരാധനാനിരതരാകുന്നവരെ കുറിച്ച് അല്ലാഹു പറയുന്നു:

أَمَّنْ هُوَ قَٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْـَٔاخِرَةَ وَيَرْجُوا۟ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ

അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലര്‍ത്തുകയും, തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട് സാഷ്ടാംഗം ചെയ്തും, നിന്നു പ്രാര്‍ത്ഥിച്ചും രാത്രി സമയങ്ങളില്‍ കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്‍?) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ. (ഖുർആൻ:39/9)

പ്രവാചകന്മാര്‍ എപ്രകാരമാണ് ജീവിച്ചതെന്ന് അല്ലാഹു പറഞ്ഞുതരുന്നത് കാണുക:

ﺇِﻧَّﻬُﻢْ ﻛَﺎﻧُﻮا۟ ﻳُﺴَٰﺮِﻋُﻮﻥَ ﻓِﻰ ٱﻟْﺨَﻴْﺮَٰﺕِ ﻭَﻳَﺪْﻋُﻮﻧَﻨَﺎ ﺭَﻏَﺒًﺎ ﻭَﺭَﻫَﺒًﺎ ۖ ﻭَﻛَﺎﻧُﻮا۟ ﻟَﻨَﺎ ﺧَٰﺸِﻌِﻴﻦَ

തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.(ഖു൪ആന്‍:21/90)

ചുരുക്കത്തില്‍, റബ്ബിനെ സ്‌നേഹിച്ചും ഭയപ്പെട്ടും അവനില്‍ പ്രതീക്ഷയര്‍പ്പിച്ചുമാണ് ആരാധനകള്‍ നിര്‍വഹിക്കേണ്ടത്. ഇതില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ ആരാധന കൊണ്ടുള്ള ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുകയില്ല. അതുകൊണ്ടാണ് പണ്ഡിതന്‍മാര്‍ ഇപ്രകാരം പറഞ്ഞിട്ടുള്ളത്: ‘അല്ലാഹുവിനോടുള്ള ഇഷ്ടം (ഹുബ്ബ്) കൊണ്ട് മാത്രം ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുകയാണെങ്കില്‍ അവന്‍ ദൈവനിഷേധിയാണ്. (കാരണം അല്ലാഹുവെ പേടിക്കാതിരിക്കലും പ്രതീക്ഷിക്കാതിരിക്കലും നിഷേധത്തില്‍ ഉള്‍പ്പെടുന്നു). ആരെങ്കിലും റജാഅ് (അല്ലാഹുവിനോടുള്ള പ്രതീക്ഷ) കൊണ്ട് മാത്രം അല്ലാഹുവിനെ ആരാധിക്കുകയാണെങ്കില്‍ അവന്‍ മുര്‍ജിഅ് (വഴികേടിലായ ഒരു വിഭാഗം) ആകുന്നു. (കാരണം അല്ലാഹുവെ സ്‌നേഹിക്കാതിരിക്കലും നിഷേധത്തില്‍ ഉള്‍പ്പെടുന്നു. ആരെങ്കിലും ഖൗഫ് (അല്ലാഹുവിനോടുള്ള ഭയം) കൊണ്ട് മാത്രം അല്ലാഹുവിനെ ആരാധിക്കുകയാണെങ്കില്‍ അവന്‍ ഹറൂറി (ഖവാരിജ്-വഴികേടിലായ മറ്റൊരു വിഭാഗം) ആകുന്നു. എന്നാല്‍ ആരാണോ ഹുബ്ബ് (സ്‌നേഹം) കൊണ്ടും റജാഅ് (പ്രതീക്ഷ) കൊണ്ടും ഖൗഫ് (ഭയം) കൊണ്ടും അല്ലാഹുവിനെ ആരാധിക്കുന്നത് അവനാണ് യഥാര്‍ഥത്തിലുള്ള വിശ്വാസി. ഇപ്രകാരം ആരാധനകളില്‍ഏര്‍പ്പെടുന്നവര്‍ക്കാണ് സൗഭാഗ്യകരമായ ജീവിതം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.”

مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ

ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖുർആൻ:16/97)

ആരാധനകളിലൂടെ സംതൃപ്തിയും സമാധാനവും കരസ്ഥമാക്കുന്ന സൗഭാഗ്യവാന്‍മാരില്‍ ഉള്‍പ്പെടുവാന്‍ സത്യവിശ്വാസികള്‍ പരിശ്രമിക്കുക.

 

ഇന്‍ഷാദ് സ്വലാഹി

 

 

www.kanzululoom.com

 

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.