അല്ലാഹുവിന്റെ കൽപ്പനകളോടുള്ള ഏഴ് ബാധ്യതകൾ

അല്ലാഹു നമ്മോട് ഒരു കാര്യം കൽപ്പിച്ചാൽ അതിനോട് നമുക്ക് ഏഴ് ബാധ്യതകളുണ്ടെന്ന് ശൈഖ് മുഹമ്മദ് ബ്നു അബ്ദുള്‍ വഹാബ് (റഹി) അദ്ദേഹത്തിന്റെ واجب العبد إذا أمره الله بأمر (അല്ലാഹു ഒരു കാര്യം   കൽപ്പിച്ചാൽ അവന്റെ കൽപ്പനയോടുള്ള അടിമയുടെ ബാധ്യതകൾ) എന്ന രിസാലയിൽ പറഞ്ഞതായി കാണാം.

قال الشيخ محمد بن عبد الوهاب رحمه الله تعالى:إِذَا أَمَرَ اللَّهُ العَبْدَ بِأَمْرٍ, وَجَبَ عَلَيْهِ فِيهِ سَبْعُ مَرَاتِبَ:

الأُولَى: العِلْمُ بِهِ.

الثَّانِيَةُ: مَحَبَّتُهُ.

الثَّالِثَةُ: العَزْمُ عَلَى الفِعْلِ.

الرَّابِعَةُ: العَمَلُ.

الخَامِسَةُ: كَوْنُهُ يَقَعُ عَلَى المَشْرُوعِ خَالِصًا صَوَابًا.

السَّادِسَةُ: التَّحْذِيرُ مِنْ فِعْلِ مَا يُحْبِطُهُ.

السَّابِعَةُ: الثَّبَاتُ عَلَيْهِ.

ശൈഖ് മുഹമ്മദ് ബ്നു അബ്ദുള്‍ വഹാബ് (റഹി) പറഞ്ഞു: അല്ലാഹു അവന്റെ അടിമയോട് ഒരു കാര്യം കല്‍പ്പിച്ചാല്‍ ഏഴ് പടികള്‍ അവന്‍ പാലിക്കേണ്ടതുണ്ട്.

(ഒന്ന്) അത് അവന്‍ പഠിക്കണം

(രണ്ട്) അത് അവന്‍ ഇഷ്ടപ്പെടണം

(മൂന്ന്) അത് പ്രവ൪ത്തിക്കാന്‍ അവന്‍ തീരുമാനിക്കണം

(നാല്) അത് അവന്‍ പ്രവ൪ത്തിക്കണം

(അഞ്ച്) അത് അവന്‍ ഇഖ്ലാസോടെ ശരിയായ രീതിയില്‍(സുന്നത്തിന്റെ അടിസ്ഥാനത്തില്‍) നി൪വ്വഹിക്കണം

(ആറ്) അമലുകളെ നിഷ്ഫലമാക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം

(ഏഴ്) അതില്‍ ഉറച്ച് നില്‍ക്കണം.

അല്ലാഹു അവന്റെ അടിമയോട്  ഒരു കാര്യം കൽപ്പിച്ചാൽ ഒന്നാമതായി അവന് അതിനെ കുറിച്ച് പഠിക്കണം. അഥവാ അതിനെ കുറിച്ച് പഠിക്കൽ അവന്റെ മേൽ ബാധ്യതയാണ്.

عَنْ أَنَسِ بْنِ مَالِكٍ قَالَ، قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : طَلَبُ الْعِلْمِ فَرِيضَةٌ عَلَى كُلِّ مُسْلِمٍ

അനസ് ഇബ്നു മാലികില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: വിജ്ഞാന സമ്പാദനം ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ്. (സ്വഹീഹുല്‍ ജാമിഅ്:3914)

അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂവെന്ന് അല്ലാഹു അടിമകളോട് കൽപ്പിച്ച കാര്യമാണ്. നബി ﷺ തന്റെ ജനതയോട് ആദ്യമായി പ്രബോധനം ചെയ്തതും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ആദർശമായിരുന്നു.  ലാ ഇലാഹ ഇല്ലല്ലാഹ് എന്താണെന്ന് പഠിക്കണമെന്ന് അല്ലാഹു സൂചിപ്പിച്ചിട്ടുള്ളത് കാണുക.

فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ

ആകയാല്‍ നീ അറിയുക: അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. (ഖു൪ആന്‍:47/19)

രണ്ടാമതായി അല്ലാഹു കൽപ്പിച്ച കാര്യത്തെ ഇഷ്ടപ്പെടാൻ അടിമക്ക് കഴിയണം. പ്രസ്തുത കൽപ്പനയോട് അവന് വെറുപ്പ് തോന്നരുത്. നമസ്കാരം അല്ലാഹു കൽപ്പിച്ച കാര്യമാണ്. അതിനോട് വെറുപ്പ് തോന്നരുത്. അത് ഇഷ്ടപ്പെടാൻ കഴിയണം, നമ്മുടെ മുൻഗാമികളെ പോലെ.

وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ

ക്ഷമയും, നമസ്‌കാരവും വഴി നിങ്ങള്‍ (അല്ലാഹുവിനോട്) സഹായം തേടിക്കൊള്ളുക. (ഖു൪ആന്‍:2/45)

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : …….  وَجُعِلَتْ قُرَّةُ عَيْنِي فِي الصَّلاَةِ ‏

അനസിൽ(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ……  എന്റെ കൺകുളിർമ നമസ്കകാരത്തിലായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. (നസാഇ:3940)

عَنْ حُذَيْفَةَ، قَالَ ‏:‏ كَانَ النَّبِيُّ صلى الله عليه وسلم إِذَا حَزَبَهُ أَمْرٌ صَلَّ

ഹുദൈഫ(റ) പറയുന്നു: നബി ﷺ ക്ക് എന്തെങ്കിലും പ്രയാസകരമായ കാര്യമുണ്ടാായൽ അവിടുന്ന് നമസ്കരിക്കുമായിരുന്നു. (അബൂദാവൂദ്:1319 – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

أن ابن عباس نعي إليه أخوه قثم وهو في سفر ، فاسترجع ، ثم تنحى عن الطريق ، فأناخ فصلى ركعتين أطال فيهما الجلوس ، ثم قام يمشي إلى راحلته وهو يقول : ( واستعينوا بالصبر والصلاة وإنها لكبيرة إلا على الخاشعين ) .

ഇബ്നു അബ്ബാസ്(റ) ഒരു യാത്രയിലായിരിക്കെ, തന്റെ സഹോദരൻ മരണപ്പെട്ട വിവരം അറിഞ്ഞു. അങ്ങനെ അദ്ദേഹം ഇസ്തിർജാഅ് (ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ)പറഞ്ഞു. ശേഷം വഴിയിൽ നിന്ന് മാറി, ബാധിച്ച മുസ്വീബത്തിനെ (ഓർത്ത്) നിന്നു. അങ്ങനെ രണ്ട് റക്അത്ത് നമസ്കരിച്ചു. അവിടെ കുറെ നേരം ഇരുന്നിട്ട് തന്റെ വാഹനത്തിന്റെ അടുക്കലേക്ക് നടന്നു. അദ്ദേഹം ഇപ്രകാരം  ഓതുന്നുണ്ടായിരുന്നു: “ക്ഷമയും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു.”

ذَٰلِكَ بِأَنَّهُمْ كَرِهُوا۟ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَٰلَهُمْ

അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത് കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു. (ഖു൪ആന്‍:47/9)

മൂന്നാമതായി അല്ലാഹു കൽപ്പിച്ച കാര്യം ചെയ്യാനുള്ള ഉറച്ച തീരുമാനം അടിമക്ക് ഉണ്ടായിരിക്കണം. അല്ലാഹുവിന്റെ കൽപ്പന നിർവ്വഹിക്കുന്നതിൽ അലസത പാടില്ല.

നാലാമതായി അല്ലാഹു കൽപ്പിച്ച കാര്യം പ്രവർത്തിക്കുക. അത് പ്രവർത്തിക്കാതെ വിട്ടുകളയരുത്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :احْرِصْ عَلَى مَا يَنْفَعُكَ وَاسْتَعِنْ بِاَللَّهِ وَلَا تَعْجِزْ

(അല്ലാഹുവിന്റെ അടുത്ത്) നിനക്ക് ഉപകാരപ്പെടുന്നതിൽ നീ കഠിനമായി പരിശ്രമിക്കുക, അല്ലാഹുവിനോട് സഹായം ചോദിക്കുകയും ചെയ്യുക.

അഞ്ചാമതായി അല്ലാഹുവിന്റെ കൽപ്പനകളനുസരിച്ച് പ്രവർത്തിക്കുമ്പോൾ ഇഖ്ലാസും ഇത്തിബാഉം ഉണ്ടായിരിക്കുക

സത്യവിശ്വാസം സ്വീകരിച്ചുകൊണ്ടു ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളെ അല്ലാഹുവിങ്കല്‍ സ്വീകാര്യമായിരിക്കുകയുള്ളൂ. മാത്രമല്ല, അപ്രകാരം നി൪വ്വഹിക്കുന്ന ഏതൊരു സല്‍ക൪മ്മവും അതിൽ താഴെ പറയുന്ന രണ്ട് നിബന്ധനകൾ ഒത്താലല്ലാതെ സ്വീകരിക്കപ്പെടുകയില്ല.

(1) ഇഖ്ലാസ് : ആരാധനകളെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ അഥവാ അവന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കല്‍.

وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ

കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖു൪ആന്‍:98/5)

عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ

അബൂഉമാമ അൽബാഹിലിയ്യിൽ(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കകളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ :3140)

وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًا وَيَتِيمًا وَأَسِيرًا – إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءً وَلَا شُكُورًا

ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും.(അവര്‍ പറയും:) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. (ഖു൪ആന്‍ :76/8-9)

(2) ഇത്തിബാഅ് (സുന്നത്ത്): ആരാധനകളെല്ലാം അല്ലാഹുവിന്റെ റസൂല്‍ ﷺ യുടെ മാതൃകയനുസരിച്ച് ആയിരിക്കൽ.

ആരാധനാ ക൪മ്മങ്ങള്‍ അല്ലാഹുവില്‍ സ്വീകാര്യമാകണമെങ്കില്‍ ആ ക൪മ്മങ്ങളില്‍ ഇഖ്ലാസിനോടൊപ്പം ഇത്തിബാഅ് ഉണ്ടാകല്‍ നി൪ബന്ധമാണ്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : صَلُّوا كَمَا رَأَيْتُمُونِي أُصَلِّي

നബി ﷺ പറഞ്ഞു: ഞാൻ എങ്ങനെ നമസ്ക്കരിക്കുന്നത്‌ നിങ്ങൾ കണ്ടുവോ അങ്ങനെ നിങ്ങളും നമസ്ക്കരിക്കുക. (ബുഖാരി: 631)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : خذوا عني مناسككم

നബി ﷺ പറഞ്ഞു: നിങ്ങൾ എന്നിൽനിന്ന് നിങ്ങളുടെ ഹജ്ജിന്റെ കർമ്മങ്ങൾ സ്വീകരിക്കുക. (മുസ്ലിം)

مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ ‏

നബി ﷺ പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം:1718)

ആറാമതായി പ്രവർത്തിച്ച നൻമകളെ നശിപ്പിക്കുന്ന തരത്തിലുളള പ്രവൃത്തി നമ്മിലുണ്ടാകാതെ ശ്രദ്ധിക്കണം. കർമ്മങ്ങളേക്കാൾ പ്രയാസം അത് നശിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കലാണെന്ന് ചില പണ്ഢിതൻമാർ പറഞ്ഞിട്ടുള്ളതായി കാണാം. അല്ലാഹുവിന്റെ മാർഗത്തിൽ സ്വദഖ ചെയ്യാൻ എളുപ്പമാണ്. അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ച് നിർവ്വഹിച്ച ഈ കർമ്മം മറ്റുള്ളവരുടെ മുമ്പിൽ പരസ്യമാക്കാതെ സൂക്ഷിക്കാൻ പ്രയാസമാണ്.

അല്ലാഹു സ്വീകരിച്ച ക൪മ്മങ്ങള്‍ തന്നെയും നമ്മുടേതായ ചില പ്രവ൪ത്തനങ്ങളാല്‍ നിഷ്ഫലമായി തീരാവുന്നതാണ്. അത്തരം കാര്യങ്ങളെ കുറിച്ച് നാം പഠിച്ച് മനസ്സിലാക്കുകയും അവയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയും വേണം.

قال الإمام ابن القيم :وليس الشأن في العمل، إنما الشأن في حفظ العمل مما يفسده ويحبطه

ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: അമലുകള്‍ പ്രവ൪ത്തിക്കുകയെന്നതിലല്ല കാര്യം, പ്രത്യുത അവയെ നശിപ്പിക്കുന്ന നിഷ്ഫലമാക്കുന്ന കാര്യങ്ങളില്‍ നിന്ന് അമലുകളെ സംരക്ഷിക്കുക എന്നതിലാണ് കാര്യം.

ശിർക്ക്, അല്ലാഹു നിഷിദ്ധമാക്കിയത് പ്രവ൪ത്തിക്കല്‍, മറ്റുള്ളവരെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉപദ്രവിക്കല്‍, നബിﷺയെ അനാദരിക്കല്‍, അഞ്ച് നേരത്തെ നമസ്കാരം ഒഴിവാക്കല്‍, കടം ബാധ്യതയാക്കി മരണപ്പെടൽ, രിയാഅ്(ലോകമാന്യം) എന്നിവയെല്ലാം അമലുകള്‍ നിഷ്ഫലമാക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ്.

ഏഴാമതായി അതില്‍ ഉറച്ച് നില്‍ക്കാൻ വേണ്ടി പരിശ്രമിക്കണം. അതായത് ചെയ്ത പ്രവർത്തനം നിലനിർത്താൻ സാധിക്കണം. പ്രവർത്തിക്കുന്ന നൻമയും ഉപേക്ഷിക്കുന്ന തിൻമയും നൻമയാണ്. അതിൽ ഉറച്ചു നിൽക്കുക. പ്രവർത്തിക്കുന്ന നൻമകൾ നിത്യമാക്കാൻ പരിശ്രമിക്കുക, അല്ലെങ്കിൽ കുറച്ച് കുറച്ചായി അത് നഷ്ടപ്പെടാൻ കാരണമാകും. അതേപോലെ ഉപേക്ഷിച്ച തിൻമകളെ പൂർണ്ണമായും വെടിയുക. അല്ലെങ്കിൽ മെല്ലെ മെല്ലെ അതിലേക്ക് ചെന്നടുക്കും. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. (ആമീൻ)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *