നബി പത്നിമാരോടുള്ള ഉപദേശം : ചില പാഠങ്ങൾ

വിശുദ്ധ ഖുർആൻ സൂറ: അഹ്സാബിന്റെ 28 മുതൽ 34 വരെയുള്ള വചനങ്ങളിലൂടെ മുഹമ്മദ് നബി ﷺ യുടെ ഭാര്യമാർക്ക് ചില താക്കീതുകളും നിർദ്ദേശങ്ങളും കൽപ്പനകളും നൽകുന്നുണ്ട്. പ്രസ്തുത താക്കീതുകളിലും നിർദ്ദേശങ്ങളിലും കൽപ്പനകളിലും സത്യവിശ്വാസികൾക്ക് ചില പാഠങ്ങളുണ്ട്.

يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ إِن كُنتُنَّ تُرِدْنَ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحًا جَمِيلًا ‎﴿٢٨﴾‏ وَإِن كُنتُنَّ تُرِدْنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلْـَٔاخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلْمُحْسِنَٰتِ مِنكُنَّ أَجْرًا عَظِيمًا ‎﴿٢٩﴾

നബിയേ, നിന്‍റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്‍റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം. അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌. (ഖുർആൻ: 33/28-29)

നബി പത്നിമാർക്ക് അവരുടെ ഭര്‍ത്താവായ നബി ﷺ യോട് മനുഷ്യ സഹജവും സ്ത്രീസഹജവുമായ നിലയില്‍  ചില പെരുമാറ്റങ്ങള്‍ പ്രകടമായപ്പോഴാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചത്. നബി ﷺ യോട് ചിലവിനുള്ള വക ചോദിച്ചു കൊണ്ടുള്ള അവരുടെ സംസാരമാണ് സന്ദർഭം. ‘ഐഹിക സുഖമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ നിങ്ങളെ വളരെ നല്ല നിലയില്‍ വിവാഹമോചനം നല്‍കി വിട്ടയച്ചുതരാം, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പ്രീതിയും പരലോകസൗഖ്യവുമാണ് തങ്ങളുടെ ലക്ഷ്യമെങ്കില്‍ നിങ്ങള്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍ അതിന് അനുയോജ്യമായതല്ല നിങ്ങളിൽ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌’ എന്ന് അവരോട് പറയാൻ അല്ലാഹു നബി ﷺ യോട് കൽപ്പിച്ചു.

ഐഹികമായ ആഡംബരമോഹവും പാരത്രിക ഗുണങ്ങളും കൂടി സമ്മേളിക്കുകയില്ല എന്ന സന്ദേശം ഈ ആയത്ത് നൽകുന്നു.

يَٰنِسَآءَ ٱلنَّبِىِّ مَن يَأْتِ مِنكُنَّ بِفَٰحِشَةٍ مُّبَيِّنَةٍ يُضَٰعَفْ لَهَا ٱلْعَذَابُ ضِعْفَيْنِ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا ‎﴿٣٠﴾‏ وَمَن يَقْنُتْ مِنكُنَّ لِلَّهِ وَرَسُولِهِۦ وَتَعْمَلْ صَٰلِحًا نُّؤْتِهَآ أَجْرَهَا مَرَّتَيْنِ وَأَعْتَدْنَا لَهَا رِزْقًا كَرِيمًا ‎﴿٣١﴾

പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക് ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്‌. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു. നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക് അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്‌. അവള്‍ക്ക് വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ: 33/30-31)

നബി പത്നിമാർക്കുള്ള പദവിയും സ്ഥാനവും പരിഗണിച്ച് അവർക്ക്, ദുര്‍വൃത്തികള്‍ ചെയ്യുന്നപക്ഷം സാധാരണക്കാരെ അപേക്ഷിച്ച്  കൂടുതല്‍ ശിക്ഷയും ഭക്തിയോടും അച്ചടക്കത്തോടും കൂടി ഇരിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്കു കൂടുതല്‍ പ്രതിഫലവും ഉണ്ടായിരിക്കുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു.

ആഢംബര ജീവിതവും ഐഹികസുഖസൗകര്യങ്ങളും ത്യജിച്ചുകൊണ്ട്  ക്ഷമാപൂര്‍വ്വം ജീവിക്കുന്നതിന്, പകരമായി പരലോകത്തുവെച്ച് മാന്യമായ ഉപജീവനം അല്ലാഹു സത്യവിശ്വാസികൾക്ക് തയ്യാറാക്കി വെച്ചിരിക്കുന്നുവെന്ന് ‘അവള്‍ക്ക് വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു, എന്നത് അറിയിക്കുന്നു.

يَٰنِسَآءَ ٱلنَّبِىِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ ۚ إِنِ ٱتَّقَيْتُنَّ فَلَا تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِى فِى قَلْبِهِۦ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا

പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. (ഖുർആൻ:33/32)

അന്യപുരുഷന്‍മാരുമായി സംസാരിക്കുമ്പോള്‍ നബി ﷺ യുടെ ഭാര്യമാര്‍ അനുവര്‍ത്തിക്കേണ്ടുന്ന ഒരു നയമാണ് ആയത്തിൽ ചൂണ്ടിക്കാട്ടുന്നത്. സംസാരത്തില്‍ താഴ്മയും വിധേയത്വവും പ്രകടമാക്കരുത്; അതേസമയത്ത് മര്യാദയോടും സദാചാരനിഷ്ഠയോടുകൂടിയായിരിക്കയും വേണമെന്നത്രെ അത്. ജനങ്ങളില്‍ കപടവിശ്വാസികളും, സദാചാരമര്യാദകളില്‍ വേണ്ടത്ര ശ്രദ്ധയില്ലാത്തവരും ഉണ്ടായിരിക്കും.

സ്ത്രീകള്‍ അന്യപുരുഷന്‍മാരോട് അനുനയത്തില്‍ സംസാരിച്ചാല്‍ മനസ്സില്‍ രോഗമുള്ളവ൪ക്ക് അവരോട് മോഹം തോന്നിയേക്കാം അഥവാ താൽപ്പര്യം ഉണ്ടായേക്കാം. സത്യവിശ്വാസികളായ സ്ത്രീകൾ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 

ഇമാം ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: അന്യപുരുഷന്മാരോട് ഒരു സ്ത്രീക്ക് സംസാരിക്കേണ്ടി വന്നാൽ, മൃദുലമായോ ചാഞ്ചാട്ടത്തോടെയോ സംസാരിക്കാതെ ഗാംഭീര്യത്തോടെ അഭിമുഖീകരിക്കട്ടെ. അത് അവളിൽ ആഗ്രഹം ജനിപ്പിക്കുന്നതിൽ നിന്നും അവനെ അകറ്റുന്നതാണ്. (مفتاح دار السعادة)

സ്ത്രീകള്‍ അന്യപുരുഷന്‍മാരുമായി സംസാരിക്കുന്നതു വളരെ താഴ്മയോടും മാര്‍ദ്ദവത്തോടും കൂടിയാകുമ്പോള്‍ അതിനു ഒരു പ്രത്യേക ആകര്‍ഷകത്വമുണ്ടാകുക സ്വാഭാവികമാണ്. ചില സ്ത്രീകളുടെ ശബ്ദംതന്നെ പ്രത്യേകം ആകര്‍ഷകമായെന്നുവരും. ശ്രോതാവ് ദുര്‍ബ്ബല ഹൃദയനോ, അശുദ്ധ ഹൃദയനോ ആണെങ്കില്‍ അവന്‍ ആ സംസാരം മൂലം അനാവശ്യമായ വിചാര വികാരങ്ങള്‍ക്ക് വിധേയനായേക്കുകയും ചെയ്യും. അശുഭകരമായ ഇത്തരം സംഗതികള്‍ക്കു ഇടയാക്കരുതെന്നാണ് ഈ കല്പനയുടെ ഉദ്ദേശ്യം. (അമാനി തഫ്സീ൪:33/32 ന്റെ വിശദീകരണം)

وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَٰهِلِيَّةِ ٱلْأُولَىٰ ۖ وَأَقِمْنَ ٱلصَّلوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعْنَ ٱللَّهَ وَرَسُولَهُۥٓ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ‎﴿٣٣﴾‏ وَٱذْكُرْنَ مَا يُتْلَىٰ فِى بُيُوتِكُنَّ مِنْ ءَايَٰتِ ٱللَّهِ وَٱلْحِكْمَةِ ۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا ‎﴿٣٤﴾

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖുർആൻ:33/33-34)

ജാഹിലിയ്യത്തിലെ സ്ത്രീകളെപ്പോലെയുള്ള വേഷസംവിധാനങ്ങളും, സൗന്ദര്യപ്രകടനങ്ങളും പുരുഷസമ്പര്‍ക്കങ്ങളും നബി ﷺ യുടെ പത്നിമാരായ നിങ്ങള്‍ക്കു ഒരിക്കലും യോജിച്ചതല്ല; അതെല്ലാം നിങ്ങള്‍ വര്‍ജ്ജിക്കണം; നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരുന്ന് നിങ്ങളുടെ അന്തസ്സും മാന്യതയും പാലിക്കണം എന്നൊക്കെയാണ് അല്ലാഹു അവരെ ഉപദേശിക്കുന്നത്.

സൂഫ്യാൻ അസ്സൗരി رحمه الله  പറയുന്നു: ഒരു പെണ്ണിന് വീടിനെക്കാൾ ഉത്തമമായ മറ്റൊന്നില്ല.അവൾ വൃദ്ധയാണെങ്കിലും ശരി. (الاستذكار لابن عبد البر ٧/٢٤٥)

അച്ചടക്കസംബന്ധമായ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്നുകൊണ്ട് നമസ്കാരത്തെപ്പറ്റിയും സകാത്തിനെപ്പറ്റിയും ഓര്‍മ്മിപ്പിക്കുന്നു. അവസാനം ഇതിനെല്ലാം നിദാനമായി നിലകൊള്ളുന്ന ഒരു കാര്യം – അതെ, എല്ലാ വിഷയത്തിലും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്നു – കൽപിക്കുന്നു. ഇത്രയും വ്യക്തമായും ശക്തമായും ഉപദേശിക്കുന്നതു യാതൊരു വിധത്തിലും നിങ്ങളെ വിഷമിപ്പിക്കുവാന്‍വേണ്ടിയല്ല; നേരെമറിച്ച് പ്രവാചകന്‍റെ വീട്ടുകാരായ നിങ്ങള്‍ എല്ലാ നിലക്കും മറ്റേതു സ്ത്രീകളേക്കാളും പരിശുദ്ധരും, നിര്‍മ്മലരുമായിരിക്കേണ്ടതുണ്ട്; അതിനുവേണ്ടി മാത്രമാണ് എന്ന് സമാശ്വസിപ്പിക്കുകയും ചെയ്യുന്നു.

ഖുര്‍ആന്‍ വചനങ്ങളും, അല്ലാത്തവയുമായ വഹ്‌യുകള്‍ (ദൈവിക സന്ദേശങ്ങള്‍) നബി ﷺ ക്ക് മിക്കപ്പോഴും അവിടുത്തെ വീട്ടിൽ വെച്ചായിരിക്കും ലഭിക്കുന്നത്. അവ കാണുവാനും, കേള്‍ക്കുവാനും, ഗ്രഹിക്കുവാനും, മറ്റുള്ളവര്‍ക്കു പഠിപ്പിക്കുവാനും നബി ﷺ യുടെ പതിന്മാർക്കാണ് കൂടുതൽ അവസരമുണ്ടായത്. വീട് അത് പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന വേദിയാകട്ടെയെന്ന് അല്ലാഹു അവരെ ഓർമ്മിക്കുന്നു.

സത്യവിശ്വാനികളായ സ്ത്രീകൾ അവരുടെ വിജയത്തിന് നിദാനമായ ഈ കാര്യങ്ങൾ അറിയുകയും പ്രവർത്തിക്കുകയും വേണം. സ്ത്രീയുടെ യഥാര്‍ഥ പ്രവര്‍ത്തന മണ്ഡലം അവളുടെ വീടാണെ്. അവള്‍ സ്വന്തം മണ്ഡലത്തില്‍ വസിച്ചുകൊണ്ട് സമാധാനത്തോടെ തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണം. ആവശ്യമുള്ളപ്പോഴേ പുറത്തു പോകാവൂ. പുറത്ത് പോകുമ്പോൾ ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ള വേഷങ്ങൾ സ്വീകരിക്കണം. ആവശ്യം കഴിഞ്ഞാൽ ഉടൻ തിരികെയെത്തണം.

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ الْمَرْأَةُ عَوْرَةٌ فَإِذَا خَرَجَتِ اسْتَشْرَفَهَا الشَّيْطَانُ

അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:സ്ത്രീ ഔറത്താകുന്നു. അവള്‍ പുറപ്പെട്ടാല്‍ ശെയ്ത്വാന്‍ അവളെ പരപുരുഷന്മാര്‍ക്ക് അലംകൃതമാക്കി കൊടുക്കും. (തി൪മിദി:1173)

നമസ്കാരം കൃക്യസമയത്ത് നിർവ്വഹിക്കുകയും സക്കാത്ത് കൊടുത്തുവീട്ടുകയും എല്ലാ കാര്യങ്ങളിലും അല്ലാഹുവിനെ അവന്റെ റസൂലിനെയും അനുസരിക്കുകയും വേണം.

നമ്മുടെ വീടുകളും ഖുർആനും സുന്നത്തും പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന വേദിയാകട്ടെ. അതേപോലെ സുന്നത്ത് നമസ്കാരം, ഖുർആൻ പാരായണം എന്നിവയൊക്കെ നമ്മുടെ വീട്ടിൽ സദാ ഉണ്ടാകട്ടെ.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *