വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ സന്ദേശം എന്താണെന്നും, അത് സ്വീകരിക്കുന്നവർക്കുള്ള ആദരവും, അതിൽ നിന്ന് തിരിഞ്ഞു കളയുന്നവനുള്ള നിന്ദ്യതയും ബോധ്യപ്പെടുത്തുന്ന സൂറത്താണ് ഇത്.
വിശുദ്ധ ഖുർആനിലെ 80 ാ മത്തെ സൂറത്താണ് سورة عبس (സൂറ: അബസ). 42 ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. അബസ എന്നാൽ ‘മുഖം ചുളിച്ചു’ എന്നാണർത്ഥം. സൂറത് ആരംഭിക്കുന്നത് ഈ പദത്തോടു കൂടിയാണ്. ഒന്നാമത്തെ ആയത്തിൽ ഒരു സന്ദര്‍ഭത്തിൽ നബി ﷺ മുഖം ചുളിച്ചത് പരാമര്‍ശിക്കുന്നതാണ് ഈ പേരിനാധാരം.
സൂറതിന്റെ അവതരണകാരണം:
عَنْ عَائِشَةَ قَالَتْ: أُنْزِلَ: {عَبَسَ وَتَوَلَّى} فِي ابْنِ أُمِّ مَكْتُومٍ الأَعْمَى، أَتَى رَسُولَ اللَّهِ -ﷺ- فَجَعَلَ يَقُولُ: يَا رَسُولَ اللَّهِ أَرْشِدْنِي، وَعِنْدَ رَسُولِ اللَّهِ -ﷺ- رَجُلٌ مِنْ عُظَمَاءِ المُشْرِكِينَ، فَجَعَلَ رَسُولُ اللَّهِ -ﷺ- يُعْرِضُ عَنْهُ وَيُقْبِلُ عَلَى الآخَرِ، وَيَقُولُ: «أَتَرَى بِمَا أَقُولُ بَأْسًا؟» فَيَقُولُ: لَا، فَفِي هَذَا أُنْزِلَ.
ആയിശാ رَضِيَ اللَّهُ عَنْهَا പറയുന്നു: സൂറ: അബസ അവതരിച്ചത് അന്ധനായ ഇബ്‌നു ഉമ്മി മക്തൂം എന്ന വ്യക്തിയുടെ വിഷയത്തിലാണ്. അദ്ദേഹം നബി ﷺ യുടെ അടുക്കൽ വരികയും, ‘അല്ലാഹുവിന്റെ റസൂലേ, എനിക്ക് വഴികാണിച്ചു നൽകൂ’ എന്നിങ്ങനെ പറയുകയും ചെയ്തു; ആ സന്ദർഭത്തിൽ നബി ﷺ യുടെ അരികിൽ മുശ്രിക്കുകളിലെ നേതാക്കന്മാരിൽ പെട്ട ഒരാളുണ്ടായിരുന്നു. (അയാൾ ഇസ്‌ലാം സ്വീകരിക്കണമെന്ന താല്പര്യത്താൽ) നബി ﷺ ഇബ്‌നു ഉമ്മി മക്തൂമിൽ നിന്ന് തിരിഞ്ഞു കളയുകയും, മുശ്രിക്കുകളിൽ പെട്ട വ്യക്തിയിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ‘ഞാൻ പറയുന്നതിൽ താങ്കൾ എന്തെങ്കിലും തെറ്റു കാണുന്നുണ്ടോ?’ എന്ന് നബി ﷺ അയാളോട് ചോദിക്കുകയും, അയാൾ അതിന് മറുപടിയായി ‘ഇല്ല’ എന്നു പറയുകയും ചെയ്യുകയായിരുന്നു അപ്പോൾ. (തിർമിദി: 3331 – സ്വഹീഹ് അൽബാനി)
سَبَبُ نُزُولِ هَذِهِ الْآيَاتِ الْكَرِيمَاتِ، أَنَّهُ جَاءَ رَجُلٌ مِنَ الْمُؤْمِنِينَ أَعْمَى يَسْأَلُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَيَتَعَلَّمُ مِنْهُ. وَجَاءَهُ رَجُلٌ مِنَ الْأَغْنِيَاءِ، وَكَانَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَرِيصًا عَلَى هِدَايَةِ الْخَلْقِ، فَمَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَصْغَى إِلَى الْغَنِيِّ، وَصَدَّ عَنِ الْأَعْمَى الْفَقِيرِ، رَجَاءً لِهِدَايَةِ ذَلِكَ الْغَنِيِّ، وَطَمَعًا فِي تَزْكِيَتِهِ، فَعَاتَبَهُ اللَّهُ بِهَذَا الْعِتَابِ اللَّطِيفِ،
ഈ പരിശുദ്ധ വചനങ്ങള്‍ ഇറങ്ങാന്‍ കാരണം: വിശ്വാസികളില്‍ പെട്ട ഒരു അന്ധന്‍ നബിﷺയോട് ചോദിക്കാനും പഠിക്കാനും വേണ്ടി വന്നു. അതേസമയം സമ്പന്നനായ മറ്റൊരുവനും വന്നു. അയാള്‍ സന്മാര്‍ഗത്തിലേക്കെത്താനുള്ള അതിയായ താല്‍പര്യത്താല്‍ നബിﷺ അയാളെ (ധനികനെ) ശ്രദ്ധിച്ചു. ദരിദ്രനായ അന്ധനില്‍ നിന്നു തിരിഞ്ഞുകളഞ്ഞു. ധനികന്‍ സന്മാര്‍ഗത്തിലാകാനും ആത്മ സംസ്‌കരണം സ്വീകരിക്കാനും നബിﷺ ആഗ്രഹിച്ചു. അപ്പോഴാണ് അല്ലാഹു ഈ ലളിതമായ ആക്ഷേപം നടത്തിയത്. (തഫ്സീറുസ്സഅ്ദി)
നബിﷺ തിരുമേനി മക്കയിലെ പ്രമുഖരായ ചില ഖുറൈശീ നേതാക്കളുമായി സംസാരിച്ചും, അവരെ ഇസ്ലാമിലേക്കു ക്ഷണിച്ചും കൊണ്ടിരിക്കുകയായിരുന്നു. അവരില്‍ നിന്നു നബിﷺ നല്ല പ്രതികരണം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. സ്വകാര്യമായി ഉപദേശിക്കുമ്പോള്‍ അധികം എതിര്‍പ്പുകള്‍ നേരിടുകയില്ലല്ലോ. ഈ സന്ദര്‍ഭത്തിലാണ് അന്ധനായിരുന്ന അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം കടന്നുചെന്നത്. ആദ്യം മുതല്‍ക്കേ സത്യവിശ്വാസം സ്വീകരിച്ച ഒരു സഹാബിയാണ് അദ്ദേഹം. അന്ധത നിമിത്തം സന്ദര്‍ഭം മനസ്സിലാക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. ‘നബിയേ, എനിക്കു മാര്‍ഗ്ഗ ദര്‍ശനം നൽകണം, വല്ലതും പഠിപ്പിച്ചു തരണം’ എന്നിങ്ങനെ അദ്ദേഹം അപേക്ഷിക്കുകയായി. നബിﷺ ക്കു ഇതു വിരസമായിത്തോന്നി. ആ സംഭാഷണത്തിനു വിരാമമിടുവാന്‍ ഇതു കാരണമാകുമെന്നു മാത്രമല്ല, കേവലം സാധുവും അന്ധനുമായ ഒരാള്‍ അവരുടെ സദസ്സില്‍ സംബന്ധിക്കുന്നത് ആ പ്രമാണിമാര്‍ക്ക് രസിക്കുകയില്ല. അങ്ങനെ ആ സന്ദര്‍ഭം നഷ്ടപ്പെട്ടേക്കുമെന്നു കരുതി തിരുമേനി അദ്ദേഹത്തോടു വൈമുഖ്യം കാണിക്കുകയുണ്ടായി. മിക്ക മുഫസ്സിറുകളും, തിര്‍മദി رحمه الله ഹാകിം رحمه الله മുതലായവരും ഉദ്ധരിച്ചു കാണാവുന്ന ഈ സംഭവത്തെപ്പറ്റിയാണ് ഈ അദ്ധ്യായത്തിന്റെ ആദ്യവചനങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. (അമാനി തഫ്സീര്‍)
സൂറ:അബസ – അര്‍ത്ഥവും ആശയവും
عَبَسَ وَتَوَلَّىٰٓ ﴿١﴾ أَن جَآءَهُ ٱلْأَعْمَىٰ ﴿٢﴾
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു. അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍. (ഖുർആൻ:80/1-2)
{عَبَسَ} أَيْ: فِي وَجْهِهِ {وَتَوَلَّى} فِي بَدَنِهِ
{ചുളിച്ചു} എന്നത് മുഖത്തും {തിരിഞ്ഞുകളഞ്ഞു} എന്നത് ശരീരത്തിലുമാണ്. (തഫ്സീറുസ്സഅ്ദി)
‘അദ്ദേഹം മുഖം ചുളിക്കുകയും തിരിഞ്ഞുകളയും ചെയ്തു’ എന്നു പറഞ്ഞത് നബി ﷺ യെ ഉദ്ദേശിച്ചാകുന്നു.
وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ? (ഖുർആൻ:80/3)
أَيْ: يَتَطَهَّرُ عَنِ الْأَخْلَاقِ الرَّذِيلَةِ، وَيَتَّصِفُ بِالْأَخْلَاقِ الْجَمِيلَةِ؟
അതായത്: മോശമായ സ്വഭാവങ്ങളില്‍ നിന്ന് പരിശുദ്ധി പ്രാപിക്കുകയും മനോഹരമായ സ്വഭാവ ഗുണങ്ങളെ സ്വീകരിക്കുകയും ചെയ്യുന്നവന്‍ ആയേക്കാമല്ലോ. (തഫ്സീറുസ്സഅ്ദി)
أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ. (ഖുർആൻ:80/4)
أَيْ: يَتَذَكَّرُ مَا يَنْفَعُهُ، فَيَنْتَفِعُ بِتِلْكَ الذِّكْرَى.
അതായത്: ഉപകാരപ്പെടുന്നത് ഉള്‍ക്കൊള്ളുകയും എന്നിട്ടത് പ്രയോജനപ്പെടുത്തുകയും ചെയ്യാമല്ലോ. (തഫ്സീറുസ്സഅ്ദി)
ആഗതന്‍ കേവലം കണ്ണുകാണാത്ത ഒരാള്‍, വന്നതു ഉപദേശം തേടിക്കൊണ്ട്. ആ ഉപദേശം അദ്ദേഹത്തിനു ഫലം ചെയ്യുമെന്നു ന്യായമായും കരുതാവുന്നതുമാണ്. അതേ സമയത്ത് നബി ﷺ യുടെ സന്നിധിയിലുണ്ടായിരുന്നവരോ? ഉപദേശം അവര്‍ക്കു അങ്ങോട്ടു വെച്ചുകെട്ടുകയാണ്. അതു സ്വീകരിക്കുവാനുള്ള സന്മനസ്സുണ്ടാകുമെന്നു കരുതത്തക്ക നിലപാടല്ല അവര്‍ക്കുള്ളതും.
وَهَذِهِ فَائِدَةٌ كَبِيرَةٌ، هِيَ الْمَقْصُودَةُ مِنْ بِعْثَةِ الرُّسُلِ، وَوَعْظِ الْوُعَّاظِ، وَتَذْكِيرِ الْمُذَكِّرِينَ، فَإِقْبَالُكَ عَلَى مَنْ جَاءَ بِنَفْسِهِ مُفْتَقِرًا لِذَلِكَ مُقْبِلًا ، هُوَ الْأَلْيَقُ الْوَاجِبُ،
ഇതൊരു വലിയ കാര്യമാണ്. പ്രവാചകന്‍മാരുടെ നിയോഗ ലക്ഷ്യമാണത്; ഉപദേശകന്മാര്‍ ഉല്‍ബോധിപ്പിക്കുന്നതും. അപ്പോള്‍ സ്വയം സന്നദ്ധനായി നിന്റെയടുത്തേക്ക് മുന്നിട്ടുവരുന്ന ഒരാള്‍, അയാളാണ് ഉപദേശത്തിന് ഏറ്റവും അര്‍ഹന്‍. ബാധ്യതയും അവനോട് തന്നെ. (തഫ്സീറുസ്സഅ്ദി)
أَمَّا مَنِ ٱسْتَغْنَىٰ ﴿٥﴾ فَأَنتَ لَهُۥ تَصَدَّىٰ ﴿٦﴾ وَمَا عَلَيْكَ أَلَّا يَزَّكَّىٰ ﴿٧﴾
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം? (ഖുർആൻ:80/5-7)
وَأَمَّا مَن جَآءَكَ يَسْعَىٰ ﴿٨﴾ وَهُوَ يَخْشَىٰ ﴿٩﴾ فَأَنتَ عَنْهُ تَلَهَّىٰ ﴿١٠﴾
എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ, (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട് അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു. (ഖുർആൻ:80/8-10)
وَأَمَّا تَصَدِّيكَ وَتَعَرُّضُكَ لِلْغَنِيِّ الْمُسْتَغْنِي الَّذِي لَا يَسْأَلُ وَلَا يَسْتَفْتِي لِعَدَمِ رَغْبَتِهِ فِي الْخَيْرِ، مَعَ تَرْكِكَ مَنْ أَهَمُّ مِنْهُ، فَإِنَّهُ لَا يَنْبَغِي لَكَ، فَإِنَّهُ لَيْسَ عَلَيْكَ أَنْ لَا يَزَّكَّى، فَلَوْ لَمْ يَتَزَكَّ، فَلَسْتُ بِمُحَاسَبٍ عَلَى مَا عَمِلَهُ مِنَ الشَّرِّ.
എന്നാല്‍ സ്വയം പര്യാപ്തത നടിക്കുന്ന ഒരു സമ്പന്നനിലേക്കാണ് നീ തിരിഞ്ഞത്. അവന്‍ ഉപദേശം ചോദിക്കാത്തവനും നന്മയില്‍ ആഗ്രഹമില്ലാത്തവനുമാണ്. താങ്കൾ ഉപേക്ഷിച്ചതാകട്ടെ, അവനെക്കാള്‍ പ്രാധാന്യം നല്‍കേണ്ട ഒരുവനെ. അത് താങ്കൾക്ക് യോജിച്ചതല്ല. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നത് കൊണ്ട് താങ്കൾക്കൊന്നും വരാനില്ല. അവന്‍ ചെയ്യുന്ന തിന്മകളില്‍ താങ്കൾ വിചാരണ ചെയ്യപ്പെടുന്നവനുമല്ല. (തഫ്സീറുസ്സഅ്ദി)
ധനവും നേതൃത്വവുമുണ്ട്. തങ്ങള്‍ സ്വീകരിച്ചു വരുന്ന നടപടികളെല്ലാം തന്നെയാണ് ശരിയായിട്ടുള്ളതെന്ന ധാരണയും! അതു കൊണ്ട് മറ്റൊരാളുടെ ആശ്രയമോ ഉപദേശമോ തങ്ങള്‍ക്കാവശ്യമില്ലെന്നാണ് അവരുടെ നില. അവര്‍ക്കു വേണ്ടി സമയം ചിലവാക്കുന്നതിനേക്കാള്‍ ഭേദം ഭയഭക്തനും വിജ്ഞാനദാഹിയുമായ ആ മാന്യന്റെ കാര്യത്തില്‍ ശ്രദ്ധകൊടുക്കലാണ് എന്നു താല്‍പര്യം. (അമാനി തഫ്സീര്‍)
فَدَلَّ هَذَا عَلَى الْقَاعِدَةِ الْمَشْهُورَةِ، أَنَّهُ:” لَا يُتْرَكُ أَمْرٌ مَعْلُومٌ لِأَمْرٍ مَوْهُومٍ، وَلَا مَصْلَحَةٌ مُتَحَقِّقَةٌ لِمَصْلَحَةٍ مُتَوَهَّمَةٍ” وَأَنَّهُ يَنْبَغِي الْإِقْبَالُ عَلَى طَالِبِ الْعِلْمِ، الْمُفْتَقِرِ إِلَيْهِ، الْحَرِيصِ عَلَيْهِ أَزِيدُ مِنْ غَيْرِهِ.
പ്രസിദ്ധമായ ഒരു തത്വം ഇതിലുണ്ട്: ”അവ്യക്തമായ ഒരു കാര്യത്തിനു വേണ്ടി വ്യക്തമായതിനെ ഉപേക്ഷിക്കരുത്. ഊഹിക്കപ്പെടുന്ന ഒരു നന്മക്കു വേണ്ടി ഉറപ്പാക്കപ്പെട്ട ഒരു നന്മയെയും ഉപേക്ഷിക്കരുത്.” ബോധത്തോടെയും താല്‍പര്യത്തോടെയും വിജ്ഞാനമന്വേഷിച്ച് വരുന്ന ഒരു വിദ്യാര്‍ഥിയെ മറ്റുള്ളവരെക്കാളും പരിഗണിക്കണമെന്നര്‍ഥം.
ഈ വചനങ്ങള്‍ അവതരിച്ചതിനുശേഷം തിരുമേനി ആ മഹാനെ പൂര്‍വ്വാധികം ആദരിക്കുക പതിവായിരുന്നു. അദ്ദേഹത്തെ കാണുമ്പോള്‍ തിരുമേനി مَرْحَبًا بِمَنْ عَاتَبَنِي فِيهِ رَبِّي (എന്റെ റബ്ബ് എന്നെ ആക്ഷേപിക്കുവാന്‍ ഇടയായ ആള്‍ക്കു സ്വാഗതം) എന്നു പറയാറുണ്ടായിരുന്നുവത്രെ. നബി ﷺ മദീനാ വിട്ടുപോയ ചില അവസരങ്ങളില്‍ അദ്ദേഹത്തെയായിരുന്നു മദീനയില്‍ അവിടുന്ന് പ്രതിനിധിയായി നിശ്ചയിച്ചിരുന്നത്. തിരുമേനിയുടെ ബാങ്കുവിളിക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. (അമാനി തഫ്സീര്‍)
അങ്ങനെ സദുപദേശം തേടിവരുന്നവന്‍റെ നേരെ അശ്രദ്ധ കാണിക്കുകയും, അതിനാവശ്യമില്ലെന്നു വെച്ചവരുടെ നേരെ ശ്രദ്ധപതിക്കുകയും ചെയ്യേണ്ടതില്ല. ഈ ഓതികേള്‍പ്പിക്കുന്ന സിദ്ധാന്തങ്ങള്‍ – അഥവാ ഖുര്‍ആന്‍ വചനങ്ങള്‍ – അവരില്‍ നിര്‍ബന്ധപൂര്‍വ്വം വെച്ചുകെട്ടേണ്ട ആവശ്യവുമില്ല. കാരണം, അവ കേവലം ഉപദേശങ്ങളാണ്. വേണമെന്നുള്ളവര്‍ അത് സ്വീകരിച്ചുകൊള്ളട്ടെ എന്നേയുള്ളു. എന്നാല്‍, അത് സാധാരണ ഉപദേശങ്ങളെപ്പോലെയുള്ള ഒന്നല്ല. പുണ്യവാന്മാരും, മാന്യന്മാരുമായ ചില ദൗത്യവാഹകന്മാരുടെ കൈക്ക് പരിശുദ്ധവും ഉന്നത നിലവാരത്തിലുള്ളതുമായ ആദരണീയ ഗ്രന്ഥങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഉപദേശങ്ങളത്രെ. അങ്ങനെ, അവ വളരെ സംശുദ്ധവും പരിപാവനവുമാകുന്നു. (അമാനി തഫ്സീര്‍)
അതാണ് തുടര്‍ന്ന് പറയുന്നത്:
كـَلَّآ إِنَّهَا تَذْكِرَةٌ ﴿١١﴾ فَمَن شَآءَ ذَكَرَهُۥ ﴿١٢﴾
നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച. അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ. (ഖുർആൻ:80/11-12)
{كَلا إِنَّهَا تَذْكِرَةٌ} أَيْ: حَقًّا إِنَّ هَذِهِ الْمَوْعِظَةَ تَذْكِرَةٌ مِنَ اللَّهِ، يُذَكِّرُ بِهَا عِبَادَهُ، وَيُبَيِّنُ لَهُمْ فِي كِتَابِهِ مَا يَحْتَاجُونَ إِلَيْهِ، وَيُبَيِّنُ الرُّشْدَ مِنَ الْغَيِّ، فَإِذَا تَبَيَّنَ ذَلِكَ {فَمَنْ شَاءَ ذَكَرَهُ} أَيْ: عَمِلَ بِهِ، كَقَوْلِهِ تَعَالَى:
{നിസ്സംശയം ഇത് (ക്വുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു, തീര്‍ച്ച} തീര്‍ച്ചയായും ഇത് ഒരു ഓര്‍മപ്പെടുത്തലാണ്. അല്ലാഹുവില്‍ നിന്നുള്ള ഓര്‍മപ്പെടുത്തല്‍. അല്ലാഹു തന്റെ അടിമകളെയാണ് ഓര്‍മപ്പെടുത്തുന്നത്. അവര്‍ക്കാവശ്യമുള്ളത് വേദഗ്രന്ഥത്തിലൂടെ വിശദീകരിച്ച് കൊടുക്കുന്നു. വഴികേടില്‍ നിന്നും സന്മാര്‍ഗമേതെന്ന് വ്യക്തമാക്കി കൊടുക്കുന്നു. അത് ഒരാള്‍ക്ക് വ്യക്തമായിക്കഴിഞ്ഞാല്‍, {അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ചുകൊള്ളട്ടെ} അതവന്‍ പ്രാവര്‍ത്തികമാക്കട്ടെ. അല്ലാഹു പറഞ്ഞത് പോലെ:
وَقُلِ الْحَقُّ مِنْ رَبِّكُمْ ۖ فَمَنْ شَاءَ فَلْيُؤْمِنْ وَمَنْ شَاءَ فَلْيَكْفُرْ ۚ
പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ” (18:29) (തഫ്സീറുസ്സഅ്ദി)
പിന്നീട് ഈ ഉല്‍ബോധനത്തിന്റെ സ്ഥാനവും മഹത്ത്വവും ഔന്നത്യവുമാണ് പരാമര്‍ശിക്കുന്നത്.
فِى صُحُفٍ مُّكَرَّمَةٍ ﴿١٣﴾ مَّرْفُوعَةٍ مُّطَهَّرَةِۭ ﴿١٤﴾
ആദരണീയമായ ചില ഏടുകളിലാണത്. ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍). (ഖുർആൻ:80/13-14)
{فِي صُحُفٍ مُكَرَّمَةٍ مَرْفُوعَةٌ} الْقَدَرِ وَالرُّتْبَةِ {مُطَهَّرَةٍ} مِنَ الْآفَاقِ وَعَنْ أَنْ تَنَالَهَا أَيْدِي الشَّيَاطِينِ أَوْ يَسْتَرِقُوهَا
{ആദരവും ഔന്നത്യവും നല്‍കപ്പെട്ടതുമായ ചില ഏടുകളിലാണത്} സ്ഥാനത്തിലും പദവിയിലും {പരിശുദ്ധമാക്കപ്പെട്ടത്} അപകടങ്ങളില്‍ നിന്നും പിശാചുക്കളുടെ കൈകള്‍ അതിനെ കൈകാര്യം ചെയ്യുന്നതില്‍ നിന്നും അത് കട്ടുകേള്‍ക്കുന്നതില്‍ നിന്നുമെല്ലാം. (തഫ്സീറുസ്സഅ്ദി)
بِأَيْدِى سَفَرَةٍ ﴿١٥﴾ كِرَامِۭ بَرَرَةٍ ﴿١٦﴾
ചില സന്ദേശവാഹകരുടെ കൈകളിലാണത്. മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ. (ഖുർആൻ:80/15-16)
بَلْ هِيَ {بِأَيْدِي سَفَرَةٍ} وَهُمُ الْمَلَائِكَةُ الَّذِينَ هُمُ السُّفَرَاءُ بَيْنَ اللَّهِ وَبَيْنَ عِبَادِهِ
മാത്രവുമല്ല, {ചില സന്ദേശവാഹകന്മാരുടെ കൈകളിലാണത്} അവര്‍ മലക്കുകളാണ്; അല്ലാഹുവിനും അവന്റെ ദാസന്മാര്‍ക്കും ഇടയിലുള്ള സന്ദേശവാഹകന്മാര്‍. (തഫ്സീറുസ്സഅ്ദി)
وَذَلِكَ كُلُّهُ حِفْظٌ مِنَ اللَّهِ لِكِتَابِهِ، أَنْ جَعَلَ السُّفَرَاءَ فِيهِ إِلَى الرُّسُلِ الْمَلَائِكَةِ الْكِرَامِ الْأَقْوِيَاءِ الْأَتْقِيَاءِ، وَلَمْ يَجْعَلْ لِلشَّيَاطِينِ عَلَيْهِ سَبِيلًا وَهَذَا مِمَّا يُوجِبُ الْإِيمَانَ بِهِ وَتَلَقِّيهِ بِالْقَبُولِ،
അല്ലാഹു തന്റെ ഗ്രന്ഥത്തിന് ഏര്‍പെടുത്തിയ സംരക്ഷണമാണിതെല്ലാം. സൂക്ഷ്മാലുക്കളും ശക്തരും മാന്യന്മാരുമായ ദൂതന്മാരായ മലക്കുകളെ അതിന്റെ സന്ദേശവാഹകരാക്കി. പിശാചുക്കള്‍ക്ക് യാതൊരു വഴിയും അതിന്മേലില്ല. ഇതെല്ലാം നാം പൂര്‍ണമായി അംഗീകരിച്ച് വിശ്വസിക്കേണ്ട കാര്യങ്ങളാണ്. (തഫ്സീറുസ്സഅ്ദി)
എന്നാല്‍ ഇതൊക്കെയാണെങ്കിലും മനുഷ്യന്‍ അങ്ങേയറ്റം നന്ദികെട്ടവനാവുകയാണ്. അതാണ് അല്ലാഹു പറഞ്ഞത്:
قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ ﴿١٧﴾ مِنْ أَىِّ شَىْءٍ خَلَقَهُۥ ﴿١٨﴾ مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ ﴿١٩﴾ ثُمَّ ٱلسَّبِيلَ يَسَّرَهُۥ ﴿٢٠﴾ ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ ﴿٢١﴾ ثُمَّ إِذَا شَآءَ أَنشَرَهُۥ ﴿٢٢﴾ كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ ﴿٢٣﴾
മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍? ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു. അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു. പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്. നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല. (ഖുർആൻ:80/17-23)
വിശദീകരണം ആവശ്യമില്ലാത്തവിധം കാര്യങ്ങൾ ആയത്തിൽ നിന്നും വ്യക്തമാണ്,
{ثُمَّ السَّبِيلَ يَسَّرَهُ} أَيْ: يَسَّرَ لَهُ الْأَسْبَابَ الدِّينِيَّةَ وَالدُّنْيَوِيَّةَ، وَهُدَاهُ السَّبِيلَ، وَبَيَّنَهُ وَامْتَحَنَهُ بِالْأَمْرِ وَالنَّهْيِ
{പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു} മതപരവും ഭൗതികവുമായ കാരണങ്ങളെ അവന് എളുപ്പമാക്കിക്കൊടുത്തു. ശരിയായ വഴിയിലേക്ക് നയിച്ചു. കല്‍പനകളും വിരോധങ്ങളും വ്യക്തമാക്കിക്കൊടുക്കുകയും അതുമൂലം പരീക്ഷിക്കുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)
മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക്. ഇത്ര നന്ദികെട്ടവനാകാന്‍. സത്യം വ്യക്തമായിട്ടും എത്ര ധിക്കാരമാണവന്‍ സത്യത്തോട് കാണിക്കുന്നത്! വസ്തുക്കളില്‍ ഏറ്റവും ദുര്‍ബലമായതില്‍നിന്നാണവന്‍. നിസ്സാരമായ ദ്രാവകത്തില്‍ നിന്നും അവനെ അല്ലാഹു സൃഷ്ടിച്ചു. പിന്നീട് അവന്റെ സൃഷ്ടിപ്പിനെ നിര്‍ണയിച്ചു. എന്നിട്ട് ശരിയായ ഒരു മനുഷ്യനാക്കി സംവിധാനിച്ചു. ആന്തരികവും ബാഹ്യവുമായ അവന്റെ ശക്തിയെ സുദൃഢമാക്കി. മതപരവും ഭൗതികവുമായ കാരണങ്ങളെ അവന് എളുപ്പമാക്കിക്കൊടുത്തു. ശരിയായ വഴിയിലേക്ക് നയിച്ചു. കല്‍പനകളും വിരോധങ്ങളും വ്യക്തമാക്കിക്കൊടുക്കുകയും അതുമൂലം പരീക്ഷിക്കുകയും ചെയ്തു. മൃഗങ്ങളുടെ മൃതശരീരങ്ങള്‍ ഭൂമിയില്‍ മറവ് ചെയ്യപ്പെടാതെ കിടക്കുമ്പോള്‍ മനുഷ്യനെ മറവ് ചെയ്യപ്പെടുന്നതിലൂടെ അവനെ ആദരിച്ചു. പിന്നീട് അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ പ്രതിഫലം നല്‍കുന്നതിനു വേണ്ടി മരണശേഷം അവനെ ഉയര്‍ത്തെഴുന്നേല്‍പിക്കും. മനുഷ്യനെ നിയന്ത്രിക്കുന്നതും ഈ രൂപത്തില്‍ അവന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഏകനായ അല്ലാഹുവാണ്. ഒരു പങ്കുകാരനും അവനില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അല്ലാഹുവിന്റെ കല്‍പന അവന്‍ നിറവേറ്റുന്നില്ല. അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ നിര്‍വഹിച്ചിട്ടുമില്ല. മറിച്ച് നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തിക്കൊണ്ടേയിരുന്നു. (തഫ്സീറുസ്സഅ്ദിയുടെ ആശയം)
മനുഷ്യന്‍ സത്യനിഷേധിയും ധിക്കാരിയുമായി ജീവിക്കുക വഴി അല്ലാഹുവിനോടു കാണിക്കുന്ന നന്ദികേടിന്റെ ഗൗരവം അവന്റെ ആദ്യന്തചരിത്രം ചൂണ്ടിക്കാട്ടികൊണ്ടു അവനെ തെര്യപ്പെടുത്തുകയാണ്. അതേ ചരിത്രം തന്നെ അവന്റെ പുനരുത്ഥാനത്തിനു തെളിവു നല്‍കുകയും ചെയ്യുന്നു. അവന്റെ അസ്തിത്വം ഉടലെടുത്തതു എവിടെ നിന്നാണെന്നു ചോദിച്ച് അവന്റെ മനസ്സിനെ തട്ടി ഉണര്‍ത്തിക്കൊണ്ടാണ് ആ ചരിത്രം അവനെ ഓര്‍മ്മിപ്പിക്കുന്നത്. അതെ, കേവലം നിസ്സാരമായ ഒരു ഇന്ദ്രിയ ബിന്ദുവില്‍ നിന്നാണവന്റെ ഉത്ഭവം. അങ്ങനെ, അവനു ഒരു പൂര്‍ണ്ണമായ മനുഷ്യരൂപം നല്‍കി. ആകൃതിയും, പ്രകൃതിയും നിശ്ചയിച്ചു. അന്നവും ആയുസ്സുമെല്ലാം വ്യവസ്ഥ ചെയ്തു. നന്മതിന്മകളുടെയും, വിജയ പരാജയത്തിന്റെയും മാര്‍ഗ്ഗം വിവരിച്ചുകൊണ്ടു നേര്‍മ്മാര്‍ഗ്ഗവും സൗകര്യപ്പെടുത്തിക്കൊടുത്തു. അതെ, അവനു വേണ്ടതെല്ലാം കൊടുത്തരുളി. പിന്നീടു ആയുഷ്കാലം അവസാനിച്ചപ്പോള്‍ മരണപ്പെടുത്തി ഭൂമിയില്‍ മറക്കുകയും ചെയ്തു. ഇതിന്റെയെല്ലാം കര്‍ത്താവും നിയന്താവുമായ അതേ അല്ലാഹു തന്നെയാണ് താന്‍ ഉദ്ദേശിക്കുന്ന ഒരവസരത്തില്‍ മനുഷ്യനെ വീണ്ടും ജീവിപ്പിക്കുമെന്ന് പറയുന്നതും. എന്തുകൊണ്ടു ഈയൊരു കാര്യം അവനു വിശ്വസിക്കുവാനും, ന്യായീകരിക്കുവാനും കഴിയുന്നില്ല?! ഇതിന്റെ പേരിലാണല്ലോ അവന്റെ നിഷേധവും ധിക്കാരവുമൊക്കെ. അപ്പോള്‍, അവന്റെ നന്ദികേടും, അവന്റെ നിഷേധവും അങ്ങേയറ്റം കടുത്തതുതന്നെ! (അമാനി തഫ്സീര്‍)
പിന്നീട് മനുഷ്യനോട് അവന്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാന്‍ നിര്‍ദേശിക്കുന്നു. പല ഘട്ടങ്ങളിലൂടെ കടന്നുവന്ന ശേഷം എങ്ങനെയാണ് അത് അവനിലേക്ക് എത്തിയത് എന്ന്.
فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ ﴿٢٤﴾ أَنَّا صَبَبْنَا ٱلْمَآءَ صَبًّا ﴿٢٥﴾ ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا ﴿٢٦﴾ فَأَنۢبَتْنَا فِيهَا حَبًّا ﴿٢٧﴾ وَعِنَبًا وَقَضْبًا ﴿٢٨﴾ وَزَيْتُونًا وَنَخْلًا ﴿٢٩﴾ وَحَدَآئِقَ غُلْبًا ﴿٣٠﴾ وَفَٰكِهَةً وَأَبًّا ﴿٣١﴾ مَّتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ ﴿٣٢﴾
എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി, എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും. പഴവര്‍ഗവും പുല്ലും. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്. (ഖുർആൻ:80/24-32)
എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കട്ടെ. അല്ലാഹു ധാരാളമായി മഴയെ ഭൂമിയില്‍ പെയ്യിക്കുന്നു. ചെടികള്‍ മുളക്കുന്നതിനു വേണ്ടി ഭൂമിയെ അവൻ പിളര്‍ത്തി. പിന്നീട് അതില്‍ നിന്നും ധാന്യങ്ങൾ മുളപ്പിച്ചു. കൊതിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും ആസ്വാദ്യകരമായ വിഭവങ്ങളില്‍ നിന്നും വ്യത്യസ്ത ഇനങ്ങള്‍. മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയുമുൾപ്പടെ. ഇടതൂര്‍ന്ന് നില്‍ക്കുന്ന ധാരാളം മരങ്ങളുള്ള തോട്ടങ്ങള്‍. മനുഷ്യന് രസിക്കാവുന്ന പഴവര്‍ഗങ്ങൾ. ഈ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുന്നവന് തന്റെ രക്ഷിതാവിന് നന്ദി ചെയ്യല്‍ നിര്‍ബന്ധമായി. അവനിലേക്ക് മടങ്ങാന്‍ പരിശ്രമിക്കുകയും അവനെ അനുസരിക്കുന്നതില്‍ തല്‍പരനാവുകയും അവന്റെ നിര്‍ദേശങ്ങള്‍ സത്യപ്പെടുത്തുകയും ചെയ്യാന്‍ ബാധ്യതയുമുണ്ട്. (തഫ്സീറുസ്സഅ്ദിയുടെ ആശയം)
മനുഷ്യന്നും, അവന്റെ കാലികള്‍ക്കും ആവശ്യമായ വിവിധ ഭക്ഷ്യവിഭവങ്ങളെ ഭൂമിയില്‍ ഉൽപാദിപ്പിക്കുകയും, അതിനുവേണ്ടി മഴ വര്‍ഷിപ്പിക്കുകയും, ഭൂമി പാകപ്പെടുത്തുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ചു മാത്രം അവര്‍ ചിന്തിച്ചു നോക്കുന്നതായാലും അവര്‍ അല്ലാഹുവിനു അളവറ്റ നന്ദി ചെയ്‌വാന്‍ കടപ്പെട്ടവരാണെന്നു കാണാം. ഇവക്കു പുറമെ, എണ്ണിയാല്‍ തീരാത്ത അനുഗ്രഹങ്ങള്‍ വേറെയും ഇരിക്കുന്നു. എന്നിട്ടും അവന്‍, അല്ലാഹുവിന്റെ കൽപനകള്‍ നിറവേറ്റുവാനോ അവനോടു നന്ദി കാണിക്കുവാനോ തയ്യാറാകുന്നില്ല എന്നു സാരം. (അമാനി തഫ്സീര്‍)
നന്ദികേടിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്ന ആ ഭയങ്കരഘട്ടത്തെപ്പറ്റിയാണ് അടുത്ത വചനങ്ങളില്‍ വിവരിക്കുന്നത്.
فَإِذَا جَآءَتِ ٱلصَّآخَّةُ ﴿٣٣﴾ يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ ﴿٣٤﴾ وَأُمِّهِۦ وَأَبِيهِ ﴿٣٥﴾ وَصَٰحِبَتِهِۦ وَبَنِيهِ ﴿٣٦﴾ لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧﴾
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍. അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം. തന്‍റെ മാതാവിനെയും പിതാവിനെയും. തന്റെ ഭാര്യയെയും മക്കളെയും. അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും. (ഖു൪ആന്‍:80/33-37)
فَإِذَا جَاءَتِ الصَّيْحَةُ العَظِيمَةُ التِّي تَصُخُّ الآذَانَ، وَهِيَ النَّفْخَةُ الثَّانِيَةُ.
എന്നാൽ ചെകിടടിപ്പിക്കുന്ന ഉച്ചത്തിലുള്ള അട്ടഹാസം വന്നു കഴിഞ്ഞാൽ; കാഹളത്തിൽ രണ്ടാമത് ഊതപ്പെടുമ്പോഴാണത്. (തഫ്സീർ മുഖ്തസ്വർ)
അന്ത്യ നാളില്‍ സംഭവിക്കുന്ന കാഹളം ഊത്തിനെപ്പറ്റിയാണ് الصَّاخَّةُ (ഉഗ്രത നിമിത്തം ചെകിടുപൊട്ടി കേള്‍വി നഷ്ടപ്പെടുമാറുള്ള ഭയങ്കര ശബ്ദം) എന്നു പറഞ്ഞിരിക്കുന്നത്. അന്നു ഓരോരുത്തരും ഭയവിഹ്വലരായി കിടുകിടുത്തു പോകുന്നു. ഒരാള്‍ക്കും മറ്റൊരാളെക്കുറിച്ചു ചിന്തയോ ഓര്‍മ്മയോ ഉണ്ടാകുന്നതല്ല. ഓരോരുത്തന്നും ‘തന്റെ കാര്യം തന്റെ കാര്യം’ എന്നു മാത്രമായിരിക്കും. കാരണം, അവനവന്റെ കാര്യം തന്നെ അവനവനു പിടിപ്പതും അതിലധികവുമുണ്ടായിരിക്കും! (അമാനി തഫ്സീര്‍)
أَيْ: إِذَا جَاءَتْ صَيْحَةُ الْقِيَامَةِ، الَّتِي تَصُخُّ لِهَوْلِهَا الْأَسْمَاعُ، وَتَنْزَعِجُ لَهَا الْأَفْئِدَةُ يَوْمَئِذٍ، مِمَّا يَرَى النَّاسُ مِنَ الْأَهْوَالِ وَشِدَّةِ الْحَاجَةِ لِسَالِفِ الْأَعْمَالِ. يَفِرُّ الْمَرْءُ مِنْ أَعَزِّ النَّاسِ إِلَيْهِ، وَأَشْفَقِهِمِ عَلَيْهِ، مِنْ أَخِيهِ وَأُمِّهِ وَأَبِيهِ وَصَاحِبَتِهِ أَيْ: زَوْجَتِهِ وَبَنِيهِ وَذَلِكَ لِأَنَّهُ لِكُلِّ امْرِئٍ مِنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ أَيْ: قَدْ شَغَلَتْهُ نَفْسُهُ، وَاهْتَمَّ لِفِكَاكِهَا، وَلَمْ يَكُنْ لَهُ الْتِفَاتٌ إِلَى غَيْرِهَا،
ഭീകരതയാല്‍ ചെവികളില്‍ അലയടിക്കുന്ന അന്ത്യനാളിന്റെ ഘോരശബ്ദം വന്നാല്‍ അന്നേ ദിവസം ജനങ്ങള്‍ കാണുന്ന ഭയാനകതകളാലും കര്‍മങ്ങളിലേക്കുള്ള ആവശ്യത്താലും ഹൃദയങ്ങള്‍ പേടിച്ച് വിറക്കും. (മനുഷ്യന്‍ വിട്ടോടിപ്പോകുന്ന ദിവസം). ജനങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്നും വാല്‍സല്യമുള്ളവരില്‍ നിന്നും. (അതായത് മനുഷ്യന്‍ തന്റെ സഹോദരനെയും മാതാവിനെയും പിതാവിനെയും തന്റെ ഭാര്യയെയും തന്റെ മക്കളെയും).അങ്ങനെ ചെയ്യാന്‍ കാരണം (അവരില്‍ പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര ചിന്താവിഷയം അന്നുണ്ടായിരിക്കും. അവന്‍ അവന്റെ കാര്യത്തില്‍ തന്നെ വ്യാപൃതനായിരിക്കും. സ്വന്തത്തെ മോചിപ്പിക്കലാണ് അവന് പ്രധാനം. മറ്റൊന്നിലേക്കും തിരിയാന്‍ അവനാകില്ല. (തഫ്സീറുസ്സഅ്ദി)
لِكُلِّ وَاحِدٍ مِنْهُمْ مَا يُشْغِلُهُ عَنِ الآخَرِ مِنْ شِدَّةِ الكَرْبِ فِي ذَلِكَ اليَوْمِ.
ആ ദിവസത്തിലെ പ്രയാസത്തിൻ്റെ കാഠിന്യത്താൽ ഓരോ മനുഷ്യനും മറ്റുള്ളവരെ കുറിച്ച് ശ്രദ്ധിക്കാൻ സാധിക്കാത്ത വണ്ണം സ്വന്തം വിഷയങ്ങൾ തന്നെയുണ്ടായിരിക്കും. (തഫ്സീർ മുഖ്തസ്വർ)
എന്നാല്‍, അല്ലാഹുവിനോടു കൂറും ഭക്തിയും പുലര്‍ത്തിവന്നവരും, നന്ദികേടും ധിക്കാരവും കാട്ടിക്കൊണ്ടിരുന്നവരും ഒരുപോലെയായിരിക്കുമോ? അല്ല:
وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ ﴿٣٨﴾ ضَاحِكَةٌ مُّسْتَبْشِرَةٌ ﴿٣٩﴾
അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും. (ഖു൪ആന്‍:80/38-39)
فَحِينَئِذٍ يَنْقَسِمُ الْخَلْقُ إِلَى فَرِيقَيْنِ: سُعَدَاءُ وَأَشْقِيَاءُ، فَأَمَّا السُّعَدَاءُ، فَـوُجُوهُهُمْ يَوْمَئِذٍ {مُسْفِرَةٌ} أَيْ: قَدْ ظَهَرَ فِيهَا السُّرُورُ وَالْبَهْجَةُ، مِمَّا عَرَفُوا مِنْ نَجَاتِهِمْ، وَفَوْزِهِمْ بِالنَّعِيمِ، {ضَاحِكَةٌ مُسْتَبْشِرَةٌ}
അന്നേരം മനുഷ്യര്‍ രണ്ടായി വേര്‍തിരിയും; സൗഭാഗ്യവാന്മാരും ദൗര്‍ഭാഗ്യവാന്മാരും. സൗഭാഗ്യവാന്മാരുടെ മുഖമാണ് {പ്രസന്നതയുള്ളത്} സുഖാനുഗ്രഹം നേടി വിജയിച്ചതിലും തങ്ങളുടെ രക്ഷയറിഞ്ഞതിനാലുമുള്ള സന്തോഷവും ശോഭയും ആ മുഖത്ത് പ്രകടമാകും. {ചിരിക്കുന്നതും സന്തോഷം കൊള്ളുന്നതും ചില മുഖങ്ങള്‍} (തഫ്സീറുസ്സഅ്ദി)
ضَاحِكَةٌ فَرِحَةٌ بِمَا أَعَدَّ اللَّهُ لَهَا مِنْ رَحْمَتِهِ.
അല്ലാഹു അവക്ക് വേണ്ടി അവൻ്റെ കാരുണ്യത്തിൽ നിന്ന് ഒരുക്കി വെച്ചിട്ടുള്ള അനുഗ്രഹങ്ങൾ കാരണത്താൽ അവ ചിരിയും സന്തോഷവും നിറഞ്ഞു നിൽക്കുന്നതായിരിക്കും. (തഫ്സീർ മുഖ്തസ്വർ)
وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ ﴿٤٠﴾ تَرْهَقُهَا قَتَرَةٌ ﴿٤١﴾ أُو۟لَٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ ﴿٤٢﴾
വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും. അവയെ കൂരിരുട്ട് മൂടിയിരിക്കും. അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍. (ഖു൪ആന്‍:80/40-42)
{وَوُجُوهٌ} الْأَشْقِيَاءُ {يَوْمَئِذٍ عَلَيْهَا غَبَرَةٌ} {تَرْهَقُهَا} أَيْ: تَغْشَاهَا {قَتَرَةٌ} فَهِيَ سَوْدَاءُ مُظْلِمَةٌ مُدْلَهِمَّةٌ، قَدْ أَيِسَتْ مِنْ كُلِّ خَيْرٍ، وَعَرَفَتْ شَقَاءَهَا وَهَلَاكَهَا.
ദൗര്‍ഭാഗ്യവാന്മാരുടേത് {അന്ന് പൊടി പുരണ്ടിരിക്കും} അതിനെ മൂടിയിരിക്കും. {കൂരിരുട്ട്} കറുത്ത കൂരിരുട്ട്, നന്മകളില്ലാതെ നിരാശപ്പെടുകയും തന്റെ നാശവും ദൗര്‍ഭാഗ്യവും തിരിച്ചറിയുകയും ചെയ്തത് നിമിത്തം. (തഫ്സീറുസ്സഅ്ദി)
{ أُولَئِكَ } الذين بهذا الوصف { هُمُ الْكَفَرَةُ الْفَجَرَةُ } أي: الذين كفروا بنعمة الله وكذبوا بآيات الله، وتجرأوا على محارمه.
{അക്കൂട്ടര്‍} ഇവിടെ വിശേഷിപ്പിക്കപ്പെട്ടവര്‍ {അവിശ്വാസികളും അധര്‍മകാരികളുമായിട്ടുള്ളവര്‍} അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുകയും അവന്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും അവന്‍ നിഷിദ്ധമാക്കിയത് പ്രവര്‍ത്തിക്കാന്‍ ധൈര്യപ്പെടുകയും ചെയ്തവര്‍. (തഫ്സീറുസ്സഅ്ദി)
അല്ലാഹു അവന്‍റെ മഹത്തായ കാരുണ്യം കൊണ്ട് നമ്മെയെല്ലാം സുകൃതവാന്മാരായ സത്യവിശ്വാസികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.
kanzululoom.com