മൂസാ عليه السلام ഫിർഔനിനോട് നടത്തിയ പ്രബോധനം

അല്ലാഹുവിന്റെ പ്രവാചകൻ മൂസാ നബി عليه السلام യുടെ ചരിത്രം ചിന്തിച്ചു പഠിക്കുന്ന ഒരാൾക്ക്, അല്ലാഹു അദ്ദേഹത്തോട് ആദ്യമായി കൽപ്പിച്ചത് മൂന്ന് കാര്യങ്ങളാണെന്ന് കാണാൻ സാധിക്കും; അവ:

1. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന തൗഹീദ് ഉറപ്പിക്കൽ; അല്ലാഹു പറഞ്ഞു:

إِنَّنِىٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعْبُدْنِى

തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുക. (ഖു൪ആന്‍ :20/14)

2.ആരാധനകളെല്ലാം അല്ലാഹുവിന് മാത്രമാക്കൽ; അല്ലാഹു പറഞ്ഞു:

وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ

എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുക. (ഖു൪ആന്‍ :20/14)

പ്രവാചകന്മാരുടെ സന്ദേശത്തിന്റെ ചുരുക്കം അല്ലാഹുവിനെ ഏകനാക്കുക (തൗഹീദ്) എന്നതിലാണ് അധിഷ്ഠിതമായിരിക്കുന്നത്. അല്ലാഹുവിനെ ഏക ആരാധ്യനായി അംഗീകരിക്കുന്നതോടെ, ഒരു വിശ്വാസി തന്റെ ആരാധനകളെല്ലാം അവന് മാത്രമായി സമർപ്പിക്കുന്നു. കാരണം, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ അനിവാര്യമായ താല്പര്യം അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല എന്നതാണ്. ആരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട അടയാളമാകട്ടെ, നമസ്കാരവുമാണ്.

3.അന്ത്യനാളിൽ വിശ്വസിക്കൽ; അല്ലാഹു പറഞ്ഞു:

إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخْفِيهَا لِتُجْزَىٰ كُلُّ نَفْسِۭ بِمَا تَسْعَىٰ

തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത് ഗോപ്യമാക്കി വെച്ചേക്കാം. (ഖു൪ആന്‍:20/15)

അങ്ങനെ, മൂസാ നബി عليه السلام ക്ക് നൽകപ്പെട്ട വഹ്‌യിന്റെ സന്ദേശം പരസ്പരബന്ധിതമായ മൂന്ന് കാര്യങ്ങളിൽ സംഗ്രഹിക്കാം: അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുക, ആരാധനകൾ അവന് മാത്രമായി നിഷ്കളങ്കമാക്കുക, അന്ത്യനാളിൽ വിശ്വസിക്കുക എന്നിവയാണവ. എല്ലാ ദിവ്യസന്ദേശങ്ങളുടെയും അടിസ്ഥാനശിലകളും ഇവ തന്നെയാണ്.

സൗമ്യതയുടെയും ആർദ്രതയുടെയും ശൈലിയിലാണ് മൂസാ നബി عليه السلام തന്റെ ദഅ്‌വത്ത് (പ്രബോധനം) ഫിർഔനിന് മുന്നിൽ അവതരിപ്പിച്ചത്. അല്ലാഹു മൂസാ നബി عليه السلام യോട് ഫിർഔനിന്റെ അടുത്തേക്ക് പോകാൻ കൽപ്പിക്കുകയും, അവനുമായി എങ്ങനെ സംവദിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു; അങ്ങനെ അല്ലാഹു പറഞ്ഞു:

ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ‎﴿١٧﴾‏ فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ ‎﴿١٨﴾‏ وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ ‎﴿١٩﴾

നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു. എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ? നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?) (ഖു൪ആന്‍:79/17-19)

ഫിർഔൻ ഇങ്ങോട്ട് വരാൻ കാത്തുനിൽക്കാതെ, അവന്റെ അടുത്തേക്ക് അങ്ങോട്ട് ചെല്ലാനാണ് അല്ലാഹു മൂസാ നബി عليه السلام യോട് കൽപ്പിച്ചത്. അതായത്, “നീ അവന്റെ അടുക്കലേക്ക് പോവുക;” എന്നെ മാത്രം ആരാധിക്കാൻ അവനെ ക്ഷണിക്കുകയും, എന്റെ ശിക്ഷയെക്കുറിച്ച് അവന് മുന്നറിയിപ്പ് നൽകുകയും ചെയ്യുക. إِنَّهُۥ طَغَىٰ (തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു) എന്ന അല്ലാഹുവിന്റെ വചനം, ഈ കൽപ്പന നൽകാനുള്ള കാരണത്തെയോ അല്ലെങ്കിൽ അത് നിർബന്ധമായിത്തീർന്ന സാഹചര്യത്തെയോ ആണ് വ്യക്തമാക്കുന്നത്. അതായത്, അഹങ്കാരത്തിലും ധിക്കാരത്തിലും ക്രൂരതയിലും അവൻ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; എത്രത്തോളമെന്നാൽ, ‘ഞാനാണ് റബ്ബ് ‘ എന്ന് വാദിക്കുന്ന ഏറ്റവും വലിയ പാതകത്തിന് പോലും അവൻ ധൈര്യപ്പെട്ടിരിക്കുന്നു എന്നർത്ഥം.

മൂസാ നബി عليه السلام സത്യത്തിന്റെ പക്ഷത്തായിരുന്നിട്ടും, അദ്ദേഹം തന്നെയാണ് അങ്ങോട്ട് മുൻകൈയെടുത്തത്. സത്യത്തിന്റെ പക്ഷത്തുള്ളവർ അസത്യത്തിന്റെ അടുത്തേക്ക് അങ്ങോട്ട് പോകേണ്ടതില്ലെന്നും, വേണമെങ്കിൽ അവർ വിശ്വസിക്കട്ടെ അല്ലെങ്കിൽ നിഷേധിക്കട്ടെ എന്നുമാണ് ചില ആളുകൾ ഇതിനെ വ്യാഖ്യാനിച്ചേക്കാവുന്നത്. എന്നാൽ ഇവിടെ സംഭവിച്ചത്, സത്യമാണ് മുൻകൈയെടുത്തത് എന്നതാണ്. മൂസാ നബി عليه السلام യെ മാതൃകയാക്കുന്ന പ്രബോധകർക്ക് ഇത് അങ്ങേയറ്റം പ്രധാനപ്പെട്ട ഒരു പാഠമാണ്.

അല്ലാഹുവിലേക്കുള്ള പ്രബോധനത്തിൽ വാക്കുകളിൽ സൗമ്യതയും ലാളിത്യവും അനിവാര്യമാണെന്നും ഈ ആയത്ത് വ്യക്തമാക്കുന്നു; അല്ലാഹു പറഞ്ഞു:

ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ‎﴿٤٣﴾‏ فَقُولَا لَهُۥ قَوْلًا لَّيِّنًا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ ‎﴿٤٤﴾‏

നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം. (ഖുർആൻ:20/43-44)

മൂസാ നബി عليه السلام യുടെയും ഹാറൂൻ നബി عليه السلام യുടെയും ഈ പ്രാർത്ഥനയെ കുറിച്ച് ചിന്തിക്കുമ്പോൾ മറ്റൊരു കാര്യം കൂടി വ്യക്തമാകുന്നു:

رَبَّنَآ إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَآ أَوْ أَن يَطْغَىٰ

അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (ഖുർആൻ:20/45)

മൂസാ നബി عليه السلام ഫിർഔനിനോട് ആത്മസംസ്കരണത്തെക്കുറിച്ച്  കൂടിയാലോചിക്കുന്നതു പോലെയാണ് സംസാരിച്ചത്; മറിച്ച്, “നിനക്ക് സംസ്കരിക്കപ്പെടാൻ താല്പര്യമുണ്ടോ?” എന്ന് ചോദിച്ചുകൊണ്ടായിരുന്നില്ല. കാരണം, ഒറ്റയടിക്ക് പൂർണ്ണമായ ആത്മസംസ്കരണത്തിലെത്തുക എന്നത് ക്രമാനുഗതമായ വളർച്ചയുടെ പ്രകൃതിനിയമത്തിന്  നിരക്കാത്തതാണ്. മറിച്ച്, “നീ സംസ്കരിക്കപ്പെടുക” എന്നാണ് പറഞ്ഞത്; അതായത്, ആ പാതയിലേക്ക് ആദ്യമായി കാൽവെച്ചു തുടങ്ങുക എന്നർത്ഥം.

മൂസാ നബി عليه السلام ഫിർഔനിനോട് നടത്തിയ സംഭാഷണം സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും: ജനങ്ങൾക്കിടയിൽ അവൻ അറിയപ്പെട്ടിരുന്ന ‘ഫിർഔൻ’ എന്ന പേരിൽ തന്നെയാണ് അദ്ദേഹം അവനെ വിളിച്ചത്. ഇതിലൂടെ ഫിർഔനിന്റെ റുബൂബിയ്യത്ത് അദ്ദേഹം നിരാകരിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തുകയും, മറ്റൊരു രക്ഷിതാവുമില്ലാത്ത ലോകരക്ഷിതാവായ അല്ലാഹുവിൽ നിന്നാണ് താൻ ഈ സന്ദേശവുമായി വന്നിരിക്കുന്നതെന്ന് അവനെ അറിയിക്കുകയും ചെയ്തു. ഒപ്പം, തന്റെ സത്യസന്ധത തെളിയിക്കുന്ന വ്യക്തമായ ദൃഷ്ടാന്തങ്ങൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി; അല്ലാഹു പറഞ്ഞു:

وَقَالَ مُوسَىٰ يَٰفِرْعَوْنُ إِنِّى رَسُولٌ مِّن رَّبِّ ٱلْعَٰلَمِينَ ‎﴿١٠٤﴾‏ حَقِيقٌ عَلَىٰٓ أَن لَّآ أَقُولَ عَلَى ٱللَّهِ إِلَّا ٱلْحَقَّ ۚ قَدْ جِئْتُكُم بِبَيِّنَةٍ مِّن رَّبِّكُمْ فَأَرْسِلْ مَعِىَ بَنِىٓ إِسْرَٰٓءِيلَ ‎﴿١٠٥﴾

മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു.അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ.(ഖു൪ആന്‍:7/104-105)

ഫിർഔനിനോട് മൂസാ നബി عليه السلام നടത്തിയ സംസാരം സംക്ഷിപ്തവും എന്നാൽ ഏറെ പ്രയോജനകരവുമായിരുന്നു. തന്റെ സന്ദേശത്തിന്റെ കാതൽ അദ്ദേഹം അതിൽ ഉൾക്കൊള്ളിച്ചു; ഫിർഔൻ ഒരു ഇലാഹോ (ആരാധ്യൻ) റബ്ബോ (രക്ഷിതാവ്) അല്ലെന്നും, ലോകരക്ഷിതാവായ അല്ലാഹുവാണ് ഫിർഔനിന്റെയും അവന്റെ ജനതയുടെയും യഥാർത്ഥ റബ്ബും ഇലാഹുമെന്നും അദ്ദേഹം അവനെ ബോധ്യപ്പെടുത്തി. മൂസാ നബി عليه السلام തുടങ്ങിയത് അഖീദയിലാണ് (വിശ്വാസകാര്യങ്ങളിൽ). ഏതൊരു പ്രബോധനത്തിന്റെയും തുടക്കബിന്ദു അതാണ്; ബാക്കിയെല്ലാം അതിന്മേലാണ് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്.

അല്ലാഹുവിന്റെ ദീൻ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ ഒരു പ്രബോധകൻ എപ്പോഴും ശ്രദ്ധാലുവായിരിക്കണം. ഇഹത്തിലും പരത്തിലും പ്രയോജനപ്പെടുന്ന കാര്യങ്ങളിൽ മറ്റുള്ളവർക്ക് നിരന്തരം നല്ല ഉപദേശം നൽകുന്നവനായിരിക്കണം അവൻ. അതോടൊപ്പം സഹിഷ്ണുതയും, ആർദ്രതയും, സൗമ്യതയും അവന് അനിവാര്യമാണ്; കാരണം, ജനങ്ങളുടെ ഹൃദയങ്ങളെ തന്നിലേക്ക് അടുപ്പിക്കുന്നതിനും തന്റെ പ്രബോധനത്തിൽ അവർ വിശ്വസിക്കുന്നതിനും ഏറ്റവും വലിയ കാരണങ്ങളിലൊന്നാണത്.

ചുരുക്കത്തിൽ, പ്രവാചകന്മാരെ അഖീദയിൽ  (വിശ്വാസകാര്യത്തിൽ) പിന്തുടരുന്നന്നതുമായി ബന്ധപ്പെട്ട് മുമ്പ് പറഞ്ഞ കാര്യങ്ങൾ ഏതാനും പ്രധാന പോയിന്റുകളായി സംഗ്രഹിക്കാം; അതിൽ ഏറ്റവും പ്രധാനപ്പെട്ടവ ഇവയാണ്:

1. പ്രവാചകന്മാരുടെ സന്ദേശത്തിൽ, വിശ്വാസത്തിന്റെ അടിസ്ഥാനങ്ങൾ വ്യക്തമാക്കാനും തിരുത്താനുമായി മൂന്ന് മൂലതത്ത്വങ്ങൾ ഉൾപ്പെട്ടിരുന്നു.

ഒന്ന്. പങ്കാളികളില്ലാത്ത അല്ലാഹുവിനെ മാത്രം ആരാധിക്കുക.

രണ്ട്. പ്രവാചകന്മാരുടെ പ്രവാചകത്വം സ്ഥിരീകരിക്കുക.

മൂന്ന്. അന്ത്യനാൾ സ്ഥിരീകരിക്കുക.

അല്ലാഹു പറയുന്നു:

لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَقَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥٓ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ

നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക ഒരു ദൈവവുമില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങള്‍ക്കു (വന്നുഭവിക്കുമെന്ന്) ഞാന്‍ ഭയപ്പെടുന്നു. (ഖുർആൻ :7/59)

2. തൗഹീദിലേക്കുള്ള പ്രബോധനത്തിൽ നൂഹ് നബി عليه السلام കാണിച്ച ക്ഷമ മാതൃകയാക്കുക; തന്റെ പിതാവിനോട് ഇബ്രാഹിം നബി عليه السلام കാണിച്ച നന്മയും സദ്‌വർത്തനവും പിന്തുടരുക; ഫിർഔനിനോടും അവന്റെ പ്രമാണികളോടും മൂസാ നബി عليه السلام സ്വീകരിച്ച സമീപനം മാതൃകയാക്കി, വിയോജിപ്പുള്ളവരോടും സൗമ്യതയോടെ പെരുമാറുക.

3. വിവിധ രീതികളും മാർഗ്ഗങ്ങളും ഉപയോഗിച്ച് ജനങ്ങളിലേക്ക് അല്ലാഹുവിന്റെ പ്രബോധനം ഭംഗിയായി അവതരിപ്പിക്കുന്നതിലും, അനുയോജ്യമായ സമയങ്ങൾ തിരഞ്ഞെടുക്കുന്നതിലും സൗമ്യതയും ആർദ്രതയും പരിഗണനയും കാണിക്കുന്നതിൽ പ്രവാചകന്മാരെ മാതൃകയാക്കുക. തങ്ങളുടെ ജനതയുടെ സന്മാർഗ്ഗപ്രാപ്തിക്കായി അതീവ താല്പര്യം കാണിക്കുകയും, അറിവ്, ആത്മാർത്ഥത (ഇഖ്‌ലാസ്), പ്രബോധനത്തിന്റെ പ്രയാസങ്ങൾ സഹിക്കാനുള്ള ക്ഷമ എന്നിവയിൽ ഏറ്റവും പ്രധാനപ്പെട്ട ഉത്തമ സ്വഭാവങ്ങൾ സ്വായത്തമാക്കുകയും ചെയ്യുക.

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *