الحمد لله والصلاة والسلام على نبينا محمد، وعلى آله وصحبه أجمعين.
ഈ രീതി ശക്തവും ദൃഢവുമായ മനഃപാഠത്തിനും, വേഗത്തിൽ പഠിച്ചെടുക്കുന്നതിനും, ഖുർആൻ വേഗത്തിൽ ഖത്മ് (പൂർത്തിയാക്കൽ) ചെയ്ത് തീർക്കുന്നതിനും ഏറെ സഹായിക്കുന്നു. സൂറ: ജുമുഅയിലെ ഒരു പേജ് ഉദാഹരണമായി എടുത്തുകൊണ്ട് ഈ രീതി താഴെ വിവരിക്കുന്നു:
1.ഒന്നാമത്തെ ആയത്ത് ഇരുപത് തവണ ഓതുക:
يُسَبِّحُ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ٱلْمَلِكِ ٱلْقُدُّوسِ ٱلْعَزِيزِ ٱلْحَكِيمِ ﴿١﴾
2.രണ്ടാമത്തെ ആയത്ത് ഇരുപത് തവണ ഓതുക:
هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ ﴿٢﴾
3.മൂന്നാമത്തെ ആയത്ത് ഇരുപത് തവണ ഓതുക:
وَءَاخَرِينَ مِنْهُمْ لَمَّا يَلْحَقُوا۟ بِهِمْ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴿٣﴾
4.നാലാമത്തെ ആയത്ത് ഇരുപത് തവണ ഓതുക:
ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴿٤﴾
5.ഈ നാല് ആയത്തുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിനായി (ഖിറാഅത്ത് ശരിയായി ക്രമീകരിക്കുന്നതിന്) തുടക്കം മുതൽ അവസാനം വരെ ഇരുപത് തവണ ഓതുക.
6.അഞ്ചാമത്തെ ആയത്ത് ഇരുപത് തവണ ഓതുക:
مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارَۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ ﴿٥﴾
7.ആറാമത്തെ ആയത്ത് ഇരുപത് തവണ ഓതുക:
قُلْ يَٰٓأَيُّهَا ٱلَّذِينَ هَادُوٓا۟ إِن زَعَمْتُمْ أَنَّكُمْ أَوْلِيَآءُ لِلَّهِ مِن دُونِ ٱلنَّاسِ فَتَمَنَّوُا۟ ٱلْمَوْتَ إِن كُنتُمْ صَٰدِقِينَ ﴿٦﴾
8.ഏഴാമത്തെ ആയത്ത് ഇരുപത് തവണ ഓതുക:
وَلَا يَتَمَنَّوْنَهُۥٓ أَبَدَۢا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَٱللَّهُ عَلِيمُۢ بِٱلظَّٰلِمِينَ ﴿٧﴾
9.എട്ടാമത്തെ ആയത്ത് ഇരുപത് തവണ ഓതുക: ഉദാഹരണത്തിന്
قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَٰقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلْغَيْبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿٨﴾
10.അഞ്ചാമത്തെ ആയത്ത് മുതൽ എട്ടാമത്തെ ആയത്ത് വരെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി (ഖിറാഅത്ത് ശരിയായി ക്രമീകരിക്കുന്നതിന്) ഇരുപത് തവണ ഓതുക.
11.ഈ പേജ് നന്നായി മനഃപാഠമാക്കാൻ ഒന്നാം വചനം മുതൽ എട്ടാം വചനം വരെ ഇരുപത് പ്രാവശ്യം ഓതുക. ഖുർആൻ മുഴുവൻ ഓരോ പേജും ഈ രീതിയിൽ തന്നെ പിന്തുടരുക.. എന്നാൽ ഓർമ്മശക്തി നഷ്ടപ്പെടാതിരിക്കാൻ ഒരു ദിവസത്തിൽ ഒരു ‘സുൽസിൽ’ (എട്ടിലൊന്നിൽ) കൂടുതൽ മനഃപാഠമാക്കരുത്. [ഏകദേശം 2½ പേജ്].
നാളെ ഒരു പുതിയ പേജ് മനഃപാഠമാക്കണമെങ്കിൽ എന്ത് ചെയ്യണം?
♦ നാളെ പുതിയൊരു പേജ് മനഃപാഠമാക്കണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: അടുത്ത ദിവസം പുതിയ പേജ് പഠിക്കാൻ തുടങ്ങുന്നതിന് മുമ്പ്, മുൻദിവസം പഠിച്ച പേജ് തുടക്കം മുതൽ അവസാനം വരെ ഇരുപത് തവണ ഓതുക. ഇത് കഴിഞ്ഞ ദിവസത്തെ മനഃപാഠം മനസ്സിൽ ആഴത്തിൽ പതിയാൻ സഹായിക്കും. അതിനുശേഷമാണ് പുതിയ പേജ് മുമ്പ് പറഞ്ഞ രീതിയിൽ പഠിച്ചുതുടങ്ങേണ്ടത്.
മനഃപാഠവും (الحفظ) പുനഃപരിശോധനയും (المراجعة) എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം?
പുനഃപരിശോധന ഇല്ലാതെ ഖുർആൻ മനഃപാഠമാക്കാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ, നിങ്ങൾ ഓരോ പേജായി പഠിച്ച് ഖുർആൻ മുഴുവൻ പൂർത്തിയാക്കിയ ശേഷം ആദ്യം പഠിച്ച ഭാഗങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അവയെല്ലാം മറന്നുപോയതായി കാണാം. അതിനാൽ മനഃപാഠവും പുനഃപരിശോധനയും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് ഏറ്റവും മികച്ച വഴി.
ഖുർആനെ പത്ത് ജൂസ്അ് വീതമുള്ള മൂന്ന് ഭാഗങ്ങളായി തിരിക്കുക. ദിവസവും ഒരു പേജ് വീതം മനഃപാഠമാക്കുമ്പോൾ, ഒപ്പം നാല് പേജുകൾ വീതം മുറാജഅ ചെയ്യുക; ഇത് ആദ്യത്തെ പത്ത് ജൂസ്അ് പൂർത്തിയാകുന്നത് വരെ തുടരുക. അങ്ങനെ പത്ത് ജൂസ്അ് മനഃപാഠമാക്കിക്കഴിഞ്ഞാൽ, ഒരു മാസം മുഴുവൻ പൂർണ്ണമായി പുനഃപരിശോധനക്കായി മാറ്റിവെക്കുക. ഈ കാലയളവിൽ ദിവസവും എട്ട് പേജുകൾ വീതം ആവർത്തിച്ചുറപ്പിക്കുക.
♦ ഒരു മാസം നീണ്ടുനിൽക്കുന്ന ഈ പുനഃപരിശോധനക്ക് ശേഷം, ശേഷിക്കുന്ന ഭാഗങ്ങൾ മനഃപാഠമാക്കൽ വീണ്ടും ആരംഭിക്കുക. നിങ്ങളുടെ കഴിവ് അനുസരിച്ച് ദിവസവും ഒരു പേജോ രണ്ട് പേജുകളോ വീതം പഠിക്കുക; അതോടൊപ്പം ദിവസവും എട്ട് പേജുകൾ വീതം പുനഃപരിശോധന ചെയ്യുകയും ചെയ്യുക. അങ്ങനെ ഇരുപത് ജൂസ്അ് പൂർത്തിയാകുന്നതുവരെ ഇത് തുടരുക.
ഇരുപത് ജൂസ്അ് മനഃപാഠമായിക്കഴിഞ്ഞാൽ, ആ ഇരുപത് ജൂസ്അ് പൂർണ്ണമായി ഉറപ്പിക്കുന്നതിനായി രണ്ട് മാസം പുതിയ പഠനം നിർത്തിവെച്ച് പുനഃപരിശോധനയില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ രണ്ട് മാസക്കാലം ദിവസവും എട്ട് പേജുകൾ വീതം ആവർത്തിച്ചുറപ്പിക്കുക.
ഈ രണ്ട് മാസം പൂർത്തിയായാൽ, വീണ്ടും നിങ്ങളുടെ കഴിവ് അനുസരിച്ച് ദിവസവും ഒരു പേജോ രണ്ട് പേജുകളോ വീതം പുതിയതായി പഠിച്ചുതുടങ്ങുക; ഒപ്പം ദിവസവും എട്ട് പേജുകൾ വീതം പുനഃപരിശോധന തുടരുകയും ചെയ്യുക. ഖുർആൻ മുഴുവൻ പൂർണ്ണമായി മനഃപാഠമാക്കുന്നത് വരെ ഈ രീതി തുടർന്നുപോവുക.
♦ ഖുർആൻ മുഴുവൻ മനഃപാഠമാക്കി കഴിയുമ്പോൾ, ആദ്യം ആദ്യത്തെ പത്ത് ജൂസ്അ് മാത്രം ഒരു മാസം കൊണ്ട് പ്രത്യേകം പുനഃപരിശോധന നടത്തുക. ഈ മാസം ദിവസവും അര ജൂസ്അ് വീതം ഓതുക.
അതിനുശേഷം അടുത്ത ഒരു മാസം ഇരുപത് ജൂസ്അ് ഭാഗം പുനഃപരിശോധന നടത്തുക. ഈ മാസം ദിവസവും അര ജൂസ്അ് വീതം ഓതുന്നതോടൊപ്പം, ആദ്യത്തെ പത്ത് ജൂസ്അില് നിന്ന് എട്ട് പേജുകൾ കൂടി പുനഃപരിശോധന നടത്തുക.
തുടർന്ന് അവസാനത്തെ പത്ത് ജൂസ്അ് ഒരു മാസം കൊണ്ട് പുനഃപരിശോധന നടത്തുക.. ഈ മാസവും ദിവസവും അര ജൂസ്അ് വീതം ഓതുക; ഒപ്പം ആദ്യത്തെ പത്ത് ജൂസ്അില് നിന്ന് എട്ട് പേജുകളും, ഇരുപത് ജൂസിൽ നിന്ന് എട്ട് പേജുകളും പുനഃപരിശോധന നടത്തുക.
ഈ പുനഃപരിശോധന പൂർത്തിയാക്കിയാൽ പിന്നീട് ഖുർആൻ മുഴുവൻ എങ്ങനെയാണ് പുനഃപരിശോധന ചെയ്യേണ്ടത്?
♦ തുടർന്ന് ഖുർആൻ മുഴുവൻ പൂർണ്ണമായി പുനഃപരിശോധന ചെയ്യാൻ തുടങ്ങുക. ദിവസവും രണ്ട് ജൂസ് വീതം ഓതുക; ഓരോ ദിവസവും ആ രണ്ട് ജൂസ്അ് മൂന്ന് തവണ ആവർത്തിക്കുക. ഈ രീതിയിലൂടെ ഓരോ രണ്ടാഴ്ച കൂടുമ്പോൾ ഖുർആൻ മുഴുവൻ പുനഃപരിശോധന ചെയ്ത് തീർക്കാൻ സാധിക്കും. ഈ പ്രകാരം ഒരു വർഷം മുഴുവൻ ഈ രീതി കർശനമായി പാലിക്കുക.
ഖുർആൻ മനഃപാഠമാക്കുകയും ഒരു വർഷക്കാലം മുകളിൽ പറഞ്ഞ രീതിയിൽ മുറാജഅ ചെയ്യുകയും ചെയ്തതിനുശേഷം പിന്നീട് എന്തുചെയ്യണം?
♦ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കി, ഒരു വർഷം അതീവ ശ്രദ്ധയോടെ മുറാജഅ ചെയ്ത് ഉറപ്പിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ മരണം വരെ ദിവസേനയുള്ള പതിവ് പാരായണം നബി ﷺ യുടെ രീതിയിലായിരിക്കണം. അവിടുന്ന് ഖുർആനെ ഏഴ് ഭാഗങ്ങളായി തിരിച്ച് ആഴ്ചയിൽ ഒരിക്കൽ ഖുർആൻ പൂർത്തിയാക്കുമായിരുന്നു.
قال أوس بن حذيفة رحمه الله: سألت أصحاب رسول الله صلى الله عليه وسلم، كيف تحزبون القرآن؟ قالوا: ثلاث سور، وخمس سور، وسبع سور، وتسع سور، وإحدى عشر سورة، وحزب المفصل من قاف حتى يختم.
ഔസ് ബ്നു ഹുദൈഫ رحمه الله പറയുന്നു: ഞാൻ നബി ﷺ യുടെ സ്വഹാബികളോട് ചോദിച്ചു: ‘നിങ്ങൾ എങ്ങനെയാണ് ഖുർആൻ ഓതി ക്രമീകരിക്കുന്നത്?(ഹിസ്ബാക്കുന്നത്)’ അവർ പറഞ്ഞു: ‘ആദ്യ ദിവസങ്ങളിൽ മൂന്ന് സൂറത്തുകൾ, അടുത്ത ദിവസങ്ങളിൽ അഞ്ച് സൂറത്തുകൾ, പിന്നെ ഏഴ്, ഒൻപത്, പതിനൊന്ന് സൂറത്തുകൾ വീതവും, അവസാനമായി ‘ഖാഫ്’ സൂറത്ത് മുതൽ ഖുർആൻ തീരുന്നത് വരെയുള്ള ഭാഗം (‘മുഫസ്സൽ’ സൂറത്തുകൾ) ഒരു ദിവസത്തെ ഹിസ്ബായും ഞങ്ങൾ ഓതുന്നു.’ (അഹ്മദ്).
♦ അതായത്:
ഒന്നാം ദിവസം ഫാത്തിഹ മുതൽ നിസാഅ് അവസാനം വരെയും,
രണ്ടാം ദിവസം മാഇദ മുതൽ തൗബ അവസാനം വരെയും,
മൂന്നാം ദിവസം യൂനുസ് മുതൽ നഹ്ല് അവസാനം വരെയും,
നാലാം ദിവസം ഇസ്റാഅ് മുതൽ ഫുർഖാൻ അവസാനം വരെയും,
അഞ്ചാം ദിവസം ശുഅറാഅ് മുതൽ യാസീൻ അവസാനം വരെയും,
ആറാം ദിവസം സ്വാഫ്ഫാത്ത് മുതൽ ഹുജുറാത്ത് അവസാനം വരെയും,
ഏഴാം ദിവസം ഖാഫ് മുതൽ നാസ് വരെയും ഓതുക.
♦ നബി ﷺ യുടെ ഈ ആഴ്ചയിലെ ഹിസ്ബ് (ഓരോ ദിവസത്തെയും ഓത്തുക്രമം) ഓർമ്മിച്ചു വെക്കാൻ എളുപ്പത്തിനായി പണ്ഡിതന്മാർ فمي بشوق (ഫമി ബിശൗഖ്) എന്ന വാചകം ഉപയോഗിച്ചിട്ടുണ്ട്.
ഈ രണ്ട് വാക്കുകളിലെ ഓരോ അക്ഷരവും ഓരോ ദിവസത്തെയും ഹിസ്ബിന്റെ (തുടക്ക ഭാഗത്തിന്റെ) സൂചനയാണ്:
ف (ഫാ) – “ഫമി” എന്നതിലെ ഫ; ഒന്നാം ദിവസത്തെ തുടക്കം സൂറ: ഫാത്തിഹയിൽ നിന്നാണെന്ന് സൂചിപ്പിക്കുന്നു.
م (മീം) – “ഫമി” എന്നതിലെ മീം; രണ്ടാം ദിവസത്തെ തുടക്കം സൂറ: മാഇദയിൽ നിന്നാണെന്ന് സൂചിപ്പിക്കുന്നു.
ي (യാ) – “ഫമി” എന്നതിലെ യാ; മൂന്നാം ദിവസത്തെ തുടക്കം സൂറ: യൂനുസ് മുതലാണെന്ന് സൂചിപ്പിക്കുന്നു.
ب (ബാഅ്) – “ശൗഖ്” എന്നതിലെ ബാഅ്; നാലാം ദിവസത്തെ തുടക്കം സൂറ:ഇസ്റാഅ് മുതൽ ആണെന്ന് സൂചിപ്പിക്കുന്നു.
ش (ശീൻ) – “ശൗഖ്” എന്നതിലെ ശീൻ; അഞ്ചാം ദിവസത്തെ തുടക്കം സൂറ: ശുഅറാഅ് മുതൽ ആണെന്ന് സൂചിപ്പിക്കുന്നു.
و (വാവ്) – “ശൗഖ്” എന്നതിലെ വാവ്; ആറാം ദിവസത്തെ തുടക്കം സൂറത്തു സ്വാഫ്ഫാത്ത് മുതൽ ആണെന്ന് സൂചിപ്പിക്കുന്നു.
ق (ഖാഫ്) – “ശൗഖ്” എന്നതിലെ ഖാഫ്; ഏഴാം ദിവസത്തെ തുടക്കം സൂറ: ഖാഫ് മുതൽ ഖുർആൻ അവസാനം (സൂറത്തു അന്നാസ്) വരെയുള്ള ഭാഗമാണെന്ന് സൂചിപ്പിക്കുന്നു.
ഇന്ന് ഖുർആനിൽ കാണുന്ന മുപ്പത് ജൂസുകളും ഹിസ്ബുകളുമെന്ന വിഭജനം പിൽക്കാലത്ത് ഹജ്ജാജ് ബിൻ യൂസഫ് നടപ്പിലാക്കിയതാണ്.
ഖുർആനിലെ മുതശാബിഹാത്ത് ആയത്തുകൾ (المتشابهات) തമ്മിൽ എങ്ങനെ വേർതിരിച്ചറിയാം?
♦ ഏറ്റവും മികച്ച വഴി ഇതാണ്: രണ്ട് ആയത്തുകൾ തമ്മിൽ സമാനത തോന്നുമ്പോൾ, മുസ്ഹഫ് തുറന്ന് ആ രണ്ട് ആയത്തുകളും അടുത്തടുത്ത് വെച്ച് നോക്കുക. അവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് സൂക്ഷ്മമായി പരിശോധിച്ച് മനസ്സിലാക്കുക. എന്നിട്ട് നിങ്ങൾക്കായി ഒരു ചെറിയ മാനദണ്ഡമോ അടയാളമോ നിശ്ചയിക്കുക. തുടർന്ന് പാഠങ്ങൾ ആവർത്തിച്ചു ഓതുമ്പോൾ (മുറാജഅ ചെയ്യുമ്പോൾ) ആ വ്യത്യാസം വീണ്ടും വീണ്ടും ശ്രദ്ധിക്കുക; അവ തമ്മിലുള്ള ആ വ്യത്യാസം പൂർണ്ണമായും ഹൃദിസ്ഥമാകുന്നതുവരെ ഇത് തുടരുക.
ഖുർആൻ മനഃപാഠമാക്കൽ നിയമങ്ങളും നിബന്ധനകളും:
1. പാരായണം തെറ്റുകൂടാതെ തിരുത്തിത്തരാൻ കഴിവുള്ള ഒരു ശൈഖിന്റെ കീഴിൽ വേണം ഹിഫ്ള് ചെയ്യാൻ.
2.ദിവസവും രണ്ട് പേജ് വീതം മനഃപാഠമാക്കുക; ഒരു പേജ് സുബ്ഹ് നമസ്കാരത്തിന് ശേഷവും, മറ്റൊരു പേജ് അസർ അല്ലെങ്കിൽ മഗ്രിബ് നമസ്കാരത്തിന് ശേഷവും പഠിക്കുക. ഈ രീതി പിന്തുടർന്നാൽ ഒരു വർഷം കൊണ്ട് ഖുർആൻ മുഴുവൻ തെറ്റുകൂടാതെ കൃത്യമായി മനഃപാഠമാക്കാൻ സാധിക്കും. നിങ്ങളുടെ ഹിഫ്ള് വളരെ ദൃഢവുമായിരിക്കും. എന്നാൽ ഒരേ ദിവസത്തിൽ ഇതിൽ കൂടുതൽ പഠിക്കാൻ ശ്രമിച്ചാൽ, പഠിച്ച ഭാഗങ്ങൾ ദുർബലമായി മറന്നുപോകാൻ ഇടയാകും.
3. ഹിഫ്ള് (മനഃപാഠമാക്കൽ) തുടങ്ങേണ്ടത് സൂറ: അന്നാസ് മുതൽ സൂറ: ബഖറയിലേക്കാണ് (പിന്നിൽ നിന്ന് മുന്നോട്ട്); കാരണം അത് താരതമ്യേന എളുപ്പമുള്ള വഴിയാണ്. എന്നാൽ ഖുർആൻ മുഴുവൻ മനഃപാഠമാക്കി കഴിഞ്ഞതിനുശേഷമുള്ള മുറാജഅ (ആവർത്തനം) ചെയ്യേണ്ടത് ബഖറ മുതൽ നാസ് വരെയുള്ള ക്രമത്തിലാണ് (മുന്നിൽ നിന്ന് പിന്നിലേക്ക്).
4. ഹിഫ്ള് ചെയ്യാനായി എപ്പോഴും ഒരേ പതിപ്പിലുള്ള മുസ്ഹഫ് തന്നെ ഉപയോഗിക്കുക. ഇത് ആയത്തുകളുടെ സ്ഥാനങ്ങളും പേജുകളുടെ തുടക്കവും അവസാനവും മനസ്സിൽ വേഗത്തിൽ പതിയുന്നതിനും എളുപ്പത്തിൽ ഓർത്തെടുക്കുന്നതിനും ഏറെ സഹായിക്കും.
5. ആദ്യത്തെ രണ്ട് വർഷങ്ങളിൽ, ഖുർആൻ മനഃപാഠമാക്കുന്ന ആരുടെയും പഠിച്ച ഭാഗങ്ങൾ ഇടയ്ക്ക് മറന്നുപോവുകയോ തെറ്റുകൾ സംഭവിക്കുകയോ ചെയ്യാം. ഈ ഘട്ടത്തെ مرحلة التجميع (ശേഖരണത്തിന്റെ ഘട്ടം) എന്ന് വിളിക്കുന്നു. അതിനാൽ ഖുർആൻ മറന്നുപോകുകയോ തെറ്റുകൾ കൂടുകയോ ചെയ്യുമ്പോൾ വിഷമിക്കേണ്ടതില്ല. ഇത് പരീക്ഷണത്തിന്റെ ഒരു പ്രയാസകരമായ ഘട്ടമാണ്. ഖുർആൻ പഠനം നിർത്തലാക്കാൻ വേണ്ടി ശൈത്വാനും ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ അവന്റെ ദുർബോധനങ്ങളെ അവഗണിക്കുക; മുന്നോട്ട് തന്നെ പോവുക. കാരണം, ഇത് ഏതൊരാൾക്കും എളുപ്പത്തിൽ ലഭിക്കുന്ന വിലമതിക്കാനാവാത്ത ഒരു നിധിയാണ്.
www.kanzululoom.com