പ്രേതം : ഇസ്ലാമിന് പറയാനുള്ളത്

മരണശേഷം ഒരു വ്യക്തിയുടെ ആത്മാവ് ശാന്തി ലഭിക്കാതെ ഭൂമിയിൽ അലഞ്ഞുതിരിയുന്ന രൂപത്തെയാണ് ചില സമൂഹം പൊതുവെ പ്രേതം എന്ന് വിളിക്കുന്നത്. പെട്ടെന്നുള്ള മരണം, ആഗ്രഹങ്ങൾ പൂർത്തിയാകാതെയുള്ള മരണം, അല്ലെങ്കിൽ ദാരുണമായ കൊലപാതകം എന്നിവ സംഭവിക്കുമ്പോൾ ആത്മാവ് അലഞ്ഞുതിരിയുന്നു എന്ന നാടോടിക്കഥകളിലെയും ജനകീയ വിശ്വാസങ്ങളിലെയും സങ്കൽപ്പമാണിത്.

ഇത്തരം പ്രേതവിശ്വാസം കൊണ്ടുള്ള ദോഷങ്ങൾ നിരവധിയാണ്. അതിൽ പെട്ടതാണ് അനാവശ്യ ഭയവും അസ്വസ്ഥതയും. ഇരുട്ടിനെയും വിജനമായ സ്ഥലങ്ങളെയും കുറിച്ച് അനാവശ്യ ഭീതി ഉണ്ടാകുകയും അത് നിത്യജീവിതത്തിലെ സമാധാനത്തെയും ആത്മവിശ്വാസത്തെയും ബാധിക്കുകയും ചെയ്യുന്നു. പ്രേതബാധ അകറ്റാനായി തകിടുകൾ, മന്ത്രവാദങ്ങൾ  തുടങ്ങിയ അനാചാരങ്ങളിലേക്കും അതുവഴി ശിര്‍ക്കിലേക്കും കുഫ്റിലേക്കും മനുഷ്യൻ വഴി തെറ്റിക്കപ്പെടുന്നു.

ഇസ്ലാം ഇവിടെ കൃത്യമായ മറുപടി നൽകുന്നുണ്ട്. അതാകട്ടെ മനുഷ്യന് ആശ്വാസകരമാണ്. ഇസ്ലാമിക വിശ്വാസമനുസരിച്ച് മരിച്ച മനുഷ്യരുടെ ആത്മാക്കൾ ഈ ലോകത്തേക്ക് തിരികെ വരികയോ പ്രേതമായി അലഞ്ഞുതിരിയുകയോ ചെയ്യുന്നില്ല. ജനനം മുതൽ മരണം വരെയും, മരണാനന്തരവും മനുഷ്യന് അല്ലാഹു നിശ്ചയിച്ച കൃത്യമായ ഘട്ടങ്ങളുണ്ട്. ഭൗതിക ലോകത്തോടുള്ള ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെടുന്നതോടെ ആത്മാവ് പുതിയൊരു ജീവിത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.

ആത്മാവിന്റെ മരണാനന്തര യാത്രയും ‘ബർസഖീ’ ലോകവും

മനുഷ്യന്റെ ഐഹിക ജീവിതത്തിന് അല്ലാഹു നിശ്ചയിച്ച സമയം പൂർത്തിയാകുമ്പോൾ മലക്കുൽ മൗത്ത് ആത്മാവിനെ കൈപ്പറ്റുന്നു. ഇതോടെ അവന്റെ ഭൗതിക ജീവിതം അവസാനിക്കുകയും ‘ആലമുൽ ബർസഖ്’ (عالم البرزخ) എന്ന അദൃശ്യ ലോകത്തേക്ക് അവൻ മാറ്റപ്പെടുകയും ചെയ്യുന്നു.

حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ ‎﴿٩٩﴾‏ لَعَلِّىٓ أَعْمَلُ صَٰلِحًا فِيمَا تَرَكْتُ ۚ كـَلَّآ ۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَا ۖ وَمِن وَرَآئِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ

അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്‌) തിരിച്ചയക്കേണമേ. ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം. ഒരിക്കലുമില്ല, അതൊരു വെറും വാക്കാണ്‌. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌. (ഖു൪ആന്‍:23/99-100)

ബർസഖ് എന്നാൽ രണ്ട് ഘട്ടങ്ങൾക്കിടയിലുള്ള ഭിത്തി അല്ലെങ്കിൽ മറ എന്നാണ് ഭാഷാപരമായ അർത്ഥം. ഇവിടെ എത്തിച്ചേരുന്ന ആത്മാക്കൾക്ക് തങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ അനുസരിച്ച് അല്ലാഹുവിന്റെ അനുഗ്രഹമോ ശിക്ഷയോ ലഭിച്ചുകൊണ്ടിരിക്കും. അവിടെനിന്ന് തിരികെ വരാനോ, ഭൂമിയിലെ വീടുകളിലും വിജനതകളിലും അലഞ്ഞുതിരിയാനോ ഏതെങ്കിലും ആത്മാവിന് അനുവാദമോ കഴിവോ ഇല്ല.

ٱﻟﻠَّﻪُ ﻳَﺘَﻮَﻓَّﻰ ٱﻷَْﻧﻔُﺲَ ﺣِﻴﻦَ ﻣَﻮْﺗِﻬَﺎ ﻭَٱﻟَّﺘِﻰ ﻟَﻢْ ﺗَﻤُﺖْ ﻓِﻰ ﻣَﻨَﺎﻣِﻬَﺎ ۖ ﻓَﻴُﻤْﺴِﻚُ ٱﻟَّﺘِﻰ ﻗَﻀَﻰٰ ﻋَﻠَﻴْﻬَﺎ ٱﻟْﻤَﻮْﺕَ ﻭَﻳُﺮْﺳِﻞُ ٱﻷُْﺧْﺮَﻯٰٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ

ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍ :39/42)

മരണം സംഭവിച്ച ആത്മാക്കളെ അല്ലാഹു ‘പിടിച്ചുവെക്കുന്നു’ (يُمْسِكُ) എന്ന് പറഞ്ഞതിൽ നിന്ന് അവ ഭൗതിക ലോകത്തേക്ക് മടങ്ങുന്നില്ലെന്ന് വ്യക്തമാണ്.

ഉഹുദ് യുദ്ധത്തിൽ ശഹീദായ ജാബിർ رَضِيَ اللَّهُ عَنْهُ വിന്റെ പിതാവ് അബ്ദുള്ള ബിൻ അംറ് رَضِيَ اللَّهُ عَنْهُ വിനോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും “നിനക്ക് എന്താണ് ആഗ്രഹമുള്ളത്?” എന്ന് ചോദിക്കുകയും ചെയ്തപ്പോൾ, അദ്ധേഹം പറഞ്ഞു: “റബ്ബേ, എന്നെ ദുനിയാവിലേക്ക് തിരിച്ചയക്കേണമേ, നിന്റെ മാർഗ്ഗത്തിൽ ഞാൻ രണ്ടാം തവണയും വധിക്കപ്പെടട്ടെ.” അപ്പോൾ അല്ലാഹു മറുപടി നൽകി:

إِنَّهُ قَدْ سَبَقَ مِنِّي أَنَّهُمْ إِلَيْهَا لاَ يُرْجَعُونَ.

തീർച്ചയായും ജനങ്ങൾ ഇങ്ങോട്ട് (ഭൗതിക ലോകത്തേക്ക്) തിരികെ വരില്ല എന്നത് ഞാൻ നേരത്തെ തീരുമാനിച്ച കാര്യമാണ്. (തിര്‍മിദി:3010)

സത്യവിശ്വാസിയുടെയും സത്യനിഷേധിയുടെയും ആത്മാക്കളെ കൈപ്പറ്റുന്നതും വിചാരണയ്ക്കായി ഖബറിലേക്ക് മടക്കുന്നതും അതിനുശേഷമുള്ള ഘട്ടങ്ങളും വിവരിക്കുന്ന സുദീർഘമായ ഹദീസിൽ, വിചാരണയ്ക്ക് ശേഷം ആത്മാക്കളുടെ താവളം ബർസഖീ ലോകത്തെ സുഖത്തിലോ ശിക്ഷയിലോ ആണെന്ന് വ്യക്തമാക്കുന്നുണ്ട് (ഹദീസ് കാണാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക). അല്ലാതെ ഒരു ആത്മാവും ഭൂമിയിൽ സ്വതന്ത്രമായി ചുറ്റിത്തിരിയുന്നതായി ഹദീസുകളിൽ എവിടെയും പരാമർശമില്ല.

‘പ്രേത’ പ്രതിഭാസങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം

മനുഷ്യർ പ്രേതരൂപങ്ങളായോ ആത്മാക്കളായോ കാണുന്നുവെന്ന് അവകാശപ്പെടുന്ന അനുഭവങ്ങൾക്ക് പിന്നിൽ വ്യക്തമായ പശാചിക ഇടപെടലുകളുണ്ട്. ഇസ്ലാം അത് വിശദീകരിച്ചിട്ടുണ്ട്.

മനുഷ്യരെപ്പോലെ തന്നെ അല്ലാഹു സൃഷ്ടിച്ച, എന്നാൽ നമ്മുടെ കണ്ണുകൾക്ക് ദൃശ്യമല്ലാത്ത വിഭാഗമാണ് ജിന്നുകൾ. ജിന്നു വര്‍ഗ്ഗത്തിലെ ദുഷിച്ച ഒരു വിഭാഗമാണു ശൈത്വാന്‍.  അവര്‍ക്ക് വ്യത്യസ്ത രൂപങ്ങൾ പ്രാപിക്കാനും ശബ്ദങ്ങൾ ഉണ്ടാക്കാനും സാധിക്കും. മനുഷ്യരെ ഭയപ്പെടുത്താനും വിശ്വാസത്തിൽ നിന്ന് അകറ്റാനുമുള്ള അവന്റെ തന്ത്രമായിരിക്കും ഇത്.

വിശ്വാസിയുടെ പ്രതിരോധം

അനാവശ്യ ഭയങ്ങളും അസ്വസ്ഥതകളും അകറ്റാൻ ഇസ്ലാം ലളിതവും ശക്തവുമായ വഴികൾ നിർദ്ദേശിക്കുന്നു:

1.തൗഹീദ് ഉൾക്കൊള്ളുക

2.അല്ലാഹുവിൽ ഭരമേൽപ്പിക്കുക (തവക്കുൽ).

3.തഖ്‌വ, ഇഖ്‌ലാസ് എന്നിവ പാലിക്കുക

4.ദിക്റുള്ള നിലനിര്‍ത്തുക, നബി ﷺ പഠിപ്പിച്ച രാവിലത്തെയും വൈകുന്നേരത്തെയും ദുആകളും ദിക്റുകളും പതിവാക്കുക.

2.ആയത്തുൽ കുർസിയ്യ്, സൂറത്തുൽ ബഖറ, അൽ-മുഅവ്വിദതൈനി (സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്) എന്നിവ പഠിപ്പിക്കപ്പെട്ട പ്രകാരം പാരായണം ചെയ്യുക.

ചുരുക്കത്തിൽ, മരണപ്പെട്ടവരുടെ ആത്മാക്കൾ അല്ലാഹുവിന്റെ പൂർണ്ണമായ വിചാരണയിലും നിയന്ത്രണത്തിലുമാണ്. മനുഷ്യരിൽ ഭയവും സംശയവും വിതച്ച് തൗഹീദ് തകർക്കാൻ ശൈത്വാന്മാർ നടത്തുന്ന തന്ത്രങ്ങളെ മാത്രമാണ് അജ്ഞത കാരണം സമൂഹം ‘പ്രേതബാധ’ എന്ന് തെറ്റിദ്ധരിക്കുന്നത്.

 

www.kanzululoom.com

 

മരണ രംഗം

Leave a Reply

Your email address will not be published. Required fields are marked *