റബീഉൽ അവ്വൽ മാസം അല്ലാഹുവിന്റെ റസൂൽ ﷺ യുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. കാരണം, അവിടുന്ന് ജനിച്ചതും ഹിജ്റ പോയതും വഫാത്തായതും ഈ മാസത്തിലാണ്. റബീഉൽ അവ്വൽ മാസം കടന്നുവരുമ്പോൾ മുഹമ്മദ് നബി ﷺ യുമായി നമ്മെ ബന്ധിപ്പിക്കാൻ ഈ മഹത്തായ സംഭവങ്ങൾ തന്നെ ധാരാളമാണ്. കാരണം അവ മുസ്ലിങ്ങളുടെ ജീവിതത്തിലും മാനവരാശിയുടെയും ലോകത്തിന്റെയും ചരിത്രത്തിലും നിർണ്ണായകമായ ഘട്ടങ്ങളും മഹത്തായ സംഭവങ്ങളുമാണ്.
അവിടുത്തെ ജനനമാകട്ടെ, ആനക്കലഹ വർഷത്തിലെ (عام الفيل) റബീഉൽ അവ്വൽ മാസത്തിലെ തിങ്കളാഴ്ചയിലായിരുന്നു. ഇത് പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമാണ്. എന്നാൽ ജനിച്ച തീയതി കൃത്യമായി നിശ്ചയിക്കുന്നതിൽ അവർ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ പ്രവാചകൻ ജനിച്ചത് റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന് ചിലർ അഭിപ്രായപ്പെട്ടു; അതാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇബ്നു കസീർ رحمه الله പറഞ്ഞു: ‘പണ്ഡിതന്മാരിൽ ഭൂരിഭാഗം പേരുടെയും അഭിപ്രായം ഇതാകുന്നു.’
മറ്റു ചിലർ റബീഉൽ അവ്വൽ രണ്ടാം തീയതിയാണെന്നും, എട്ടാം തീയതിയാണെന്നും, ഒമ്പതാം തീയതിയാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. അക്കാലത്ത് മാനവരാശി അതിദാരുണമായ അന്ധകാരത്തിലും അജ്ഞതയിലുമായിരുന്നു കഴിഞ്ഞിരുന്നത്. അതിനെക്കുറിച്ചുള്ള ചിത്രം ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസിൽ നബി ﷺ നമുക്ക് വരച്ചുകാട്ടുന്നുണ്ട്:
إنَّ الله نظر إلى أهلِ الأرضِ، فمَقَتهم عربهم وعَجَمهم، إلَّا بقايا من أهل الكتاب
തീർച്ചയായും അല്ലാഹു ഭൂമിയിലുള്ളവരിലേക്ക് നോക്കി; അങ്ങനെ വേദക്കാരിൽ നിന്ന് ശേഷിച്ച ഏതാനും ചിലരൊഴികെ, അറബികളും അല്ലാത്തവരുമായ മുഴുവൻ ആളുകളോടും അവൻ കോപിച്ചു.
അങ്ങനെ പ്രവാചകൻ ﷺ യുടെ ജനനം ലോകർക്ക് അവരുടെ രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശവും വെളിച്ചവും മഹത്തായ ഉപഹാരവുമായി മാറി. കവി പറഞ്ഞതുപോലെ:
وُلِدَ الهُدى فَالكائِناتُ ضِياءُ
وَفَمُ الزَمانِ تَبَسُّمٌ وَثَناءُ
الروحُ وَالمَلَأُ المَلائِكُ حَولَهُ
لِلدينِ وَالدُنيا بِهِ بُشَراءُ
നേർവഴികാട്ടി (പ്രവാചകൻ ﷺ) ജനിച്ചു, അതോടെ പ്രപഞ്ചമാകെ പ്രകാശപൂരിതമായി;
കാലത്തിന്റെ അധരങ്ങളിൽ പുഞ്ചിരിയും പ്രശംസകളും വിരിഞ്ഞു!
ജിബ്രീലും (റൂഹ്) മലക്കുകളുടെ സംഘവും അവിടുത്തേക്ക് ചുറ്റുമുണ്ട്;
ദിനിനും ദുനിയാവിനും അവിടുന്ന് നൽകുന്ന ശുഭവാർത്തയുമായി!
روى ابن سعد أن أم رسول الله صلى الله عليه وسلم قالت: «لما ولدته خرج مني نور أضاءت له قصور الشام»،ولما ولدته أمه أرسلت إلى جده عبد المطلب تبشره بحفيده، فجاء مستبشرًا ودخل به الكعبة، ودعا الله وشكر له، واختار له اسم محمد.
ഇബ്നു സഅ്ദ് رحمه الله വിൽ നിന്ന് നിവേദനം ചെയ്യുന്നു; പ്രവാചകൻ ﷺ യുടെ ഉമ്മ (ആമിന ബീവി) പറഞ്ഞു: ‘ഞാൻ അവിടുത്തേക്ക് ജന്മം നൽകിയപ്പോൾ എന്നിൽ നിന്ന് ഒരു പ്രകാശം പുറത്തുവരികയും, അതിലൂടെ ശാം (സിറിയൻ) പ്രദേശത്തെ കൊട്ടാരങ്ങൾ പ്രകാശപൂരിതമാവുകയും ചെയ്തു.’ അങ്ങനെ ഉമ്മ അവിടുത്തേക്ക് ജന്മം നൽകിയപ്പോൾ, തന്റെ കൊച്ചുമകന്റെ ജനനവാർത്ത അറിയിക്കാനായി പിതാമഹനായ അബ്ദുൽ മുത്വലിബിന്റെ അടുത്തേക്ക് ആളയച്ചു. സന്തോഷഭരിതനായി എത്തിയ അദ്ദേഹം കുഞ്ഞിനെയുമെടുത്ത് കഅ്ബയിൽ പ്രവേശിക്കുകയും, അല്ലാഹുവോട് പ്രാർത്ഥിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് കുട്ടിക്ക് ‘മുഹമ്മദ്’ എന്ന പേര് തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രവാചകൻ ﷺ തന്റെ ജനനദിവസത്തെ ഇഷ്ടപ്പെടുകയും അതിന് പ്രാധാന്യം നൽകുകയും ചെയ്യുമായിരുന്നു.
عَنْ أَبِي قَتَادَةَ الأَنْصَارِيِّ، رضى الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم سُئِلَ عَنْ صَوْمِ يَوْمِ الاِثْنَيْنِ قَالَ : ذَاكَ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ بُعِثْتُ أَوْ أُنْزِلَ عَلَىَّ فِيهِ
അബൂഖതാദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: ‘അത് ഞാന് ജനിച്ച ദിവസമാണ്. അന്നാണ് ഞാൻ നബിയായി നിയോഗിക്കപ്പെട്ടത് അല്ലെങ്കിൽ അന്നാണ് എനിക്ക് വഹ്യ് ഇറങ്ങിയത്. (മുസ്ലിം: 1162)
അങ്ങനെ അവിടുന്ന് തിങ്കളാഴ്ച ദിവസത്തിന് പ്രാധാന്യം നൽകുകയും അന്ന് നോമ്പെടുക്കുകയും ചെയ്യുമായിരുന്നു; കാരണം അവിടുന്ന് ജനിച്ചത് ആ ദിവസത്തിലായിരുന്നു. എന്നാൽ, തന്റെ ജനന തിയ്യതി കേന്ദ്രീകരിച്ച് അവിടുന്ന് ആണ്ടുതോറുമുള്ള ആഘോഷങ്ങൾ നടത്തുകയോ, അതിന് കൽപ്പിക്കുകയോ, ജനങ്ങൾക്ക് അത് ഒരു ചര്യയായി നിശ്ചയിച്ചുകൊടുക്കുകയോ ചെയ്തിട്ടില്ല.
പ്രവാചകൻ ﷺ യുടെ ജനനം മനുഷ്യരാശിയുടെ മുഴുവൻ ജീവിതത്തിലെയും മഹത്തായൊരു സംഭവവും പ്രാധാന്യമർഹിക്കുന്ന കാര്യവുമാണ്. മനുഷ്യകുലത്തെ സംസ്കരിക്കാനും, അന്ധകാരങ്ങളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനും, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും പങ്കാളികളെയും വിഗ്രഹങ്ങളെയും വെടിയാനും വേണ്ടിയുള്ള അല്ലാഹുവിന്റെ ദിവ്യസന്ദേശത്തിന്റെ (വഹ്യ്) അവതരണത്തിനുള്ള തുടക്കമായിരുന്നു അത്.
റബീഉൽ അവ്വൽ മാസത്തിലാണ് നബി ﷺ താൻ ജനിച്ചു വളരുകയും ആയുസ്സിന്റെ ഭൂരിഭാഗവും ചെലവഴിക്കുകയും ചെയ്ത സ്വന്തം നാടായ മക്കയിൽ നിന്ന് ഹിജ്റ പോയത്. സ്വന്തം ജനതയുടെ ഉപദ്രവം കഠിനമാവുകയും അവർ അവിടുത്തെ വധിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് അവിടുന്ന് മക്ക ഉപേക്ഷിച്ചത്. അങ്ങനെ അവിടുന്ന് തനിക്ക് അഭയം നൽകുകയും അവിടുത്തെ സ്നേഹിക്കുകയും ചെയ്ത മദീനയിലേക്ക് ഹിജ്റ ചെയ്തു. മദീനാ നിവാസികൾ അവിടുത്തെ സ്നേഹിക്കുകയും അവിടുത്തേക്ക് അഭയവും സഹായവും നൽകുകയും ചെയ്തു; അവിടുന്ന് അവരെയും സ്നേഹിച്ചു. റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയാണ് മദീനക്കാർ അവിടുത്തെ സ്വീകരിച്ചത്. തുടർന്ന് അവിടുന്ന് അവിടെ തന്റെ മസ്ജിദ് നിർമ്മിക്കുകയും ഭരണകൂടം സ്ഥാപിക്കുകയും തന്റെ സ്വഹാബികൾക്കിടയിൽ സാഹോദര്യം സ്ഥാപിക്കുകയും ചെയ്തു. ഹിജ്റയിലൂടെ ചരിത്രത്തിന്റെ ഗതി തന്നെ മാറിമറിഞ്ഞു.
റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് പ്രവാചകൻ ﷺ വഫാത്തായത്. അവിടുത്തെ വിയോഗം മുസ്ലിങ്ങൾ നേരിട്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു; അന്ത്യനാൾ വരെയുള്ള ഓരോ മുസ്ലിമിനും അത് ഏറ്റവും വലിയ വിപത്തായി നിലകൊള്ളുകയും ചെയ്യും.
إِذَا أَصَابَ أَحَدَكُمْ مُصِيبَةٌ فَلْيَذْكُرْ مُصِيبَتَهُ بِي فَإِنَّهَا مِنْ أَعْظَمِ الْمَصَائِبِ
നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾക്ക് വല്ല വിപത്തും സംഭവിച്ചാൽ, എന്നെക്കൊണ്ടുണ്ടായ (എന്റെ വിയോഗം മൂലമുള്ള) വിപത്തിനെ അവൻ ഓർത്തു കൊള്ളട്ടെ; കാരണം അതാണ് ഏറ്റവും വലിയ വിപത്ത്.
يقول ابن رجب رحمه الله : ولما توفي رسول الله صلى الله عليه وسلم اضطرب المسلمون، فمنهم من دهش فخولط، ومنهم من أُقْعد فلم يطق القيام، ومنهم من اعتقل لسانه فلم يطق الكلام، ومنهم من أنكر موته بالكلية.
ഇബ്നു റജബ് رحمه الله പറയുന്നു: ‘നബി ﷺ വഫാത്തായപ്പോൾ മുസ്ലിങ്ങൾ വലിയ പരിഭ്രാന്തിയിലായി. അവരിൽ ചിലർ ഞെട്ടിത്തരിച്ച് ചിന്താക്കുഴപ്പത്തിലാവുകയും, ചിലർ തളർന്നിരുന്ന് എഴുന്നേറ്റു നിൽക്കാൻ പോലും സാധിക്കാത്തവരാവുകയും ചെയ്തു. ചിലരുടെ നാവ് പതറി സംസാരിക്കാൻ കഴിയാതാവുകയും, മറ്റു ചിലരാകട്ടെ അവിടുത്തെ മരണം പൂർണ്ണമായും നിഷേധിക്കുകയും ചെയ്തു.’
നബി ﷺ യുടെ വിയോഗത്തോടെ വഹ്യ് (ദിവ്യസന്ദേശം) നിലച്ചുപോയി. ഇമാം ഖുർത്വുബി رحمه الله പ്രസ്താവിച്ചത് പോലെ, അറബികളുടെ മതപരിത്യാഗം ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ തിന്മയുടെ ആദ്യത്തെ വെളിപ്പെടലുണ്ടായതും, നന്മയുടെ ആദ്യത്തെ വിച്ഛേദനവും കുറവും സംഭവിച്ചതും ഈ വിയോഗത്തോടെയാണ്. (പ്രവാചകന്റെ വഫാത്തിന് ശേഷം ചില അറബികൾ ഇസ്ലാമിൽ നിന്ന് പുറത്തുപോയതോടെയാണ് തിന്മയുടെ തുടക്കവും നന്മയുടെ കുറവും സംഭവിച്ചത്)
നബി ﷺ യുടെ വിയോഗം മുസ്ലിം ഉമ്മത്തിന് നേരിട്ട ഏറ്റവും വലിയ വിപത്തായിരുന്നു. അത് സ്വഹാബികളുടെ മനസ്സിലും അവസ്ഥയിലും വലിയ ആഘാതമുണ്ടാക്കി. ‘തങ്ങളുടെ പ്രവാചകനെ നഷ്ടപ്പെട്ടതോടെ മഴയുള്ള തണുത്ത രാത്രിയിൽ അകപ്പെട്ടുപോയ ആടുകളെപ്പോലെയായി മുസ്ലിംകൾ’ എന്ന ആഇശ رضى الله عنها യുടെ വിവരണം അവരിൽ തികച്ചും അന്വർത്ഥമായിരുന്നു.
عَنْ أَنَسٍ، قَالَ لَمَّا كَانَ الْيَوْمُ الَّذِي دَخَلَ فِيهِ رَسُولُ اللَّهِ ـ صلى الله عليه وسلم ـ الْمَدِينَةَ أَضَاءَ مِنْهَا كُلُّ شَىْءٍ فَلَمَّا كَانَ الْيَوْمُ الَّذِي مَاتَ فِيهِ أَظْلَمَ مِنْهَا كُلُّ شَىْءٍ . وَمَا نَفَضْنَا عَنِ النَّبِيِّ ـ صلى الله عليه وسلم ـ الأَيْدِيَ حَتَّى أَنْكَرْنَا قُلُوبَنَا .
അനസ് رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ മദീനയിൽ പ്രവേശിച്ച ദിവസം അതിലെ സകല വസ്തുക്കളും പ്രകാശപൂരിതമായി. എന്നാൽ അവിടുന്ന് വഫാത്തായ ദിവസമാകട്ടെ, അതിലെ സകല വസ്തുക്കളും ഇരുണ്ടതായിപ്പോയി. പ്രവാചകന്റെ ഖബറടക്കം കഴിഞ്ഞ് ഞങ്ങൾ കൈകൾ തട്ടിപ്പുടച്ച് എഴുന്നേൽക്കുമ്പോഴേക്കും ഞങ്ങളുടെ ഹൃദയങ്ങളിൽ വലിയ ശൂന്യത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. (ഇബ്നുമാജ:1631)
നമ്മുടെ ഹബീബായ പ്രവാചകൻ ﷺ യെ ഓർമ്മിപ്പിക്കുന്ന മഹത്തായ മൂന്ന് സംഭവങ്ങളാണ് ഇവ (ജനനം, ഹിജ്റ, വഫാത്). ഇതോടെ അവിടുത്തോടുള്ള നമ്മുടെ സ്നേഹവും ഈടുറ്റ ആഗ്രഹവും വർദ്ധിക്കുകയും, അഅവിടുത്തെ സുന്നത്തിനെ പിൻപറ്റാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവിടുത്തെ ഓർക്കുമ്പോൾ നമ്മുടെ ഹൃദയങ്ങൾ ഭക്തിനിർഭരമാവുകയും, ചർമ്മങ്ങൾ വിറകൊള്ളുകയും, കണ്ണുകൾ അശ്രുകണങ്ങൾ പൊഴിക്കുകയും ചെയ്യുന്നു. എങ്കിലും, ക്രൈസ്തവര് ഈസാ ബിൻ മർയമിനെ അതിരുവിട്ട് പുകഴ്ത്തിയത് പോലെ നാം അവിടുത്തെ വിഷയത്തിൽ അതിരുകടക്കുകയോ അതിശയോക്തി കലർത്തുകയോ ഇല്ല. അവിടുത്തെ മാർഗ്ഗവും മാതൃകയും നാം പിന്തുടരുകയും, അവിടുത്തെ ദീനിൽ പുതിയ കാര്യങ്ങൾ (ബിദ്അത്ത്) ഉണ്ടാക്കാതിരിക്കുകയും ചെയ്യുന്നു.
അല്ലാഹുവേ! നിന്റെ ദാസനും റസൂലും നബിയും ഉറ്റ മിത്രവും തെരഞ്ഞെടുക്കപ്പെട്ടവനും, നിന്റെ സന്ദേശം ലഭിച്ചവനും നിന്റെ തൃപ്തി ലഭിച്ചവനുമായ മുഹമ്മദ് നബിയുടെ മേൽ അന്ത്യനാൾ വരെ നീണ്ടുനിൽക്കുന്നതും മുറിയാത്തതുമായ സ്വലാത്തും സലാമും നീ വർഷിക്കേണമേ.
അവലംബം: https://www.alukah.net/spotlight/0/142675/
www.kanzululoom.com