മനുഷ്യ സൃഷ്ടിപ്പിലെ ഘട്ടങ്ങൾ

ആദം عليه السلام മനുഷ്യരാശിയുടെ മുഴുവൻ പിതാവാണ്. അല്ലാഹു അദ്ധേഹത്തെ ഒന്നുമില്ലായ്മയിൽ നിന്ന് (ശൂന്യതയിൽ നിന്ന്)  ഒരു സ്വതന്ത്ര സൃഷ്ടിയായി പടച്ചതാണ്. അല്ലാതെ അദ്ദേഹം സ്വയം രൂപപ്പെട്ടതോ, സ്വന്തമായി തന്നെത്തന്നെ സൃഷ്ടിച്ചതോ, അദ്ധേഹത്തെ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ അദ്ധേഹത്തെ സൃഷ്ടിച്ചതോ അല്ല. മറിച്ച്, അല്ലാഹു അദ്ധേഹത്തെ തന്റെ കൈകൊണ്ട് സൃഷ്ടിക്കുകയും അതിലേക്ക് തന്റെ ആത്മാവിനെ (റൂഹ്) ഊതുകയുമാണ് ചെയ്തത്. അല്ലാഹു പറഞ്ഞു:

إِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقُۢ بَشَرًا مِّن طِينٍ ‎﴿٧١﴾‏ فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ ‎﴿٧٢﴾

നിന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം. (ഖു൪ആന്‍:38/71-72)

ആദം عليه السلام യുടെ സൃഷ്ടിപ്പ് പ്രക്രിയ ഘട്ടംഘട്ടമായ ചില ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. അല്ലാഹു തന്റെ ഗ്രന്ഥത്തിൽ അവ പരാമർശിച്ചിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്:

ഒന്നാമത്തെ ഘട്ടം: മണ്ണ് (التراب).

يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَٰكُم مِّن تُرَابٍ

മനുഷ്യരേ, ഉയർത്തെഴുന്നേൽപിനെപറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ചു നോക്കുക:) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്…. (ഖുർആൻ:22/5)

പിന്നെ മണ്ണ് വെള്ളവുമായി കൂട്ടിക്കലർത്തപ്പെട്ടു; അങ്ങനെ അത് കളിമണ്ണായി മാറി. അതാണ് അടുത്ത ഘട്ടം.

രണ്ടാമത്തെ ഘട്ടം: കളിമണ്ണ് (الطين).

إِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقُۢ بَشَرًا مِّن طِينٍ

നിന്‍റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.  (ഖു൪ആന്‍:38/71-72)

പിന്നീട് ഈ കളിമണ്ണ് മറ്റൊരു അവസ്ഥയിലേക്ക് മാറി; അതായത്:

മൂന്നാമത്തെ ഘട്ടം: ‘ഹമഇൻ മസ്നൂൻ’ (حمأ مسنون); അതായത്, ദുർഗന്ധം വമിക്കുന്നതും രൂപമാറ്റം വന്നതുമായ കറുത്ത കളിമണ്ണ്.

നാലാമത്തെ ഘട്ടം: ‘സ്വൽസ്വാൽ’ (الصلصال) മുട്ടിയാൽ മുഴക്കമുണ്ടാക്കുന്ന കളിമണ്ണ്. അല്ലാഹു പറഞ്ഞു:

وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ

കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാൽ) മുഴക്കമുണ്ടാക്കുന്ന കളിമൺ രൂപത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു. (ഖുർആൻ:15/26)

الصلصال എന്നത് ആദം عليه السلام സൃഷ്ടിക്കപ്പെടുകയും, അവിടുത്തെ രൂപകൽപ്പന പൂർത്തിയാക്കപ്പെടുകയും ചെയ്ത ഘട്ടത്തിലെ (രൂപത്തിനാണ്) പറയുന്നത്.

يقول الإمام الفخر الرازي رحمه الله:والأقرب أنه تعالى خلقه أولاً من تراب، ثم من طين، ثم من حمأ مسنون، ثم من صلصال كالفخار.

ഇമാം റാസി رحمه الله പറയുന്നു:അല്ലാഹു ആദം عليه السلام യെ ആദ്യം മണ്ണിൽ (تراب) നിന്നും, പിന്നീട് കളിമണ്ണിൽ (طين) നിന്നും, അതിനുശേഷം രൂപമാറ്റം വന്ന ദുർഗന്ധമുള്ളതുമായ കറുത്ത കളിമണ്ണിൽ (حمأ مسنون) നിന്നും, തുടർന്ന് ചുട്ടപാത്രം പോലുള്ള ഉണങ്ങിയ കളിമണ്ണിൽ (صلصال كالفخار) നിന്നുമാണ് സൃഷ്ടിച്ചത് എന്നാണ് ഏറ്റവും അനുയോജ്യമായ (ശരിയായ) അഭിപ്രായം. [مفاتيح الغيب، جزء 9 ص 414]

يقول الإمام الفخر الرازي رحمه الله:إن المادة البعيدة هو التراب، وأقرب منه الطين، وأقرب منه الحمأ المسنون، وأقرب منه الصلصال، فثبت أنه لا منافاة بين الكل.

ഇമാം റാസി رحمه الله പറയുന്നു: ഏറ്റവും വിദൂരമായ (ആദ്യത്തെ) അടിസ്ഥാന പദാർത്ഥം മണ്ണാണ് (تراب). അതിനേക്കാൾ അടുത്തത് കളിമണ്ണും (طين), അതിനേക്കാൾ അടുത്തത് ദുർഗന്ധമുള്ളതും നിറംമാറിയതുമായ കറുത്ത കളിമണ്ണും (حمأ مسنون), ഏറ്റവും  അടുത്തത് ഉണങ്ങിയ കളിമണ്ണുമാണ് (صلصال كالفخار). അതിനാൽ ഇവയെല്ലാം തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ലെന്ന് സ്ഥിരപ്പെട്ടു. [ مفاتيح الغيب، جزء 13 ص 362.]

അഞ്ചാമത്തെ ഘട്ടം: ശരിയായ രൂപത്തിലാക്കൽ (التسوية)

ആറാം ഘട്ടം: ആത്മാവിനെ ഊതൽ (النفخ)

ആത്മാവിനെ ഊതുന്ന പ്രക്രിയ പൂർത്തിയായതോടെ, വെറും മണ്ണായിരുന്ന രൂപം ചിന്താശേഷിയും ബുദ്ധിയുമുള്ള, മിടിക്കുന്ന ഹൃദയവും വികാരവിചാരങ്ങളും ഇച്ഛകളും ആഗ്രഹങ്ങളും സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവുമുള്ള ഒരു മനുഷ്യനായി മാറി.അങ്ങനെ അവൻ ഇരട്ട പ്രകൃതിയുള്ളവനായി: ഭൂമിയിലെ മണ്ണിൽ നിന്നുള്ള ഭൗതിക ശരീരവും, അല്ലാഹുവിന്റെ റൂഹിൽ നിന്നുള്ള ദിവ്യമായ ശ്വാസവും. ഇതിലൂടെ തഖ്‌വയുടെ (ദൈവഭക്തിയുടെ) ഏറ്റവും ഉയർന്ന തലങ്ങളിലേക്ക് ഉയരാനും, അല്ലെങ്കിൽ തിന്മകളുടെ ഏറ്റവും താഴത്തെ കയങ്ങളിലേക്ക് അധഃപതിക്കാനും അവന് സാധിക്കുന്നു.

ഇതാണ് മനുഷ്യൻ; അവൻ മറ്റുള്ളവരുമായി ഇണങ്ങിച്ചേരുന്നു, മറ്റുള്ളവരെ ആശ്രയിക്കുന്നു, സ്വഭാവത്താൽ സാമൂഹികജീവിയാണ്, സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നു, കരയുകയും ചിരിക്കുകയും ചെയ്യുന്നു, ഭക്ഷണപാനീയങ്ങൾ കഴിക്കുന്നു, ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു, നടക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്നു, അവസ്ഥകൾ മാറിമറിയുന്നവനാണ്. സൃഷ്ടികർത്താവായ അല്ലാഹുവിന്റെ മഹത്വവും പടച്ചുണ്ടാക്കുന്നതിലുള്ള അറ്റമില്ലാത്ത കഴിവും മനുഷ്യനിൽ വ്യക്തമായി പ്രതിഫലിക്കുന്നു. അവന്റെ ഘടനയെയും രൂപീകരണത്തെയും കുറിച്ച് ചിന്തിക്കുന്ന ഏതൊരാളുടെയും ബുദ്ധി സൃഷ്ടാവായ അല്ലാഹുവിന് മുന്നിൽ ശിരസ്സുനമിച്ചുകൊണ്ട് പറഞ്ഞുപോകും:

فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ

അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (ഖു൪ആന്‍:23/14)

ഇങ്ങനെയാണ് ആദം عليه السلام യുടെ സൃഷ്ടിപ്പ് പ്രക്രിയ പൂർത്തിയായത്. ഒറ്റ നിമിഷം കൊണ്ടോ, നിമിഷത്തിന്റെ ഒരംശം കൊണ്ടോ, അല്ലെങ്കിൽ ഒരൊറ്റ വാക്ക് കൊണ്ടോ തന്നെ അദ്ദേഹത്തെ സൃഷ്ടിക്കാൻ അല്ലാഹു കഴിവുള്ളവനാണ്. എങ്കിലും, ഏതൊരു കാര്യത്തിലും മുൻകൂട്ടിയുള്ള തയാറെടുപ്പും, ക്രമീകരണവും, പരമാവധി കൃത്യതയും വേണമെന്ന് അല്ലാഹു നമ്മെ പഠിപ്പിക്കുകയാണ്. കാരണം, ഏതൊരു കാര്യത്തിന്റെയും പൂർണ്ണതയും അത്യുന്നതിയും ഘട്ടങ്ങളിലൂടെയും കൃത്യമായ ചുവടുവെപ്പുകളിലൂടെയുമാണ് കൈവരിക്കേണ്ടത്. അതുപോലെത്തന്നെയായിരുന്നു അവന്റെ സന്തതികളുടെ സൃഷ്ടിപ്പും.

ആദം عليه السلام യുടെ സൃഷ്ടിപ്പ് മണ്ണിൽ നിന്നായിരുന്നതുപോലെ തന്നെയാണ് ഓരോ മനുഷ്യന്റെയും അവസ്ഥ. കാരണം, ഭൂമിയിലെ മണ്ണാണ് എല്ലാ ഭക്ഷണത്തിന്റെയും ഉറവിടം. ഈ ഭക്ഷണം മനുഷ്യശരീരത്തിൽ വെച്ച് ബീജങ്ങളായി മാറുന്നു. പുരുഷന്റെയും സ്ത്രീയുടെയും ബീജസ്രവങ്ങൾ അവർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്നവയാണ്. അങ്ങനെ ലൈംഗികബന്ധം സംഭവിക്കുമ്പോൾ, പുരുഷൻ തന്റെ ബീജത്തെ അതിന്റെ സ്വാഭാവിക അന്തരീക്ഷത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊന്നിലേക്ക്  നിക്ഷേപിക്കുന്നു. അപ്പോൾ അത് (ബീജം) ഒരു വഴി തിരയുകയും, അല്ലാഹുവിന്റെ വിധി മുൻകടന്ന ആ മത്സരത്തിൽ ദശലക്ഷക്കണക്കിന് വരുന്ന സഹജീവികളുടെ കൂട്ടത്തോടൊപ്പം വളരെ വേഗത്തിൽ ഓടിയകലുകയും ചെയ്യുന്നു. നിശ്ചയിക്കപ്പെട്ട ആ സംഗമത്തിനായി ഗർഭപാത്രത്തിനുള്ളിൽ ശാന്തമായി കാത്തിരിക്കുന്ന അണ്ഡത്തെ ഏതു ബീജമാണ് ബീജസങ്കലനം നടത്തുന്നതെന്ന് അല്ലാഹു നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മനുഷ്യരൂപീകരണത്തിന്റെ ഘട്ടങ്ങൾ ആരംഭിക്കുന്നു; അവിടെ അല്ലാഹുവിന്റെ അറ്റമില്ലാത്ത കഴിവിന്റെയും കരുണയുടെയും അടയാളങ്ങൾ ഏറ്റവും മനോഹരമായി തെളിഞ്ഞു കാണുന്നു.

സൃഷ്ടിപ്പിലെ ക്രമാനുഗതമായ ഘട്ടങ്ങളുടെ പ്രകൃതിനിയമം വ്യക്തമാക്കുന്നതിനായി, ഖുർആനിന്റെയും നബിവചനങ്ങളുടെയും വെളിച്ചത്തിൽ മനുഷ്യസൃഷ്ടിപ്പിന്റെ പ്രക്രിയയെക്കുറിച്ച് ഇവിടെ വിവരിക്കാം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയും മനുഷ്യസൃഷ്ടിപ്പിലെ അവന്റെ അപാരമായ കഴിവിനെയും തൊട്ടറിയാനും, അന്ത്യനാൾ വരെ നിലനിൽക്കുന്ന നിത്യവിസ്മയമായ വിശുദ്ധ ഖുർആനിന്റെ മഹത്വം നമ്മുടെ ബുദ്ധിയും ചിന്തയും പൂർണ്ണമായി അംഗീകരിച്ച് അല്ലാഹുവിന് മുന്നിൽ ശിരസ്സുനമിക്കാനും സഹായിക്കുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കും സൂചന നൽകാം.

സൃഷ്ടിപ്പിന്റെ പ്രക്രിയയെ ഖുർആൻ അത്യന്തം കൃത്യതയോടും അത്ഭുതകരമായ രീതിയിലുമാണ് വിവരിച്ചിട്ടുള്ളത്. ആധുനിക ശാസ്ത്രവും, പ്രത്യേകിച്ച് ഭ്രൂണശാസ്ത്രവും  അതിൽ നിന്ന് മാർഗ്ഗദർശനം ഉൾക്കൊണ്ടിട്ടുണ്ട്.

ഒന്നാമതായി, വിശുദ്ധ ഖുർആൻ, പ്രവാചകൻ മുഹമ്മദ് നബി ﷺ ക്ക് അവതരിച്ച ആദ്യ സൂറത്ത് മുതൽ തന്നെ മനുഷ്യന്റെ സൃഷ്ടിപ്പ് പ്രക്രിയയെ കൃത്യമായ ശാസ്ത്രീയ വിശദീകരണത്തോടെ വിവരിച്ചുതന്നിട്ടുണ്ട്. അത് ഇതാണ്:

ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ‎﴿١﴾‏ خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ‎﴿٢﴾‏

സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. (ഖുര്‍ആൻ:96/1-2)

അതിൽ അത്ഭുതപ്പെടാനൊന്നുമില്ല; കാരണം മനുഷ്യൻ തന്നെയാണ് ഖുർആന്റെ പ്രധാന വിഷയം. അതിനാൽ ഖുർആൻ അവന്റെ ബുദ്ധിയെയും മനസ്സിലെ വികാരങ്ങളെയും അഭിസംബോധന ചെയ്യുന്നു; അവന്റെ നന്മയുള്ള പ്രകൃതത്തോടും  ശരീരഘടനയോടും പൂർണ്ണമായി യോജിച്ചുപോകുന്നു. തുടർന്ന്, ആധുനിക മനുഷ്യ ഭ്രൂണശാസ്ത്രത്തിന്റെ യാഥാർത്ഥ്യങ്ങളോട് തികച്ചും പൊരുത്തപ്പെടുന്ന രീതിയിൽ, ഘട്ടംഘട്ടമായും കൃത്യമായ ക്രമത്തിലുമുള്ള ഈ സൃഷ്ടിപ്പ് പ്രക്രിയയെ വിവരിക്കുന്ന നിരവധിയായ ആയത്തുകളും സൂറത്തുകളും ഒന്നൊന്നായി അവതരിക്കുകയുണ്ടായി.

രണ്ടാമതായി, മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് പരാമർശിച്ച മൊത്തം സൂറത്തുകളുടെ എണ്ണം 28 എണ്ണത്തോളമെത്തുന്നു. അല്ലാഹുവിന്റെ നിശ്ചയത്തിലെ അത്ഭുതങ്ങളിൽ പെട്ട ഒന്നാണ് ഈ സംഖ്യ. ഒരു സാധാരണ സ്ത്രീയുടെ ആർത്തവചക്രത്തിലെദിവസങ്ങളുടെ എണ്ണവുമായി (28 ദിവസങ്ങൾ) ഈ സംഖ്യ കൃത്യമായി യോജിക്കുന്നു! കൂടാതെ, ഈ 28 സൂറത്തുകളിലായി മനുഷ്യസൃഷ്ടിപ്പ് വിവരിക്കുന്ന ആയത്തുകളുടെ മൊത്തം എണ്ണം 40 ആണ്. ആധുനിക ഭ്രൂണശാസ്ത്രം സ്ഥിരീകരിച്ചിട്ടുള്ളത്, ഒരു ഭ്രൂണം മാതൃഗർഭത്തിൽ കഴിയുന്ന ശരാശരി കാലയളവ് 40 ആഴ്ചകളാണ് (അതായത് 280 ദിവസങ്ങൾ; സാധാരണ ഒരു സ്ത്രീയുടെ അവസാന ആർത്തവം ആരംഭിച്ച ദിവസം മുതൽ പ്രസവം വരെയുള്ള കാലയളവായാണ് ഇത് കണക്കാക്കുന്നത്) എന്നതാണ്. [دراسة للدكتور شريف عبدالكريم، رسالة من مهاجر، أخبار اليوم ص 49 – إدارة الكتب والمكتبات.]

മൂന്നാമതായി, മനുഷ്യസൃഷ്ടിപ്പിന്റെ പ്രക്രിയ, ബീജസങ്കലനത്തിൽ തുടങ്ങി പൂർണ്ണ മനുഷ്യനിൽ അവസാനിക്കുന്ന ക്രമാനുഗതമായ വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. ഇത് പ്രധാനമായും രണ്ട് ഘട്ടങ്ങളായി തിരിയുന്നു.

1: ജനനത്തിന് മുമ്പുള്ള ഘട്ടം.

2: ജനനത്തിന് ശേഷമുള്ള ഘട്ടം.

ജനനത്തിന് മുമ്പുള്ള ഘട്ടം

ഈ ഘട്ടം താഴെ പറയുന്ന ഘട്ടങ്ങളിലൂടെയോ ക്രമാനുഗതമായ പടവുകളിലൂടെയോ ആണ് കടന്നുപോകുന്നത്:

1.ഗർഭപാത്രത്തിൽ ബീജസങ്കലനം ചെയ്ത അണ്ഡം ഉറയ്ക്കുന്നതിന് മുമ്പുള്ള ഘട്ടം

നിശ്ചിതമായ ഈ സമയപരിധിക്കുള്ളിൽ, പുരുഷബീജങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും, അണ്ഡോത്പാദന സമയത്ത് ഗർഭാശയ ഗളത്തിന്  മുന്നിലേക്ക് നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. സങ്കലനം ചെയ്യപ്പെട്ട അണ്ഡം അല്ലെങ്കിൽ കൂടിച്ചേർന്ന ബീജം (نُّطْفَةٍ أَمْشَاجٍ) രൂപപ്പെടുന്നതോടെ ഈ ഘട്ടം അവസാനിക്കുന്നു. അല്ലാഹു പറഞ്ഞു:

إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعَۢا بَصِيرًا ‎﴿٢﴾

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. അവനെ നാം പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. (ഖുർആൻ: 76/1-2)

2.സങ്കലനം ചെയ്യപ്പെട്ട അണ്ഡം ഗർഭാശയത്തിൽ നിക്ഷേപിക്കപ്പെടുന്നതും ഭ്രൂണമായി വളരുന്നതുമായ ഘട്ടം, ഇത് മൂന്ന് ഉപഘട്ടങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു:

A.ഉറച്ചുനിൽക്കുന്ന ഘട്ടം: ഭ്രൂണപിണ്ഡങ്ങൾ രൂപപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ഘട്ടമാണിത്. ഖുർആൻ പരാമർശിച്ച ‘അലഖഃ’ എന്ന ഘട്ടവുമായി ഇത് തികച്ചും യോജിച്ചു പോകുന്നു. അല്ലാഹു പറയുന്നു:

خَلَقَ ٱلْإِنسَٰنَ مِنْ عَلَقٍ ‎

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. (ഖുര്‍ആൻ:96/2)

B.ഭ്രൂണപിണ്ഡങ്ങൾ രൂപപ്പെടുന്ന ഘട്ടം; ഇതിനെ ഖുർആൻ ‘മുദ്‌ഗ’ എന്ന ഘട്ടമായി നിർവ്വചിച്ചിരിക്കുന്നു.

C.അവയവ രൂപീകരണ ഘട്ടം: ഈ ഘട്ടത്തിലാണ് ഭ്രൂണത്തിന്റെ ലൈംഗിക ഗ്രന്ഥി ആണോ പെണ്ണോ എന്ന് തിരിച്ചറിയുന്ന രീതിയിൽ അണ്ഡാശയമായോ വൃഷണമായോ വേർതിരിയുന്നത്. അതുപോലെതന്നെ അസ്ഥികൂട വ്യവസ്ഥയുടെയും പേശീവ്യൂഹത്തിന്റെയും ആദ്യ ലക്ഷണങ്ങൾ ഇവിടെ ആരംഭിക്കുന്നു. ഇതിനെക്കുറിച്ചാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്:

فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَٰمًا فَكَسَوْنَا ٱلْعِظَٰمَ لَحْمًا

അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ എല്ലുകളാക്കി (അസ്ഥികൂടമായി) രൂപപ്പെടുത്തി. എന്നിട്ട് നാം എല്ലുകകളെ മാംസം കൊണ്ട് പൊതിഞ്ഞു.  (ഖുര്‍ആൻ:23/14)

3.ഭ്രൂണത്തിൽ നിന്ന് പൂർണ്ണ വളർച്ചയെത്തിയ ശിശുവിലേക്കുള്ള നിർണ്ണായക മാറ്റത്തിന്റെ ഘട്ടം

ഇത് മൂന്നാം മാസം മുതൽ ആരംഭിക്കുകയും പ്രസവവേദനയിലും ജനനത്തിലും അവസാനിക്കുകയും ചെയ്യുന്നു. ഇതിനെക്കുറിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുള്ളത്:

ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ

പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (ഖുര്‍ആൻ:23/14)

വാസ്തവത്തിൽ, ആകാശഭൂമികളുടെ സൃഷ്ടിപ്പിന്റെ ഘട്ടങ്ങൾ പോലെ തന്നെ മനുഷ്യസൃഷ്ടിപ്പിലും കൃത്യമായി ആറ്  ഘട്ടങ്ങളാണുള്ളത്.

മനുഷ്യന്റെ സൃഷ്ടിപ്പ് നബിവചനത്തിൽ:

عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: حَدَّثَنَا رَسُولُ اللَّهِ صلى الله عليه و سلم -وَهُوَ الصَّادِقُ الْمَصْدُوقُ-: “إنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا نُطْفَةً، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يُرْسَلُ إلَيْهِ الْمَلَكُ فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٍّ أَمْ سَعِيدٍ؛

അബ്ദുല്ലാഹ് ഇബ്നു മസ്ഊദില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ നബി ﷺ ഞങ്ങളോട് പറഞ്ഞിരിക്കുന്നു – അദ്ധഹമാകട്ടെ സത്യം പറയുന്നവനും സത്യപ്പെടുത്തുന്നവനുമാകുന്നു – : ‘നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടിപ്പ് നാല്പത് ദിവസം തന്റെ മാതാവിന്റെ വയറ്റില്‍ ബീജകണമായി ശേഖരിക്കപ്പെടുന്നു. പിന്നെ അത്രതന്നെ കാലം രക്തക്കട്ടയായും പിന്നെ അത്രതന്നെ കാലം മാംസപിണ്ഡമായും കഴിയും. പിന്നീട് അതിലേക്ക് ഒരു മലക്ക് നിയോഗിക്കപ്പെടുന്നു. അത് അതില്‍ ആത്മാവിനെ ഊതുന്നു. അത് നാല് കാര്യങ്ങള്‍ക്ക് കല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. ഭക്ഷണം, ജീവിതാവധി, പ്രവ൪ത്തനം, ഭാഗ്യവാനോ നി൪ഭാഗ്യവാനോ തുടങ്ങിയവ രേഖപ്പെടുത്തലാണത് …. (ബുഖാരി, മുസ്‌ലിം)

يقول ابن رجب الحنبلي – رحمه الله -:فهذا الحديث يدل على أنه يتقلب في مائة وعشرين يومًا في ثلاثة أطوار، في كل أربعين يومًا منها يكون في طور.

ഇബ്നു റജബ് അൽഹംബലി رحمه الله പറയുന്നു: ഗർഭസ്ഥ ശിശു 120 ദിവസങ്ങൾക്കുള്ളിൽ മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു എന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്, ; ഇതിൽ ഓരോ 40 ദിവസവും ഓരോ പ്രത്യേക ഘട്ടത്തിലാണ്. [جامع العلوم والحكم، دار التوزيع والنشر الإسلامية 1998م ص 60.]

ഈ ഹദീസ് സംസാരിച്ചത് ആത്മാവ് ഊതപ്പെടുന്നതിന് മുമ്പുള്ള മൂന്ന് ഘട്ടങ്ങളെക്കുറിച്ചാണ്.

ജനനത്തിന് ശേഷമുള്ള ഘട്ടം (ജീവിത ഘട്ടം)

ജനനത്തിന് ശേഷമുള്ള ഘട്ടങ്ങൾ അല്ലാഹു പല സ്ഥലങ്ങളിലായി വിവരിച്ചിട്ടുണ്ട്. അതിൽപ്പെട്ടതാണ് അല്ലാഹു  പറഞ്ഞ ഈ വചനം:

ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا

പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. (ഖുര്‍ആൻ:22/5)

ഈ ജനനാനന്തര ഘട്ടങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം:

ഒന്നാം ഘട്ടം: ശൈശവ ഘട്ടം. ഇത് ജനനത്തിനു ശേഷം മുലകുടി പ്രായത്തോടെ ആരംഭിക്കുകയും രണ്ടു വർഷം തുടരുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:

وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ

മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌. (ഖുര്‍ആൻ:2/233)

അതിനുശേഷം ബാല്യകാലം വരുന്നു. ഈ ഘട്ടത്തിൽ മുലകുടി നിർത്തൽ, സ്വയം ഭക്ഷണം കഴിക്കാൻ പഠിക്കൽ, നടക്കാനും സംസാരിക്കാനും പഠിക്കൽ എന്നിവ നടക്കുന്നു. ഇവയെല്ലാം ക്രമാനുഗതമായിട്ടാണ് സംഭവിക്കുന്നത്. ‘

രണ്ടാം ഘട്ടം: കൗമാരവും യൗവനപൂർത്തിയും. ഇത് പ്രായപൂർത്തിയുടെയും കായിക ശേഷിയുടെയും കാലഘട്ടമാണ്; അതായത് ശക്തിയുടെയും യുവത്വത്തിന്റെയും ഘട്ടം. അല്ലാഹു പറയുന്നു:

ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ

അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.)  (ഖുര്‍ആൻ:22/5)

ഇതിന്റെ പൂർണ്ണതയും അന്ത്യവും 40 വയസ്സിലാണ്. അല്ലാഹു പറയുന്നു:

حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ

അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ്ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു. (ഖുർആൻ:46/15)

മൂന്നാം ഘട്ടം: 40 വയസ്സിന് ശേഷമുള്ള ഘട്ടമാണിത്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ വാർദ്ധക്യത്തിന്റെ ഏറ്റവും ദുർബലമായ അവസ്ഥയിലേക്കെത്തുന്നത് വരെയോ, അല്ലെങ്കിൽ അതിനുമുമ്പ് മരണമടയുന്നത് വരെയോ ഉള്ള കാലയളവാണിത്.  അല്ലാഹു പറയുന്നു:

وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا

(നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. (ഖുർആൻ:22/5)

ഈ ഘട്ടത്തിൽ ബലഹീനതയുടെയും ക്ഷീണത്തിന്റെയും ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു; മുടി നരയ്ക്കുകയും, സൃഷ്ടിപ്പിൽ അവൻ പിന്നോട്ട് മടക്കപ്പെടുകയും ചെയ്യുന്നു (ബലഹീനതയിലേക്ക് മടങ്ങുന്നു).  അല്ലാഹു പറയുന്നു:

وَمَن نُّعَمِّرْهُ نُنَكِّسْهُ فِى ٱلْخَلْقِ ۖ أَفَلَا يَعْقِلُونَ

വല്ലവന്നും നാം ദീര്‍ഘായുസ്സ് നല്‍കുന്നുവെങ്കില്‍ അവന്‍റെ പ്രകൃതി നാം തലതിരിച്ചു കൊണ്ടുവരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കുന്നില്ലേ? (ഖുർആൻ:36/68)

ഈ ഘട്ടങ്ങളെക്കുറിച്ച് അല്ലാഹു മറ്റൊരു സ്ഥലത്ത് ഇപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്:

ٱللَّهُ ٱلَّذِى خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِنۢ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنۢ بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَآءُ ۖ وَهُوَ ٱلْعَلِيمُ ٱلْقَدِيرُ

നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വ്വജ്ഞനും സര്‍വ്വശക്തനും. (ഖുർആൻ:30/54)

ഇപ്രകാരം മനുഷ്യ സൃഷ്ടിപ്പിലെ ക്രമാനുഗതമായ ദൈവിക നിയമം നമുക്ക് വ്യക്തമാകുന്നു. ആദം عليه السلام യെ അല്ലാഹു മണ്ണിൽ (تراب) നിന്നാണ് സൃഷ്ടിച്ചത്. പിന്നീട് മണ്ണ് കളിമണ്ണായും (طين), അതിനുശേഷം രൂപമാറ്റം വന്ന ദുർഗന്ധമുള്ളതുമായ കറുത്ത കളിമണ്ണായും (حمأ مسنون), തുടർന്ന് അത് ഉണങ്ങിയ ശബ്ദമുണ്ടാക്കുന്ന കളിമണ്ണായും (صلصال) മാറി. പിന്നീട് അതിന് പൂർണ്ണരൂപം നൽകുകയും (التسوية) അതിലേക്ക് ആത്മാവ് ഊതുകയും (النفخ) ചെയ്തപ്പോൾ അവൻ അല്ലാഹു ഉദ്ദേശിച്ച പ്രകാരം ഒരു മനുഷ്യനായി മാറി. അതുപോലെ തന്നെയാണ് അവന്റെ സന്താന പരമ്പരകളും. മനുഷ്യന്റെ സൃഷ്ടിപ്പ് ബീജത്തിൽ (النطفة) തുടങ്ങി, പിന്നീട് ഭ്രൂണം (العلقة), ശേഷം മാംസപിണ്ഡം (المضغة) എന്നിങ്ങനെ മുമ്പ് വിവരിച്ചതുപോലെ വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.

മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഈ മനുഷ്യൻ മരണപ്പെടുമ്പോൾ, അവന്റെ ശരീരം ജീർണ്ണിക്കുകയും അതിന്റെ പ്രാരംഭ ഘടകമായ മണ്ണിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്, അല്ലാഹു പറഞ്ഞതുപോലെ:

مِنْهَا خَلَقْنَٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ ‎

അതില്‍ (മണ്ണിൽ) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും. (ഖു൪ആന്‍:20/55)

മനുഷ്യസൃഷ്ടിപ്പിന്റെ ഘട്ടങ്ങളായി ഈ വിവരിച്ച കാര്യങ്ങൾ അല്ലാഹു തന്റെ ദാസന് നൽകുന്ന പരിപാലനത്തിന്റെ ഭാഗമാണ്. കാരണം, അല്ലാഹു സർവ്വലോക പരിപാലകനാണ്. തന്റെ ദാസന്മാർക്കുള്ള അവന്റെ പരിപാലനവും വളർത്തലും പെട്ടെന്ന് ഒരു മാത്രയിലോ ഒറ്റ നിമിഷത്തിലോ നടക്കുന്നതല്ല; മറിച്ച് അത് ക്രമാനുഗതമായിട്ടാണ് നടപ്പിലാകുന്നത്.

ഇമാം റാസി رحمه الله തന്റെ തഫ്സീറിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:

المثال الأول: لَمَّا وقعت النطفة من صلب الأب إلى رحم الأم، فانظر كيف أنها صارت علقة أولاً، ثم مضغة ثانيًا، ثم تولدت منها أعضاء مختلفة مثل العظم… فسبحان مَن أسمع بعظم، وبصَّر بشحم، وأنطق بلحم… وكل ذلك يدل على تربية الله تعالى للعبد)

ഒന്നാമത്തെ ഉദാഹരണം: പിതാവിന്റെ മുതുകിൽ നിന്ന് മാതാവിന്റെ ഗർഭപാത്രത്തിലേക്ക് ബീജതുള്ളി വീണപ്പോൾ അത് ആദ്യം എങ്ങനെ ഒരു ‘അലഖ’ (ഭ്രൂണം) ആയി മാറിയെന്ന് നോക്കുക! പിന്നീട് അതൊരു ‘മുദ്‌ഗ’ (മാംസപിണ്ഡം) ആയി മാറി. തുടർന്ന് അതിൽ നിന്ന് അസ്ഥി പോലെയുള്ള വിവിധ അവയവങ്ങൾ രൂപപ്പെട്ടു. (ചെവിക്കുള്ളിലെ) അസ്ഥി കൊണ്ട് കേൾപ്പിക്കുകയും, കൊഴുപ്പ് (നേത്രപടലം) കൊണ്ട് കാണിപ്പിക്കുകയും, മാംസം (നാവ്) കൊണ്ട് സംസാരിപ്പിക്കുകയും ചെയ്ത അല്ലാഹു എത്രയോ പരിശുദ്ധൻ! ഇവയെല്ലാം അല്ലാഹു തന്റെ അടിമയെ പരിപാലിക്കുന്നതിന്റെ തെളിവുകളാണ്. [مفاتيح الغيب، جزء 1 ص 284.]

അർത്ഥവും വിശദീകരണവും:

ആകാശഭൂമികളുടെ സൃഷ്ടിപ്പിൽ അല്ലാഹു ചെയ്തതുപോലെ തന്നെയാണ് ഇതും; കാരണം കെട്ടിടത്തിന് അടിത്തറ എന്നപോലെ അല്ലാഹു ആദ്യം ഭൂമിയെയാണ് സൃഷ്ടിച്ചത്. അതുപോലെ തന്നെയാണ് മനുഷ്യന്റെ സൃഷ്ടിപ്പിലും; അവൻ ആദ്യം എല്ലിനെയും തുടർന്ന് മാംസത്തെയും സൃഷ്ടിച്ചു. അല്ലാഹു പറഞ്ഞു:

فَخَلَقْنَا ٱلْمُضْغَةَ عِظَٰمًا فَكَسَوْنَا ٱلْعِظَٰمَ لَحْمًا

തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ എല്ലുകളാക്കി (അസ്ഥികൂടമായി) രൂപപ്പെടുത്തി. എന്നിട്ട് നാം എല്ലുകകളെ മാംസം കൊണ്ട് പൊതിഞ്ഞു. (ഖുര്‍ആൻ:23/14)

അങ്ങനെ അസ്ഥിയുടെ സൃഷ്ടിപ്പ്  മനുഷ്യശരീരം പടുത്തുയർത്തപ്പെട്ട അടിത്തറ പോലെയായി മാറി. ഇതും ക്രമാനുഗതമായ വികാസത്തിന്റെ മറ്റൊരു തെളിവാണ്.

മനുഷ്യനെ ഘട്ടംഘട്ടമായി സൃഷ്ടിച്ചതിന്റെ പിന്നിലെ തത്വം: ആദം عليه السلام യെ മണ്ണിൽ (تراب) നിന്നും, പിന്നീട് കളിമണ്ണിൽ (طين) നിന്നും, തുടർന്ന് ദുർഗന്ധമുള്ള കറുത്ത കളിമണ്ണിൽ (حمأ مسنون) നിന്നും, അതിനുശേഷം ചുട്ടുവെച്ച പാത്രത്തിന് സമാനമായ ഉണക്കക്കളിമണ്ണിൽ (صلصال كالفخار) നിന്നും സൃഷ്ടിച്ചതിലെ തത്വം:

മനുഷ്യനിൽ അടങ്ങിയിരിക്കുന്ന സഹജവാസനകളെയും പ്രവണതകളെയും കുറിച്ചുള്ള ഒരു സൂചനയായിരിക്കാം ഇത്. മനുഷ്യൻ യഥാർത്ഥത്തിൽ മണ്ണിൽ നിന്ന് തന്നെയാണ് സൃഷ്ടിക്കപ്പെട്ടത്; എന്നാൽ ഈ മണ്ണിനോടൊപ്പം വെള്ളം ചേർന്നപ്പോൾ അത് ഒട്ടുന്ന കളിമണ്ണായി. പിന്നീട് അത് ദുർഗന്ധമുള്ള കറുത്ത കളിമണ്ണായും, തുടർന്ന്  അത് ചുട്ട മൺപാത്രം പോലെ ശബ്ദമുണ്ടാക്കുന്ന ഉണങ്ങിയ കളിമണ്ണായി മാറി.

ഇവയെല്ലാം, കുഴഞ്ഞ കളിമണ്ണുപോലെ ആഴത്തിൽ വേരൂന്നിയ നമ്മിൽ നിലനിൽക്കുന്ന സഹജവാസനകളിലേക്കുള്ള സൂചനകളാണ്. ചിലരിൽ ഈ സ്വഭാവവികാരങ്ങൾ കഠിനമാവുകയും, കറുത്ത ദുർഗന്ധമുള്ള കളിമണ്ണിനെപ്പോലെ വഷളാവുകയും ചെയ്യുന്നു. പണം, പദവി, സ്ത്രീ മോഹങ്ങൾ തുടങ്ങിയ ജീവിതത്തിലെ പ്രലോഭനങ്ങൾക്ക് മുന്നിൽ മനുഷ്യൻ പെട്ടെന്ന് ഉടഞ്ഞുപോകുന്ന മൺപാത്രങ്ങളെപ്പോലെയാണ്. അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേരായ പാതയിലേക്ക് നയിക്കുന്നു. നമ്മെ സൃഷ്ടിച്ചതിലെ അല്ലാഹുവിന്റെ യുക്തിയും നമ്മിലുള്ള അവന്റെ അത്ഭുതകരമായ സൃഷ്ടിപ്പും കാരണത്താൽ, മലക്കുകളോട് ആദം عليه السلام ക്ക് ആദരവും ബഹുമാനവും അർപ്പിച്ചുകൊണ്ട് സുജൂദ് ചെയ്യാൻവരെ കൽപ്പിക്കപ്പെട്ടു.

മനുഷ്യസൃഷ്ടിപ്പുമായി ബന്ധപ്പെട്ട ഖുർആനിക ആയത്തുകളെ – പ്രത്യേകിച്ച് മക്കീ സൂറത്തുകളിലെ ആയത്തുകളെ – വ്യാഖ്യാനിച്ചുകൊണ്ട്, അത് പ്രധാനമായും രണ്ട് പ്രധാന ഘട്ടങ്ങളിലായാണ് നടന്നതെന്ന് വ്യക്തമാക്കുന്നു:

ഒന്നാം ഘട്ടം:

ഇത് മനുഷ്യന്റെ സൃഷ്ടിപ്പ്, അവന്റെ വികാസം, ഉത്ഭവം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; അതായത് സ്രവിക്കപ്പെടുന്ന ബീജത്തിൽ നിന്ന് തുടങ്ങി, പിന്നീട് അത് അട്ടയെപ്പോലെ തൂങ്ങിനിൽക്കുന്ന അവസ്ഥയായി (അലഖഃ), തുടർന്ന് സൃഷ്ടിക്കപ്പെട്ട് രൂപപ്പെടുത്തപ്പെടുകയും, അതിൽ നിന്ന് ആണും പെണ്ണുമായി തിരിയുകയും ചെയ്യുന്നു. അതിനുശേഷം നിശ്ചിത സമയത്ത് അവൻ മാതാവിന്റെ വയറ്റിൽ നിന്ന് പുറത്തുവരുന്നു. കാഴ്ചശേഷിക്ക് മുമ്പ് അവൻ കേൾവിശേഷി നേടുന്നു; ഏതാനും ദിവസങ്ങൾക്ക് ശേഷം അവൻ കാഴ്ച കാണാൻ തുടങ്ങുന്നു; കുറച്ചധികം ദിവസങ്ങൾക്ക് ശേഷം കാര്യങ്ങൾ ഗ്രഹിക്കാനും അനുഭവിക്കാനും തുടങ്ങുന്നു. ഒരു അവസ്ഥയിൽ (പ്രകൃതിയിൽ) നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു അവസ്ഥയിലേക്കുള്ള മാറ്റമാണിത്. കാരണം, ഭ്രൂണത്തിന്റെ  പ്രകൃതിയല്ല ബീജത്തിന്റെ പ്രകൃതി; മാംസപിണ്ഢത്തിന്റെ പ്രകൃതിയല്ല അസ്ഥിയുടെ  പ്രകൃതി. ഇതെല്ലാം കേവലം യാദൃശ്ചികമായോ ഏതെങ്കിലും പ്രകൃതിനിയമം കൊണ്ടോ സംഭവിച്ചതാണോ? തീർച്ചയായും ഇവയെല്ലാം സർവ്വശക്തനായ അല്ലാഹുവിന്റെ സർവ്വാധിപത്യത്തിനും (റുബൂബിയ്യത്ത്) അവ മാത്രം ആരാധനയ്ക്കർഹനാണെന്നതിനും (ഉലൂഹിയ്യത്ത്) വ്യക്തമായി തെളിവു നൽകുന്ന ദൃഷ്ടാന്തങ്ങളാണ്.

രണ്ടാം ഘട്ടം:

സൃഷ്ടിപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ നിന്നുണ്ടാകുന്ന പരിണാമങ്ങളെക്കുറിച്ചും, അതിൽ നിന്ന് രൂപപ്പെടുന്ന വിവിധ ഘട്ടങ്ങളെയും അവസ്ഥകളെയും കുറിച്ചുമാണ് ഈ ഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉത്ഭവവും മൂലപദാർത്ഥവും ഒന്നായിരുന്നിട്ടും, പരസ്പരം തികച്ചും വ്യത്യസ്തവും വിഭിന്നവുമായ ഈ ഘട്ടങ്ങളും അവസ്ഥകളും സർവ്വശക്തനും യുക്തിമാനും സർവ്വജ്ഞനുമായ അല്ലാഹുവിന്റെ അസ്തിത്വത്തിലേക്കല്ലേ വിരൽ ചൂണ്ടുന്നത്? തീർച്ചയായും അവൻ യാതൊരു പങ്കാളിയുമില്ലാത്ത ഏകനായ അല്ലാഹുവാണ്. [المرجع السابق ص 148.]

തുടർന്ന്, മദനി സൂറത്തുകൾ മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചുള്ള പരാമർശങ്ങളെ അവഗണിച്ചിട്ടില്ലെന്നും, മനുഷ്യസൃഷ്ടിപ്പിന്റെ യഥാർത്ഥ ലക്ഷ്യം അല്ലാഹുവിനെ ഏകത്വം അംഗീകരിക്കലും (തൗഹീദ്) അവനെ മാത്രം ആരാധിക്കലുമാണെന്നും വ്യക്തമാക്കുന്നതിലേക്ക് കടക്കുന്നു.

അവിശ്വാസിയാകാതിരിക്കാനും അല്ലാഹുവിനോടുള്ള അടിമത്തം (عبودية) അംഗീകരിക്കാനും വേണ്ടി, മനുഷ്യൻ തന്റെ അസ്തിത്വത്തെക്കുറിച്ചും താൻ എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നും അറിയുക എന്നത് ഈ തത്വങ്ങളിൽ പെട്ടതായിരിക്കാം; അല്ലാഹു പറഞ്ഞതുപോലെ:

قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ ‎﴿١٧﴾‏ مِنْ أَىِّ شَىْءٍ خَلَقَهُۥ ‎﴿١٨﴾‏ مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ ‎﴿١٩﴾‏ ثُمَّ ٱلسَّبِيلَ يَسَّرَهُۥ ‎﴿٢٠﴾‏

മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍? ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌? ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു. (ഖുർആൻ:80/17-20)

മനുഷ്യൻ തന്റെ കരുത്തിലും കഴിവിലും അഹങ്കരിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യാതിരിക്കാൻ വേണ്ടി. അല്ലാഹു പറയുന്നു:

أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ ‎﴿٥﴾‏ يَقُولُ أَهْلَكْتُ مَالًا لُّبَدًا ‎﴿٦﴾‏ أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ ‎﴿٧﴾‏ أَلَمْ نَجْعَل لَّهُۥ عَيْنَيْنِ ‎﴿٨﴾‏ وَلِسَانًا وَشَفَتَيْنِ ‎﴿٩﴾‏ وَهَدَيْنَٰهُ ٱلنَّجْدَيْنِ ‎﴿١٠﴾‏

അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?  അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്‌.  അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌? അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ടു ചുണ്ടുകളും തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:90/5-10)

മനുഷ്യൻ അല്ലാഹുവോട് കാണിക്കേണ്ട യഥാർത്ഥ ലജ്ജയോടും ആദരവോടും കൂടി ജീവിക്കുന്നതിന് വേണ്ടി. അല്ലാഹു പറയുന്നു:

مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا ‎﴿١٣﴾‏ وَقَدْ خَلَقَكُمْ أَطْوَارًا ‎﴿١٤﴾‏

നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ. (ഖുർആൻ:71/13-14)

താന്‍ മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനാണെന്നും, ആ മണ്ണിലേക്ക് തന്നെ തിരിച്ചുപോകേണ്ടവനാണെന്നുമുള്ള കാര്യം അവന്റെ മനസ്സിൽ ഉറച്ചുനിൽക്കുന്നതിനായി; അല്ലാഹു പറഞ്ഞു:

مِنْهَا خَلَقْنَٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ ‎

അതില്‍ (മണ്ണിൽ) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും. (ഖു൪ആന്‍:20/55)

താൻ മരണമെന്ന തടുക്കാനാവാത്ത തികച്ചും അനിവാര്യമായ ഒരു അവസാനത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണെന്ന ബോധ്യത്തോടെ തന്റെ ജീവിത കാര്യങ്ങളും പരിശ്രമങ്ങളും പദ്ധതികളും ക്രമീകരിക്കുന്നതിനായി; മനുഷ്യസൃഷ്ടിപ്പിന്റെ ഘട്ടങ്ങൾ വിവരിച്ചുകൊണ്ട് സൂറത്തുൽ മുഅ്മിനൂനിലെ സൂക്തങ്ങളിൽ അല്ലാഹു പറഞ്ഞതുപോലെ:

ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ ‎﴿١٥﴾‏ ثُمَّ إِنَّكُمْ يَوْمَ ٱلْقِيَٰمَةِ تُبْعَثُونَ ‎﴿١٦﴾

പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്‌. (ഖു൪ആന്‍:23/15-16)

അതുകൊണ്ട് മരണത്തിൽ നിന്ന് യാതൊരു രക്ഷയുമില്ല, വിചാരണ അനിവാര്യവുമാണ്.

 

 

www.kanzululoom.com

 

 

Leave a Reply

Your email address will not be published. Required fields are marked *