ഹിദായത്ത്: പൊതുവായതും പ്രത്യേകമായതും

അല്ലാഹു പറയുന്നു:

شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَٰتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ

മനുഷ്യർക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. (ഖു൪ആന്‍: 2/185)

മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

الٓمٓ ‎﴿١﴾‏ ذَٰلِكَ ٱلْكِتَٰبُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ‎﴿٢﴾‏‏

അലിഫ്-ലാം-മീം. ഇതാകുന്നു ഗ്രന്ഥം, അതില്‍ സംശയമേ ഇല്ല, സൂക്ഷ്മത (തഖ്‌വ) പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമത്രെ അത്. (ഖു൪ആന്‍: 2/1-2)

“ഖു൪ആന്‍ തഖ്‌വയുള്ളവർക്ക് നേർമാർഗ്ഗമാണ്” എന്ന വചനവും, “ഖു൪ആന്‍ മനുഷ്യർക്കാകമാനം മാർഗ്ഗദർശനമാണ്” എന്ന വചനവും തമ്മിൽ എങ്ങനെയാണ് മനസ്സിലാക്കുക?

സൂറ: ബഖറ 2 ാമത്തെ ആയത്ത് വിശദീകരിച്ച് ശൈഖ് അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി رحمه الله പറയുന്നു: ഒരിടത്ത് അല്ലാഹു {هُدًى لِلنَّاسِ} (മനുഷ്യർക്കാകെ മാർഗ്ഗദർശനം – 2/185) എന്ന് പൊതുവായി പറഞ്ഞു. എന്നാൽ ഈ സ്ഥലത്തും മറ്റു ചിലയിടങ്ങളിലും {هُدًى لِلْمُتَّقِينَ} (തഖ്‌വ പാലിക്കുന്നവര്‍ക്ക് നേർമാർഗ്ഗം) എന്നാണ് പറഞ്ഞത്.  ഖുർആൻ അത് സ്വയം എല്ലാ സൃഷ്ടികൾക്കും പൊതുവായ മാർഗ്ഗദർശനമാണ്. എന്നാൽ നിർഭാഗ്യവാന്മാർ (അവിശ്വാസികൾ) ഇതിലേക്ക് തലയുയർത്തി നോക്കുകയോ അല്ലാഹുവിന്റെ നേർമാർഗ്ഗം സ്വീകരിക്കുകയോ ചെയ്തില്ല. അങ്ങനെ ഈ ഗ്രന്ഥം അവർക്കെതിരെയുള്ള തെളിവായി പ്രഖ്യാപിക്കപ്പെട്ടു. തങ്ങളുടെ ദുർഭാഗ്യം കാരണം അവർ ഇതിൽ നിന്ന് ഉപകാരം നേടിയതുമില്ല.

എന്നാൽ മുത്തഖീങ്ങളെ സംബന്ധിച്ചിടത്തോളം: അവർ ഹിദായത്ത് (നേർമാർഗ്ഗം) കരസ്ഥമാക്കാനുള്ള ഏറ്റവും വലിയ കാരണം പൂർത്തീകരിച്ചവരാണ്; അതായത് ‘തഖ്‌വ’. അല്ലാഹുവിന്റെ കല്പനകൾ അനുസരിച്ചുകൊണ്ടും വിരോധിച്ച കാര്യങ്ങളിൽ നിന്ന് അകന്നുനിന്നുകൊണ്ടും അവന്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും സംരക്ഷണം നൽകുന്ന ഒന്നിനെ കൈക്കൊള്ളുക എന്നതാണ് തഖ്‌വയുടെ യഥാർത്ഥ അർത്ഥം.

അങ്ങനെ അവർ ഈ ഗ്രന്ഥം കൊണ്ട് നേർമാർഗ്ഗം പ്രാപിക്കുകയും അതിൽ നിന്ന് പരമാവധി ഉപകാരം നേടുകയും ചെയ്തു. അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانًا

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നപക്ഷം, അവന്‍ നിങ്ങള്‍ക്ക്‌ സത്യവും അസത്യവും വിവേചിക്കാനുള്ള കഴിവ് ഉണ്ടാക്കി തരുന്നതാണ്. (ഖു൪ആന്‍:8/29)

ഖുർആനിക ദൃഷ്ടാന്തങ്ങൾ കൊണ്ടും പ്രപഞ്ച ദൃഷ്ടാന്തങ്ങൾ കൊണ്ടും യഥാർത്ഥത്തിൽ ഉപകാരം കരസ്ഥമാക്കുന്നവർ മുത്തഖീങ്ങൾ മാത്രമാകുന്നു.

ഹിദായത്ത് (മാർഗ്ഗദർശനം) രണ്ടുതരമുണ്ട്:

ഒന്ന്: ഹിദായതുൽ ബയാൻ (വിശദീകരണത്തിലൂടെയുള്ള മാർഗ്ഗദർശനം)

രണ്ട്: ഹിദായതുത്ത് തൗഫീഖ് (അനുഗ്രഹത്തിലൂടെയും വഴികാട്ടലിലൂടെയുമുള്ള മാർഗ്ഗദർശനം)

മുത്തഖീങ്ങൾക്ക് ഈ രണ്ടുതരം മാർഗ്ഗദർശനങ്ങളും കരസ്ഥമായിട്ടുണ്ട്. എന്നാൽ മറ്റുള്ളവർക്ക് ‘ഹിദായത്തു തൗഫീഖ്’ ലഭിച്ചിട്ടില്ല. അതിനനുസരിച്ച് പ്രവർത്തിക്കാനുള്ള ‘തൗഫീഖ്’ കൂടെയില്ലാത്ത ഹിദായത്തുൽ ബയാൻ  യഥാർത്ഥവും സമ്പൂർണ്ണവുമായ ഒരു ഹിദായത്ത് അല്ല. (തഫ്സീറുസ്സഅ്ദി)

ചോദ്യം: തഖ്‌വയുള്ളവർക്ക് നേർമാർഗ്ഗവുമാണ് ഖുര്‍ആൻ (2/2) എന്ന വചനവും, മനുഷ്യർക്കാകമാനം മാർഗ്ഗദർശനമായിക്കൊണ്ട് ഖുർആൻ അവതരിപ്പിക്കപ്പെട്ടത് (2/185) എന്ന വചനവും തമ്മിൽ എങ്ങനെയാണ് സമന്വയിപ്പിക്കുക?

ഉത്തരം: നേർമാർഗ്ഗദർശനം (ഹിദായത്ത്) രണ്ടുവിധമുണ്ട്: പൊതുവായതും (عام), പ്രത്യേകമായതും (خاص). എന്നാൽ പൊതുവായത് സർവ്വ മനുഷ്യരെയും ഉൾക്കൊള്ളുന്നതാണ്. അത് അറിവും വഴി കാണിക്കലും നൽകുന്ന (ഇൽമ്, ഇർശാദ്) ഹിദായത്താണ്. ഖുർആനെക്കുറിച്ച് അല്ലാഹു തആല പറഞ്ഞ ഈ വചനം ഇതിന് ഉദാഹരണമാണ്:

هُدًى لِّلنَّاسِ وَبَيِّنَٰتٍ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായും. (ഖു൪ആന്‍: 2/185)

ഥമൂദ് ഗോത്രത്തെക്കുറിച്ച് അല്ലാഹു പറയുന്നു:

وَأَمَّا ثَمُودُ فَهَدَيْنَٰهُمْ فَٱسْتَحَبُّوا۟ ٱلْعَمَىٰ عَلَى ٱلْهُدَىٰ

എന്നാല്‍ ഥമൂദ് ഗോത്രമോ, അവര്‍ക്ക് നാം നേര്‍വഴി കാണിച്ചുകൊടുത്തു. അപ്പോള്‍ സന്‍മാര്‍ഗത്തേക്കാളുപരി അന്ധതയെ അവര്‍ പ്രിയങ്കരമായി കരുതുകയാണ് ചെയ്തത്‌. (ഖുർആൻ:41/17)

എന്നാൽ പ്രത്യേകമായത് (خاص) ഹിദായത്തുത്ത് തൗഫീഖ് (അല്ലാഹുവിന്റെ തൗഫീഖ് വഴിയുള്ള മാർഗ്ഗദർശനം) ആണ്: അതായത് ഒരു വ്യക്തി താൻ മനസ്സിലാക്കിയ അറിവനുസരിച്ച് പ്രവർത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകുക എന്നത്. ഇതിന് ഉദാഹരണം: അല്ലാഹു പറയുന്നു:

هُدًى لِّلْمُتَّقِينَ

സൂക്ഷ്മത (തഖ്‌വ) പാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനമത്രെ അത്. (ഖു൪ആന്‍: 2/2)

قُلْ هُوَ لِلَّذِينَ ءَامَنُوا۟ هُدًى وَشِفَآءٌ

പറയുക: അത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൌഷധവുമാകുന്നു. (ഖു൪ആന്‍: 41/44) [كتاب تفسير العثيمين]

വിശുദ്ധ ഖുർആൻ കൊണ്ട് നേർമാർഗ്ഗം പ്രാപിക്കുന്നവർ മുത്തഖീങ്ങൾ മാത്രമാണ്. അതിനാൽ ഒരാൾ അല്ലാഹുവിനോട് എത്രത്തോളം കൂടുതൽ തഖ്‌വയുള്ളവനാകുന്നുവോ, അത്രത്തോളം ശക്തമായിരിക്കും അവൻ ഖുർആനിലൂടെ നേടുന്ന മാർഗ്ഗദർശനവും. [كتاب تفسير العثيمين]

 ശൈഖ് ഇബ്നുബാസ് رحمه الله പറയുന്നു: നബിമാർക്കും റസൂലുകൾക്കും മലക്കുകൾക്കും പണ്ഡിതന്മാർക്കും പുണ്യവാന്മാർക്കും മനുഷ്യര്‍ക്ക് ഹിദായത്ത് നൽകാൻ യാതൊരു അധികാരവുമില്ല. ഹിദായത്ത് നൽകൽ അല്ലാഹുവിന്റെ കയ്യിൽ മാത്രമാണ്; ഒരു പ്രവാചകനും മലക്കിനും പണ്ഡിതനും ആബിദിനും  മറ്റാർക്കും അതിന് സാധിക്കില്ല. അല്ലാഹുവിന്റെ കയ്യിലാണ് ഹിദായത്തുള്ളത്, അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് നൽകുന്നു. അതായത് തൗഫീഖിന്റെയും സത്യം കണ്ട് തൃപ്തിപ്പെടാനും അത് സ്വീകരിക്കാനുമുള്ള ഹിദായത്ത്; ഇത് അല്ലാഹുവിന്റെ കയ്യിൽ മാത്രമാണ്. അല്ലാഹുവിന്റെ ഈ വചനത്തിൽ ഉദ്ദേശിച്ചത് ഇതാണ്:

إِنَّكَ لَا تَهْدِى مَنْ أَحْبَبْتَ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ ۚ

തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. (ഖുർആൻ:28/56)

അല്ലാഹുവിന്റെ ഈ വചനത്തിൽ ഉദ്ദേശിച്ചതും അത് തന്നെയാണ്:

لَّيْسَ عَلَيْكَ هُدَىٰهُمْ وَلَٰكِنَّ ٱللَّهَ يَهْدِى مَن يَشَآءُ

അവരെ നേര്‍വഴിയിലാക്കാന്‍ നീ ബാധ്യസ്ഥനല്ല. എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. (ഖുർആൻ:2/272)

അതായത് ഹിദായത്തു തൗഫീഖ്, ഹൃദയത്തിൽ പ്രകാശം ചൊരിഞ്ഞു കൊടുക്കലിന്റെ ഹിദായത്ത്, സത്യത്തെ തൃപ്തിയോടെ സ്വീകരിക്കാൻ ഇടയാക്കലിന്റെ ഹിദായത്ത്; ഇത് അല്ലാഹുവിന്റെ കയ്യിൽ മാത്രമാണ്, മറ്റാർക്കും ഇതിൽ യാതൊരു അധികാരവുമില്ല.

എന്നാൽ സന്ദേശം എത്തിച്ചു കൊടുക്കലിന്റെയും വിവരണം നൽകലിന്റെയും ഹിദായത്ത് (هداية البلاغ والبيان); അത് അല്ലാഹു പ്രവാചകന്മാരുടെ കയ്യിൽ നൽകിയിട്ടുണ്ട്. അല്ലാഹു മാർഗ്ഗദർശനം നൽകുന്നു; പ്രവാചകന്മാരും സന്ദേശം എത്തിച്ചും വിശദീകരിച്ചു കൊടുത്തും മാർഗ്ഗദർശനം നൽകുന്നു. അല്ലാഹു പറഞ്ഞു:

وَأَمَّا ثَمُودُ فَهَدَيْنَٰهُمْ

എന്നാല്‍ ഥമൂദ് ഗോത്രമോ, അവര്‍ക്ക് നാം നേര്‍വഴി കാണിച്ചുകൊടുത്തു. (ഖുർആൻ:41/17)

അതായത്, നാം അവർക്ക് സന്ദേശം എത്തിച്ചു കൊടുക്കുകയും വഴി കാണിച്ചു കൊടുക്കുകയും ചെയ്തു; എന്നാൽ അവർ തങ്ങളുടെ അവിശ്വാസത്തിലും വഴിപിഴവിലും തുടർന്നു. തന്റെ പ്രവാചകനെ ﷺ കുറിച്ച് അല്ലാഹു പറഞ്ഞു:

وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്‌. (ഖുർആൻ:42/52)

അതായത്, സന്ദേശം എത്തിച്ചു കൊടുക്കലിന്റെയും വിവരിച്ചു കൊടുക്കലിന്റെയും ഹിദായത്ത്; അത് റസൂലിന്റെയും അവിടുത്തെ അനുവർത്തികളുടെയും സർവ്വ പ്രവാചകന്മാരുടെയും കയ്യിലുണ്ട്. [(شرح كتاب التوحيد (18 ]

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *