وَإِذْ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبْرَحُ حَتَّىٰٓ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُبًا
മൂസാ തന്റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്ന് കൊണ്ടേയിരിക്കും. (ഖു൪ആന്‍:18/60)
തന്റെ പ്രവാചകനായ മൂസാ عليه السلام യെക്കുറിച്ചും, നന്മയോടും അറിവ് തേടുന്നതിനോടുമുള്ള അദ്ദേഹത്തിന്റെ കടുത്ത ആഗ്രഹത്തെക്കുറിച്ചും അല്ലാഹു വിവരിക്കുകയാണ്. അദ്ദേഹം തന്റെ യുവാവായ സഹായിയോട് – അതായത് നാട്ടിലായിരിക്കുമ്പോഴും യാത്രയിലായിരിക്കുമ്പോഴും അദ്ദേഹത്തെ എപ്പോഴും അനുഗമിച്ചിരുന്ന, പിന്നീട് അല്ലാഹു പ്രവാചകത്വമേകി അനുഗ്രഹിച്ച ‘യൂശഅ് ബ്നു നൂൻ’ എന്ന അദ്ദേഹത്തിന്റെ സേവകനോട് – പറഞ്ഞു: {ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുന്നതുവരെ (ഈ യാത്ര) തുടര്‍ന്ന് കൊണ്ടേയിരിക്കും} അതായത്: ‘യാത്ര സുദീർഘമായാലും എനിക്ക് ഏറെ പ്രയാസങ്ങൾ സഹിക്കേണ്ടി വന്നാലും, രണ്ട് കടലുകൾ സംഗമിക്കുന്ന ആ സ്ഥലത്ത് എത്തുന്നതുവരെ ഞാൻ യാത്ര ചെയ്തുകൊണ്ടേയിരിക്കും’. അല്ലാഹുവിന്റെ ദാസന്മാരിൽ പെട്ട, അറിവുള്ള ഒരു ദാസനെ താങ്കൾക്ക് അവിടെ കണ്ടെത്താനാകുമെന്നും താങ്കളുടെ പക്കലില്ലാത്ത ചില വിജ്ഞാനങ്ങൾ അദ്ദേഹത്തിന്റെ പക്കലുണ്ടാകുമെന്നും മൂസാ നബി عليه السلام ക്ക് വഹ്യ് നൽകപ്പെട്ട ആ സ്ഥലമാണത്.
{അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുന്നതുവരെ} അതായത്: ദീർഘമായ ഒരു ദൂരം. ഇതിന്റെ അർത്ഥം: അറിവ് നേടാനുള്ള കടുത്ത ആഗ്രഹവും ആവേശവുമാണ് തന്റെ സഹായിയോട് ഈയൊരു വാക്ക് പറയാൻ മൂസാ നബിയെ പ്രേരിപ്പിച്ചത് എന്നാണ്.
فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ سَرَبًا
അങ്ങനെ അവര്‍ അവ (കടലുകള്‍) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോള് തങ്ങളുടെ മത്സ്യത്തിന്റെ കാര്യം മറന്നുപോയി. അങ്ങനെ അത് കടലില്‍ (ചാടി) അത് പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു. (ഖു൪ആന്‍:18/61)
ഇത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ദൃഢമായ ഒരു തീരുമാനമായിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹം ആ യാത്രയുമായി മുന്നോട്ടുപോയി. ‘അങ്ങനെ അവർ ഇരുവരും;’ അതായത്: അദ്ദേഹവും അദ്ദേഹത്തിന്റെ സഹായിയും, {അവ (കടലുകള്‍) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോള് തങ്ങളുടെ മത്സ്യത്തിന്റെ കാര്യം മറന്നുപോയി} അവരുടെ പക്കൽ യാത്രാവിഭവമായി കരുതിയതും അവർ ഭക്ഷണമാക്കാറുള്ളതുമായ ഒരു മത്സ്യം ഉണ്ടായിരുന്നു. ഈ മത്സ്യം എവിടെവെച്ചാണോ നഷ്ടപ്പെടുന്നത്, അവിടെയായിരിക്കും താങ്കൾ ലക്ഷ്യമാക്കി നീങ്ങുന്ന ആ ദാസൻ ഉള്ളത് എന്ന് അദ്ദേഹത്തിന് വാഗ്ദാനം നൽകപ്പെട്ടിരുന്നു.അങ്ങനെ ആ മത്സ്യം അതിന്റെ വഴി കണ്ടെത്തി, അതായത്: കടലിലൂടെ തുരങ്കം പോലുള്ള ഒരു വഴി (അതുണ്ടാക്കി). ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒന്നായിരുന്നു.
ഖുര്‍ആൻ വ്യാഖ്യാതാക്കൾ പറയുന്നു: അവർ ഇരുവരും യാത്രാവിഭവമായി കരുതിയിരുന്ന ആ മത്സ്യത്തിന്മേൽ, അവർ ആ സ്ഥലത്ത് എത്തിയപ്പോൾ കടലിലെ വെള്ളത്തിന്റെ അംശം (നനവ്) തട്ടുകയുണ്ടായി. അങ്ങനെ അല്ലാഹുവിന്റെ അനുവാദത്തോടെ അത് കടലിലേക്ക് വഴുതിയിറങ്ങുകയും (തുരങ്കം പോലെ വഴിയുണ്ടാക്കുകയും), കടലിലെ ജീവികളോടൊപ്പം ജീവനുള്ള ഒന്നായി അത് മാറിത്തീരുകയും ചെയ്തു.
فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدْ لَقِينَا مِن سَفَرِنَا هَٰذَا نَصَبًا
അങ്ങനെ അവര്‍ ആ സ്ഥലം വിട്ട് മുന്നോട്ട് പോയിക്കഴിഞ്ഞപ്പോള്‍ മൂസാ തന്റെ ഭൃത്യനോട് പറഞ്ഞു: നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ട് വാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു. (ഖു൪ആന്‍:18/62)
അങ്ങനെ മൂസാ عليه السلام യും അദ്ദേഹത്തിന്റെ സഹായിയും രണ്ട് കടലുകൾ സംഗമിക്കുന്ന ആ സ്ഥലം പിന്നിട്ടു കഴിഞ്ഞപ്പോൾ, മൂസാ عليه السلام തന്റെ സഹായിയോട് പറഞ്ഞു:{നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ട് വാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു} അതായത്: ആ സംഗമസ്ഥാനം പിന്നിട്ട് മുന്നോട്ട് പോയ ഈയൊരു യാത്ര കൊണ്ട് മാത്രമാണ് ഞങ്ങൾ ക്ഷീണിച്ചുപോയത്. മറിച്ചായിരുന്നുവെങ്കിൽ, രണ്ട് കടലുകൾ സംഗമിക്കുന്ന സ്ഥലം വരെ അവർ നടത്തിയ ആ നീണ്ട യാത്രയിൽ അവർക്ക് യാതൊരുവിധ ക്ഷീണവും അനുഭവപ്പെട്ടിരുന്നില്ല. മൂസാ നബി عليه السلام ക്ക് താൻ അന്വേഷിച്ചുനടക്കുന്ന ലക്ഷ്യം (ആ ദൈവദാസൻ) അവിടെയുണ്ട് എന്ന് മനസ്സിലാക്കിക്കൊടുക്കുന്ന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലും അടയാളങ്ങളിലും പെട്ടതായിരുന്നു ഇത്. കൂടാതെ, ആ സ്ഥലത്ത് എത്തിച്ചേരാനുള്ള കടുത്ത ആഗ്രഹവും ആവേശവും ആ യാത്ര അവർക്ക് എളുപ്പമുള്ളതാക്കി മാറ്റിയിരുന്നു. എന്നാൽ, തങ്ങളുടെ യഥാർത്ഥ ലക്ഷ്യസ്ഥാനം പിന്നിട്ട് അവർ മുന്നോട്ട് പോയപ്പോഴാണ് അവർക്ക് ക്ഷീണം അനുഭവപ്പെടാൻ തുടങ്ങിയത്.
قَالَ أَرَءَيْتَ إِذْ أَوَيْنَآ إِلَى ٱلصَّخْرَةِ فَإِنِّى نَسِيتُ ٱلْحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيْطَٰنُ أَنْ أَذْكُرَهُۥ ۚ وَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ عَجَبًا
അവന് പറഞ്ഞു: താങ്കള്‍ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോകുക തന്നെ ചെയ്തു. അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:18/63)
അങ്ങനെ മൂസാ عليه السلام തന്റെ സഹായിയോട് ഈ വാക്ക് പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ സഹായി അദ്ദേഹത്തോട് പറഞ്ഞു: {താങ്കള്‍ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോകുക തന്നെ ചെയ്തു} അതായത്: നാം രണ്ടുപേർക്കും സുപരിചിതമായ ആ പാറക്കല്ലിനടുത്തേക്ക് രാത്രിയിൽ നാം അഭയം തേടിയ ആ സമയം താങ്കൾ അറിഞ്ഞില്ലേ? തീർച്ചയായും ഞാൻ ആ മത്സ്യത്തിന്റെ കാര്യം അവിടെവെച്ച് മറന്നുപോയി. {അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല.} കാരണം അവനാണ് (അത് മറന്നുപോകാൻ) കാരണക്കാരനായത്. {അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു} അതായത്: ആ മത്സ്യം വഴുതിമാറി കടലിലേക്ക് ഇറങ്ങുകയും അതിൽ പ്രവേശിക്കുകയും ചെയ്തപ്പോൾ, അത് വളരെ അത്ഭുതകരമായ ഒരു കാര്യമായിരുന്നു.
ഖുര്‍ആൻ വ്യാഖ്യാതാക്കൾ പറയുന്നു: കടലിലൂടെയുള്ള ആ വഴി മത്സ്യത്തിന് ഒരു തുരങ്കവും (സുഗമമായി പോകാനുള്ള വഴിയും), മൂസാ നബി عليه السلام ക്കും അദ്ദേഹത്തിന്റെ സഹായിക്കും അതൊരു അത്ഭുതവുമായിരുന്നു.
قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَٱرْتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصًا
അദ്ദേഹം (മൂസാ) പറഞ്ഞു: അതുതന്നെയാണ് നാം തേടിക്കൊണ്ടിരുന്നത്. ഉടനെ അവര്‍ രണ്ട് പേരും തങ്ങളുടെ കാല്പാടുകള് നോക്കിക്കൊണ്ട് മടങ്ങി. (ഖു൪ആന്‍:18/64)
അങ്ങനെ സഹായി മൂസാ നബി عليه السلام യോട് ഈ കാര്യം പറഞ്ഞപ്പോൾ – മത്സ്യം എവിടെയാണോ നഷ്ടപ്പെടുന്നത് അവിടെവെച്ച് ഖിള്ർ عليه السلام എന്ന ദൈവദാസനെ കണ്ടെത്താമെന്ന് മൂസാ നബി عليه السلام ക്ക് അല്ലാഹുവിൽ നിന്നുള്ള വാഗ്ദാനമുണ്ടായിരുന്നു – അപ്പോൾ മൂസാ പറഞ്ഞു: നാം അന്വേഷിച്ചുകൊണ്ടിരുന്നതും അതുതന്നെയായിരുന്നു. അതായത്, നാം തേടിക്കൊണ്ടിരുന്നത് (ആ അടയാളമായിരുന്നു). അങ്ങനെ അവർ ഇരുവരും പിന്തിരിഞ്ഞു നടന്നു. അതായത്, (വന്ന വഴിയിലൂടെ തന്നെ) അവർ മടങ്ങി. ‘തങ്ങളുടെ കാല്പാടുകള് നോക്കിക്കൊണ്ട്;’ അതായത്, തങ്ങൾ വന്ന കാൽപ്പാടുകൾ കൃത്യമായി പിന്തുടർന്ന്, മത്സ്യം മറന്നുപോയ ആ (പാറയുടെ) സ്ഥാനത്തേക്ക് തന്നെ അവർ രണ്ടുപേരും തിരിച്ചുപോയി.
فَوَجَدَا عَبْدًا مِّنْ عِبَادِنَآ ءَاتَيْنَٰهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَٰهُ مِن لَّدُنَّا عِلْمًا
അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില് ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും, നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. (ഖു൪ആന്‍:18/65)
അങ്ങനെ അവർ ഇരുവരും അവിടെ (ആ സ്ഥലത്ത്) എത്തിച്ചേർന്നപ്പോൾ, നമ്മുടെ ദാസന്മാരിൽ പെട്ട ഒരു ദാസനെ അവർ കണ്ടെത്തി. അത് ഖിള്ർ عليه السلام ആയിരുന്നു. പ്രബലമായ അഭിപ്രായപ്രകാരം അദ്ദേഹം ഒരു പ്രവാചകനായിരുന്നില്ല, മറിച്ച് ഒരു സ്വാലിഹായ ദൈവദാസനായിരുന്നു.
{അദ്ദേഹത്തിന് നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും} അതായത്: അല്ലാഹു അദ്ധേഹത്തിന് പ്രത്യേകമായ ഒരു കാരുണ്യം നൽകിയിരുന്നു; അതുവഴി അദ്ദേഹത്തിന്റെ അറിവ് വർദ്ധിക്കുകയും പ്രവൃത്തികൾ നന്നാകുകയും ചെയ്തു. {നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്}അതായത്: നമ്മുടെ അടുക്കൽ നിന്നുള്ള ഒരു വിജ്ഞാനം. മൂസാ നബി عليه السلام ക്ക് നൽകപ്പെടാത്ത ചില അറിവുകൾ അദ്ദേഹത്തിന് (ഖിള്റിന്) നൽകപ്പെട്ടിട്ടുണ്ടായിരുന്നു; മിക്ക കാര്യങ്ങളിലും, പ്രത്യേകിച്ച് ഈമാൻ (വിശ്വാസം), ഉസൂൽ (അടിസ്ഥാന പ്രമാണങ്ങൾ) എന്നിവയുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളിൽ മൂസാ عليه السلام തന്നെയാണ് അദ്ദേഹത്തേക്കാൾ വലിയ പണ്ഡിതനെങ്കിൽപോലും. കാരണം, മൂസാ നബി عليه السلام അല്ലാഹുവിന്റെ ദൂതന്മാരിൽ പെട്ട ഉലുൽ അസ്മിൽ (ദൃഢമനസ്കരായ പ്രവാചകന്മാരിൽ) ഒരാളാണ്. അറിവിലും പ്രവൃത്തിയിലും മറ്റെല്ലാ കാര്യങ്ങളിലും ബാക്കി സൃഷ്ടികളേക്കാൾ അല്ലാഹു അവർക്കാണ് ശ്രേഷ്ഠത നൽകിയിട്ടുള്ളത്.
قَالَ لَهُۥ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا
മൂസാ അദ്ദേഹത്തോട് പറഞ്ഞു: താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്മാര്ഗജ്ഞാനത്തില് നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ? (ഖു൪ആന്‍:18/66)
അങ്ങനെ മൂസാ നബി عليه السلام അദ്ദേഹവുമായി (ഖിള്റുമായി) ഒരുമിച്ചു ചേർന്നപ്പോൾ, അങ്ങേയറ്റത്തെ മര്യാദയോടും കൂടിയാലോചനയുടെ രീതിയിലും തന്റെ ലക്ഷ്യത്തെക്കുറിച്ച് അറിയിച്ചുകൊണ്ടും അദ്ദേഹത്തോട് പറഞ്ഞു: {താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്മാര്ഗജ്ഞാനത്തില് നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?} അതായത്: താങ്കൾക്ക് അല്ലാഹു പഠിപ്പിച്ചുതന്ന വിജ്ഞാനങ്ങളിൽ നിന്നും, എനിക്ക് സന്മാർഗ്ഗദർശനവും നേർവഴിയും ലഭിക്കുന്നതിനും ആ പ്രത്യേക കാര്യങ്ങളിലെ സത്യാവസ്ഥ എനിക്ക് മനസ്സിലാക്കുന്നതിനും ഉതകുന്ന ചിലത് താങ്കൾ എനിക്ക് പഠിപ്പിച്ചുതരാമെന്ന വ്യവസ്ഥയിൽ ഞാൻ താങ്കളെ പിന്തുടരട്ടെയോ? തീർച്ചയായും അല്ലാഹു ഖിള്റിന് സവിശേഷമായ ചില ഇൽഹാമുകളും (മനസ്സിൽ തോന്നിപ്പിക്കൽ) കറാമത്തും നൽകിയിട്ടുണ്ടായിരുന്നു; മൂസാ عليه السلام എന്ന പ്രവാചകന് പോലും മറഞ്ഞിരുന്ന പല കാര്യങ്ങളുടെയും ആന്തരിക യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നത് അതുവഴിയായിരുന്നു.
قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക് എന്റെ കൂടെ ക്ഷമിച്ച് കഴിയാന്‍ സാധിക്കുകയേ ഇല്ല. (ഖു൪ആന്‍:18/67)
അപ്പോൾ ഖിള്ർ عليه السلامലമൂസാ നബി عليه السلام യോട് പറഞ്ഞു: ‘(താങ്കൾ എന്നെ പിന്തുടരുന്നതിനെ) ഞാൻ തടയുന്നില്ല. എങ്കിലും, തീർച്ചയായും താങ്കൾക്ക് എന്റെ കൂടെ ക്ഷമയോടെയിരിക്കാൻ സാധിക്കുകയേ ഇല്ല.’ അതായത്: എന്നെ പിന്തുടരാനും എന്റെ കൂടെ നിലകൊള്ളാനും താങ്കൾക്ക് കഴിയില്ല; കാരണം, ബാഹ്യമായി തെറ്റെന്ന് തോന്നിക്കുന്നതും എന്നാൽ ആന്തരികമായി അങ്ങനെ അല്ലാത്തതുമായ (മറ്റൊരു യാഥാർത്ഥ്യമുള്ളതുമായ) പല കാര്യങ്ങളും താങ്കൾക്ക് കാണേണ്ടിവരും, അതിൽ ക്ഷമിക്കാൻ താങ്കൾക്ക് സാധിക്കുകയില്ല.
അതുകൊണ്ടാണ് ഖിള്ർ عليه السلام ഇപ്രകാരം പറഞ്ഞത്:
وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِۦ خُبْرًا
താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാകും.? (ഖു൪ആന്‍:18/68)
അതായത്: ബാഹ്യവും ആന്തരികവുമായ യാഥാർത്ഥ്യങ്ങൾ താങ്കൾക്ക് കൃത്യമായി അറിയാത്തതും, അതിന്റെ യഥാർത്ഥ ഉദ്ദേശ്യവും അനന്തരഫലവും താങ്കൾക്ക് മനസ്സിലാകാത്തതുമായ ഒരു കാര്യത്തിൽ താങ്കൾ എങ്ങനെയാണ് ക്ഷമ കാണിക്കുക?
അപ്പോൾ മൂസാ عليه السلام പറഞ്ഞു:
قَالَ سَتَجِدُنِىٓ إِن شَآءَ ٱللَّهُ صَابِرًا وَلَآ أَعْصِى لَكَ أَمْرًا
അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. ഞാന്‍ താങ്കളുടെ ഒരു കല്പനയ്ക്കും എതിര് പ്രവര്‍ത്തിക്കുന്നതല്ല. (ഖു൪ആന്‍:18/69)
ഇത് പരീക്ഷണത്തിന് വിധേയമാകുന്ന ആ സംഭവം ഉണ്ടാകുന്നതിന് മുമ്പ് മൂസാ നബി عليه السلام എടുത്ത ഉറച്ച തീരുമാനമായിരുന്നു. ഒരു വിഷയത്തിൽ ഉറച്ച തീരുമാനമെടുക്കുക എന്നത് ഒരു കാര്യമാണ്. ക്ഷമ പാലിക്കുക എന്നത് മറ്റൊരു കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ആ സംഭവങ്ങൾ യാഥാർത്ഥ്യമായപ്പോൾ മൂസാ عليه السلام ക്ക് ക്ഷമിക്കാൻ സാധിക്കാതെ പോയത്.
അപ്പോൾ ഖിള്ർ ഖിള്ർ عليه السلام മൂസാ عليه السلام യോട് പറഞ്ഞു:
قَالَ فَإِنِ ٱتَّبَعْتَنِى فَلَا تَسْـَٔلْنِى عَن شَىْءٍ حَتَّىٰٓ أُحْدِثَ لَكَ مِنْهُ ذِكْرًا
അദ്ദേഹം പറഞ്ഞു: എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുന്ന പക്ഷം യാതൊരു കാര്യത്തെപ്പറ്റിയും താങ്കള്‍ എന്നോട് ചോദിക്കരുത്: അതിനെപ്പറ്റിയുള്ള വിവരം ഞാന്‍ തന്നെ താങ്കള്‍ക്കു പറഞ്ഞുതരുന്നത് വരെ. (ഖു൪ആന്‍:18/70)
അതായത്: ആ കാര്യത്തെക്കുറിച്ച് താങ്കളോട് പറയേണ്ട അനുയോജ്യമായ സമയത്ത് ഞാൻ തന്നെ അതിന്റെ യാഥാർത്ഥ്യം താങ്കളെ അറിയിക്കുന്നത് വരെ, താങ്കളായിട്ട് എന്നോട് ചോദ്യങ്ങൾ ചോദിക്കാനോ അതിനെ എതിർക്കാനോ മുതിരരുത്. ചുരുക്കത്തിൽ, ഖിള്ർ عليه السلام മൂസാ عليه السلام യെ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് വിലക്കുകയും, കാര്യങ്ങളുടെ സത്യാവസ്ഥ പിന്നീട് ബോധ്യപ്പെടുത്തിക്കൊടുക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْـًٔا إِمْرًا
തുടര്‍ന്ന് അവര്‍ രണ്ട് പേരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അത് ഓട്ടയാക്കിക്കളഞ്ഞു. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളത് ഓട്ടയാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്. (ഖു൪ആന്‍:18/71)
{തുടര്‍ന്ന് അവര്‍ രണ്ട് പേരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അത് ഓട്ടയാക്കിക്കളഞ്ഞു} അതായത്: ഖിള്ർ عليه السلام ആ കപ്പലിൽ നിന്ന് ഒരു പലക പൊളിച്ചെടുത്തു. അദ്ദേഹത്തിന് അതിൽ ഒരു പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു, അത് അദ്ദേഹം പിന്നീട് വ്യക്തമാക്കുന്നുണ്ട്. എന്നാൽ മൂസാ عليه السلام ക്ക് അതിൽ ക്ഷമിച്ചിരിക്കാൻ സാധിച്ചില്ല; കാരണം ബാഹ്യമായി നോക്കുമ്പോൾ അത് തികച്ചും തെറ്റായ ഒരു കാര്യമായിരുന്നു. അത് കപ്പലിന് കേടുപാടുണ്ടാക്കുന്നതും അതിലുള്ളവർ മുങ്ങിത്താഴാൻ കാരണമാകുന്നതുമായിരുന്നു. അതുകൊണ്ടാണ് മൂസാ നബി عليه السلام ഇപ്രകാരം പറഞ്ഞത്: {അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളത് ഓട്ടയാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്} അതായത്: വമ്പിച്ച, ഭീകരമായ ഒരു കാര്യം. ഇത് മൂസാ عليه السلام യുടെ ഭാഗത്തുനിന്നുണ്ടായ ക്ഷമയില്ലായ്മ കാരണമാണുണ്ടായത്.
അപ്പോൾ ഖിള്ർ عليه السلام മൂസാ عليه السلام യോട് പറഞ്ഞു:
قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക് എന്റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ? (ഖു൪ആന്‍:18/72)
അതായത്: ‘ഞാൻ താങ്കളോട് മുൻകൂട്ടി പറഞ്ഞതുപോലെ തന്നെ സംഭവിച്ചു’. ഇത് മൂസാ നബി عليه السلام യുടെ ഭാഗത്തുനിന്നുണ്ടായ ഒരു മറവി കാരണമായിരുന്നു. അതിനാൽ അദ്ദേഹം പറഞ്ഞു:
قَالَ لَا تُؤَاخِذْنِى بِمَا نَسِيتُ وَلَا تُرْهِقْنِى مِنْ أَمْرِى عُسْرًا
അദ്ദേഹം പറഞ്ഞു: ഞാന്‍ മറന്നുപോയതിന് താങ്കള്‍ എന്റെ പേരില്‍ നടപടി എടുക്കരുത്. എന്റെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്. (ഖു൪ആന്‍:18/73)
അതായത്: കാര്യങ്ങൾ എനിക്ക് പ്രയാസകരമാക്കരുത്, എന്നോട് ക്ഷമിക്കണം; കാരണം ഇത് മറവി മൂലമാണ് സംഭവിച്ചത്. അതിനാൽ ഈ ആദ്യത്തെ തവണയുടെ പേരിൽ എന്നെ കുറ്റപ്പെടുത്തരുതേ. (ഇങ്ങനെ പറഞ്ഞതിലൂടെ) അദ്ദേഹം തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സമ്മതിക്കുകയും അതിനുള്ള കാരണം ബോധിപ്പിക്കുകയും ചെയ്തു. കൂടാതെ – ഹേ ഖിള്ർ – താങ്കളുടെ കൂടെയുള്ള ആളോട് ഇത്ര കടുപ്പത്തിൽ പെരുമാറുന്നത് ശരിയല്ല എന്ന് (സൂചിപ്പിക്കുകയും ചെയ്തു). തുടർന്ന് ഖിള്ർ അദ്ദേഹത്തോട് ക്ഷമിച്ചു.
فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمًا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًا زَكِيَّةَۢ بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْـًٔا نُّكْرًا
അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവര്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ താങ്കള്‍ കൊന്നുവോ? തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്. (ഖു൪ആന്‍:18/74)
{അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ ഒരു ആൺകുട്ടിയെ അവര്‍ കണ്ടുമുട്ടിയപ്പോള്‍} അതായത് പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ {അദ്ദേഹം (ഖിള്ര്‍) അവനെ കൊന്നുകളഞ്ഞു} യാതൊരു തെറ്റും ചെയ്യാത്ത ഒരു ചെറിയ കുട്ടിയെ കൊലപ്പെടുത്തിയപ്പോൾ മൂസാ നബി عليه السلام ക്ക് കഠിനമായ ദേഷ്യം വരികയും, അദ്ദേഹത്തിെ മതപരമായ പ്രതികരണക്ഷമതപിടികൂടി. {മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ താങ്കള്‍ കൊന്നുവോ? തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്} യാതൊരു തെറ്റും ചെയ്യാത്ത, മറ്റാരെയും കൊലപ്പെടുത്തിയിട്ടുമില്ലാത്ത ഒരു ചെറിയ കുട്ടിയെ കൊല്ലുന്നതിനേക്കാൾ വലിയൊരു തിന്മ വേറെ എന്താണുള്ളത്? മൂസാ നബി عليه السلام യുടെ ഭാഗത്തുനിന്നുണ്ടായ ആദ്യത്തെ സംഭവം (കപ്പൽ പൊളിച്ചത്) മറവി മൂലമായിരുന്നു, എന്നാൽ ഈ രണ്ടാമത്തെ സംഭവം മറവി കൊണ്ടായിരുന്നില്ല, മറിച്ച് ക്ഷമിക്കാൻ സാധിക്കാത്തതുകൊണ്ടായിരുന്നു.
അപ്പോൾ ഖിള്ർ അദ്ദേഹത്തെ ശാസിച്ചുകൊണ്ടും (കാര്യങ്ങൾ) ഓർമ്മിപ്പിച്ചുകൊണ്ടും പറഞ്ഞു:
قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്കു എന്റെ കൂടെ ക്ഷമിച്ച് കഴിയുവാന്‍ സാധിക്കുകയേ ഇല്ല എന്ന് ഞാന്‍ താങ്കളോട് പറഞ്ഞിട്ടില്ലേ? (ഖു൪ആന്‍:18/75)
قَالَ إِن سَأَلْتُكَ عَن شَىْءِۭ بَعْدَهَا فَلَا تُصَٰحِبْنِى ۖ قَدْ بَلَغْتَ مِن لَّدُنِّى عُذْرًا
മൂസാ പറഞ്ഞു: ഇതിന് ശേഷം വല്ലതിനെപ്പറ്റിയും ഞാന്‍ താങ്കളോട് ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കള്‍ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നില്‍ നിന്ന് താങ്കള്‍ക്ക് ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു. (ഖു൪ആന്‍:18/76)
അപ്പോൾ മൂസാ അദ്ദേഹത്തോട് പറഞ്ഞു: ‘ഇനി ഈ ഒരു തവണയ്ക്ക് ശേഷം ഞാൻ താങ്കളോട് എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ താങ്കൾ എന്നെ കൂടെ കൂട്ടേണ്ടതില്ല.’ അതായത്: അങ്ങനെ സംഭവിച്ചാൽ എന്നെ കൂടെ കൂട്ടാതിരിക്കാൻ താങ്കൾക്ക് പൂർണ്ണമായ ന്യായമുണ്ട്. {എന്നില്‍ നിന്ന് താങ്കള്‍ക്ക് ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു} അതായത്: എന്റെ ഭാഗത്തുനിന്ന് താങ്കൾക്ക് പൂർണ്ണമായ ഒഴികഴിവ് ലഭിച്ചിരിക്കുന്നു, താങ്കളുടെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ല.
فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْا۟ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُۥ ۖ قَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ أَجْرًا
അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ സല്ക്കരിക്കുവാന് അവര്‍ വൈമനസ്യം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ പൊളിഞ്ഞുവീഴാനൊരുങ്ങുന്ന ഒരു മതില് അവര്‍ അവിടെ കണ്ടെത്തി. ഉടനെ അദ്ദേഹം അത് നേരെയാക്കി. മൂസാ പറഞ്ഞു: താങ്കള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിന്റെ പേരില്‍ താങ്കള്‍ക്ക് വല്ല പ്രതിഫലവും വാങ്ങാമായിരുന്നു. (ഖു൪ആന്‍:18/77)
{അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട് അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു} അതായത്: അവർ രണ്ടുപേരും അവിടുള്ളവരോട് ആതിഥ്യം ആവശ്യപ്പെട്ടു, എന്നാൽ അവർ ഇരുവർക്കും ആതിഥ്യം നൽകാൻ അവർ തയ്യാറായില്ല. {അപ്പോള്‍ പൊളിഞ്ഞുവീഴാനൊരുങ്ങുന്ന ഒരു മതില് അവര്‍ അവിടെ കണ്ടെത്തി} അതായത്: അത് കേടുപാടുകൾ സംഭവിച്ചതും, തകർച്ചയുടെ വക്കിലെത്തിയതുമായിരുന്നു. അപ്പോൾ ഖിള്ർ അത് നേരെയാക്കി നിർത്തി; അതായത്: അദ്ദേഹം അത് പണിയുകയും വീണ്ടും പുതിയതുപോലെ ആക്കിത്തീർക്കുകയും ചെയ്തു. അപ്പോൾ അദ്ധേഹത്തോട് മൂസാ عليه السلام ചോദിച്ചു: {താങ്കള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിന്റെ പേരില്‍ താങ്കള്‍ക്ക് വല്ല പ്രതിഫലവും വാങ്ങാമായിരുന്നു} ഈ നാട്ടുകാർ നമുക്ക് ആതിഥ്യം നൽകേണ്ടത് അവരുടെ കടമയായിട്ടുപോലും അവരതിന് തയ്യാറായില്ല; എന്നിട്ടാണോ താങ്കൾ അവർക്ക് വേണ്ടി കൂലിയൊന്നും വാങ്ങാതെ ഈ മതിൽ പണിതു കൊടുക്കുന്നത്? താങ്കൾക്ക് അതിന് കൂലി വാങ്ങാൻ കഴിയുമായിരുന്നില്ലേ?
قَالَ هَٰذَا فِرَاقُ بَيْنِى وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا
അദ്ദേഹം പറഞ്ഞു: ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്റെ പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ച് തരാം. (ഖു൪ആന്‍:18/78)
അങ്ങനെ ആ സമയത്ത്, عليه السلام താൻ പറഞ്ഞ വാക്ക് പാലിക്കാതിരിക്കുകയും, (അതിലൂടെ) ഖിള്റിന് അദ്ദേഹത്തോട് വേർപിരിയാൻ വ്യക്തമായ ന്യായമുണ്ടാവുകയും ചെയ്തു. അപ്പോൾ ഖിള്ർ عليه السلام عليه السلام യോട് പറഞ്ഞു: {ഇത് ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു} കാരണം താങ്കൾ തന്നെ സ്വന്തം മേൽ അങ്ങനെയൊരു നിബന്ധന വെച്ചിരുന്നതാണ്. അതിനാൽ ഇനി ഒരു ഒഴികഴിവിനും വകയില്ല, ഒന്നിച്ച് മുന്നോട്ട് പോകുന്നതിൽ അർത്ഥവുമില്ല. {ഏതൊരു കാര്യത്തിന്റെ പേരില്‍ താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക് അറിയിച്ച് തരാം} അതായത്: താങ്കൾ എന്നെ ആക്ഷേപിച്ച കാര്യങ്ങളുടെ യാഥാർത്ഥ്യം ഞാൻ താങ്കൾക്ക് വിവരിച്ചു തരാം; ആ കാര്യങ്ങളിൽ എനിക്കുണ്ടായിരുന്ന ലക്ഷ്യങ്ങൾ (ഉദ്ദേശ്യങ്ങൾ) എന്തൊക്കെയായിരുന്നുവെന്നും, ആ കാര്യം ഒടുവിൽ ചെന്നെത്തുന്നത് എന്തിലോട്ടാണോ അതിനെക്കുറിച്ചും ഞാൻ താങ്കളെ അറിയിക്കാം.
أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا
എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്മാരുടെതായിരുന്നു. അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു. (ഖു൪ആന്‍:18/79)
{എന്നാല്‍ ആ കപ്പല്‍} ഞാൻ കേടുവരുത്തിയ, {കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്മാരുടെതായിരുന്നു} അത് അവരോട് കനിവും ദയയും ഉള്ളവരായിരിക്കാനും ആവശ്യപ്പെടുന്നു. {അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു} അതായത്: അവർക്ക് ആ അക്രമിയായ രാജാവിന്റെ മുന്നിലൂടെ കടന്നുപോകേണ്ടതുണ്ടായിരുന്നു. യാതൊരു കേടുപാടുകളുമില്ലാത്ത നല്ല കപ്പലുകൾ ഏതെല്ലാം അദ്ദേഹത്തിന്റെ മുന്നിലൂടെ കടന്നുപോയോ, അതൊക്കെയും അദ്ദേഹം അക്രമമായി പിടിച്ചെടുക്കുമായിരുന്നു. അതിനാൽ ആ കപ്പലിൽ ഒരു കേടുപാട് വരുത്താൻ ഞാൻ ഉദ്ദേശിച്ചു; അങ്ങനെ ചെയ്താൽ അതിൽ ഒരു തകരാറുണ്ടാവുകയും, (അതുവഴി) ആ അക്രമിയായ രാജാവിൽ നിന്ന് അത് രക്ഷപ്പെടുകയും ചെയ്യുമല്ലോ.
وَأَمَّا ٱلْغُلَٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَٰنًا وَكُفْرًا
എന്നാല്‍ ആ ബാലനാകട്ടെ അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന് അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു. (ഖു൪ആന്‍:18/80)
{എന്നാല്‍ ആ ബാലനാകട്ടെ}ഞാൻ കൊലപ്പെടുത്തിയ, {അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന് അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന് നാം ഭയപ്പെട്ടു} ആ കുട്ടി പ്രായപൂർത്തിയാവുകയാണെങ്കിൽ, തന്റെ അതിക്രമവും അവിശ്വാസവും കാരണം അവൻ തന്റെ മാതാപിതാക്കളെ വല്ലാതെ ബുദ്ധിമുട്ടിക്കുമെന്നും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ടായിരുന്നു. അതായത്: അവൻ അവരെ രണ്ടുപേരെയും (മാതാപിതാക്കളെ) അതിക്രമത്തിലേക്കും അവിശ്വാസത്തിലേക്കും നയിക്കുമായിരുന്നു; ഒന്നുകിൽ അവർക്ക് അവനോടുള്ള അമിതമായ സ്നേഹം കാരണത്താൽ, അല്ലെങ്കിൽ അവനെക്കൊണ്ടുള്ള ആവശ്യം മുൻനിർത്തി, അതുമല്ലെങ്കിൽ അവൻ അവരെ അതിന് നിർബന്ധിതരാക്കുമായിരുന്നു. അതായത്: ഈയൊരു കാര്യം മുൻകൂട്ടി മനസ്സിലാക്കിയതിനാലാണ് ഞാൻ അവനെ കൊലപ്പെടുത്തിയത്; വിശ്വാസികളായ അവന്റെ മാതാപിതാക്കളുടെ ദീൻ സുരക്ഷിതമായി നിലനിർത്താൻ വേണ്ടിയായിരുന്നു അത്. ഈ മഹത്തായ ഉപകാരത്തേക്കാൾ വലിയ എന്ത് നേട്ടമാണ് ഉള്ളത്?
ആ പ്രവൃത്തിയിൽ (കുട്ടിയെ കൊലപ്പെടുത്തിയതിൽ) അവർക്ക് ഒരു വിഷമം ഉണ്ടാക്കുന്ന കാര്യവും, അവരുടെ ആ പരമ്പര മുറിച്ചുമാറ്റലും ഉണ്ടെങ്കിൽ കൂടിയും; തീർച്ചയായും അല്ലാഹു അവർക്ക് അതിനേക്കാൾ ഉത്തമമായ മറ്റൊരു സന്തതിയെ പകരമായി നൽകുക തന്നെ ചെയ്യും. അതിനാലാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:
فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَوٰةً وَأَقْرَبَ رُحْمًا
അതിനാല്‍ അവര്‍ക്ക് അവരുടെ രക്ഷിതാവ് അവനെക്കാള്‍ സ്വഭാവശുദ്ധിയില്‍ മെച്ചപ്പെട്ടവനും, കാരുണ്യത്താല്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നല്‍കണം എന്നു നാം ആഗ്രഹിച്ചു. (ഖു൪ആന്‍:18/81)
അതായത്: സദ്വൃത്തനും, പരിശുദ്ധനും, കുടുംബബന്ധം ചേർക്കുന്നവനുമായ ഒരു കുട്ടിയെ. കാരണം, കൊല്ലപ്പെട്ട ആ കുട്ടി പ്രായപൂർത്തിയായിരുന്നെങ്കിൽ, അവരെ അവിശ്വാസത്തിലേക്കും അതിക്രമത്തിലേക്കും നയിച്ചുകൊണ്ട് തന്റെ മാതാപിതാക്കളോട് ഏറ്റവും കഠിനമായ രീതിയിൽ അവൻ അനുസരണക്കേട് കാണിക്കുമായിരുന്നു.
وَأَمَّا ٱلْجِدَارُ فَكَانَ لِغُلَٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَٰلِحًا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُۥ عَنْ أَمْرِى ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا
ആ മതിലാണെങ്കിലോ, അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൌവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം എന്ന നിലയിലത്രെ അത്. അതൊന്നും എന്റെ അഭിപ്രയപ്രകാരമല്ല ഞാന്‍ ചെയ്തത്. താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുളാകുന്നു അത്. (ഖു൪ആന്‍:18/82)
{ആ മതിലാണെങ്കിലോ} ഞാൻ നേരെയാക്കി നിർത്തിയ (പുനർനിർമ്മിച്ച) {അത് ആ പട്ടണത്തിലെ അനാഥരായ രണ്ട് ബാലന്മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ് ഒരു നല്ല മനുഷ്യനായിരുന്നു} അതായത്: അവരുടെ അവസ്ഥ അവരോട് ദയയും കരുണയും കാണിക്കാൻ ആവശ്യപ്പെടുന്ന ഒന്നാണ്; കാരണം അവർ രണ്ടുപേരും തങ്ങളുടെ പിതാവ് മരണപ്പെട്ടുപോയ ചെറിയ കുട്ടികളാണ് (അനാഥരാണ്). കൂടാതെ, അവരുടെ പിതാവിന്റെ സദ്വൃത്തത (നന്മ) കാരണം അല്ലാഹു അവരെ കാത്തുസൂക്ഷിക്കുകയും ചെയ്തു.
{അതിനാല്‍ അവര്‍ ഇരുവരും യൌവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു} അതായത്: ‘അതിനാലാണ് ഞാൻ ആ മതിൽ പൊളിച്ചതും, അതിനടിയിലുണ്ടായിരുന്ന അവരുടെ നിധി പുറത്തെടുത്തതും, യാതൊരു പ്രതിഫലവും വാങ്ങാതെ സൗജന്യമായി പുനർനിർമ്മിച്ചതും’. {താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം എന്ന നിലയിലത്രെ അത്}അതായത്: ഞാൻ ഈ ചെയ്തതൊക്കെയും അല്ലാഹുവിൽ നിന്നുള്ള കാരുണ്യമാണ്; അല്ലാഹു തന്റെ ദാസനായ ഖിള്റിന് നൽകിയ (ഒരു പ്രത്യേക) കാരുണ്യം. {അതൊന്നും എന്റെ അഭിപ്രയപ്രകാരമല്ല ഞാന്‍ ചെയ്തത്} അതായത്: ഞാൻ ഇതൊന്നും എന്റെ സ്വന്തം ഭാഗത്തുനിന്നോ, കേവലം എന്റെ വ്യക്തിപരമായ താല്പര്യപ്രകാരമോ ചെയ്തതല്ല; മറിച്ച്, തീർച്ചയായും ഇതെല്ലാം അല്ലാഹുവിന്റെ കാരുണ്യത്താലും അവന്റെ കൽപ്പനയാലും ഉണ്ടായതാണ്. {അത്} ഞാൻ താങ്കൾക്ക് വിശദീകരിച്ചു തന്ന കാര്യം, {താങ്കള്‍ക്ക് ഏത് കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്റെ പൊരുളാകുന്നു}
അത്ഭുതകരവും മഹത്തരവുമായ ഈ കഥയിൽ ധാരാളം ഗുണപാഠങ്ങളും, മതവിധികളും, അടിസ്ഥാന തത്വങ്ങളും അടങ്ങിയിട്ടുണ്ട്. അല്ലാഹുവിന്റെ സഹായത്തോടെ അതിൽ ചില കാര്യങ്ങളിലേക്ക് നാം ഇവിടെ വിരൽചൂണ്ടുകയാണ്.
അതിൽ പെട്ടതാണ്: അറിവിന്റെ (الْعِلْم) ശ്രേഷ്ഠതയും, അത് തേടിയുള്ള യാത്രയും. തീർച്ചയായും അത് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാകുന്നു. കാരണം, മൂസാ عليه السلام അറിവ് തേടി ഒരു നീണ്ട ദൂരം യാത്ര ചെയ്യുകയും, ആ യാത്രയിൽ കഠിനമായ ക്ഷീണം അനുഭവിക്കുകയും ചെയ്തു. ബനൂഇസ്രായീൽ ജനതയെ പഠിപ്പിക്കുന്നതിനും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമായി അവർക്കിടയിൽ തുടരുന്നത് അദ്ദേഹം തൽക്കാലം മാറ്റിവെച്ചു; തന്റെ അറിവ് വർദ്ധിപ്പിക്കുന്നതിനായി (അതിനേക്കാൾ) യാത്രയെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
മറ്റൊന്ന്: ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിന് മുൻഗണന നൽകിക്കൊണ്ട് ആരംഭിക്കുക. തീർച്ചയായും ഒരാൾ തന്റെ അറിവ് വർദ്ധിപ്പിക്കുന്നതും കാര്യങ്ങൾ മനസ്സിലാക്കുന്നതും, അത് ഉപേക്ഷിക്കുന്നതിനേക്കാൾ ഏറെ പ്രധാനപ്പെട്ടതാകുന്നു. സ്വന്തമായി കൂടുതൽ അറിവ് നേടാതെ, പഠിപ്പിക്കുന്നതിൽ മാത്രം മുഴുകുന്നതിനേക്കാൾ ഉത്തമമാണത്. എന്നാൽ, ഈ രണ്ട് കാര്യങ്ങളും (അറിവ് നേടലും അത് മറ്റുള്ളവർക്ക് പകർന്നുനൽകലും) ഒരുമിച്ച് കൊണ്ടുപോകുന്നതാണ് ഏറ്റവും പൂർണ്ണമായ രീതി.
മറ്റൊന്ന്: നാട്ടിലായിരിക്കുമ്പോഴും യാത്രയിലായിരിക്കുമ്പോഴും (സഹായത്തിനായി) സേവകനെ കൂടെക്കൂട്ടുന്നത് അനുവദനീയമാണ്. ആവശ്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമം ലഭിക്കുന്നതിനും വേണ്ടിയാണിത്, മൂസാ عليه السلام ചെയ്തതുപോലെ.
മറ്റൊന്ന്: അറിവ് തേടിയോ, ജിഹാദിനായോ അല്ലെങ്കിൽ അതുപോലുള്ള മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായോ യാത്ര ചെയ്യുന്ന ഒരാൾ, തന്റെ ലക്ഷ്യത്തെക്കുറിച്ചും താൻ എങ്ങോട്ടാണ് പോകുന്നതെന്നും മറ്റുള്ളവരെ അറിയിക്കുന്നതിൽ വല്ല നന്മയുമുണ്ടെങ്കിൽ, അത് മറച്ചുവെക്കുന്നതിനേക്കാൾ ഉത്തമം അത് വെളിപ്പെടുത്തുന്നതാണ്. കാരണം, അത് പരസ്യമാക്കുന്നതിൽ പല ഗുണങ്ങളുമുണ്ട്: യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങളും വിഭവങ്ങളും കൃത്യമായി തയ്യാറാക്കാൻ അത് സഹായിക്കും, കാര്യങ്ങളെ വ്യക്തമായ ഉൾക്കാഴ്ചയോടെ സമീപിക്കാൻ സാധിക്കും. കൂടാതെ മഹത്തായ ഈ ഇബാദത്തിന്റെ ശ്രേഷ്ഠത വെളിപ്പെടുത്താനും അത് കാരണമാകും; മൂസാ عليه السلام പറഞ്ഞതുപോലെ: {ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന് കഴിയുകയോ ചെയ്യുന്നത് വരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്ന് കൊണ്ടേയിരിക്കും} നബി ﷺ തബൂക്ക് യുദ്ധത്തിന് പുറപ്പെട്ടപ്പോൾ തന്റെ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് സ്വഹാബികളെ മുൻകൂട്ടി അറിയിച്ചത് പോലെയാണിത്. സാധാരണയായി തന്റെ യുദ്ധലക്ഷ്യങ്ങൾ പരസ്യമാക്കാതെ മറച്ചുവെച്ച് സംസാരിക്കുക ചെയ്യലായിരുന്നു അവിടുത്തെ പതിവെങ്കിലും (ഇവിടെ അദ്ദേഹം അത് വെളിപ്പെടുത്തി). ഇതെല്ലാം സാഹചര്യങ്ങളുടെ നന്മയെയും ആവശ്യകതയെയും അനുസരിച്ചായിരിക്കും.
മറ്റൊന്ന്: തിന്മകളെയും അതിന്റെ കാരണങ്ങളെയും പിശാചിലേക്ക് ചേർത്തുപറയുക എന്നത്, അവന്റെ ദുർബോധനത്തിന്റെയും തിന്മകളെ ഭംഗിയാക്കി കാണിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ്; യഥാർത്ഥത്തിൽ എല്ലാം അല്ലാഹുവിന്റെ ഖളാഅ് – ഖദ്ര് (വിധിനിശ്ചയം) അനുസരിച്ചാണ് സംഭവിക്കുന്നതാണെങ്കിൽപോലും. മൂസാ عليه السلام യുടെ സേവകൻ പറഞ്ഞ വാചകം ഇതിന് തെളിവാണ്: {അത് പറയാന്‍ എന്നെ മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല}
മറ്റൊന്ന്: മനുഷ്യസഹജമായ ശാരീരികാവസ്ഥകളായ ക്ഷീണം, വിശപ്പ്, ദാഹം എന്നിവയെക്കുറിച്ച് ഒരാൾ മറ്റുള്ളവരോട് പറയുന്നത് അനുവദനീയമാണ്; അത് അല്ലാഹുവിന്റെ വിധിയിൽ അതൃപ്തി പ്രകടിപ്പിക്കുന്ന രീതിയിലാകാതിരിക്കുകയും, പറയുന്ന കാര്യം സത്യസന്ധമാവുകയും ചെയ്താൽ മാത്രം. മൂസാ عليه السلام പറഞ്ഞ വാചകം ഇതിന് തെളിവാണ്: {നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു}
മറ്റൊന്ന്: ഒരാളുടെ സേവകൻ ബുദ്ധിമാനും, കാര്യപ്രാപ്തിയുള്ളവനും, വിവേകിയുമായിരിക്കുക എന്നത് ഏറെ ഉത്തമമായ കാര്യമാണ്; എങ്കിൽ മാത്രമേ താൻ ഉദ്ദേശിക്കുന്ന കാര്യം കൃത്യമായ രീതിയിൽ പൂർത്തിയാക്കാൻ അവന് സാധിക്കുകയുള്ളൂ.
മറ്റൊന്ന്: യജമാനൻ കഴിക്കുന്ന അതേ ഭക്ഷണത്തിൽ നിന്ന് തന്നെ തന്റെ സേവകനും നൽകലും, രണ്ടുപേരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കലും ഉത്തമമായ കാര്യമാണ്. കാരണം, {നീ നമുക്ക് നമ്മുടെ ഭക്ഷണം കൊണ്ട് വാ} എന്ന മൂസാ عليه السلام യുടെ വാക്കിന്റെ ബാഹ്യാർത്ഥം അത് രണ്ടുപേർക്കുമായി ചേർത്താണ് പറഞ്ഞിരിക്കുന്നത്. തീർച്ചയായും അവരും സഹായിയും ഒരുമിച്ചാണ് ആ ഭക്ഷണം കഴിച്ചത്.
മറ്റൊന്ന്: അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ ഒരു ദാസൻ എത്രത്തോളം നിർവ്വഹിക്കുന്നുവോ, അതിനനുസരിച്ചായിരിക്കും അവനുള്ള (അല്ലാഹുവിന്റെ) സഹായം ഇറങ്ങുന്നത്. അല്ലാഹുവിന്റെ കൽപ്പനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നവന് മറ്റുള്ളവർക്ക് ലഭിക്കാത്ത വിധത്തിൽ സഹായം ലഭിക്കും. {നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു} എന്ന വാക്ക് ഇതിന് തെളിവാണ്. രണ്ട് കടലുകൾ സംഗമിക്കുന്ന സ്ഥലത്തിന് അപ്പുറമുള്ള യാത്രയെയാണ് ഇത് സൂചിപ്പിക്കുന്നത്. ആദ്യത്തെ (അല്ലാഹു നിശ്ചയിച്ച സ്ഥലം വരെയുള്ള) യാത്രയാകട്ടെ, അത് വളരെ ദൈർഘ്യമേറിയതായിരുന്നെങ്കിൽപോലും അതിൽ അദ്ദേഹം ക്ഷീണത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടേയില്ല; കാരണം അതായിരുന്നു യഥാർത്ഥത്തിൽ (അല്ലാഹുവിന്റെ കൽപ്പനയനുസരിച്ച് പോകേണ്ടിയിരുന്ന) ആ യാത്ര. എന്നാൽ അവസാനത്തെ (അതിർത്തി കവിഞ്ഞുള്ള) യാത്രയാകട്ടെ, അത് ഒരു ദിവസത്തിന്റെ പകുതിയോ (അല്ലെങ്കിൽ ഒരു ദിവസത്തെ കുറഞ്ഞ സമയമോ) മാത്രമായിരുന്നുവെന്നാണ് ബാഹ്യമായി മനസ്സിലാകുന്നത്. കാരണം, അവർ ആ പാറക്കല്ലിനടുത്ത് അഭയം പ്രാപിച്ചപ്പോഴാണ് അവർക്ക് മീൻ നഷ്ടപ്പെട്ടത്. അവിടെയാണ് അവർ രാത്രി കഴിച്ചുകൂട്ടിയതെന്ന് വ്യക്തം. പിന്നീട് പിറ്റേന്ന് രാവിലെ അവർ യാത്ര തുടർന്നു. അങ്ങനെ ഉച്ചഭക്ഷണത്തിന്റെ സമയം ആയപ്പോഴാണ് മൂസാ തന്റെ സേവകനോട് ‘നമുക്ക് നമ്മുടെ ഉച്ചഭക്ഷണം കൊണ്ടുവരൂ’ എന്ന് പറഞ്ഞത്. ആ സമയത്താണ്, താൻ പോകാൻ ഉദ്ദേശിച്ച ആ അവസാന അതിർത്തിയായ (പാറക്കല്ലിന്റെ) സ്ഥാനത്തുവെച്ചാണ് മീൻ മറന്നുപോയതെന്ന കാര്യം സേവകൻ ഓർത്തെടുത്തത്. [അല്ലാഹു നിർദ്ദേശിച്ച പാറക്കല്ല് വരെ അവർ ഒരുപാട് ദൂരം സഞ്ചരിച്ചിട്ടും ക്ഷീണം തോന്നിയില്ല. എന്നാൽ അതിർത്തി കവിഞ്ഞുള്ള യാത്ര വെറും അരദിവസത്തെ കുറഞ്ഞ ദൂരം മാത്രമായിരുന്നെങ്കിലും ക്ഷീണം അനുഭവപ്പെട്ടു.]
മറ്റൊന്ന്: അവർ ഇരുവരും കണ്ടുമുട്ടിയ ആ ദാസൻ (ഖിള്ർ عليه السلام) ഒരു നബിയല്ല, മറിച്ച് ഒരു സ്വാലിഹായ ദാസൻ മാത്രമാണ്. കാരണം, അല്ലാഹു അദ്ദേഹത്തെ ഉബൂദിയ്യത്ത് (അടിമത്തം) കൊണ്ടാണ് വിശേഷിപ്പിച്ചത്. കൂടാതെ, അല്ലാഹു അദ്ദേഹത്തിന് നൽകിയ കാരുണ്യത്തെയും അറിവിനെയും കുറിച്ചുള്ള അനുഗ്രഹങ്ങളെയാണ് എടുത്തുപറഞ്ഞത്; അദ്ദേഹത്തിന്റെ രിസാലത്തിനെ കുറിച്ചോ നുബുവ്വത്തിനെ കുറിച്ചോ പരാമർശിച്ചിട്ടില്ല. ഇനി അദ്ദേഹം ഒരു പ്രവാചകനായിരുന്നുവെങ്കിൽ, മറ്റുള്ള പ്രവാചകന്മാരെക്കുറിച്ച് എടുത്തുപറഞ്ഞതുപോലെ അല്ലാഹു അതും എടുത്തുപറയുമായിരുന്നു.
എന്നാൽ ഈ ചരിത്രത്തിന്റെ ഒടുവിൽ അദ്ദേഹം (ഖിള്ർ) പറഞ്ഞ {അതൊന്നും എന്റെ അഭിപ്രയപ്രകാരമല്ല ഞാന്‍ ചെയ്തത്} എന്ന വാക്കാകട്ടെ, അത് അദ്ദേഹം ഒരു പ്രവാചകനാണ് എന്നതിന് തെളിവാകുന്നില്ല. മറിച്ച്, അത് പ്രവാചകന്മാരല്ലാത്തവർക്കും ഉണ്ടാകാറുള്ളതുപോലെയുള്ള ഇൽഹാം (ആന്തരികമായ വെളിപാട്), തഹ്ദീഥ് (മനസ്സിൽ തോന്നിക്കൽ) മാത്രമാണ് സൂചിപ്പിക്കുന്നത്. അല്ലാഹു പറഞ്ഞതുപോലെ:
وَأَوْحَيْنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنْ أَرْضِعِيهِ ۖ
മൂസായുടെ മാതാവിന് നാം ബോധനം നല്കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക.(ഖു൪ആന്‍:28/7)
وَأَوْحَىٰ رَبُّكَ إِلَى ٱلنَّحْلِ أَنِ ٱتَّخِذِى مِنَ ٱلْجِبَالِ بُيُوتًا وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ
നിന്റെ നാഥന് തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.(ഖുർആൻ:1/68)
മറ്റൊന്ന്: ഈ ചരിത്രത്തിൽ നിന്നുള്ള മറ്റ് ഗുണപാഠങ്ങളിൽ പെട്ടതാണ്; അല്ലാഹു തന്റെ ദാസന്മാർക്ക് പഠിപ്പിച്ചു കൊടുക്കുന്ന അറിവ് രണ്ടു തരത്തിലുണ്ട് എന്നത്:
അതിലൊന്ന്: ഒരു ദാസൻ തന്റെ കഠിനാധ്വാനവും പരിശ്രമവും കൊണ്ട് നേടിയെടുക്കുന്ന അറിവാണ് (عِلْمٌ مُكْتَسَبٌ). രണ്ടാമത്തെ തരം: അല്ലാഹുവിന്റെ പക്കൽ നിന്നുള്ള ആത്മീയ ജ്ഞാനമാണ് (عِلْمٌ لَدُنِّيٌّ), താൻ അനുഗ്രഹിക്കാൻ ഉദ്ദേശിക്കുന്ന ദാസന്മാർക്ക് അല്ലാഹു അത് സമ്മാനമായി നൽകുന്നു. അല്ലാഹുവിന്റെ ഈ വാക്ക് അതിന് തെളിവാണ്: {നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്}
മറ്റൊന്ന്: അദ്ധ്യാപകനോട് മര്യാദയോടും വിനയത്തോടും കൂടി പെരുമാറലും, അറിവ് നേടുന്ന വിദ്യാർത്ഥി അദ്ധ്യാപകനോട് ഏറ്റവും സൌമ്യവും ആദരവുള്ളതുമായ ഭാഷയിൽ സംസാരിക്കലും. മൂസാ عليه السلام യുടെ ഈ വാക്ക് അതിന് തെളിവാണ്: {താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്മാര്ഗജ്ഞാനത്തില് നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ} ഇവിടെ മൂസാ عليه السلام തന്റെ വാക്കുകളെ തികച്ചും സൌമ്യതയുടെയും കൂടിയാലോചനയുടെയും രൂപത്തിലാണ് പുറത്തെടുത്തത്; അതായത് ‘താങ്കൾ എനിക്ക് അതിന് അനുവാദം തരുമോ ഇല്ലയോ?’ എന്ന രീതിയിലുള്ള ബഹുമാനത്തോടെയുള്ള ചോദിക്കലാണത്. താൻ അദ്ദേഹത്തിൽ നിന്നാണ് പഠിക്കുന്നതെന്ന കാര്യം മൂസാ عليه السلام തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. പരുഷ സ്വഭാവക്കാരോ അഹങ്കാരികളോ ആയ ആളുകളുടെ രീതിക്ക് വിപരീതമാണിത്. അങ്ങനെയുള്ളവർക്ക് തങ്ങൾക്ക് അദ്ധ്യാപകന്റെ അറിവിലേക്ക് ആവശ്യമുണ്ട് എന്ന് പ്രകടിപ്പിക്കാൻ മടിയായിരിക്കും. മറിച്ച്, താനും അദ്ധ്യാപകനും തമ്മിൽ തുല്യനിലയിൽ പരസ്പരം സഹായിക്കുകയാണെന്നാണ് അവർ വാദിക്കുക. ചിലപ്പോൾ താൻ തന്റെ അദ്ധ്യാപകനെയാണ് പഠിപ്പിക്കുന്നത് എന്ന് വരെ അവൻ വിചാരിച്ചേക്കാം, യഥാർത്ഥത്തിൽ അവൻ വലിയൊരു വിവരദോഷിയായിരിക്കുമ്പോൾ തന്നെ! ചുരുക്കത്തിൽ, അദ്ധ്യാപകന്റെ മുന്നിൽ വിനയം കാണിക്കുന്നതും അദ്ദേഹത്തിന്റെ അറിവിലേക്കുള്ള തന്റെ ആവശ്യം പ്രകടിപ്പിക്കുന്നതുമാണ് ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് ഏറ്റവും ഉപകാരപ്രദമായ കാര്യം.
മറ്റൊന്ന്: ഉന്നത പദവിയുള്ള ഒരാൾ, തന്നേക്കാൾ താഴെയുള്ള ആളിൽ നിന്നും പഠിക്കാൻ കാണിക്കുന്ന വിനയം. കാരണം മൂസാ عليه السلام തന്നെയാണ് – യാതൊരു സംശയവുമില്ല – ഖിള്ർ عليه السلام യേക്കാൾ ശ്രേഷ്ഠനും ഉത്തമനും.
മറ്റൊന്ന്: വളരെ അറിവുള്ളവനും ശ്രേഷ്ഠനുമായ ഒരു പണ്ഡിതൻ, താൻ അധികം വൈദഗ്ധ്യം നേടിയിട്ടില്ലാത്ത ഒരു മേഖലയിൽ അറിവ് നേടുന്നതിനായി, അതിൽ നല്ല വൈദഗ്ധ്യമുള്ള ഒരാളെ സമീപിച്ചു പഠിക്കാവുന്നതാണ്, ആ വ്യക്തി അറിവിന്റെ പൊതുവായ പദവികളിൽ തന്നെക്കാൾ എത്രയോ പടികൾ താഴെയാണെങ്കിൽ പോലും.
കാരണം, തീർച്ചയായും മൂസാ عليه السلام ദൂതന്മാരിൽ വെച്ച് ഏറ്റവും ദൃഢമനസ്കരായ (ഉലുൽ അസ്മ്) പ്രവാചകന്മാരിൽ പെട്ടയാളാണ്. മറ്റാർക്കും നൽകാത്ത അത്രയും വലിയ ജ്ഞാനം അല്ലാഹു അവർക്ക് (ആ പദവിയിലുള്ളവർക്ക്) നൽകുകയും അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, ഈ ഒരു പ്രത്യേക അറിവിന്റെ കാര്യത്തിൽ, മൂസാ നബി عليه السلام യുടെ പക്കലില്ലാത്ത ചിലത് ഖിള്റിന്റെ പക്കലുണ്ടായിരുന്നു; അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിൽ നിന്നും അത് പഠിച്ചെടുക്കാൻ മൂസാ നബി عليه السلام ഇത്രയധികം ആഗ്രഹിച്ചതും മുൻകൈ എടുത്തതും.
അതുകൊണ്ട്, ഈ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ; ഒരു ഫഖീഹിനോ (കർമ്മശാസ്ത്ര പണ്ഡിതൻ) മുഹദ്ദിസിനോ (ഹദീസ് പണ്ഡിതൻ) നഹ്വ് (അറബി വ്യാകരണ ശാസ്ത്രം), സ്വര്‍ഫ് (പദഘടനാ ശാസ്ത്രം) അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് വിജ്ഞാന ശാഖകൾ എന്നിവയിലോ കുറവുകളുണ്ടെങ്കിൽ. ആ വിഷയങ്ങളിൽ നല്ല നൈപുണ്യമുള്ള ഒരാളിൽ നിന്ന് അത് പഠിക്കാതിരിക്കാൻ പാടുള്ളതല്ല – ഇനി ആ പഠിപ്പിക്കുന്ന വ്യക്തി ഒരു മുഹദ്ദിസോ ഫഖീഹോ അല്ലെങ്കിൽ പോലും.
മറ്റൊന്ന്: അറിവും അതുപോലെയുള്ള മറ്റ് ഗുണങ്ങളും അല്ലാഹുവിലേക്ക് ചേർത്തു പറയേണ്ടതിന്റെ ആവശ്യകതയും, അത് തുറന്ന് സമ്മതിക്കലും, ആ അനുഗ്രഹങ്ങൾക്ക് അല്ലാഹുവോട് നന്ദി കാണിക്കലും. മൂസാ عليه السلام യുടെ ഈ വാക്ക് അതിന് തെളിവാണ്: {താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ടതില്‍ നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി} അതായത്: അല്ലാഹു താങ്കൾക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതിൽ നിന്നും.
മറ്റൊന്ന്: ഉപകാരപ്രദമായ അറിവ് (الْعِلْمَ النَّافِعَ) എന്നത് നന്മയിലേക്ക് വഴിനടത്തുന്ന അറിവാണ്. നന്മയുടെ വഴികളിലേക്ക് നേർവഴിയും ( رُشْدٌ) സന്മാർഗ്ഗദർശനവും (هِدَايَةٌ) നൽകുന്നതോ, അല്ലെങ്കിൽ തിന്മയുടെ വഴികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതോ, അതുമല്ലെങ്കിൽ അതിലേക്കുള്ള ഒരു മാധ്യമമായി വർത്തിക്കുന്നതോ ആയ ഏത് അറിവാണോ, തീർച്ചയായും അത് ഉപകാരപ്രദമായ അറിവിൽ പെട്ടതാണ്. അതിനു പുറമെയുള്ളത്, ഒന്നുകിൽ ഉപദ്രവകരമായിരിക്കും, അല്ലെങ്കിൽ അതിൽ യാതൊരു പ്രയോജനവും ഉണ്ടായിരിക്കുകയില്ല. മൂസാ عليه السلام യുടെ ഈ വാക്ക് അതിന് തെളിവാണ്: {താങ്കള്‍ക്ക് പഠിപ്പിക്കപ്പെട്ട സന്മാര്ഗജ്ഞാനത്തില് നിന്ന് എനിക്ക് താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി}
മറ്റൊന്ന്: ഒരു പണ്ഡിതന്റെ സഹവാസത്തിലും അറിവ് നേടുന്നതിലും ക്ഷമ കാണിക്കാനും, അതിൽ നല്ല രീതിയിൽ ഉറച്ചുനിൽക്കാനും ആർക്കാണോ കഴിയാത്തത്, അവന്റെ ആ ക്ഷമയില്ലായ്മയുടെ തോതനുസരിച്ച് വലിയൊരു ഭാഗം അറിവും അവന് നഷ്ടപ്പെട്ടുപോകും. ചുരുക്കത്തിൽ, ആർക്കാണോ ക്ഷമയില്ലാത്തത് അവൻ അറിവ് നേടിയെടുക്കുകയില്ല. എന്നാൽ ആര് ക്ഷമ കൈക്കൊള്ളുകയും അതിൽ നിലകൊള്ളുകയും ചെയ്യുന്നുവോ, അവൻ താൻ പരിശ്രമിച്ച ഏത് കാര്യവും അതുകൊണ്ട് നേടിയെടുക്കുക തന്നെ ചെയ്യും. ഖിള്ർ عليه السلام മൂസാ عليه السلام യോട് പറഞ്ഞ വാക്ക് ഇതിന് തെളിവാണ്: മൂസാ നബിക്ക് തന്നിൽ നിന്ന് വിദ്യ സ്വീകരിക്കുന്നതിന് തടസ്സമാകുന്ന കാര്യം (ക്ഷമയില്ലായ്മ) എടുത്തുപറഞ്ഞ് ഒഴികഴിവ് ബോധിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘തീർച്ചയായും താങ്കൾക്ക് എന്റെ കൂടെ ഒപ്പം ക്ഷമിച്ചിരിക്കാൻ സാധിക്കുകയേ ഇല്ല’.
മറ്റൊന്ന്: ക്ഷമ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം, താൻ ഏത് കാര്യത്തിലാണോ ക്ഷമിക്കാൻ കൽപ്പിക്കപ്പെട്ടിട്ടുള്ളത്, ആ കാര്യത്തെക്കുറിച്ച് മനുഷ്യന് കൃത്യമായ അറിവും ആഴത്തിലുള്ള ധാരണയും ഉണ്ടായിരിക്കുക എന്നതാണ്. ഇതിന് വിപരീതമായി, ഒരു കാര്യത്തെക്കുറിച്ചോ അതിന്റെ ലക്ഷ്യത്തെക്കുറിച്ചോ, അതിന്റെ ആത്യന്തികമായ ഫലത്തെയും ഉപകാരത്തെയും കുറിച്ചോ ഒരുവന് അറിയില്ലെങ്കിൽ, അവനിൽ ക്ഷമയുണ്ടാകാനുള്ള ഒരു കാരണവും (പ്രേരണയും) ബാക്കിയുണ്ടാകില്ല. ഖിള്ർ عليه السلام യുടെ ഈ വാക്ക് അതിന് തെളിവാണ്:{താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാകും.?} ഇവിടെ മൂസാ നബി عليه السلام ക്ക് ക്ഷമിക്കാൻ കഴിയാതെ പോയതിന്റെ യഥാർത്ഥ കാരണമായി ഖിള്ർ عليه السلام ചൂണ്ടിക്കാണിച്ചത്, ആ സംഭവങ്ങളുടെ പൊരുളിനെക്കുറിച്ച് മൂസാ നബി عليه السلام ക്ക് ആഴത്തിലുള്ള ധാരണ ഇല്ലായിരുന്നു എന്നതിനെയാണ്.
മറ്റൊന്ന്: ഒരു കാര്യത്തിന്റെ യഥാർത്ഥ ഉദ്ദേശ്യവും ലക്ഷ്യവും എന്താണെന്ന് കൃത്യമായി മനസ്സിലാക്കുന്നത് വരെ, കാര്യങ്ങളിൽ ധൃതി കാണിക്കാതെ സാവധാനത പാലിക്കാനും, സത്യാവസ്ഥ ബോധ്യപ്പെട്ട് ഉറപ്പുവരുത്താനും, പെട്ടെന്ന് തന്നെ ആ കാര്യത്തിന്മേൽ ഒരു വിധി കൽപ്പിക്കാതിരിക്കാനും ഉള്ള കൽപ്പന.
മറ്റൊന്ന്: ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന, മനുഷ്യന്റെ അധീനതയിലുള്ള കാര്യങ്ങളെ അല്ലാഹുവിന്റെ ഉദ്ദേശ്യവുമായി (الْمَشِيئَةِ) ബന്ധിപ്പിച്ചു പറയേണ്ടതാണ്. ഒരു മനുഷ്യനും തന്റെ ഭാവികാര്യങ്ങളെക്കുറിച്ച് ‘തീർച്ചയായും ഞാൻ നാളെ അല്ലെങ്കിൽ ഭാവിയിൽ അത് ചെയ്യും’ എന്ന് അറുത്തുപറയാൻ പാടുള്ളതല്ല – ‘ഇൻഷാ അല്ലാഹ്’ (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ) എന്ന് കൂട്ടിപ്പറഞ്ഞിട്ടല്ലാതെ.
മറ്റൊന്ന്: ഒരു കാര്യം ചെയ്യാൻ ഉറച്ചുതീരുമാനിക്കുന്നത്, ആ കാര്യം പ്രാവർത്തികമാക്കുന്നതിന് തുല്യമല്ല. തീർച്ചയായും മൂസാ عليه السلام പറഞ്ഞത്: {അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്}എന്നാണ്. അതായത്, അദ്ദേഹം തന്റെ മനസ്സിനെ ക്ഷമിക്കാൻ പാകപ്പെടുത്തുകയും അതിനായി ഉറച്ചുതീരുമാനിക്കുകയുമാണ് ചെയ്തത്; എന്നാൽ അദ്ദേഹത്തിന് അത് പൂർണ്ണമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല.
മറ്റൊന്ന്: ചില കാര്യങ്ങളെക്കുറിച്ച് അധ്യാപകൻ തന്നെ വിശദീകരിച്ചു നൽകുന്നതുവരെ വിദ്യാർത്ഥി സ്വയം ചോദ്യങ്ങൾ ഉന്നയിക്കാതിരിക്കുന്നതിലാണ് നന്മയുള്ളതെന്ന് അധ്യാപകന് ബോധ്യപ്പെട്ടാൽ, ആ നന്മയാണ് അവിടെ പരിഗണിക്കപ്പെടേണ്ടത് (പിൻപറ്റേണ്ടത്). വിദ്യാർത്ഥിയുടെ ഗ്രാഹ്യശേഷി പരിമിതമായിരിക്കുക, അല്ലെങ്കിൽ കൂടുതൽ പ്രാധാന്യമുള്ള മറ്റു വിഷയങ്ങൾ പഠിക്കാനുള്ളപ്പോൾ സൂക്ഷ്മവും വിശദവുമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നതിൽ നിന്ന് അധ്യാപകൻ അവനെ വിലക്കുക, അല്ലെങ്കിൽ വിദ്യാർത്ഥിയുടെ ബുദ്ധിക്ക് ആ വിഷയം ഉൾക്കൊള്ളാൻ സാധിക്കാതിരിക്കുക, അതുമല്ലെങ്കിൽ ചർച്ചാവിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങൾ അവൻ ചോദിക്കുക തുടങ്ങിയ സാഹചര്യങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.
മറ്റൊന്ന്: അപകടസാധ്യതയോ ഭയമോ ഇല്ലാത്ത സാധാരണ സാഹചര്യങ്ങളിൽ കടൽയാത്ര ചെയ്യുന്നത് അനുവദനീയമാണ്.
മറ്റൊന്ന്: മറന്നുപോയ ഒരാൾ, തന്റെ ആ മറവി കാരണം കുറ്റക്കാരനാവുകയോ ശിക്ഷിക്കപ്പെടുകയോ ഇല്ല, അത് അല്ലാഹുവിന്റെ അവകാശങ്ങളുമായി (ഇബാദത്തുകൾ) ബന്ധപ്പെട്ട കാര്യത്തിലായാലും, ഇനി മനുഷ്യരുടെ അവകാശങ്ങളുമായി (ഇടപാടുകൾ) ബന്ധപ്പെട്ട കാര്യത്തിലായാലും ശരി. മൂസാ നബി عليه السلام യുടെ ഈ വാക്ക് അതിന് തെളിവാണ്: {ഞാന്‍ മറന്നുപോയതിന് താങ്കള്‍ എന്റെ പേരില്‍ നടപടി എടുക്കരുത്}
മറ്റൊന്ന്: ഒരു മനുഷ്യൻ മറ്റുള്ളവരുടെ സ്വഭാവങ്ങളിൽ നിന്നും ഇടപാടുകളിൽ നിന്നും വിട്ടുവീഴ്ചാപരമായ കാര്യങ്ങളും അവരുടെ മനസ്സ് സന്തോഷത്തോടെ അനുവദിക്കുന്നതും മാത്രം സ്വീകരിക്കുകയാണ് വേണ്ടത്; ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ അവരെ നിർബന്ധിക്കുകയോ, അവരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ കാര്യങ്ങൾ പ്രയാസകരമാക്കുകയോ, അവരെ കടുത്ത സമ്മർദ്ദത്തിലാഴ്ത്തുകയോ ചെയ്യരുത്. അത് അവരിൽ വെറുപ്പും മടുപ്പും ഉണ്ടാക്കാൻ മാത്രമേ കാരണമാകൂ. പകരം, കാര്യങ്ങൾ എളുപ്പത്തിൽ നടക്കാൻ വേണ്ടി അവർക്ക് ചെയ്യാൻ സാധിക്കുന്ന ലളിതമായ കാര്യങ്ങൾ മാത്രം അവരിൽ നിന്ന് സ്വീകരിക്കുകയാണ് വേണ്ടത്.
മറ്റൊന്ന്: കാര്യങ്ങളുടെ വിധികൾ നടപ്പിലാക്കപ്പെടുന്നത് അവയുടെ ബാഹ്യരൂപം മുൻനിർത്തി മാത്രമാണ്. സമ്പത്ത്, രക്തം തുടങ്ങിയ ഭൗതികമായ എല്ലാ വിധിതീർപ്പുകളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഖിള്ർ عليه السلام കപ്പൽ ഓട്ടയാക്കിയപ്പോഴും ആ കുട്ടിയെ വധിച്ചപ്പോഴും മൂസാ عليه السلام അതിനെ ശക്തമായി എതിർത്തത്. കാരണം, ബാഹ്യമായി നോക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം തികച്ചും തെറ്റായ കാര്യങ്ങളായിരുന്നു. ഖിള്ർ عليه السلام ഉള്ള ഈ സവിശേഷമായ യാത്രയിലല്ലാതെ മറ്റേതൊരു സാഹചര്യത്തിലും ഇത്തരം കാര്യങ്ങൾ കാണുമ്പോൾ മിണ്ടാതിരിക്കാൻ മൂസാ നബി عليه السلام ക്ക് സാധിക്കുമായിരുന്നില്ല. അതിനാൽ മൂസാ عليه السلام ധൃതി കാണിക്കുകയും, പൊതുവായ നിയമങ്ങളുടെ പശ്ചാത്തലത്തിൽ ആ സംഭവങ്ങളിൽ പെട്ടെന്ന് തന്നെ വിധി കൽപ്പിക്കുകയും (എതിർക്കുകയും) ചെയ്തു. ഈ സവിശേഷമായ സാഹചര്യത്തിൽ താൻ ക്ഷമിക്കണമെന്നോ, ധൃതിപ്പെട്ട് എതിർക്കരുതെന്നോ ഉള്ള സാഹചര്യത്തെ അദ്ദേഹം ആ നിമിഷത്തിൽ ശ്രദ്ധിച്ചതുമില്ല.
മറ്റൊന്ന്: വളരെ മഹത്തരവും പ്രാധാന്യമർഹിക്കുന്നതുമായ ഒരു വലിയ തത്വമാണിത്: ‘ചെറിയൊരു തിന്മ ചെയ്തുകൊണ്ട് വലിയൊരു തിന്മയെ തടയാവുന്നതാണ്.’ അതുപോലെ, രണ്ട് നന്മകൾ ഒരുമിച്ചു വരുമ്പോൾ അതിൽ കുറഞ്ഞ നന്മയെ ഉപേക്ഷിച്ചുകൊണ്ട് വലിയ നന്മയെ സംരക്ഷിക്കേണ്ടതുമാണ്. ആൺകുട്ടിയെ വധിക്കുന്നത് (ബാഹ്യമായി) ഒരു തിന്മയാണ്; എന്നാൽ അവൻ ജീവിച്ചിരുന്ന് തന്റെ മാതാപിതാക്കളുടെ ദീൻ (വിശ്വാസം) നഷ്ടപ്പെടുത്താൻ കാരണമാകുന്നത് അതിനേക്കാൾ വലിയ തിന്മയാണ്. ആ കുട്ടിയെ കൊല്ലാതെ സംരക്ഷിക്കുന്നത് ഒരു നന്മയായി വിചാരിക്കാമെങ്കിലും, അവന്റെ മാതാപിതാക്കളുടെ വിശ്വാസവും ദീനും നിലനിർത്തുക എന്നത് അതിനേക്കാൾ വലിയ നന്മയാണ്. അതുകൊണ്ടാണ് ഖിള്ർ عليه السلام ആ കുട്ടിയെ വധിച്ചത്. ഈ ഒരു വലിയ തത്വത്തിന് കീഴിൽ എണ്ണമറ്റ (ഫിഖ്ഹിലെ) ശാഖാപരമായ വിധികൾ അടങ്ങിയിരിക്കുന്നു. മസ്ലഹത്തുകളും (നന്മകൾ) മഫ്സദത്തുകളും (തിന്മകൾ) ഒരേസമയം പരസ്പരം ഒത്തുചേരുകയും (ഏതിന് മുൻഗണന നൽകണം എന്നതിൽ ആശയക്കുഴപ്പം ഉണ്ടാവുകയും) ചെയ്യുന്ന എല്ലാ സാഹചര്യങ്ങളും ഈ ഒരു തത്വത്തിന്റെ പരിധിയിൽ വരുന്നതാണ്.
മറ്റൊന്ന്: വളരെ മഹത്തരമായ മറ്റൊരു തത്വമാണിത്: ‘ഒരാൾ മറ്റൊരാളുടെ സമ്പത്തിൽ (അയാളുടെ അനുവാദമില്ലാതെ തന്നെ) ഇടപെട്ടു പ്രവർത്തിക്കുന്നത് – അത് ആ സമ്പത്തിന്റെ നന്മയ്ക്കോ അല്ലെങ്കിൽ വരാനിരിക്കുന്ന വലിയൊരു നാശം തടയാനോ വേണ്ടിയാണെങ്കിൽ – അനുവദനീയമാണ്. ആ പ്രവർത്തനം കാരണം ആ വ്യക്തിയുടെ സമ്പത്തിന്റെ ചില ഭാഗങ്ങൾക്ക് നാശനഷ്ടം സംഭവിച്ചാൽ പോലും അത് അനുവദനീയമാണ്. ഖിള്ർ عليه السلام കപ്പലിൽ കേടുപാട് വരുത്തിയത് പോലെ. ആ കപ്പലിന് ഒരു പോരായ്മ വരുത്തുക വഴി ക്രൂരനായ രാജാവ് അത് ബലമായി പിടിച്ചെടുക്കുന്നതിൽ നിന്ന് ആ കപ്പൽ സുരക്ഷിതമായി രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം.
ഈ തത്വത്തിന്റെ അടിസ്ഥാനത്തിൽ: ഒരാളുടെ വീടിനോ സ്വത്തിനോ തീപിടിക്കുകയോ, പ്രളയത്തിൽ പെടുകയോ അല്ലെങ്കിൽ അതുപോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടാവുകയോ ചെയ്യുമ്പോൾ, ആ സ്വത്തിന്റെ ഒരു ഭാഗം നശിപ്പിക്കുകയോ വീടിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റുകയോ ചെയ്യുന്നത് വഴി ബാക്കി ഭാഗത്തെ രക്ഷിക്കാൻ കഴിയുമെങ്കിൽ, ഒരു മനുഷ്യന് അങ്ങനെ ചെയ്യാൻ അനുവാദമുണ്ട്. എന്ന് മാത്രമല്ല, മറ്റൊരാളുടെ സ്വത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അത് ചെയ്യൽ ഇസ്ലാം നിയമമാക്കിയതുമാണ്.
അതുപോലെതന്നെ, അക്രമിയായ ഒരാൾ മറ്റൊരാളുടെ സ്വത്ത് മുഴുവനായി തട്ടിയെടുക്കാൻ ശ്രമിക്കുമ്പോൾ, ആ സ്വത്തിന്റെ ബാക്കി ഭാഗം രക്ഷിച്ചെടുക്കാൻ വേണ്ടി അതിൽ നിന്നൊരു ഭാഗം ആ അക്രമിക്ക് കൊടുത്ത് ഒത്തുതീർപ്പാക്കുന്നതും അനുവദനീയമാണ്. അത് ഉടമസ്ഥന്റെ അനുവാദമില്ലാതെയാണെങ്കിൽ പോലും.
മറ്റൊന്ന്: കരയിൽ ജോലി ചെയ്ത് ജീവിക്കുന്നത് അനുവദനീയമായതുപോലെ തന്നെ കടലിലും ജോലി ചെയ്യുന്നത് അനുവദനീയമാണ്. അല്ലാഹു ഖുർആനിൽ പറഞ്ഞത്: {അവർ കടലിൽ ജോലി ചെയ്യുന്നവരായിരുന്നു} എന്നാണ്. അവരുടെ ആ ജോലിയെ അവൻ (അല്ലാഹു) ആക്ഷേപിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല.
മറ്റൊന്ന്: ഒരു പാവപ്പെട്ടവന് (മിസ്കീൻ) സ്വന്തമായി സ്വത്തോ വരുമാനമാർഗ്ഗമോ ഉണ്ടായിരിക്കാം; പക്ഷേ അത് അവന്റെ ജീവിതച്ചെലവുകൾക്ക് തികയുന്നുണ്ടാകില്ല. സ്വന്തമായി ഒരു സ്വത്തുണ്ടായതു കൊണ്ട് മാത്രം അവൻ ‘മിസ്കീൻ’ (പാവപ്പെട്ടവൻ) എന്ന പദവിയിൽ നിന്ന് പുറത്തുപോകുന്നില്ല. കാരണം, ആ മിസ്കീൻമാർക്ക് സ്വന്തമായി ഒരു കപ്പൽ ഉണ്ടായിരുന്നു എന്ന് അല്ലാഹു ഖുർആനിലൂടെ വ്യക്തമായി അറിയിച്ചിട്ടുണ്ടല്ലോ.
മറ്റൊന്ന്: കൊലപാതകം വൻപാപങ്ങളിൽ പെട്ടതാണ്. ആൺകുട്ടിയെ വധിച്ച സന്ദർഭത്തിൽ മൂസാ عليه السلام പറഞ്ഞ ഈ വാക്ക് അതിന് തെളിവാണ്: {തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്}
മറ്റൊന്ന്: പ്രതികാര നടപടിയായുള്ള (ഖിസാസ്) വധശിക്ഷ നടപ്പിലാക്കുന്നത് ഒരിക്കലും ഒരു തെറ്റോ ആക്ഷേപകരമായ കാര്യമോ അല്ല. മൂസാ നബി പറഞ്ഞ ഈ വാക്ക് അതിന് തെളിവാണ്: {(നിര്‍ദോഷിയായ ഒരാളെ) മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ (താങ്കള്‍ കൊന്നുവോ?)}
മറ്റൊന്ന്: സ്വാലിഹായ ദാസനെ അല്ലാഹു അവന്റെ കാര്യത്തിലും, അവന്റെ മരണശേഷം അവന്റെ മക്കളുടെയും കാര്യത്തിലും പ്രത്യേകമായി സംരക്ഷിക്കുന്നതാണ്.
മറ്റൊന്ന്: തീർച്ചയായും സ്വാലിഹീങ്ങളായ ആളുകളെ സേവിക്കുന്നതും അവരുമായി ബന്ധപ്പെട്ടവർക്ക് വേണ്ടി സേവനം ചെയ്യുന്നതും മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നതിനേക്കാൾ ഏറെ ഉത്തമവും പുണ്യകരവുമാണ്. കാരണം, ആ രണ്ട് അനാഥ കുട്ടികളുടെ നിധി പുറത്തെടുത്ത് നൽകിയതിനും അവർക്കായി മതിൽ കെട്ടിപ്പൊക്കിയതിനും കാരണമായി ഖിള്ർ عليه السلام വ്യക്തമാക്കിയത് ‘അവരുടെ പിതാവ് ഒരു സ്വാലിഹായ മനുഷ്യനായിരുന്നു’ എന്നാണ്.
മറ്റൊന്ന്: സംസാരത്തിൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ അല്ലാഹുവിനോട് മര്യാദ പുലർത്തുക. കാരണം, ഖിള്ർ عليه السلام കപ്പലിൽ കേടുപാട് വരുത്തിയതിനെ തന്റെ മേലാണ് ചേർത്തത്; {അതിനാല്‍ ഞാനത് കേടുവരുത്തണമെന്ന് ഉദ്ദേശിച്ചു} എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ നന്മയെയും അനുഗ്രഹത്തെയും കുറിച്ച് പറഞ്ഞപ്പോൾ അതിനെ അല്ലാഹുവിലേക്കാണ് അദ്ദേഹം ചേർത്തത്; അദ്ദേഹത്തിന്റെ ഈ വാക്ക് പോലെ: {അതിനാല്‍ അവര്‍ ഇരുവരും യൌവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന് താങ്കളുടെ രക്ഷിതാവ് ഉദ്ദേശിച്ചു താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം എന്ന നിലയിലത്രെ അത്} ഇബ്രാഹീം عليه السلام പറഞ്ഞതുപോലെ:
وَإِذَا مَرِضْتُ فَهُوَ يَشْفِينِ
എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. (ഖുർആൻ:26/80)
ജിന്നുകൾ പറഞ്ഞു:
وَأَنَّا لَا نَدْرِىٓ أَشَرٌّ أُرِيدَ بِمَن فِى ٱلْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا
ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്മയാണോ, ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞ് കൂടാ. (ഖുര്‍ആൻ:72/10)
എല്ലാം തന്നെ അല്ലാഹുവിന്റെ മുൻനിശ്ചയപ്രകാരവും (ഖളാഅ്) വിധിപ്രകാരവും (ഖദ്ർ) ആണെന്ന യാഥാർത്ഥ്യം നിലനിൽക്കെത്തന്നെയാണ് ഇത്.
മറ്റൊന്ന്: ഒരു സുഹൃത്തും തന്റെ സുഹൃത്തിനെ യാതൊരു സാഹചര്യത്തിലും പെട്ടെന്ന് ഉപേക്ഷിച്ചു പോകുകയോ സൗഹൃദം അവസാനിപ്പിക്കുകയോ ചെയ്യരുത്. പകരം, അവന് മനംമാറ്റത്തിനുള്ള അവസരം നൽകുകയും അവന് പറയാനുള്ള ന്യായങ്ങൾ കേൾക്കുകയും ചെയ്തതിന് ശേഷം മാത്രമേ സൗഹൃദം വേർപിരിയാവൂ; ഖിള്ർ عليه السلام മൂസാ عليه السلام യോട് ചെയ്തതുപോലെ.
മറ്റൊന്ന്: ഒരു സുഹൃത്ത് തന്റെ സുഹൃത്തിനോട് (വിലക്കപ്പെട്ടതോ തെറ്റായതോ ആയ കാര്യങ്ങളിലൊഴികെ) യോജിച്ചുപോകുന്നത് അവരുടെ സൗഹൃദം നിലനിൽക്കാനും അത് കൂടുതൽ ദൃഢമാകാനുമുള്ള പ്രധാന കാരണമാണ്. നേരെമറിച്ച്, പരസ്പരമുള്ള വിയോജിപ്പുകളും ഒത്തുപോകാതിരിക്കലും ആ സൗഹൃദവും കൂട്ടുകെട്ടും തകരുന്നതിലേക്ക് നയിക്കുന്ന കാരണവുമാണ്.
മറ്റൊന്ന്: ഖിള്ർ عليه السلام ചെയ്ത ഈ കാര്യങ്ങളെല്ലാം തന്നെ അല്ലാഹുവിന്റെ കേവലമായ വിധിപ്രകാരം (ഖദ്ർ) നടന്നവയാണ്. അല്ലാഹു അത് മുൻകൂട്ടി നിശ്ചയിക്കുകയും ഈ സദ്വൃത്തനായ ദാസന്റെ കൈകളിലൂടെ അത് പ്രകടിപ്പിക്കുകയും ചെയ്തു എന്ന് മാത്രം. തന്റെ വിധികളിലും തീരുമാനങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന അദൃശ്യമായ കാരുണ്യങ്ങളെക്കുറിച്ച് അടിമകൾക്ക് ഇതിലൂടെ ബോധ്യപ്പെടാൻ വേണ്ടിയാണിത്. ഒരു അടിമയ്ക്ക് ബാഹ്യമായി ഒട്ടും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ അല്ലാഹു അവന്റെ ജീവിതത്തിൽ വിധിച്ചേക്കാം; എന്നാൽ യഥാർത്ഥത്തിൽ അത് അവന്റെ ദീനിന്റെ നന്മയ്ക്കായിരിക്കും, ആൺകുട്ടിയുടെ സംഭവത്തിൽ കണ്ടതുപോലെ. അല്ലെങ്കിൽ അത് അവന്റെ ദുനിയാവിന്റെ നന്മയ്ക്കായിരിക്കും, കപ്പലിന്റെ സംഭവത്തിൽ കണ്ടതുപോലെ. അതിനാൽ, തന്റെ കാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും ഒരു മാതൃക അല്ലാഹു ഇതിലൂടെ മനുഷ്യർക്ക് കാണിച്ചുതരികയാണ്; അവർക്ക് ബാഹ്യമായി വെറുപ്പും പ്രയാസവും തോന്നുന്ന അല്ലാഹുവിന്റെ വിധികളിൽ പോലും അവർ (അതിന്റെ ആന്തരാർത്ഥം) തിരിച്ചറിയാനും പൂർണ്ണമനസ്സോടെ അതിൽ തൃപ്തിപ്പെടാനും വേണ്ടിയാണത്.
തഫ്സീറുസ്സഅ്ദി
www.kanzululoom.com