ആയത്തുദ്ദൈൻ : 50 പാഠങ്ങൾ

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا تَدَايَنتُم بِدَيْنٍ إِلَىٰٓ أَجَلٍ مُّسَمًّى فَٱكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبُۢ بِٱلْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ ٱللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ ٱلَّذِى عَلَيْهِ ٱلْحَقُّ وَلْيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبْخَسْ مِنْهُ شَيْـًٔا ۚ فَإِن كَانَ ٱلَّذِى عَلَيْهِ ٱلْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُۥ بِٱلْعَدْلِ ۚ وَٱسْتَشْهِدُوا۟ شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَٱمْرَأَتَانِ مِمَّن تَرْضَوْنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحْدَىٰهُمَا فَتُذَكِّرَ إِحْدَىٰهُمَا ٱلْأُخْرَىٰ ۚ وَلَا يَأْبَ ٱلشُّهَدَآءُ إِذَا مَا دُعُوا۟ ۚ وَلَا تَسْـَٔمُوٓا۟ أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰٓ أَجَلِهِۦ ۚ ذَٰلِكُمْ أَقْسَطُ عِندَ ٱللَّهِ وَأَقْوَمُ لِلشَّهَٰدَةِ وَأَدْنَىٰٓ أَلَّا تَرْتَابُوٓا۟ ۖ إِلَّآ أَن تَكُونَ تِجَٰرَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوٓا۟ إِذَا تَبَايَعْتُمْ ۚ وَلَا يُضَآرَّ كَاتِبٌ وَلَا شَهِيدٌ ۚ وَإِن تَفْعَلُوا۟ فَإِنَّهُۥ فُسُوقُۢ بِكُمْ ۗ وَٱتَّقُوا۟ ٱللَّهَ ۖ وَيُعَلِّمُكُمُ ٱللَّهُ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ.

സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്‌. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്‌. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ (എഴുതേണ്ട വാചകം) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെരക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും (ബാധ്യതയില്‍) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്‌. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വ്വം (വാചകം) പറഞ്ഞു കൊടുക്കേണ്ടതാണ്‌. നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. (തെളിവ് നല്‍കാന്‍) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്‌. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍ മടിക്കരുത്‌. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്‌. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖു൪ആന്‍:2/282)

ഇതാണ് ‘ആയത്തുദ്ദൈൻ’ (കടമിടപാടുകളെക്കുറിച്ചുള്ള വചനം); ഇത് വിശുദ്ധ ഖുർആനിലെ ഏറ്റവും വലിയ വചനവുമാണ്. തീർച്ചയായും ഈ വചനം, ഏറെ മഹത്തരമായതും അതിന്റെ പ്രയോജനത്തിലും പദവിയിലും അത്യധികം വിലമതിക്കാനാവാത്തതുമായ നിരവധി വിധികളെ ഉൾക്കൊണ്ടിരിക്കുന്നതുമാണ്:

1: ‘സലം’ (മുൻകൂർ പണം നൽകിയുള്ള കച്ചവടം) ഉൾപ്പെടെയുള്ള എല്ലാത്തരം കടമിടപാടുകളും ഇസ്‌ലാമിൽ അനുവദനീയമാണ് എന്നതാണ്. കാരണം, സത്യവിശ്വാസികൾക്കിടയിൽ നിലവിലുള്ള കടമിടപാടുകളെക്കുറിച്ച് അല്ലാഹു ഇവിടെ വിവരിക്കുന്നത്, അതിനെ അംഗീകരിച്ചുകൊണ്ടും അതിന്റെ നിയമങ്ങൾ വ്യക്തമാക്കിക്കൊണ്ടുമാണ്. ഇത് അവയുടെ അനുവദനീയതയെയാണ് വ്യക്തമാക്കുന്നത്.

2,3: ‘സലം’ കച്ചവടത്തിന് കൃത്യമായ ഒരു അവധി (തീയതി/സമയം) ഉണ്ടായിരിക്കൽ അനിവാര്യമാണ്. മാത്രമല്ല, ആ അവധി കൃത്യമായി നിർണ്ണയിക്കപ്പെട്ടതും വ്യക്തമായി അറിയപ്പെട്ടതും ആയിരിക്കണം. അതുകൊണ്ടുതന്നെ, (ചരക്ക് കൈമാറാൻ) ഒട്ടും അവധി നിശ്ചയിക്കാതെയുള്ള ഉടനടിയുള്ള രീതിയിലോ, അല്ലെങ്കിൽ വ്യക്തമല്ലാത്ത ഏതെങ്കിലും ഒരു അവധി നിശ്ചയിച്ചുകൊണ്ടോ ‘സലം’ കച്ചവടം നടത്തിയാൽ അത് സാധുവാകുകയില്ല.

4: എല്ലാത്തരം കടമിടപാട് കരാറുകളും എഴുതിവെക്കണമെന്ന (അല്ലാഹുവിന്റെ) കൽപ്പനയാണ്; ഒന്നുകിൽ അത് നിർബന്ധം എന്ന നിലക്കോ, അല്ലെങ്കിൽ ഉത്തമം എന്ന നിലയ്ക്കോ ആണ്. അത് എഴുതിവെക്കേണ്ടതിന്റെ അത്യധികമായ ആവശ്യം മുൻനിർത്തിയാണിത്. കാരണം, എഴുതിവെക്കാതിരുന്നാൽ (ഇടപാടുകളിൽ) തെറ്റുകൾ, മറവി, പരസ്പര തർക്കങ്ങൾ, വഴക്കുകൾ എന്നിവ കടന്നുകൂടുകയും വലിയ തോതിലുള്ള തിന്മകൾ ഉണ്ടാകുകയും ചെയ്യും.

5: (കടമിടപാടുകൾ രേഖപ്പെടുത്താൻ വേണ്ടി) ഒരു എഴുത്തുകാരനെ  ചുമതലപ്പെടുത്തണമെന്ന കൽപ്പന.

6: എഴുത്തുകാരൻ സ്വന്തം വ്യക്തിത്വത്തിൽ നീതിമാനും വിശ്വസ്തനും ആയിരിക്കണം; അവന്റെ എഴുത്ത് പ്രമാണമായി സ്വീകരിക്കപ്പെടാൻ ഇത് അനിവാര്യമാണ്. കാരണം, ഒരു ഫാസിഖിന്റെ (അധര്‍മ്മകാരി) വാക്കോ അവന്റെ എഴുത്തോ പരിഗണിക്കപ്പെടുകയില്ല.

7: ഇടപാടിൽ ഏർപ്പെടുന്ന രണ്ട് കക്ഷികൾക്കുമിടയിൽ പൂർണ്ണമായും നീതി പുലർത്തൽ ആ എഴുത്തുകാരന് നിർബന്ധമാണ്. അതിനാൽ കുടുംബബന്ധം, സൗഹൃദം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാൽ അവൻ അവരിൽ ഏതെങ്കിലും ഒരു കക്ഷിയോട് മാത്രം ചായ്‌വ് കാണിക്കാൻ പാടുള്ളതല്ല.

8: കരാർ രേഖകൾ എങ്ങനെ എഴുതണമെന്നും, അതിൽ ഇരു കക്ഷികൾക്കും ബാധകമാകുന്ന അവകാശങ്ങളും കടമകളും എന്തൊക്കെയാണെന്നും, എന്തൊക്കെ ചേർത്താലാണ് കരാർ നിയമപരമായി സുരക്ഷിതമാവുക എന്നും കൃത്യമായി അറിയുന്നവനായിരിക്കണം എഴുത്തുകാരൻ. കാരണം, ഈ അറിവില്ലാതെ (ഇടപാടിൽ) നീതി പുലർത്തുക സാധ്യമല്ല. ഇത് അല്ലാഹുവിന്റെ ഈ പ്രസ്താവനയിൽ നിന്ന് എടുത്തതാണ്:

وَلْيَكْتُب بَّيْنَكُمْ كَاتِبُۢ بِٱلْعَدْلِ

ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ.

9: മുമ്പ് സൂചിപ്പിച്ചതുപോലെയുള്ള നീതിമാനും വിശ്വസ്തനുമായ ഒരു എഴുത്തുകാരന്റെ കൈപ്പടയിലുള്ള ഒരു കരാർ രേഖ കണ്ടെത്തുകയാണെങ്കിൽ, അതിൻപ്രകാരം പ്രവർത്തിക്കൽ (അത് പ്രമാണമായി സ്വീകരിക്കൽ) നിർബന്ധമാണ്; ആ എഴുത്തുകാരനും അതിലെ സാക്ഷികളും മരണപ്പെട്ടുപോയിട്ടുണ്ടെങ്കിൽ പോലും.

10: അല്ലാഹു പറയുന്നു:

وَلَا يَأْبَ كَاتِبٌ أَن يَكْتُبَ

ഒരു എഴുത്തുകാരനും എഴുതാന്‍ വിസമ്മതിക്കരുത്‌.

അതായത്, എഴുത്ത് വിദ്യ പഠിപ്പിച്ചുതന്നുകൊണ്ട് അല്ലാഹു ഏതൊരാൾക്കാണോ അനുഗ്രഹം ചെയ്തത്, അവൻ കടമിടപാടുകാർക്കിടയിൽ  എഴുതിക്കൊടുക്കുന്നതിൽ നിന്ന് പിന്മാറാൻ പാടുള്ളതല്ല. അല്ലാഹു അവന് എഴുത്ത് പഠിപ്പിച്ചുതന്നുകൊണ്ട് അവനോട് എങ്ങനെയാണോ നന്മ ചെയ്തത്, അതുപോലെ തന്റെ എഴുത്ത് ആവശ്യമുള്ളവരായ അല്ലാഹുവിന്റെ ദാസന്മാരോട് അവനും നന്മ ചെയ്യട്ടെ; അവർക്കുവേണ്ടി അത് എഴുതിക്കൊടുക്കുന്നതിൽ നിന്ന് അവൻ ഒട്ടും വിസമ്മതിക്കരുത്.

11: ആരുടെ മേലാണോ ബാധ്യതയുള്ളത് (കടം വാങ്ങിയ കക്ഷി), അയാൾ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ മാത്രമേ എഴുത്തുകാരൻ എഴുതാവൂ എന്ന (അല്ലാഹുവിന്റെ) കൽപ്പനയാണിത്.

12: ഇടപാടിൽ ഏർപ്പെടുന്ന രണ്ട് കക്ഷികളിൽ ആരാണോ എഴുത്തുകാരന് വ്യവസ്ഥകൾ പറഞ്ഞു കൊടുക്കേണ്ടത്, അത് കടബാധ്യതയുള്ളയാൾ (കടം വാങ്ങിയ കക്ഷി) തന്നെ ആയിരിക്കണം എന്നതാണ്.

13: തന്റെ മേലുള്ള മുഴുവൻ ബാധ്യതയും (കടം വാങ്ങിയയാൾ) കൃത്യമായി വിവരിച്ചു കൊടുക്കണമെന്നും, അതിൽ നിന്ന് യാതൊന്നും തന്നെ കുറവ് വരുത്താൻ പാടില്ലെന്നുമുള്ള അല്ലാഹുവിന്റെ കൽപ്പനയാണിത്.

14: ഒരാളുടെ (കടപ്പെട്ടിരിക്കുന്നുവെന്ന) സ്വന്തം പ്രഖ്യാപനം സ്വീകാര്യമാണ്. കാരണം, ആരുടെ മേലാണോ ബാധ്യതയുള്ളത് അവനോടാണ് എഴുത്തുകാരന് പറഞ്ഞു കൊടുക്കാൻ അല്ലാഹു കൽപ്പിച്ചിട്ടുള്ളത്. അതുവഴി, അവന്റെ ആ സമ്മതപ്രകാരം കരാർ എഴുതപ്പെട്ടു കഴിഞ്ഞാൽ, അവൻ സ്വന്തത്തിനെതിരായി എന്തൊന്നാണോ സമ്മതിച്ചത് ആ കടപ്പാടും അതിന്റെ ഉള്ളടക്കവും (നിയമപരമായി) സ്ഥിരപ്പെടുന്നതാണ്; അതിനുശേഷം തനിക്ക് പിഴവ് പറ്റിയതാണെന്നോ അല്ലെങ്കിൽ മറവി സംഭവിച്ചതാണെന്നോ അവൻ വാദിച്ചാൽ പോലും (അത് പരിഗണിക്കപ്പെടില്ല).

15: ഒരാളുടെ മേൽ ബാധ്യതയുള്ള കടത്തിൽ – അതിന്റെ അളവ് (കൂടുതലോ കുറവോ എന്നത്), അതിന്റെ സ്വഭാവം (ഉടനടി നൽകേണ്ടതാണോ അതോ അവധിയുള്ളതാണോ എന്നത്) തുടങ്ങിയവ തെളിയിക്കേണ്ടത് തെളിവുകളെ (സാക്ഷികളെ) അടിസ്ഥാനമാക്കിയാണെങ്കിൽ – അത്തരം സാഹചര്യങ്ങളിൽ കടം വീട്ടാനുള്ളവന്റെ (കടം വാങ്ങിയ കക്ഷിയുടെ) വാക്കാണ് സ്വീകരിക്കപ്പെടുക; അല്ലാതെ അവകാശമുള്ളവന്റെ (കടം കൊടുത്ത കക്ഷിയുടെ) വാക്കല്ല. കാരണം, തന്റെ മേലുള്ള ബാധ്യതയിൽ നിന്ന് യാതൊന്നും കുറവ് വരുത്തരുതെന്ന്  അല്ലാഹു കൽപ്പിച്ചത് കടം വാങ്ങിയവനോടാണ്. അതിനർത്ഥം, കടത്തിന്റെ അളവിനെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും അവൻ പറയുന്ന വാക്ക് തന്നെയാണ് (അടിസ്ഥാനപരമായി) സ്വീകരിക്കപ്പെടുക എന്നാണ്.

16: ഒരാളുടെ മേൽ ബാധ്യതയുള്ള കടത്തിൽ – അതിന്റെ അളവിലോ, അതിന്റെ ഗുണമേന്മയിലോ, അതിന്റെ അവധിയിലോ, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ വ്യവസ്ഥകളിലോ ഉള്ളടക്കങ്ങളിലോ യാതൊരുവിധ കുറവോ നഷ്ടമോ വരുത്തൽ കടബാധ്യതയുള്ളവന്റെ മേൽ നിഷിദ്ധമാണ്.

17: പ്രായക്കുറവ്, ബുദ്ധിമാന്ദ്യം, സംസാരശേഷിയില്ലായ്മ അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് കാരണങ്ങളാൽ കടബാധ്യതയുടെ വ്യവസ്ഥകൾ സ്വന്തമായി പറഞ്ഞു കൊടുക്കാൻ സാധിക്കാത്തവർക്ക് വേണ്ടി, അവരുടെ വലിയ്യ് (രക്ഷകര്‍ത്താവ്) ആ സ്ഥാനത്ത് നിന്നുകൊണ്ട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും (ബാധ്യത) സമ്മതിച്ചു പ്രഖ്യാപിക്കുകയും  ചെയ്യേണ്ടതാണ്.

18: കടബാധ്യതയുള്ളവൻ ഏതൊരു തരത്തിലുള്ള നീതി പുലർത്താനും, (ഇടപാടിൽ) യാതൊരു കുറവും വരുത്താതിരിക്കാനും  ബാധ്യസ്ഥനാണോ, അതേ നീതി പുലർത്താൻ വലിയ്യും ബാധ്യസ്ഥനാണ്. കാരണം, അല്ലാഹു بِٱلْعَدْلِ (നീതിയോടെ) എന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

19: വലിയ്യ് നീതിമാനും വിശ്വസ്തനും ആയിരിക്കണം എന്നത് ഒരു നിബന്ധനയാണ്. കാരണം, മുമ്പ് സൂചിപ്പിച്ചതുപോലെയുള്ള പൂർണ്ണമായ നീതിയോടെയുള്ള പറഞ്ഞു കൊടുക്കൽ ഒരു ഫാസിഖിൽ നിന്ന്  ഉണ്ടാവുക സാധ്യമല്ല.

20: (പ്രായപൂർത്തിയാകാത്ത കുട്ടികൾ, ബുദ്ധിപരമായ പരിമിതികൾ നേരിടുന്നവർ തുടങ്ങിയ ദുർബലരുടെ) സാമ്പത്തിക കാര്യങ്ങളിൽ വിലായത്ത് (രക്ഷാകർത്തൃത്വം) നിയമപരമായി സ്ഥിരപ്പെടുന്നു എന്നതാണ്.

21: (വലിയ്യ് മുഖേന കരാർ എഴുതപ്പെടുമ്പോൾ) ആ കടപ്പാടും ബാധ്യതയും  നിയമപരമായി ഉണ്ടാകുന്നത് ആ കുട്ടിയുടെയോ, വിവേകമില്ലാത്തവന്റെയോ, ഭ്രാന്തന്റെയോ, ബലഹീനന്റെയോ മേലാണ്; അല്ലാതെ അവരുടെ വലിയ്യിന്റെ മേലല്ല.

22: കുട്ടികൾ, വിവേകമില്ലാത്തവർ, ഭ്രാന്തന്മാർ, ബുദ്ധിമാന്ദ്യമുള്ളവര്‍ തുടങ്ങിയവരുടെ സമ്മതപ്രഖ്യാപനങ്ങളും അവരുടെ സാമ്പത്തിക ഇടപാടുകളും  നിയമപരമായി സാധുതയുള്ളതല്ല. കാരണം, അല്ലാഹു (കരാർ വ്യവസ്ഥകൾ) പറഞ്ഞു കൊടുക്കാനുള്ള അധികാരം നൽകിയത് അവരുടെ വലിയ്യിനാണ്; അവരോടുള്ള കൃപയും കാരുണ്യവും മുൻനിർത്തി അതിൽ യാതൊരു അധികാരവും അല്ലാഹു അവർക്ക് നൽകിയിട്ടില്ല. അവരുടെ സ്വത്തുക്കൾ നശിച്ചുപോയേക്കുമെന്ന ഭയത്താലാണ് (അല്ലാഹു ഈ നിയമം നിശ്ചയിച്ചിട്ടുള്ളത്)

23: മുമ്പ് പരാമർശിച്ച വിഭാഗങ്ങളിൽ പെട്ടവരുടെ (കുട്ടികൾ, ബുദ്ധിപരമായ പരിമിതികൾ നേരിടുന്നവർ തുടങ്ങിയവരുടെ) സ്വത്തുക്കളിൽ വലിയ്യ് നടത്തുന്ന സാമ്പത്തിക ഇടപാടുകൾ നിയമപരമായി സാധുതയുള്ളതാണ്.

24: കടമിടപാടുകാർക്ക് പരസ്പരം തങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായ കാര്യങ്ങൾ ഒരു മനുഷ്യൻ പഠിച്ചുവെക്കൽ ശരീഅത്തിൽ അനുവദിക്കപ്പെട്ടതും നിയമമാക്കപ്പെട്ടതുമാണ് എന്ന് ഈ വചനത്തിലുണ്ട്. കാരണം, ഇതിന്റെയെല്ലാം യഥാർത്ഥ ലക്ഷ്യം, (ഇടപാടുകൾ) ഉറപ്പുവരുത്തലും നീതി നടപ്പിലാക്കലുമാണ്. ശരീഅത്ത് നിയമമാക്കിയ ഒരു കാര്യം പൂർണ്ണമാകാൻ ഏത് കാര്യമാണോ അനിവാര്യമായിട്ടുള്ളത്, ആ കാര്യവും ശരീഅത്ത് നിയമമാക്കിയ തന്നെയാണ്.

25: എഴുത്ത് (സാക്ഷരത) പഠിക്കുക എന്നത് ശരീഅത്തിൽ നിയമമാക്കപ്പെട്ടതാണ് ; തന്നെയുമല്ല, അത് ഒരു ‘ഫർദ്വ് കിഫായ’ (സാമൂഹിക ബാധ്യത) കൂടിയാണ്. കാരണം, കടങ്ങളും മറ്റും എഴുതിവെക്കാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. എഴുത്ത് പഠിക്കാതെ ഇത് സാക്ഷാത്കരിക്കുക സാധ്യമല്ല താനും.

26: സാമ്പത്തിക കരാറുകളിൽ സാക്ഷികളെ നിർത്താൻ (മനുഷ്യൻ) കൽപ്പിക്കപ്പെട്ടിരിക്കുന്നു. ഈ കൽപ്പന പ്രോത്സാഹിപ്പിക്കപ്പെട്ടത് എന്ന നിലയ്ക്കുള്ളതാണ്. കാരണം, ഇതിന്റെ യഥാർത്ഥ ലക്ഷ്യം അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ ആവശ്യമായ മാർഗ്ഗദർശനം നൽകുക എന്നതാണ്; ഇത് പൂർണ്ണമായും ബാധ്യതയുള്ളവരുടെ നന്മയ്ക്ക് വേണ്ടിയുള്ളതുമാണ്. അതേസമയം, ഇടപാടുകൾ നടത്തുന്ന വ്യക്തി ഒരു അനാഥ കുട്ടിയുടെയോ (യതീം), അല്ലെങ്കിൽ ഒരു വഖഫ് സ്വത്തിന്റെയോ, അതുപോലെയുള്ള സംരക്ഷിക്കൽ നിർബന്ധമായിട്ടുള്ള മറ്റ് കാര്യങ്ങളുടെയോ വലിയ്യ് ആണെങ്കിൽ, അവിടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്ന സാക്ഷികളെ നിർത്തൽ ‘വാജിബ്’ (നിർബന്ധം) ആയിത്തീരുന്നതാണ്.

27: സാമ്പത്തിക ഇടപാടുകളിലും അതുപോലെയുള്ള മറ്റ് കാര്യങ്ങളിലും സാക്ഷികളുടെ നിശ്ചിത എണ്ണം എന്നത് രണ്ട് പുരുഷന്മാരാണ്; അല്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ്. തന്നെയുമല്ല, (പൂർണ്ണമായ സാക്ഷികളില്ലാത്തപ്പോൾ) ഒരു സാക്ഷിയോടൊപ്പം വാദിയുടെ  സത്യപ്രതിജ്ഞയും കൂടി ചേർത്തുവെച്ചാൽ അത് (തെളിവായി) സ്വീകരിക്കപ്പെടുമെന്ന് തിരുസുന്നത്തും തെളിയിക്കുന്നുണ്ട്.

28: കുട്ടികളുടെ (പ്രായപൂർത്തിയാകാത്തവരുടെ) സാക്ഷിമൊഴി നിയമപരമായി സ്വീകാര്യമല്ല. കാരണം, ഖുർആൻ പ്രയോഗിച്ച  الرجل (പുരുഷൻ) എന്ന പദത്തിന്റെ സാമാന്യാർത്ഥം നൽകുന്ന സൂചന അതാണ്.

29: സാമ്പത്തിക ഇടപാടുകളിലും അതുപോലെയുള്ള മറ്റ് കാര്യങ്ങളിലും സ്ത്രീകൾ മാത്രമായി നൽകുന്ന സാക്ഷിമൊഴി നിയമപരമായി സ്വീകാര്യമല്ല. കാരണം, അല്ലാഹു അവരുടെ സാക്ഷിമൊഴി സ്വീകരിച്ചിട്ടുള്ളത് ഒരു പുരുഷനോടൊപ്പം മാത്രമാണ്. എന്നിരുന്നാലും, അല്ലാഹു രണ്ട് സ്ത്രീകളെ ഒരു പുരുഷന്റെ സ്ഥാനത്ത് നിശ്ചയിച്ചത് ഖുർആനിൽ വ്യക്തമാക്കിയ പ്രത്യേകമായ ഒരു യുക്തി മുൻനിർത്തിയാണെന്നും, ആ യുക്തി സ്ത്രീകൾ മാത്രമായിരിക്കുമ്പോഴും ഒരു പുരുഷനോടൊപ്പം ആയിരിക്കുമ്പോഴും ഒരുപോലെ നിലനിൽക്കുന്നതാണെന്നും ഇവിടെ ചിലപ്പോൾ പറയപ്പെട്ടേക്കാം. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

30:പ്രായപൂർത്തിയായ അടിമയുടെ സാക്ഷിമൊഴി സ്വതന്ത്രനായ മനുഷ്യന്റെ സാക്ഷിമൊഴി പോലെ തന്നെ നിയമപരമായി സ്വീകാര്യമാണ്. കാരണം, അല്ലാഹുവിന്റെ ഈ പൊതുവായ കൽപ്പനയാണ് അതിന് തെളിവ്;

وَٱسْتَشْهِدُوا۟ شَهِيدَيْنِ مِن رِّجَالِكُمْ

നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുക.

പ്രായപൂർത്തിയായ അടിമയും നമ്മുടെ പുരുഷന്മാരിൽ പെട്ടവൻ തന്നെയാണല്ലോ.

31:സത്യനിഷേധികളുടെ സാക്ഷിമൊഴി – അവർ പുരുഷന്മാരായാലും സ്ത്രീകളായാലും – സ്വീകാര്യമല്ല. കാരണം, അവർ നമ്മിൽ പെട്ടവരല്ല. തന്നെയുമല്ല, സാക്ഷിമൊഴിയുടെ അടിസ്ഥാനം എന്നത് ‘വിശ്വസ്തത’ ആണ്; സത്യനിഷേധിയാകട്ടെ (ആ അർത്ഥത്തിൽ) വിശ്വസ്തതനായി പരിഗണിക്കപ്പെടുന്നതുമല്ല.

32:പുരുഷന് സ്ത്രീക്കുമേലുള്ള മുൻഗണനയും ഈ വചനത്തിലുണ്ട്. (സാക്ഷിമൊഴിയിൽ) ഒരു പുരുഷന്റെ സ്ഥാനം രണ്ട് സ്ത്രീകൾക്ക് തുല്യമായി നിശ്ചയിക്കപ്പെട്ടത് പുരുഷന്റെ ഓർമ്മശക്തിയുടെ കരുത്ത് കാരണത്താലും, സ്ത്രീയുടെ ഓർമ്മശക്തിയിൽ വരാവുന്ന കുറവ് കാരണത്താലുമാണ്.

33:ഒരാൾ തന്റെ സാക്ഷിമൊഴി മറന്നുപോവുകയും, പിന്നീട് (മറ്റൊരാൾ) ഓർമ്മിപ്പിച്ചതിലൂടെയോ അല്ലെങ്കിൽ സ്വയമേയോ അത് ഓർമ്മിച്ചെടുക്കുകയും ചെയ്താൽ, അവന്റെ ആ സാക്ഷിമൊഴി നിയമപരമായി സ്വീകാര്യമാണ്. കാരണം അല്ലാഹുവിന്റെ ഈ പ്രസ്താവനയാണ് അതിന് തെളിവ്:

فَتُذَكِّرَ إِحْدَىٰهُمَا ٱلْأُخْرَىٰ

അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി.

34:ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത്, നിർബന്ധിതമായിട്ടുള്ള അവകാശങ്ങൾ തെളിയിക്കേണ്ട ഒരു സാക്ഷിമൊഴി തനിക്ക് മറന്നുപോകുമെന്ന് ഒരു സാക്ഷി ഭയപ്പെടുന്നുവെങ്കിൽ, അത് എഴുതിവെക്കൽ അവന്റെമേൽ ‘വാജിബ്’ (നിർബന്ധം) ആയിത്തീരുന്നതാണ്. കാരണം, ഒരു നിർബന്ധ ബാധ്യത പൂർണ്ണമാകാൻ എന്താണോ അനിവാര്യമായിട്ടുള്ളത്, അതും നിർബന്ധം തന്നെയാണ്.

35:ഒരു സാക്ഷിയോട് സാക്ഷിമൊഴി നൽകാൻ ആവശ്യപ്പെടുകയും, അയാൾക്ക് (തക്കതായ) മറ്റ് തടസ്സങ്ങൾ ഒന്നുമില്ലാതിരിക്കുകയും ചെയ്താൽ, സാക്ഷി പറയുന്നതിൽ നിന്ന് വിസമ്മതിക്കൽ അയാൾക്ക് ഒട്ടും അനുവദനീയമല്ല; മറിച്ച് വന്ന് സാക്ഷി പറയൽ അവന്റെമേൽ ‘വാജിബ്’ (നിർബന്ധം) ആണ്. കാരണം അല്ലാഹുവിന്റെ ഈ പ്രസ്താവനയാണ് അതിന് തെളിവ്:

وَلَا يَأْبَ ٱلشُّهَدَآءُ إِذَا مَا دُعُوا۟

തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്‌.

36:സാക്ഷിമൊഴി സ്വീകരിക്കപ്പെടാൻ ആവശ്യമായ യോഗ്യതകൾ ഇല്ലാത്ത ഒരു വ്യക്തിയെയാണ് (സാക്ഷി പറയാൻ) വിളിക്കുന്നതെങ്കിൽ, ആ വിളിക്ക് ഉത്തരം നൽകൽ (അഥവാ വന്ന് സാക്ഷി പറയൽ) അവന്റെമേൽ നിർബന്ധമില്ല. കാരണം, അവന്റെ സാക്ഷിമൊഴി കൊണ്ട് യാതൊരു പ്രയോജനവുമില്ല; തന്നെയുമല്ല, അവൻ ശരീഅത്ത് അംഗീകരിക്കുന്ന സാക്ഷികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതുമില്ല.

37: കടമിടപാടുകൾ എഴുതിവെക്കുന്ന കാര്യത്തിൽ – അത് ചെറുതാകട്ടെ വലുതാകട്ടെ – അതുപോലെ തിരികെ നൽകേണ്ട കാലാവധി വ്യക്തമാക്കുന്നതിലും, ആ കരാറിൽ ഉൾപ്പെട്ടിട്ടുള്ള മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും രേഖപ്പെടുത്തുന്നതിലും മടുപ്പ് കാണിക്കുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും (ശരീഅത്ത്) വിലക്കിയിരിക്കുന്നു.

38:കരാറുകളിൽ എഴുതിവെക്കലും സാക്ഷികളെ നിർത്തലും നിയമമാക്കിയതിന് പിന്നിലെ യുക്തി വ്യക്തമാക്കലാണിത്.

ذَٰلِكُمْ أَقْسَطُ عِندَ ٱللَّهِ وَأَقْوَمُ لِلشَّهَٰدَةِ وَأَدْنَىٰٓ أَلَّا تَرْتَابُوٓا۟ ۖ

അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും.

കാരണം, മനുഷ്യരുടെയും നാടിന്റെയും നിലനിൽപ്പിന് ആധാരമായിട്ടുള്ള ‘നീതി’ അതിൽ ഉൾക്കൊണ്ടിരിക്കുന്നു. എഴുത്തിനോടൊപ്പമുള്ള സാക്ഷ്യം ഏറ്റവും കൃത്യതയുള്ളതും, പരിപൂർണ്ണമായതും, അതുപോലെതന്നെ സംശയം, ആശയക്കുഴപ്പം, തർക്കങ്ങൾ, പിണക്കങ്ങൾ എന്നിവയിൽ നിന്ന് ഏറ്റവും അകറ്റിനിർത്തുന്നതുമാകുന്നു.

39:ഇതിൽ നിന്ന് ഇതും മനസ്സിലാക്കാവുന്നതാണ്: ഒരാൾക്ക് തന്റെ സാക്ഷിമൊഴിയെക്കുറിച്ച് ആശയക്കുഴപ്പമോ സംശയമോ ഉണ്ടായാൽ, (ആ കാര്യത്തിൽ) സാക്ഷി പറയാൻ മുന്നോട്ട് വരാൻ അവന് ഒട്ടും അനുവാദമില്ല; മറിച്ച് (സാക്ഷി പറയണമെങ്കിൽ) അക്കാര്യത്തിൽ പൂർണ്ണമായ ദൃഢബോധ്യം ഉണ്ടായിരിക്കൽ അനിവാര്യമാണ്.

40:അല്ലാഹു പറയുന്നു:

إِلَّآ أَن تَكُونَ تِجَٰرَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا

എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല.

കച്ചവടം എന്നത് നേരിട്ടുള്ളതും ഉടനടിയുള്ളതുമായതും ആണെങ്കിൽ, അത് എഴുതിവെക്കാതിരിക്കുന്നതിൽ ശരീഅത്ത് ഇളവ് നൽകിയിട്ടുണ്ട്. കാരണം, അത്തരം സാഹചര്യങ്ങളിൽ എഴുതിവെക്കേണ്ടതിന്റെ അത്രയധികം കഠിനമായ ആവശ്യം വരുന്നില്ല.

41:നേരിട്ടുള്ള കച്ചവടങ്ങളിൽ അത് എഴുതിവെക്കാതിരിക്കാൻ ഇളവ് നൽകപ്പെട്ടിട്ടുണ്ടെങ്കിലും, അത്തരം സന്ദർഭങ്ങളിലും സാക്ഷികളെ നിർത്തൽ ശരീഅത്തിൽ നിയമമാക്കപ്പെട്ടിരിക്കുന്നു (പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു). കാരണം, അല്ലാഹുവിന്റെ ഈ കൽപ്പനയാണ് അതിന് തെളിവ്:

وَأَشْهِدُوٓا۟ إِذَا تَبَايَعْتُمْ

എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്‌.

42:കരാർ എഴുതുന്ന വ്യക്തിക്ക് (എഴുത്തുകാരന്) ഉപദ്രവമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നത് ശരീഅത്ത് വിലക്കിയിരിക്കുന്നു. ഉദാഹരണത്തിന്, അയാൾ ജോലിയിലോ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളിലോ വ്യാപൃതനായിരിക്കുന്ന സമയത്തോ അല്ലെങ്കിൽ അയാൾക്ക് കഠിനമായ പ്രയാസം നേരിടുന്ന സാഹചര്യങ്ങളിലോ (എഴുതാൻ വരണമെന്ന് നിർബന്ധിച്ച്) അയാളെ വിളിക്കുന്നത് ഇതിൽ പെടുന്നു.

43:അതുപോലെതന്നെ സാക്ഷിയെ  ബുദ്ധിമുട്ടിക്കുന്നതും ശരീഅത്ത് വിലക്കിയിരിക്കുന്നു. ഉദാഹരണത്തിന്, അയാൾക്ക് കഠിനമായ പ്രയാസമുണ്ടാക്കുന്ന രോഗാവസ്ഥയിലോ അല്ലെങ്കിൽ ജോലിത്തിരക്കുകളിലോ ആയിരിക്കുമ്പോൾ, ഇടപാടിന് സാക്ഷിയായി നിൽക്കാനോ അല്ലെങ്കിൽ സാക്ഷിമൊഴി നൽകാനോ ആവശ്യപ്പെട്ട് അയാളെ വിളിക്കുന്നത് ഇതിൽ പെടുന്നു. അല്ലാഹുവിന്റെ ഈ പ്രസ്താവനയായ وَلَا يُضَآرَّ كَاتِبٌ وَلَا شَهِيدٌ {ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല.}എന്നതിനെ Passive Voice ആയി നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ, അതിനെ Active Voice ആയി നിശ്ചയിക്കുകയാണെങ്കിൽ, അതിൽ സാക്ഷിക്കും എഴുത്തുകാരനും ഉള്ള വിലക്കാണ് അടങ്ങിയിരിക്കുന്നത്; അവകാശപ്പെട്ട വ്യക്തിയെ (ഇടപാടുകാരനെ) സഹായിക്കാൻ വിസമ്മതിക്കുകയോ, അല്ലെങ്കിൽ അവർക്ക് താങ്ങാനാവാത്ത വിധം കഠിനമായ കൂലി  ആവശ്യപ്പെടുകയോ ചെയ്തുകൊണ്ട് അവർ അയാളെ ബുദ്ധിമുട്ടിക്കാൻ പാടില്ല എന്ന വിലക്കാണത്. മേൽപറഞ്ഞവയാണ് 44,45 നിയമങ്ങൾ.

46: (എഴുത്തുകാരനെയും സാക്ഷിയെയും ബുദ്ധിമുട്ടിക്കുകയോ അല്ലെങ്കിൽ അവർ തിരിച്ചും ഇടപാടുകാരെ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്ന) ഇത്തരം വിലക്കപ്പെട്ട കാര്യങ്ങൾ പ്രവർത്തിക്കുന്നത് ‘ഫിസ്ഖിന്റെ’ (അല്ലാഹുവിന്റെ കൽപ്പന ലംഘിക്കുന്ന അധർമ്മകാരികളുടെ) സ്വഭാവഗുണങ്ങളിൽ പെട്ടതാണ്. കാരണം, അല്ലാഹുവിന്റെ ഈ പ്രസ്താവനയാണ് അതിന് തെളിവ്:

وَإِن تَفْعَلُوا۟ فَإِنَّهُۥ فُسُوقُۢ بِكُمْ

നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ അധർമ്മമാകുന്നു

47:ഫിസ്ഖ് (അധർമ്മം), ഈമാൻ (വിശ്വാസം), നിഫാഖ് (കപടത), ശത്രുത, ഉറ്റബന്ധം  തുടങ്ങിയ വിശേഷണങ്ങൾ ഒരൊറ്റ മനുഷ്യനിൽ തന്നെ ഭാഗികമായി വിഭജിക്കപ്പെട്ട് നിലകൊള്ളാമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. അതായത്, ഒരാളിൽ തന്നെ ഒരേസമയം ഫിസ്ഖിന്റെ (അധർമ്മത്തിന്റെ) അംശവും അതല്ലാത്തതും ഉണ്ടായേക്കാം. അതുപോലെതന്നെ (ഒരേ വ്യക്തിയിൽ) ഈമാനിന്റെയും കുഫ്റിന്റെയും (സത്യനിഷേധത്തിന്റെയും) അംശങ്ങൾ ഒരുമിച്ചു കൂടാം. കാരണം, അല്ലാഹു പറഞ്ഞത്:   فَإِنَّهُۥ فُسُوقُۢ بِكُمْ{ അത് നിങ്ങളുടെ ധിക്കാരമാകുന്നു} എന്നാണ്; അല്ലാതെ നിങ്ങൾ فاسقون  എന്നോ فُسّاق എന്നോ അല്ലാഹു പറഞ്ഞിട്ടില്ല.

48:[ഖുർആൻ വചനത്തിൽ ഇതിന്റെ സ്ഥാനം  മുമ്പായതുകൊണ്ട്, ഇവിടെ പറയുന്നതിനേക്കാൾ മുമ്പ് പ്രതിപാദിക്കപ്പെടേണ്ടതായിരുന്നു] സാക്ഷികളിൽ العدالة (വിശ്വാസ്യതയും നീതിനിഷ്ഠയും) ഉണ്ടായിരിക്കൽ നിർബന്ധമാണ്. കാരണം, അല്ലാഹുവിന്റെ ഈ പ്രസ്താവനയാണ് അതിന് തെളിവ്:

مِمَّن تَرْضَوْنَ مِنَ ٱلشُّهَدَآءِ

നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന്.

49:സാക്ഷിയിലെ ‘അദാലത്ത്’ (വിശ്വാസ്യത/നീതിനിഷ്ഠ) നിശ്ചയിക്കുന്നതിൽ ഓരോ കാലത്തെയും സ്ഥലത്തെയും സാമൂഹിക മര്യാദകൾ പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട്, ഏത് നാട്ടിലാണോ ജനങ്ങൾക്കിടയിൽ ഒരാൾ വിശ്വസ്തനും മാന്യനുമായി പരിഗണിക്കപ്പെടുന്നത്, അയാളുടെ സാക്ഷിമൊഴി  സ്വീകരിക്കപ്പെടേണ്ടതാണ്.

50:(ആയത്തിൽ പറഞ്ഞ ഈ തത്വങ്ങളിൽ നിന്ന്) പശ്ചാത്തലം അജ്ഞാതനായ ഒരു വ്യക്തിയുടെ സാക്ഷിമൊഴി, അയാൾ വിശ്വസ്തനാണെന്ന് സാക്ഷ്യപ്പെടുത്തപ്പെടുന്നത്  വരെ സ്വീകരിക്കാൻ പാടില്ല എന്ന നിയമവും വേർതിരിച്ചെടുക്കാവുന്നതാണ്.

നിലവിലെ സാഹചര്യങ്ങൾക്കും (എന്റെ) പരിമിതമായ അറിവിനും അനുസരിച്ച് ഈ പുണ്യസൂക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കാവുന്ന വിധികൾ മാത്രമാണ് ഇവയെല്ലാം. അല്ലാഹുവിന്റെ വചനങ്ങളിൽ ഇനിയും അനവധി വിജ്ഞാനങ്ങളും രഹസ്യങ്ങളുമുണ്ട്; അവൻ ഉദ്ദേശിക്കുന്ന തന്റെ ദാസന്മാർക്ക് മാത്രമാണ് അവൻ അത് പ്രത്യേകമായി നൽകുന്നത്.

 

തഫ്സീറുസ്സഅ്ദി

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *