عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ جَلَسَ فِي مَجْلِسٍ فَكَثُرَ فِيهِ لَغَطُهُ، فَقَالَ قَبْلَ أَنْ يَقُومَ مِنْ مَجْلِسِهِ ذَلِكَ: سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ, أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ؛ إِلَّا غُفِرَ لَهُ مَا كَانَ فِي مَجْلِسِهِ ذَلِكَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു സദസ്സിൽ ഇരിക്കുകയും അവിടെ അവന്റെ ഭാഗത്തുനിന്ന് അനാവശ്യമായ സംസാരങ്ങൾ അധികരിക്കുകയും ചെയ്യുമ്പോൾ, അവൻ ആ സദസ്സിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പായി ഇപ്രകാരം ചൊല്ലിയാൽ, ആ സദസ്സിൽ അവനിൽ നിന്ന് സംഭവിച്ചുപോയ തെറ്റുകൾ അവന് പൊറുക്കപ്പെടാതിരിക്കില്ല (അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്)
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ, أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
അല്ലാഹുവേ, നീയെത്ര പരിശുദ്ധൻ! നിനക്കാണ് സർവ്വ സ്തുതിയും. നീയല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഞാൻ നിന്നോട് പാപമോചനം തേടുകയും നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. (തിര്‍മിദി, നസാഇ)
ഒരു മുസ്ലിം തന്റെ സദസ്സുകളിൽ വെറുതെയുള്ള സംസാരങ്ങളിൽ നിന്നും സൂക്ഷ്മത പാലിക്കാൻ കൽപ്പിക്കപ്പെട്ടവനാണ്. തന്റെ സദസ്സുകളിൽ താൻ പറയുന്ന വാക്കുകൾ തനിക്കെതിരെ കണക്കാക്കപ്പെടുന്നവയാണെന്നും, അവ തന്റെ കർമ്മങ്ങളിൽ എണ്ണപ്പെടുന്നവയാണെന്നും ഒരാൾ ബോധവാനായിരിക്കണം. അല്ലാഹുവെ ഭയപ്പെടുക എന്നത് അവന്റെ മേൽ നിർബന്ധമാണ്. എന്നാൽ ഒരു ദാസൻ ഇതിനായി എത്രതന്നെ പരിശ്രമിച്ചാലും, തന്റെ സദസ്സുകളിൽ അവനിൽ നിന്ന് ചില വീഴ്ചകൾ സംഭവിക്കുക തന്നെ ചെയ്യും. പുണ്യകരമായ കാര്യങ്ങളിൽ വ്യാപൃതനാകുന്നതിന് പകരം കേവലം മുബാഹായ (അനുവദനീയമായ) കാര്യങ്ങളിൽ മുഴുകിയതുവഴി ആ സദസ്സിലെ ചില നന്മകൾ തനിക്ക് നഷ്ടപ്പെടുത്തി എന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെങ്കിൽ പോലും, ആ വീഴ്ച തന്നെ ധാരാളമാണ്. അങ്ങനെയെങ്കിൽ, പല സദസ്സുകളും വെറുതെയുള്ള സംസാരങ്ങളിൽ നിന്നും ചിലപ്പോഴൊക്കെ പാപങ്ങളിൽ നിന്നും പോലും മുക്തമല്ലെന്നിരിക്കെ കാര്യങ്ങൾ എങ്ങനെയായിരിക്കും! അതിനാൽ, ഈ വചനങ്ങൾ ആ സദസ്സിൽ വെച്ച് സംഭവിച്ചുപോയ കാര്യങ്ങൾക്ക് ആ ദാസനുള്ള ഒരു പ്രായശ്ചിത്തമാണ് (കഫ്ഫാറത്ത്).
നാവിന്റെ ദോഷങ്ങൾ കാരണം ആളുകളുടെ സദസ്സുകളിൽ സംഭവിക്കുന്ന തെറ്റുകളും പാപങ്ങളും രണ്ട് വിഭാഗങ്ങളായി തിരിക്കപ്പെടുന്നുണ്ട്:
ഒന്നാമത്തേത്: വൻപാപങ്ങൾ – ഉദാഹരണത്തിന്: പരദൂഷണം, ഏഷണി, പരിഹാസം, ശപിക്കൽ, തെറിവിളി, അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കൽ എന്നിവ.
അതുകൊണ്ട്, ഒരാൾക്ക് തന്റെ സദസ്സിൽ ഇരുന്ന് താൻ ഉദ്ദേശിക്കുന്നവരെക്കുറിച്ചെല്ലാം പരദൂഷണം പറയുകയും, ഏഷണി കൂട്ടുകയും, കളിയാക്കി പരിഹസിക്കുകയും, നിഷിദ്ധമായതും പാപകരമായതുമായ കാര്യങ്ങൾ സംസാരിക്കുകയും ചെയ്യാം, എന്നിട്ട്: ‘ഞാൻ ഈ തസ്ബീഹ് ചൊല്ലി എന്റെ സദസ്സ് അവസാനിപ്പിക്കാം, അപ്പോൾ സംഭവിച്ചതെല്ലാം പൊറുക്കപ്പെടും’ എന്ന് പറയാൻ ഈ ഹദീസ് തെളിവല്ല. കാരണം, വൻപാപങ്ങൾക്ക് തീർച്ചയായും പശ്ചാത്താപം (തൗബ) അനിവാര്യമാണ്. ഇനി അതിന്റെ ആഘാതം മറ്റുള്ളവരിലേക്ക് പടരുന്നതാണെങ്കിൽ (മറ്റുള്ളവരെ ബാധിക്കുന്നതാണെങ്കിൽ), ആ ദോഷഫലത്തെ ഇല്ലാതാക്കലും അനിവാര്യമാണ്.
ഉദാഹരണത്തിന്, ഒരാൾ ഏഷണി പറഞ്ഞ് രണ്ടുപേർക്കിടയിൽ ശത്രുത ഉണ്ടാക്കുകയോ, അല്ലെങ്കിൽ പരദൂഷണം പറഞ്ഞ് ഏതെങ്കിലും ഒരു മുസ്ലിമിനെതിരെ മറ്റുള്ളവരുടെ മനസ്സുകളിൽ വിദ്വേഷം നിറയ്ക്കുകയോ ചെയ്താൽ, ‘സദസ്സിന്റെ ഒടുവിൽ ഞാൻ ഈ ദിക്ർ ചൊല്ലാം, അത് സംഭവിച്ചതിനെല്ലാം പ്രായശ്ചിത്തമാകും’ എന്ന് പറയുന്നത് മാത്രം മതിയാവുകയില്ല. വൻപാപങ്ങളിൽ നിന്ന് അല്ലാഹുവിലേക്ക് തൗബ ചെയ്യുക എന്നത് തന്നെയാണ് അതിന് അനിവാര്യമായിട്ടുള്ളത്.
രണ്ടാമത്തേത്: ചെറുപാപങ്ങളും നിസ്സാരമായ തെറ്റുകളുമാണ്, അതായത് അതിന്റെ ദോഷഫലം മറ്റുള്ളവരിലേക്ക് പടരാത്ത തരത്തിലുള്ളവ. അത്തരം തെറ്റുകൾക്ക് സദസ്സിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ചൊല്ലുന്ന ഈ പ്രാർത്ഥന പ്രായശ്ചിത്തമായി ഭവിക്കുന്നു.
ചുരുക്കത്തിൽ, ഒരു ദാസൻ തന്റെ സദസ്സുകളെയും കൂട്ടായ്മകളെയും തെറ്റുകളിൽ നിന്നും പാപങ്ങളിൽ നിന്നും കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണ്. ഒപ്പം പ്രവാചകൻ (സ്വല്ലല്ലാഹു അലൈഹിവസല്ലം) പഠിപ്പിച്ചുതന്ന, ബറക്കത്തുള്ളതും മഹത്തരവുമായ ഈ ദിക്ർ ചൊല്ലിക്കൊണ്ട് തന്റെ സദസ്സുകൾ അവസാനിപ്പിക്കാൻ അവൻ പ്രത്യേകം താല്പര്യമെടുക്കുകയും വേണം.
ഹദീസിലെ :{അവൻ ആ സദസ്സിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പായി പറഞ്ഞാൽ} എന്നത് സൂചിപ്പിക്കുന്നത്, ആ സദസ്സിൽ നിന്ന് എഴുന്നേൽക്കുന്നതിന് തൊട്ടുമുമ്പ്, അത് ആ സദസ്സിന്റെ തന്നെ അവസാന വാക്കായിരിക്കത്തക്ക വണ്ണം ആ സദസ്സിൽ വെച്ചുതന്നെ ഇത് ചൊല്ലാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ്.
ഈ ദിക്ർ, അനാവശ്യ സംസാരങ്ങൾ അധികരിച്ച സദസ്സുകൾ അവസാനിപ്പിക്കുന്നതിന് മാത്രമായി പരിമിതപ്പെട്ടിട്ടുള്ളതല്ല. മറിച്ച്, അത് എല്ലാത്തരം സദസ്സുകളെയും ഉൾക്കൊള്ളുന്നതാണ്; അത് ദിക്റിന്റെ സദസ്സുകൾ ആണെങ്കിൽ പോലും.
عن جبير بن مطعم رضي الله عنه أن رسول الله صلى الله عليه وسلم قال: من قال: {سبحانَ اللهِ وبحمدِه سبحانك اللهمَّ وبحمدِك أشهدُ أنْ لا إلهَ إلا أنت أستغفرُكَ وأتوبُ إليك} فقالها في مجلسِ ذكرٍ كان كالطابعِ يُطبعُ عليه ومن قالها في مجلسِ لغوٍ كان كفارةً له.
ജുബൈർ ബ്നു മുത്ഇം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും: ‘സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനകല്ലാഹുമ്മ വബിഹംദിക, അശ്ഹദു അൻ ലാ ഇലാഹ ഇല്ലാ അൻത, അസ്തഗ്ഫിറുക വഅതൂബു ഇലൈക്’ എന്ന് ചൊല്ലിയാൽ; അവനത് ഒരു ദിക്റിന്റെ സദസ്സിലാണ് ചൊല്ലിയതെങ്കിൽ, അത് ആ സദസ്സിന്മേൽ അടിക്കുന്ന ഒരു മുദ്രയായി (അവിടുത്തെ പുണ്യങ്ങൾ സൂക്ഷിച്ചുവെക്കുന്ന ഒന്നായി) മാറുന്നതാണ്. എന്നാൽ അവനത് അനാവശ്യ കാര്യങ്ങൾ സംസാരിച്ച ഒരു സദസ്സിലാണ് ചൊല്ലിയതെങ്കിൽ, അത് അവന് ആ സദസ്സിലെ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായി (കഫ്ഫാറത്ത്) മാറുന്നതുമാണ്. (ഹാകിം)
ഹദീസിലെ :{അല്ലാഹുവേ, നീയെത്ര പരിശുദ്ധൻ! നിനക്കാണ് സർവ്വ സ്തുതിയും. നീയല്ലാതെ യാതൊരു ആരാധ്യനുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു} എന്നത്, അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നാല് വാക്കുകളിൽ പെട്ട മൂന്ന് വാക്കുകളെ ഒന്നിച്ച് ചേർത്തുവെച്ചിരിക്കുന്നു: ‘തസ്ബീഹ് (سُبْحَانَ اللهِ), തഹ്മീദ് (الْحَمْدُ للهِ), തഹ്ലീൽ (لَا إِلَه إِلَّا اللهُ).
അതിനെ തുടർന്ന് പാപമോചന പ്രാർത്ഥനയും വരുന്നു: {ഞാൻ നിന്നോട് പാപമോചനം തേടുകയും നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു} അതായത്: അല്ലാഹുവേ, നീ എനിക്ക് പൊറുത്തുതരണമെന്നും എന്റെ പശ്ചാത്താപം സ്വീകരിക്കണമെന്നും ഞാൻ നിന്നോട് അപേക്ഷിക്കുന്നു.
ഹദീസിലെ : {ആ സദസ്സിൽ അവനിൽ നിന്ന് സംഭവിച്ചുപോയ തെറ്റുകൾ അവന് പൊറുക്കപ്പെടാതിരിക്കില്ല} എന്നതിന്റെ അർത്ഥം: ചെറുപാപങ്ങൾ പൊറുക്കപ്പെടും എന്നാണ്. എന്നാൽ വൻപാപങ്ങളുടെ കാര്യം പറയുകയാണെങ്കിൽ, അതിന് തീർച്ചയായും പശ്ചാത്താപം (തൗബ) അനിവാര്യമാണെന്നാണ് പ്രമാണങ്ങൾ വ്യക്തമാക്കുന്നത്.
إِن تَجْتَنِبُوا۟ كَبَآئِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّـَٔاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا
നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍:4/31)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” الصَّلاَةُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ كَفَّارَةٌ لِمَا بَيْنَهُنَّ مَا لَمْ تُغْشَ الْكَبَائِرُ ”
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അഞ്ചു നേരത്തെ നമസ്കാരങ്ങളും, ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയുള്ള കാര്യങ്ങളും അവയ്ക്കിടയിൽ സംഭവിച്ചുപോകുന്ന തെറ്റുകൾക്ക് പരിഹാരമാണ്; വൻപാപങ്ങൾ ചെയ്യാതിരിക്കുന്നിടത്തോളം കാലം. (മുസ്ലിം:233)
അഞ്ച് നേരത്തെ നമസ്കാരങ്ങൾ എന്നത് ‘സുബ്ഹാനകല്ലാഹുമ്മ വബിഹംദിക, അശ്ഹദു അൻ ലാ ഇലാഹ ഇല്ലാ അൻത, അസ്തഗ്ഫിറുക വഅതൂബു ഇലൈക്’ എന്ന് പറയുന്നതിനേക്കാൾ എത്രയോ മഹത്തരമാണെന്നത് അറിയപ്പെട്ട കാര്യമാണ്. മാത്രമല്ല, ഈ വാക്കുകളെല്ലാം തന്നെ നമസ്കാരത്തിൽ അടങ്ങിയിട്ടുമുണ്ട്; തസ്ബീഹും, തക്ബീറും , തഹ്ലീലും, ഇസ്തിഗ്ഫാറുമെല്ലാം അതിലുണ്ട്. എന്നിട്ടുപോലും ഇത്രയും മഹത്തരമായ നമസ്കാരത്തെക്കുറിച്ച് പോലും നബി ﷺ പറഞ്ഞത്:{വൻപാപങ്ങൾ ചെയ്യാതിരിക്കുന്നിടത്തോളം കാലം} എന്നാണ്.
ഇനി, ആ സദസ്സിൽ മുസ്ലിംകളുടെ അഭിമാനങ്ങളെ ഹനിക്കുന്ന തരത്തിലുള്ള സംസാരങ്ങളാണ് ഉണ്ടായതെങ്കിൽ – ഉദാഹരണത്തിന്: പരദൂഷണം (ഗീബത്ത്), ഏഷണി (നമീമത്ത്), പരിഹാസം തുടങ്ങിയവ – അവയൊക്കെ മനുഷ്യരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അങ്ങനെയുള്ളപ്പോൾ ഒരാൾ ഈ ദിക്ർ ചൊല്ലിയതുകൊണ്ട് മാത്രം ആ അവകാശങ്ങൾ ഇല്ലാതായി എന്ന് കരുതുന്നത് മതിയാവുകയില്ല. കാരണം, ആ ആളുകൾ സ്വയം വിട്ടുവീഴ്ച ചെയ്യുകയും മാപ്പ് നൽകുകയും ചെയ്യാതെ ഈ അവകാശങ്ങൾ ഇല്ലാതാവുകയില്ല.
മറിച്ച്, അതിൽ നിന്ന് തീർച്ചയായും പശ്ചാത്തപിക്കുക (തൗബ ചെയ്യുക) തന്നെ വേണം; താൻ അത് പറഞ്ഞതിനെക്കുറിച്ച് ഓർത്ത് ഖേദിച്ചുകൊണ്ടും, ഇനി തന്റെ ഭാവിയിലെ സദസ്സുകളിൽ ഒരിക്കലും അതിലേക്ക് മടങ്ങുകയില്ലെന്നും അത് പൂർണ്ണമായി ഉപേക്ഷിക്കുമെന്നും ഉറച്ചു തീരുമാനിച്ചുകൊണ്ടും. ഇതാണ് التَّوبة النَّصوح (നിഷ്കളങ്കമായ പശ്ചാത്താപം). അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. (ഖു൪ആന്‍:66/8)
സ്വീകരിക്കപ്പെടുന്ന പശ്ചാത്താപത്തിന്റെ നിബന്ധനകളിൽ പെട്ടതാണ് അത് നിഷ്കളങ്കമായത് (نصوحًا) ആയിരിക്കുക എന്നത്. തൗബയുടെ നിബന്ധനകളെല്ലാം ഒത്തുചേർന്ന പശ്ചാത്താപമാണ് التَّوبة النَّصوح (നിഷ്കളങ്കമായ പശ്ചാത്താപം) എന്ന് പറയുന്നത്; അതായത്: ചെയ്ത തെറ്റിനെക്കുറിച്ച് ഓർത്ത് ഖേദിക്കുക, ആ തെറ്റ് പൂർണ്ണമായി ഉപേക്ഷിക്കുക, ഇനി ഒരിക്കൽക്കൂടി ആ പാപത്തിലേക്ക് മടങ്ങുകയില്ലെന്ന് ഉറച്ചു തീരുമാനിക്കുക എന്നിവയാണ് അവ.
www.kanzululoom.com