അറിയുക: ഉദാരവും സഹിഷ്ണുതയുമുള്ള ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനം എന്നത് എളുപ്പത്തിലും, ലളിതതയിലും, പ്രയാസങ്ങൾ നീക്കുന്നതിലുമാണ് നിലകൊള്ളുന്നത്. അല്ലാഹു പറയുന്നു:
لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ
അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.
يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ
നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന് ഉദ്ദേശിക്കുന്നില്ല. (ഖുർആൻ:2/185)
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? (ഖുർആൻ:54/17)
ഇസ്ലാം മതം അതിന്റെ വിശ്വാസ കാര്യങ്ങളിലും വിധികൾ, കൽപ്പനകൾ, വിലക്കുകൾ എന്നിവയിലെല്ലാം എളുപ്പമുള്ളതാണ്. അതിന്റെ വിശ്വാസ പ്രമാണങ്ങൾ ഏറ്റവും ശരിയും സത്യസന്ധവും മനുഷ്യന് ഏറ്റവും ഉപകാരപ്രദവുമായ ഒന്നാണ്. അതിന്റെ ധാർമ്മിക മൂല്യങ്ങൾ ഏറ്റവും സ്തുത്യർഹവും മനോഹരവും ഉത്തമവുമാണ്. അതിന്റെ കർമ്മങ്ങളും വിധികളും ഏറ്റവും നല്ലതും നീതിപൂർവ്വകവും നേരായതുമാണ്. ഈ മതത്തിന്റെ ഭംഗി, പവിത്രത, ശുദ്ധി, ശോഭ, ലാളിത്യം, എളുപ്പം എന്നിവയെക്കുറിച്ച് ആരെങ്കിലും ആഴത്തിൽ ചിന്തിക്കുകയാണെങ്കിൽ, അവൻ ഈ മതത്തെ കൂടുതൽ ശക്തമായി മുറുകെ പിടിക്കുന്നവനും അതിനെ ആദരിക്കുന്നവനും അതിന്റെ വിശ്വാസങ്ങളും വിധികളും യഥാവിധി അനുഷ്ഠിക്കുന്നവനുമായി മാറും.
عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: إن الدين يسر.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും മതം എളുപ്പമുള്ളതാണ്. (തിര്‍മിദി:39)
“തീർച്ചയായും മതം എളുപ്പമുള്ളതാണ്” എന്ന പ്രവാചക വചനത്തിന്റെ അർത്ഥം: ഇസ്ലാം മതം അതിന്റെ വിശ്വാസ കാര്യങ്ങളിലും, ധാർമ്മികതയിലും, കർമ്മങ്ങളിലും, പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളിലും, ഉപേക്ഷിക്കേണ്ട കാര്യങ്ങളിലുമെല്ലാം ലളിതമാക്കപ്പെട്ടതും എളുപ്പമുള്ളതുമാണ് എന്നാണ്. അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, പരലോകദിനത്തിലും, നന്മയും തിന്മയുമായ അല്ലാഹുവിന്റെ വിധികളിലും (ഖദ്ർ) വിശ്വസിക്കുക എന്നതിലേക്ക് മടങ്ങുന്ന ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങൾ, ഹൃദയങ്ങൾക്ക് ശാന്തി നൽകുന്ന ഏറ്റവും ശരിയായ വിശ്വാസങ്ങളാണ്. അത് വിശ്വസിക്കുകയും അതിൽ മുറുകെ പിടിക്കുകയും ചെയ്യുന്നവനെ ഏറ്റവും ഉന്നതമായ ലക്ഷ്യത്തിലേക്കും ഏറ്റവും ഉത്തമമായ പ്രതിഫലത്തിലേക്കുമാണ് അത് എത്തിക്കുന്നത്.
ഇസ്ലാമിന്റെ ധാർമ്മിക മൂല്യങ്ങളും കർമ്മങ്ങളും ഏറ്റവും പൂർണ്ണമായ സ്വഭാവ മഹിമയും ഏറ്റവും ഉത്തമമായ പ്രവൃത്തികളുമാണ്. അവയിലാണ് മതത്തിന്റെയും ഇഹലോകത്തിന്റെയും പരലോകത്തിന്റെയും നന്മ നിലകൊള്ളുന്നത്. അവ നഷ്ടപ്പെടുന്നതിലൂടെ എല്ലാ നന്മകളും ഇല്ലാതാവുകയും ചെയ്യും. ഇവയെല്ലാം തന്നെ അങ്ങേയറ്റം ലളിതമാക്കപ്പെട്ടതും എളുപ്പമുള്ളതുമാണ്; ഉത്തരവാദിത്തമുള്ള ഏതൊരു വ്യക്തിക്കും തനിക്ക് ഇതൊക്കെ ചെയ്യാൻ കഴിയുമെന്നും, ഇവ തനിക്ക് താങ്ങാൻ കഴിയാത്ത ഭാരമോ പ്രയാസമോ ഉണ്ടാക്കുന്നില്ലെന്നും സ്വയം ബോധ്യപ്പെടുന്നതാണ്. അതിന്റെ വിശ്വാസപ്രമാണങ്ങൾ ഏറ്റവും ശരിയും ലളിതവുമാണ്; ആരോഗ്യകരമായ ചിന്താഗതിയുള്ള ബുദ്ധിയും നേരായ മനുഷ്യപ്രകൃതിയും അതിനെ എളുപ്പത്തിൽ സ്വീകരിക്കും. അതിന്റെ നിർബന്ധ കർമ്മങ്ങളാകട്ടെ, ചുമത്തപ്പെടാവുന്ന ബാധ്യതകളിൽ വെച്ച് ഏറ്റവും എളുപ്പമുള്ളതും ലളിതവുമായ കാര്യങ്ങളാണ്.
അഞ്ച് നേരത്തെ നമസ്കാരങ്ങൾ; അവ ഓരോ ദിവസവും അതിന് അനുയോജ്യമായ സമയങ്ങളിലായി അഞ്ച് തവണ ആവർത്തിച്ചു വരുന്നു. സൃഷ്ടികളുടെ അവസ്ഥകളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്ന കാരുണ്യവാനായ അല്ലാഹു, ഈ നമസ്കാരം ജമാഅത്തായി (സംഘടിതമായി) നിർവഹിക്കലും അതിനായി ഒരുമിച്ചുകൂടലും നിർബന്ധമാക്കിക്കൊണ്ട് അതിന്റെ ലാളിത്യത്തെ പൂർണ്ണതയിലെത്തിച്ചു. കാരണം, ഈ ആരാധനയ്ക്കായി ഒരുമിച്ചുകൂടുക എന്നത് അത് ചെയ്യാനുള്ള ഉന്മേഷം നൽകുന്നതും അതിനെ കൂടുതൽ എളുപ്പമാക്കുന്നതുമാണ്. കൂടാതെ, ഈ നമസ്കാരത്തിന്മേൽ മതപരമായ നന്മകളും, ഈമാനിന്റെ (വിശ്വാസത്തിന്റെ) പുരോഗതിയും, അല്ലാഹുവിന്റെ ഇഹലോകത്തിലും പരലോകത്തിലുമുള്ള പ്രതിഫലങ്ങളും അവൻ നിശ്ചയിച്ചിരിക്കുന്നു; ഇതൊക്കെയും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നമസ്കാരം അതീവ മധുരമുള്ളതാക്കി മാറ്റാനും, അല്ലാഹു ഇത് തന്റെ ദാസന്മാർക്ക് നിർബന്ധമാക്കിത്തന്നതിൽ അവനെ സ്തുതിക്കാനും കാരണമാകുന്നതാണ്. എന്തെന്നാൽ, മനുഷ്യർക്ക് ഒരിക്കലും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ (ഇതില്ലാതെ ജീവിക്കാൻ) കഴിയില്ല.
സക്കാത്തിന്റെ കാര്യമാണെങ്കിലോ; സക്കാത്ത് നൽകാനുള്ള നിശ്ചിത പരിധി (നിസ്വാബ്) കൈവശമില്ലാത്ത ഒരു ദരിദ്രന്റെ മേൽ അത് നിർബന്ധമേയല്ല. മറിച്ച്, അത് സമ്പന്നരുടെ മേൽ മാത്രമാണ് നിർബന്ധമാക്കിയിട്ടുള്ളത്; അവരുടെ ദീനിനും ഇസ്ലാമിനും പൂർണ്ണത നൽകുന്നതിനും, അവരുടെ സമ്പത്തും സ്വഭാവ മഹിമയും വർദ്ധിപ്പിക്കുന്നതിനും, അവരെയും അവരുടെ സമ്പത്തിനെയും വിപത്തുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും, അവരുടെ തിന്മകളെ ശുദ്ധീകരിക്കുന്നതിനും വേണ്ടിയാണത്. അതോടൊപ്പം, അവരുടെ കൂട്ടത്തിലുള്ള ആവശ്യക്കാരെയും പാവപ്പെട്ടവരെയും സഹായിക്കാനും, സമൂഹത്തിന്റെ പൊതുവായ നന്മകൾ നിലനിർത്താനും ഇത് കാരണമാകുന്നു. ഇത്രയൊക്കെ വലിയ കാര്യങ്ങളുണ്ടായിട്ടും, അല്ലാഹു അവർക്ക് നൽകിയ സമ്പത്തുമായി ഒത്തുനോക്കുമ്പോൾ ഈ സക്കാത്ത് എന്നത് അതിൽ നിന്നുള്ള വളരെ ചെറിയൊരു ഭാഗം മാത്രമാണ്.
നോമ്പിന്റെ കാര്യമാണെങ്കിലോ; ഓരോ വർഷത്തിലും ആകെ ഒരു മാസം മാത്രമാണ് അത് നിർബന്ധമാക്കിയിട്ടുള്ളത്. അതിൽ മുസ്ലിങ്ങളെല്ലാവരും ഒത്തുചേരുകയും, പകൽ സമയങ്ങളിൽ തങ്ങളുടെ അടിസ്ഥാനപരമായ ആഗ്രഹങ്ങളായ ഭക്ഷണവും പാനീയവും ദാമ്പത്യബന്ധവും അവർ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിന് പകരമായി അല്ലാഹു തന്റെ ഔദാര്യത്താലും കാരുണ്യത്താലും അവരുടെ ദീനിനും ഈമാനിനും പൂർണ്ണത നൽകുകയും, അവരുടെ ആത്മീയ സമ്പൂർണ്ണത വർദ്ധിപ്പിക്കുകയും, മഹത്തായ പ്രതിഫലവും വ്യാപകമായ നന്മയും അവർക്ക് പ്രധാനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, നോമ്പിലൂടെ അല്ലാഹു നിശ്ചയിച്ചിട്ടുള്ള ഒട്ടനവധി നന്മകൾക്ക് പുറമെ, എല്ലാവിധ പുണ്യപ്രവൃത്തികൾ ചെയ്യാനും തിന്മകൾ വെടിയാനും കാരണമായിത്തീരുന്ന ‘തഖ്വ’ (ഭയഭക്തി) കൈവരിക്കാൻ ഇത് കാരണമായിത്തീരുകയും ചെയ്യുന്നു.
ഹജ്ജിന്റെ കാര്യമാണെങ്കിലോ; അതിന് സാമ്പത്തികവും ശാരീരികവുമായ ശേഷിയുള്ളവരുടെ മേൽ മാത്രമേ അല്ലാഹു അത് നിർബന്ധമാക്കിയിട്ടുള്ളൂ; അതും ജീവിതത്തിൽ ആകെ ഒരു തവണ മാത്രം. മതപരവും ഭൗതികവുമായ ഒട്ടനവധി നന്മകൾ ഹജ്ജിലുണ്ട്, അവ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. അല്ലാഹു തആലാ പറഞ്ഞതുപോലെ:
لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ
അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, (ഖു൪ആന്‍:22/28)
അതായത് മതപരവും ഭൗതികവുമായ നന്മകൾ.
അപ്രകാരം തന്നെ ഇസ്ലാമിന്റെ ബാക്കിയുള്ള എല്ലാ നിയമങ്ങളും ലളിതവും എളുപ്പമാക്കപ്പെട്ടതുമാണ്. അവയെല്ലാം തന്നെ അല്ലാഹുവിനുള്ള കടപ്പാടുകളും, അവന്റെ ദാസന്മാരോടുള്ള (മനുഷ്യരോടുള്ള) കടമകളും വീട്ടുക എന്നതിലേക്ക് മടങ്ങുന്നവയാണ്. അവയിലൊന്നിലും തന്നെ ഉത്തരവാദിത്തമുള്ളവരുടെ മേൽ യാതൊരുവിധ ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ചുമത്തപ്പെട്ടിട്ടില്ല.
مَا يُرِيدُ ٱللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُۥ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവന് ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. (ഖു൪ആന്‍:5/3)
അതിനാൽ അല്ലാഹുവിൽ തഖ്വ പുലർത്തുകയും, ലളിതമാക്കപ്പെട്ട ഈ മതത്തിന്റെ ഉത്തമമായ മര്യാദകൾ മുറുകെ പിടിക്കുകയും ചെയ്യുക. എന്തെന്നാൽ, ദാസന്മാരെ അവരുടെ ദീനിലും ദുൻയാവിലും അവർക്ക് ഉപകാരപ്രദമായ എല്ലാ കാര്യങ്ങളിലേക്കും നയിക്കുകയും, അവരുടെ മതത്തിലും ഭൗതിക ജീവിതത്തിലും അവർക്ക് ദോഷം ചെയ്യുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അവരെ മുന്നറിയിപ്പ് നൽകി വിലക്കുകയും ചെയ്യുന്ന മതമാണത്.
ഇത് മഹത്തായ മതമാകുന്നു, ഇതിന്റെ സത്യതയ്ക്കും പൂർണ്ണതയ്ക്കും മഹാനായ റബ്ബ് തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു; സൃഷ്ടികളിൽ ഏറ്റവും ഉത്തമരായവരും അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلْمَلَٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمَۢا بِٱلْقِسْطِ ۚ لَآ إِلَٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ ﴿١٨﴾ إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَٰمُ ۗ …. ﴿١٩﴾
താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവന് നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു …. (ഖു൪ആന്‍:3/18-19)
ഈ മതം അനുസരിച്ച് ജീവിക്കുന്നവർക്ക് അല്ലാഹു ബാഹ്യവും ആന്തരികവുമായ ഭംഗിയും, സ്വഭാവ മഹിമയുടെയും കർമ്മങ്ങളുടെയും സമ്പൂർണ്ണതയും ഒരുമിച്ചുകൂട്ടി നൽകുന്നതാണ്.
وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ وَٱتَّبَعَ مِلَّةَ إِبْرَٰهِيمَ حَنِيفًا ۗ
സദ്വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന് ആരുണ്ട്? (ഖു൪ആന്‍:4/125)
ഈ വലിയ അനുഗ്രഹത്തിന് (ഇസ്ലാം) നാം അർഹമായ രീതിയിൽ നന്ദി കാണിക്കേണ്ടതുണ്ട്. അത് ഈ മതത്തിന്റെ വിജ്ഞാനങ്ങൾ നേടിയെടുക്കലിലൂടെയും, അതിന്റെ വിശ്വാസപ്രമാണങ്ങൾ (അഖീദ), വിധികൾ, മര്യാദകൾ എന്നിവയെ അടുത്തറിയലിലൂടെയുമാണ് സാധ്യമാകുന്നത്. ഒപ്പം, സത്യസന്ധമായ മുറുകെപ്പിടിക്കലും പൂർണ്ണമായ സമർപ്പണവും ഇതിനായി അനിവാര്യമാണ്. യാതൊരുവിധ അതിരുകടക്കലുകളോ വ്യതിചലനങ്ങളോ ഇല്ലാതെയും, കുറവ് വരുത്തലുകളോ വീഴ്ചകളോ ഇല്ലാതെയും നേരായ ഈ ഉത്തമ മതത്തിന് വേണ്ടി നമ്മുടെ ജീവിതത്തെ പൂർണ്ണമായി നിലനിർത്തേണ്ടതുണ്ട്. ഇത് യാഥാർത്ഥ്യമാക്കാനും പൂർണ്ണതയിലെത്തിക്കാനും നാം അല്ലാഹുവിനെ കൊണ്ട് മാത്രം സഹായം തേടേണ്ടതുണ്ട്. കാരണം, അവൻ മാത്രമാണ് സഹായം തേടപ്പെടാൻ അർഹൻ.
www.kanzululoom.com