അല്ലാഹു തന്റെ ദാസന്മാർക്ക് നൽകിയ അനുഗ്രഹങ്ങൾ എണ്ണമറ്റതും അവന്റെ ഔദാര്യങ്ങൾ അനേകവുമാണ്. അല്ലാഹു തന്റെ ദാസന്മാർക്ക് നൽകിയ അനുഗ്രഹങ്ങളിൽ വെച്ച് ഏറ്റവും മഹത്തരമായത്, നേരായ ഇസ്ലാം ദീനിലേക്കും പരിശുദ്ധമായ ഇസ്ലാമിക ആദർശത്തിലേക്കും അവരെ നയിച്ചു എന്നതാണ്. ആ ദീനിന്റെ പൂർണ്ണതയെ വിവരിക്കാൻ വാക്കുകൾക്ക് അപ്രാപ്യമാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ ഇസ്ലാമിലേക്ക് വഴിനടത്തി എന്നതിനേക്കാൾ വലിയൊരു അനുഗ്രഹം വേറെയില്ല. അവൻ അവർക്കായി ഈ ദീനിനെ തൃപ്തിപ്പെടുകയും, അവരെ അതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. അതിനാൽ തന്നെ അവരെ ഇതിലേക്ക് നയിച്ചതിനെ അല്ലാഹു ഒരു വലിയ ഉപകാരമായി അവർക്ക് എടുത്തു കാണിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:
لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. (ഖു൪ആന്‍ :3/164)
അല്ലാഹു തന്റെ ദാസന്മാർക്ക് ഈ ദീനിലൂടെ നൽകിയ മഹത്തായ അനുഗ്രഹത്തെ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും അത് ഓർമ്മിപ്പിക്കാനും വേണ്ടിയും, തന്നെ ആരാധിക്കുന്നവരായി അവരെ തിരഞ്ഞെടുത്തതിലുള്ള നന്ദി അവരിൽ നിന്ന് തേടിക്കൊണ്ടും ഇപ്രകാരം അരുളി:
ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (ഖു൪ആന്‍ :5/3)
ഈ ദീനിലെ നിയമങ്ങളും കർമ്മങ്ങളും സന്തുലിതവും പൂർണ്ണവുമാണ്; ഒപ്പം അവ അങ്ങേയറ്റം ലളിതവും എളുപ്പവുമാണ്. അവ നിർവ്വഹിക്കുന്നതിൽ ദാസന്മാർക്ക് യാതൊരുവിധ പ്രയാസമോ ബുദ്ധിമുട്ടോ അനുഭവപ്പെടുന്നില്ല. ഉദാഹരണത്തിന്, ഇബ്നു ഉമർ رضى الله عنهما നിവേദനം ചെയ്ത ഹദീസിൽ പരാമർശിച്ചിട്ടുള്ള, ഇസ്ലാം ഏത് അഞ്ച് കാര്യങ്ങളിലാണോ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചു നോക്കുകയാണെങ്കിൽ അവയുടെ പൂർണ്ണതയും ഭംഗിയും അയാൾക്ക് ബോധ്യപ്പെടും.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ ”.
ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:ഇസ്ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. അല്ലാഹു അല്ലാതെ ആരാധ്യാനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ഹജ്ജ് നിർവഹിക്കുക, റമദാനിൽ നോമ്പ് നോൽക്കുക, എന്നിവയാണവ. (ബുഖാരി:8)
അവ അങ്ങേയറ്റം ലളിതമായ കർമ്മങ്ങളും പൂർണ്ണതയുള്ള ആരാധനകളുമാണെന്ന് കാണാൻ സാധിക്കും. ദാസന്മാരുടെ നന്മയും, അവരുടെ സംസ്കരണവും, അവരുടെ പൂർണ്ണതയും ഉന്നതിയും അതിൽ ഉൾക്കൊള്ളുന്നു.
ഈ രണ്ട് സാക്ഷ്യവചനങ്ങൾ (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്) ഈ ദീനിന്റെ തലക്കെട്ടും ഇസ്ലാമിലേക്കുള്ള താക്കോലുമാണ്. അവ ദീനിന്റെ വേരും അടിസ്ഥാനവുമാകുന്നു; കാര്യങ്ങളുടെ തലഭാഗവും വൃക്ഷത്തിന്റെ തടിയും അവതന്നെ. മറ്റെല്ലാ തൂണുകളും നിർബന്ധ കർമ്മങ്ങളും ഈ രണ്ട് സാക്ഷ്യവചനങ്ങളിൽ നിന്ന് ശാഖകളായി പിരിഞ്ഞുണ്ടായവയും അവയെ പൂർണ്ണമാക്കുന്നവയുമാണ്.
നമസ്കാരമാകട്ടെ, ഏറ്റവും പൂർണ്ണവും മനോഹരവുമായ രീതിയിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ശരീരത്തിലെ അവയവങ്ങളെല്ലാം അല്ലാഹുവിനെ ആദരിക്കുന്നതിൽ പങ്കുചേരുന്നു; നാവിന്റെ സംസാരം, കൈകാലുകളുടെയും തലയുടെയും ഇന്ദ്രിയങ്ങളുടെയും ചലനം തുടങ്ങി ശരീരത്തിന്റെ ഓരോ ഭാഗവും ഈ ആരാധനയിൽ അവരവരുടെ ഓഹരി സ്വീകരിക്കുന്നു. ഇതിൽ അല്ലാഹുവിനെ സ്തുതിക്കലും (ഹംദ്), മഹത്വപ്പെടുത്തലും, തസ്ബീഹുകളും, തക്ബീറുകളും, സത്യസാക്ഷ്യവും (ശഹാദത്ത്) അടങ്ങിയിരിക്കുന്നു. അടിമ തന്റെ റബ്ബിന്റെ മുന്നിൽ വിനീതനായും അനുസരണയുള്ളവനായും നിൽക്കുന്ന കാഴ്ചയാണത്. അല്ലാഹുവിന്റെ വചനങ്ങൾ പാരായണം ചെയ്തുകൊണ്ട് അവനിലേക്ക് അടുക്കാനും, പിന്നീട് വിനയത്തോടെയും ഭയഭക്തിയോടെയും നട്ടെല്ല് വളച്ച് റുകൂഅ് ചെയ്യാനും, അതിനുശേഷം ആദ്യത്തേതിനേക്കാൾ പൂർണ്ണമായ വിനയത്തിനായി (സുജൂദ്) തയ്യാറെടുത്ത് നേരെ നിൽക്കാനും ഇത് അവസരമൊരുക്കുന്നു. അങ്ങനെ അടിമ തന്റെ ശരീരത്തിലെ ഏറ്റവും ആദരണീയമായ ഭാഗം (മുഖം), തന്റെ നാഥന്റെ മഹത്വത്തിന് മുന്നിൽ വിനീതനായി മണ്ണിൽ വെക്കുന്നു. ആ സമയം അവന്റെ ഹൃദയം നാഥന്റെ മുന്നിൽ ഉടയുകയും, അവയവങ്ങൾ കീഴ്പ്പെടുകയും ചെയ്യുന്നു. പിന്നീട് വിനയത്തോടെ ഇരുന്നുകൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അവന്റെ ഔദാര്യത്തിനായി ചോദിക്കുകയും ചെയ്യുന്നു. നമസ്കാരം പൂർത്തിയാക്കുന്നത് വരെ ഈയൊരു വിനയത്തിലും ഭയഭക്തിയിലുമാണ് അവൻ തുടരുന്നത്. ഒടുവിൽ വിരമിക്കാൻ നേരത്ത് റബ്ബിനെ സ്തുതിച്ചും, പ്രവാചകനോടും മറ്റു ദാസന്മാരോടും സലാം പറഞ്ഞും, സ്വലാത്ത് ചൊല്ലിയും ഇരിക്കുന്നു. ശേഷം തന്റെ നാഥനോട് നന്മയ്ക്കും അനുഗ്രഹത്തിനുമായി പ്രാർത്ഥിക്കുന്നു, പിന്നീട് സലാം വീട്ടുന്നു. ഈ അടിമത്തത്തേക്കാൾ ശ്രേഷ്ഠമായ മറ്റേതുണ്ട്? ഈ പൂർണ്ണതയ്ക്ക് അപ്പുറം മറ്റൊരു പൂർണ്ണതയുണ്ടോ?
സകാത്താകട്ടെ, വലിയ പ്രയോജനങ്ങളും വലിയ സ്വാധീനവുമുള്ള മഹത്തായ ഒരു സാമ്പത്തിക ആരാധനയാണ്. സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരും, സമ്പന്നർ കൈവിട്ടാൽ നശിച്ചുപോകുമെന്ന് ഭയപ്പെടുന്നവരുമായ അല്ലാഹുവിന്റെ ദാസന്മാരിലെ ദരിദ്രരെയും അഗതികളെയും സഹായിക്കുക എന്നത് അതിൽ അടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ, കരുണ, നന്മ, പുണ്യം, ആത്മസംസ്കരണം എന്നീ ഗുണങ്ങൾ ഇതിലുണ്ട്. ഔദാര്യം, മറ്റുള്ളവര്‍ക്ക് പ്രാധാന്യം നൽകൽ, വിശാലമനസ്കത തുടങ്ങിയ ഉന്നതമായ സ്വഭാവങ്ങൾ കൈവരിക്കാനും; പിശുക്ക്, ലുബ്ധ്, നീചത്വം തുടങ്ങിയവയിൽ നിന്ന് മുക്തനാകാനും ഇത് സഹായിക്കുന്നു. ഈ ആരാധനയുടെ അങ്ങേയറ്റത്തെ പൂർണ്ണതയിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്.
നോമ്പാകട്ടെ, മനസ്സിനെ അതിന്റെ ഇച്ഛകളിൽ നിന്ന് തടഞ്ഞുനിർത്തുകയും, മൃഗതുല്യമായ അവസ്ഥയിൽ നിന്ന് ഉന്നതരായ മലക്കുകളുടെ സ്വഭാവത്തിലേക്ക് അതിനെ ഉയർത്തുകയും ചെയ്യുന്ന മഹത്തായ ഒരു ആരാധനയാണ്. മനസ്സിനെ അതിന്റെ തോന്ന്യാസങ്ങൾക്കും ആഗ്രഹങ്ങൾക്കും വിട്ടുകൊടുത്താൽ അത് മൃഗലോകത്തോട് ചേർന്നുനിൽക്കും. എന്നാൽ അല്ലാഹുവിനായി ആ ആഗ്രഹങ്ങളെ തടയുമ്പോൾ, മനുഷ്യശരീരത്തിലെ പിശാചിന്റെ വഴികൾ ഇടുങ്ങുകയും ചെയ്യുന്നു. സ്വന്തം ശീലങ്ങളും ഇച്ഛകളും അല്ലാഹുവിനോടുള്ള സ്നേഹത്താലും അവന്റെ തൃപ്തിക്ക് മുൻഗണന നൽകിയും ഉപേക്ഷിക്കുന്നതിലൂടെ ആ ദാസൻ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുന്നു. നോമ്പുകാരൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ശരീരത്തോട് ചേർന്നുനിൽക്കുന്നതുമായ ഭക്ഷണവും പാനീയവും ശാരീരിക ബന്ധവും തന്റെ റബ്ബിന് വേണ്ടിയും അവന്റെ പ്രതിഫലവും തൃപ്തിയും ആഗ്രഹിച്ചും ഉപേക്ഷിക്കുന്നു. ഇച്ഛകളെ തകർക്കുകയും, മനസ്സിനെ അടക്കിനിർത്തുകയും, ഹൃദയത്തിന് ജീവൻ നൽകുകയും, അല്ലാഹുവിങ്കലുള്ള കാര്യങ്ങളിൽ താല്പര്യം ജനിപ്പിക്കുകയും, വെറും ഭൗതിക ഇച്ഛകൾക്ക് പിന്നാലെ പായുന്നതിൽ നിന്ന് വിമുഖതയുണ്ടാക്കുകയും, അല്ലാഹുവിനോടുള്ള ഭയഭക്തിയിൽ (തഖ്വ) ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഈ ആരാധനയേക്കാൾ മനോഹരമായി മറ്റെന്തുണ്ട്? അല്ലാഹുവിന്റെ പരിധികൾ കാത്തുസൂക്ഷിക്കാനും നിഷിദ്ധമായവയിൽ നിന്ന് വിട്ടുനിൽക്കാനും നോമ്പിനോളം സഹായിക്കുന്ന മറ്റൊരു കാര്യവുമില്ല. ഇതെല്ലാം ഈ ആരാധനയുടെ പൂർണ്ണതയിലേക്കും ഭംഗിയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
ഹജ്ജാകട്ടെ, അതിന്റെ പദവി വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണ്. ഈ സത്യമതത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണത്. അല്ലാഹു തന്റെ പരിശുദ്ധ ഭവനത്തെ (കഅ്ബ) മനുഷ്യരാശിയുടെ നിലനിൽപ്പിന് ആധാരമാക്കിയിരിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ തൂണാണത്, അതിന്മേലാണ് ഇതിന്റെ നിർമ്മാണം നിലകൊള്ളുന്നത്. ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞതുപോലെ, ജനങ്ങളെല്ലാവരും കൂടി ഒരു വർഷം ഹജ്ജ് ഉപേക്ഷിക്കുകയാണെങ്കിൽ ആകാശം ഭൂമിയിലേക്ക് ഇടിഞ്ഞുവീഴുക തന്നെ ചെയ്യും. പരിശുദ്ധ കഅ്ബാലയം ലോകത്തിന്റെ നിലനിൽപ്പിന് ഹേതുവാണ്; ഈ ഭവനത്തിലേക്ക് തീർത്ഥാടനം നടന്നു കൊണ്ടിരിക്കുന്നിടത്തോളം കാലം ലോകം നിലനിൽക്കും. ഹജ്ജ് എന്നത് ഇബ്രാഹീമി മില്ലത്തിന്റെ സവിശേഷതയും, നമസ്കാരത്തിന് സഹായകവും, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വചനത്തിന്റെ രഹസ്യവുമാണ്. തികഞ്ഞ ഏകദൈവ വിശ്വാസത്തിലും (തൗഹീദ്), നിഷ്കളങ്കമായ സ്നേഹത്തിലും, അല്ലാഹുവിനോടുള്ള പരിപൂർണ്ണമായ കീഴ്പ്പെടലിലുമാണ് അത് സ്ഥാപിതമായിരിക്കുന്നത്. അതുകൊണ്ടാണ് ഹജ്ജിന്റെ മുദ്രാവാക്യം ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ (അല്ലാഹുവേ, ഇതാ ഞാൻ നിന്റെ വിളിക്ക് ഉത്തരം നൽകി വന്നിരിക്കുന്നു) എന്നതായത്.
ഇഹ്റാം കെട്ടുക, ദൈനംദിന ശീലങ്ങളും സൗകര്യങ്ങളും ഉപേക്ഷിക്കുക, തല മറയ്ക്കാതിരിക്കുക, പതിവ് വസ്ത്രങ്ങൾ മാറ്റുക, കഅ്ബയെ ത്വവാഫ് ചെയ്യുക, സഫാ-മർവ്വ കുന്നുകൾക്കിടയിൽ സഅ്യ് ചെയ്യുക, അറഫയിൽ നിൽക്കുക, ജംറകളിൽ കല്ലെറിയുക തുടങ്ങി ഹജ്ജിന്റെ ഓരോ കർമ്മങ്ങളെയും കുറിച്ച് ചിന്തിക്കുന്നവർക്ക് ഈ ആരാധനയുടെ അങ്ങേയറ്റത്തെ ഭംഗിയും പൂർണ്ണതയും ബോധ്യപ്പെടും. ഒരു വിശ്വാസി ഈ കർമ്മങ്ങൾ അർഹമായ രീതിയിൽ പൂർത്തിയാക്കിയാൽ അല്ലാഹു നൽകുന്ന ഏറ്റവും വലിയ അനുഗ്രഹം, അവൻ തന്റെ ഉമ്മ പ്രസവിച്ച ദിവസത്തെപ്പോലെ പാപങ്ങളിൽ നിന്ന് ശുദ്ധനായി പുറത്തുവരുന്നു എന്നതാണ്. ഹജ്ജ് അതിന് മുൻപുള്ള പാപങ്ങളെ മായ്ച്ചുകളയുന്നു.
عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു : സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.(ബുഖാരി: 1521)
ഈ ദീനിന്റെ തലക്കെട്ടും അതിന്റെ പൂർണ്ണതയുടെ തെളിവുമായ പരിപൂർണ്ണമായ കർമ്മങ്ങളിലും മഹത്തായ ഈ ഇബാദത്തുകളിലും ആരെങ്കിലും വീഴ്ച വരുത്തുന്നുവെങ്കിൽ, അയാൾ തനിക്ക് തന്നെ നിഷേധം (അനുഗ്രഹങ്ങൾ തടയപ്പെടൽ) വിധിക്കുകയും തന്റെ ജീവിതം നഷ്ടത്തിലാക്കുകയും ചെയ്തിരിക്കുന്നു. ഈ ജീവിതത്തിന്റെ യഥാർത്ഥ മാധുര്യവും അലങ്കാരവും അയാൾക്ക് നഷ്ടമായിരിക്കുന്നു. കാരണം, ഈ ഐഹിക ജീവിതത്തിന്റെ യഥാർത്ഥ ആനന്ദവും സൗന്ദര്യവും ഈ ആരാധനകളിൽ മാത്രമാണ് അടങ്ങിയിരിക്കുന്നത്.
عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : ذَاقَ طَعْمَ الإِيمَانِ مَنْ رَضِيَ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً ”
അബ്ബാസ് ബ്നു അബ്ദുൽ മുത്വലിബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു : അല്ലാഹുവിനെ റബ്ബായും ഇസ്ലാമിനെ ദീനായും മുഹമ്മദ് ﷺ യെ റസൂലായും തൃപ്തിപ്പെട്ടവന് ഈമാനിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. (മുസ്ലിം: 34)
അല്ലാഹുവേ, ഞങ്ങളെ അത്തരക്കാരിൽ ഉൾപ്പെടുത്തേണമേ, ഈ പാതയിൽ ഉറച്ചുനിൽക്കാനുള്ള സ്ഥൈര്യം ഞങ്ങൾക്ക് നീ നൽകേണമേ. ആമീൻ.
www.kanzululoom.com