ആകാശഭൂമികളുടെ രക്ഷിതാവിനെ ഏകനാക്കുക (തൗഹീദ്) എന്നതാണ് ഏറ്റവും മഹത്തരമായ ലക്ഷ്യവും ഉന്നതമായ ഉദ്ദേശ്യവും. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുക, അവന് മുന്നിൽ പൂർണ്ണമായ വിനയവും വിധേയത്വവും സമർപ്പണവും പ്രകടിപ്പിക്കുക എന്നതാണ് വിശ്വാസിയുടെ ഏറ്റവും വലിയ ദൗത്യം.
ആഗ്രഹത്തോടും ഭയത്തോടും പ്രതീക്ഷയോടും കൂടി തന്റെ മുഖം അല്ലാഹുവിന് മുൻപിൽ താഴ്ത്തുക, അവന് മാത്രം സുജൂദും റുകൂഉം നിർവ്വഹിക്കുക, മതം അല്ലാഹുവിന് മാത്രമായി നിഷ്കളങ്കമാക്കുക (ഇഖ്ലാസ്) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചെറുതും വലുതുമായ, സൂക്ഷ്മവും വ്യക്തവുമായ എല്ലാത്തരം ശിർക്കുകളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുക എന്നതാണിത്. ഈ മഹത്തായ ലക്ഷ്യത്തിന് വേണ്ടിയാണ് അല്ലാഹു സൃഷ്ടികളെ പടച്ചിട്ടുള്ളതും പ്രപഞ്ചത്തെ സംവിധാനിച്ചിട്ടുള്ളതും.
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍ :51/56)
ഈ ഉന്നതമായ ലക്ഷ്യത്തിന് (തൗഹീദ്) വേണ്ടിയാണ് അല്ലാഹു തന്റെ ആദരണീയരായ പ്രവാചകന്മാരെ അയച്ചതും മഹത്തായ വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും.
ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)
ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ
ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)
തൗഹീദിലൂടെ ഒരു അടിമ യഥാർത്ഥമായ ജീവിതം നയിക്കുന്നു; അല്ലാഹുവിന്റെ സംതൃപ്തിയും, അവന്റെ ആദരവും അനുഗ്രഹങ്ങളും നിറഞ്ഞ ജീവിതം. എന്നാൽ തൗഹീദ് ഇല്ലാത്തവനാകട്ടെ, വെറും കന്നുകാലികളെപ്പോലെയുള്ള ഒരു ജീവിതമാണ് നയിക്കുന്നത്.
إِنْ هُمْ إِلَّا كَٱلْأَنْعَٰمِ ۖ بَلْ هُمْ أَضَلُّ سَبِيلًا
അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍. (ഖുർആൻ:25/44)
തൗഹീദ് ഇല്ലാത്തവൻ ഭൂമിയിലൂടെ നടക്കുന്നുണ്ടെങ്കിൽ പോലും അവൻ യഥാർത്ഥത്തിൽ മരിച്ചവനാണ്. എന്നാൽ തൗഹീദ് ജീവിതത്തിൽ സാക്ഷാത്കരിച്ചവൻ മാത്രമാണ് യഥാർത്ഥ ജീവിതം നയിക്കുന്നത്. അല്ലാഹു പറയുന്നു:
أَوَمَن كَانَ مَيْتًا فَأَحْيَيْنَٰهُ وَجَعَلْنَا لَهُۥ نُورًا يَمْشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُۥ فِى ٱلظُّلُمَٰتِ لَيْسَ بِخَارِجٍ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَٰفِرِينَ مَا كَانُوا۟ يَعْمَلُونَ
നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന് നല്‍കുകയും, നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ഖുർആൻ:6/122)
“നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന് നല്‍കുകയും” അതായത്: ഈമാനിലൂടെയും തൗഹീദിലൂടെയും നാം അവന് ജീവൻ നൽകി. അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ
സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് ജീവന് നല്കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക …… (ഖുർആൻ:8/24)
തൗഹീദിലൂടെ നാടുകൾക്ക് സുരക്ഷിതത്വവും ശരീരങ്ങൾക്ക് ആശ്വാസവും ലഭിക്കുന്നു. അല്ലാഹു പറയുന്നു:
ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَٰنَهُم بِظُلْمٍ أُو۟لَٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ
വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുർആൻ:6/82)
അല്ലാഹു പറയുന്നു:
وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُوا۟ مِنكُمْ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَيَسْتَخْلِفَنَّهُمْ فِى ٱلْأَرْضِ كَمَا ٱسْتَخْلَفَ ٱلَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ ٱلَّذِى ٱرْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّنۢ بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِى لَا يُشْرِكُونَ بِى شَيْـًٔا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന് അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന് തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന് സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍. (ഖുർആൻ:24/55)
തൗഹീദിലാണ് മനുഷ്യന്റെ സന്തോഷവും മനഃസമാധാനവും കുടികൊള്ളുന്നത്. അല്ലാഹു പറയുന്നു:
مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖുർആൻ:16/97)
അല്ലാഹു പറയുന്നു:
… فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَنِ ٱتَّبَعَ هُدَاىَ فَلَا يَضِلُّ وَلَا يَشْقَىٰ ﴿١٢٣﴾ وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُۥ مَعِيشَةً ضَنكًا وَنَحْشُرُهُۥ يَوْمَ ٱلْقِيَٰمَةِ أَعْمَىٰ ﴿١٢٤﴾
എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര് പിന്‍പറ്റുന്നുവോ അവന് പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല. എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്പിച്ച് കൊണ്ട് വരുന്നതുമാണ്. (ഖുർആൻ:20/123-124)
അല്ലാഹു പറയുന്നു:
طه ﴿١﴾ مَآ أَنزَلْنَا عَلَيْكَ ٱلْقُرْءَانَ لِتَشْقَىٰٓ ﴿٢﴾
ത്വാഹാ, നിനക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ച് തന്നത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല. (ഖുർആൻ:20/1-2)
അതായത്, താങ്കൾക്ക് ഈ ഖുർആൻ നാം അവതരിപ്പിച്ചു നൽകിയത് താങ്കൾക്ക് ഇതിലൂടെ സനതോഷം ലഭിക്കാനും, താങ്കളെ പിന്തുടരുന്നവർക്ക് ഇതിലൂടെ സന്തോഷമുണ്ടാകാനും വേണ്ടിയാണ്.
തൗഹീദിലൂടെ ഹൃദയത്തിൽ നിന്നുള്ള മിഥ്യാധാരണകൾ (അന്ധവിശ്വാസങ്ങൾ) നീക്കം ചെയ്യപ്പെടുന്നു. പിശാചിന്റെ ദുർബോധനങ്ങളും മോശമായ ചിന്തകളും ആട്ടിയോടിക്കപ്പെടുന്നു. ഹൃദയത്തിന് അതിന്റെ യഥാർത്ഥമായ സമാധാനവും ആശ്വാസവും ശാന്തിയും സ്ഥിരതയും ഇതിലൂടെ കൈവരുന്നു. അല്ലാഹു പറയുന്നു:
قُلْ أَعُوذُ بِرَبِّ ٱلنَّاسِ ﴿١﴾ مَلِكِ ٱلنَّاسِ ﴿٢﴾ إِلَٰهِ ٱلنَّاسِ ﴿٣﴾
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്.(ഖുർആൻ:114/1-3)
ഇതാണ് അല്ലാഹുവിന്റെ തൗഹീദ്.
مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ ﴿٤﴾ ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ ﴿٥﴾ مِنَ ٱلْجِنَّةِ وَٱلنَّاسِ ﴿٦﴾
ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. (ഖുർആൻ:114/4-6)
തൗഹീദ് മുഖേന പിശാചുക്കൾ ആട്ടിയോടിക്കപ്പെടുന്നു. തൗഹീദ് പ്രഘോഷിക്കപ്പെടുന്ന ഒരിടത്ത് നിലയുറപ്പിക്കാൻ അവര്‍ക്ക് സാധ്യമല്ല. (തൗഹീദിന്റെ വിളംബരം ചെയ്യുന്ന) ബാങ്ക് വിളിക്കുന്നത് കേട്ടാൽ പിശാച് കീഴ്വായു വിട്ടുകൊണ്ട് ഓടിപ്പോകുന്നു. വിശുദ്ധ ഖുർആൻ മുഴുവനും തൗഹീദും, അവനെ സ്തുതിക്കലും അവന്റെ മഹത്വത്വം അറിയിക്കലുമാണ്.
‘ആയത്തുൽ കുർസി’ എന്നത് തൗഹീദിന്റെ വചനമാണ്. തൗഹീദിന്റെ തെളിവുകളും യുക്തികളും അടയാളങ്ങളും വിവരിക്കുന്നതാണത്. ഒരു വിശ്വാസി ഉറങ്ങാൻ കിടക്കുമ്പോൾ ആയത്തുൽ കുർസി പാരായണം ചെയ്താൽ, പ്രഭാതം വരെ അല്ലാഹുവിൽ നിന്നുള്ള ഒരു കാവൽക്കാരൻ അവന് കൂട്ടുണ്ടാകും; പിശാച് അവനെ സമീപിക്കുകയുമില്ല.
തൗഹീദിലൂടെ ഒരു അടിമ – അല്ലാഹുവിന്റെ അനുവാദത്താൽ – ദുഷ്ടന്മാരുടെ കുതന്ത്രങ്ങളിൽ നിന്നും, മന്ത്രവാദികളുടെയും (സാഹിറന്മാര്) വ്യാജന്മാരുടെയും കുതന്ത്രങ്ങളിൽ നിന്നും രക്ഷപ്പെടുന്നു.
إِنَّ ٱللَّهَ يُدَٰفِعُ عَنِ ٱلَّذِينَ ءَامَنُوٓا۟ ۗ
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്. (ഖു൪ആന്‍:22/38)
وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ
വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു. (ഖു൪ആന്‍:30/47)
തൗഹീദിലൂടെ ഒരു അടിമയ്ക്ക് എല്ലാവിധ നന്മകളും ഇഹപര സൗഭാഗ്യങ്ങളും കൈവരുന്നു. അല്ലാഹു തന്റെ മഹത്തായ വിധിയിൽ ഇപ്രകാരം നിശ്ചയിച്ചിരിക്കുന്നു: യഥാർത്ഥ സന്തോഷവും അനുഗ്രഹങ്ങളും സത്യവിശ്വാസികൾക്കും തൗഹീദ് ഉള്ളവർക്കും മാത്രമുള്ളതാണ് – അവരുടെ ഈ ഭൗതിക ജീവിതത്തിലും, ഖബ്റിലും, പരലോകത്തും.
إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
തീര്‍ച്ചയായും സുകൃതവാന്മാര് സുഖാനുഭവത്തില്‍ തന്നെയായിരിക്കും. (ഖുർആൻ:82/13)
തൗഹീദ് എന്നത് ജനങ്ങളെ ഉണർത്തേണ്ട ഒന്നാമത്തെ കാര്യവും ഏറ്റവും മഹത്തരമായ കാര്യവുമാണ്. അല്ലാഹു പറയുന്നു:
وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ ﴿٥٥﴾ وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾
നീ ഉല്‍ബോധിപ്പിക്കുക. തീര്‍ച്ചയായും ഉല്‍ബോധനം സത്യവിശ്വാസികള്‍ക്ക് പ്രയോജനം ചെയ്യും. ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖുർആൻ:51/55-56)
ഒരു അടിമ തന്റെ ഈമാൻ (വിശ്വാസം) ശക്തിപ്പെടുത്തുന്നതിനും, തന്റെ ഇസ്ലാമിനെ പുതുക്കുന്നതിനും, തന്റെ റബ്ബുമായുള്ള ബന്ധം ദൃഢമാക്കുന്നതിനും എപ്പോഴും ആവശ്യക്കാരനാണ്. നബി ﷺ പറഞ്ഞു:
إن الإيمان ليَخْلَقُ فى جوف أحدكم كما يَخْلَقُ الثوب.
തീർച്ചയായും നിങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിലെ ഈമാൻ (സത്യവിശ്വാസം), വസ്ത്രം പഴകുന്നത് പോലെ പഴകിപ്പോകുന്നതാണ്. (السلسلة الصحيحة )
ശ്രദ്ധ തിരിച്ചുവിടുന്ന ഫിത്നകൾക്കും, നമ്മെ ഒഴുക്കിക്കൊണ്ടുപോകുന്ന തന്നിഷ്ടങ്ങൾക്കും, ആഞ്ഞടിക്കുന്ന പരീക്ഷണങ്ങൾക്കും നടുവിൽ, തൗഹീദിനെക്കുറിച്ച് ഊന്നിപ്പറയൽ അനിവാര്യമാണ്. നമ്മുടെ കൊച്ചുതലമുറയെ ഉറച്ചതും ശക്തവുമായ രീതിയിൽ തൗഹീദിലായി വളർത്തിയെടുക്കേണ്ടതുണ്ട്.
وَإِذْ قَالَ لُقْمَٰنُ لِٱبْنِهِۦ وَهُوَ يَعِظُهُۥ يَٰبُنَىَّ لَا تُشْرِكْ بِٱللَّهِ ۖ إِنَّ ٱلشِّرْكَ لَظُلْمٌ عَظِيمٌ
ലുഖ്മാന് തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു. (ഖു൪ആന്‍ :31/13)
www.kanzululoom.com