മുഖം ശോഭിക്കാൻ

ഒരാൾ തന്റെ സമയം ചെലവഴിക്കുന്നതിൽഏറ്റവും ഉത്തമമായത്, മതപരമായ വിജ്ഞാനം  നേടുന്നതിൽ വ്യാപൃതനാവുകയും, ഖുർആനും സുന്നത്തും പഠിക്കുകയും ചെയ്യുക എന്നതാണ്. കാരണം, അതിലാണ് ആത്മാവിന് ആനന്ദവും ഹൃദയങ്ങൾക്ക് ശാന്തിയും മനസ്സിന് സ്വസ്ഥതയുമുള്ളത്. ഈ അറിവിലൂടെയാണ് സത്യം – അസത്യം ഏതെന്നും, ഹലാൽ -ഹറാം ഏതെന്നും, സന്മാർഗ്ഗം- ദുർമാർഗ്ഗം ഏതെന്നും തിരിച്ചറിയാൻ കഴിയുന്നത്. വ്യക്തമായ ഉൾക്കാഴ്ചയോടെയും, ഉറച്ച കാൽവെപ്പുകളോടെയും, സമാധാനമുള്ള ഹൃദയത്തോടെയും അല്ലാഹുവിലേക്ക് സഞ്ചരിക്കാൻ ഒരു മനുഷ്യനെ പ്രാപ്തനാക്കുന്നതും ഈ അറിവ് തന്നെയാണ്.

أَفَمَن يَمْشِى مُكِبًّا عَلَىٰ وَجْهِهِۦٓ أَهْدَىٰٓ أَمَّن يَمْشِى سَوِيًّا عَلَىٰ صِرَٰطٍ مُّسْتَقِيمٍ ‎

അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട് നടക്കുന്നവനാണോ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ?(ഖു൪ആന്‍:67/22)

തന്റെ വാക്കുകൾ കേൾക്കുകയും, അവ മനസ്സിലാക്കി, മനപ്പാഠമാക്കി, അവ കേട്ടതുപോലെ തന്നെ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നവർക്ക് വേണ്ടി നബി النضرة ലഭിക്കാനായി പ്രാർത്ഥിച്ച കാര്യം സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. النضرة എന്നാൽ മുഖത്തെ പ്രസരിപ്പും, പ്രകാശവും, അഴകും വർദ്ധിക്കലാണ്.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، رضي الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ: نَضَّرَ اللَّهُ امْرَأً سَمِعَ مَقَالَتِي فَوَعَاهَا وَحَفِظَهَا وَبَلَّغَهَا فَرُبَّ حَامِلِ فِقْهٍ إِلَى مَنْ هُوَ أَفْقَهُ مِنْهُ ‏.‏ ثَلاَثٌ لاَ يُغَلُّ عَلَيْهِنَّ قَلْبُ مُسْلِمٍ إِخْلاَصُ الْعَمَلِ لِلَّهِ وَمُنَاصَحَةُ أَئِمَّةِ الْمُسْلِمِينَ وَلُزُومِ جَمَاعَتِهِمْ فَإِنَّ الدَّعْوَةَ تُحِيطُ مِنْ وَرَائِهِمْ‏.‏

അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം : നബി ﷺ പറഞ്ഞു: എന്റെ സംസാരത്തെ കേൾക്കുകയും അത് മനസ്സിലാക്കുകയും അത് മനഃപാഠമാക്കുകയും അത് (ജനങ്ങളിലേക്ക്) എത്തിച്ച് കൊടുക്കുകയും ചെയ്യുന്നവനെ അല്ലാഹു പ്രകാശിപ്പിക്കുമാറാകട്ടെ (അവന്റെ മുഖത്തിന് തിളക്കം നൽകട്ടെ). കാരണം, വിജ്ഞാനം പേറുന്ന ചിലർ തങ്ങളേക്കാൾ കൂടുതൽ അറിവും ധാരണയും ഉള്ളവരിലേക്ക് അത് എത്തിച്ചു കൊടുത്തേക്കാം. മൂന്ന് കാര്യങ്ങൾ ചെയ്യുന്നതിൽ ഒരു മുസ്‌ലിമിന്റെ ഹൃദയം വഞ്ചന കാണിക്കുകയില്ല (അഥവാ ഈ മൂന്ന് കാര്യങ്ങൾ ഹൃദയത്തെ വഞ്ചനയിൽ നിന്നും വിദ്വേഷത്തിൽ നിന്നും ശുദ്ധമാക്കും).

1)കർമ്മങ്ങൾ അല്ലാഹുവിന് വേണ്ടി മാത്രം ഇഖ്‌ലാസോടെ ചെയ്യുക.

2) മുസ്‌ലിം നേതാക്കളോട് (ഭരണാധികാരികളോട്) ഗുണകാംക്ഷ പുലർത്തുക

3)ജമാഅത്തിനോടൊപ്പം ചേർന്നുനിൽക്കുക; കാരണം അവരുടെ പ്രാർത്ഥന അവരെ പിന്നിൽ നിന്ന് പൊതിഞ്ഞു സംരക്ഷിക്കുന്നതാണ്. (തിര്‍മിദി:2658)

ഈ ഹദീസിനെക്കുറിച്ച് ഇമാം ഇബ്നുൽ ഖയ്യിം رحمه الله വിശദീകരിച്ചതുപോലെ, തന്റെ വചനം കേൾക്കുകയും അത് മനസ്സിലാക്കുകയും മനഃപാഠമാക്കുകയും, കേട്ടതുപോലെ തന്നെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നവർക്കായി അല്ലാഹുവിന്റെ റസൂൽ ﷺ നൽകിയ സവിശേഷവും അനുഗൃഹീതവുമായ ഒരു പ്രാർത്ഥന ഇതിൽ അടങ്ങിയിരിക്കുന്നു. അറിവിന്റെ മഹത്വവും ശ്രേഷ്ഠതയും വ്യക്തമാക്കാൻ ഈയൊരു ഹദീസ് മാത്രം മതിയാകുമായിരുന്നു. കാരണം, പ്രവാചകന്റെ ഈ മഹത്തായ പ്രാർത്ഥന ഒരാളുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തെ ഉൾക്കൊള്ളുന്നതാണ്. തീർച്ചയായും النضرة എന്നത് ഈമാനിന്റെ  അടയാളമായി മുഖത്തിന് ലഭിക്കുന്ന ശോഭയും അഴകുമാണ്. ഈമാൻ കാരണമുണ്ടാകുന്ന ആന്തരികമായ ആനന്ദവും, ഹൃദയത്തിന്റെ സന്തോഷവും, അതിന്റെ ആസ്വാദനവും കാരണമാണ് ഇത് സംഭവിക്കുന്നത്. ആന്തരികമായ ഈ ആനന്ദവും സന്തോഷവും തൃപ്തിയും മുഖത്ത് പ്രസരിപ്പായി (النضرة) പ്രകടമാകുന്നു. അതുകൊണ്ടുതന്നെ, അല്ലാഹു അവർക്ക്  ശോഭയും (البهجة), സന്തോഷവും (السرور), മുഖപ്രസാദവും (النضرة) ഒരുമിച്ച് നൽകുന്നു. അല്ലാഹു പറഞ്ഞതുപോലെ:

فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلْيَوْمِ وَلَقَّىٰهُمْ نَضْرَةً وَسُرُورًا

അതിനാല്‍ ആ ദിവസത്തിന്‍റെ തിന്‍മയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും, പ്രസന്നതയും സന്തോഷവും അവര്‍ക്കു അവന്‍ നല്‍കുകയും ചെയ്യുന്നതാണ്‌. (ഖുർആൻ:76/11)

അങ്ങനെ അവരുടെ മുഖങ്ങളിൽ പ്രസന്നതയും  ഹൃദയങ്ങളിൽ സന്തോഷവും  ഉണ്ടാകുന്നു. പിന്നീട്, ആ കർമ്മങ്ങൾക്കായി അവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളും പ്രതിഫലങ്ങളും അവരുടെ മുഖങ്ങളിൽ ശോഭയായി പ്രകടമാവുകയും ചെയ്യുന്നു

تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ

അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം. (ഖുർആൻ:83/24)

സുന്നത്തിനെ നെഞ്ചേറ്റുകയും അത് ഉമ്മത്തിന് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവർക്ക് വേണ്ടി പ്രവാചകൻ ﷺ നടത്തിയ ഈ അനുഗൃഹീത പ്രാർത്ഥന, സുന്നത്തിന്റെ സേവനത്തിനായും അത് പ്രചരിപ്പിക്കാനുമായും തങ്ങളുടെ ജീവിതവും പരിശ്രമങ്ങളും ഉഴിഞ്ഞുവെച്ചവർക്കുള്ള വലിയൊരു സന്തോഷവാർത്തയാണ്. നിശ്ചയമായും, ഇത് ഉന്നതമായ ലക്ഷ്യബോധത്തെ ഉത്തേജിപ്പിക്കാനും, നിശ്ചയദാർഢ്യത്തെ ജ്വലിപ്പിക്കാനുമുള്ള വലിയൊരു പ്രേരണയാണ്. കൂടാതെ, ഈ ലക്ഷ്യപ്രാപ്തിക്കായി കഠിനാധ്വാനവും, ക്ഷമയും, സ്ഥിരോത്സാഹവും പുലർത്താനും തന്റെ കഴിവിന്റെ പരമാവധി പ്രയത്നിക്കാനും ഇത് മനസ്സിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഈ സന്തോഷവാർത്തയ്ക്ക് (പ്രവാചക പ്രാർത്ഥനയ്ക്ക്) അർഹരായവർ കൈവരിക്കേണ്ട വിജ്ഞാനത്തിന് നാല് ഘട്ടങ്ങളുണ്ടെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു:

1,2: വിജ്ഞാനം ശ്രവിക്കലും ഗ്രഹിക്കലും: ഒരാൾ ഒരു കാര്യം കേൾക്കുകയും അത് തന്റെ ഹൃദയം കൊണ്ട് ഗ്രഹിക്കുകയും ചെയ്താൽ ഒരു പാത്രത്തിൽ സൂക്ഷിച്ചുവെച്ച വസ്തു അതിൽ നിന്ന് പുറത്തുപോകാത്തവിധം സുസ്ഥിരമായിരിക്കുന്നത് പോലെ ആ അറിവ് അയാളുടെ ഹൃദയത്തിൽ ഉറച്ചുനിൽക്കുന്നതാണ്.

3: വിജ്ഞാനം ആവർത്തിച്ചു പഠിക്കലും മനഃപാഠമാക്കി സൂക്ഷിക്കലും: അത് മറന്നുപോകാതിരിക്കാനും നഷ്ടപ്പെട്ടുപോകാതിരിക്കാനും വേണ്ടിയാണിത്.

4.വിജ്ഞാനം ഉമ്മത്തിന് എത്തിച്ചു കൊടുക്കലും അത് പ്രചരിപ്പിക്കലും: ഇതിലൂടെയാണ് അറിവിന്റെ ലക്ഷ്യവും ഫലവും കൈവരിക്കാനാവുന്നത്. അറിവ് പ്രചരിപ്പിക്കാതിരിക്കുന്നത് ഭൂമിയിൽ കുഴിച്ചിട്ട നിധി പോലെയാണ്; അതിൽ നിന്ന് ഒന്നും ചെലവഴിക്കുന്നില്ലെങ്കിൽ അത് നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ട്. തീർച്ചയായും വിജ്ഞാനം മറ്റുള്ളവർക്ക് പകർന്നു നൽകുകയും പഠിപ്പിക്കുകയും ചെയ്തില്ലെങ്കിൽ അത് പെട്ടെന്നുതന്നെ ഇല്ലാതാകാൻ ഇടയാകും. എന്നാൽ അതിൽ നിന്ന് പകർന്നു നൽകുംതോറും അത് വളരുകയും പരിശുദ്ധമാവുകയും ചെയ്യും.

അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ചര്യ (സുന്നത്ത്) എത്തിച്ചുകൊടുക്കുന്നവർക്ക് ലഭിക്കുന്ന ഈ വലിയ പ്രതിഫലം, മറ്റെല്ലാ കർമ്മങ്ങളെയും പോലെ അല്ലാഹുവിനോടുള്ള നിഷ്‌കളങ്കതയെയും (ഇഖ്‌ലാസ്), മുസ്‌ലിംകളോട് ഗുണകാംക്ഷയോടെ വർത്തിക്കുമെന്ന്  ഉറപ്പിക്കലിനെയും (നിയ്യത്ത്), അവരുടെ ഐക്യത്തോടൊപ്പം നിൽക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ്, തന്റെ സുന്നത്ത് പ്രചരിപ്പിക്കുന്നവർക്ക് വേണ്ടിയുള്ള ആ അനുഗൃഹീത പ്രാർത്ഥനയ്ക്ക് പിന്നാലെ തന്നെ, കർമ്മങ്ങളിൽ അല്ലാഹുവിനോടുള്ള ഇഖ്‌ലാസിനും മുസ്‌ലിംകളോടുള്ള ഗുണകാംക്ഷയ്ക്കും അവരുടെ ഐക്യം നിലനിർത്തുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രവാചകൻ ﷺ ഉണർത്തിയത്.

ഈ മൂന്ന് കാര്യങ്ങൾ (ഇഖ്‌ലാസ്, ഗുണകാംക്ഷ, ഐക്യം) പ്രവാചകൻ ﷺ എടുത്തുപറഞ്ഞത്, ഇവയിലൂടെയാണ് ഹൃദയം സംസ്കരിക്കപ്പെടുന്നതും മനസ് നന്നാക്കപ്പെടുന്നതും എന്നതുകൊണ്ടാണ്. ഈ കാര്യങ്ങൾ ഹൃദയത്തിൽ ബോധ്യപ്പെട്ടും ഉറപ്പിച്ചും പ്രവർത്തിക്കുന്നതിലൂടെയാണ് ഈ ഹദീസിൽ പരാമർശിച്ച മഹത്തായ പുണ്യത്തിനും വലിയ പ്രതിഫലത്തിനും ഒരു മുസ്‌ലിം അർഹനായിത്തീരുന്നത്.

ഈ ഹദീസിൽ പരാമർശിച്ച മൂന്ന് ഗുണങ്ങൾ ഒരാളിലുണ്ടെങ്കിൽ, ഒരു മുസ്‌ലിമിന്റെ ഹൃദയം വിദ്വേഷം, വഹിക്കുകയില്ലെന്നും അതിൽ വഞ്ചന  നിലനിൽക്കുകയില്ലെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. കാരണം, ഈ ഗുണങ്ങൾ ഹൃദയത്തിൽ നിന്ന് വഞ്ചനയെ ഇല്ലാതാക്കുകയും അകറ്റുകയും ചെയ്യുന്നു. അല്ലാഹുവിനോട് ഇഖ്‌ലാസ് പുലർത്തുന്നവന്റെ ആ ഇഖ്‌ലാസ് അവന്റെ ഹൃദയത്തിലെ വിദ്വേഷത്തെ തടയുകയും അതിനെ പൂർണ്ണമായും പുറന്തള്ളുകയും ചെയ്യുന്നു. കാരണം, അവന്റെ ഹൃദയത്തിലെ പ്രേരണകളും ഉദ്ദേശ്യങ്ങളും തന്റെ രക്ഷിതാവിന്റെ തൃപ്തിയും അവന്റെ പ്രതിഫലവും തേടുന്നതിലേക്ക് മാത്രമായി മാറിയിരിക്കുന്നു. അതിനാൽ വിദ്വേഷത്തിനോ വഞ്ചനയ്ക്കോ അവന്റെ ഹൃദയത്തിൽ ഒരിടവും ബാക്കിയുണ്ടാവുകയില്ല. യൂസുഫ് നബി عليه السلام യുടെ വിഷയത്തിൽ സംഭവിച്ചതുപോലെ:

وَلَقَدْ هَمَّتْ بِهِۦ ۖ وَهَمَّ بِهَا لَوْلَآ أَن رَّءَا بُرْهَٰنَ رَبِّهِۦ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ ٱلسُّوٓءَ وَٱلْفَحْشَآءَ ۚ إِنَّهُۥ مِنْ عِبَادِنَا ٱلْمُخْلَصِينَ

അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്‍റെ രക്ഷിതാവിന്‍റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്‌) തിന്‍മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്കളങ്കരായ (ഇഖ്‌ലാസുള്ള) ദാസന്‍മാരില്‍ പെട്ടവനാകുന്നു. (ഖുർആൻ:12/24)

യൂസുഫ് നബി عليه السلام തന്റെ രക്ഷിതാവിനോട് ഇഖ്‌ലാസ് പുലർത്തിയപ്പോൾ, തിന്മയിലേക്കും മ്ലേച്ഛതയിലേക്കും നയിക്കുന്ന പ്രേരണകളെ അല്ലാഹു അദ്ധേഹത്തിൽ നിന്ന് അകറ്റിക്കളഞ്ഞു. അതുകൊണ്ടുതന്നെയാണ്, ഇഖ്‌ലാസുള്ളവരുടെ മേൽ തനിക്ക് യാതൊരു സ്വാധീനവുമില്ലെന്ന് മനസ്സിലാക്കിയ ഇബ്ലീസ്, താൻ നടത്തുന്ന ദുർമാർഗ്ഗത്തിലേക്കും നാശത്തിലേക്കുമുള്ള പ്രവർത്തനങ്ങളിൽ നിന്ന് അത്തരക്കാരെ ഒഴിവാക്കിയത്.

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ‎﴿٨٢﴾‏ إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ‎﴿٨٣﴾‏

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്റെ പ്രതാപമാണ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്കളങ്കരായ (ഇഖ്‌ലാസുള്ള) ദാസന്‍മാരൊഴികെ.(ഖു൪ആന്‍ : 38/82-83)

إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ ‎

തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ. (ഖുർആൻ:15/42)

ഇഖ്‌ലാസ് എന്നത് രക്ഷയിലേക്കുള്ള മാർഗ്ഗമാണ്; ഇസ്‌ലാം എന്നത് സുരക്ഷിതത്വത്തിന്റെ വാഹനമാണ്; ഈമാൻ വിശ്വാസം എന്നത് സുരക്ഷയുടെ കവചവുമാണ്.

മുസ്‌ലിം നേതാക്കളോട് (ഭരണാധികാരികളോട്) ഗുണകാംക്ഷ പുലർത്തലും വിദ്വേഷത്തോടും വഞ്ചനയോടും വിരുദ്ധമായി നിൽക്കുന്ന ഒന്നാണ്. തീർച്ചയായും ഉത്തരവാദിത്തപ്പെട്ടവരോടുള്ള ഗുണകാംക്ഷ (നസീഹത്ത്), വിദ്വേഷവുമായി ഒരിക്കലും ഒത്തുപോവുകയില്ല; കാരണം അത് വിദ്വേഷത്തിന്റെ നേർവിപരീതമാണ്. അതുകൊണ്ട്, ആരെങ്കിലും ഭരണാധികാരികളോടും ജനങ്ങളോടും ഗുണകാംക്ഷ പുലർത്തുന്നുവോ അവൻ വിദ്വേഷത്തിൽ നിന്നും വഞ്ചനയിൽ നിന്നും മുക്തനായിരിക്കുന്നു.

മുസ്‌ലിം ഭരണാധികാരികളോടുള്ള ഗുണകാംക്ഷ (നസീഹത്ത്) എന്നത് ഇഷ്ടാനിഷ്ടങ്ങൾ പരിഗണിക്കാതെ, പ്രയാസഘട്ടങ്ങളിലും ആശ്വാസഘട്ടങ്ങളിലും അവർക്ക് ചെവികൊടുക്കലും അവരെ അനുസരിക്കലുമാണ്; അവർ പുണ്യവാന്മാരായാലും തെറ്റുകാരായാലും ശരി. എന്നാൽ ഈ അനുസരണം അല്ലാഹു അനുവദിച്ച കാര്യങ്ങളിൽ  മാത്രമായിരിക്കണം; അവർ അല്ലാഹുവെ അവഗണിച്ചുകൊണ്ടുള്ള പാപകർമ്മങ്ങൾക്കാണ് കൽപ്പിക്കുന്നത് എങ്കിൽ, സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് ഒരു സൃഷ്ടിയെയും അനുസരിക്കേണ്ടതില്ല. കൂടാതെ, അവരെ നന്മയിലേക്ക് നയിക്കലും അതിൽ താല്പര്യമുണ്ടാക്കലും, തിന്മകളിൽ നിന്ന് അവർക്ക് മുന്നറിയിപ്പ് നൽകലും അവരിൽ അത് വെറുപ്പിക്കലും ഇതിൽ ഉൾപ്പെടുന്നു. അവർക്ക് വേണ്ടി സൽക്കർമ്മങ്ങൾക്കും ക്ഷേമത്തിനുമായി പ്രാർത്ഥിക്കണം, അവർക്കെതിരെ പ്രാർത്ഥിക്കരുത്. അതുപോലെ, അവരോടുള്ള അനുസരണത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ചോ, അവരോട് യുദ്ധം ചെയ്യുന്നതിനെക്കുറിച്ചോ, അവർക്കെതിരെ കലാപമുണ്ടാക്കുന്നതിനെക്കുറിച്ചോ ജാഗ്രത പാലിക്കണം; കാരണം അത്തരം കാര്യങ്ങൾ ഗുണകാംക്ഷയ്ക്ക് വിരുദ്ധമാണ്. എന്തെന്നാൽ, ഗുണകാംക്ഷയുടെ ആകെത്തുക എന്നത് അത് ആർക്ക് വേണ്ടിയാണോ ചെയ്യുന്നത്, ആ വ്യക്തിയോടുള്ള ഹൃദയപൂർവ്വമായ കരുതലും താല്പര്യവുമാണ്.

ജമാഅത്തിനോടൊപ്പം നിലകൊള്ളുക എന്നതും ഹൃദയത്തെ വിദ്വേഷത്തിൽ നിന്നും വഞ്ചനയിൽ നിന്നും ശുദ്ധീകരിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ്. കാരണം, മുസ്‌ലിം സമൂഹത്തോട് ചേർന്നുനിൽക്കുന്ന ഒരാൾ തനിക്ക് വേണ്ടി എന്താണോ ആഗ്രഹിക്കുന്നത് അത് അവർക്ക് വേണ്ടിയും ആഗ്രഹിക്കും; താൻ എന്തിനെയാണോ വെറുക്കുന്നത് അതിനെ അവർക്ക് വേണ്ടിയും വെറുക്കും. അവർക്കുണ്ടാകുന്ന വിഷമങ്ങളിൽ അയാൾ ദുഃഖിക്കുകയും അവരുടെ സന്തോഷങ്ങളിൽ സന്തോഷിക്കുകയും ചെയ്യുന്നു. അതോടൊപ്പം വിശ്വാസത്തിലും കർമ്മങ്ങളിലും അവരോട് യോജിച്ചുനിൽക്കുകയും അവരുടെ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കുകയും ചെയ്യുന്നു. ഒറ്റപ്പെട്ടുപോയ ആടിനെ ചെന്നായ്ക്കൾ പിടിക്കുന്നതിനേക്കാൾ ഭയാനകമായി മനുഷ്യനിൽ സ്വാധീനം ചെലുത്തുന്ന പിശാചുക്കൾ അവനെ പിടികൂടാതിരിക്കാൻ വേണ്ടിയാണിത്.

“തീർച്ചയായും അവരുടെ പ്രാർത്ഥന അവർക്ക് പിന്നിൽ നിന്ന് അവരെ പൊതിഞ്ഞു സംരക്ഷിക്കുന്നു”. ഏറ്റവും മനോഹരവും ചുരുങ്ങിയതും എന്നാൽ അർത്ഥഗാംഭീര്യമുള്ളതുമായ വാക്കുകളാണിത്. മുസ്‌ലിംകളുടെ പ്രാര്‍ത്ഥനയെ അവരെ പൊതിഞ്ഞുനിൽക്കുന്ന ഒരു കോട്ടയോടും മതിലിനോടും  ഉപമിച്ചിരിക്കുന്നു; ശത്രുക്കൾ അവർക്കിടയിലേക്ക് കടന്നുവരുന്നത് തടയുന്ന ഒന്നാണത്. ആരെങ്കിലും ഈ സമൂഹത്തിന്റെ ഭാഗമായാൽ ആ പ്രാർത്ഥനയും സംരക്ഷണവും അവനെ പൊതിയുകയും ഉൾക്കൊള്ളുകയും ചെയ്യും. കൂടാതെ, മുസ്‌ലിം സമൂഹത്തോടൊപ്പം ചേർന്നുനിൽക്കുന്ന ഒരാൾക്ക് ആ സമൂഹത്തിലെ ഓരോ വ്യക്തിയിൽ നിന്നും പൊതുവായ രീതിയിൽ പുറപ്പെടുന്ന നല്ല പ്രാർത്ഥനകളിൽ (ദുആ) പങ്കുചേരാനുള്ള ഭാഗ്യവും ഇതിലൂടെ ലഭിക്കുന്നു.

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *