റമദാനിൽ നിയമമാക്കപ്പെട്ടിട്ടുള്ള പാപമോചനത്തിന്റെ കവാടങ്ങളിൽ ഒന്നാണ് ലൈലത്തുൽ ഖദ്‌റിൽ നിന്നുനമസ്കരിക്കുക എന്നത്. അല്ലാഹു ﷻ തന്റെ വചനത്തിലൂടെ അതിനെ മഹത്വപ്പെടുത്തിയിരിക്കുന്നു:
إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ ﴿١﴾ وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ ﴿٢﴾ لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. . (ഖു൪ആന്‍:97/1-3)
അല്ലാഹു ﷻ രണ്ട് കാര്യങ്ങൾ മുഖേനയാണ് അതിനെ മഹത്വപ്പെടുത്തിയത്:
ഒന്ന്: അതിൽ ഖുർആൻ അവതരിപ്പിച്ചു എന്നത്.
മറ്റൊന്ന്: അതിനെ ആദരിച്ചുകൊണ്ട് “ഖദ്‌റിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?” എന്ന് ചോദിച്ചത്.
തുടർന്ന് അല്ലാഹു ﷻ ആ രാവിന്റെ പദവി തന്റെ വചനത്തിലൂടെ വ്യക്തമാക്കിത്തരുന്നു; “ഖദ്‌റിന്റെ രാത്രി ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു”. അതായത്, അതിൽ ചെയ്യുന്ന സൽകർമ്മങ്ങൾ ഒരു വ്യക്തിയിൽ നിന്നും അല്ലാഹു സ്വീകരിക്കുന്ന പക്ഷം അത് ആയിരം മാസങ്ങളിലെ കർമ്മങ്ങളെക്കാൾ ഉത്തമമായിരിക്കും.
ആ രാവിൽ കൽപ്പിക്കപ്പെട്ടിട്ടുള്ള കർമ്മമെന്താണെന്ന് നബി ﷺ വ്യക്തമാക്കിയിട്ടുണ്ട്:
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ،
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈമാനോടും പ്രതിഫലേച്ഛയോടും കൂടി ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നമസ്കരിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. [സ്വഹീഹുൽ ബുഖാരി – 1901, സ്വഹീഹ് മുസ്‌ലിം – 760]
ഈ ഹദീസിൽ രണ്ട് പ്രധാന പാഠങ്ങളുണ്ട്:
ഒന്ന്: ലൈലത്തുൽ ഖദ്‌റിൽ ആവശ്യപ്പെടുന്ന കർമ്മം ഏതാണെന്ന് വ്യക്തമാക്കുന്നു.
മറ്റൊന്ന്: അതിനുള്ള പ്രതിഫലം എന്താണെന്ന് വ്യക്തമാക്കുന്നു.
ആവശ്യപ്പെടുന്ന കർമ്മം നബി ﷺ യുടെ “ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നമസ്കരിച്ചാൽ” എന്ന വചനത്തിലുണ്ട്. നമസ്കരിക്കുക (ഖിയാം) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമസ്കാരം മുഖേന ആ രാത്രിയെ സജീവമാക്കുക എന്നാണ്. അതായത് ഒരു അടിമ ലൈലത്തുൽ ഖദ്‌റിൽ നമസ്കരിക്കുന്നു. നമസ്കാരത്തോടനുബന്ധിച്ച് നിർവ്വഹിക്കപ്പെടുന്ന ഖുർആൻ പാരായണം, പ്രാർത്ഥനകൾ, പള്ളിയിലുള്ള ഇഅ്തികാഫ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതെല്ലാം “ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നമസ്കരിച്ചാൽ” എന്ന വചനത്തിന്റെ പരിധിയിൽ വരുന്നതാണ്.
രണ്ടാമത്തെ കാര്യം പ്രതിഫലമാണ്. അത് നബി ﷺ യുടെ “അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്” എന്ന വചനത്തിലുണ്ട്. അതായത്, അല്ലാഹു ﷻ അവന്റെ മുൻ കഴിഞ്ഞ പാപങ്ങൾ പൊറുത്തുകൊടുക്കും എന്നതാണ് അവനുള്ള പ്രതിഫലം.
ചുരുക്കത്തിൽ, ലൈലത്തുൽ ഖദ്‌റിലെ ഉന്നതമായ പ്രതിഫലം വ്യക്തമാക്കുന്നതിലൂടെ ആ രാവിന്റെ ശ്രേഷ്ഠതയാണ് ഈ ഹദീസ് വിളിച്ചോതുന്നത്. അതോടൊപ്പം അതിൽ കൽപ്പിക്കപ്പെട്ടിട്ടുള്ള കർമ്മം ഏതാണെന്നും ഇത് നിർണ്ണയിച്ചു നൽകുന്നു. അല്ലാഹു ﷻ വിലേക്ക് സാമീപ്യം തേടിക്കൊണ്ട് സുന്നത്ത് നമസ്കാരങ്ങൾ അധികരിപ്പിച്ച് ആ രാവിനെ ഒരു വിശ്വാസി സജീവമാക്കുക എന്നതാണ് ആ കർമ്മം.
ലൈലത്തുൽ ഖദ്‌ർ നമസ്കരിക്കുന്നതിലെ വിവിധ പദവികൾ
ലൈലത്തുൽ ഖദ്‌റിൽ നമസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സുന്നത്തായിട്ടുള്ള പദവികൾ നാലെണ്ണമാണ്:
ഒന്നാമത്തെ പദവി: രാത്രി മുഴുവനും നിന്നുനമസ്കരിക്കുക. അതായത് ആ രാത്രി പൂർണ്ണമായും നമസ്കാരത്തിൽ മുഴുകുക.
രണ്ടാമത്തെ പദവി: രാത്രിയുടെ ആദ്യ ഭാഗത്തും അവസാന ഭാഗത്തും നമസ്കരിക്കുക. അതായത് രാത്രിയുടെ തുടക്കത്തിൽ തനിക്ക് സാധ്യമാകുന്നത്രയും നമസ്കരിക്കുക, ശേഷം രാത്രിയുടെ അവസാനത്തിലും തനിക്ക് സാധ്യമാകുന്നത്രയും നമസ്കരിക്കുക.
മൂന്നാമത്തെ പദവി: രാത്രിയുടെ അവസാന ഭാഗത്ത് മാത്രം നമസ്കരിക്കുക.
നാലാമത്തെ പദവി: രാത്രിയുടെ ആദ്യ ഭാഗത്ത് മാത്രം നമസ്കരിക്കുക (അതായത് ഇശാ നമസ്കാരത്തിന് ശേഷം മാത്രം).
ഈ പദവികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഒന്നാമത്തെ പദവിയാണ്, പിന്നീട് രണ്ടാമത്തേത്, ശേഷം മൂന്നാമത്തേത്, ഒടുവിൽ നാലാമത്തേത് എന്നിങ്ങനെയാണ് അതിന്റെ ശ്രേണി.
അതിനാൽ ഏറ്റവും പൂർണ്ണമായ രൂപം, ലൈലത്തുൽ ഖദ്‌ർ പ്രതീക്ഷിക്കപ്പെടുന്ന അവസാന പത്തിലെ രാവുകളെ ഒരു വിശ്വാസി നമസ്കാരം, ഖുർആൻ പാരായണം, ദുആ, പള്ളിയിലുള്ള ഇഅ്തികാഫ് എന്നിവ കൊണ്ട് സജീവമാക്കുക എന്നതാണ്. ഇതിന് സാധിക്കുന്നില്ലെങ്കിൽ, രാത്രിയുടെ ആദ്യത്തിലും അവസാനത്തിലുമായി അവനെക്കൊണ്ട് സാധിക്കുന്നത്ര നമസ്കരിക്കുകയും പാരായണം ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് അവന് ഏറ്റവും അനുയോജ്യമായത്. ആദ്യ ഭാഗത്ത് അവന് നഷ്ടപ്പെട്ടത് അവസാന ഭാഗത്ത് പരിഹരിക്കാൻ ഇതിലൂടെ സാധിക്കും. ഇനി ഇതിനും സാധിക്കുന്നില്ലെങ്കിൽ, രാത്രിയുടെ ഏതെങ്കിലും ഒരു അറ്റത്ത് മാത്രം നമസ്കരിക്കാനാണ് അവന് കഴിയുന്നതെങ്കിൽ, രാത്രിയുടെ ആദ്യ ഭാഗത്ത് നമസ്കരിക്കുന്നതിനേക്കാൾ ഏറ്റവും പൂർണ്ണമായത് രാത്രിയുടെ അവസാന ഭാഗത്ത് നമസ്കരിക്കുന്നതാണ്. അതിനാൽ അവൻ തന്റെ നമസ്കാരം രാത്രിയുടെ അവസാനത്തിലേക്ക് പിന്തിപ്പിക്കണം. രാത്രിയുടെ ആദ്യ ഭാഗത്ത് മാത്രം നമസ്കരിക്കുന്നവരെക്കാൾ ഏറ്റവും പ്രതിഫലാർഹമായത് ഇതാണ്. റമദാനിലെ അവസാന പത്തിൽ പ്രതീക്ഷിക്കപ്പെടുന്ന ലൈലത്തുൽ ഖദ്‌റിൽ ഒരു വിശ്വാസി നേടിയെടുക്കേണ്ട സുന്നത്തായ നാല് പദവികളാണ് ഇവ. കാരണം, നബി ﷺ അരുളിയിട്ടുണ്ട്:
تَحَرَّوْا لَيْلَةَ الْقَدْرِ فِي الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ
റമദാനിലെ അവസാനത്തെ പത്ത് രാവുകളിൽ നിങ്ങൾ ലൈലത്തുൽ ഖദ്‌റിനെ അന്വേഷിക്കുക. [ബുഖാരി: 2020]
രാത്രികൾക്കിടയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു ഒറ്റ രാവാണത്. ഒരു വർഷം അത് ഇരുപത്തിയൊന്നാമത്തെ രാവിലാണെങ്കിൽ, മറ്റൊരു വർഷം അത് ഇരുപത്തിനാലാമത്തെ രാവിലായിരിക്കും, അങ്ങനെ അത് മാറിക്കൊണ്ടിരിക്കും. അതിനാൽ പത്ത് രാവുകളിലും നിന്നുനമസ്കരിച്ചുകൊണ്ട് അതിനെ കണ്ടെത്താൻ ഒരു വിശ്വാസി കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. ആരെങ്കിലും റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ നിന്നുനമസ്കരിച്ചാൽ അവൻ ലൈലത്തുൽ ഖദ്‌ർ നേടിയെടുത്തു എന്ന് ഉറപ്പിക്കാം. വർഷത്തിൽ കേവലം പത്ത് രാവുകൾ മാത്രമാണത്. പൂർണ്ണ ആരോഗ്യത്തോടെയും സൗഖ്യത്തോടെയും ഒരു വർഷം അത് ലഭിച്ച ഒരാൾക്ക്, അടുത്ത വർഷം ഇതേ ആരോഗ്യത്തോടെ അത് ലഭിക്കുമോ എന്ന് അവനറിയില്ല. അല്ലെങ്കിൽ ഇനി ഒരിക്കലും അവനത് ലഭിച്ചില്ലെന്നും വരാം. അതിനാൽ തന്റെ ആയുസ്സിൽ അവന് നൽകപ്പെട്ടിട്ടുള്ള സമയവും, തന്റെ ശരീരത്തിന് നൽകപ്പെട്ടിട്ടുള്ള ആരോഗ്യവും ഉപയോഗപ്പെടുത്തി ഈ രാവിനെ സജീവമാക്കാൻ അവന് സാധിക്കുന്ന രൂപത്തിൽ അവൻ പരമാവധി പരിശ്രമിക്കേണ്ടതുണ്ട്.
ഓ മുസ്‌ലിംകളേ, അല്ലാഹുവിനെ സൂക്ഷിക്കുക! വർഷത്തിലെ കേവലം പത്ത് രാവുകളായ ഈ ദിനങ്ങളെ നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. റമദാനിന്റെ അവസാനത്തിലുള്ള ഈ പത്ത് രാവുകളിൽ ഒരു അടിമ കഠിനമായി പരിശ്രമിച്ചാൽ പാപമോചനത്തിന്റെ ഈ വലിയ കവാടം അവന് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഈമാനോടും പ്രതിഫലേച്ഛയോടും കൂടി ആരെങ്കിലും ലൈലത്തുൽ ഖദ്‌റിൽ നമസ്കരിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.
നമ്മുടെ ഭൗതികവും പാരത്രികവുമായ കാര്യങ്ങളിൽ നമുക്ക് ഗുണകരമായ കാര്യങ്ങൾ നേടിയെടുക്കുന്നതിൽ നാം ഒരിക്കലും മടി കാണിക്കാൻ പാടുള്ളതല്ല. അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായി അനുസരിച്ചുകൊണ്ട് അവനുമായി ഇടപാട് നടത്തുന്നവനെ അല്ലാഹു ആദരിക്കുക തന്നെ ചെയ്യും. അല്ലാഹുവിനോടുള്ള അനുസരണത്തിന്റെ തോതനുസരിച്ചായിരിക്കും ഈ ആദരവ് ലഭിക്കുക. ശാശ്വതമായ വിജയം ആഗ്രഹിക്കുന്നവർ അല്ലാഹുവിനുള്ള അടിമത്തത്തെ മുറുകെപ്പിടിക്കട്ടെ. ആരുടെ ആരാധനകളാണോ അല്ലാഹുവിന് വേണ്ടി ഏറ്റവും മികച്ചതാകുന്നത്, അവൻ അല്ലാഹുവിലേക്ക് കൂടുതൽ അടുത്തു; അല്ലാഹു അവനെ സാമീപ്യമുള്ളവനാക്കി മാറ്റി. ആരെ അല്ലാഹു അടുപ്പിച്ചുവോ, അവന്റെ സ്ഥാനം അല്ലാഹു ഉയർത്തുകയും, അവന്റെ പദവി മഹത്തരമാക്കുകയും, ഇഹലോകത്തും പരലോകത്തും ജീവിതത്തിന്റെ മാധുര്യം അവന് ആസ്വദിക്കാൻ കഴിയുകയും ചെയ്യും.
നന്മകളുടെ കവാടങ്ങൾ അല്ലാഹു ﷻ നമുക്ക് മുന്നിൽ തുറന്നുതരികയും, അനുഗ്രഹങ്ങളുടെ കാരണങ്ങൾ നമുക്ക് ഒരുക്കിത്തരികയും, കാരുണ്യം തേടാൻ നമ്മെ സഹായിക്കുകയും ചെയ്യുമ്പോൾ; കഠിനാധ്വാനത്തിലൂടെ അല്ലാഹുവിങ്കലുള്ള പ്രതിഫലം നേടിയെടുക്കാനുള്ള നമ്മുടെ ആത്മാർത്ഥത നാം അവന് കാണിച്ചുകൊടുക്കേണ്ടതുണ്ട്.
മുൻഗാമികളിൽ കഴിഞ്ഞുപോയ ആളുകൾ അവരുടെ ആരാധനകൾ പൂർണ്ണതയിലെത്തിക്കാൻ എത്രത്തോളം അതിയായ താല്പര്യവും കഠിനാധ്വാനവും കാണിച്ചിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ. യാതൊരു പ്രശ്നങ്ങളുമില്ലാത്ത സാഹചര്യങ്ങൾ, കുഴപ്പങ്ങൾ കുറഞ്ഞ കാലം, പാപങ്ങളും തിന്മകളും വളരെ അപൂർവ്വമായിരുന്ന സമയം; എന്നിട്ടുപോലും അവർ അത്രത്തോളം കഠിനാധ്വാനം ചെയ്തുവെങ്കിൽ നമ്മുടെ ഇന്നത്തെ അവസ്ഥ എന്താണ്! അതിനാൽ ആ പദവി നേടിയെടുക്കാൻ നാം പരമാവധി പരിശ്രമിക്കുകയും, അതിനായി അല്ലാഹു ﷻ വിനോട് സഹായം തേടുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിനോട് ആത്മാർത്ഥത കാണിക്കുന്നവരോട് അല്ലാഹുവും ആത്മാർത്ഥത കാണിക്കും. അല്ലാഹുവിനോട് സഹായം തേടുന്നവനെ അവൻ സഹായിക്കും. അല്ലാഹു ﷻ വിൽ ഭരമേൽപ്പിക്കുന്നവന് അവൻ തന്നെ മതിയായവനാണ്.
അവന്റെ കാരുണ്യം കൊണ്ട് നമ്മെ പൊതിയാനും, അവന്റെ പാപമോചനം നമുക്ക് നൽകാനും, അവന്റെ സംരക്ഷണത്തിൽ നമ്മെ ഉൾപ്പെടുത്താനും, അവനെ അനുസരിക്കുന്നതിൽ നമ്മെ സഹായിക്കാനും നാം അവനോട് പ്രാർത്ഥിക്കുന്നു.
اللَّهُمَّ حَبِّبْ إِلَيْنَا الْإِيمَانَ وَزَيِّنْهُ فِي قُلُوبِنَا، وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنَا مِنَ الرَّاشِدِينَ
അല്ലാഹുവേ, സത്യവിശ്വാസത്തെ നീ ഞങ്ങൾക്ക് പ്രിയങ്കരമാക്കുകയും, ഞങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കരിക്കുകയും ചെയ്യേണമേ. സത്യനിഷേധവും അധർമ്മവും അനുസരണക്കേടും നീ ഞങ്ങൾക്ക് വെറുക്കപ്പെട്ടതാക്കുകയും, ഞങ്ങളെ നീ സന്മാർഗ്ഗികളിൽ ഉൾപ്പെടുത്തുകയും ചെയ്യേണമേ. [മുസ്നദ് അഹ്‌മദ് – 15492]
اللَّهُمَّ اجْعَلْنَا مِمَّنْ يَقُومُ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا
അല്ലാഹുവേ, സത്യവിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുൽ ഖദ്‌ർ നിന്നുനമസ്കരിക്കുന്നവരിൽ ഞങ്ങളെ നീ ഉൾപ്പെടുത്തേണമേ…
اللهم كما بلغتنا أول هذا الشهر فبلغنا تمامه واختم لنا بالفوز بالجنان والنجاة من النيران
അല്ലാഹുവേ, ഈ മാസത്തിന്റെ തുടക്കത്തിൽ നീ ഞങ്ങളെ എത്തിച്ചതുപോലെ ഇതിന്റെ അവസാനത്തിലും ഞങ്ങളെ നീ എത്തിക്കേണമേ. സ്വർഗ്ഗം കൊണ്ടുള്ള വിജയവും നരകത്തിൽ നിന്നുള്ള മോചനവും നൽകി ഞങ്ങളുടെ കർമ്മങ്ങൾ നീ അവസാനിപ്പിക്കേണമേ.
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദില്ല അൽ ഉസ്വൈമി حَفِظَهُ اللَّهُ
വിവര്‍ത്തനം : മുഹമ്മദ് അമീൻ
www.kanzululoom.com